Friday, February 23, 2018

ആശാരിമുറ്റത്ത് പ്രാവഞ്ച് മുട്ട

രാമായണം മഹാഭാരതം തുടങ്ങിയവ ഒഴിച്ചൽ കുഞ്ഞുന്നാളിൽ സ്ഥിരമായി കേൾക്കാൻ കിട്ടിയിരുന്ന ഒരുകഥയായിരുന്നു ആശാരിമുറ്റത്ത് പ്രാവഞ്ച് മുട്ടയിട്ടത്


നിങ്ങളും കേട്ടിട്ടുണ്ടായിരിക്കും ഇല്ലെ?
പക്ഷെ ഇന്നത്തെ കുഞ്ഞുങ്ങൾ?

അവർക്കു വേണ്ടി അക്കഥ

ഒരിക്കൽ ഒരു പ്രാവ് ആശാരിമുറ്റത്ത് അഞ്ച്ചു മുട്ടയിട്ടു. ഒരു മുട്ടതാണുപോയ്യ് ഒരു മുട്ട വീണു പോയ് ബാക്കി മുട്ട എടുത്തു തരാൻ പ്രാവ് ആശാരിച്ചിയോട് പറഞ്ഞു
ആശാരിച്ചി അനുസരിച്ചില്ല

പ്രാവു ചെന്ന് അടുത്തു കണ്ട എലിയോടു ചോദിച്ചു

“ആശാരിമുറ്റത്ത് പ്രാവഞ്ചു മുട്ടയിട്ടതിലൊന്നു താണുപോയൊരു മുട്ട വീണു പോയ് ബാക്കി മുട്ടയെടുത്തു തരാത്ത ആശാരൊച്ചിയുടെ ചേംമ്പിന്റെയും ചെറികുഴങ്ങിന്റെയും മൂടൂ മാന്താമൊ എലിയെ ? എന്ന്

എലി പറ്റില്ല എന്നു പറഞ്ഞു

പ്രാവു പിന്നെയും പോയി ഒരു പൂച്ചയെ കണ്ടു. പൂച്ചയോടു ചോദിച്ചു

”ആശാരിമുറ്റത്ത് പ്രാവഞ്ചു മുട്ടയിട്ടതിലൊന്നു താണുപോയൊരു മുട്ട വീണു പോയ് ബാക്കി മുട്ടയെടുത്തു തരാത്ത ആശാരൊച്ചിയുടെ ചേംമ്പിന്റെയും ചെറികുഴങ്ങിന്റെയും മൂടൂ മാന്താത്ത എലിയെ പിടിക്കാമൊ പൂച്ചേ ? എന്ന്

പൂച്ച പറ്റില്ല എന്നു പറഞ്ഞു

പ്രാവു പിന്നെയും പോയി ഒരു പട്ടിയെ കണ്ടു.പട്ടിയോടു ചോദിച്ചു

“ആശാരിമുറ്റത്ത് പ്രാവഞ്ചു മുട്ടയിട്ടതിലൊന്നു താണുപോയൊരു മുട്ട വീണു പോയ് ബാക്കി മുട്ടയെടുത്തു തരാത്ത ആശാരൊച്ചിയുടെ ചേംമ്പിന്റെയും ചെറികുഴങ്ങിന്റെയും മൂടൂ മാന്താത്ത എലിയെ പിടിക്കാത്ത പൂച്ചേ കടിക്കാമൊ പട്ടീ? എന്ന്

പട്ടി പറ്റില്ല എന്നു പറഞ്ഞു

പ്രാവു പിന്നെയും പോയി കുറെ പിള്ളേരെ കണ്ടു. പിള്ളേരോടു ചോദിച്ചു

“ആശാരിമുറ്റത്ത് പ്രാവഞ്ചു മുട്ടയിട്ടതിലൊന്നു താണുപോയൊരു മുട്ട വീണു പോയ് ബാക്കി മുട്ടയെടുത്തു തരാത്ത ആശാരൊച്ചിയുടെ ചേംമ്പിന്റെയും ചെറികുഴങ്ങിന്റെയും മൂടു മാന്താത്ത എലിയെ പിടിക്കാത്ത പൂച്ചേ കടിക്കാത്ത പട്ടിയെ എറിയാമൊ പിള്ളേരെ ? എന്ന്

പിള്ളേർ പറ്റില്ല എന്നു പറഞ്ഞു

പ്രാവു പിന്നെയും പോയി പിള്ളേരെ പഠിപ്പിക്കുന്ന ആശാനെ കണ്ടു. ആശാനോടു ചോദിച്ചു

”ആശാരിമുറ്റത്ത് പ്രാവഞ്ചു മുട്ടയിട്ടതിലൊന്നു താണുപോയൊരു മുട്ട വീണു പോയ് ബാക്കി മുട്ടയെടുത്തു തരാത്ത ആശാരൊച്ചിയുടെ ചേംമ്പിന്റെയും ചെറികുഴങ്ങിന്റെയും മൂടു മാന്താത്ത എലിയെ പിടിക്കാത്ത പൂച്ചേ കടിക്കാത്ത പട്ടിയെ എറിയാത്ത പിള്ളേരെ  തല്ലാമോ ആശാനെ ? എന്ന്

ആശാൻ പറ്റില്ല എന്നു പറഞ്ഞു

പ്രാവു പിന്നെയും പോയി അടുപ്പിലെ തീയെ ആശാനെ കണ്ടു. തീയോടു ചോദിച്ചു

“ആശാരിമുറ്റത്ത് പ്രാവഞ്ചു മുട്ടയിട്ടതിലൊന്നു താണുപോയൊരു മുട്ട വീണു പോയ് ബാക്കി മുട്ടയെടുത്തു തരാത്ത ആശാരൊച്ചിയുടെ ചേംമ്പിന്റെയും ചെറികുഴങ്ങിന്റെയും മൂടു മാന്താത്ത എലിയെ പിടിക്കാത്ത പൂച്ചേ കടിക്കാത്ത പട്ടിയെ എറിയാത്ത പിള്ളേരെ  തല്ലാത്ത ആശാന്റെ മീശയ്ക്കു കത്താമോ തീയെ? എന്ന്

തീയ്  പറ്റില്ല എന്നു പറഞ്ഞു

പ്രാവു പിന്നെയും പോയി കുളത്തിനോടു ചോദിച്ചു

“ആശാരിമുറ്റത്ത് പ്രാവഞ്ചു മുട്ടയിട്ടതിലൊന്നു താണുപോയൊരു മുട്ട വീണു പോയ് ബാക്കി മുട്ടയെടുത്തു തരാത്ത ആശാരൊച്ചിയുടെ ചേംമ്പിന്റെയും ചെറികുഴങ്ങിന്റെയും മൂടു മാന്താത്ത എലിയെ പിടിക്കാത്ത പൂച്ചേ കടിക്കാത്ത പട്ടിയെ എറിയാത്ത പിള്ളേരെ  തല്ലാത്ത ആശാന്റെ മീശയ്ക്കു കത്താത്ത തീയെ  കെടുത്താമോ കുളമേ ? എന്ന്

കുളം  പറ്റില്ല എന്നു പറഞ്ഞു

പ്രാവു പിന്നെയും പോയി ആനയെ കണ്ടു. ആനയോടു ചോദിച്ചു

”ആശാരിമുറ്റത്ത് പ്രാവഞ്ചു മുട്ടയിട്ടതിലൊന്നു താണുപോയൊരു മുട്ട വീണു പോയ് ബാക്കി മുട്ടയെടുത്തു തരാത്ത ആശാരൊച്ചിയുടെ ചേംമ്പിന്റെയും ചെറികുഴങ്ങിന്റെയും മൂടു മാന്താത്ത എലിയെ പിടിക്കാത്ത പൂച്ചേ കടിക്കാത്ത പട്ടിയെ എറിയാത്ത പിള്ളേരെ  തല്ലാത്ത ആശാന്റെ മീശയ്ക്കു കത്താത്ത തീയെ  കെടുത്താത്ത കുളം ചവിട്ടി കലക്കാമൊ ആനേ ? എന്ന്

ആന  പറ്റില്ല എന്നു പറഞ്ഞു

പ്രാവു പിന്നെയും പോയി കട്ടുറുമ്പിനെ കണ്ടു.  കട്ടുറുമ്പിനോടു ചോദിച്ചു

“ആശാരിമുറ്റത്ത് പ്രാവഞ്ചു മുട്ടയിട്ടതിലൊന്നു താണുപോയൊരു മുട്ട വീണു പോയ് ബാക്കി മുട്ടയെടുത്തു തരാത്ത ആശാരൊച്ചിയുടെ ചേംമ്പിന്റെയും ചെറികുഴങ്ങിന്റെയും മൂടു മാന്താത്ത എലിയെ പിടിക്കാത്ത പൂച്ചേ കടിക്കാത്ത പട്ടിയെ എറിയാത്ത പിള്ളേരെ  തല്ലാത്ത ആശാന്റെ മീശയ്ക്കു കത്താത്ത തീയെ  കെടുത്താത്ത കുളം ചവിട്ടി കലക്കാത്ത ആനേടെ മൂക്കിൽ കയറി കടീക്കാമൊ  കട്ടുറുമ്പേ? എന്ന്

ഹഹ അതിനെതാ  എന്നു പറഞ്ഞു  കട്ടുറുമ്പ്  പോയി ആനയുടെ തുമ്പിക്കയ്യിൽ കയറി ഒരു കടി.

ആന ഓടി ചെന്ന് കുളം കലക്കി
കുളം ചെന്ന് അടുപ്പിൽ കയറി
അടുപ്പിലെ തീ ചെന്ന് ആശാന്റെ മീശയ്ക്ക് പിടിച്ചു
ആശാൻ വടി എടൂത്ത് പിള്ളേരെ  തല്ലി
പിള്ളേർ  കല്ലെടുത്ത് പട്ടിയെ എറിഞ്ഞു
പട്ടി പോയി പൂച്കെ ഓടിച്ചു
പൂച്ച എലിയേ പിടിക്കാൻ പോയി

എലി പോയി ചേമ്പിന്റെയും ചെറുകിഴങ്ങിന്റെയും മൂടു മാന്തി
ആശാരിച്ചി മുട്ട എടുത്ത് പ്രാവിനും കൊടൂത്തു

ഇതു കൊണ്ടും തീർന്നില്ല

ഇത് കേട്ട വാശി പിന്നീട് നമ്മുടെ അടുത്ത് വന്ന എല്ലാ പിള്ളേരുടെ അടുത്തും തീർത്തിട്ടുണ്ട്. പിള്ളേർ കഥ വേണ്ടായെ എന്നു പറഞ്ഞ് പോകുന്നത് വരെ അല്ല പിന്നെ

Wednesday, February 07, 2018

വസുധൈവ കുടുംബകം

https://m.youtube.com/watch?feature=share&v=KhFcnnFRYhI

ഇത് കണ്ടപ്പോൾ കുറേ ഏറെ ചിന്തകൾ മനസിൽ വന്നു.

പണ്ട് എന്ന് വച്ചാൽ വളരെ പണ്ട്, വിദ്യ കൊടുക്കും തോറും ഏറിടുന്ന വസ്തു ആയിരുന്നു.

കൊടുക്കണം. തടയരുത്.  അത് കോപി റൈറ്റ് ആയാലും പേറ്റന്റ് ആയാലും
വസു ധൈവ കുടുംബകം ആയിരുന്നു.
എല്ലാ അറിവുകളും എല്ലാവർക്കും കിട്ടണമായിരുന്നു.

പിന്നീടതിൽ ഓരോരുത്തർ അവകാശങ്ങൾ സ്ഥാപിച്ചു തുടങ്ങി.

ഞാൻ പറഞ്ഞത് വേറെ ഒരാൾ അതുപോലെതന്നെ പറഞ്ഞാൽ കുറ്റം!!!

ഞാൻ പറഞ്ഞത് അത് കേട്ട കുറച്ച് ആൾക്കാർ മാത്രമല്ലെ കേട്ടുള്ളു
അപ്പോൾ അത് മോഷ്ടിച്ചായാലും വേറെ ഒരാൾ പകർന്നു കൊടുത്താൽ കുറച്ചേറെ ആളുകൾക്കു കൂടി അതിന്റെ ഫലം ലഭിക്കില്ലെ?

അതിൽ വിഷമം എന്തിന്?

അപ്പോൾ ഞാൻ പറഞ്ഞത് ബാക്കി ഉള്ളവരെ അറിയിക്കുക എന്നതിലപ്പുറം, എന്റെ പേർ പ്രശസ്തം ആകുക എന്ന തി നയിരുന്നു
 അല്ലെ?

ആധുനിക കാലഘട്ടത്തിൽ വിക്കിപ്പീടിയ ഉണ്ടാക്കിയതും  പ്രാചീന കാലത്തെ ആ മഹത്തായ പൈതൃകം കാത്ത് രക്ഷിക്കുവാൻ ആയിരുന്നു. അതിലും അറിവ് പകർത്തി  ഇടുന്നത് നിസ്വാർത്ഥമായി ആണ് . ആർക്കു വേണമെങ്കിലും അറിയുവാൻ. 

നമ്മളൊക്കെ ആ മനസ്ഥിതി ഉള്ളവരാകാൻ എത്ര ശ്രമിച്ചാൽ പറ്റും?
പരാദങ്ങൾ സർവലോക സുഭിക്ഷങ്ങൾ ആണ്. 
അവരുടെ പിന്നാലെ പോകുമ്പോൾ നമ്മളും കൊച്ചാവുക അല്ലെ?

Friday, February 02, 2018

തുമീ ഹോ മാതാ

https://www.facebook.com/sankaranarayana.panicker/posts/1817134364965670

വടക്കെ ഇന്ത്യൻ ഭൈരവി.

കാലത്തെ തണുപ്പത്ത് വലതും ഒക്കെ ചെയ്യാൻ ഒരു രസമാ.
കേട്ടിട്ടു തല്ലാനൊന്നും വരല്ലെ. നമ്മുടെ പണിക്കരല്ലെ എന്ന് വിചാരിച്ച് വെറൂതെ വിട്ടേക്കണം.
ഇത് വടക്കെ ഇന്ത്യൻ ഭൈരവി.
പണ്ട് കോയമ്പത്തൂർ ആയുർവേദ കോളേജിൽ ജോലി ഉള്ള കാലം. ഒരു ദിവസം കിടന്ന് ഇത് ഉച്ചത്തിൽ ഇങ്ങനെ മൂളി.
അടുത്ത മുറിയിൽ വാസുദേവൻ സാർ ആണ്.
സാറിന് സഹിച്ചില്ല സാർ ചോദിച്ചു എന്താ പണിക്കർ സാറെ കാലത്തെ തന്നെ തോഡിയിൽ കരയുന്നത് എന്ന്?
ശരിക്കും വാസുദേവൻ സർ ചോദിച്ചത് എന്തിനാ തോഡിയിൽ മോങ്ങുന്നത് എന്നാ. പിന്നെ ഞാൻ എന്റെ ഒരു സമാധാനത്തിന് കരയുന്നത് എന്നാകി എന്നെ ഉള്ളു . അല്ല രണ്ടും ഒന്നു തന്നെ അല്ലെ പിന്നെന്താ പ്രശ്നം?

Thursday, February 01, 2018

നഖപുരാണം

ഇത് അല്പം നീണ്ട ഒരു കഥ ആണ്‌. ഒപ്പം കഥ അല്ല, ഒരു പ്രഹേളിക ആണ്‌. അധുനികവൈദ്യസമ്പ്രദായത്തിലെ പല കേമന്മാരും പറയുന്നത് കേൾക്കാം ഒക്കെ ഞങ്ങൾ പഠിച്ചു കഴിഞ്ഞു. പലരുടെയും വീമ്പു കേട്ട് അറപ്പും തോന്നിയിട്ടുണ്ട്. കുറച്ച് ഇംഗ്ലീഷ് പഠിച്ചു കഴിഞ്ഞാൽ എല്ലാം ആയി എന്നു തോന്നുന്ന അനേകം ശുംഭന്മാരെ കണ്ടിട്ടും ഉണ്ട്.

നമുക്ക് ആറിയാവുന്നത് വളരെ കുറച്ചെ ഉള്ളു, അറിയാത്തതാണധികം എന്ന് ഘോഷിച്ച ഭാരതീയ പൂർവികരെ ഓർക്കാൻ ഒരു വിശിഷ്ട കാരണം കൂടി ഇത് എനിക്ക് തരുന്നു.

അപ്പൊ പറഞ്ഞു വന്നത് എന്റെ വിരലുകളിലെ നഖങ്ങളുടെ കഥയാണു ഞാൻ പറയാൻ പോകുന്നത് എന്ന്.

അതിനെന്താ ഇത്ര പ്രത്യേകത എന്നു ചോദിച്ചാൽ ? പ്രത്യേകതയെ ഉള്ളു. ഒരു ജീവിതകാലം കൊണ്ടും മനസിലാക്കി തീരാത്ത പ്രത്യേകത.

അതായത് ഒരു ദിവസം ഞാൻ കളപ്പുരക്കൽ - അതായത് എന്റെ കുഞ്ഞമ്മയുടെ താമസസ്ഥലം, ഞങ്ങളുടെ അമ്മവീട്. അവിടെ നില്ക്കുമ്പോൾ, ചിറ്റപ്പന്റെ അനന്തിരവൻ അവിടെ വന്നു. അദ്ദേഹം അന്ന് MBBS കഴിഞ്ഞ് കുറച്ചു കാലം ജോലിയും ചെയ്ത് ശേഷം ഹരിപാട്ട് തന്നെ RK  Hospital തുടങ്ങിയ സമയം.

എന്നെ കൈപിടിച്ചു കുലുക്കിയ  പുള്ളീക്കാരൻ പെട്ടെന്ന് എന്റെ നഖങ്ങൾ പരിശോധിക്കാൻ തുടങ്ങി. നഖം നോക്കുന്നു, കണ്ണു നോക്കുന്നു, നാഡി പിടിക്കുന്നു. കുറേ ഏറെ ചോദ്യങ്ങളും.

അപ്പോഴാണു ഞാൻ എന്റെ നഖം ശ്രദ്ധിക്കുന്നത്.


ഇതെന്താ നിന്റെ നഖം ഇത്ര വെളുത്തിരിക്കുന്നത്?

ഞാൻ അപ്പോഴാണു കാണുന്നത് തന്നെ. എന്റെ രണ്ടു കയ്യിലെയും ചൂണ്ടുവിരൽ, നടൂവിരൽ എന്നിവയിലെ നഖങ്ങൾ മുഴുവൻ നല്ല വെള്ളകടലാസു പോലെ.


പണ്ട് അവ അങ്ങിനെ ആയിരുന്നില്ല എന്നെനിക്കറിയാം, കാരണം ചേച്ചി നഖം വൃത്തിയാക്കുന്നത് കണ്ട് ഞാനും അതുപോലെ ഒക്കെ ആക്കാൻ നോക്കിയിരുന്നു. അതു കൊണ്ട് അവ ആദ്യം ചുവപ്പായിരുന്നു എന്നോർമ്മയുണ്ട്, പക്ഷെ പിന്നെ എപ്പോൾ ഇങ്ങനെ ആയി എന്നെനിക്കറിയില്ല.

ചോദ്യോത്തരം എല്ലാം കഴിഞ്ഞു പുള്ളി ചിറ്റപ്പനോടു പറഞ്ഞു ഇവന്റെ രക്തം പരിശോധിക്കണം. കൊണ്ടുപോയി രക്തം പരിശോധിച്ചു, എന്നെയും പരിശോധിച്ചു. കുഴപ്പം ഒന്നും ഇല്ല

എന്നാൽ Calcium കുറവായിരിക്കും. എന്നു പറഞ്ഞ് Ostocalcium ഗുളിക കഴിക്കാൻ പറഞ്ഞു.

കുറെ കഴിച്ചിട്ടും നഖം പഴയതു പോലെ. എനിക്കാണെങ്കിൽ വേറെ കുഴപ്പവും ഒന്നും ഇല്ല.
ചിറ്റപ്പൻ പറഞ്ഞു- നമുക്ക് ഈ ഇംഗ്ലീഷ് ഗുളിക നിർത്താം. പിന്നെ ആയുർവേദരീതിയിൽ ചുണ്ണാമ്പിന്റെ പ്രയോഗം ആയി. കുറെ കഴിഞ്ഞ് അതും ഞാൻ തന്നെ നിർത്തി.

നഖം പൂർവാധികം ഭംഗിയായി നല്ല വെളുവെളെ.

അങ്ങനെ ഇരിക്കെ ആണ്‌ ആയുർവേദ കോളേജിൽ പഠിക്കുവാൻ ചേരുന്നത്.

എന്നാൽ പിന്നെ വിദഗ്ധചികിൽസ ആട്ടെ എന്ന് വച്ച് മൂസ്മാഷെ കാണിച്ചു.
അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ശംഖഭസ്മം തേനിലും മറ്റും കഴിച്ചു
എന്തിനു പറയുന്നു, ചികിൽസിച്ച് ചികിൽസിച്ച് ഒരു തള്ളവിരലിലെ നഖം കൂടീ വെളുത്തു.

അതോടു കൂടീ തല്ക്കാലം ഞാൻ ചികിൽസ നിർത്തി.

പിന്നീട് കുറെ കഴിഞ്ഞാണല്ലൊ MBBS നു ചേരുന്നത്

അപ്പോഴത്തെ വിചാരം MBBS എന്നു വച്ചാൽ ഇങ്ങനെ എല്ലാ വിവരങ്ങളും അടൂക്കി വച്ചിരിക്കുകയാണ്‌. ഏതാ വേണ്ടെ ന്ന് വച്ചാൽ അലമാരി തുറന്നെടുക്കുന്നതു പോലെ ഇങ്ങെടുത്താൽ മതി എന്നാണല്ലൊ.

Pathology Professor Gracy Madam ന്റടുത്ത് ചെന്നു.

കൈ ഉം നഖവും കാണിച്ചു. മാം വളരെ വിശദമായി നോക്കി. കഥകളും കേട്ടു കഴിഞ്ഞപ്പോൾ വേണമെങ്കിൽ ഒരു Biopsy നോക്കാം എന്നു പറഞ്ഞു
വേണമെങ്കിൽ അല്ല വേണം തന്നെ. ഞാൻ റെഡി ആയി

Result വന്നു Parakeratosis

എന്നു വച്ചാൽ നഖത്തിന്റെ Epithelial cells പൂർണ്ണവളർച്ച എത്തുന്നില്ല. അതുകൊണ്ട് മുകളിൽ കാണുന്നവ പൂർണ്ണവളർച്ച ഉള്ളവയല്ല.

അതിനെന്ത് ചെയ്യാൻ പറ്റും ?



ഞാൻ പറഞ്ഞു ഇതു വരെ അതറിയില്ലെനിൽ എന്നെ പരിശോധിക്കൂ. എന്താണെന്ന് നമുക്കു പഠിക്കാമല്ലൊ.

Madam became furious. You want to become a guinea pig?  No way. You just forget it and go to class

ഞാൻ കുറെ പറഞ്ഞു നോക്കി. പുതിയ ഒരു വിജ്ഞാനം എന്നെ പഠിച്ച് മനസിലാക്കാം എങ്കിൽ നല്ലതല്ലെ എന്നായിരുന്നു എന്റെ വിചാരം. പക്ഷെ മാം സമ്മതിച്ചില്ല.

പിന്നീട് ഞാനും നഖവും ഒരു സൗഹൃദത്തിൽ അങ്ങനെ പൊയ്ക്കൊണ്ടിരുന്നു.

കുറ്റം പറയരുതല്ലൊ. ഈ നഖം എന്നെ ഒരുപാടു തവണ സാറന്മാരുടെ വഴക്കിൽ നിന്നും രക്ഷിച്ചിട്ടുണ്ട്.

അക്കഥ ഇങ്ങനെ.

ഞാൻ ഹരിപ്പാട്ടു നിന്നും  ആലപ്പുഴ വരെ പോയി വന്നു കൊണ്ടിരുന്ന കാലം. Students Only ബസ്സിൽ കയറിപറ്റിയാൽ സമയത്ത് എത്താനൊക്കും, അല്ലാത്താ ദിവസം അല്പം താമസിക്കും.

Medicine Professor Sarma സാറിന്റെ  അടുത്താണ്‌ എന്റെ Clinics താമസിച്ചു വരുന്ന ദിവസം സാർ ഒരു ചോദ്യോത്തരപംക്തി ഉണ്ട്. മേശയ്ക്കപ്പുറവും ഇപ്പുറവും ഇരുന്ന്.

ഞാൻ നേരെ കയ്യുടെ നഖങ്ങൾ എല്ലാ കാണത്തക്കവൺനം മേശപ്പുറത്ത് കൈ വച്ച് അനക്കി കൊണ്ടിരിക്കും.

ഈ ഡോക്റ്റർമാർക്ക് ഒരു സ്വഭാവം ഉണ്ട്  അസ്വാഭാവികമായ എന്തെങ്കിലും ഒരു കാര്യം കണ്ടാൽ പെട്ടെന്നവരുടെ ശ്രദ്ധ അങ്ങോട്ടാകും.

ഈ നഖം കാണുന്നതും സാറിന്റെ കണ്ണുകൾ അതിലുടക്കും.

Hey What happened to your nails?"

സംഗതി ഞാൻ രക്ഷപ്പെട്ടു.

ഞാൻ രണ്ടു കയ്യും നിവർത്തി അങ്ങു വച്ചു കൊടുക്കും.

പിന്നെ സാറിന്റെ വക ചോദ്യോത്തരം അതിലായി.

ഞാൻ കഥ പറഞ്ഞു തുടങ്ങും പണ്ടുപണ്ടൊരു കാലത്ത് രണ്ടു കയ്യിലെയും രണ്ടു നഖങ്ങൾ വെളുത്തതായിരുന്നു.

You mean symmetrical?

അതെ സർ

You mean to commit that you are having hepatolenticular degeneration?

അതെനിക്കറിയില്ല സർ

എന്തിനു പറയുന്നു. സാറിനും ഇതിൽ ഒന്നും ചെയ്യാനൊന്നും ഇല്ല എന്നു എനിക്കും സാറിനും മനസിലായി.

പിന്നീട് എപ്പോൾ കണ്ടാലും ഞാൻ സർനോടു ചോദിക്കും സാർ എന്റെ നഖം?

സാർ എന്നെ ഒഴിവാക്കി തുടങ്ങി
എങ്ങനെ എങ്കിലും ഈ പഹയൻ ക്ലാസിൽ വരാതിരുന്നാലും മതി എന്നു വിചാരിച്ചിട്ടുണ്ടാകും ആർക്കറിയാം അല്ലെ?

അതുപോലെ വേറെയും ചിലരെ ഒതുക്കാൻ എന്നെ ഈ നഖങ്ങൾ വളരെ സഹായിച്ചിരുന്നു.  ഇതിനിടയ്ക്ക് തന്നെ ഇടത് കയ്യിലെ തള്ളവിരലിലെ നഖവും വെളുത്തു കിട്ടി.

പിന്നീടും കാലം കുറെ കഴിഞ്ഞു.

എന്റെ അമ്മയുടെ ഷഷ്ടിപൂർത്തി ദിവസം.

ആയാപറമ്പ് ചാങ്ങയിൽ കിഴക്കേതിൽ - അവിടെ ആണ്‌ ഞാൻ ജനിച്ഛു വളർന്നത്. ഇപ്പോൾ അവിടെ വല്യേട്ടൻ താമസിക്കുന്നു. അവിടെ വച്ചാണ്‌ ഷഷ്ടിപൂർത്തി.

ഞങ്ങളൊക്കെ തലെദിവസം എത്തി.

അപ്പോഴാണ്‌ കാണുന്നത് കക്കൂസിന്റെ കതക് ഒടിഞ്ഞു തൂങ്ങി പോയി. അത് ശരിയാക്കണം

ഞാൻ പോയി ഹരിപ്പാട്ടു നിന്നും പാട്ട വാങ്ങി വന്നു. ഞങ്ങളുടെ ഒക്കെ വീട്ടിൽ എപ്പോഴും പണീസാധനങ്ങൾ എല്ലാം കാണും

ചില്ലറ തടിക്കഷണം ഒക്കെ വെട്ടിക്കൂട്ടി ആ പാട്ട അട്ച്ച് വാതിലുണ്ടാക്കി. അത് ഫിറ്റ് ചെയ്തു

പക്ഷെ നമ്മൾ സാധാരന ചെയ്യാറില്ലാത്ത പണീ ആയത് കൊണ്ട് ചുറ്റിക കൊണ്ടുള്ള വീക്ക് പല വിരലുകളിലും ഒക്കെ കൊണ്ടു.

അതിൽ ഒന്ന് വലത്തെ തള്ളവിരലിൽ- നഖത്തിന്റെ മൂട് കറുത്ത് കരുവാളിച്ചു (പറഞ്ഞില്ലല്ലൊ എനിക്ക് രണ്ടു കൈ കൊണ്ടു ചുറ്റിക അടിക്കാൻ പറ്റും - പക്ഷെ ഇങ്ങനൊക്കെ ഇരിക്കും എന്നെ ഉള്ളു)

ഇടത് കയ്യിലെ തള്ളവിരലിലും അതെ പോലെ തന്നെ അടികിട്ടി, അതും അപ്രകാരം തന്നെ കരുവാളിച്ചു.

മൂന്നാമത്തെ അടീ ഇടത് കയ്യിലെ നടൂവിരലിന്റെ നഖത്തിൽ പക്ഷെ അത് കോണീച്ചുള്ള ഒരടി ആയിരുന്നു. ഒരു അല്പം കരുവാളിപ്പ് അവിടെയും ഉണ്ടായി.


പക്ഷെ രസം അതല്ല. ഈ കരുവാളിപ്പ് മാറിമാറി മുന്നിലേക്ക് പോവിലെ?. അങ്ങനെ പോയി പോയി അവസാനം വന്നപ്പോൾ തള്ള്വിരലിലെ രണ്ടു നഖങ്ങളും സാധാരന നിറം ആയി.

നടൂവിരലിൽ കരുവാളിപ്പു മാറി ആദ്യം അവിടെ ഒരു ഇളം പച്ച നിറം വന്നു, അത് മുന്നിലേക്കുപോയി പോയി മറഞ്ഞു, നഖം പിന്നെയും വെളുപ്പ് തന്നെ.

ചുറ്റികയ്ക്ക് അടി കിട്ടിയാൽ നഖം ചുവക്കും എന്ന അറിവു കിട്ടിയ ഞാൻ ച്ചുറ്റിക കയ്യിൽ എടുത്തു പലാതവണ, പക്ഷെ അടിക്കാനുള്ള ചങ്കുറപ്പ് ഇല്ല. അതു കൊണ്ട് ഒരു വലിയ അടിക്ക്  പകരം 25 ചെറിയ അടി ആയാലും പറ്റുമായിരിക്കും എന്നു വിചാരിച്ച് പല തവണ ചെയ്തു നോക്കി.

ഒരു ഫലവും ഇല്ല.

അങ്ങനെ കാലം പോയി അമ്മ 94 ആമത്തെ വയസിൽ സ്വർഗ്ഗവാസിനി ആയി. അതും കഴിഞ്ഞ് കൊല്ലങ്ങൾ ആയി.

ദാ ഇപ്പോൾ നോക്കുമ്പോൾ നഖങ്ങളുടെ ഓരോ വശത്ത് നിന്നും ചുവന്നു വരുന്നു. എന്നാൽ ഇത് എല്ലാവരുമായും ഒന്ന് പങ്ക് വയ്ക്കാം എന്നു കരുതി അത്രെ ഉള്ളൂ സിമ്പിൾ











മൊത്തം ചുവന്നു കഴിഞ്ഞിട്ട് മൊത്തം പടം ഇടാം ട്ടൊ