Tuesday, January 23, 2018

ഹാർ ജാൻ ദോ ഹാർ ജാൻ ദോ

ഗ്രാമങ്ങളിൽ ചുറ്റി നടന്നാൽ കാണാൻ കിട്ടുന്ന കാഴ്ച്ചകൾ പലതും  അത്ഭുതകരമായിരിക്കും, അല്ലെ?

ഒരിക്കൽ പോയ ഗ്രാമത്തിൽ  - ആ ഗ്രാമത്തിന്റെ പേർ ഇപ്പോൾ ഓർക്കുന്നില്ല. ഗ്രാമസഭകൂടുന്ന സ്ഥലത്തിനടുത്തുള്ള ഒരു വെളിം പറമ്പിലായിരുന്നു ഞങ്ങൾ കാമ്പ് ചെയ്തത്. അധികം രോഗികൾ ഒന്നും ഇല്ലായിരുന്നു. ഉള്ളവരെ ഒക്കെ നോക്കിയിട്ട് ഉച്ച ആഹാരവും കഴിച്ച് വിശ്രമിക്കുന്ന സമയം.


സഭകൂടുന്ന മണ്ഡപത്തിനടുത്ത് ഒരു വലിയ കിണർ ഉണ്ട്. കിണർ എന്നു പറഞ്ഞാൽ പോരാ കുളം എന്നു പറയാം. പക്ഷെ കോൺക്രീറ്റ് കൊണ്ടുണ്ടാക്കിയ ഒരു വലിയ തറയിൽ ഏകദേശം 15 അടി Diameter ഉള്ള ഒരു വലിയ കുഴി. അതിൽ വെള്ളം ഏകദേശം 15 അടി താഴ്ച്ച വരെ ഉണ്ട്. ആഴം വളരെ ഉണ്ടെന്നു തോന്നുന്നു.  കൃഷിക്കും ആളുകൾ എടുക്കാനും ഒക്കെ ആയി ശേഖരിക്കുന്നതാണ്‌.

ഇതിനൊരപകടം എന്താണെന്നു വച്ചാൽ വക്ക് മുകളിലേക്ക് കെട്ടിയിട്ടില്ല, നോക്കാതെ നടന്നാൽ അതിൽ വീഴും തീർച്ച

ആ കിണറിനടുത്ത് നിന്ന് ഒരു വലിയ ശബ്ദം.

ആളുകൾ ഓടി വരുന്നു.
ഞങ്ങളും പോയി നോക്കി ഒരു വലിയ പശു ആ കിണറ്റിൽ വീണു. അത് വെപ്രാളത്തോടു കൂടി നീന്തി വക്കിനു ചെന്ന് ഭിത്തിയിൽ കാലെടുത്ത് വയ്ക്കും പിന്നിലേക്ക് മറിഞ്ഞ്  വീഴും


This image Courtsey  Google


എനിക്ക് ആകെ വിഷമം  ആയി

കിണറീനു വക്ക് കെട്ടാത്തതിനെ കുറിച്ച് എന്റെ കൂടെ ഉണ്ടായിരുന്നവരോടു ദേഷ്യത്തിൽ വിശദീകരിക്കുകയും , വിവരമില്ലാഴികയെ കുറ്റപ്പെടുത്തുകയും , വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് പ്രസംഗിക്കുകയും ഒക്കെ ചെയ്തു.

ഗ്രാമത്തിലെ ചില പ്രമുഖർ കസേര എടുത്ത് ഇട്ട് അതിനടുത്ത് ഇരിപ്പുണ്ട്. ചില ആളുകൾ നിർദ്ദേശങ്ങൾ കൊടൂക്കുന്നുണ്ട്.

ഞാൻ ഒരു ഗ്രാമവാസിയോടു ചോദിച്ചു. ഇനി എന്ത് ചെയ്യും?

അയാൾ കൂളായി പറഞ്ഞു

ഒ ഇതിവിടെ സാധാരണയാ. അതിനെ ഇപ്പൊഴിങ്ങു കേറ്റും

പശുവിന്റെ വെപ്രാളത്തിനെക്കാൾ കൂടൂതൽ എനിക്കു വെപ്രാളം ആയി

അപ്പോഴേക്കും കുറച്ചു പേർ കയറും - (ചെറിയ വടം)  ചാർപ്പായി എന്നു വിളിക്കുന്ന നാലുകാലിൽ കയർ കെട്ടി ഉണ്ടാക്കുന്ന കട്ടിലും ഒക്കെ കൊണ്ടു വന്നു.

വടം ചാർപ്പായയുടെ നാലു മൂലകളിലും ഓരോന്ന് കെട്ടി നാലു പേർ കിണറീന്റെ നാലു വശത്തായി നിന്നു.

ഞാൻ പിന്നിൽ നിന്ന് പെട്ടെന്നാകട്ടെ പെട്ടെന്നാകട്ടെ എന്നു പറയുന്നുണ്ട്.

എവിടെ, ആരു കേൾക്കാൻ

അതിൽ ഒരുത്തൻ പറയുന്നുണ്ട്  “ഹാർ ജാൻ ദോ ഹാർ ജാൻ ദോ

പശു ഇപ്പോഴും വലിയ വെപ്രാളത്തിൽ ആണ്‌. ആ വെപ്രാളം തീർന്ന് പശു അവശ ആകട്ടെ എന്നാണവൻ പറയുന്നത്, അല്ലാതെ അങ്ങോട്ട് ചെന്നാൽ ചിലപ്പോൾ ചെല്ലുന്നവനും കൂടി മുങ്ങുമായിരിക്കും.

ഏതായാലും പതിയെ പതിയെ പശു തളർന്നു

നിമിഷങ്ങൾക്കുള്ളീൽ  ചാർപ്പായ താഴേക്കെത്തി അതിൽ ഒരു വടത്തിൽ കൂടി ഒരു ആളും ഇറങ്ങി ചാർപ്പായ പശുവിനടിയിൽ ആക്കി, നാലുപേർ കൂടി വലിച്ച് അല്പം പൊക്കി. താഴെ ചെന്ന ആൾ കൊണ്ടു പോയ ഒരു കയർ കൊണ്ട് പശുവിനെ ചാർപ്പായയിൽ കെട്ടി, ആളും ചാർപ്പായയും പശുവും എല്ലാം കൂടി പറഞ്ഞു തീരുന്നതിനിടയിൽ കരയിൽ എത്തി.


ചാർപ്പായയോടു ബന്ധിച്ച കയർ  അഴിച്ചപ്പോഴത്തെ ആ പശുവിന്റെ പാച്ചിൽ അതിപ്പോഴും എനിക്ക് കണ്മുന്നിൽ കാണാം.

4 comments:

  1. ഇപ്പോഴും ആയ കുളം അങ്ങനെ ആണോ ആവോ?????????

    ReplyDelete
  2. Replies
    1. സത്യം ആ പശുവിന്റെ പാച്ചിൽ ഒന്നു കാണേണ്ടത് തന്നെയായിരുന്നു

      Delete