മതംഗമുനിയുടെ ആശ്രമത്തിലെ സഹായി ആയിരുന്ന ഒരു വേടസ്ത്രീ ആയിരുന്നു ശബരി
ഈ മുനിയുടെ ആശ്രമം പമ്പാതീരത്താണെന്നും മുനിയുടെ കാലശേഷം ശബരിയുടെ പേരില്‍ അറിയപ്പെട്ട ശബരിമലയില്‍ ആണെന്നും അല്ലെ നാം അറിയുന്നത്?
എനിക്ക് ഇത്രയുമേ അറിയുമായിരുന്നുള്ളു.
എന്നാല്‍ ഇന്നലത്തെ യാത്രയോടെ ആകെ കണ്‍ ഫ്യൂഷന്‍.
യാത്ര അത്ര പ്ലാന്‍ ചെയ്തൊന്നുമായിരുന്നില്ല. ശനി അവധി. ബിലാസ്‌പുര്‍ പൊയ്ക്കളയാം എന്നു തീരുമാനിച്ചു.
സാധാരണ പോകുന്ന വഴി വേണ്ട പുതിയ വഴി നോക്കാം എന്നും തീരുമാനിച്ചു.
അങ്ങനെ ഒന്നുരണ്ടു വഴികളുണ്ടെന്ന് ഡ്രൈവര്‍ ശങ്കര്‍ പറഞ്ഞിരുന്നു. അതുകൊണ്ട് ശങ്കറിനെ കൂട്ടിനു വിളിച്ചു.
'ബലോദ ബസാര്‍'ഇല്‍ നിന്നും 'ലവന്‍' , 'കസ്ഡോള്‍' വഴി കാട്ടിലേക്കു കടന്നാല്‍ ഗുരു ഘാസിദാസിന്റെ മന്ദിരവും , ശിവ്‌രി നാരായണ്‍ മന്ദിരവും കണ്ട് ബിലാസ്‌പൂരില്‍ പോകാം എന്നു ശങ്കര്‍
നേരിട്ടു പോയാല്‍ ബിലാസ്‌പൂരിന്‍ 56 കിലോമീറ്റര്‍. ഈ കാടു വഴി കുട്ടിയാല്‍ ഏകദേശം 60 കിലോമീറ്ററിന്‍ ശിവ്‌രി നാരായന്‍ അവിടെ നിന്നും വെറും 85 കിലോമിറ്ററില്‍ ബിലാസ്‌പുര്‍.
അങ്ങനെ ആകട്ടെ ഏതായാലും ഈ സ്ഥലം രണ്ടും കണ്ടിട്ടില്ല.
അങ്ങനെ യാത്ര പുറപ്പെട്ടു.
സാധാരണ നാം യാത്ര പോകുമ്പോള്‍ വഴിയില്‍ ചില വാഹനങ്ങള്‍ നമ്മുടെ പിന്നിലുണ്ടാകും , ചിലവ മുന്നിലുണ്ടാകും ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകുന്നുണ്ടാകും അല്ലെ?
ഇതു കാട്ടു വഴി എത്തി ഒരു 15 മിനിറ്റ് യാത്രചെയ്തിട്ടും മാനും ഇല്ല മനുഷ്യനും ഇല്ല വാഹനവും ഇല്ല
വേനലില്‍ ഇലകളെല്ലാം കരിഞ്ഞ മരങ്ങള്‍ ഇടയ്ക്കിടക്ക് പച്ചിലകളും ഉണ്ടെന്നു മാത്രം
പടത്തില്‍ കാണുമ്പോള്‍ ഉണങ്ങിയ ഇലകളൊന്നും ഇല്ലല്ലൊ. എല്ലാം പച്ച തന്നെ . വെറുതെയാ കേട്ടൊ
എ സി ആവുന്നത്ര പ്രവര്‍ത്തിച്ചിട്ടും ചൂടു അസഹ്യം.
ഭാര്യ പതിയെ മുറുമുറുക്കാന്‍ തുടങ്ങി.
ഇതെന്തു വഴിയാ?
പക്ഷെ അങ്ങനെ പോയി പോയി വഴിക്ക് ഒരു ട്രാക്റ്റര്‍ കണ്ടു ഹൊ എന്തൊരു സന്തോഷമായിരുന്നു.
അതു കഴിഞ്ഞപ്പോള്‍ ഒരു വീട് കണ്ടു ഒരാളെയും കണ്ടു. അയാളുടെ പട്ടി ഞങ്ങളെ കണ്ട് കുരച്ചുകൊണ്ടെത്തി.
ഏതായാലും വഴി തിട്ടപ്പെടുത്താന്‍ അയാള്‍ സഹായിച്ചു.
ഇതാ പറയുന്നത് തവളയ്ക്കുള്ള വെള്ളം പാറയ്ക്കുള്ളിലും ഭഗവാന്‍ സൂക്ഷിച്ചു വച്ചേക്കും എന്ന് അല്ലെ?
സര്‍ക്കാര്‍ നല്ല ഒരു പാലം ഉണ്ടാക്കി റോഡും പണിഞ്ഞിട്ടതാണ് പക്ഷെ ഇവിടത്തെ മഴയുടെ സമയത്തുണ്ടാകുന്ന കുത്തൊഴുക്കില്‍ ദാ കിടക്കുന്നു റോഡും കലുങ്കും ഇപ്പൊ ഇങ്ങനെ. അതുകൊണ്ട് അതിന്റെ വശങ്ങളില്‍ കൂടി ഒരു തരത്തില്‍ മറുപുറം എത്തി.
ഗിരോദ് നു മുന്‍പുള്ള ഒരു ഗ്രാമം ആണ് "സോനാ ദാന്‍" അവിടെ മുന്‍പെന്നൊ സ്വര്‍ണ്ണമഴയുണ്ടായിട്ടുണ്ടത്രെ. മഹാനദിയുടെ തടങ്ങളിലും ഈ കാട്ടിനുള്ളിലും പലരും മണല്‍ അരിച്ച് സ്വര്‍ണ്ണം എടുക്കാറുണ്ടത്രെ
വീര്‍ നാരായണ്‍ സിംഗ് എന്ന ഒരു പഴയകാല രാജാവ് എംഗ്ലീഷുകാരുടെ പിടിയില്‍ പെടാതിരിക്കാന്‍ ഒളിച്ചു താമസിച്ച സ്ഥലം ആണത്രെ ആഗ്രാമം
അതിനോടു യാത്രപറഞ്ഞ് ഗുരു ഘാസിദാസിന്റെ അമ്പലത്തില്‍ എത്തി.
ഗിരോദ് എന്നാണ് ആസ്ഥലത്തിന്റെ പേര്‍.
അദ്ദേഹം തപസു ചെയ്തിരുന്ന ഒരു പാറ ഉണ്ടായിരുന്നു അവിടെ പോയില്ല അതിനു വേറെ വഴി പോകണമായിരുന്നു . അത് തണുപ്പുകാലത്താകട്ടെ എന്നു വച്ചു.
മദ്ധ്യ ഇന്ത്യയിലെ സത്‌നാമികള്‍ എന്ന വര്‍ഗ്ഗക്കാരുടെ ഗുരു ആയി അറിയപ്പെടുന്നു.
ഈ സ്ഥലത്ത് മേള സംഘടിപ്പിക്കാറുണ്ട് വര്‍ഷത്തിലൊരിക്കല്‍
വളരെ ദൂരപ്രദേശങ്ങളില്‍ നിന്നു പോലും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന മേള ആയതിനാല്‍ സര്‍ക്കാര്‍ റോഡുകള്‍ എല്ലാം ഭംഗിയാക്കി.
പങ്കെടുക്കുന്നവര്‍ക്കു താമസിക്കാന്‍ വേണ്ടി ഇതുപോലെ ചില കെട്ടിടങ്ങളും പണീതിട്ടിട്ടുണ്ട്.
അക്ഷരാര്‍ത്ഥത്തില്‍ മണ്ണു നുള്ളിയിട്ടാല്‍ താഴെ വീഴാത്തത്ര വലിയ ജനസഞ്ചയം ആണ് മേള സമയത്ത്.
ഇപ്പൊ ദാ സഹാറ മരുഭൂമി പോലെ.
ഏതായാലും വന്നതല്ലെ മന്ദിരത്തിനകത്ത് കയറി തേങ്ങ സമര്‍പ്പിച്ചു പോകാം എന്നു കരുതി.
ചെരുപ്പ് വണ്ടിക്കകത്തിട്ട് പുറമെ ഇറങ്ങി
റോഡ് ടാര്‍ ചെയ്തതാണ് ചൂടത്ത് തിളച്ചു കിടക്കുന്ന ടാറില്‍ ചവിട്ടുന്നത് ഒന്നോര്‍ത്തേ
അതുകൊണ്ട് ഓടി ഒരരികില്‍ എത്തി.
അവിടെ കല്ലുകള്‍ പാകിയിരിക്കുന്നു.
പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ അവിടെ പന്തവും കൊളുത്തി പട" എന്നു കേട്ടിട്ടില്ലെ?
കാലുകള്‍ നിലത്തു ചവിട്ടാന്‍ പറ്റാത്ത അത്ര ചൂട് .
കടകള്‍ക്കു മുന്നില്‍ ചാക്കു വിരിച്ചിട്ടുണ്ട് അതില്‍ കയറി നോക്കി. എവിടെ അതും പഴുത്തിരിക്കുന്നു.
സര്‍ക്കാരിന് ആളുകള്‍ കൂട്ടം കൂടി നില്‍ക്കാതിരിക്കേണ്ട സ്ഥലം ഇതു പോലെ ഒരുക്കി ഇടാന്‍ സാധിച്ചാല്‍ അത് വന്‍ വിജയം ആയിരിക്കും.
അമ്പലത്തിലേക്കു പോകാനുള്ള വഴിയിലും ഒരു വിരി വിരിച്ചിട്ടുണ്ട് പക്ഷെ അതൊന്നും കാലു പൊള്ളാതിരിക്കാന്‍ പര്യാപ്തമല്ല
കാല്‍ നിലത്തു ചവിട്ടിയാല്‍ ഒരു നിമിഷം പോലും വൈകില്ല അവിടെ നിന്നും പൊക്കും. അങ്ങനെ ഭരതനാട്യം കളിച്ച് ഓട്ടപ്രദക്ഷിണം നടത്തി-
ഒരു പത്തു ജന്മങ്ങളില്‍ ചെയ്ത പാപം എല്ലാം കാലില്‍ കൂടി പോയിക്കാണും
ഒരു വലിയ സ്ഥൂപം പണികഴിച്ചിട്ടുണ്ട്
പക്ഷെ അതിന്റെ ഉദ്ഘാടനം കഴിയാത്തതിനാല്‍ അകത്തേക്കു പോകാന്‍ സാധിച്ചില്ല
അതിനകത്ത് കുതബ് മിനാറിനെ പോലെ മുകളില്‍ വരെ എത്താന്‍ പടികള്‍ ഉണ്ടെന്നു പറഞ്ഞു. മുകളില്‍ നിന്നാല്‍ നല്ല കാഴ്ച ആയിരിക്കും
അവിടെ നിന്നും പോകുമ്പോള്‍ ഞാന്‍ ആലോചിച്ചു. ഈ കാടുകളില്‍ കൂടി ആയിരിക്കില്ലെ ശ്രീരാമചന്ദ്രനും ലക്ഷ്മണനും മറ്റും അന്നു പോയത്?
ഡ്രൈവര്‍ ഓടിക്കുന്ന എ സി കാറില്‍ യാത്ര ചെയ്യുന്ന നമ്മള്‍ക്ക് ഇത്ര കഷ്ടപ്പാട് അപ്പോള്‍ അവര്‍ എങ്ങനെ ആയിരിക്കും പോയിരിക്കുക?
എന്റെ ന്യായമായ സംശയം, കേട്ട് ശങ്കര്‍ പറഞ്ഞു.
"അതെ സര്‍ അവര്‍ ഈ വഴി തന്നെയാണ് പോയത്. ഇനി നാം പോകുന്ന ശിവ്‌രി നാരായണ്‍ ഇല്ലെ ? അവിടെ ആയിരുന്നു ആ വേടസ്ത്രീ ശ്രീരാമന് ബൈര്‍ പഴങ്ങള്‍ കടിച്ചു നോക്കിയിട്ടു കഴിക്കാന്‍ കൊടുത്തത്"
ഞാന്‍ ഞെട്ടിപ്പോയി
"ഹേയ് അതു ശരിയല്ല. ശബരി ഞങ്ങളുടെ നാട്ടിലാണ്. കേട്ടിട്ടില്ലെ ശബരിമല"?
ഇപ്പോള്‍ ശങ്കറും ഞെട്ടി
ഞങ്ങള്‍ രണ്ടു പേരും അല്‍പനേരം ഞെട്ടിയിട്ട് ഒരു തീരുമാനത്തിലെത്തി
ഒരുപാട് തവണ രാമായണം ഉണ്ടായില്ലൊ അതില്‍ ഒരെണ്ണം ഇവിടെയും, ഒരെണ്ണം അവിടെയും ആകട്ടെ.
അങ്ങനെ സന്തോഷമായി ഞങ്ങള്‍ യാത്രതുടര്‍ന്ന് ശിവ്‌രി നാരായണ്‍ എത്തി.
ഛത്തിസ്ഗഢില്‍ ഉള്ള ഒരു നദിയാണ് ശിവ്‌നാഥ് ആ നദി കുറെ ചെന്നിട്ടു മഹാനദിയുമായി ചേരും. രണ്ടു തവണ അതിനെ കുറുകെ കടന്നു. 'മഹാനദി' എന്നു പേരെ ഉള്ളു ഇപ്പൊ - ഇനി മഴ വരുമ്പോഴാണ് പേരു ശരിയാകുന്നത്
ശബരിയെ ഇവിടെ ശിവ്‌രി എന്ന പേരില്‍ വിളിക്കുന്നു.
ഇടുങ്ങിയ റോഡാണ് ഇരുവശങ്ങളിലും കച്ചവടസ്ഥാപനങ്ങള്‍.
അമ്പലത്തില്‍ എത്തിയപ്പോഴേക്കും രണ്ടരമണിയായി. അമ്പലം അടച്ചു പോയി.
പിന്നെ ഒരു പഴയ അമ്പലം
അതുകൊണ്ട് പുറമെ നിന്നും തൊഴുതു പോന്നു
മുന്‍പു പറഞ്ഞതുപോലെ പഴുത്ത കല്ലില്‍ കൂടി നടന്ന് മറ്റൊരു പത്തു ജന്മങ്ങളിലെ പാപം കൂടി ഉണക്കി കളഞ്ഞു- കഴുകി എന്നെഴുതാന്‍ പറ്റില്ലല്ലൊ അല്ലെ?
പുറമെ വന്നപ്പോള്‍ അവിടെ കണ്ട ഒരു കച്ചവടക്കാരനില്‍ നിന്നും ഒന്നു രണ്ടു ഫോട്ടൊകള്‍ വാങ്ങി ഞാന്‍ നടന്നു.
അപ്പോള്‍ അയാള്‍ ഡ്രൈവറെ പിന്നിലേക്കു വിളിച്ച് എന്തൊ കയ്യിലൊ ഭദ്രമായി കൊടുക്കുന്നതു കണ്ടു
അത് ഭക്തിയോടു കൂടി ഡ്രൈവര്‍ എന്നെ ഏല്‍പ്പിച്ചു. രണ്ട് ഇലകള്‍
ഞങ്ങള്‍ തിരികെ വണ്ടിയില്‍ എത്താനുള്ള തെരക്കിലായിരുന്നു. നില്‍ക്കാന്‍ വയ്യ കാലു പോള്ളിയിട്ട്.
വണ്ടിയില്‍ ഇരുന്നു കഴിഞ്ഞ് ഈ ഇലയെ പറ്റി ചോദിച്ചു.
ശങ്കര്‍ വീണ്ടും വാചാലനായി.
" സര്‍ ആ ഇലകള്‍ നോക്കൂ"
ഞാന്‍ നോക്കി ഒരു പ്രത്യേക തരം ഇല. മുന്‍പു കണ്ടിട്ടില്ല. കുമ്പിള്‍ കുത്തിയതു പോലെ ഉണ്ട്.
ആ രണ്ട് ഇലകള്‍ മാത്രമല്ല. ഞാന്‍ തിരികെ ഇറങ്ങി പോയി ആ അമ്പലത്തോടു ചേര്‍ന്നു നില്‍ക്കുന്ന മരം ശ്രദ്ധിച്ചു. അതിലെ എല്ലാ ഇലകളും ഇതുപോലെ തന്നെ.
ശങ്കര്‍ തുടര്‍ന്നു.
ഈ മരത്തിന്റെ ഇലയില്‍ ആയിരുന്നു ശിവ്‌രി ശ്രീരാമചന്ദ്രന് ബൈര്‍ പഴങ്ങള്‍ കൊടുത്തത്. പഴം ശേഖരിക്കുവാനുള്ള സൗകര്യത്തിനു വേണ്ടി ശ്രീരാമന്റെ അനുഗ്രഹത്താല്‍ ആ മരത്തിന്റെ ഇലകള്‍ അന്നു മുതല്‍ കുമ്പിള്‍ പോലെ ആയി എന്നാണ് വിശ്വാസം."
ഏതായാലും ഈ വിഷയം അല്‍പം കൂടി അറിവുള്ളവരോട് ചര്‍ച്ച ചെയ്യണം എന്നു തോന്നി
കൂട്ടത്തില്‍ പരിചയമുള്ള ഒരു മിശ്രയോട് അന്വേഷിച്ചു.
അദ്ദേഹത്തിന്റെ അഭിപ്രായം മറ്റൊരു തരത്തില്‍ -
" ശബരി മതംഗമുനിയുടെ ആശ്രമത്തില്‍ പരിചാരിണി ആയിരുന്നു. മതംഗമുനിയ്ക്ക് ദേഹവിയോഗത്തിനുള്ള സമയം അടുത്തപ്പോള്‍ അദ്ദേഹം ശബരിയോടു പറഞ്ഞു.
എനിക്കു പ്രഭുവിനെ കാണാനുള്ള ഭാഗ്യം ഇല്ല
നിനക്ക് അത് ഉണ്ട്. പ്രഭു ഇപ്പോള്‍ ചിത്രകൂടം വരെ എത്തിയിട്ടുണ്ട്. നീ അതുകൊണ്ട് മഹാനദിക്കരയില്‍ പോകുക അവിടെ അടുത്തുള്ള ആശ്രമത്തില്‍ പരിചാരിണി ആയി വസിക്കുക . ശ്രീരാമന്‍ അവിടെ വരും. അവിടെ വച്ച് നിനക്ക് അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം കിട്ടും."
അപ്രകാരം ശബരി മഹാനദിക്കരയില്‍ എത്തുകയും ഇപ്പറഞ്ഞ ശിവ്‌രി നാരായണ്‍ ഇല്‍ വച്ച് ശ്രീരാമനെ കാണുകയും ചെയ്തു.
അതായത് കേരളത്തിലെ പമ്പാനദിക്കരയിലുണ്ടായിരുന്ന ശബരി ഇവിടെ മഹാനദിക്കരയില്‍ എത്തിയാണ് ശ്രീരാമനെ കണ്ടത് എന്ന്
ഇവിടെ വച്ച് ശബരി പറഞ്ഞു കൊടുത്തതനുസരിച്ചാണ് ശ്രീരാമന്‍ പമ്പാതടത്തിനടുത്ത് സുഗ്രീവനെകാണാനെത്തുന്നത്
"കൃഷ്ണവട്" (വടവൃക്ഷത്തിന്റെ - പേരാലിന്റെ വംശത്തില്‍ പെട്ട മരം ആണ് ഇത്) എന്നാണത്രെ ഈ മരത്തിനെ വിളിക്കുന്നത് ഇത് ത്രേതായുഗം മുതല്‍ നിലനില്‍ക്കുന്നതാണത്രെ
ഇലകള്‍ ശരിക്കും പേരാലിന്റെ ഇലകളെ പോലെ തന്നെ പക്ഷെ ഈ രൂപഭേദം ഉണ്ടെന്നെ ഉള്ളു
ഇലകളുടെ കഥയും മുകളില്‍ പറഞ്ഞതു തന്നെ.
കയ്യില്‍ ക്യാമറ കരുതാഞ്ഞതില്‍ ഞാന്‍ വളരെ വിഷമിച്ചു. മൊബയില്‍ ഉപയോഗിച്ച് കുറച്ചു പടങ്ങള്‍ മാത്രമെ എടുക്കാന്‍ സാധിച്ചുള്ളൂ.
ഏതായാലും പുതിയ ചില കാര്യങ്ങള്‍ അറിഞ്ഞതല്ലെ എല്ലാ കൂട്ടുകാരോടും പങ്കുവക്കാതെ പറ്റില്ലല്ലൊ അല്ലെ
"കൃഷ്ണവട്" (വടവൃക്ഷത്തിന്റെ - പേരാലിന്റെ വംശത്തില്‍ പെട്ട മരം ആണ് ഇത്) എന്നാണത്രെ ഈ മരത്തിനെ വിളിക്കുന്നത് ഇത് ത്രേതായുഗം മുതല്‍ നിലനില്‍ക്കുന്നതാണത്രെ
ReplyDeleteപണിക്കർ സാർ:
ReplyDeleteരാമായണം അത് പ്രചരിച്ച സ്ഥലങ്ങളിൽ എല്ലാം നടന്നെന്നാണ് അതതു നാട്ടുകാർ വിശ്വസിക്കുന്നത്. അത്രയുമാണ് ആ കഥയുടെ സ്വീകാര്യതാ ശക്തി. പമ്പ ആന്ധ്രയിൽ എവിടെയോ ആണെന്നാണ് അവിടത്തുകാർ വിശ്വസിക്കുന്നത്. മലയേഷ്യയിൽപ്പോലും രാമയാണകഥാസംഭവങ്ങൾ നടന്ന സ്ഥലങ്ങളുണ്ട്. മലയാളിക്ക് കേരളത്തിൽ നടന്നെന്നും. രാമായണത്തിലെ പമ്പയും നമ്മുടെ പമ്പാനദിയുമായി പേരിൽ മാത്രമേ ബന്ധമുള്ളു. രാമായണത്തിലെ പമ്പ ഒരു തടാകമാണ്. കിഴക്കും പടിഞ്ഞാറുമാണ് അതിന്റെ തീരങ്ങൾ. നമ്മുടെ പമ്പയ്ക്ക് തെക്കും വടക്കുമാണല്ലോ തീരങ്ങൾ.
സ്ഥലനാമങ്ങൾ പലതും ആധുനികമാണ്. ഭാഷയുടെ വളർച്ചയും തിരിമറിവും അനുസരിച്ച് അത് മാറി മാറിപ്പോവും. കേരലത്തിലെ പല സ്ഥലനാമങ്ങളും തമിഴ് പേരുകൽ പോലെ ആയിരുന്നത് മാറിയിട്ട് അധികം കാലമായില്ല. ചിലതൊക്കെ സംസ്കൃതീകരിച്ചിട്ടുമുണ്ട്. ധനുവച്ച പുരം എന്നത് ഉദാഹരണം. കൃഷ്ണമേനോന്റെ സഹോദരി ജാനകിയുടെ സ്ഥലം ‘ജാനകിക്കാട്’‘ എന്നറിയപ്പെട്ടത് ഈ അടുത്തകാലത്താണ്. ഇനി ഒരു കാലത്ത് അത് സീത വിശ്രമിച്ച സ്ഥലം എന്ന മിത്തിലേക്ക് മാറാൻ സാദ്ധ്യതയുണ്ട്.
രാമായണം എല്ലാ സ്ഥലങ്ങളിലും നടക്കട്ടെ. അതാണ് അതിന്റെ ഒരു സുഖം.
പുരാണങ്ങളെ കുറിച്ചൊന്നും വല്യ പിടിയില്ലാത്തതിനാല്‍ ഇത്തിരി അത്ഭുതത്തോടെ വായിച്ചു തീര്‍ത്തു..
ReplyDeleteഎന്തായാലും വിവരണവും ഫോട്ടോയും നന്നായിട്ടുണ്ട്..
പണിക്കരേട്ടനും കതിരവനും
ReplyDeleteഅഭിവാദ്യങ്ങൾ മാത്രം. കൂടുതൽ പറയാനറിയില്ല ... :(
പുതിയ അറിവുകള്‍, പണിയ്ക്കര്‍ സാര്‍... നന്ദി.
ReplyDeleteഎതിരന്‍ജി പറഞ്ഞതു പോലെ രാമായണം എല്ലാ സ്ഥലത്തും ഓരോ രീതിയില്‍ നടക്കട്ടെ... :)
ഇന്‍ഡോനേഷ്യയിലും ഉണ്ട് രാമായണവും രാമനും ശബരിയുമൊക്കെ. ലോകത്തിന്റെ ഈ ഭാഗത്തെല്ലാം പ്രചാരത്തിലുണ്ടായിരുന്ന ഒരു ചരിത്രം തന്നെ രാമചരിതം. “രാമകഥ” എന്ന ഗ്രന്ഥകര്‍ത്താവ് Father Kamil Bulke യുടെ കണ്ടെത്തല്‍ ഏതാണ്ട് 300 വെര്‍ഷന്‍ രാമായണം ഉണ്ടെന്നാണ്. കംബോഡിയ, ലാവോസ്, ഫിലിപ്പൈന്‍സ്, തായ് ലാന്‍ഡ്, മാലദ്വീപ്, വിയറ്റ്നാം അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ പലരാജ്യങ്ങളിലും രാമായണം ഉണ്ട്. എന്നാല്‍ അവിടെയൊന്നും മതപരമായ ഒരു ഇമ്പ്ലിക്കേഷനുമില്ല രാമായണത്തിന്. അതൊരു കഥ മാത്രമാണ്. അതില്‍നിന്നുദ്ഭവിച്ച കലാരൂപങ്ങള്‍ എമ്പാടുമുണ്ട്. മതപരമായ ഒരു പ്രാമുഖ്യം ഇന്‍ഡ്യയില്‍ മാത്രമേയുള്ളുവെന്ന്‍ തോന്നുന്നു. (തീര്‍ച്ചയില്ല) എന്തായാലും ഒരു കാര്യം ഉറപ്പ്. രാമന്റെ പേരില്‍ കലഹവും കൊലയും വോട്ടുപിടിത്തവു, വേറൊരു രാജ്യത്തുമില്ല.
ReplyDeleteശബരിയാത്രയും ചരിത്രവും ഫോട്ടോകളുമെല്ലാം പോസ്റ്റ് ചെയ്തതിന് താങ്ക്സ്.
ചരിത്രം എഴുതുന്നവര്‍ വരെ ചിലപ്പോള്‍
ReplyDeleteചില താല്പര്യങ്ങള്‍ക്ക് അടിമപ്പെടാറണ്ടത്രേ.
അപ്പോള്‍ വിശ്വാസങ്ങളില്‍ ചില പോറലുകള്‍
ഉണ്ടാവാതെ എല്ലാം അങ്ങനെ തന്നെ ഇരിക്കട്ടെ...
റോഡിന്റെ ദയനീയ സ്ഥിതി കണ്ടിട്ട് കാറിന്റെ സൈഡ്
mirror വരെ മടക്കി വെച്ചു അല്ലെ??
സംഭവം കൊള്ളാം പക്ഷെ എന്തോ ചിത്രങ്ങള്‍ ചിലത് കണ്ടിട്ട് പുണ്യാളനോര് തൃപ്തി തോന്നുന്നില്ല , ഒളി കാമറ പോലെ ഇരിക്കുന്നു ... കാരണം അവിടെ ഓക്കേ ഒരു പാട് കാണാന്‍ തോനുന്നു മോഹം ..... അതാവും നിരാശ തോന്നുന്നത് സന്തോഷം .... കുറെ കാലം ലീവ് ആയിരുന്നു പഴ ബ്ലോഗുകള്‍ ഓക്കേ നോക്കാന്‍ ഉണ്ട്
ReplyDeleteരാമായണം എല്ലാ സ്ഥലങ്ങളിലും നടക്കട്ടെ.
ReplyDeleteഅത് തന്നെ രാമായണം.
ദുര്യോധനന്റെ ഒരെഒരമ്പലമെ ഉള്ളു എന്ന്‍ കേള്‍വി. അതോ കേരളത്തിലെ മലനട എന്ന സ്ഥലം.
സത്യമേവ ജയതേ.
കാല് പൊള്ളിയാലെന്താ കുറെ പാപം കരിച്ച് കളഞ്ഞ്ഞ്ഞല്ലോ.:)
രാമായണം തേടി നടന്ന് എല്ലാ പാപങ്ങളും കാല്പാദങ്ങളിലൂടെ കരിച്ചു കളഞ്ഞ ആദ്യമനുഷ്യാ, പണിക്കർ സാറെ നമസ്ക്കാരം....
ReplyDeleteപീഡനങ്ങളിലൂടെ പാപങ്ങൾക്ക് പൊറുതി വരുമെന്നുള്ളത് ക്രിസ്ത്യാനികളുടെ വിശ്വാസമല്ലേ?
ReplyDelete(ചുമ്മാ കെടക്കട്ടെ)
എതിരന്‍ ജീ, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
ReplyDeleteമിശ്ര പറഞ്ഞതനുസരിച്ച് കേരളത്തിലെ ഋശ്യശൃംഗാശ്രമത്തില്‍ നിന്നും മതംഗമുനി ശബരിയെ ഇവിടെയ്ക്കു പറഞ്ഞയച്ചു എന്നാണ്.
അതായത് ശബരി ഒന്നു തന്നെ
പക്ഷെ നമ്മുടെ ഇടയില്‍ വിശ്വസിക്കപ്പെടുന്നതു പോലെ ശ്രീരാമനും ശബരിയും തമ്മില്‍ കാണുന്നത് ശബരിമലയില്‍ വച്ചല്ല ശിവ്‌രി നാരായണില്‍ വച്ചാണത്രെ
വിശ്വാസം അതല്ലെ എല്ലാം അങ്ങനൊക്കെ ഇരിക്കട്ടെ
കാലു പൊള്ളുന്നതു കൊണ്ട് കുറെ വേദനകള്‍ അനുഭവിച്ചു തീര്‍ക്കേണ്ടവ ആയിട്ടുണ്ടെങ്കില്‍ അനുഭവിച്ചു തീര്‍ന്നു എന്നു വിശ്വസിക്കുന്നത് ഒരു സുഖമല്ലെ?
അതല്ല ഇനിയും ബാക്കി ഉണ്ടെന്നു വിചാരിച്ചു വിഷമിക്കുന്നതില്‍ നല്ലത് അതല്ലെ?
ഹ ഹ ഹ :)
ഖാദു ജി, ശ്രീ, സജ്ജീവ് ജി സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി
ReplyDeleteഅജിത് ജി
ReplyDeleteലോകം മുഴുവന്‍ ഉണ്ടായിരുന്ന കഥയാണത്രെ രാമായണം. എല്ലാ യുഗങ്ങള്‍:ഇലും അത് ആവര്‍ത്തിക്കുന്നുമുണ്ടത്രെ അതല്ലെ സീതാദേവി രാമനോട് ഈ ചോദ്യം ചോദിച്ചത് "മുന്‍പൊന്നും സീതയെ കൂടാതെ രാമന്‍ വനവാസത്തിനു പോയിട്ടില്ലല്ലൊ പിന്നെ ഇപ്പൊ എന്താ? " എന്ന്
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും പ്രത്യേകിച്ച് അതിന്റെ രാഷ്ട്രീയവശത്തിന് ഒന്നു വേറെയും നന്ദി
എന്റെ ലോകം ആ തകര്‍ന്ന റോഡില്‍ കൂടി പോകുമ്പോള്‍ അപ്പുറം എത്തുമോ ന്നു വല്ല്യ നിശ്ചയമില്ലായിരുന്നു.
ReplyDeleteപക്ഷെ സൈഡ് മിറര്‍ ഒതുക്കി വച്ചതിനു കാരനം പണ്ട് എതിരെ വന്ന ഒരുത്തന്‍ ഒരു ബസ്സിനെ ഓവര്‍ടേക് ചെയ്തു വരുന്നതു കണ്ട് ആവുന്നത്ര ഒഴിച്ചു നോക്കി. റോഡിനും വീതിയ്ക്കൊരു പരിധി ഒക്കെ ഇല്ലെ? അവന്‍ വലതുവശത്തെ സൈഡ് മിറര്‍ ഇടിച്ചു പൊട്ടിച്ച് കളഞ്ഞ് ഒരു പാച്ചില്‍. അന്നു മുതല്‍ ഇങ്ങനെയാ
:)
പുണ്യാളാ, തിരികെ എത്തി അല്ലെ നന്ദി
ReplyDeleteപടം വൃത്തി ആകാത്തതിനു മൂന്നു കാരണങ്ങള്‍
1. ഫോടൊഗ്രാഫര്‍ അതായതു ഞാന്‍ പക്ഷെ അതു മുഴുവന്‍ അംഗീകരിച്ചു തരില്ല.
2. മൊബയിലില്‍ എന്തോന്നു ഫോട്ടോ? ക്യാമറ കയ്യില്‍ എടുത്തില്ല
3. സഹിക്കാന്‍ പറ്റാത്ത ചൂട് പുറമെ ഇറങ്ങി പടം എടുക്കാന്‍ നോക്കുമ്പോള്‍ മൊബയിലില്‍ ഒന്നും കാണുന്നില്ല. ചൂടുകാരണം ഗ്ലാസ് താഴ്ത്തി വയ്ക്കാന്‍ പോലും സാധിക്കില്ല
ഹൊ കുറെ കാരണങ്ങള്‍ കിട്ടി സമാധാനം ആയില്ലെ?
വേണു ജീ
ReplyDeleteദുര്യോധനന്റെ അമ്പലം അത് എവിടെയാ ആ സ്ഥലം?
അടുത്ത തവണ തണുപ്പുകാലത്ത് ക്യാമറയും ആയി പോകാം. എന്നിട്ട് നല്ല പടം ഇടാം പോരെ?
ReplyDeleteഹ ഹ ഹ :)
പ്രിയപ്പെട്ട ശങ്കര്‍ജി,
ReplyDeleteസുപ്രഭാതം !
അവരുടെ വിശ്വാസങ്ങള്‍ അവര്‍ക്കും നമ്മുടെ വിശ്വാസങ്ങള്‍ നമുക്കും തുണയാകട്ടെ !
ഈ ഇലകള്‍ കാണാന്‍ എന്തൊരു ഭംഗി! ആ കഥ ശരിക്കും ഇഷ്ട്ടപ്പെട്ടു.....!ശ്രീരാമചന്ദ്രന്‍ അനുഗ്രഹിച്ച മരത്തിന്റെ
ഇലകള്‍...!
ആ ഇലകളില്‍ ഞാവല്‍പഴങ്ങള്‍ ശേഖരിക്കാന്‍ കൊതിയാകുന്നു.
യാത്രാവിവരണങ്ങള്‍ അറിവ് കൂട്ടുന്നു.
അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ. തൃശൂരില്‍ മഴ തുടങ്ങി,കേട്ടോ!
മനോഹരമായൊരു ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
പണിക്കര്‍ സാറേ,
ReplyDeleteMalanada - The one and only Duryodhana Temple in South India.
http://www.malanada.com/
അനുപമ ജി, സന്ദര്‍ശിച്ചു അല്ലെ വളരെ നന്ദി
ReplyDeleteഅക്ഷരതെറ്റുകള്‍ കൂടപ്പിറപ്പാണ്. ഇതില്‍ എത്രയോ കുറവ് ഇനി ശ്രദ്ധിക്കാം
വേണു ജീ
അമ്പലം കണ്ടു എന്തു വലിയ അമ്പലം ആണ് ആദ്യമായി കേള്‍ക്കുന്നു
നന്ദി
നല്ല വിവരണം,പുതിയ അറിവുകൾ... പിന്നെ രാമായണ കഥയും ഒരു മിത്തല്ലേ...എന്റെ നാട്ടിനടുത്തണു അഗസ്ത്യാർകൂടം... രാമനും ലക്ഷ്മണനും ഇവിടെയും വന്നിരുന്നൂ..നേരത്തെ എതിരൻ കതിരവൻ പറഞ്ഞപോലെ ധനുവച്ചപുരം( രാമൻ വില്ലുവച്ച സഥലം) നെയ്യാറ്റിൻ കരക്ക് തൊട്ടടുത്താണു... എന്തായാലും താങ്കളുടെ യാത്രാ വിവരണം കുറേ നല്ല അറിവുകൾ പകർന്ന് തന്നു...നന്ദി
ReplyDeleteThis comment has been removed by the author.
ReplyDeleteചന്തുനായര്‍ ജി,
ReplyDeleteസന്ദര്‍ശനത്തിനും അഭിപ്രായത്തിനും വളരെ വലരെ നന്ദി.
കാല്‍നടയായി ഭാരതത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പോയ ഇവരെ പറ്റി ഓര്‍ക്കുമ്പോള്‍,
അല്ല ശങ്കരാചര്യര്‍ നാലുപ്രാവശ്യം അല്ലെ കാല്‍നടയായി പോയത് അതും 16 വയസിനിടയ്ക്ക്.
ധനുവച്ചപുരം അതാണ് അല്ലെ ശ്രീരാമന്‍ വില്ലു വച്ചത്. സായിപ്പു വന്ന് പേരുകളെല്ലാം ഒരു വഹയാക്കിയപ്പോള്‍ പലതും മനസിലാകാന്‍ പറ്റാതെ പോകുന്നു
ബന്ദോപാദ്ധ്യായനെ പിടിച്ച് ബാനര്‍ജി ആക്കിയ വര്‍ഗ്ഗമല്ലെ
അപ്പോൾ സാറും തുടങ്ങിയോ ഈ യാത്രാവിവരണം? കൊള്ളാം!!!!!!
ReplyDeleteഭാഗ്യം, കാമറ കയ്യിൽ കരുതാതിരുന്നത്. (കാമറ ഇല്ലാതെ തന്നെ ഇത്രയും ഫോട്ടോ; അപ്പോൾ കാമറ ഉണ്ടായിരുന്നെങ്കിലത്തെ സ്ഥിതി?)
ആശംസകൾ!!!!!!!!
ഹ ഹ ഹ ആള്‌രൂപന്‍ ജി,
ReplyDeleteഞാന്‍ അവിടെ പോയി സര്‍വശിക്ഷയും കണ്ട് വന്നതെ ഉള്ളു
കിട്ടുമെങ്കില്‍ രണ്ടു സംസ്ഥാനവിത്തും കൂടി സംസ്ഥാനവിത്ത് ഉല്‍പാദനകേന്ദ്രത്തില്‍ നിന്നും വാങ്ങണം എന്നും കരുതിയതാ സ്ഥലത്തിനൊക്കെ ഇപ്പൊ എന്താ വില
പണിക്കർജീ,
ReplyDeleteകേന്ദ്രവളം ഇല്ലായിരുന്നെങ്കിൽ ഈ സംസ്ഥാനവിത്തുകള്‍ ഒന്നും ഇന്നത്തെ അവസ്ഥയിലെത്തുമായിരുന്നില്ല. ഇത് ഗവണ്മെന്റിനും പാർട്ടികൾക്കും ബാധകം. പിന്നെ ലോകനിര്‍മ്മാണ്‍ വിഭാഗ് മാത്രമല്ല പ്രതീക്ഷ, പർദ്ദ എന്നിങ്ങനെ ഹിന്ദിയിലെ പലപല വാക്കുകളും എഴുതാനുള്ള ധാരാളം പഴുതുകൾ കാട്ടിത്തരുന്നുണ്ട്.പ്രതീക്ഷയും പർദ്ദയും എന്റെ കൈത്തരിപ്പറിഞ്ഞിരിക്കുന്നു. അവയും എന്റെ ബ്ലോഗിലുണ്ട്.
പണിക്കർസർ,
ReplyDeleteനല്ല ഒരു പോസ്റ്റ്. ചിത്രങ്ങളും അത്രകണ്ടു കുഴപ്പമൊന്നുമില്ല. ഒരു പ്രൊഫഷണൽ ടച്ച് ഇല്ലെന്നേയുള്ളൂ. മലനട, ഓച്ചിറ കഴിഞ്ഞു കരുനാഗപ്പള്ളിയിലേക്കുള്ള വഴിയിൽ നേരേ ചെല്ലുമ്പോൾ വലിയകുളങ്ങര ക്ഷേത്രമൊക്കെ കഴിഞ്ഞ് ചങ്ങൻകുളങ്ങര എന്ന സ്ഥലത്തെത്തും. അവിടെ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് (കാറിലാണെങ്കിൽ) പാവുമ്പ എന്ന സ്ഥലത്തുള്ള കാളീക്ഷേത്രത്തിലും അതിനോടടുത്തുള്ള മലനട ക്ഷേത്രത്തിലും ആണെത്തുന്നത്. എന്നാൽ അവിടെ ശാന്തി മന്ത്രങ്ങൾ ഉപയോഗിച്ചുള്ള പൂജാക്രമമാണെന്നു തോന്നുന്നില്ല. ആളു ‘നോൺ വെജാ‘ണെന്നാണു തോന്നുന്നത്. കൃത്യമായി അറിയില്ല. എന്തായാലും ഏതെങ്കിലും അനുഭവസ്ഥരോട് അന്വേഷിച്ചിട്ടു പോകുന്നതാവും നല്ലത്.
*ചങ്ങൻ കുളങ്ങരയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമാന്യം വലിയ ഒരു ശിവക്ഷേത്രമുണ്ട്.
ReplyDeleteമലനടയില്‍ കള്ളാണ് നിവേദ്യം.:)
ReplyDeleteഹ ഹ ഹ അപ്പോള്‍ പ്രസാദവും അതു തന്നെ ആയിരിക്കുമോ?
ReplyDeleteസർവ്വവ്യാപിയല്ലേ ?
ReplyDeleteതൂണിലും തുരുമ്പിലും ...
പണിക്കർജി,
ReplyDeleteപല കാരണങ്ങളാൽ കുറെ നാളായി ബ്ലോഗിൽ സന്ദർശനം ഇല്ലായിരുന്നു.
ശ്രീ. അസ്സീസ്സ് തരുവണ എഴുതിയ “വയനാടൻ രാമായണം” വായിച്ചിരുന്നു. അദ്ദേഹത്തിന്റെ രാമായണ പഠനത്തിന്റെ ചില ഭാഗങ്ങളാണ് അതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ശ്രീ.എ.കെ.രാമാനുജന്റെ രാമായണ പഠനത്തെക്കുറിച്ച് ആമുഖത്തിൽ വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ “ത്രീ ഹണ്ട്രഡ് രാമായണാസ്: ഫൈവ് എക്സാംബിൾസ് ആന്റ് ത്രീ തോട്ട്സ് ഓൺ ട്രാൻസ്ലേഷൻസ്” എന്ന ഗ്രന്ഥത്തിൽ ലോകത്തിലെ മുന്നൂറിൽ പരം വ്യത്യസ്തമായ രാമായണ കൃതികളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ‘വയനാടൻ രാമായണത്തിൽ‘ വയനാടൻ ഗ്രാമങ്ങളിലുള്ള നിരവധി രാമായണങ്ങളുടെ പാഠഭേദങ്ങൾ വിവരിക്കുന്നുണ്ട്. ആ സംഭവങ്ങളെല്ലാം ആ ഗ്രാമങ്ങളിൽ തന്നെ നടന്നതായി അവിടെയുള്ളവർ വിശ്വസിക്കുന്നു. അവിടെയും സീത കുളിച്ച കുളവും, ലവ-കുശന്മാരുടെ ക്ഷേത്രവും എല്ലാം ഉണ്ട്. ലോകത്തിൽ എല്ലായിടത്തും രാമായണ കഥാപാത്രങ്ങളും സ്ഥലനാമങ്ങളും അവിടത്തെ ഓരോ ഗ്രാമമനസ്സുകളിലും കുടിയിരിക്കുന്നുണ്ടാകും. അത്രയ്ക്ക് സ്വീകാര്യത അതിന് ഉണ്ടായിരുന്നിരിക്കണം.
സൃഷ്ടി ലോകാന്തരങ്ങളിൽ മാത്രമല്ല, എല്ലാ കല്പങ്ങളിലും ഒരുപോലത്തന്നെയാണെന്ന് ഋഗ്വേദം സൂചിപ്പിക്കുന്നു.
“സൂര്യാചന്ദ്രമസൌ ധാതാ യഥാ പൂർവമകല്പയത് ദിവം ച പൃതിവീംചാന്തരീക്ഷ മഥോ സ്വഃ”.
(സൂര്യൻ, ചന്ദ്രൻ, ആകാശം ഭൂമി, അന്തരീക്ഷം, അവയിലുള്ള സുഖങ്ങൾ, വിശിഷ്ടവസ്തുക്കൾ എന്നിവയെല്ലാം ധാതാവായ ഈശ്വരൻ മുൻകല്പങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നതുപോലെ തന്നെയാണ് ഈ കല്പത്തിലും സൃഷ്ടിച്ചിട്ടുള്ളത്.)