മതംഗമുനിയുടെ ആശ്രമത്തിലെ സഹായി ആയിരുന്ന ഒരു വേടസ്ത്രീ ആയിരുന്നു ശബരി
ഈ മുനിയുടെ ആശ്രമം പമ്പാതീരത്താണെന്നും മുനിയുടെ കാലശേഷം ശബരിയുടെ പേരില്‍ അറിയപ്പെട്ട ശബരിമലയില്‍ ആണെന്നും അല്ലെ നാം അറിയുന്നത്?
എനിക്ക് ഇത്രയുമേ അറിയുമായിരുന്നുള്ളു.
എന്നാല്‍ ഇന്നലത്തെ യാത്രയോടെ ആകെ കണ്‍ ഫ്യൂഷന്‍.
യാത്ര അത്ര പ്ലാന്‍ ചെയ്തൊന്നുമായിരുന്നില്ല. ശനി അവധി. ബിലാസ്‌പുര്‍ പൊയ്ക്കളയാം എന്നു തീരുമാനിച്ചു.
സാധാരണ പോകുന്ന വഴി വേണ്ട പുതിയ വഴി നോക്കാം എന്നും തീരുമാനിച്ചു.
അങ്ങനെ ഒന്നുരണ്ടു വഴികളുണ്ടെന്ന് ഡ്രൈവര്‍ ശങ്കര്‍ പറഞ്ഞിരുന്നു. അതുകൊണ്ട് ശങ്കറിനെ കൂട്ടിനു വിളിച്ചു.
'ബലോദ ബസാര്‍'ഇല്‍ നിന്നും 'ലവന്‍' , 'കസ്ഡോള്‍' വഴി കാട്ടിലേക്കു കടന്നാല്‍ ഗുരു ഘാസിദാസിന്റെ മന്ദിരവും , ശിവ്‌രി നാരായണ്‍ മന്ദിരവും കണ്ട് ബിലാസ്‌പൂരില്‍ പോകാം എന്നു ശങ്കര്‍
നേരിട്ടു പോയാല്‍ ബിലാസ്‌പൂരിന്‍ 56 കിലോമീറ്റര്‍. ഈ കാടു വഴി കുട്ടിയാല്‍ ഏകദേശം 60 കിലോമീറ്ററിന്‍ ശിവ്‌രി നാരായന്‍ അവിടെ നിന്നും വെറും 85 കിലോമിറ്ററില്‍ ബിലാസ്‌പുര്‍.
അങ്ങനെ ആകട്ടെ ഏതായാലും ഈ സ്ഥലം രണ്ടും കണ്ടിട്ടില്ല.
അങ്ങനെ യാത്ര പുറപ്പെട്ടു.
സാധാരണ നാം യാത്ര പോകുമ്പോള്‍ വഴിയില്‍ ചില വാഹനങ്ങള്‍ നമ്മുടെ പിന്നിലുണ്ടാകും , ചിലവ മുന്നിലുണ്ടാകും ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകുന്നുണ്ടാകും അല്ലെ?
ഇതു കാട്ടു വഴി എത്തി ഒരു 15 മിനിറ്റ് യാത്രചെയ്തിട്ടും മാനും ഇല്ല മനുഷ്യനും ഇല്ല വാഹനവും ഇല്ല
വേനലില്‍ ഇലകളെല്ലാം കരിഞ്ഞ മരങ്ങള്‍ ഇടയ്ക്കിടക്ക് പച്ചിലകളും ഉണ്ടെന്നു മാത്രം
പടത്തില്‍ കാണുമ്പോള്‍ ഉണങ്ങിയ ഇലകളൊന്നും ഇല്ലല്ലൊ. എല്ലാം പച്ച തന്നെ . വെറുതെയാ കേട്ടൊ
എ സി ആവുന്നത്ര പ്രവര്‍ത്തിച്ചിട്ടും ചൂടു അസഹ്യം.
ഭാര്യ പതിയെ മുറുമുറുക്കാന്‍ തുടങ്ങി.
ഇതെന്തു വഴിയാ?
പക്ഷെ അങ്ങനെ പോയി പോയി വഴിക്ക് ഒരു ട്രാക്റ്റര്‍ കണ്ടു ഹൊ എന്തൊരു സന്തോഷമായിരുന്നു.
അതു കഴിഞ്ഞപ്പോള്‍ ഒരു വീട് കണ്ടു ഒരാളെയും കണ്ടു. അയാളുടെ പട്ടി ഞങ്ങളെ കണ്ട് കുരച്ചുകൊണ്ടെത്തി.
ഏതായാലും വഴി തിട്ടപ്പെടുത്താന്‍ അയാള്‍ സഹായിച്ചു.
ഇതാ പറയുന്നത് തവളയ്ക്കുള്ള വെള്ളം പാറയ്ക്കുള്ളിലും ഭഗവാന്‍ സൂക്ഷിച്ചു വച്ചേക്കും എന്ന് അല്ലെ?
സര്‍ക്കാര്‍ നല്ല ഒരു പാലം ഉണ്ടാക്കി റോഡും പണിഞ്ഞിട്ടതാണ് പക്ഷെ ഇവിടത്തെ മഴയുടെ സമയത്തുണ്ടാകുന്ന കുത്തൊഴുക്കില്‍ ദാ കിടക്കുന്നു റോഡും കലുങ്കും ഇപ്പൊ ഇങ്ങനെ. അതുകൊണ്ട് അതിന്റെ വശങ്ങളില്‍ കൂടി ഒരു തരത്തില്‍ മറുപുറം എത്തി.
ഗിരോദ് നു മുന്‍പുള്ള ഒരു ഗ്രാമം ആണ് "സോനാ ദാന്‍" അവിടെ മുന്‍പെന്നൊ സ്വര്‍ണ്ണമഴയുണ്ടായിട്ടുണ്ടത്രെ. മഹാനദിയുടെ തടങ്ങളിലും ഈ കാട്ടിനുള്ളിലും പലരും മണല്‍ അരിച്ച് സ്വര്‍ണ്ണം എടുക്കാറുണ്ടത്രെ
വീര്‍ നാരായണ്‍ സിംഗ് എന്ന ഒരു പഴയകാല രാജാവ് എംഗ്ലീഷുകാരുടെ പിടിയില്‍ പെടാതിരിക്കാന്‍ ഒളിച്ചു താമസിച്ച സ്ഥലം ആണത്രെ ആഗ്രാമം
അതിനോടു യാത്രപറഞ്ഞ് ഗുരു ഘാസിദാസിന്റെ അമ്പലത്തില്‍ എത്തി.
ഗിരോദ് എന്നാണ് ആസ്ഥലത്തിന്റെ പേര്‍.
അദ്ദേഹം തപസു ചെയ്തിരുന്ന ഒരു പാറ ഉണ്ടായിരുന്നു അവിടെ പോയില്ല അതിനു വേറെ വഴി പോകണമായിരുന്നു . അത് തണുപ്പുകാലത്താകട്ടെ എന്നു വച്ചു.
മദ്ധ്യ ഇന്ത്യയിലെ സത്‌നാമികള്‍ എന്ന വര്‍ഗ്ഗക്കാരുടെ ഗുരു ആയി അറിയപ്പെടുന്നു.
ഈ സ്ഥലത്ത് മേള സംഘടിപ്പിക്കാറുണ്ട് വര്‍ഷത്തിലൊരിക്കല്‍
വളരെ ദൂരപ്രദേശങ്ങളില്‍ നിന്നു പോലും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന മേള ആയതിനാല്‍ സര്‍ക്കാര്‍ റോഡുകള്‍ എല്ലാം ഭംഗിയാക്കി.
പങ്കെടുക്കുന്നവര്‍ക്കു താമസിക്കാന്‍ വേണ്ടി ഇതുപോലെ ചില കെട്ടിടങ്ങളും പണീതിട്ടിട്ടുണ്ട്.
അക്ഷരാര്‍ത്ഥത്തില്‍ മണ്ണു നുള്ളിയിട്ടാല്‍ താഴെ വീഴാത്തത്ര വലിയ ജനസഞ്ചയം ആണ് മേള സമയത്ത്.
ഇപ്പൊ ദാ സഹാറ മരുഭൂമി പോലെ.
ഏതായാലും വന്നതല്ലെ മന്ദിരത്തിനകത്ത് കയറി തേങ്ങ സമര്‍പ്പിച്ചു പോകാം എന്നു കരുതി.
ചെരുപ്പ് വണ്ടിക്കകത്തിട്ട് പുറമെ ഇറങ്ങി
റോഡ് ടാര്‍ ചെയ്തതാണ് ചൂടത്ത് തിളച്ചു കിടക്കുന്ന ടാറില്‍ ചവിട്ടുന്നത് ഒന്നോര്‍ത്തേ
അതുകൊണ്ട് ഓടി ഒരരികില്‍ എത്തി.
അവിടെ കല്ലുകള്‍ പാകിയിരിക്കുന്നു.
പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ അവിടെ പന്തവും കൊളുത്തി പട" എന്നു കേട്ടിട്ടില്ലെ?
കാലുകള്‍ നിലത്തു ചവിട്ടാന്‍ പറ്റാത്ത അത്ര ചൂട് .
കടകള്‍ക്കു മുന്നില്‍ ചാക്കു വിരിച്ചിട്ടുണ്ട് അതില്‍ കയറി നോക്കി. എവിടെ അതും പഴുത്തിരിക്കുന്നു.
സര്‍ക്കാരിന് ആളുകള്‍ കൂട്ടം കൂടി നില്‍ക്കാതിരിക്കേണ്ട സ്ഥലം ഇതു പോലെ ഒരുക്കി ഇടാന്‍ സാധിച്ചാല്‍ അത് വന്‍ വിജയം ആയിരിക്കും.
അമ്പലത്തിലേക്കു പോകാനുള്ള വഴിയിലും ഒരു വിരി വിരിച്ചിട്ടുണ്ട് പക്ഷെ അതൊന്നും കാലു പൊള്ളാതിരിക്കാന്‍ പര്യാപ്തമല്ല
കാല്‍ നിലത്തു ചവിട്ടിയാല്‍ ഒരു നിമിഷം പോലും വൈകില്ല അവിടെ നിന്നും പൊക്കും. അങ്ങനെ ഭരതനാട്യം കളിച്ച് ഓട്ടപ്രദക്ഷിണം നടത്തി-
ഒരു പത്തു ജന്മങ്ങളില്‍ ചെയ്ത പാപം എല്ലാം കാലില്‍ കൂടി പോയിക്കാണും
ഒരു വലിയ സ്ഥൂപം പണികഴിച്ചിട്ടുണ്ട്
പക്ഷെ അതിന്റെ ഉദ്ഘാടനം കഴിയാത്തതിനാല്‍ അകത്തേക്കു പോകാന്‍ സാധിച്ചില്ല
അതിനകത്ത് കുതബ് മിനാറിനെ പോലെ മുകളില്‍ വരെ എത്താന്‍ പടികള്‍ ഉണ്ടെന്നു പറഞ്ഞു. മുകളില്‍ നിന്നാല്‍ നല്ല കാഴ്ച ആയിരിക്കും
അവിടെ നിന്നും പോകുമ്പോള്‍ ഞാന്‍ ആലോചിച്ചു. ഈ കാടുകളില്‍ കൂടി ആയിരിക്കില്ലെ ശ്രീരാമചന്ദ്രനും ലക്ഷ്മണനും മറ്റും അന്നു പോയത്?
ഡ്രൈവര്‍ ഓടിക്കുന്ന എ സി കാറില്‍ യാത്ര ചെയ്യുന്ന നമ്മള്‍ക്ക് ഇത്ര കഷ്ടപ്പാട് അപ്പോള്‍ അവര്‍ എങ്ങനെ ആയിരിക്കും പോയിരിക്കുക?
എന്റെ ന്യായമായ സംശയം, കേട്ട് ശങ്കര്‍ പറഞ്ഞു.
"അതെ സര്‍ അവര്‍ ഈ വഴി തന്നെയാണ് പോയത്. ഇനി നാം പോകുന്ന ശിവ്‌രി നാരായണ്‍ ഇല്ലെ ? അവിടെ ആയിരുന്നു ആ വേടസ്ത്രീ ശ്രീരാമന് ബൈര്‍ പഴങ്ങള്‍ കടിച്ചു നോക്കിയിട്ടു കഴിക്കാന്‍ കൊടുത്തത്"
ഞാന്‍ ഞെട്ടിപ്പോയി
"ഹേയ് അതു ശരിയല്ല. ശബരി ഞങ്ങളുടെ നാട്ടിലാണ്. കേട്ടിട്ടില്ലെ ശബരിമല"?
ഇപ്പോള്‍ ശങ്കറും ഞെട്ടി
ഞങ്ങള്‍ രണ്ടു പേരും അല്‍പനേരം ഞെട്ടിയിട്ട് ഒരു തീരുമാനത്തിലെത്തി
ഒരുപാട് തവണ രാമായണം ഉണ്ടായില്ലൊ അതില്‍ ഒരെണ്ണം ഇവിടെയും, ഒരെണ്ണം അവിടെയും ആകട്ടെ.
അങ്ങനെ സന്തോഷമായി ഞങ്ങള്‍ യാത്രതുടര്‍ന്ന് ശിവ്‌രി നാരായണ്‍ എത്തി.
ഛത്തിസ്ഗഢില്‍ ഉള്ള ഒരു നദിയാണ് ശിവ്‌നാഥ് ആ നദി കുറെ ചെന്നിട്ടു മഹാനദിയുമായി ചേരും. രണ്ടു തവണ അതിനെ കുറുകെ കടന്നു. 'മഹാനദി' എന്നു പേരെ ഉള്ളു ഇപ്പൊ - ഇനി മഴ വരുമ്പോഴാണ് പേരു ശരിയാകുന്നത്
ശബരിയെ ഇവിടെ ശിവ്‌രി എന്ന പേരില്‍ വിളിക്കുന്നു.
ഇടുങ്ങിയ റോഡാണ് ഇരുവശങ്ങളിലും കച്ചവടസ്ഥാപനങ്ങള്‍.
അമ്പലത്തില്‍ എത്തിയപ്പോഴേക്കും രണ്ടരമണിയായി. അമ്പലം അടച്ചു പോയി.
പിന്നെ ഒരു പഴയ അമ്പലം
അതുകൊണ്ട് പുറമെ നിന്നും തൊഴുതു പോന്നു
മുന്‍പു പറഞ്ഞതുപോലെ പഴുത്ത കല്ലില്‍ കൂടി നടന്ന് മറ്റൊരു പത്തു ജന്മങ്ങളിലെ പാപം കൂടി ഉണക്കി കളഞ്ഞു- കഴുകി എന്നെഴുതാന്‍ പറ്റില്ലല്ലൊ അല്ലെ?
പുറമെ വന്നപ്പോള്‍ അവിടെ കണ്ട ഒരു കച്ചവടക്കാരനില്‍ നിന്നും ഒന്നു രണ്ടു ഫോട്ടൊകള്‍ വാങ്ങി ഞാന്‍ നടന്നു.
അപ്പോള്‍ അയാള്‍ ഡ്രൈവറെ പിന്നിലേക്കു വിളിച്ച് എന്തൊ കയ്യിലൊ ഭദ്രമായി കൊടുക്കുന്നതു കണ്ടു
അത് ഭക്തിയോടു കൂടി ഡ്രൈവര്‍ എന്നെ ഏല്‍പ്പിച്ചു. രണ്ട് ഇലകള്‍
ഞങ്ങള്‍ തിരികെ വണ്ടിയില്‍ എത്താനുള്ള തെരക്കിലായിരുന്നു. നില്‍ക്കാന്‍ വയ്യ കാലു പോള്ളിയിട്ട്.
വണ്ടിയില്‍ ഇരുന്നു കഴിഞ്ഞ് ഈ ഇലയെ പറ്റി ചോദിച്ചു.
ശങ്കര്‍ വീണ്ടും വാചാലനായി.
" സര്‍ ആ ഇലകള്‍ നോക്കൂ"
ഞാന്‍ നോക്കി ഒരു പ്രത്യേക തരം ഇല. മുന്‍പു കണ്ടിട്ടില്ല. കുമ്പിള്‍ കുത്തിയതു പോലെ ഉണ്ട്.
ആ രണ്ട് ഇലകള്‍ മാത്രമല്ല. ഞാന്‍ തിരികെ ഇറങ്ങി പോയി ആ അമ്പലത്തോടു ചേര്‍ന്നു നില്‍ക്കുന്ന മരം ശ്രദ്ധിച്ചു. അതിലെ എല്ലാ ഇലകളും ഇതുപോലെ തന്നെ.
ശങ്കര്‍ തുടര്‍ന്നു.
ഈ മരത്തിന്റെ ഇലയില്‍ ആയിരുന്നു ശിവ്‌രി ശ്രീരാമചന്ദ്രന് ബൈര്‍ പഴങ്ങള്‍ കൊടുത്തത്. പഴം ശേഖരിക്കുവാനുള്ള സൗകര്യത്തിനു വേണ്ടി ശ്രീരാമന്റെ അനുഗ്രഹത്താല്‍ ആ മരത്തിന്റെ ഇലകള്‍ അന്നു മുതല്‍ കുമ്പിള്‍ പോലെ ആയി എന്നാണ് വിശ്വാസം."
ഏതായാലും ഈ വിഷയം അല്‍പം കൂടി അറിവുള്ളവരോട് ചര്‍ച്ച ചെയ്യണം എന്നു തോന്നി
കൂട്ടത്തില്‍ പരിചയമുള്ള ഒരു മിശ്രയോട് അന്വേഷിച്ചു.
അദ്ദേഹത്തിന്റെ അഭിപ്രായം മറ്റൊരു തരത്തില്‍ -
" ശബരി മതംഗമുനിയുടെ ആശ്രമത്തില്‍ പരിചാരിണി ആയിരുന്നു. മതംഗമുനിയ്ക്ക് ദേഹവിയോഗത്തിനുള്ള സമയം അടുത്തപ്പോള്‍ അദ്ദേഹം ശബരിയോടു പറഞ്ഞു.
എനിക്കു പ്രഭുവിനെ കാണാനുള്ള ഭാഗ്യം ഇല്ല
നിനക്ക് അത് ഉണ്ട്. പ്രഭു ഇപ്പോള്‍ ചിത്രകൂടം വരെ എത്തിയിട്ടുണ്ട്. നീ അതുകൊണ്ട് മഹാനദിക്കരയില്‍ പോകുക അവിടെ അടുത്തുള്ള ആശ്രമത്തില്‍ പരിചാരിണി ആയി വസിക്കുക . ശ്രീരാമന്‍ അവിടെ വരും. അവിടെ വച്ച് നിനക്ക് അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം കിട്ടും."
അപ്രകാരം ശബരി മഹാനദിക്കരയില്‍ എത്തുകയും ഇപ്പറഞ്ഞ ശിവ്‌രി നാരായണ്‍ ഇല്‍ വച്ച് ശ്രീരാമനെ കാണുകയും ചെയ്തു.
അതായത് കേരളത്തിലെ പമ്പാനദിക്കരയിലുണ്ടായിരുന്ന ശബരി ഇവിടെ മഹാനദിക്കരയില്‍ എത്തിയാണ് ശ്രീരാമനെ കണ്ടത് എന്ന്
ഇവിടെ വച്ച് ശബരി പറഞ്ഞു കൊടുത്തതനുസരിച്ചാണ് ശ്രീരാമന്‍ പമ്പാതടത്തിനടുത്ത് സുഗ്രീവനെകാണാനെത്തുന്നത്
"കൃഷ്ണവട്" (വടവൃക്ഷത്തിന്റെ - പേരാലിന്റെ വംശത്തില്‍ പെട്ട മരം ആണ് ഇത്) എന്നാണത്രെ ഈ മരത്തിനെ വിളിക്കുന്നത് ഇത് ത്രേതായുഗം മുതല്‍ നിലനില്‍ക്കുന്നതാണത്രെ
ഇലകള്‍ ശരിക്കും പേരാലിന്റെ ഇലകളെ പോലെ തന്നെ പക്ഷെ ഈ രൂപഭേദം ഉണ്ടെന്നെ ഉള്ളു
ഇലകളുടെ കഥയും മുകളില്‍ പറഞ്ഞതു തന്നെ.
കയ്യില്‍ ക്യാമറ കരുതാഞ്ഞതില്‍ ഞാന്‍ വളരെ വിഷമിച്ചു. മൊബയില്‍ ഉപയോഗിച്ച് കുറച്ചു പടങ്ങള്‍ മാത്രമെ എടുക്കാന്‍ സാധിച്ചുള്ളൂ.
ഏതായാലും പുതിയ ചില കാര്യങ്ങള്‍ അറിഞ്ഞതല്ലെ എല്ലാ കൂട്ടുകാരോടും പങ്കുവക്കാതെ പറ്റില്ലല്ലൊ അല്ലെ