Tuesday, January 30, 2018

പ്രസംഗമൽസരം

ഞങ്ങളുടെ വീട്ടിൽ പശു, കോഴി , പട്ടി പൂച്ച ഇവ നാലു തരം ജന്തുക്കൾ അഞ്ചാമതായി മനുഷ്യർ ഇങ്ങനെ അഞ്ചു കൂട്ടം ജീവികൾ സസന്തോഷം വാഴുന്ന ഇടം ആയിരുന്നു.

കോഴികളെ തെങ്ങിന്റെ ഓല വളച്ച് വച്ചുണ്ടാക്കുന്ന ഒരു തരം കൂട്ടിനുള്ളിൽ ആക്കി, കയർ കെട്ടി വലിച്ച് പൊക്കത്തിൽ തൂക്കിയിടും, ഇല്ലെങ്കിൽ മിക്കവാറും കുറൂക്കൻ കൊണ്ടു പോകും. വൈകുന്നേരം ആയാൽ കോഴികൾ കൂട്ടിൽ കയറാൻ തയ്യാറായി വരുന്നതൊക്കെ ഒരു പ്രത്യേക കാഴ്ച തന്നെയാണ്‌. പകൽ പിടിക്കാൻ ചെന്നാൽ ഓടി മറയുന്ന അവ സന്തോഷമായി നമ്മുക്ക് അനുസരിച്ച് നില്ക്കും.

കാലത്ത് അവയെ ഇറക്കി വെളിയിൽ വിടണം. ഇതൊക്കെ ദിനചര്യയിൽ പെടുന്ന കാര്യങ്ങൾ.

അന്നു ഞങ്ങൾക്ക് വീരൻ എന്നു പേരായ ഒരു പട്ടി ഉണ്ടായിരുന്നു. അടുത്തുള്ള പുലത്തറയിൽ അവരും കുറച്ച് പട്ടികളെ വളർത്തി. മൂന്നു നാലെണ്ണം ഉണ്ടായിരുന്നു എങ്കിലും അതിൽ പത്രോസ് എന്നു വിളിക്കുന്ന ഒരെണ്ണം പോക്കിരി ആയിരുന്നു.

അവൻ ഇടയ്ക്കിടയ്ക്ക് അതിരു ലംഘിച്ച് ഞങ്ങളുടെ പറമ്പിലെത്തും, പൂച്ചയെ അവൻ ഓടിയ്ക്കും, കോഴിയെ ഉപദ്രവിക്കും. അതുകൊണ്ട് എനിക്കവനോട് വലിയ കലി ആയിരുന്നു. കയ്യിൽ കിട്ടുന്ന കല്ലും മറ്റും വലിച്ചെറിഞ്ഞ് ഓടിയ്ക്കും. പട്ടികൾക്ക് അതിർ ബോധം ഉണ്ട് അറിയിലെ?  അവയുടെ അതിരിനകത്ത് അവർ ശൗര്യം കാണിക്കും, വല്ലവന്റെയും അതിരിലാണെങ്കിൽ തിരികെ ഓടും

ഇത് പറയാൻ ഒരു പ്രത്യേക കാരണം ഉണ്ട് - നമ്മളും അങ്ങനെ തന്നെയാ അല്ലെ? സംശയം ഉണ്ടോ?

ഒരിക്കൽ പത്രോസിനെ ഓടിക്കാൻ , പശുവിനെ കെട്ടുന്ന കുറ്റി ഒരെണ്ണം എടുത്ത് കൊണ്ട് ഞാൻ അവന്റെ പിന്ന്നാലെ ഓടി, അവൻ രക്ഷപ്പെടും എന്നായപ്പോൾ ഞാൻ ആ കുറ്റി വലിച്ച് അവനെ എറിഞ്ഞു. അപ്പോഴേക്കും ഞാൻ എന്റെ അതിരിനു പുറത്തായിരുന്നു അവൻ അവന്റെ അതിരിനോടടൂത്തും. കുറ്റി അവനു കൊണ്ടീല്ല എന്നു പ്രത്യേകം പറയേണ്ടല്ലൊ. കുറ്റി എന്റെ കയ്യിൽ നിന്നു പോയത് കണ്ട പത്രോസ് തിരിഞ്ഞ് എന്റെ നേരെ വരവായി.

അന്നു ഞാൻ തിരിച്ചോടിയ ആ ഓട്ടം ഒരു നാലു ദിവസം പ്രാക്റ്റീസ് ചെയ്തിരുന്നെങ്കിൽ ഇന്ന് ഞാൻ ആരായിരുന്ന്നേണെ?
 
അതിരിക്കട്ടെ

കാലത്ത് പശുവിനെ കറക്കുന്നത് അമ്മ.  അതിനെ പുറത്ത് കൊണ്ടു  കെട്ടുന്നത് അഛൻ. അതു കഴിഞ്ഞാൽ തൊഴുത്തിലെ ചാണകം വാരി ചാമ്പപ്പുരയിൽ കൊണ്ടിടുന്നത് എന്റെ ജോലി. എല്ലാ ചിട്ടയ്ക്കു തന്നെ അഛൻ കൂടെ നിന്ന് ചെയ്തു കാണീച്ചു പഠിപ്പിച്ചതാണ്‌.  അന്നൊന്നും അതിനു യാതൊരു മടിയും
 ഇല്ലായിരുന്നു.  അതിനുൽസാഹം വരാൻ അമ്മ ഒരു കാര്യവും കൂടി പറഞ്ഞു തന്നിരുന്നു - മരിച്ച് സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ കാവല്ക്കാർ ആദ്യം നോക്കുന്നത് നഖത്തിനടിയിൽ ചാണകം ഉണ്ടൊ എന്നാണത്രെ. ചാണകം ഇല്ലെങ്കിൽ ഔട്, പിന്നെ നരകത്തിലേക്കായിരിക്കും യാത്ര.

അതു കൊണ്ട് വളരെ കൃത്യമായി ഇതൊക്കെ നടന്നു പോന്നു.  പശുക്കൾ നാലഞ്ചെണ്ണം വലിയത് രണ്ടൊ മൂന്നൊ, പിന്നെ കുട്ടികളും. പശുക്കുട്ടി ഉണ്ടായാൽ അതിനോടൊപ്പം ഓടിക്കളിക്കൽ ആണൊരു പ്രധാന വിനോദം. പശുവിനു പുല്ലു പറിച്ചു കൊടുക്കാൻ ആരും പറയാതെ തന്നെ എനിക്കുൽസാഹം ആയിരുന്നു.  ഹഹഹ ഇത് പറഞ്ഞപ്പോഴാണോർത്തത് ഒരു രസകരമായ കാര്യം

ഗൃഹപാഠം ചെയ്യാൻ എനിക്ക് പലപ്പോഴും വലിയ മടിയായിരുന്നു. ഒരു ദിവസം ജാനകിയമ്മ സാർ പിടികൂടി- ഇതും മൂന്നാം ക്ലാസിലാണ്‌ കേട്ടൊ

എന്താണ്‌ ഗൃഹപാഠം ചെയ്യാഞ്ഞത്?

എന്ത് പറയണം എന്നറിയില്ല പക്ഷെ വച്ചു താങ്ങി അമ്മ പറഞ്ഞു പശുവിനു പുല്ലു പറിക്കാൻ.

അതിനുള്ള അടി കിട്ടിയത് മാത്രമല്ല, ജാനകിയമ്മ സർ അമ്മയോട് അതു പറയുകയും കൂടി ചെയ്തപ്പോഴാണ്‌ ആ കഥയുടെ യഥാർത്ഥ ത്രിൽ വന്നത് - ജനകിയമ്മ സാർ താമസിക്കുന്നത് ആയാപറമ്പ് വടക്കെ കര - കന്യാട്ടുകുളങ്ങര ക്ഷേത്രത്തിനു കിഴക്കു വശം.

അതിനടൂത്ത് നെടീയാറ വടക്കേതിൽ അഛന്റെ  വലരെ പ്രിയപെട്ട സുഹൃത്ത് ആണു താമസം. അവിടെ ഞങ്ങൾ ഇടയ്ക്കിടയ്ക്ക് പോകും. അഛന്‌ സുഹൃത്തിനെ കാണുക, അമ്മയ്ക്ക് അവിടത്തെ അമ്മയും മകളും , ഞങ്ങൾക്ക് അവിടെ വളർത്തുന്ന നല്ല വലിയ കരിമ്പ് വെട്ടി തരുന്നത് തിന്നാനുള്ള കൊതിയും

അങ്ങനെ പോകുന്ന വഴിയിൽ അമ്മ എന്നെയും കൊണ്ട് ജാനകിയമ്മ സാറിന്റെ വീട്ടിൽ കയറി - അവിടെ വച്ച് ജാനകിയമ്മ സാർ അക്കഥ അമ്മയോട് എന്റെ മുന്നിൽ വച്ചു തന്നെ പറഞ്ഞതോടു കൂടി അത്തരം പറച്ചിൽ പരിപാടി ഞാൻ എന്നെന്നേക്കുമായി നിർത്തി

കാര്യം ഇതൊക്കെ ആണെങ്കിലും ജാനകിയമ്മ സാറിൻ എന്നെ വലിയ ഇഷ്ടമാണ്‌. അങ്ങനെ നാലാം ക്ലാസിൽ എത്തി. സ്കൂളിലെ കലാകായികമൽസരങ്ങൾ വരുന്നു.

അമ്മയ്ക്ക് ഞങ്ങൾ ഒക്കെ പ്രസംഗിക്കണം എന്ന് വലിയ ആഗ്രഹം ആണ്‌. എന്നോട് പ്രസംഗമൽസരത്തിനു ചേരണം എന്നു പറഞ്ഞു.

ഞാൻ പേരു കൊടൂത്തു. ചെറിയ കുട്ടികൾ അല്ലെ. അന്ന് അതുകൊണ്ട് അവർ ആദ്യം നാലു വിഷയങ്ങൾ തന്നു. ഇവയിൽ ഏതെങ്കിലും ഒന്നായിരിക്കും പ്രസംഗത്തിന്‌ അന്ന് തരിക. അതുകൊണ്ട് എല്ലാവരും നന്നായി പഠിച്ചു തയ്യാറായി വരിക.

തെക്കെവേളൂരെ ചെല്ലപ്പൻ കൊച്ചാട്ടൻ കരുവാറ്റ സ്കൂളിൽ മലയാളം അദ്ധ്യാപകൻ ആണ്‌. അദ്ദേഹത്തിനെ വിഷയങ്ങൾ ഏല്പ്പിച്ചു. നാലു പ്രസംഗങ്ങൾ എഴുതി കിട്ടി

ഞാൻ അതും വായിച്ചു പഠിച്ചു നടന്നു

മൽസരദിവസം എത്തി. പ്രസംഗമൽസരം തുടങ്ങി. ഇടയ്ക് എന്റെ പേർ വിളിച്ചു. ഞാൻ ഗംഭീരമായി സ്റ്റേജിൽ കയറി.
“ബഹുമാനപ്പെട്ട സദസ്സിനു --” എന്നു വരെ പറഞ്ഞു എന്നാണോർമ്മ അത്രയായപ്പോഴേക്കും ചുറ്റും ഉള്ളതെല്ലാം കറങ്ങി കണ്ണു കാണാതായി. പിന്നെ ഉണരുമ്പോൾ ഞാൻ ജാനകിയമ്മ സാറിന്റെ മടിയിൽ ആയിരുന്നു.

അതന്നത്തെ കാലം . പിന്നീട് അതിനൊക്കെ പകരം വീട്ടി കേട്ടൊ :)



Pen is on the floor

സ്കൂൾ കാലം ആർക്കെങ്കിലും മറക്കാൻ പറ്റുന്നതാണൊ? എനിക്കു തോന്നുന്നില. അന്നത്തെ  എല്ലാ അനുഭവങ്ങളും നിറമുള്ളതും മണമുള്ളതും ഒക്കെ ആയിരുന്നു അല്ലെ?

ഇന്നു പറയുന്നതിന്‌ നിറവും മണവും ഒന്നും ഇല്ലെങ്കിലും എനിക്ക് മറക്കുവാൻ പറ്റിയിട്ടില്ല ഇത് വരെ

മൂന്നാം ക്ലാസിലെ കഥ  ആണ്‌ കേട്ടൊ. അന്ന് മൂന്നാം ക്ലാസിൽ ആന്‌ ഇംഗ്ലീഷ് ആദ്യമായി  തുടങ്ങുന്നത്. വീട്ടിലെ ഏറ്റവും ചെറിയവൻ ആയിരുന്നത് കൊണ്ട് മൂത്തവർ ഒരു വിധം ഇംഗ്ലീഷ്  എന്നെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു അതിനു മുന്നെ തന്നെ.

ഞാൻ പഠിക്കുന്നത് ആയാപറമ്പ് സർക്കാർ സ്കൂളിൽ. അന്നവിടെ 7 വരെയെ ഉള്ളു. High School ആകുമ്പോൾ ഹരിപ്പാട് പോകണം.

ഞാൻ പഠിക്കുന്ന ക്ലാസിൽ ആൺപിള്ളേർ ഞങ്ങൾ അഞ്ച് പേർ , ബാക്കി ഒക്കെ പെൺപിള്ളേർ

ക്ലാസിൽ ബഞ്ചിടുന്നത് മൂന്നു വശങ്ങളിലും നടുക്കും
നടുക്കുള്ള ഒറ്റ ബഞ്ചിൽ പഞ്ചാപാണ്ഡവന്മാർ അഞ്ചും ഇരിക്കും പെൺകുട്ടികൾ വശങ്ങളിൽ ഇരിക്കും

അന്നൊക്കെ ക്ലാസിലെ ഏറ്റവും മിടുക്കനായത് കൊണ്ട് സാറന്മാർക്കൊക്കെ എന്നെ വലിയ കാര്യം ആയിരുന്നു.

അങ്ങനെ ഒരു ദിവസം Inspection

മുൻ ബഞ്ചിൽ ഇരിക്കുന്നവരോടാണല്ലൊ ആദ്യം ചോദ്യങ്ങൾ വരിക.

ഇംഗ്ലീഷ് പീരിയഡിൽ ആണ്‌ Inspector  വന്നത്.

അന്നൊക്കെ അദ്ധ്യാപകർ ആത്മാർത്ഥമായി പഠിപ്പിക്കുന്നവരും സ്നേഹമുള്ളവരും ആയിരുന്നു എന്ന് നന്ദിയോടെ ഇപ്പോൾ സ്മരിക്കട്ടെ.

Inspector വരുന്നതിനെയൊ ചോദ്യം ചോദിക്കുന്നതിനെയൊ സാറിനു ഭയം ഇല്ല, കാരണം ക്ലാസിലെ ആരെങ്കിലും ഒരു കുട്ടി ഉത്തരം പറയും എങ്കിൽ ഥാലീപുലാകന്യായേന സാറിന്റെ പഠിപ്പിക്കലിനുള്ള സർട്ടിഫികറ്റ് ആയില്ലെ?

ആരു പറഞ്ഞില്ലെങ്കിലും ഞാൻ ഉത്തരം പറയും എന്ന് സാറിനു വിശ്വാസം  ആണ്‌. എന്റെ മൊശട് സ്വഭാവ്ം സാറിനന്ന് അറിയില്ലായിരുന്നു എന്നു തോന്നുന്നു.

അങ്ങനെ Inspector വന്നു. പ്രാഥമികകലാപരിപാടികൾക്കു ശേഷം ചോദ്യോത്തരപംക്തി ആയി. ഇൻസ്പെക്റ്റർ മുന്നിലും സാർ പിന്നിലും ആയി രംഗം തയ്യാറായി.

കുട്ടികൾക്ക് എന്തെങ്കിലും സൂചന കൊടൂക്കാൻ തയ്യാറായി - നാടകത്തിൽ Promptor ഉടെ റോൾ ആണു പാവം സാറിൻ. പ്രോമ്പ്റ്റർക്ക് ശബ്ദമുണ്ടാക്കാം സാറിനു അത് പറ്റില്ല എന്നൊരു വ്യത്യാസം മാത്രം

ആദ്യത്തെ സീറ്റിൽ ഞാൻ ആയതു കൊണ്ട് ചോദ്യം തുടങ്ങിയത് എന്നോടു തന്നെ

വാട്ട് ഇസ് യുവർ നെയിം  ഉം ഏജും ഒക്കെ കഴിഞ്ഞ്  പേന കാണീച്ചു തുടങ്ങി

This is a pen ആയിട്ടും പുള്ളിക്കു മതിയായില്ല
ആ പേന സ്റ്റൂളിന്റെ പുറത്ത് വച്ചു എന്നിട്ടു ചോദിച്ചു  Where is the pen?

അതും പറഞ്ഞു Pen is on the stool

അത് കഴിഞ്ഞ് പേന നിലത്ത് വച്ചു. Where is the pen?
 On the floor  ഉം പറഞ്ഞപ്പോൾ പുള്ളീക്കും രസം കേറീ. മൂന്നിലല്ലെ
അന്ന് ഇത്രയൊക്കെ എല്ലാവരും പറയില്ലായിരുന്നിരിക്കും

പുള്ളീ അതെടുത്ത് സ്റ്റൂളിനടിയിൽ വച്ചു
Where is the pen?

അതും നിലത്ത് തന്നെ അല്ലെ?

ഞാൻ വിടുമൊ?
Pen is on the floor

ഇത്തവണ  Inspector ചുറ്റി. പുള്ളി അതെടുത്ത് ആദ്യം വച്ചതു പോലെ നിലത്ത് വച്ചു

Where is the pen?
 Pen is on the floor

വീണ്ടും എടുത്ത് സ്റ്റൂളിനടീയിൽ വച്ചു

Where is the pen?

ഞാൻ വിടാൻ ഭാവമില്ല
 Pen is on the floor

സാറു വിഷമത്തിലായി. Inspector ക്കു  പിന്നിൽ നിന്ന് സാർ കഥകളി കളിക്കുന്നുണ്ട് ഒരു കൈ കൊണ്ട് സ്റ്റൂളിനെയും മറ്റെ കൈ കൊണ്ട് അതിനടിയെയും ഒക്കെ കാണീക്കുന്നുണ്ട്. പക്ഷെ എവിടെ ആയാലും പേന നിലത്ത്  തന്നെ എന്നെനിക്കുറപ്പ്.

എന്റെ ഉത്തരം  Pen is on the floor


അവസാനം പുള്ളി Over/Under പറയിപ്പിച്ച് രക്ഷപെട്ടു

പക്ഷെ ഇപ്പോഴും എനിക്കു മനസിലായിട്ടില്ല എന്ത് കൊണ്ട്  Pen is on the floor
 തെറ്റാകും എന്ന്?

Monday, January 29, 2018

കിട്ടേണ്ടത് കിട്ടുമ്പോൾ തോന്നേണ്ടത് തോന്നും

ഇത് ഒരു കഥയല്ല. ഒരു സംഭവം മാത്രം. ഞാൻ അന്ന് വളരെ ചെറിയ പ്രായം മൂന്നാം ക്ലാസിൽ പഠിക്കുന്നു. ഞാൻ വീട്ടിലേ ഏറ്റവും  ചെറിയ കുട്ടി. അയല്പക്കത്തൊന്നും എന്റെ പ്രായത്തിലുള്ള ആൺകുട്ടികൾ ഇല്ല. ഉള്ളവർക്കൊക്കെ പ്രായം കൂടുതൽ. എനിക്കു സമപ്രായത്തിൽ പെൺകുട്ടികൾ ആണ്‌. ഒന്ന് അടുത്ത വീട്ടിലെ വൽസല, അടുത്തത് പുലയക്കുടിലിലെ കാർത്യായനി. ഞങ്ങൾ ഒക്കെ ഒരേ ക്ലാസിൽ പഠിക്കുന്നു.

കാർത്യായനി മിക്കപ്പോഴും എന്റൊപ്പം ആയിരിക്കും നടക്കുക. ഒരു കിലോമീറ്ററിലധികം ദൂരം ഉണ്ട് സ്കൂളിലേക്ക്.

അങ്ങനെ ഇരിക്കുന്ന കാലത്താണ്‌ എന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠൻ  വിവാഹിതനാകുവാൻ പോകുന്നത്.


വീട് എന്ന് വച്ചാൽ പണ്ടത്തെ അറപ്പുര ഇല്ലെ അത് തന്നെ . ഒരു അറയും അതിനു ചുറ്റുമായി ചായ്ച്ചുകെട്ടിയ മുറികളും. അതു കാരണം Privacy ഉള്ള BedRoom ഒന്നും ഇല്ല.

അതിനായി മുറി പണിയാൻ തീരുമാനം ആയി. പടിഞ്ഞാറുവശത്തേക്ക് മൂന്നു മുറികൾ ഇറക്കി പണിയുക.

ആശാരിയെ വിളിച്ചു. അന്ന ഓരോ നാട്ടിനും ഓരോ ആശാരിമാർ ഉള്ള കാലം അല്ലെ? ഞങ്ങളുടെ സ്ഥലത്തെ പ്രധാനി

പുള്ളിയെ വരുത്തി.അഛനും അയാളുമായുള്ള സംസാരം

 അവിടെ പണീയാൻ  പറ്റില്ല.

എന്തുകൊണ്ട്?

സ്ഥാനം ശരിയല്ല

അത് സാരമില്ല അവിടെ പണിഞ്ഞാൽ മതി.

ആൾ വാഴില്ല അതു കൊണ്ട് പണീയില്ല

ഞാൻ അതിൽ കിടന്ന് ചത്തോളാം പണിഞ്ഞോളൂ

പക്ഷെ  സമ്മതിച്ചില്ല

അഛൻ അദ്ദേഹത്തിന്റെ അനന്തിരവനെ വിളിച്ചു - നാണു ആശാരി.

അഛനോട് എതിർക്കാൻ അദ്ദേഹത്തിൻ കഴിയില്ല, പറഞ്ഞു നോക്കി അമ്മാവൻ പറഞ്ഞതല്ലെ എന്നൊക്കെ. പക്ഷെ അഛന്റെ കലപന അനുസരിക്കേണ്ടി വന്നു.

അങ്ങനെ നാണു ആശാരിയും അദ്ദേഹത്തിന്റെ ബന്ധു പരമേശ്വരപ്പണീക്കനും കൂടി പണീക്കുള്ള ഒരുക്കം തുടങ്ങി

തടി എവിടെയോ പോയി കണ്ടു വാങ്ങി. അന്നൊന്നും ഈർച്ചമില്ലല്ല. വാളുമായി ആശാരിമാർ വന്ന് വീട്ടിൽ വച്ചു തന്നെയാണ്‌ തടി അറക്കുക.

എനിക്കാണെങ്കിൽ സ്കൂൾ വിട്ടു വന്നാൽ ഭയങ്കര രസം.

തടി അറക്കലും പണീയലും ഒക്കെ. അറക്കുന്ന തടിക്ക് ആപ്പു വക്കുമ്പോൾ പണ്ട്  പഞ്ചതന്ത്രത്തിലെ കുരങ്ങന്റെ വാലു പോയ കഥയും ഒക്കെ ഓർത്ത് അവിടെ ചുറ്റിപറ്റി നില്ക്കും.

അങ്ങനെ ഒരു ദിവസം സ്കൂളിൽ നിന്നും വരുന്ന വഴി കാർത്യായനി പറഞ്ഞു
“പണിക്കന്മാരുടെ ഗുരു പട്ടിയാ”

അതെനിക്ക് പുതിയ അറിവായിരുന്നു.

അതെന്താ അങ്ങനെ?

കാർത്യായനി വിശദീകരിച്ചു. “ആശാരിമാർ പണീയുന്നത് കണ്ടിട്ടില്ലെ? അവർ ഒരു കാലു കൊണ്ടു ചവിട്ടി പിടിച്ചിട്ടു പണിയുന്നത്? ങാ അത് തന്നെ. പട്ടി ഇല നക്കുന്നത് എങ്ങനാ?  അതും ചവിട്ടി പിടീച്ചല്ലെ?  അതാ പറഞ്ഞത്”

എന്റെ കൊച്ചു മനസിൽ അതൊരു പുതിയ വിജ്ഞാനം ആയി. അത് എല്ലാവരോടും പറയാനുള്ള ഒരു ആക്രാന്തം.

വീട്ടിൽ എങ്ങനെ എങ്കിലും എത്തിയാൽ മതി എന്നായി.

എത്തിയതും പുസ്തകം കൊണ്ട് വച്ച് ഉടുപ്പും ഊരി നേരെ പണീപ്പുരയിൽ എത്തി

അവിടെ ആശാരിമാർ പണീയുന്നുണ്ട്. അഛനും അവിടെ ഇരിപ്പുണ്ട്.

നാണു ആശാരി ചോദിച്ചു എന്തൊക്കെ ഉണ്ട് കുഞ്ഞെ വിശേഷം എന്തൊക്കെ പഠിച്ചു?

എന്നെ കുഞ്ഞെ എന്നാണു വിളിക്കുക

ഞാൻ പെട്ടെന്ന് ചോദിച്ചു “പണിക്കന്മാരുടെ ഗുരു പട്ടിയാ അല്ലെ?”

അവരൊന്നും അത് കാര്യമായി എടുത്തില്ല. അവർ ചോദിച്ചു “അതെന്താ കുഞ്ഞ് അങ്ങനെ പറഞ്ഞെ?

ഞാൻ വിശദീകരിച്ചു ”പട്ടി ഇല ചവിട്ടി പിടിക്കുന്നത് പോലെ അല്ലെ നിങ്ങളും തടി ചവിട്ടി പിടിക്കുന്നത്?“

കുറെ ദിവസങ്ങളായി പണീഞ്ഞു കൊണ്ടിരിക്കുന്ന അവരുടെ കൂടെ തന്നെ ആയിരുന്നു ഞാനും. ഇത്രയും നാൾ ഇല്ലാത്ത ഈ വിജ്ഞാനം എവിടന്നു കിട്ടി എന്നറിയാൻ അവർക്കും താല്പര്യം ആയി. ആരെങ്കിലും പറഞ്ഞു കൊടുത്തതാകും അല്ലാതെ ഇപ്പോൾ പെട്ടെന്ന് വെളിപാടൂ വന്നതാകില്ലല്ലൊ

അവർ ചോദിച്ചു ”ആട്ടെ കുഞ്ഞിനോടിതാരാ പറഞ്ഞത്?“

ഞാൻ പറഞ്ഞു "കാർത്യായനി. ഇപ്പോൾ സ്കൂളിൽ നിന്നും വന്നപ്പോൾ പറഞ്ഞു തന്നതാ”

അഛൻ അവിടെ നിന്നും ഒന്നും മിണ്ടാതെ എഴുനേറ്റു പോയി.

വിശദീകരണവും കഴിഞ്ഞ് കുറച്ച് നേരം കൂടി പണീ ഒക്കെ കണ്ട് ഞാനും അവിടെ നിന്നു പോയി. ആശാരിമാർ പണിയും കഴിഞ്ഞു പോയി.

അടുക്കളയിൽ എത്തി ചായ കുടിക്കാനുള്ള ആഗ്രഹത്തിൽ

അപ്പോൾ അമ്മ ആ സത്യം പറഞ്ഞു. നാളെ കാലത്തെ ആശാരിമാർ വരുമ്പോൾ അവരുടെ അടുത്ത് ചെന്ന് അറിവില്ലാതെ പറഞ്ഞു പോയതാ ക്ഷമിക്കണം എന്ന് പറഞ്ഞ് കാൽ തൊട്ടു തൊഴുതു വന്നിട്ടെ ഇനി ഇവിടെ ആഹാരം ഉള്ളു. അഛന്റെ കല്പന ആണ്‌.

കേട്ടു നിന്ന ചേട്ടന്‌ പാല്പായസം കുടിച്ച സന്തോഷം. എനിക്ക് അടീ കിട്ടുന്നതിനോളം സന്തോഷം ഉള്ള  വേറെ ഒരു കാര്യവും ചേട്ടനില്ല.

അഛൻ ഒരു കാര്യം പറഞ്ഞാൽ അത് നടപ്പിലാകും എന്നതിന്‌ ആർക്കും ഒരു സംശയവും ഇല്ല.

ചേട്ടൻ പിന്നാലെ നടന്ന് ഓർമ്മിപ്പിക്കാൻ തുടങ്ങി  നാളെ രാവിലെ മാപ്പ് പറയണം.

ഇതിൽ എന്താണീത്ര പറയാനുള്ളത് എന്നു മനസിലാക്കാനുള്ള വിവരം ഒന്നും അന്ന് എനിക്കായിട്ടില്ല.

ഏതായാലും അന്ന് അത്താഴപ്പഷ്ണി ആയി.

പിറ്റേ ദിവസം ചേട്ടൻ വളരെ നേരത്തെ ഉണർന്ന് എണീറ്റ് എന്നെ ഉണർത്തി രാവിലെ മാപ്പു പറയണം.

ആശാരിമാർ വന്നപ്പോഴേക്കും 8 മണിയായി. അവർ വന്നതും  ചേട്ടൻ തന്ന് എന്നെ എഴുന്നള്ളിച്ചു കൊണ്ടു പോയി.

ഞാൻ അവരുടെ കാൽ തൊട്ട് വണങ്ങി അറിവില്ലാതെ പറഞ്ഞു പോയതാണ്‌ മാപ്പു തരണം എന്നു പറഞ്ഞ്, അവർ സാരമില്ല കുഞ്ഞെ എന്നു പറഞ്ഞ് വിട്ടു
അപ്പോഴാണ്‌ അഛന്റെ വരവ് വെട്ടി വച്ചിരുന്ന തുഞ്ചാണിയും ആയി.

ഒരു നാലെണ്ണം കിട്ടിയപ്പോൾ എനിക്ക് മനസിലായി ഇതൊക്കെ അങ്ങനെ വിളിച്ചു പറയാൻ കൊള്ളരുതാത്ത കാര്യം ആയിരുന്നു എന്ന്.

പക്ഷെ അപോഴേക്കും നാണു ആശാരി എഴുനേറ്റ് വന്ന എന്നെ അഛന്റെ കയ്യിൽ നിന്നും രക്ഷപ്പെടുത്തി.

അടിയുടെ വേദനയെക്കാളും എനിക്ക് പക്ഷെ വിഷമം ഉണ്ടാക്കിയത് അത് കണ്ടു നിന്ന ചേട്ടന്റെ ചിരി ആയിരുന്നു എന്നു മാത്രം

ഇനി മേലിൽ കാർത്യായനിയും ആയി ഒരു കൂട്ടും വേണ്ട എന്ന കല്പനയോടു കൂടി ഇക്കഥ ശുഭം








Friday, January 26, 2018

കൂലി

സൂ എഴുതിയ ഒരു കഥ വായിച്ചു. അതില്‍ സഹ ഏഴുതിയ ഒരു കമന്റ്‌ വായിച്ചു.

ഇന്നലെ ഞങ്ങള്‍ വന്നിറങ്ങിയ ഭാഗത്ത്‌ കുറെ കൂലികള്‍ അങ്ങിമിങ്ങും നോക്കി നടക്കുന്നു.

യാത്രക്കാരുടെ കയ്യിലൊന്നും വലിയ പെട്ടികള്‍ ഇല്ല.

ഒരാള്‍ - എന്റെ അച്ഛനാകാന്‍ പ്രായമുള്ള മനുഷ്യന്‍- കൂലി ആണ്‌.
അയാള്‍ എന്നെ നോക്കിയിട്ട്‌ തിരികെ പോകാന്‍ തുടങ്ങി.

എന്റെ കയ്യില്‍ ഒരു ചെറിയ പെട്ടിയേ ഉള്ളു.

ഞാന്‍ അയാളോട്‌ ചോദിച്ചു ഈ പെട്ടി വെളിയില്‍ എത്തിക്കാന്‍ എന്തു വേണം

അയാള്‍ കളിയാക്കാനായിരിക്കും എന്നു വിചാരിച്ചൊ എന്തൊ

20 രൂപ പറഞ്ഞു

ഞാന്‍ ആ പെട്ടി അയാളുടെ കയ്യില്‍ കൊടുത്തു.

ഒരു വിരലില്‍ തൂക്കാനുള്ള പെട്ടി കൂലിക്കു കൊടുക്കുന്നൊ?
കൂടെ ഉണ്ടായിരുന്ന ആള്‍ ചോദിച്ചു തനിക്കു വട്ടായൊ?

ആ എനിക്കറിയില്ല

Thursday, January 25, 2018

Canvas Shoe

സോക്സിനെ പറ്റി പറഞ്ഞപ്പോൾ ഷൂവിനെ പറ്റി പറഞ്ഞില്ലെങ്കിൽ ഷൂ എന്ത് വിചാരിക്കും?

തീർച്ചയായും വിചാരിക്കും ഇല്ലെ?

അത് കൊണ്ട് ചില ചില്ലറ പാദരക്ഷ കഥകളും ഉള്ളത് പറയാം. ചെറുപ്പത്തിൽ ഒന്നും ചെരിപ്പ് ഇട്ടു ശീലം ഇല്ലായിരുന്നു.  തനി ഗ്രാമീണനായിരുന്നത് കൊണ്ട് അതിനെ പറ്റി ഒന്നും വലിയ പിടീപാടൂം ഇല്ലായിരുന്നു.

അയുർവേദപഠനത്തിൻ കോട്ടക്കൽ എത്തിയതിനു ശേഷം ആണ്‌ ചെരുപ്പ് അണിയാൻ തുടങ്ങിയത്. കോട്ടക്കൽ റോഡ് സൈഡിൽ  വില്ക്കാൻ വച്ചിരിക്കുന്ന Soft Rubber  ചെരുപ്പുകൾ ഉണ്ട് അന്ന് ഏറ്റവും വില കുറഞ്ഞവ അതും പിന്നെ ടയർ കണ്ടിച്ചുണ്ടാക്കിയവയും ആണ്‌. ടയർ ഏതായലും വേണ്ട , മറ്റവൻ മതി.

ഷൂ ഒന്നും അന്ന്  കയ്യെത്തും ദൂരത്തല്ല, തന്നെയും അല്ല ഒറ്റമുണ്ടിന്റെ കൂടേ അത് ചേരുകയും ഇല്ലല്ലൊ.

പഠിത്തം എല്ലാം കഴിഞ്ഞ് ആദ്യമായി ആയുർവേദ വൈദ്യനായി കഴിഞ്ഞ സമയം.  ആദ്യം ജോലി അന്വേഷിച്ചിട്ടെവിടെ?

ഒരിടത്ത് Doctor  പോവുകയാണെന്ന് കേട്ട് അന്വേഷിച്ചു. ശമ്പളം കൊടൂക്കാൻ കാശില്ലാത്തത് കൊണ്ടാണ്‌ അദ്ദേഹം പോകുന്നത് അത്രെ. എന്നാൽ ശമ്പളം വേണ്ട Consultation fee ണ്ടെങ്കിൽ അത് മതി എന്ന Condition ൽ  അവിടെ ഇരിക്കാൻ സമ്മതിച്ചു. ജീവിതം എത്രം കഠിനം ആണെന്ന് പതിയെ മനസിലായി വരുന്നു. ചില ആഴ്ച്ച ഒന്നും കിട്ടില്ല, ചിലപ്പോൾ 2 രൂപ കിട്ടും.

 അങ്ങനെ ഇരിക്കെ ഒരു ജോലി കിട്ടി 240 രൂപ ശമ്പളം. കുശാൽ.

കുറച്ച് നാൾ അവിടെ ജോലി ചെയ്തു. അപ്പോഴാണു മനസിലായത്. വൈദ്യം Practise ചെയ്യണം എങ്കിൽ പെട്ടെന്നുള്ള രോഗശമനത്തിനുള്ള വഴികൾ കൂടി അറിയുകയും ചെയ്യാനുള്ള അനുവാദവും വേണം എന്ന്.  എന്ത് വന്നാലും MBBS നു ചേരുക തന്നെ എന്നു തീരുമാനിച്ചു.

MBBS admission  എനിക്ക് കിട്ടുവാൻ ബുദ്ധിമുട്ടില്ല, കാരണം Pre Degree പാസായ സമയത്ത് തന്നെ Merrit ൽ എനിക്കതിന്‌ അർഹത ഉണ്ടായിരുന്നു. പക്ഷെ കുടുംബത്തിൽ അപ്പൂപ്പൻ വൈദ്യൻ ആയിരുന്നു, അമ്മ വിഷവൈദ്യ ആണ്‌ അപ്പോൾ ആ പാരമ്പര്യ്ം ആരെങ്കിലും തുടരണം എന്നത് കൊണ്ടായിരുന്നു അന്ന് ആയുർവേദത്തിനു പോയത്.
(ഭാഗ്യമാണ്‌ കേട്ടൊ, അല്ലായിരുന്നെങ്കിൽ ഞാനും ഇന്നത്തെ മൊശകോടൻ  Dovtor മാരെ പോലെ വേറെ ഒരു മൊശകോടൻ ആയി തീർന്നേനെ)

കൂട്ടത്തിൽ ആയുർവേദത്തിനു 2 സീറ്റ് Reservation ഉം ഉള്ളത് കൊണ്ട്, എനിക്ക് കഴിഞ്ഞെ വേറെ ആർക്കും അന്ന് കിട്ടൂ.

അപ്പോൾ പഠനം തുടരാൻ തീരുമാനിച്ചു, Application  കൊടൂത്തു.
ജോലി വിട്ടു.  കയ്യിൽ 800 രൂപ ഉണ്ട്.

അന്ന് പാന്റൊക്കെ ഉണ്ട് . കൂട്ടത്തിൽ ചെരുപ്പല്ല ഷൂ ആണ്‌ ഇടേണ്ടത് എന്ന് കേട്ടു. ഷൂ ചോദിച്ചപ്പൊ നല്ല വില. തെരഞ്ഞ് തെരഞ്ഞ് നല്ല വെളുത്ത മെലിഞ്ഞ ഒരെണ്ണം കണ്ടു.
ഇതിനൊ?

അതിൻ 20 രൂപ

എന്നാ അത് മതി. അത് വാങ്ങി.

എനിക്കറിയില്ലല്ലൊ അത് Canvas shoe ആണെന്നും അത് കളിക്കുമ്പോഴോ നടക്കുമ്പൊഴോ ഒക്കെ മാത്രമെ പരിഷ്കാരികൾ ഉപയോഗിക്കൂ എന്ന്

ഞാൻ അതും അണിഞ്ഞ് വിലസി.

കോളേജിൽ ചെരാനുള്ള Interview Card വന്നു. എനിക്ക് ആലപ്പുഴ TDMC യിൽ ആണ്‌.

കോളേജിൽ എത്തി. അകത്തു പോയി അവേഷിച്ചപ്പോൾ ആണറിയുന്നത് അന്ന് സമരം ആണ്‌

Condensed Course നെതിരായ എന്തൊ സമരം.


അടുത്ത എന്നാണു വരേണ്ടത് എന്ന് പിന്നീട് അറിയിക്കും

ഞാൻ റോഡീൽ എത്തി.

കയ്യിൽ File ഉണ്ട്. അത് കണ്ടപ്പോൾ സമരം നടത്തിയിരുന്ന  വിദ്വാന്മാർക്ക് ഒരു കൗതുകം,

അന്ന് പുതിയ പിള്ളേർ വരാനുള്ളതാണല്ലൊ. അവർ ഓരോരുത്തരെ  തപ്പുകയാണ്‌

എന്നെ കണ്ടിട്ട് ചേരാൻ വന്നതായി അവർക്കു തോന്നിയില്ല - പ്രായം കൂടൂതൽ അല്ലെ, പക്ഷെ കൂട്ടത്തിൽ പിള്ളേരായി ആരെയും കാണാനും ഇല്ല

ഒരു വിദ്വാൻ അടുത്ത് വന്നു.

എന്താ ഇവിടെ?

ഞാൻ പറഞ്ഞു Interview നു വന്നതാ

ആർക്കു വേണ്ടിയാ ? കുട്ടി എവിടേ?

ഞാൻ തന്നെയാ കുട്ടി

ആഹാ അവർക്ക് പാല്പായസം കുടീച്ച ഫീലിംഗ്. അഞ്ചാറെണ്ണം ഒന്നിച്ചടുത്തു വന്നു വിശേഷങ്ങൾ തെരക്കി.

ഇത്ര പ്രായം വരാനുള്ള കാരണം ആയിരുന്നു ആദ്യം അവർക്കറിയേണ്ടിയിരുന്നത്.

ഞാൻ പറഞ്ഞു ആയുർവേദം കഴിഞ്ഞു പിന്നീടു ജോലി ആയി, ഇപ്പോൾ പഠിക്കണം എന്നു തോന്നി.

ഓഹോ അപ്പോൾ വൈദ്യരാ അല്ലെ?

വൈദ്യൻ എന്നു കേട്ടാൽ വെകിളി പിടീക്കും എന്നായിരുന്നു അവർ ധരിച്ചത്

ഞാൻ പറഞ്ഞു അതെ.

ഒരുത്തൻ കാലിലെ Canvas  Shoe നോക്കിയിട്ടു പറഞ്ഞു വൈദ്യർ വലിയ കളിക്കാരനാണെന്നു തോന്നുന്നു. കഷായക്കളി അല്ലാതെ എന്തൊക്കെ കളിക്കും?


(പൂത്ത കാശുള്ള കൊറേ ബിസിനസ്സുകാരുടെ മക്കൾ - അപ്പന്റെ ആഗ്രഹപൂർത്തിക്കു വേണ്ടീ ഡാക്കിട്ടരാകാൻ  വന്നിരിക്കുന്നവർ - അല്ല വിട്ടിരിക്കുന്നവർ ( പറയുവാൻ കാര്യം ഉണ്ട് മാർക്ക് കേസിൽ പിടീച്ച്പുറത്താക്കിയപ്പോൾ ഒരാൾ പറഞ്ഞതാണ്‌ - ഇനി എന്റപ്പൻ എന്നെ ഡോക്റ്ററാക്കുന്നതൊന്നു കാണണം എന്ന് )

അവ്ര്ക്ക് Canvas shoe ഇട്ടവൻ ഒക്കെ കളിയാക്കപ്പെടേണ്ടവൻ ആണ്‌)


ഞാൻ പറഞ്ഞു കഷായം ഉണ്ടാക്കി കളിക്കും ഗുളിക ഉരുട്ടി കളിക്കും, പിന്നെ വേറെയും ചില കളികൾ കളിക്കും

അന്ന് റാഗിംഗ് നെ പറ്റി അത്ര ഭയം ഒന്നും എനിക്കില്ലായിരുന്നു, തന്നെയും അല്ല എന്താടാ എന്നു ചോദിച്ചാൽ ഏതാടാ എന്നെ മറുപടി വരൂ.

അങ്ങനെ കുറെ നേരം പല രീതിയിൽ ശ്രമിച്ചിട്ടും എന്നെ ഒതുക്കാൻ പറ്റുന്നില്ല എന്നു കണ്ട് അവർ രീതി മാറ്റി

സമരത്തിന്‌ പെൺകുട്ടികളും ഉണ്ട് അതിൽ ഒരു കൂട്ടം പെൺകുട്ടികളെ ചൂണ്ടിയിട്ട് ഒരുചോദ്യം അതിലെ ബെസ്റ്റ് പെണ്ണേതാ വൈദ്യർ പറ.

അതിനും ശരിയായ ഒരു മറുപടീ  കിട്ടിക്കഴിഞ്ഞപ്പോൾ  - ഞങ്ങൾ രണ്ടു കൂട്ടർക്കും മനസിലായി  സംഗതി ഒരു നടയ്ക്കു പോകില്ല എന്ന്

പക്ഷെ അവർ മതിയാക്കി പോയി, ഞാൻ വീട്ടിലേക്കും പോയി.

ഇതിന്‌ ഒരു Climax ഉള്ളത് എന്താണെന്നു വച്ചാൽ ഈ ചോദ്യം ചോദിക്കാൻ വന്ന വിദ്വാന്മാർ പലരും മാർക് തിരുത്തൽ കേസ് വന്നപ്പോൾ പടിയിറങ്ങി പോയവർ ആയിരുന്നു

നമ്മുടെ ആധുനിക വിത്യാക്യാസം  ഥൂ

കീറിയ സോക്സിന്റെ കഥ

കീറിയ സോക്സിന്റെ കഥ പറയാം എന്നു പറഞ്ഞില്ലെ അതു ദാ ഇത്

ഞാൻ നേരത്തെ എഴുതിയല്ലൊ, മദ്ധ്യപ്രദേശിലേക്കു പോയ കഥ. അങ്ങോട്ടു പോകുമ്പോൾ വസ്ത്രാദികൾക്കൊക്കെ നല്ല ക്ഷാമം ആയിരുനു. പുറമേ കാണീക്കുവാൻ കൊള്ളാവുന്ന തായി ഒരു ഷർട്ടും ഒരു പാന്റും. പിന്നെ അത്യാവശ്യം കൊണ്ടു നടക്കാവുന രണ്ടു പാന്റും രണ്ട് ഷർട്ടും.

പക്ഷെ ജനത്തിന്റെ ധാരണ Doctor എന്നു വച്ചാൽ കോടീശ്വരൻ എന്നാണ്‌. ഒരിക്കൽ എന്റെ ക്ലിനിക്കിൽ പോയപ്പോൾ ഞാൻ മുണ്ടുടുത്തു കൊണ്ട് പോയി.  അന്നൊരു ഹെറാൾഡ് കാർ ഉണ്ടായിരുന്നു എങ്കിലും പെട്രോൾ അടിക്കുവാൻ പൈസ തികയാത്തത് കൊണ്ട് സൈക്കിൾ വാങ്ങി അതിലാക്കി യാത്ര.  അതിനും ഒരു കാരണം ഉണ്ട്. ഒരു ഒരാൾ തന്റെ വീട്ടിൽ കിടപ്പായ രോഗിയെ കാണൂവാൻ വരണം എന്നു പറഞ്ഞു. എന്റെ ഹെറാൾഡിൽ  ഞങ്ങൾ പോയി. പരിശോധിച്ച് തിരികെ വന്ന് മരുന്നും കൊടൂത്തു.

 എന്തായി?

ഞാൻ ആരോടും ഇത്ര രൂപ വേണം എന്നു പറഞ്ഞിട്ടില്ല.

നിങ്ങൾ  ഇഷ്ടമുള്ളത് തന്നാൽ മതി എന്നു പറഞ്ഞു. അയാൾ ഒരു സാധു മനുഷ്യൻ ആയിരുന്നു.
അയാൾ 2 രൂപ തന്നു.

അന്നാണു ഞാൻ സൈക്കിൾ മതി എന്നു തീരുമാനിച്ചത്.

പിറ്റേ ദിവസം സൈക്കിളിൽ ഞാൻ എത്തി. വൈകുന്നേരമായപ്പോഴേക്കും നാട്ടിൽ ഒക്കെ പാട്ടായി ഏയ് ഇയ്യാൾ MBBS ഒന്നും പഠിച്ചവനല്ല.

എന്തിനു പറയുന്നു വലിയ താമസം ഇല്ലാതെ ആ ക്ലിനിക് ഒരു തമിഴനു വിറ്റിട്ട് ഞാൻ വേറെ ആശുപത്രിയിൽ ജോലിക്കു പോയി.

ങാ  പറഞ്ഞു പറഞ്ഞു കാടൂ കയറി. അപ്പോൾ ഒരു തരത്തിൽ രണ്ടറ്റവും കുട്ടുകയില്ല എന്നു മനസിലായ കാൽ;അത്ത് പടച്ച തമ്പുരാൻ തന്ന ജോലിയ്ക്കു ചേരാൻ പോകുന്നതെ ഉള്ളു. പഴയ ഹെറാൾഡ് വിറ്റ് ഒരു ബൈക് വാങ്ങിയിരുന്നു, ആ ബൈക് വിറ്റ 10000 രൂപയാണ്‌ ആകെ സമ്പദ്യം.

അപ്പൊ പറഞ്ഞു വന്നത് നമ്മുടെ സോക്സ്ന്റെ കഥയല്ലെ?

അവയും പഴയതാണ്‌. മദ്ധ്യപ്രദേശിലെ ജോലിക്കഥ ഓർമ്മ ഉണ്ടാകും ഇല്ലെ?

ഏകദേശം 6 മാസം ആയപ്പോൾ MD visit വന്ന ഭാഗം.

എന്നെ വിളിച്ചപ്പോൾ ഉള്ളതിൽ ഒരു സോക്സ് ഇട്ടുകൊണ്ടാണു പോയത്. ഞാൻ അത്ര കാര്യമാക്കിയിരുന്നില്ല അതിന്റെ അറ്റം തുള വീണതാണെന്ന്.

ഓഫീസിൽ ആകും പോകുന്നത് എന്നായിരുന്നു ധാരണ.

പക്ഷെ അപകടം വേറെ രൂപത്തിൽ വന്നു

പുള്ളിയ്ക്ക് Guest House ൽ താമസിക്കാൻ ഒരു Suite ഉണ്ട്. അവിടെയാണു ചെല്ലാൻ പറഞ്ഞത്.
അതിനകത്തേക്ക് ഷൂ പാടില്ല.

വാതിലിനു പുറമെ ഷൂ ഊരിയപ്പോഴാണു ഞാൻ കാണുന്നത് വലതു കാലിലെ തള്ളവിരൽ പുറത്തു കിടക്കുന്നു.

പക്ഷെ അപ്പോഴേയ്ക്കും MD വാതിലിനടുത്ത് വന്ന് ബാ എന്നു പറഞ്ഞു കൈ പിടിച്ചു.

കൂടെ പോകാതെ എന്ത് ചെയ്യാൻ.

കസേരയുടെ അടിയിലേക്ക് കാൽ മടക്കി വച്ച് എരിപിരി കൊണ്ട് ഇരുന്ന ഇരുപ്പിൽ -- അത് നിങ്ങൾ ഒന്നു മനസിൽ സങ്കല്പ്പിച്ചു നോക്ക്കണം ട്ടൊ രസമായിരിക്കും--ഞ്ഞാൻ ശപഥം ചെയ്തു ഇനി മേലിൽ സോക്സ് പുതിയത് എപ്പോഴും കയ്യിൽ കരുതും
 

കറുത്ത പാന്റും മഞ്ഞ സോക്ക്സ് ഉം

ഞങ്ങൾ ആണുങ്ങൾ - എന്നു വച്ചാൽ ഞാൻ - വസ്ത്രത്തിന്റെ matching എന്താണെന്ന് ഒട്ടും അറിവില്ലാത്ത ഒരു വർഗ്ഗം ആണ്‌.
എന്താ ഇപ്പൊ പെട്ടെന്നൊരു ബോധോദയം എന്നല്ലെ ഇപ്പോൾ തോന്നിയത്?
കാരണം ഉണ്ട്. ചെറുപ്പത്തിലെ പല പല സംഭവങ്ങളും ഓരോന്നായി ഓർത്തെടുത്ത് ചുമ്മാ ബ്ലോഗിലെഴുതുന്നതല്ലെ?
അന്നേരം ഓർത്ത ചില സംഭവങ്ങൾ ആണ്‌
മുൻപു ജോലി ചെയ്തിരുന്ന സ്ഥലത്ത് എന്റെ ജൂനിയർ ആയി ഒരു Lady Doctor (ഒന്നല്ല രണ്ടെണ്ണം ഉണ്ടായിരുന്നു പക്ഷെ ഇത് ഒരു വിശേഷപ്പെട്ട സാധനം ആയത് കൊണ്ട് എടുത്തു പറഞ്ഞു എന്നു മാത്രം
10 മണിക്ക് ഒരു ചായ കുടി ഉണ്ട്. Retiring Room ൽ എത്തിയാൽ ഇറങ്ങുനതു വരെ ഇതിനും മാത്രം കുറ്റം പറയാൻ എവിടെ നിന്നു കിട്ടുന്നു എന്നെനിക്കാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയിട്ടില്ല. എല്ലാ ദിയവസവും പറയാൻ ആവശ്യത്തിലധികം ഉണ്ട്.
അങ്ങനെ ഒരു ദിവസം ആണ്‌ പുള്ളിക്കാരി ഒരാൾ കാലിലിടുന്ന socks നെ പറ്റി പറഞ്ഞു തുടങ്ങിയത്. യാതൊരു കലാബോധവും ഇല്ലാത്തവൻ , കറുത്ത പാന്റും മഞ്ഞ സോക്ക്സ് ഉം ---- അങ്ങനെ അങ്ങനെ വച്ചു കീറുന്നു. ഇടയ്ക്ക് ഞാൻ എന്റെ കാലിലേക്കു നോക്കി. എനിക്കാകെ രണ്ടു സോക്സെ ഉള്ളു. മാറി മാറി ഇടും കീറുന്നതു വരെ. കീറിയാൽ അപ്പോ മാറും. അതിനൊരു കഥ വേറെ ഉണ്ട് ട്ടോ അത് പിന്നെ പറയാം.
എന്റെ സോക്സും ഇമ്മാതിരി Design ഉള്ള രണ്ടെണ്ണം ആണ്‌. അത് മാറീ മാറി ഇടൂം എന്നല്ലാതെ പാന്റിന്റെ നിറമോ ഉടുപ്പിന്റെ നിറമോ ഒന്നും അന്നു വരെ നോക്കിയിട്ടില്ല (ഇപ്പോഴും ഇല്ല കേട്ടൊ)
പക്ഷെ എന്റെ കാലിലേക്കു നോക്കിയപ്പോൾ അവൾ പറയുന്നത് ഏകദേശം എനിക്കും ചേരും. ഞാൻ വേഗ്ഗം ഇരിപ്പിന്റെ രീതി മാറ്റി, കാലിന്മേൽ കാൽ കയറ്റി ആയിരുന്നു ഇരുന്നത്. കാലുകൾ നിലത്ത് വച്ച് ചില സിനിമയിൽ ദിലീപ് കുഴയുന്നതു കണ്ടിട്ടില്ലെ അതുപോലെ ഒന്നു കുഴഞ്ഞുരുണ്ട് , അത്യാവശ്യമായി ഒരു പണി ഉണ്ടെന്ന രീതിയിൽ പുറത്ത് പോയി.
അവൾ എനിക്കിട്ടു വച്ചതാണോ അതോ ശരിക്കും വേറെ ആരെ പറ്റി എങ്കിലും പറഞ്ഞതാണോ എന്ന് ചോദിക്കാൻ പറ്റില്ലല്ലൊ

Tuesday, January 23, 2018

Rural Health Works

പലയിടത്ത് നിന്നും എടുത്ത ചില പടങ്ങൾ.

വളരെ നല്ല സഹകരണമനോഭാവം ഉള്ള കുറച്ച് പേർ എന്നോടൊപ്പം ജോലി ചെയ്തിരുന്നത് കൊണ്ട്, ഞങ്ങളുടെ  ജോലി ഒരിക്കലും ഒരു ഭാരമായി ആർക്കും തോന്നിയിരുന്നുല്ല.
പലപ്പോഴും കാലത്ത് 5 മണീക്ക് പുറപ്പെട്ടാൽ തിരികെ വീട്ടിൽ എത്തുന്നത് രാത്രി 9 മണീക്കായിരിക്കും.




























ഇതിൽ ഞാൻ ധരിച്ചിരിക്കുന്ന സഫാരി സൂട് ഞാൻ തന്നെ തുണി വാങ്ങി വെട്ടി തൈച്ചതാണെന്ന് പ്രത്യേകം പറയുന്നു. അസൂയപ്പെട്ടിട്ടു കാര്യമില്ല

വാങ്ങിക്കാൻ വലിയ വില ആയാൽ പണീക്കരെ തോല്പ്പിക്കാൻ പറ്റില്ല മക്കളേ


















വസ്ത്രദാനം

നല്ല വസ്ത്രം ഇല്ലാതെയും ആളുകൾ ധാരാളം കഷ്ടപ്പെടുന്നുണ്ടായിരുന്നു.

കോളനിയിലെ ഓരോ വീടുകളിലും  spare ചെയ്യാവുന്ന വസ്ത്രങ്ങൾ ഞങ്ങളേ ഏല്പ്പിച്ചാൽ അത് അർഹതപ്പെട്ടവർക്ക് എത്തിച്ചു കൊടുക്കാം എന്ന് അവിടത്തെ Ladies Club നെ അറിയിച്ചു.

നല്ല സഹകരണം ആയിരുന്നു.

അവയൊക്കെ കഴുകി വൃത്തിയാക്കി തരണം എന്നൊരു Condition മാത്രമെ വച്ചിരുന്നുള്ളു.

വടക്കെ ഇന്ത്യക്കാർക്ക് ഒരുഗുണം ഉണ്ട്. അവർ ദാനധർമ്മങ്ങളിൽ നല്ലതുപോലെ വിശ്വാസം ഉള്ളവർ ആണ്‌.

ദാ ഒരു കുഞ്ഞു കുട്ടി അതിന്റെ അനിയത്തിയെ ഉടുപ്പ് ഇടീക്കുന്നത് കാണൂ


അന്നദാനം

ഗ്രാമത്തിലെ പാവങ്ങളായ സ്ത്രീകൾക്കും കുട്ടികൾക്കും ആഹാരം കൊടുക്കുവാനുള്ള പദ്ധതി നടപ്പിലാക്കിയത് ഇങ്ങനെ


അരി പാത്രത്തിലേക്ക് ഇടുന്നത് മനോജ്
 ഹെല്പർ ആയി ജോലിക്കു ചേർന്നു. 10 പാസായത് കൊണ്ട് അവനെ ഞാൻ എല്ലാ Training ഉം  കൊടുത്ത്, ഇപ്പോഴവൻ സുഖമായി ജീവിക്കുന്നു.
 X-ray  എടുക്കും , Routine Blood Tests , Urine tests എല്ലാം ചെയ്യും,. Pharmacy  manage  ചെയ്യും, Data Entry ചെയ്യും - ചുരുക്കത്തിൽ ഒരു One Man army

ചട്ടുകം പിടിച്ച് ചിരിച്ചു നില്ക്കുന്നത് ലലൻ സിംഗ്. Ex- Military  ആശുപത്രി പണീകൾ എല്ലാം നന്നായി അറിയാവുന്ന ഒരാൾ

കൂട്ടത്തിലുള്ളവർ സഹകരിക്കണം എങ്കിൽ യജമാനൻ ചമഞ്ഞിരുന്നാൽ ഒക്കില്ല

നമ്മൾ മുൻ കൈ എടുത്താലോ ? നമ്മളെ കൊണ്ട് ചെയ്യിക്കാതെ അവർ തന്നെ ഏറ്റെടുക്കുകയും ചെയ്യും


മോട്ട എന്ന ഗ്രാമത്തിലെ സ്കൂളിനു പിന്നിൽ തയ്യാറാക്കിയ അടുപ്പിൽ കിച്ചടി തയ്യാറാക്കുന്നു.

ഇളക്കി കൊണ്ടിരിക്കുന്ന എന്റെ മുന്നിൽ ആ ഗ്രാമത്തിലെ സർപാഞ്ച് വിട്ടു തന്ന സഹായി

എന്റെ ഡ്രൈവർ സഞ്ജയൻ ആണു ഇടയ്ക്ക് ബൈർ പറിക്കുവാൻ വേലിയിൽ കൈ നീട്ടി നില്ക്കുന്നത്

ഇരിക്കുന്നത് ഒരു പട്ടേൽ , ആശുപത്രിയിലെ  Compounder അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു പോയി.


നില്ക്കുന്ന പയ്യൻ  ലാബ് ടെക്





അങ്ങനെ കുറച്ച് നാൾ തുടർന്നപ്പോൾ പല ആളുകളും അവരുടെ ജന്മദിവം വാർഷികം തുടങ്ങിയ അവസരങ്ങളിൽ  അന്നദാനം കൊടൂക്കാൻ ഞങ്ങളെ  ഏല്പ്പിച്ചു. അവർ കൂടി വന്ന് ആദ്യ പാത്രത്തിൽ വിളമ്പണം എന്നു നിഷ്കർഷിച്ചതനുസരിച്ച്  വന്ന സ്ത്രീ ആണ്‌ താഴത്തെ  പടത്തിൽ സാരി ഉടൂത്ത് നില്ക്കുന്നത്


 





 

ആഴ്ച്ചയിൽ ഒരിക്കലെങ്കിലും അല്പം നല്ല ആഹാരം കിട്ടുന്ന ആ കുഞ്ഞുങ്ങളുടെ സന്തോഷം, അതിൽ പരം നമുക്കെന്ത് കിട്ടാനാണ്‌