Wednesday, December 24, 2014

പട്ടിക്കുട്ടി


യാത്രക്കിടയിൽ സുഹൃത്തിന്റെ വീട്ടിൽ കണ്ടതാണ്. ഒരു മാസം പ്രായം. ആരെങ്കിലും കൊണ്ടുപൊക്കോളും എന്ന് പറഞ്ഞു അവർ. എനിക്കാണെങ്കിൽ കണ്ടിട്ട് വിട്ടു പോരാനും തോന്നുന്നില്ല. പക്ഷെ ഒരു വീട്ടിൽ രണ്ടു എണ്ണം വേണ്ട എന്ന് പറഞ്ഞ് ഭൈമി വിലക്കി. എന്റെ വീട്ടിൽ പട്ടിയൊന്നും ഇല്ല കേട്ടൊ :) 

Tuesday, December 23, 2014

ബാൻസ്വാഡ ഒരു ഊരുചുറ്റൽ

കുറച്ചു ദിവസമായി ഊരു ചുറ്റൽ ആയിരുന്നു. മകൻ താമസിക്കുന്ന സ്ഥലമൊക്കെ ഒന്നു കാണാം അവരുടെ സുഖവിവരവും അന്വേഷിക്കാം എന്ന് വച്ച് പോയതാണ്.  പോയ വിവരം കൂട്ടുകാരും അറിയണ്ടെ?

രാജസ്ഥാനിലെ ബാൻസ്വാഡ എന്ന സ്ഥലമാണ് അത്.  ഹിന്ദിയിൽ ബാസ് (ബാംസ്, ബാൻസ്) ഇവയ്ക്കിടയിലുള്ള ഒരു ശബ്ദം നമ്മുടെ ബാസുരി കേട്ടിട്ടില്ലെ ഓടക്കുഴൽ? അതിന്റെ ഉല്പത്തിക്ക് നിദാനമായ ശബ്ദം. പച്ചമലയാളത്തിൽ മുള എന്ന് പറഞ്ഞാൽ മതി. അത് കൂടുതലുള്ളതു കൊണ്ടാണത്രെ ആ പേർ ലഭിച്ചത്

അവിടെ എത്തിപ്പെടാൻ അത്ര എളുപ്പമല്ല, കാരണം അവിടെ റെയിൽ വന്നിട്ടില്ല. അത് കൊണ്ട് ആദ്യം ബറോഡയിൽ പോയി. അവിടെ മകൻ വന്ന് ഞങ്ങളെയും കൂട്ടി കൊണ്ടുപോയി. ബറോഡയിൽ നിന്നും 260 കിലൊമീറ്റർ

ഗുജറാത്തിലെ റോഡൊക്കെ ഫോട്ടൊഷോപ്പാണെന്ന് പല ഫേസ്ബുക്ക് പോസ്റ്റുകളിലും കണ്ടിരുന്നു. പക്ഷെ അത് ഫോട്ടൊഷോപ്പല്ല എന്ന് യാത്ര ചെയതപ്പൊ മനസിലായി 100-120 കിലോമീറ്റർ സ്പീഡിൽ  സുഖമായി പോകാം.

ഇത് പറഞ്ഞപ്പൊഴാ ഓർത്തത്- ഗുജറാത്തിലെ ഒരു മാളിലും കയറി. അവിടെ വണ്ടി പാർക്ക് ചെയ്യാൻ കാശ് കൊടൂക്കാൻ നീട്ടിയപ്പോഴാ മനസിലായത്- ഗുജറാത്തിൽ ആ പാർക്കിങ്ങ് ഫീ പരിപാടി ഇല്ലത്രെ. എന്തൊരു വൃത്തികെട്ട ദേശം അല്ലെ?

വഴിയൊക്കെ നല്ല ഭംഗിയാണ് കാണാൻ.


മൊട്ടക്കുന്നുകളും കാടുകളും വയലുകളും ഒക്കെ സുലഭം. മയിലുകൾ ധാരാളം മേഞ്ഞു നടക്കുന്നത് കാണാം.  ഒരിടത്ത് നിർത്തി പടം എടുത്തു എങ്കിലും ഒരു സീൻ മിസ് ആയത് ഇപ്പോഴും വിഷമം ഉണ്ടാക്കുന്നു. ഒരു ഒറ്റ മരം, അതിന്റെ അഞ്ചാറു ശിഖരങ്ങൾ ഉള്ളതിൽ നിറയെ മയിലുകൾ.  പക്ഷെ അവിടെ ഒരു ഹെയർ പിൻ വളവും കയറ്റിറക്കവും ആയതിനാൽ വണ്ടി നിർത്താൻ സാധിച്ചില്ല. പടം മനസിൽ സൂക്ഷിച്ചും കൊണ്ട് ഇങ്ങു പോന്നു


അങ്ങനെ വൈകുന്നേരത്തോടു കൂടി ബാൻസ്വാഡയിൽ എത്തി.

ഉറങ്ങി എഴുനേറ്റ് വന്നപ്പോൾ നല്ല തണുപ്പ്, മൂടൽ മഞ്ഞും. പക്ഷെ സൂര്യൻ ഉദിച്ചു വരുന്ന ഒരു സീൻ കണ്ടു എനിക്കിഷ്ടപ്പെട്ടു അത് കൊണ്ടത് പടം പിടിച്ചു. നേരെ കാണുന്ന ഭംഗി പടത്തിൽ വരില്ലല്ലൊ. എന്നാലും ഇത് കണ്ടോളൂ


അവിടത്തെ സ്ഥലം കറങ്ങിക്കാണാൻ ഒരു ദിവസം മകൻ അവധി ആക്കി. അവരുടെ പ്രൊജക്റ്റ് ആണ് ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യൽ അതിന്റെ തടാകത്തിൽ ആണ് ആദ്യം പോയത്. റോഡിൽ നിന്നും വിട്ട് കാട്ടുപ്രദേശത്തിൽ കൂടി കുറേ പോയി. ആ വഴിക്ക് ആകെ ഒന്നൊ രണ്ടൊ മനുഷ്യരെ മാത്രമെ കാണാൻ കിട്ടിയുള്ളൂ. ഏതായാലും പ്രശാന്ത സുന്ദരമായ പ്രദേശം. അവിടെ അങ്ങനെ ആസ്വദിച്ചു നിന്നപ്പോഴാണ് മകന്റെ പ്രസ്താവന

രാത്രിയിൽ ഇവിടെ വെള്ളം കുടിക്കാൻ കടൂവകൾ വരാറുണ്ടത്രെ

അതു കേട്ടതോടു കൂടി അവിടം കൂടുതൽ കാണാനുള്ള വ്യഗ്രത ഇല്ലാതായി. വേഗം പിള്ളേരോട് വണ്ടിയിൽ കയറാൻ പറഞ്ഞു.പിന്നിൽ കാണുന്ന ബാക് ഗ്രൗണ്ട് ഉൾപ്പടെ അവരുടെ പടം കിട്ടണം എന്ന് വച്ച് മകൻ ക്യാമറ കയ്യിൽ തന്നെ. മോനും മരുമോളും അല്ലെ ക്ലോസ് അപ് ആകട്ടെ എന്ന് ഞാനും വച്ചു. പിന്നിലത്തെ സീൻ ഇല്ലാത്തതിൻ പിള്ളേരുടെ വായിൽ നിന്നും ചീത്ത കേൾക്കാനും ഒരു രസമാ അല്ലെ?ഒരുപാട് നല്ല നല്ല കാഴ്ച്ചസ്ഥലങ്ങൾ ഉണ്ട്
എന്നാലും അവിടെ ഒക്കെ പോകാൻ സമയക്കുറവും സൗകര്യക്കുറവും ഉള്ളതിനാൽ ഒന്ന് രണ്ടെണ്ണം മാത്രം കണ്ട് തിരികെ പോന്നു

അതിൽ ഒന്നാണ്  രാംകുണ്ഡ്


ശ്രീരാമൻ വനവാസക്കാലത്ത് താമസിച്ച സ്ഥലമാണത്രെ. ഒരു വലിയ പാറപ്പുറത്ത് ഒരു ഇടിഞ്ഞു പൊളിഞ്ഞ ക്ഷേത്രം.
ഒരു മണ്ഡപം പണിത് രണ്ടു പ്രതിമകൾ കാവലായി വച്ചിട്ടും ഉണ്ട്.

 ആ പാറയ്ക്കടിയിൽ  വലിയ ഒരു ഗുഹ. ആ ഗുഹ 80 കിലൊമീറ്ററോളം നീളമുള്ളതാണത്രെ.
അവിടെയും മനുഷ്യരെ ഒന്നും കാണാൻ കിട്ടിയില്ല. ഗുഹയുടെ പ്രവേശകവാടങ്ങൾ കമ്പിവേലി കെട്ടി  വച്ചിട്ടുണ്ട്. ഒരു ഭാഗത്ത് ഒരു ഇരിമ്പു വാതിലും പിടിപ്പിച്ചിട്ടുണ്ട്.


മനുഷ്യർ ആരും ഇല്ലാത്തതിനാലും, കൂട്ടത്തിൽ ഭാര്യയും മരുമകളും ഉള്ളതിനാലും കൂടുതൽ അതിനകം പരിശോധിക്കാൻ മുതിർന്നില്ല. പോരെങ്കിൽ മുൻപു പറഞ്ഞ  കടുവക്കഥ ഉള്ളിൽ തികട്ടുന്നും ഉണ്ട് അത് കൊണ്ട് കുറച്ച് പടം എടുത്ത് തിരികെ പോന്നു.

പിന്നീട് പോയത് ത്രിപുരസുന്ദരി ക്ഷേത്രം.
അത് വളരെ വലിയ ഒരു ക്ഷേത്ര സമുച്ചയം. അകത്ത് പടം പിടിക്കാൻ അനുവാദം ഇല്ലാത്തത് കൊണ്ട് പുറത്ത് നിന്നുള്ള കുറച്ച് പടം എടുത്തു. അകത്ത് വെണ്ണക്കല്ലിൽ കൊത്തുപണീകളുള്ള നല്ല ഒരു അമ്പലം. ഇപ്പോൾ അതിന്റെ കല്ലുകൾ എല്ലാം വീണ്ടും പോളിഷ് ചെയ്ത് കൊണ്ടിരിക്കുന്നു.  പടം പിടിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പോലീസുകാരനെ കണ്ടത് കൊണ്ട് വേണ്ടെന്ന് വച്ചു

അത് കഴിഞ്ഞ് പോയത് ബ്രഹ്മാവിന്റെ അമ്പലം.


 ബ്രഹ്മാവിന്റെ അമ്പലങ്ങൾ വലരെ കുറച്ചെ ഉള്ളു എന്നാണ് അറിവ്. ഏതായാലും അവയിൽ ഒന്ന് ഇതാണ്.

ഒരു ദേവീക്ഷേത്രം ഉണ്ട് അവിടെ നമ്മുടെ ഹനുമാന്മാരുടെ സങ്കേതം ആണ് ആളുകളെ ഉപദ്രവിക്കുകയില്ല.നാളികേരം കൊണ്ട് കൊടുത്ത ഒരു ഭക്തന്റെ അടൂത്ത് ഒരു ഹനുമാൻ എത്തി.

കാണേണ്ട കാഴ്ച്ച ആയിരുന്നു. അദ്ദേഹം അതിനോട് പറഞ്ഞു."രുക്കൊ തൊ. ദേ രഹാ ഹു"  അല്പം നിൽക്ക് തരാം എന്ന്. ഹനുമാൻ കാത്ത് നിന്നു അദ്ദേഹം അത് പൊട്ടിച്ച് കുറച്ച് കൊടുത്തു , അതും വാങ്ങി ഹനുമാൻ സന്തോഷമായി പോയി.

പിന്നെയും കണ്ടു പല അമ്പലങ്ങൾ

അങ്ങനെ ഒരു ഓട്ടപ്രദക്ഷിണം. കണ്ടാൽ മതിയാകാത്ത  അത്ര സുന്ദരമായ പ്രദേശം

ഇനി റെയിൽ കൂടി വന്ന് കള്ളന്മാാാരും കാട്ടുകള്ളന്മാരും ഒക്കെ ഒന്ന് വിലസിയിട്ടു വേണം അതൊക്കെ ഒരു വഴിക്കാക്കാൻ 

Monday, November 03, 2014

ഏഴിലമ്പാല

പാല -- ഏഴിലമ്പാല
യക്ഷികൾ അവിടെയല്ലെ വസിക്കുന്നത്?

പാവങ്ങൾ  രാത്രി താഴെ ഇറങ്ങുമ്പോൾ അവരുടെ കാലിൽ അല്ലൊ മുള്ളൊ എന്തെങ്കിലും കൊണ്ടാൽ !!!!

നമ്മളല്ലെ ശ്രദ്ധിക്കേണ്ടത്

ദാ ചെരുപ്പും  ഒരു പ്ലാസ്റ്റിക് കൂടിനകത് വേറെന്തൊ

അത് തുറന്ന് നോക്കാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് നോക്കിയില്ല

പേടി യക്ഷിയെ അല്ല, കെട്ടീവച്ച യക്ഷന്മാരെ


Saturday, October 04, 2014

കുരുത്തക്കേട്

കോളേജ് പഠനകാലത്ത് ആരൊക്കെയാണ് കുസൃതി കാട്ടാത്തവർ? ഉണ്ടെങ്കിൽ കൈ പൊക്കുക.
ഇല്ല അല്ലെ?

അങ്ങനെ ആരും കാണുകയില്ല. ഞാനും മോശമായിരുന്നില്ല.

പക്ഷെ ചില കാര്യങ്ങൾ നമ്മൾ വെറുതെ കുസൃതി ആയി പോലും ചെയ്യുന്നതാവില്ല, എന്നാൽ അത് ചിലപ്പോൾ ഇടങ്ങേറായി വന്നെന്നു വരും
അനുഭവം ഉണ്ടായിരിക്കുമല്ലൊ അല്ലെ?

അങ്ങനെ ഒരനുഭവം പ്രി ഡിഗ്രി പഠനകാലത്ത് ഉണ്ടായത് കേൾക്കണൊ?


ഞാൻ ഇരിക്കുന്നത് ക്ലാസിന്റെ ഏകദേശം നടൂഭാഗത്ത് മുന് നിരയിൽ. റ്റീച്ചർ ക്ലാസിൽ വന്നാൽ പ്ലാറ്റ്ഫോമിൽ കയറില്ല.
എന്റെ നേരെ മുന്നിൽ നിന്നാണ് റ്റീച്ചർ ക്ലാസെടുക്കുക

പഠിത്തത്തിൽ മിടുക്കനായിരുന്നത് കൊണ്ട് ആദ്യ കുറച്ചു ദിവസം കൊണ്ടു തന്നെ ഞാൻ റ്റീച്ചറുടെ കണ്ണിലുണ്ണിയായി.

പഠിപ്പിക്കാൻ റ്റീച്ചർ എന്റെ പുസ്തകം ആണ്` ഉപയോഗിക്കുന്നത്. പറയാനുള്ള പോയിന്റ്സ് അതാതിന്റെ ഭാഗത്ത് റ്റീച്ചർ തന്നെ കുറിച്ചിടൂന്നത് കൊണ്ട് എനിക്ക് ലെക്ചർ നോട്സ് എഴുതേണ്ട ആവശ്യവും ഇല്ല

സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആയി പഠിച്ചതു ഒരു കാരണം, മലയാളം മീഡിയത്തിൽ പഠിച്ചു വന്നവർക്കും കൂടി മനസിലാകണം എന്നതു കൊണ്ട് വളരെ വിശദമായി സമയം എടുത്ത് പഠിപ്പിക്കുന്ന റ്റീച്ചറുടെ സ്വഭാവം മറ്റൊരു കാരണം

ഇവയൊക്കെ കാരണം ഇംഗ്ലീഷ് ക്ലാസുകളിൽ എനിക്ക് വെറുതെ കളയാൻ സമയം ധാരാളം.

റ്റീച്ചറാണെങ്കിലൊ. ബി എഡ് കഴിഞ്ഞു നേരെ വന്നത്. ശാരീരത്തെ കവച്ചു വയ്ക്കുന്ന ശരീരം. നല്ല വടിവിൽ വേഷഭൂഷകൾ.

15 വയസു കഴിഞ്ഞ ഒരു കുഞ്ഞി ചെക്കൻ എന്ത് ചെയ്യും? അവൻ ആ വടിവൊത്ത നിമ്നോന്നതങ്ങളിൽ കണ്ണു നട്ട് ഇരിക്കും.  ചിലപ്പോൾ ആ ഇരുപ്പിൽ ഞാൻ എന്നെ തന്നെ മറന്നു പോകും.

ബാക്കി കുട്ടികളേ  ശ്രദ്ധിക്കുന്ന തെരക്കും എന്നിലുള്ള വിശ്വാസവും കൊണ്ട് റ്റീച്ചർ അത് വളരെ ദിവസങ്ങൾ കണ്ടിരുന്നില്ല.

പക്ഷെ ഒരു ദിവസം ഏതോ ഒരു ചോദ്യത്തിൻ ആരും ഉത്തരം കൊടുക്കാത്തതിനാൽ അവസാനം ആ ചോദ്യം എന്റെ നേരെ വന്നു.

പെട്ടെന്ന് റ്റീച്ചർ എന്റെ നേരെ നോക്കുമ്പോൾ കാണുന്ന കാഴ്ച്ചയോ?

മുൻപു പറഞ്ഞത് പോലെ അതിൽ തന്നെ ലയിച്ചിരിക്കുന്ന എന്റെ ദൃഷ്ടി.

ഏതായാലും അന്നോടു കൂടി എന്റെ മുന്നിൽ നിന്ന് പഠിപ്പിക്കുന്ന വേല റ്റീച്ചർ നിർത്തി. പ്ലാറ്റ്ഫോമിലേക്ക് താമസം മാറ്റി.

അല്ല റ്റീച്ചര് എത്രയോ കോളേജുകൾ കണ്ടതാ അല്ലെ?

വീണ്ടും പഠിത്തം തുടർന്നു കൊണ്ടെ ഇരുന്നു. അങ്ങനെ ഒരു ദിവസം കയ്യിൽ കിട്ടിയ ഒരു ചെറിയ കഷണം കടലാസ് ചുരുട്ടി ചുരുട്ടി ഞാൻ ഇരിക്കുന്നു റ്റീച്ചർ പഠിപ്പിക്കൽ നിർബ്ബാധം തുടരുന്നു.

എനിക്ക് ഒരു സ്വഭാവം ഉണ്ട് ഇതുപോലെ കടലാസൊ ചെറിയ കല്ലൊ കയ്യിൽ കിട്ടിയാൽ അത്നടുവിരലും തള്ളവിരലും കൂട്ടി പിടിച്ച്  ഒരു എറ്റൽ.

നേരെ പോയി അതെവിടെയെങ്കിലും കൊള്ളുന്നത് കാണാൻ എനിക്ക് രസമുള്ള പണിയാണ്.  അത് വിചാരിക്കുന്നിടത്ത് എറ്റി കൊള്ളിക്കാൻ ആവുന്നത് ശ്രമിക്കുകയും ചെയ്യും.

അതിനായി മുന്നിലത്തെ ഭിത്തിയിലെ ഏതെങ്കിലും ഒരു ലക്ഷ്യം തെരഞ്ഞുകൊണ്ടിരിക്കുകയാണ് ഞാൻ.

ബ്ലാക് ബോർഡ് എന്റെ മുന്നിൽ വലതുഭാഗത്തായാണ്.

പെട്ടെന്ന് റ്റീച്ചർ എന്തോ എഴുതാനായി ബോർഡിനടൂത്തേക്കു പോയി. തക്കം കിട്ടിയ ഞാൻ ഭിത്തിയിലെ  ഒരു  അടയാളം ലക്ഷ്യമാക്കി ആ കടലാസിനെ എറ്റി.

പിന്നെ  സംഭവിച്ചതൊന്നും ഞാൻ വിചാരിച്ചതു പോലെ ആയിരുന്നില്ല എന്നു മാത്രം. റ്റീച്ചർ പെട്ടെന്നെഴുതികഴിഞ്ഞ് തിരിഞ്ഞു.

ഞാൻ എറ്റിയ കടലാസ് ഉണ്ട നേരെ പോകുന്നതിനു പകരം വലതു കോണീലേക്കു പായുന്നു.

ഭിത്തിയിലെ അടയാളം ഉന്നമാക്കിയാണ് ഞാൻ അത് വിട്ടതെങ്കിലും ചെന്നു ഇടിച്ചതൊ?

റ്റീച്ചറിന്റെ നിമ്നോന്നതങ്ങളുടെ ഉന്നതത്തിന്റെ ഉച്ചിക്ക്.

റ്റീച്ചർ തിരിയുന്നത് കണ്ട ഞാൻ പെട്ടെന്ന് തന്നെ നോട് ബുക്കിൽ കയ്യ് വച്ച് നല്ല കുട്ടിയായിരുന്നു.

എന്നെ കണ്ടാൽ കിണ്ണം കട്ടവനാണെന്ന് തോന്നുമോ എന്ന ഭാവം ഞാൻ മുഖത്ത് വച്ചിരുന്നില്ലെങ്കിലും റ്റീച്ചർക്ക് അതിന്റെ ഉറവിടം മനസിലായിരുന്നു . പക്ഷെ റ്റീച്ചർ അത് അറിയാത്ത ഭാവത്തിൽ അവഗണിച്ചു

അല്ലെങ്കിലും മനഃപൂർവം അത്ര ഉന്നത്തിൽ വിടാനുള്ള കഴിവൊന്നും ഇല്ലെന്ന് റ്റീച്ചര്ക്കും അറിയാമല്ലൊ അല്ലെ?

Friday, October 03, 2014

പ്ലൂറൽ

എന്റെ പേര്, അതും സുന്ദരമായ ശങ്കരനാരായണ പണിക്കർ എന്ന് ഇംഗ്ലീഷിൽ ടൈപ് ചെയ്തതേ ഉള്ളൂ. മൈക്രൊസോഫ്റ്റ് വേഡ് പോലും . അവൻ അതിന്റെ അടിയിൽ ചുവന്ന വളഞ്ഞ വരകൾ വരച്ചു വ്യ്ക്കുന്നു. സ്പെല്ലിംഗ് ചെക്ക് ചെയ്യണം പോലും, സ്പെല്ലിംഗ്

അവന്റെ ഒരു ഇംഗ്ലീഷും ഗ്രാമറും. കമ്പ്യൂട്ടർ ഷട് ഡൗൺ ചെയ്യുമ്പൊ കാണാം അവന്റെ ഇംഗ്ലീഷ് ഗ്രാമർ പരിജ്ഞാനം

"വിന്ഡോസ് ഇസ്" പോലും എടാ പൊട്ടാ ഇതു പോലും അറിയാത്തനീയാ എന്നെ പഠിപ്പിക്കാൻ വരുന്നത് . വിൻഡോസ് ആർ വേണം കേട്ടൊ  പ്ലൂറൽ പ്ലൂറൽ

അല്ല പിന്നെ

എഴുതാൻ ഒന്നും ഇല്ലെങ്കിൽ ഇതും ഇതിനപ്പുറവും എഴുതും അല്ലെ?

Monday, September 29, 2014

പുരോഗമനംഈ വാക്ക് കൊണ്ട് നാം എന്താണ് അർത്ഥമാക്കുന്നത്?
എനിക്കൊട്ടും മനസിലാകാത്ത ഒന്നാണ് ഇത്.

മുൻപൊരിക്കൽ ബിലാസ്പൂരിൽ നിന്നും ഗ്രാമവഴിയിലൂടെ സഞ്ചരിക്കുമ്പോൾ കണ്ട ഒരു കാഴ്ച്ച.

ഒരു ഗ്രാമം

നെല്ല് കൂനയായി കൂട്ടിയിട്ടിരിക്കുന്നു. വയ്ക്കോലും പല പല കൂനകൾ

പശുവും എരുമയും മറ്റും ഒറ്റയ്ക്കും തെറ്റയ്ക്കും കൂട്ടമായും മേയുന്നു.
കോഴികൾ, പട്ടികൾ ഇവയൊക്കെ അതാതിന്റെ വഴിക്ക് ബഹളം വച്ചും വയ്ക്കാതെയും നറ്റക്കുന്നു

കുട്ടികൾ പലപല കളികളിൽ ഏർപ്പെട്ടിരിക്കുന്നു

മുതിർന്നവർ വട്ടം  കൂടിയിരുന്നു വർത്തമാനം പറയുന്നുണ്ട്, ചിലർ ചീട്ടുകളിക്കുന്നുണ്ട്.

ആകെകൂടി നോക്കിയപ്പോൾ

"ഒപ്പത്തിനുള്ള കുട്ടികളൊരു മുപ്പത്തിരണ്ടു പേരുണ്ട്
അപ്പിള്ളേരുമായ് വനത്തിൽ കളിപ്പാനിപ്പോൾ ഞാനമ്മെ പോകട്ടെ?"

എന്ന് ശ്രീകൃഷണൻ ചോദിച്ച രംഗം ഓർമ്മ വന്നു.

ഇവിടെ പിള്ളേർക്ക് വനത്തിലൊന്നും പോകണ്ടാ

തുടർന്ന് ഞാൻ എന്റെ കാര്യം ഓർത്തു

തലയിൽ ഒരു വട്ടക്കെട്ടും കെട്ടി പറമ്പിന്റെ മൂലയ്ക്കിരുന്ന് 56 നോസ് എന്നൊന്ന് വിളിക്കാൻ ഈ ജന്മം സാധിക്കുമൊ?

എന്റെ മക്കളുടെ കാര്യം ഓർത്തു.

അവർക്ക് കളിക്കാൻ എന്നാൽ കഴിയുന്നത്ര സൗകര്യം ഞാൻ ചെയ്തു കൊടുത്തീട്ടുണ്ട്. പുസ്തകം വായീരെടാ എന്നൊരു നിർബ്ബന്ധം ഒരിക്കലും അവരോട് ഞാൻ കാട്ടിയിട്ടില്ല
പക്ഷെ ഇന്നത്തെ കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു. അവർക്കെന്നാണ് ജീവിതം ആസ്വദിക്കാൻ പറ്റുക?

റാങ്ക് കിട്ടുന്നതാണോ ആസ്വാദനം?

ആ റാങ്കും തൂക്കിപിടിച്ച് വല്ലവന്റെയും ആപ്പീസിനു മുന്നിൽ തെണ്ടി നടന്ന് തീർക്കേണ്ട അവസ്ഥയല്ലെ അവർക്കിനി മുന്നിൽ?

മേല്പറഞ്ഞ ഗ്രാമത്തിൽ  ഇനി ഒരു മാസം മുഴുവൻ കരണ്ടില്ലെങ്കിലും, ഒരു മാസം മുഴുവൻ വണ്ടികൾ ഓടിയില്ലെങ്കിലും, ഒരു മാസം മുഴുവൻ റേഡിയൊ, ടി വി ഇതൊന്നും ഇല്ലെങ്കിലും, ഒരു മാസം മുഴുവൻ ഒരു കടകളും തുരന്നില്ലെങ്കിലും അവരുടെ ജീവിതം ഇതുപോലെ തന്നെ സുന്ദരമായി മുന്നോട്ടു പോകും

നമ്മളൊ?

ഒരു ദിവസം മുഴുവൻ കരണ്ടില്ലെങ്കിൽ?

ചൂടെടുക്കുന്നത് മാത്രമോ കൊതുകു കടി കൊണ്ട് മരിക്കില്ലെന്നാരു കണ്ടു?
വണ്ടി ഓടിയില്ലെങ്കിൽ?
കടകൾ തുറന്നില്ലെങ്കിൽ?

അപ്പോൾ നമ്മൾ പുരോഗമിച്ച് പുരോഗമിച്ച് ആ അവസ്ഥയിൽ എത്തി

ഇനി സമാധാനത്തോടു കൂടി ജീവിക്കുന്ന ആ ഗ്രാമീണരെ കൂടി നമ്മളെ പോലെ വെട്ടിലാക്കണം
അതല്ലെ പുരോഗമനം?

ചെറുപ്പത്തിൽ കൗപീനം ആയിരുന്നു ഞങ്ങൾ ഉപയോഗിച്ചിരുന്നത്.
പ്രത്യേകിച്ച് ചെലവൊന്നും ഇല്ല. കാറ്റു കിട്ടും ചൊറിച്ചിൽ - അലർജി ഇവയൊന്നും കേട്ടിരുന്നില്ല

ഇപ്പോൾ ഒരെണ്ണത്തിൻ 130 രൂപ. വീട്ടിലെത്തിയാൽ ആദ്യം ചെയ്യേണ്ടത് അത് ഊരിക്കളഞ്ഞിട്ട് എ സിയുടെ മുന്നിൽ വച്ച് കാറ്റു കൊള്ളിക്കുക

അല്ല ആരും കാണാത്ത സ്ഥലത്ത് ഉപയോഗിക്കുന്നതിനും ഇതുപോലെ ആഡംബരം വേണോ?

ദൈവമെ പുരോഗമനം 

Saturday, September 27, 2014

ജയചന്ദ്രന്റെ ഈണം അടീച്ചു മാറ്റി

ജനുവരിയിൽ വിരിയുമൊ ഈ പാട്ട് ഭൈമി വച്ചു കേട്ട് രസിക്കുന്നത് കണ്ട് പോയി നോക്കിയതാ

സംഗീതം ജയചന്ദ്രൻ

ആഹാ

ഞാൻ പണ്ടു വിചാരിച്ചത്  പത് ഇരുനൂറു കൊല്ലങ്ങൾക്ക് മുൻപ് ബിഥോവൻ ഒരു ഈണം ഉണ്ടാക്കിയത് സ്വന്തമായാണെന്നായിരുന്നു

ജയചന്ദ്രന്റെ ഈണം  ഇരുനൂറു കൊല്ലം മുൻപെ  അടീച്ചു മാറ്റാൻ മാത്രം മണ്ടനായിരുന്നു  അദ്ദേഹം എന്ന് ഇപ്പോഴല്ലെ മനസിലായത്

കാലത്തെ വേരെ ഒരു പണീയും ഇല്ലാത്തത് കൊണ്ടല്ല കുറെ നാളായി തെരക്കായിരുന്നത് കൊണ്ട് കീബോർഡ് വായിക്കാൻ സമയം പോരാ. ഇന്ന് ഞായറല്ലെ

അതിന്റെ തന്നെ ഒരു വരി ദാ കിടക്കുന്നുമുഴുവൻ വേണമെങ്കിൽ ദാ ഇങ്ങേർ വായിച്ചത് കേട്ടോളൂ

https://www.youtube.com/watch?v=k_UOuSklNL4

കാലത്ത് കയ്യോടാൻ ഇതും കൂടി ഇരിക്കട്ടെ എന്ന് വച്ചു ഏതായാലും നിങ്ങളെ ബോറടീപ്പിക്കാൻ തന്നെ തീരുമാനിച്ചതാ എന്തിനാ ഞാനായിട്ടു കുറയ്ക്കുന്നത് അല്ലെ?
Friday, September 26, 2014

ബുദ്ധി വരുന്ന ഓരോ വഴികളെ

ക്രിക്കറ്റ് ജ്വരം ഇന്ത്യയിൽ പടർന്നു പിടിച്ചു വരുന്ന കാലം. ഞാൻ അന്ന് ആറാം ക്ലാസിൽ പഠിക്കുന്നു. ഹരിപ്പാട് ബോയ്സ് ഹൈ സ്കൂളാണ് രംഗം. അവിടെയും വന്നു ക്രിക്കറ്റ്. വല്യ വല്യ ചേട്ടന്മാർ എല്ലാം ബാറ്റും ബാളും സ്റ്റമ്പും എല്ലാം ആയി ആഘോഷത്തോടു കൂടി കളി പഠിക്കാൻ തുടങ്ങി.

അന്ന്  രണ്ടുനിലക്കെട്ടിടം ഒരെണ്ണമെ ഉള്ളു.

അതിനു പിന്നില് ഒരു ഷെഡ് ഉണ്ട് പ്രൈമറിക്കാർക്ക്.

ഇവ രണ്ടിന്റെയും ഇടയ്ക്കാണ്   കളിസ്ഥലം.

പുതിയതായി വന്ന സാധനം അല്ലെ കണ്ടുകളയാം എന്ന് ഞാനും തീരുമാനിച്ചു. ഞാൻ ഇപ്പോതന്നെ ഇത്രയെ ഉള്ളു, അപ്പോൾ അന്ന് എത്ര ആയിരുന്നിരിക്കും എന്നൂഹിക്കാമല്ലൊ. ഒരു മൂന്നടി പൊക്കമുള്ള അശുപ്പയ്യൻസ്

പ്രൈമറി സ്കൂൾ ഷെഡിന്റെ പടിയിൽ കുന്തിച്ചിരുന്ന് കളികാണാൻ തയ്യാറെടുത്തു.

ചേട്ടന്മാർ കാലിലൊക്കെ എന്തൊക്കെയൊ വച്ചു കെട്ടുന്നതും പാന്റിനകത്ത് എന്തോ സാധനം തിരുകി വക്കുന്നതും തലയിൽ ഹെല്മറ്റ് വക്കുന്നതും ഒക്കെ കണ്ടപ്പോൾ ഈ പൊട്ടന്മാർ എന്തൊക്കെയാ ഇക്കാണിക്കുന്നത് എന്നാലോചിക്കാതിരുന്നില്ല

ചേട്ടന്മാർ ബൗളിങ്ങും ബാറ്റിങ്ങും തകർക്കാൻ തുടങ്ങി.

ഒരു ചേട്ടൻ അടിച്ച ബാൾ വന്നെന്റെ കാല്മുട്ടിനിട്ടൊരു താങ്ങു തന്നപ്പൊഴാണ് ആ ചേട്ടന്മാർ അത്ര പൊട്ടന്മാരല്ലായിരുന്നു എന്നെനിക്ക് മനസിലായത്

ഏതായാലും അതോടു കൂടി ക്രിക്കറ്റ് കാണാൻ പോക്കും നിർത്തി

ഇപ്പൊഴാണെങ്കിൽ കളി ടി വിയിൽ മാത്രമെ കാണാവൂ എന്നാണ് സിദ്ധാന്തം.

ബുദ്ധി വരുന്ന ഓരോ വഴികളെ

Friday, September 19, 2014

സെൽഫി

ഞാൻ ഇനി മേലിൽ സെൽഫി എടുക്കില്ല. നിർത്തി. കാരണം എന്താണെന്നൊ
 ഒറ്റയ്ക്കങ്ങനെ ഇരുന്നപ്പോൾ തോന്നിയതാ എന്റെയും, ഒരു സെൽഫി എടുത്താലോ എന്ന്. ആദ്യം എടുത്ത് നോക്കിയതിൽ തലയില്ല.


അത് കാരണം ദാ രണ്ടാമതൊന്ന് എടുത്തു. ഏതാണ്ട് പന്തം കണ്ട പെരുച്ചാഴിയുടെ ഒപ്പം സുന്ദരമായ മുഖം കണ്ടപ്പോൾ ഒരു ട്രയൽ കൂടി ആകാം എന്നു വച്ചുഇതു കൂടി കണ്ടപ്പോൾ കാര്യം മനസിലായി

പടം നന്നായിരിക്കണമെങ്കില് നമ്മൾ നന്നായിരിക്കണംTuesday, September 09, 2014

സ്റ്റിക്കറിന്റെ ഉപയോഗം

ആപ്പിളിന്റെ മുകളിലത്തെ സ്റ്റിക്കറിന്റെ  ഉപയോഗം ഇപ്പൊഴല്ലെ മനസിലായത്.
ഇവന്മാർ എന്താണാവൊ ഇതിനകത്ത് കുത്തിവച്ചിരിക്കുന്നത്

Monday, September 08, 2014

എറണാകുളത്ത് ശങ്കരാഭരണം സിനിമ വന്ന കാലം.

വിദ്യാഭ്യാസകാലത്തെ അനുഭവങ്ങൾ വിവരിക്കാൻ തുടങ്ങിയാൽ അന്തം ഉണ്ടാകുമൊകുസൃതിയുംതല്ലുകൊള്ളിത്തരവുംകൊനഷ്ടും എല്ലാം തിങ്ങി നിറഞ്ഞ കാലമല്ലെ അത്?

എല്ലാവർക്കും ഉണ്ടാകും അല്ലെ ഒരുപാടൊരുപാട് കഥകൾ

29 വയസു വരെ പല പല സ്ഥാപനങ്ങളിലായി വിദ്യാർത്ഥിയായിരുന്നതിനാൽ എനിക്കുള്ള അനുഭവങ്ങൾ അനന്തം എന്ന് തന്നെ പറയാം

ആദ്യമായി എറണാകുളത്ത്  ശങ്കരാഭരണം സിനിമ വന്ന കാലം. അനാട്ടമിയിലെ ഗൗരവക്കാരൻ സാർ അത് കണ്ടിട്ട് ഞങ്ങളോടു പറഞ്ഞു. നല്ല സിനിമ. പോയിക്കാണണം. അനാട്ടമി ഹാളിൽ എത്തിക്കഴിഞ്ഞാൽ മുഖത്ത് കടന്നൽ കുത്തിയതു പോലെ ഉള്ള ഭാവവുമായി ഇരിക്കുന്ന സാറിന്റെ വായിൽ നിന്നും വീണ  വാക്കുകൾ ആദ്യം വിശ്വസിക്കാൻ പറ്റിയില്ല. സാറിന് ഇങ്ങനെയും  വർത്തമാനം പറയാൻ അറിയാമൊ എന്നായിപ്പോയി ആദ്യത്തെ സംസയം

അത് പിന്നെ പറയാനെന്തിരിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ ടികറ്റുകൾ ബുക്ക് ചെയ്യുന്നുദിവസം തീരുമാനിക്കുന്നുബസ് അറെഞ്ജ് ചെയ്യുന്നു. ഒക്കെ റെഡി. അടൂത്ത ശനിയാഴ്ച എറണാകുളത്തേക്ക്. സാറും അകമ്പടി വരും.

അന്നൊരു ദിവസം മുഴുവൻ പരിപാടികളാക്കാനും തീരുമാനം ആയി. കോളേജിൽ ഒരു ആർട്ട്സ് മുറി ഉണ്ട്. അത്യാവശ്യം ഉപകരണങ്ങൾ ഒക്കെ ഉണ്ട്. ഞങ്ങൾ ചിലർ അവിടത്തെ സന്തതസഹചാരികൾ ആണ്. അങ്ങനെ അന്നും രാത്രി ഊണും കഴിഞ്ഞ്  ഞങ്ങൾ മൂന്നു പേർ അതിനകത്ത് കയറി സംഗീതപരിശീലനം നടത്തിക്കൊണ്ടിരിക്കുന്നു. ഏകദെശം രാത്രി പതിനൊന്ന് മണീ ആയിക്കാണും കോളേജിന്റെ പിന്വശത്ത് നിന്ന് ഒരു ബഹളം.

പ്രധാന ലേഡീസ് ഹോസ്റ്റൽ കോളേജിനു പിന്നിലാണ്. ഞങ്ങൾ ഇരിക്കുന്ന മുറിക്ക് നേരെ പിന്വശം. ജനാല വഴി നോക്കിയപ്പോൾ  ഹോസ്റ്റലിനു മുന്നിൽ ആൾബഹളം കാണുന്നു. 

ഞങ്ങൾ മൂന്നാളും ഓടി അവിടെയെത്തി. ഹോസ്റ്റലിന്റെ ഓഫീസ് മുറിയ്ക്കുള്ളിൽ നിന്നും കറുത്ത പുകച്ചുരുളുകൾ. ഓഫീസ് പൂട്ടിയിരിക്കുകയാണ്.

ഞങ്ങൾ പെട്ടെന്ന് തന്നെ കർമ്മനിരതരായി. താഴിന്റെ താക്കോൽ ഇല്ല. തല്ലിപ്പൊളിക്കാൻ എന്തെങ്കിലും കൊണ്ടുവരാൻ പറയേണ്ടിവന്നില്ല അപ്പൊഴെ പിള്ളേർ വാക്കത്തിയും ഒക്കെയായി റെഡിയാണ്. താഴ് കോർത്തിരുന്ന ഓടാമ്പൽ തല്ലിപ്പൊളിച്ചു. പതിയെ വാതിൽ അല്പം തുറന്നു. ഓഫീസിനകത്ത് കടലാസുകൾ , ഫയലുകൾ ഒക്കെ ധാരാളം ഉണ്ട്. പെട്ടെന്ന് വായുകടന്നാൽ ഒക്കെ കൂടി തീ ആളിക്കത്തും എന്നറിയാവുന്നത് കൊണ്ട് അല്പം തുറന്ന വിടവിൽ കൂടി അകം വീക്ഷിച്ചു.

കാര്യം അത് തന്നെ വയറുകൾ ഒക്കെ മിന്നി മിന്നി കത്തുകയാണ്. പ്ലാസ്റ്റിക് ഉരുകിയ നാറ്റം. അപ്പോൽ പ്രശ്നം കരണ്ടാണ്. മെയിൻ സ്വിച്ച് എവിടെയാണ്?

അത് ഓഫീസിനകത്താണ്.

റ്റോർച്ചടിച്ച് കൊണ്ട് ഒരുത്തി പറഞ്ഞു.
മെല്ലെ അകത്തേക്ക് ഒരു കാൽ വക്കാൻ തുടങ്ങിയ എന്നെ  ഒന്നു രണ്ടുപെൺകുട്ടികൾ പിന്നിൽ നിന്ന് വട്ടം പിടിച്ചു. വിലക്കി 
വേണ്ട ഉള്ളിലേക്ക് കയറണ്ടാ

ഇപ്പൊ കയറും എന്ന് ഭാവത്തിൽ ഞാൻ മുന്നോട്ട്.

അകത്തേക്ക് പോകണ്ടാ എന്ന് കെട്ടിപിടുത്തം മുറുക്കി കൊണ്ട് പിള്ളേർ

പിള്ളേർ സ്നേഹപൂർവ്വം  ആലിംഗനം ചെയ്ത് നിൽക്കുന്നിടത്ത് നിന്നും വിടുവിച്ചു പോകാൻ തോന്നുമോ?  പക്ഷെ പോകാൻ ശ്രമിച്ചില്ലെങ്കിൽ ഇവർ  പിടിവിട്ടുകളയുമൊആകെ കൺഫ്യൂഷൻ   

അല്പസമയം കൊണ്ട് മെയിൻ സ്വിച്ച് എവിടെയാണെന്ന് കാണാൻ പറ്റി. കട്ടപുകയല്ലെ. ഇനി താഴെയെങ്ങാനും വല്ല വയറും വീണുകിടപ്പുണ്ടൊ എന്നും അറിയില്ല.

അതും ഉറപ്പാക്കിയിട്ട് കൂട്ടത്തിൽ നിന്ന ഒരുത്തിയുടെ തോളിൽ കിടന്ന ചുന്നി എടുത്ത് പിരിച്ച് കയറുപോലെയാക്കി മെയിൻ സ്വിച്ചിന്റെ ഹാൻഡിലിലേക്ക് എറിഞ്ഞു ഹുക്ക് ചെയ്ത് വലിച്ച് അത് ഓഫാക്കി.

കറണ്ടു പോയതോടു കൂടി പിന്നിൽ നിന്നുള്ള പിടുത്തം അല്പം കൂടി മുറുകിഞാൻ എങ്ങാനും അകത്തേക്ക് പോയി അപകടപ്പെടാതിരിക്കാനായിരുന്നു കേട്ടൊ. 
അല്ലാതെ 

തുടർന്ന് ബക്കറ്റിൽ വെള്ളം കൊണ്ടുവന്ന് ഒഴിക്കലും തീകെടുത്തലും എല്ലാം കഴിഞ്ഞപ്പോഴേക്കും ഫയർ ഫോഴ്സ് എത്തി 
എവിടെ തീയ്?

അവർക്ക് കെടുത്താൻ തീ ബാക്കി ഇല്ലാതിരുന്നിട്ടും പോകാൻ മനസില്ലാതെ അവർ അവിടെ നിന്ന് കറങ്ങി.

കുറച്ച് നേരം കൂടി താമസിച്ച് മെയിൻ സ്വിച്ച് ഓഫാക്കിയാൽ മതിയായിരുന്നു എന്ന് വിചാരിച്ച് ഞങ്ങളും മടങ്ങി. പക്ഷെ എന്നെ രക്ഷിക്കാൻ ആരായിരുന്നു വട്ടം പിടിച്ചതെന്ന് അന്നേരം കാണാൻ ഒത്തില്ല. അതുകാരണം ഒരു നന്ദി പോലും പറയാതെ പോരേണ്ടി വന്നു കഷ്ടം.

അങ്ങനെ അങ്ങനെ ശനിയാഴ്ച്ച എത്തി.

കാലത്ത് തന്നെ എല്ലാവരും കൂടി ആഘൊഷമായി എറണാകുളത്തേക്ക്.  ബോസ് പാർക്കിൽ ഒത്ത് കൂടി. രാം മോഹൻ സാർ പറഞ്ഞു. നമുക്കൊരു കാര്യം ചെയ്യാം എല്ലാവരും ഓരോ കഥ പറയാംഅല്ല ഇനി വേറെ എന്തെങ്കിലും കലാപരിപാടി ഉണ്ടെങ്കിൽ അതും ആകാം.

സാർ തന്നെ ആദ്യത്തെ കഥ പറഞ്ഞു. പിന്നീട് ഞങ്ങളൊടായി.

 കാലത്ത് മറ്റൊരു സംഭവം നടന്നിരുന്നു.  രാം മോഹൻ സർ ആദ്യം അനാട്ടമിയിൽ ആയിരുന്നു. ഇടയ്ക്ക് കുറച്ചുനാൾ സർജറിയിൽ പോയി. പിന്നീട് വീണ്ടും അനാട്ടമിയിൽ തന്നെ വന്നു.

 അനാട്ടമിയുടെ ഒരു പ്രത്യേകത --

വിദ്യാർത്ഥികൾ ശരീരശാസ്ത്രം പഠിക്കാൻ വേണ്ടി ശവശരീരം കീറി മുറിച്ച് ഓരോരൊ ഭാഗങ്ങൾ പഠിക്കുന്നു. ഏതെങ്കിലും ഒരു ഭാഗത്തെ ഒരു രക്തക്കുഴലോഞരമ്പൊ കണ്ടാൽ അതിന്റെ ഗതിഅതിന്റെ ശാഖകൾ ഇങ്ങനെ അതിനെ കുറിച്ചുള്ള വിശദാംശങ്ങൾ പഠിക്കാൻ വേണ്ടി അതിനെ മാത്രം മറ്റുള്ളവയിൽ നിന്നും വേർപെടുത്തി എടുക്കുന്നു. അന്നത്തെ ക്ലാസ് കഴിയുമ്പോഴേക്കുംഅത് ഉണങ്ങി പോകാതിരിക്കുവാൻ വേണ്ടി ഗ്ലിസറിൻ മുക്കിയ പഞ്ഞി വച്ച് മൂടി പാക്ക് ചെയ്ത് വക്കും. 
പക്ഷെ സർജറി അതല്ലല്ലൊ. കേടുള്ള ഏതെങ്കിലും ശരീരഭാഗം മാത്രം ശരിയാക്കിയിട്ട് മറ്റുള്ളവയ്ക്കൊന്നും ഒരു തകരാറും വരുത്താതെ അവസാനം തുന്നിക്കൂട്ടി വയ്ക്കുന്നു.

വിദ്യാർത്ഥികൾ അല്ലെ വർഗ്ഗം. കൊടുത്ത കൈക്കല്ലെ ആദ്യം കടിക്കൂ.

കഥകൾ മെനയുന്നതിൽ വിദഗ്ദ്ധരായ ഞങ്ങൾ കഥ പറഞ്ഞു തുടങ്ങി

"പണ്ട് പണ്ട് ആലപ്പുഴ മെഡിക്കൽ കോളേജിൽ അനാട്ടമി വിഭാഗത്തിൽ ഒരു സാർ ഉണ്ടായിരുന്നു. അദ്ദേഹത്തിന്  സർജറിവിഭാഗത്തിലേക്ക് മാറ്റം വേണം എന്ന് വാശിപിടിച്ച് പിടിച്ച്അവസാനം അദ്ദേഹത്തെ സർജറിയിലേക്ക് മാറ്റി. 
ഒരു ദിവസം സർജറി പ്രൊഫസർ ഓപറേഷൻ ചെയ്തു കൊണ്ടിരുന്നപ്പോൽ അസിസ്റ്റ് ചെയ്യുന്നത് ഇദ്ദേഹം. പ്രൊഫസർക്ക് പെട്ടെന്ന് എന്തോ ആവശ്യത്തിന് പോകേണ്ടി വന്നപ്പോൾബാക്കി ചെയ്യാൻ ഇദ്ദേഹത്തെ ഏല്പിച്ചിട്ടു പോയി.
ഇദ്ദേഹമോ?

പഴയ അനാട്ടമി അല്ലെ?

ആദ്യം കിട്ടിയ ഞരമ്പിനെ തെളിച്ച് തെളിച്ച്  നട്ടെല്ല് വരെ എത്തിച്ചു. സമയം ഒരു മണി എന്ന് കണ്ടു. പെട്ടെന്ന് ഗ്ലിസറിൻ കൊണ്ട്വന്ന് പഞ്ഞിയിൽ മുക്കി പാക്ക് ചെയ്തു. ശേഷം പ്രൊഫസറെ വിളിച്ചു വിവരവും പറഞ്ഞു.
അതോടു കൂടി ദാ വീണ്ടും അദ്ദേഹം അനാട്ടമിയിൽ തന്നെ തിരിച്ചെത്തി" 

കഥ തീർന്നതും അദ്ദേഹത്തിന്റെ വക ഒരു ഉഗ്രൻ പൊട്ടിച്ചിരി "എടാ ഭയങ്കരന്മാരെ ഇത്ര പെട്ടെന്ന് രാം മോഹൻ പുരാണവും ഉണ്ടാക്കിയൊ?"

പിന്നെയും പലപല കഥകളും  പാട്ടും കൂത്തും ഒക്കെ കഴിഞ്ഞ് സിനിമയും കണ്ട് മടങ്ങിയെത്തിയതോടു കൂടി  ലക്കം പൂർണ്ണം