Monday, January 29, 2018

കിട്ടേണ്ടത് കിട്ടുമ്പോൾ തോന്നേണ്ടത് തോന്നും

ഇത് ഒരു കഥയല്ല. ഒരു സംഭവം മാത്രം. ഞാൻ അന്ന് വളരെ ചെറിയ പ്രായം മൂന്നാം ക്ലാസിൽ പഠിക്കുന്നു. ഞാൻ വീട്ടിലേ ഏറ്റവും  ചെറിയ കുട്ടി. അയല്പക്കത്തൊന്നും എന്റെ പ്രായത്തിലുള്ള ആൺകുട്ടികൾ ഇല്ല. ഉള്ളവർക്കൊക്കെ പ്രായം കൂടുതൽ. എനിക്കു സമപ്രായത്തിൽ പെൺകുട്ടികൾ ആണ്‌. ഒന്ന് അടുത്ത വീട്ടിലെ വൽസല, അടുത്തത് പുലയക്കുടിലിലെ കാർത്യായനി. ഞങ്ങൾ ഒക്കെ ഒരേ ക്ലാസിൽ പഠിക്കുന്നു.

കാർത്യായനി മിക്കപ്പോഴും എന്റൊപ്പം ആയിരിക്കും നടക്കുക. ഒരു കിലോമീറ്ററിലധികം ദൂരം ഉണ്ട് സ്കൂളിലേക്ക്.

അങ്ങനെ ഇരിക്കുന്ന കാലത്താണ്‌ എന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠൻ  വിവാഹിതനാകുവാൻ പോകുന്നത്.


വീട് എന്ന് വച്ചാൽ പണ്ടത്തെ അറപ്പുര ഇല്ലെ അത് തന്നെ . ഒരു അറയും അതിനു ചുറ്റുമായി ചായ്ച്ചുകെട്ടിയ മുറികളും. അതു കാരണം Privacy ഉള്ള BedRoom ഒന്നും ഇല്ല.

അതിനായി മുറി പണിയാൻ തീരുമാനം ആയി. പടിഞ്ഞാറുവശത്തേക്ക് മൂന്നു മുറികൾ ഇറക്കി പണിയുക.

ആശാരിയെ വിളിച്ചു. അന്ന ഓരോ നാട്ടിനും ഓരോ ആശാരിമാർ ഉള്ള കാലം അല്ലെ? ഞങ്ങളുടെ സ്ഥലത്തെ പ്രധാനി

പുള്ളിയെ വരുത്തി.അഛനും അയാളുമായുള്ള സംസാരം

 അവിടെ പണീയാൻ  പറ്റില്ല.

എന്തുകൊണ്ട്?

സ്ഥാനം ശരിയല്ല

അത് സാരമില്ല അവിടെ പണിഞ്ഞാൽ മതി.

ആൾ വാഴില്ല അതു കൊണ്ട് പണീയില്ല

ഞാൻ അതിൽ കിടന്ന് ചത്തോളാം പണിഞ്ഞോളൂ

പക്ഷെ  സമ്മതിച്ചില്ല

അഛൻ അദ്ദേഹത്തിന്റെ അനന്തിരവനെ വിളിച്ചു - നാണു ആശാരി.

അഛനോട് എതിർക്കാൻ അദ്ദേഹത്തിൻ കഴിയില്ല, പറഞ്ഞു നോക്കി അമ്മാവൻ പറഞ്ഞതല്ലെ എന്നൊക്കെ. പക്ഷെ അഛന്റെ കലപന അനുസരിക്കേണ്ടി വന്നു.

അങ്ങനെ നാണു ആശാരിയും അദ്ദേഹത്തിന്റെ ബന്ധു പരമേശ്വരപ്പണീക്കനും കൂടി പണീക്കുള്ള ഒരുക്കം തുടങ്ങി

തടി എവിടെയോ പോയി കണ്ടു വാങ്ങി. അന്നൊന്നും ഈർച്ചമില്ലല്ല. വാളുമായി ആശാരിമാർ വന്ന് വീട്ടിൽ വച്ചു തന്നെയാണ്‌ തടി അറക്കുക.

എനിക്കാണെങ്കിൽ സ്കൂൾ വിട്ടു വന്നാൽ ഭയങ്കര രസം.

തടി അറക്കലും പണീയലും ഒക്കെ. അറക്കുന്ന തടിക്ക് ആപ്പു വക്കുമ്പോൾ പണ്ട്  പഞ്ചതന്ത്രത്തിലെ കുരങ്ങന്റെ വാലു പോയ കഥയും ഒക്കെ ഓർത്ത് അവിടെ ചുറ്റിപറ്റി നില്ക്കും.

അങ്ങനെ ഒരു ദിവസം സ്കൂളിൽ നിന്നും വരുന്ന വഴി കാർത്യായനി പറഞ്ഞു
“പണിക്കന്മാരുടെ ഗുരു പട്ടിയാ”

അതെനിക്ക് പുതിയ അറിവായിരുന്നു.

അതെന്താ അങ്ങനെ?

കാർത്യായനി വിശദീകരിച്ചു. “ആശാരിമാർ പണീയുന്നത് കണ്ടിട്ടില്ലെ? അവർ ഒരു കാലു കൊണ്ടു ചവിട്ടി പിടിച്ചിട്ടു പണിയുന്നത്? ങാ അത് തന്നെ. പട്ടി ഇല നക്കുന്നത് എങ്ങനാ?  അതും ചവിട്ടി പിടീച്ചല്ലെ?  അതാ പറഞ്ഞത്”

എന്റെ കൊച്ചു മനസിൽ അതൊരു പുതിയ വിജ്ഞാനം ആയി. അത് എല്ലാവരോടും പറയാനുള്ള ഒരു ആക്രാന്തം.

വീട്ടിൽ എങ്ങനെ എങ്കിലും എത്തിയാൽ മതി എന്നായി.

എത്തിയതും പുസ്തകം കൊണ്ട് വച്ച് ഉടുപ്പും ഊരി നേരെ പണീപ്പുരയിൽ എത്തി

അവിടെ ആശാരിമാർ പണീയുന്നുണ്ട്. അഛനും അവിടെ ഇരിപ്പുണ്ട്.

നാണു ആശാരി ചോദിച്ചു എന്തൊക്കെ ഉണ്ട് കുഞ്ഞെ വിശേഷം എന്തൊക്കെ പഠിച്ചു?

എന്നെ കുഞ്ഞെ എന്നാണു വിളിക്കുക

ഞാൻ പെട്ടെന്ന് ചോദിച്ചു “പണിക്കന്മാരുടെ ഗുരു പട്ടിയാ അല്ലെ?”

അവരൊന്നും അത് കാര്യമായി എടുത്തില്ല. അവർ ചോദിച്ചു “അതെന്താ കുഞ്ഞ് അങ്ങനെ പറഞ്ഞെ?

ഞാൻ വിശദീകരിച്ചു ”പട്ടി ഇല ചവിട്ടി പിടിക്കുന്നത് പോലെ അല്ലെ നിങ്ങളും തടി ചവിട്ടി പിടിക്കുന്നത്?“

കുറെ ദിവസങ്ങളായി പണീഞ്ഞു കൊണ്ടിരിക്കുന്ന അവരുടെ കൂടെ തന്നെ ആയിരുന്നു ഞാനും. ഇത്രയും നാൾ ഇല്ലാത്ത ഈ വിജ്ഞാനം എവിടന്നു കിട്ടി എന്നറിയാൻ അവർക്കും താല്പര്യം ആയി. ആരെങ്കിലും പറഞ്ഞു കൊടുത്തതാകും അല്ലാതെ ഇപ്പോൾ പെട്ടെന്ന് വെളിപാടൂ വന്നതാകില്ലല്ലൊ

അവർ ചോദിച്ചു ”ആട്ടെ കുഞ്ഞിനോടിതാരാ പറഞ്ഞത്?“

ഞാൻ പറഞ്ഞു "കാർത്യായനി. ഇപ്പോൾ സ്കൂളിൽ നിന്നും വന്നപ്പോൾ പറഞ്ഞു തന്നതാ”

അഛൻ അവിടെ നിന്നും ഒന്നും മിണ്ടാതെ എഴുനേറ്റു പോയി.

വിശദീകരണവും കഴിഞ്ഞ് കുറച്ച് നേരം കൂടി പണീ ഒക്കെ കണ്ട് ഞാനും അവിടെ നിന്നു പോയി. ആശാരിമാർ പണിയും കഴിഞ്ഞു പോയി.

അടുക്കളയിൽ എത്തി ചായ കുടിക്കാനുള്ള ആഗ്രഹത്തിൽ

അപ്പോൾ അമ്മ ആ സത്യം പറഞ്ഞു. നാളെ കാലത്തെ ആശാരിമാർ വരുമ്പോൾ അവരുടെ അടുത്ത് ചെന്ന് അറിവില്ലാതെ പറഞ്ഞു പോയതാ ക്ഷമിക്കണം എന്ന് പറഞ്ഞ് കാൽ തൊട്ടു തൊഴുതു വന്നിട്ടെ ഇനി ഇവിടെ ആഹാരം ഉള്ളു. അഛന്റെ കല്പന ആണ്‌.

കേട്ടു നിന്ന ചേട്ടന്‌ പാല്പായസം കുടിച്ച സന്തോഷം. എനിക്ക് അടീ കിട്ടുന്നതിനോളം സന്തോഷം ഉള്ള  വേറെ ഒരു കാര്യവും ചേട്ടനില്ല.

അഛൻ ഒരു കാര്യം പറഞ്ഞാൽ അത് നടപ്പിലാകും എന്നതിന്‌ ആർക്കും ഒരു സംശയവും ഇല്ല.

ചേട്ടൻ പിന്നാലെ നടന്ന് ഓർമ്മിപ്പിക്കാൻ തുടങ്ങി  നാളെ രാവിലെ മാപ്പ് പറയണം.

ഇതിൽ എന്താണീത്ര പറയാനുള്ളത് എന്നു മനസിലാക്കാനുള്ള വിവരം ഒന്നും അന്ന് എനിക്കായിട്ടില്ല.

ഏതായാലും അന്ന് അത്താഴപ്പഷ്ണി ആയി.

പിറ്റേ ദിവസം ചേട്ടൻ വളരെ നേരത്തെ ഉണർന്ന് എണീറ്റ് എന്നെ ഉണർത്തി രാവിലെ മാപ്പു പറയണം.

ആശാരിമാർ വന്നപ്പോഴേക്കും 8 മണിയായി. അവർ വന്നതും  ചേട്ടൻ തന്ന് എന്നെ എഴുന്നള്ളിച്ചു കൊണ്ടു പോയി.

ഞാൻ അവരുടെ കാൽ തൊട്ട് വണങ്ങി അറിവില്ലാതെ പറഞ്ഞു പോയതാണ്‌ മാപ്പു തരണം എന്നു പറഞ്ഞ്, അവർ സാരമില്ല കുഞ്ഞെ എന്നു പറഞ്ഞ് വിട്ടു
അപ്പോഴാണ്‌ അഛന്റെ വരവ് വെട്ടി വച്ചിരുന്ന തുഞ്ചാണിയും ആയി.

ഒരു നാലെണ്ണം കിട്ടിയപ്പോൾ എനിക്ക് മനസിലായി ഇതൊക്കെ അങ്ങനെ വിളിച്ചു പറയാൻ കൊള്ളരുതാത്ത കാര്യം ആയിരുന്നു എന്ന്.

പക്ഷെ അപോഴേക്കും നാണു ആശാരി എഴുനേറ്റ് വന്ന എന്നെ അഛന്റെ കയ്യിൽ നിന്നും രക്ഷപ്പെടുത്തി.

അടിയുടെ വേദനയെക്കാളും എനിക്ക് പക്ഷെ വിഷമം ഉണ്ടാക്കിയത് അത് കണ്ടു നിന്ന ചേട്ടന്റെ ചിരി ആയിരുന്നു എന്നു മാത്രം

ഇനി മേലിൽ കാർത്യായനിയും ആയി ഒരു കൂട്ടും വേണ്ട എന്ന കല്പനയോടു കൂടി ഇക്കഥ ശുഭം
1 comment:

  1. അടിയുടെ വേദനയെക്കാളും എനിക്ക്
    പക്ഷെ വിഷമം ഉണ്ടാക്കിയത് അത് കണ്ടു
    നിന്ന ചേട്ടന്റെ ചിരി ആയിരുന്നു എന്നു മാത്രം...

    ReplyDelete