Sunday, November 24, 2013

അമളിപുരാണം കോളെജിൽ തുടർച്ച


അമളികൾ ഇങ്ങനെ പറ്റിക്കൊണ്ടെ ഇരിക്കും. അത് ഒരതിശയം ഒന്നും അല്ല. ആണൊ?

ഞാൻ മുൻപ് ഒരിക്കൽഒരു ബംഗാളി സഹപാഠിയുടെ അടുത്ത് ബംഗാളി ഭാഷയിൽ  "ഗുഡ് മോണിംഗ്" പറഞ്ഞത് അറിയാമല്ലൊ അല്ലെ?

കേരളത്തിലെ മെഡിക്കൽ കോളെജുകളിൽ  ലോകത്തു നിന്നു തന്നെ ഉള്ള പല പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾ പഠിക്കാനെത്തും

ഇവന്മാരുടെ ഒന്നും ഭാഷ നമുക്കറിയാതെ പോയത് നമ്മുടെ കുറ്റം ആണോ?

അല്ല വെറുതെ വലിച്ച് നീട്ടുന്നില്ല

ഹ ഹ എനിക്കറിയാം  നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത് "എന്തിനാ പൊട്ടാ വലിച്ചു നീട്ടുന്നത് പറ്റുന്നത് ഏതായാലും അമളി അല്ലെ ഉള്ളൂ. അതിങ്ങ് നേരെ പറഞ്ഞാൽ പോരെ?"

സൊ അതിങ്ങ് ദാ നേരെ വരുന്നു

എന്റെ ഒരു സഹപാഠി "ആൻധ്ധ്ര" ( ഹൊ ഈ സാധനം ഒന്നെഴുതാൻ എന്ത് പ്രയാസം !!!) "ആംധ്ധ്ര" ഒന്നും സമ്മതിക്കുന്നില്ല "ആന്ധ്ര" ഹൊ ഇപ്പൊ ശരി ആയി

ങ്ഹാ അവിടത്ത്കാരൻ ഉത്തപ്പറാവു- തെലുങ്കൻ

ഞങ്ങൾ നല്ലസുഹൃത്തുക്കൾ

പക്ഷെ അപകടം അവിടെ അല്ല

ഞങ്ങൾക്ക് സീനിയർ ആയ പലരും ഇതുപോലെ പല ദേശക്കാർ ആണ്

ഉച്ചയ്ക്ക് ലഞ്ചിന് വരുന്ന സമയത്ത്  പലരെയും നേരിടെണ്ടി വരും

അതുകൊണ്ട് ഞാൻ ഉത്തപ്പയോട് ചോദിച്ചു "എടെ നിങ്ങൾ തെലുങ്കിൽ എങ്ങനെ ആണ് വിഷ് ചെയ്യുന്നത്"

ഞാൻ ദിവസവും വീട്ടിൽ നിന്നും  പോക്കുവരവായത് കൊണ്ട് ലഞ്ചിനു മാത്രമെ ഇവരുമായി സഹവാസം ഉള്ളു

ഉത്തപ്പ എനിക്ക് ലഞ്ചിനു വരുന്ന തെലുങ്കനെ അഭിവാദ്യം ചെയ്യേണ്ട വാചകം പഠിപ്പിച്ചു തന്നു

ഞാൻ അത് ഉരുവിട്ട് കാണാപ്പാഠം ആക്കി


റാഗിംഗ് ഒക്കെ ഉള്ള കാലം അല്ലെ - മൂത്തവരെ സന്തോഷിപ്പിച്ചു നിർത്തേണ്ടത് നമ്മുടെ ആവശ്യം

അങ്ങനെ അടുത്ത ദിവസം ഉച്ചക്ക് ഊണിൻ ഹോസ്റ്റലിലെ മെസ്സിൽ ഇരിക്കുന്നു

image courtesy google

അടുത്തേക്ക് സീനിയർ ആയ ഗോവിന്ദറാവു വരുന്നു - പഹയൻ വല്ലാത്ത ശല്യക്കാരൻ  ഒന്ന് പ്രീതിപ്പെടൂത്തിയേക്കാം എന്ന് കരുതി ഞാൻ തലേന്ന് പഠിച്ച പാഠം ഉരുവിട്ടു

"ഏന്റ്രേ ലഞ്ജ കൊഡക്കാ"

 ലഞ്ച് എന്ന് വച്ചാൽ ഉച്ചയൂണാണെന്ന് ആർക്കാ അറിയാത്തത് ? അപ്പൊ ലഞ്ജ് കൊഡക്കാ ന്ന് വച്ചാൽ ലഞ്ചിനു വന്നതാ അല്ലെ എന്നായിരിക്കും - അതല്ലെ അവൻ പറഞ്ഞുതന്നത്

പക്ഷെ ആ വാചകത്തിനർത്ഥം അവന് അറിയാമായിരുന്നു - ലഞ്ജ് എന്ന് വച്ചാൽ വേശ്യ എന്നും ലഞ്ജ് കൊഡക്ക എന്നു വച്ചാൽ വേശ്യയുടെ മോനെ " എന്നും ആണെന്ന്


Thursday, November 21, 2013

ഒരു ഭാരതരത്നം ഇവർക്കു കൂടി


ഹൊ ഇപ്പൊ സമാധാനമായി

  എത്രയും വേഗം ആ ചുവന്ന വരകൾ കൊണ്ട് കാണിച്ചത് ഒന്നങ്ങു നടപ്പായിക്കിട്ടിയാൽ മതിഇനി പ്രവേശനപരീക്ഷയിൽ "ഒരു മാർക്ക്" കുറഞ്ഞ പാവങ്ങൾക്ക്  ഇതുപോലെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആയുർവേദം പഠിച്ചിട്ട് ഇതുപോലെ അയ്യൊപാവേന്ന് നിലവിളിക്കേണ്ടി വരില്ലല്ലൊ. ലോകവും രക്ഷപ്പെടൂം
അല്ല എനിക്കൊരു സംശയം

ഈ എന്റ്രൻസ് ആകെ ഒരു തവണയെ എഴുതാൻ പറ്റുകയുള്ളോ?

അല്ല ഒരു മാർക്ക് കുറഞ്ഞാൽ അടുത്ത തവണ ഒന്നു കൂടി എഴുതി നോക്കാമല്ലൊ അല്ലെ?

അതോ ഇനി എത്ര എഴുതിയാലും നമ്മൾ ആ ഒരു മാർക്ക് പിന്നിലെ നിൽക്കൂ എന്ന് നേരത്തെ അറിയാമൊ?

അത് നല്ലതാ അവനവനെ പറ്റി ഒരു ധാരണ നേരത്തെ ഉള്ളത് നല്ലതാ

പിന്നൊരു കാര്യം നമ്മളെക്കാൾ മിടുക്കന്മാർ അഞ്ച് കൊല്ലാം ആധുനികവും പഠിച്ചിട്ട് , പിന്നീട് അവർ പഠിക്കേണ്ട സാധനമാ
ഇപ്പൊ ഈ ഒരു മാർക്ക് കുറഞ്ഞ നമ്മൾ എടൂത്ത് പിടിച്ച് വച്ചിരിക്കുന്നത്

നാട്ടിൽ ഒരു ചൊല്ലുണ്ടല്ലൊ എന്തോന്ന് "പട്ടിക്ക് പൊതിയാ തേങ്ങ കിട്ടിയ പോലെ" അല്ലെ?

അതായിരിക്കും പലരും അവിടെ ചോദിക്കുന്നത് എങ്കിൽ പിന്നെ ഇപ്പണീ നിർത്തി പൊയ്ക്കൂടെ എന്ന്

പക്ഷെ ഒന്ന് എടുത്തു പറഞ്ഞെ തീരൂ

അവസാനം ഒരാഗ്രഹം ഉണ്ട്

നമ്മളെക്കാൾ മിടുക്കന്മാരായ പിള്ളേർ അഞ്ചു കൊല്ലം പഠിച്ച ആ സാധനം ഒരു ചെപ്പിലാക്കി ഞങ്ങൾക്കു കൂടി ഇങ്ങ് തന്നാൽ

ഞങ്ങൾ പിന്നെ വല്ല ഹൃദയം മാറ്റിവച്ചൊ തല മാറ്റി വച്ചൊ ഒക്കെ അങ്ങു സുഖിച്ചോളാം

പക്ഷെ മൊത്തം വായിച്ചിട്ട് ആകെ കൺഫ്യൂഷൻ

"രണ്ടായിരം കൊല്ലം പഴക്കമുള്ള ആരോഗ്യവിജ്ഞാനം പഠിക്കുന്ന ദുരവസ്ഥ"

ഇത് നല്ല വിജ്ഞാനം  അല്ലെങ്കിൽ പിന്നെ എന്തിനാണ് ആധുനികവൈദ്യപഠനത്തിൻ ശേഷം വേണം എന്നു പറയുന്നത്?

ഇനി അങ്ങനെ അവർ അവസാനമായി പഠിക്കേണ്ട സാധനം ഇപ്പോഴെ പഠിക്കാൻ കിട്ടുന്ന അവസരം എനഗ്നെ ആണ് ദുരവസ്ഥ ആകുന്നത്?

പിന്നൊന്ന് എന്തിനാണ് ആധുനികർ അവസാനമയി പഠിക്കേണ്ട സാധനത്തിനു മുൻപ് പഠിച്ചത് ഉരുട്ടി തരാൻ പറയുന്നത് നിങ്ങൾ പറഞ്ഞ 'ബ്രിട്ജ്' ആക്കി

ഏതായാലും ഒരു ഭാരതരത്നം  ഇവർക്കു കൂടി കൊടുത്തേക്കണെ

Tuesday, November 19, 2013

ചരകാൻ എന്ന പണ്ടിതാൻ


ആയുർവേദ കോളെജുകളിൽ പഠിപ്പിക്കുന്നത് ഒക്കെ മാറ്റേണ്ട സമയമായി എന്ന് തോന്നുന്നു.

അഷ്ടാംഗഹൃദയം ആരെഴുതിയതാണെന്ന അവിടെ പഠിപ്പിക്കുന്നത്?

വാഗ്‌ഭടനൊ? ആരു പറഞ്ഞു?

 "ഹൃദയമിവ ഹൃദയമേതത് " എന്ന ശ്ലോകത്തിൽ അഷ്ടാംഗചികിൽസയുടെ - അഷ്ടാംഗസംഗ്രഹത്തിന്റെ ഹൃദയമായ ഭാഗം സംഗ്രഹിച്ചതാണെന്ന് പറഞ്ഞെന്നൊ

ഒന്ന് പോടെ

അതൊക്കെ തെറ്റ്

നിങ്ങൾ പോയി ഫേസ് ബുക്കിലെ ഗ്രൂപിൽ ചെന്ന് പഠിക്ക്

നാട്ടറിവും നുറുങ്ങു വൈദ്യവും എന്ന പണ്ഡിതന്മാരുടെ ഗ്രൂപ്പിൽ പോ അവിടെ പോയാൽ കാണാം "ചരകാൻ" പോലെ ഉള്ള "പണ്ടിതാൻ" മാരെ

"അഷ്ടാംഗഹൃദ്യം" - അതാണ് സാധനം മനസിലായൊ?

അത് സാക്ഷാൽ യോഗ ആണ് എട്ട് അംഗങ്ങൾ ഉള്ള യോഗം

വെവരം വേണം വെവരം, മനസിലായൊ
മുഴുവൻ ദാ ഇത്
ധാന്യം എന്ന് പറഞ്ഞാൽ യോഗം - ദ് വല്ലതും ങ്ങക്കറിയൊ. നടക്കുന്നു ഡിഗ്രീം വാങ്ങി വൈദ്യന്മാരാണെന്ന് പറഞ്ഞ്

Monday, November 18, 2013

പാരമ്പര്യക്കാർക്ക് ചികിൽസാ അനുവാദം

ആയുർവേദം പഠിച്ച ഡിഗ്രിക്കാർ പണ്ട് ബഹളം ഉണ്ടാക്കിയിരുന്നു - പാരമ്പര്യവൈദ്യന്മാരെ ചികിൽസിക്കാൻ സമ്മതിക്കരുത് എന്നു പറഞ്ഞ്

പരമ്പരാഗതമായി ചികിൽസ ചെയ്തു വരുന്നവർ ചികിൽസിക്കുന്നതിൽ കുഴപ്പമില്ല എന്ന അഭിപ്രായക്കാരൻ ആയിരുന്നു ഞാൻ.

ആരോ ഒരാൾ എന്നെ കഴിഞ്ഞ കൊല്ലം നാട്ടറിവുകളും നുറുങ്ങുവൈദ്യവും എന്ന ഗ്രൂപ്പിൽ ചേർത്ത് വച്ചിരുന്നു. ഇടക്കൊക്കെ ഒന്നു കാണും എന്നല്ലാതെ അങ്ങോട്ട് അധികം ശ്രദ്ധിച്ചിരുന്നില്ല.

എന്നാൽ ഗതികേടിൻ കഴിഞ്ഞ കുറച്ച് ദിവസം അവിടെ ആയിരുന്നു.

അവിടെ http://indiaheritage1.blogspot.in/2013/11/blog-post_12.html ഒരാൾ പറയുന്നു മഞ്ഞപ്പിത്തത്തിൻ "പ്രെഡ്നിസോളോൺ" കൊടൂക്കണം
എന്ന്
വേറൊരാൾ പറയുന്നു അടീവസ്ത്രം ധരിച്ചില്ലെങ്കിൽ വൃഷണങ്ങൾക്ക് അതിഗംഭീരമായ  ദോഷഫലങ്ങൾ ഉണ്ടാകും എന്ന്

ദൈവമെ ആടും കാളയും ഒക്കെ എന്തു ചെയുമൊ ആവൊ?

ഇപ്പോൾ അവസാനം ചരകസംഹിത എഴുതിയത് ചരകനാണത്രെ. അങ്ങനെ ചരകം സൂത്രസ്ഥാനത്തിൽ എഴുതിയിട്ടുണ്ടത്രെ

"ഇത്യഗ്നിവേശകൃതെ തന്ത്രെ ചരകപ്രതിസംസ്കൃതേ ദൃഢബലപൂരിതെ-" ഇപ്രകാരം അഗ്നിവേശനാൽ എഴുതപ്പെട്ടതും ചരകനാൽ പ്രതിസംസ്കരണം ചെയ്യപ്പെട്ടതും ദൃഢബലനാൽ പൂർത്തിയാക്ക്പ്പെട്ടതും ആയ തന്ത്രത്തിലെ --"

ഇതാണ്  ചരകസംഹിതയിൽ ഉള്ളത്.


ഇനി ഇതിനു വല്ലതും നമ്മൾ ഒരു കുറിപ്പിട്ടാലൊ ആ കമന്റ് നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷം ആകും.

 "കാകകോലഹലത്തിങ്കൽ കുയിൽനാദം വിളങ്ങുമോ"

നമ്മൾ കുയിൽ ഒന്നും അല്ലെങ്കിലും അത് കോലാഹലം ആണെന്നറിയാവുന്നത് കൊണ്ട് ഇങ്ങ് പുറത്ത് പോന്നു അകത്തുള്ളവർ സൂക്ഷിക്കണെപാരമ്പര്യക്കാർക്ക് ചികിൽസാ അനുവാദം കൊടുത്താൽ ഇനി എന്തൊക്കെ സംഹിതകൾ വച്ചായിരിക്കുമൊ ചികിൽസിക്കുന്നത്?

Friday, November 15, 2013

പ്രാകൃതചികിൽസ

പണ്ട് ഞാൻ മദ്ധ്യപ്രദേശിലെ വില്ലേജുകളിൽ  വൈദ്യസഹായം എത്തിക്കുന്ന പ്രവൃത്തിയിൽ ആയിരുന്നു. കാലത്ത് എത്തിയാൽ വൈകുന്നേരം വരെ ഏതെങ്കിലും ഒരു ഗ്രാമത്തിൽ തന്നെ ആയിരിക്കും.
 അന്ന് അവിടത്തെ ഒരു ഗ്രാമത്തിൽ ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമ സമയത്ത് ഒരു കാഴ്ച്ച കണ്ടു. ഒരു വല്യമ്മ - നല്ലപ്രായമുള്ള ഒരു മുത്തശ്ശീ അവരുടെ കാളക്കിടാവിനടൂത്ത് നിന്നും അത് ഒഴിക്കുന്ന മൂത്രം കയ്യിൽ ശേഖരിച്ച് അവരുടെ കണ്ണിൽ ഇറ്റിക്കുന്നു. രണ്ടു കണ്ണിലും ഇറ്റിച്ച ശേഷം കുറച്ച് നേറം മുകളിലേക്ക് നോക്കി നിന്ന് കണ്ണടക്കുകയും തുറക്കുകയും ചെയ്തു. എന്നിട്ടത് കഴുകിക്കളഞ്ഞു.
 
എന്നിലെ ആധുനിക  വൈദ്യധുരന്ധരൻ ഉണർന്നു - പ്രാകൃതമായ ഈ വൃത്തികേടിനെതിരെ  ഇവരെ ബോധവൽക്കരിക്കേണ്ടതല്ലെ?

ഞാനവരെ ഉപദേശിക്കുന്നതിനായി  ചെന്നു.

ആദ്യം ചോദിച്ചു "നിങ്ങൾ എന്ത് വൃത്തികേടാണ് ഇക്കാണികുന്നത്? മൂത്രം വിസർജ്ജ്യവസ്തു ആണെന്നറിയില്ലെ ? എന്തൊക്കെ ഇൻഫെക്ഷൻ ആണ് ഇനി നിങ്ങളുടെ കണ്ണിന് വരിക കഷ്ടം"

പക്ഷെ മുത്തശ്ശി ഒന്ന് ചിരിച്ചിട്ട് പറഞ്ഞു

"മോനെ നിന്റെ ആ കണ്ണട ഒന്നെടുത്തിട്ട് നീ ഈ പത്രം ഒന്ന് വായിച്ചെ"

എനിക്കെവിടെ അത് പറ്റിലല്ലൊ "അത് പറ്റില്ല"

എന്നാലെ എന്റെ മോനെ എനിക്ക് ഇപ്പൊഴും അത് സുഖമായി വായിക്കാം.

അന്ന് ഞാൻ മൂത്രത്തിനെ കുറിച്ച് കൂടൂതൽ പഠിക്കണം എന്ന് തീരുമാനിച്ചു.
കുറെ നാൾ കഴിഞ്ഞു. പല പല അസുഖങ്ങളിലും മൂത്രത്തിൻ അത്ഭുതകരമായ ആശ്വാസം കൊടുക്കാൻ കഴിയും എന്ന് മനസിലായി.

അങ്ങനെ ഇരിക്കെ എന്റെ ചെറിയ മകന്റെ വലത് കണ്ണിൽ ചുവന്ന ഒരു പൊട്ട് ഒരു മൂന്ന് മില്ലിമീറ്റർ വ്യാസം കാണും.

അവൻ എന്റടുത്ത് വിവരം പറഞ്ഞു. ഞാൻ നോക്കിയിട്ട് അവനോട് പറഞ്ഞു മോൻ ബാത് റൂമിൽ പോയി മൂത്രമൊഴിച്ചിട്ട് അത് കണ്ണിൽ ഇറ്റിക്ക് ( ഞാൻ അത് നേരത്തെ പരിശോധിച്ച് ബോദ്ധ്യം വന്നിരുന്നു കേട്ടൊ)

മോൻ - "അയ്യെ അച്ഛനെന്താ ഞാനൊന്നും ചെയ്യില്ല"

ഞാൻ "എന്നാൽ വേണ്ടാ" ഞാൻ പക്ഷെ വേറെ മരുന്നൊന്നും കൊടൂക്കാൻ പോയില്ല

പിറ്റേ ദിവസം അതിന്റെ വലിപ്പം ഏകദേശം ഒരു സെന്റിമീറ്റർ - നല്ല ചുവപ്പ് - അവൻ ശരിക്കും പേടിച്ചു പോയി

വേഗം തന്നെ പോയി ഞാൻ പറഞ്ഞത് പോലെ ചെയ്തു.

എന്തിന്? ഒറ്റ ദിവസം കൊണ്ടു മാറുമായിരുന്നത് അഞ്ചു ദിവസം കൊണ്ട് മാറി.

പക്ഷെ ഇത് സാധാരണ കണ്ണിൽ മരുന്നൊഴിച്ച് ചികിൽസിക്കുമ്പോൾ 14- 18 ദിവസങ്ങള് എടൂക്കും  സാധാരണ നിറം ആകാൻ

Tuesday, November 12, 2013

ചക്രപാണിയും മഞ്ഞപ്പിത്തവുംചക്രപാണി നാട്ടറിവുകളും നുറുങ്ങുവൈദ്യവും എന്ന ഗ്രൂപ്പിൽ മഞ്ഞപ്പിത്തം വന്നവർക്ക് പ്രേഡ്നിസൊളൊൺ കൊടുക്കാൻ ആഹ്വാനം ചെയ്യുന്ന ഒരു കമന്റ് കണ്ടു. അത് ശരിയല്ല എന്ന് പറഞ്ഞപ്പോൾ വീണ്ടും വീണ്ടും അതിനു വേണ്ടി വാദിക്കുന്നു

തന്നെയുമല്ല ആധുനിക ഡൊക്റ്റർമാർ അത് ചെയ്ത് രോഗിയെ രക്ഷപ്പെടുത്തണം എന്ന് ഉപദേശവും

പ്രെഡ്നിസൊളോൺ കഴിച്ചാൽ മഞ്ഞപ്പിത്തം ഭേദമാകും ഉറപ്പ് എന്നാണ് അദ്ദേഹത്തിന്റെ വാദം.

അത് വായിച്ച് അകപ്പെട്ടു പോകാതിരിക്കാൻ ശാസ്ത്രലോകം എന്താണു പറയുന്നത് എന്നു കാണണ്ടേ?

മുകളിലത്തെ പടത്തിൽ കണ്ടോളൂ

ഇത്തരം വിഡ്ഢിത്തങ്ങൾ കേട്ട് ആരും സ്വയം ചികിൽസിച്ച് അപകട്പ്പെടരുത് എന്നു കരുതി ദാ ഇത് അങ്ങ് പോസ്റ്റ് ചെയ്യുവാ

Friday, November 08, 2013

ഒക്കെ പാര്‍ഷ്യാലിറ്റി ആന്നെ

വിധിപറച്ചിലിന്റെ ആദ്യ എപിസോഡ്‌ വായിച്ചല്ലൊ അല്ലെ?

യഥാര്‍ത്ഥത്തില്‍ കഴിവുണ്ടായിട്ടും അല്‍പം ഒന്ന് തെറ്റിപോയതിന്റെ പേരില്‍ രണ്ടാം സ്ഥാനക്കാരി ആയിപ്പോയി ആ കുട്ടി.

എന്നാല്‍ ഇനി പറയാന്‍ പോകുന്നത്‌ വേരൊരു ആംഗിള്‍. ഇതിലെ കഥാപാത്രം ഞാന്‍ തന്നെ.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഇന്റര്‍ കോളെജിയറ്റ്‌ ഫെസ്റ്റിവല്‍ - മെഡി ഫെസ്റ്റിയ നടക്കുന്നു.

ഞാന്‍ ഈ പാട്ടും കൂത്തും ഹാര്‍മോണിയവും ഒക്കെ ആയി നടക്കുന്നത്‌ കൊണ്ട്‌ പലരുടെയും വിചാരം എനിക്ക്‌ സംഗീതം അറിയാം എന്നാണ്‌ (യഥാര്‍ത്ഥത്തില്‍ സംഗീതം അറിയാവുന്നവരുടെ അല്ല - ബാക്കി ഉള്ളവരുടെ, കേട്ടൊ).

ഞങ്ങളുടെ ക്ലാസില്‍ ആലപ്പുഴക്കാരി ഒരു ലക്ഷ്മി ഉണ്ട്‌ - അമ്പലങ്ങളില്‍ കച്ചേരി ഒക്കെ നടത്തിയിട്ടുള്ള കുട്ടി

അതു കൊണ്ട്‌ ക്ലാസിക്കല്‍ സംഗീതത്തില്‍ ഒന്നാം സ്ഥാനം ഞങ്ങള്‍ക്ക്‌ ഉറപ്പ്‌.

രാമചന്ദ്രന്‍ സാര്‍ എന്നോട്‌ പറഞ്ഞു ക്ലാസിക്കലിന്റെ രണ്ടു സമ്മാനവും നമുക്ക്‌ വേണം. താന്‍ ശരിക്ക്‌ പ്രിപ്പയര്‍ ചെയ്യ്‌.

"ഉള്ളത്‌ പറഞ്ഞാല്‍ ഉമ്മയ്ക്ക്‌ തല്ല് കിട്ടും
 കള്ളം പറഞ്ഞാല്‍ വാപ്പ പട്ടിയിറച്ചി തിന്നും"

  എന്ന ചൊല്ല് കേട്ടിട്ടില്ലെ

എനിക്ക്‌ അറിയാന്‍ വയ്യ എന്ന് പറയാന്‍ ഒരു ചമ്മല്‍. പക്ഷെ ഏല്‍ക്കാന്‍ പറ്റുമൊ? ശാസ്ത്രീയ സംഗീതം പാടൂന്നത്‌ എന്നെ പോലുള്ള പോങ്ങന്മാര്‍ക്ക്‌ പറഞ്ഞിട്ടുള്ള കാര്യമാണോ?

പക്ഷെ ഏല്‍ക്കാതിരിക്കാന്‍ പറ്റുമൊ? ഇമേജ്‌ പോകുന്ന കാര്യമല്ലെ?

രണ്ടും കല്‍പിച്ച്‌ പറഞ്ഞു   "സാര്‍ കുറെ ഏറെ നാളായി ടച്‌ വിട്ടിട്ട്‌ . ഒരു കാര്യം ചെയ്യാം, പാട്ടുസാറിനടൂത്ത്‌ പോയി ഒരെണ്ണം തയ്യാറാക്കം. പക്ഷെ അവധി വേണം"

ചുളുവില്‍ കുറച്ചു ദിവസത്തെ അവധിയും കിട്ടി

എന്റെ നാലാം ക്ലാസ്‌ വരെ ഉള്ള പഠനകാലത്ത്‌ സ്കൂളില്‍ പാട്ടുസാര്‍ സരിഗമ പഠിപ്പിച്ചിരുന്നു. മീനാക്ഷിയമ്മ സാര്‍

അന്ന്
"സരിഗമപധനി ഉറികെട്ടിത്തൂക്കീ
അതിലൊരു വല്യമ്മ കലം കെട്ടിത്തൂക്കീ"

എന്ന് പാടി നടന്നതാണ്‌ എന്റെ ആകെ ശാസ്ത്രീയസംഗീത പാഠം.

ഏതായാലും മീനാക്ഷിയമ്മ സാറിന്റെ അടൂത്ത്‌ പോയി.

സാറിന്‌ എന്നെ വലിയ വാല്‍സല്യമായത്‌ കൊണ്ട്‌ ഒഴിവാക്കാനും വയ്യ.

എന്റെ ആവശ്യം എന്താണെന്നല്ലെ? സ്വരം ഉള്‍പ്പടെ കീര്‍ത്തനം പാടണം.

സാര്‍ മര്യാദയ്ക്ക്‌ ചോദിച്ചു മോനെ ആ ഹിമിഗിരിതനയെ പോലെ വല്ലതും പാടീയാല്‍ പോരെ?

ഹെയ്‌ ഞാന്‍ അത്ര കുഞ്ഞൊന്നും അല്ലല്ലൊ - (അഹംകാരത്തില്‍ ) എനിക്ക്‌ ചെമ്പൈ പാടൂന്നത്‌ പോലെ താകിരിപീക്കിരിപീകിരി എന്ന രീതിയില്‍ സ്വരം പാടണം

തലയില്‍ മൂള ഇല്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടെന്ത്‌ കാര്യം എന്ന് സാര്‍ വിചാരിച്ചു കാണും

പന്തുവരാളിയിലുള്ള സാരസാക്ഷ പരിപാലയ മാം
സ്വരങ്ങള്‍ ഞാന്‍ പറഞ്ഞതു പോലെ ഉള്ള രീതിയിലും

സാറിനെ കൊണ്ട്‌ ആവുന്ന വിധത്തില്‍ എന്റെ തലയില്‍ കേറ്റാന്‍ ശ്രമിച്ചു

അന്നൊന്നും പാടിയിട്ട്‌ അത്‌ തിരികെ റെക്കോഡ്‌ ചെയ്ത്‌ കേള്‍ക്കാനുള്ള സംവിധാനം എനിക്കില്ലാതിരുന്നതു കൊണ്ട്‌ മിക്കവാറും ചെമ്പൈ പാടുന്നതിനെക്കാള്‍ ഒരു പടി എങ്കിലും നന്നായിട്ടാണ്‌ ഞാന്‍ പാടുന്നത്‌ എന്നെനിക്ക്‌ തോന്നിയതില്‍ കുറ്റം പറയാന്‍ പറ്റുമൊ?

പിന്നെ എനിക്കുള്ള പ്രശ്നം താളം അടീക്കുന്നതാണ്‌. അദിതാളം തന്നെ അടീച്ച്‌ പകുതി എത്തിക്കഴിയുമ്പോള്‍ മറന്നുപോകും ഇനി വീച്ചാണൊ വിരലാണൊ എന്ന്. അതുകാരണം ചിലപ്പോള്‍ വിരലുകള്‍ അങ്ങനെ എണ്ണിക്കൊണ്ടെ ഇരിക്കും, മറ്റു ചിലപ്പോള്‍ വീശ്‌ തുടര്‍ന്നു കൊണ്ടെ ഇരിക്കും

പക്ഷെ ഇതൊന്നും എനിക്ക്‌ മാത്രം ഒരു പ്രശ്നവും ഇല്ല

അങ്ങനെ മല്‍സരദിവസം എത്തി.

എന്റെ വിചാരം-- മല്‍സരം ആലപ്പുഴയിലാണ്‌. ഹോസ്റ്റ്‌ ചെയ്യുന്നത്‌ ഞങ്ങള്‍ ആയതു കൊണ്ട്‌ അതിന്റെ ഒരു ഇത്‌. പിന്നെ വിവരം ഉള്ള ജഡ്ജസ്‌ ഒന്നും ആയിരിക്കില്ല. വല്ല ചിത്രം വരക്കാരനെയും പിടിച്ച്‌ ശാസ്ത്രീയ സംഗീതത്തിനും ജഡ്ജ്‌ ആക്കും

പക്ഷെ പിന്നീടല്ലെ അറിയുന്നത്‌. ദേശീയതലത്തില്‍ പ്രഗല്‍ഭരായ മൂന്ന് പേര്‍ മുന്നില്‍ ജഡ്ജ്‌ ആയിട്ട്‌

അതോടു കൂടി ഞാന്‍ ഒരു കാര്യം തീരുമാനിച്ചു.

അവരുടെ നേരെ നോക്കില്ല. അവരുടെ മുഖം കണ്ടാലല്ലെ കുഴപ്പം ഉള്ളു. അതു കൊണ്ട്‌ കണ്ണടച്ച്‌ പിടിച്ച്‌ പാടും.

എന്നിട്ടും പാടാന്‍ തുടങ്ങിയപ്പോള്‍ ഏറു കണ്ണിട്ട്‌ നോക്കിപ്പോയി. ആദ്യ താളവട്ടം വരെ അദ്ദേഹവും കൂടെ കൈ കൊണ്ട്‌ താളം ഇട്ടു. രണ്ടാം താളവട്ടം ആയപ്പോള്‍ അദ്ദേഹം താളം പിടി നിര്‍ത്തി കൂട്ട്‌ ജഡ്ജിയുടെ നേരെ നോക്കി. അല്ല എങ്ങനെ നോക്കാതിരിക്കും!!

പിന്നീട്‌ ഞാന്‍ കണ്ണ്‌ തുറന്നത്‌ എന്റെ പാട്ടു മുഴുവന്‍ കഴിഞ്ഞ്‌

പക്ഷെ പുറത്തിറങ്ങി ചായ കുടിക്കാന്‍ ഇരുന്നപ്പോള്‍ ഹോട്ടലിന്റെ മുതലാളി പറയുന്നു
 "എന്നാലും പണിക്കര്‍ സാര്‍ ഇത്ര ഉഗ്രമായി പാടിയിട്ടൂം പ്രൈസ്‌ ഒന്നും കിട്ടാത്തത്‌ കഷ്ടമായിപ്പോയി. അതെങ്ങനാ ഈ ജഡ്ജസിന്‌ വല്ല വിവരവും വേണ്ടെ ഒക്കെ പാര്‍ഷ്യാലിറ്റി ആന്നെ"

Thursday, November 07, 2013

വിധി നിര്‍ണ്ണയം

ജീവിതത്തില്‍ ഒരുപാട്‌ ഒരുപാട്‌ വേദികളിലെ വിധി നിര്‍ണ്ണയങ്ങള്‍ കണ്ട എനിക്ക്‌ രണ്ടു സ്ഥലങ്ങളില്‍ ശരിയായ നിര്‍ണ്ണയം നടന്നു എന്നുറപ്പുണ്ട്‌.

അങ്ങനെ വേണം വിധികര്‍ത്താക്കള്‍. മല്‍സരഫലവും അങ്ങനെ തന്നെ വേണം. അല്ലാതെ ഇന്നു കാണുന്നത്‌ പോലെ മല്‍സരകോലാഹലം, രക്ഷകര്‍ത്താക്കളുടെ പരാതി , നിയമയുദ്ധം, തുടങ്ങിയ അലവലാതി ഇടപാടുകള്‍ അവസാനിക്കണം.

ഞാന്‍ കണ്ട രണ്ടെണ്ണങ്ങളില്‍ ഒന്ന് -

1970 കളിലാണ്‌ -കോട്ടക്കല്‍ രാജാസ്‌ ഹൈ സ്കൂളിന്റെ ടീമിന്റെ കൂടെ വാദ്യവൃന്ദ അകമ്പടിക്കായി ഞാനും ഉണ്ട്‌.

ഞങ്ങളുടെ റ്റീമിലെ ഒരു നൃത്തക്കാരി - പേര്‍ ഇപ്പോള്‍ എഴുതുന്നില്ല- പക്ഷെ ധാരാളം മല്‍സരങ്ങളില്‍ ജയിച്ചിട്ടുള്ള കുട്ടി. ഭരതനാട്യത്തിന് ഒന്നാം സ്ഥാനം അതിനു തന്നെ കിട്ടും എന്ന് ഞങ്ങള്‍ക്കെല്ലാം ഉറപ്പ്‌

എനിക്ക്‌ ഈ ഭരതനാട്യം എന്താണെന്നറിയില്ല കേട്ടൊ - പക്ഷെ ബാക്കി ഉള്ളവര്‍ക്കെല്ലാം ഉറപ്പായത്‌ കൊണ്ട്‌ എനിക്കും ഉറപ്പ്‌.

അങ്ങനെ മല്‍സരം നടന്നു
ഫലപ്രഖ്യാപനം വന്നപ്പോള്‍ ഞങ്ങളുടെ കുട്ടിക്ക്‌ രണ്ടാം സ്ഥാനം

ഹേ അതങ്ങിനെ വിടാന്‍ പറ്റുമൊ?

ചോദിക്കണം

ഞങ്ങള്‍ എല്ലാവരും കൂടി ജഡ്ജിയുടെ അടുത്ത്‌ ചെന്നു

വളരെ പ്രായം ചെന്ന ഒരു ആള്‍.

എന്താ കാര്യം?

ഞങ്ങളുടെ കൂടെ ഉള്ള ഇക്കുട്ടിയ്ക്ക്‌ എന്താണ്‌ രണ്ടാം സ്ഥാനം ആയിപ്പോയത്‌?

എവിടെ കുട്ടി?

ദാ ഇത്‌

കുട്ടി ഇങ്ങോട്ട്‌ മാറി നില്‍ക്കൂ

കുട്ടി മാറി നിന്നു

ഏത്‌ പാട്ടായിരുന്നു കളിച്ചത്‌?

ഇന്ന പാട്ട്‌

പതിയെ അദ്ദേഹം ആ പാട്ടിന്റെ ചരണം പാടിയിട്ട്‌ ആ കുട്ടിയോട്‌ അവിടെ കളിക്കാന്‍ പറഞ്ഞു

കുട്ടി കളിച്ചു

അദ്ദേഹം തുടര്‍ന്നു ഭേഷ്‌. കുട്ടി ഇങ്ങനെ ആയിരുന്നൊ സ്റ്റേജില്‍ കളിച്ചത്‌?

കുട്ടി "അല്ല"

ബാക്കി കേള്‍ക്കാന്‍ ഞങ്ങള്‍ ആരും അവിടെ ഉണ്ടായിരുന്നില്ല എന്ന് ഇനി പ്രത്യേകം പറയണോ ? പോയെ എല്ലാരും
Picture Courtesy Google

Monday, November 04, 2013

കാക്കപുരാണം

നമുക്കൊക്കെ ഒരു തോന്നലുണ്ട്‌ നമുക്കെ ബുദ്ധി ഉള്ളു എന്ന്

പക്ഷിമൃഗാദികള്‍ നമ്മളെക്കാള്‍ ബുദ്ധി കുറഞ്ഞവര്‍ ആണെന്ന്.

ചുമ്മാതാ കേട്ടൊ. നമുക്ക്‌ ബുദ്ധി ഉള്ളതിനെക്കാള്‍ കൂടൂതല്‍ അവര്‍ക്കും ഉണ്ടായിരിക്കും. മാത്രമല്ല ഒറ്റയ്ക്ക്‌- ഒരു പുലി വേണ്ടാ, എലി കടിക്കാന്‍ വന്നാല്‍ നമുക്ക്‌ ഒടാനല്ലാതെ എന്ത്‌ ചെയ്യാന്‍ പറ്റും?

അത്‌ നമ്മളെ കണ്ട്‌ പേടിച്ച്‌ ഓടാതെ ഇങ്ങോട്ടാ വരുന്നത്‌ എങ്കില്‍ നമ്മള്‍ ഓടും അല്ലെ?

ഇതൊക്കെ ഇപ്പൊ എന്തിനാ പറഞ്ഞത്‌ എന്നാ നിങ്ങള്‍ ആലോചിക്കുന്നത്‌ അല്ലെ?

എന്റെ ഒരു പഴയ അനുഭവം പറയാം

കോട്ടക്കല്‍ ആയുര്‍വേദ കോളേജില്‍ പഠിക്കുന്ന കാലം. ശ്ലോകം പഠിക്കാന്‍ ഉരുവിട്ടു പഠിക്കണം എങ്കില്‍ ശാന്തമായ ഒരു സ്ഥലം വേണം. അതിന്‍ ഞങ്ങള്‍ തെരഞ്ഞെടുത്തത്‌ അന്നത്തെ ഞങ്ങളുടെ കോളേജ്‌ തന്നെ.

ചങ്കുവെട്ടി ജങ്ക്ഷനില്‍ ഉള്ള ആ കെട്ടിടം ആയിരുന്നു അന്ന് കോളേജ്‌

ക്ലാസില്ലാത്ത സമയത്ത്‌ അവിടെ ഒരു സെക്യൂരിറ്റി മാത്രമെ കാണൂ.

അവിടത്തെ കന്റീന്‍ നടത്തിയിരുന്ന ആള്‍ അതില്‍ തന്നെ താമസം ആയിരുന്നത്‌ കൊണ്ട്‌ അയാളും കാണും

ഹോസ്റ്റല്‍ ധര്‍മ്മാശുപത്രിയുടെ എതിര്‍വശത്ത്‌. ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം കാണും ഇവയ്ക്കിടയില്‍

പഠിക്കുവാന്‍ വേണ്ടി അവധി ദിവസങ്ങളില്‍ ഞങ്ങള്‍ - എന്ന് വച്ചാല്‍ ഞാന്‍, ശങ്കരന്‍, സദാനന്ദന്‍ ഇവര്‍ ഒന്നിച്ച്‌ കാലത്തെ കോളേജില്‍ എത്തും

കോളേജ്‌ വരാന്തയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ശ്ലോകം ഉരുവിട്ട്‌ പഠിക്കും. വരാന്തയുടെ മുകള്‍ഭാഗം ആസ്ബെസ്റ്റോസ്‌ ഷീറ്റ്‌ ഇട്ടതാണ്‌. കോളേജ്‌ കെട്ടിടത്തിന്‍ മൂന്നു വശങ്ങളിലും ഇപ്രകാരം വരാന്ത ഉണ്ട്‌.

ഞങ്ങള്‍ ഉപയോഗിക്കുന്ന വരാന്തയില്‍ നിന്നും ഏകദേശം പതിനഞ്ച്‌ അടി ദൂരത്തില്‍ ഒരു മാവ്‌ നില്‍പ്പുണ്ട്‌.

ശ്ലോകം വായിച്ച്‌ നടക്കുന്നതിനിടയില്‍ ചിലപ്പോള്‍ പുറത്ത്‌ നിന്നും ചെറുകല്ലുകള്‍ ശേഖരിച്ച്‌ കയ്യില്‍ വച്ചിരിക്കും. അത്‌ വെറുതെ എറിയുകയും ഒക്കെ ഓരോ വിനോദം.

ഹ ഹ ഈ ശ്ലോകം മനഃപാഠമാക്കല്‍ ഒരു ചില്ലറപ്പണിയല്ലെ. ഇടയ്ക്ക്‌ ബോറടിക്കാതിരിക്കാന്‍ കല്ല് പെറുക്കി എറിയുക അല്ലാതെ എന്ത്‌ ചെയ്യും

അപ്രകാരം സദാനന്ദന്‍ വരാന്തയില്‍ നടന്നു കൊണ്ട്‌ തന്നെ ഒരു കല്ല് ആ മാവിലേക്ക്‌ എറിഞ്ഞു.

കല്ല് മാവിലയില്‍ കൊണ്ടതും എവിടെ നിന്നൊ രണ്ട്‌ കാക്കകള്‍ താണുപറന്ന് വന്ന് സദാനന്ദനെ കണ്ടിട്ട്‌ പോയി.

പിന്നീട്‌ വെള്ളം കുടിക്കാന്‍ വേണ്ടി സദാനന്ദന്‍ പുറത്തിറങ്ങിയതും കാക്കകള്‍ സദാനന്ദന്റെ തലയില്‍ ഞൊട്ടാനെത്തി.
പുസ്തകം കൊണ്ട്‌ തല മറച്ച്‌ സദാനന്ദന്‍ ഓടി വരാന്തയില്‍ കയറി.

കാര്യം എന്താണെന്നറിയാന്‍ ഞങ്ങള്‍ പുറത്തിറങ്ങി നോക്കി. പക്ഷെ കാക്കകള്‍ ഞങ്ങളെ വെറുതെ വിട്ടിരിക്കുന്നു. നോക്കിയപ്പോള്‍ ആ മാവില്‍ ഒരു കാക്കക്കൂട്‌.

അപ്പൊ അതാണ്‌ കാരണം

കാക്കകളുടെ അല്ല കുറ്റം , കുറ്റം ഞങ്ങളുടെത്‌ തന്നെ.

സദാനന്ദന്‍ എറിഞ്ഞത്‌ കാക്കകളുടെ കൂട്ടിലേക്കാണെന്ന് അവ തെറ്റിദ്ധരിച്ചു.

അവയോട്‌ മാപ്പു പറയാന്‍ അറിയാത്തതു കൊണ്ട്‌ തല്‍ക്കാലം സദാനന്ദന്‍ പുറത്തിറങ്ങണ്ടാ എന്ന് തീരുമാനിച്ചു.

ഉച്ചയ്ക്ക്‌ ഞങ്ങളുടെ നടൂവില്‍ നടത്തി ആഹാരം കഴിക്കാന്‍ കൊണ്ടുപോയി.

അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു.

അടുത്ത ദിവസം സദാനന്ദന്റെ ഉടൂപ്പ്‌ ഞാന്‍ ഇട്ടു.
വെറുതെ ഒരു അക്കഡമിക്‌ ഇന്ററസ്റ്റ്‌.

പക്ഷെ കാക്കകള്‍ സദാനന്ദനു നേരെ മാത്രം - എന്നോട്‌ ഒരു കുഴപ്പവും ഇല്ല.

അതോടു കൂടി ഞങ്ങളിലെ റിസര്‍ച്‌ താല്‍പര്യം ഉണര്‍ന്നു.

ഒരാള്‍ കുഴപ്പക്കാരനാണെന്ന് കണ്ടാല്‍ കാക്കകള്‍ ഇങ്ങനെ . അപ്പോല്‍ കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍?

അതു കൊണ്ട്‌ ഞങ്ങള്‍ ബാക്കി ഉള്ളവര്‍ കൂടി കല്ലുകള്‍ പെറുക്കി എടൂത്ത്‌ മാവിലേക്ക്‌ എറിഞ്ഞു.- കൂടിനെ ലക്ഷ്യമാക്കി അല്ല കേട്ടൊ - കൂടിനെ മനഃപൂര്‍വം ഒഴിവാക്കി തന്നെ

കല്ല് മാവിലയില്‍ കൊള്ളുമ്പോഴേക്കും കാക്കകള്‍ താഴ്‌ന്ന് പറന്ന് വന്ന് ആരാണ്‌ എറിഞ്ഞത്‌ എന്ന് കണ്ടു പിടിക്കും.
പിന്നീട്‌ അയാള്‍ക്കും പുറത്തിറങ്ങാന്‍ വയ്യ.

രസം കൂടി കൂടി കൂടുതല്‍ കൂട്ടുകാര്‍ വന്നു.

ഇപ്പോള്‍ കല്ലെടൂക്കാന്‍ ഞങ്ങള്‍ക്ക്‌ പുറത്തിറങ്ങാന്‍ വയ്യ.

അതു കൊണ്ട്‌ ഞങ്ങള്‍ കോളേജിന്റെ എതിര്‍വശത്ത്‌ പോയി കല്ല് ശേഖരിച്ചു.

ഏറിന്റെ അളവ്‌ കൂട്ടി.

അല്‍പം കഴിഞ്ഞപ്പോള്‍ കാക്കകളെ കാണാനെ ഇല്ല.

അല്ല പിന്നെ ഇങ്ങനിരിക്കും മനുഷ്യരോട്‌ കളിച്ചാല്‍ പീറക്കാക്കകള്‍.

ഞങ്ങള്‍ വിജയശ്രീലാളിതരായി കല്ലേറ്‌ നിര്‍ത്തി.

ശ്ലോകം പഠിച്ചു നടന്നു തുടങ്ങി

കുറച്ചു നേരം കഴിഞ്ഞു

വീണ്ടും കാക്കകള്‍ രണ്ടും എത്തി. ഞങ്ങള്‍ കാണുന്ന തരത്തില്‍ വന്നിരുന്നു.

ഹൊ തിരികെ എത്തിയൊ.

ഞങ്ങള്‍ പുറത്തിരങ്ങി

കാക്കകള്‍ ഞോണ്ടാന്‍ വരുന്നില്ല

ഏതായാലും തോല്വി സമ്മതിച്ചല്ലൊ അതു കൊണ്ട്‌ വെറുതെ വിട്ടിരിക്കുന്നു എന്നു ഞങ്ങളും.

പക്ഷെ അത്‌ കഴിഞ്ഞ്‌ വെറുതെ ചുറ്റും ഒന്ന് കണ്ണോടിച്ചതെ ഉള്ളു

സദാനന്ദന്‍ പറഞ്ഞു "എടാ ദാ നോക്കിയെ"

"എന്തോന്ന്?"

കോളേജിനു ചുറ്റുമുള്ള മതിലിനകത്ത്‌ നിരയായി കാറ്റാടി മരം പോലെ ഉയര്‍ന്നു പോകുന്ന മരങ്ങള്‍ വച്ചു പിടിപ്പിച്ചിട്ടുണ്ട്‌.

അവയുടെ ഒന്നിന്റെ പോലും ഒരു ഇല പോലും കാണാന്‍ പറ്റാത്ത അത്ര കാക്കകള്‍.

പക്ഷെ ഒരെണ്ണം പോലും ഒച്ചയുണ്ടാക്കുന്നില്ല. ശാന്തം.

ഇത്രയും കാക്കകള്‍ നിശ്ശബ്ദരായി ഇരിക്കുന്നത്‌ ജീവിതത്തില്‍ ആദ്യത്തെ കാഴ്ച്ച.

ഞങ്ങള്‍ വീണ്ടും വരാന്തയില്‍ കയറി പഠനം ഒക്കെ കഴിഞ്ഞ്‌ പോകാന്‍ ഇറങ്ങി.

ഞങ്ങള്‍ ഗേറ്റിലേക്ക്‌ നടക്കാന്‍ തുടങ്ങിയപ്പോള്‍ ദൂരെ ദൂരെ ഇരുന്ന കാക്കകള്‍ എല്ലാം ഞങ്ങള്‍ക്കടുത്തുള്ള മരങ്ങളിലേക്ക്‌ എത്തി.

പക്ഷെ വീണ്ടും ശബ്ദമില്ല കേട്ടൊ.

ഞങ്ങളുടെ മേലാസകലം വിറയ്ക്കാന്‍ തുടങ്ങി. ഇതിന്റെ ഒരു പകുതി എണ്ണം കാക്കകള്‍ക്ക്‌ ഒന്ന് ഞോണ്ടാനുള്ള വകുപ്പില്ല ഞങ്ങളുടെ ശരീരം.

വളരെ മര്യാദരാമന്മാരായി ഗേറ്റ്‌ കടന്ന്  റോഡിലെത്തി.

കാക്കകള്‍ നിരനിരയായി റോഡിലെ ഇലക്ട്രിക്‌ കമ്പിയില്‍ വന്നിരുന്നു.

ഞങ്ങള്‍ ഹോസ്റ്റല്‍ ലക്ഷ്യമാക്കി നടക്കുന്നതിനനുസരിച്ച്‌, പിന്നിലുള്ള കാക്കകള്‍ മുന്നിലേക്ക്‌ വന്ന് സ്ഥാനം പിടിക്കും.

അന്ന് ഏകദേശം രണ്ട്‌ ഫര്‍ലോങ്ങ്‌ കഴിഞ്ഞാല്‍ ഒരു തടി ഈര്‍ച്ചമില്‍ ഉണ്ട്‌. അവിടെ എത്തുന്നതു വരെ ഇക്കളി തുടര്‍ന്നു. അതു കഴിഞ്ഞ്‌ ആ കാക്കകളുടെ അത്രയും നേരം അടക്കി വച്ച കോലാഹലം എല്ലാം കൂടി എടുത്ത്‌ കൊണ്ട്‌ പറന്ന് പൊങ്ങി വട്ടത്തില്‍ രണ്ട്‌ കറക്കം കറങ്ങിയിട്ട്‌ ഒരു പോക്ക്‌


"പോടാ പുല്ലന്മാരെ " എന്നൊ വല്ലതും ആയിരിക്കും അവര്‍ പറഞ്ഞത്‌
അല്ലാതെ ഹേ അവര്‍ തെറി ഒന്നും പറഞ്ഞു കാണില്ല ഹ ഹ

ചിത്രങ്ങള്‍ക്ക്‌ കടപ്പാട്‌ ഗൂഗിള്‍
Pictures Courtesy  Google