Sunday, July 29, 2018

നമോ ഭൂതനാഥാ

കുറേ നാളായി ഒരു പാട്ടു പാടിയിട്ട്. ഇന്നല്പം സമയം കിട്ടി അപ്പോഴാണു പണ്ട് ഭജനയ്ക്കു പാടിയിരുന്ന ഒരു ശിവസ്തുതി ഓർമ്മ വന്നത്.

നമോ ഭൂതനാഥാ

ഇന്നതാകട്ടെ എന്നു വച്ചു

Monday, May 28, 2018

ഒരു തിരുപ്പതിക്കഥ

മദ്ധ്യപ്രദേശിൽ ജോലി ചെയ്യുന്ന കാലം. എനിക്ക് അന്നേ പാട്ടിന്റെ അല്പം സുഖക്കേട് ഉണ്ട്. അത് മഹേശിനും പകർന്നു കിട്ടിയിട്ടുണ്ട്. മഹേശ് നടക്കാൻ പ്രായമായത് മുതൽ അവന്റെ അപ്പൂപ്പന്റെ കാറിൽ കയറി ഇരുന്ന് ടേപ് റെകോർഡർ വച്ച് പാട്ടു കേട്ടിരിക്കുന്ന സ്വഭാവക്കാരൻ ആയിരുന്നു,

അതിൽ നിന്നുള്ള പാട്ടുകൾ അവന്റെതായ രീതിയിൽ പാടി - വാക്കുകൾ പറയാൻ ഉറയ്ക്കുന്നതിനു മുൻപ് ഞങ്ങളെ കുറച്ചൊന്നും അല്ല രസിപ്പിച്ചിട്ടുള്ളത്

ഒരു ദിവസം പാടിക്കൊണ്ടു വരുന്നു
“ചില്ലാലെ ചില്ലാലെ ആയൊ ആയൊ ചില്ലാലെ”
അത് ഏത് പാട്ടാണെന്ന് ഇന്നും ഞങ്ങൾക്കറിയില്ല

പിന്നൊന്ന് ഒരു തമിഴ്പാട്ടിന്റെ  കോലം

ഫൂട്ടു വണ്ടിയിലെ
കാട വണ്ടിർക്ക്
കാട ശേയടുക്കും
അട് ഫാണിയായിട്ക്കും

ഗുഡ്സ് വണ്ടിയിലെ ഒരുകാതൽ വന്തിർക്ക് എന്നോ മറ്റൊ ഉള്ള പാട്ടാണ്‌.

ഇനിയും ഉണ്ട് അതൊന്നും ഞാൻ ഇന്നും മറന്നിട്ടില്ല. അല്ല എങ്ങനെ മറക്കാൻ പറ്റും അല്ലെ?

 അവൻ പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി ജയിച്ചതിന്‌ എന്റെ ചേട്ടൻ അവനൊരു സോണി വാക്മാൻ വാങ്ങി കൊടുത്തു.

അങ്ങനെ നടക്കുന്ന കാലം.

ഞങ്ങളുടെ കമ്പനിയിൽ തന്നെ VPW ന്റെ Secretary ഒരു പയ്യൻ ഉണ്ട്. ഒരു സാധു. പുള്ളിയോട് ഞാൻ പറഞ്ഞതനുസരിച്ച് ആഹാർം എന്റെ വീട്ടിൽ നിന്നാണു കഴിക്കുന്നത്. പുള്ളീക്കാരൻ ആഴച്ചയിൽ കോഴിയും പച്ചകറിയും ഒക്കെ വാങ്ങി കൊണ്ടു വരും.

ഉച്ചയ്ക്ക് ആഹാരം കഴിഞ്ഞ് ഈ വാക്മാനിൽ അല്പം പാട്ടും കേട്ടിട്ട് ജോലിയ്ക്ക് പോകും.

അങ്ങ്നഗ്നെ പോയ ഒരു ദിവസം വാക്മാൻ മുന്‌വശത്തിട്ടിരുന്ന ദിവാനിൽ തന്നെ വച്ചിട്ടു പുള്ളി പോയി.

വൈകുന്നേരം മഹേശ് പാട്ടു കേൾക്കാൻ നോക്കുമ്പോൾ വാക്മാൻ ഇല്ല. എല്ലായിടവും തപ്പി. കാണാനില്ല.
മഹേശിനൊപ്പം കളിക്കാൻ വരുന്ന മറ്റൊരു പയ്യൻ ഉണ്ട്. അവരുടെ Track Record അത്ര നല്ലതലാത്തത് കൊണ്ട് അവനെ വിളിച്ച് ചോദിച്ചു. അവൻ പറഞ്ഞു അവൻ കടിട്ടെ ഇല്ല എന്ന്

എന്നാലും ഞങ്ങൾ പറഞ്ഞു നീ എടുത്തെങ്കിൽ ഇങ്ങ് തന്നേരെ , ഞങ്ങൾ വഴക്കൊന്നും പറയില്ല.
പക്ഷെ അവൻ സമ്മതിച്ചില്ല, പക്സ്രം പറഞ്ഞു ആ സമയത്ത് ഗാവിലെ ഒരു ചെക്കൻ അവിടെ നിന്ന് ചുറ്റി തിരിയുന്നത് കണ്ടാരുന്നു, അവനായിരിക്കും എടുത്തത് എന്ന്.

അടുത്തൊരു ദിവസം  മഹേശ് അവന്റെ വീട്ടിലേക്ക് പോകുമ്പോൾ, അവന്റെ ചേച്ചി പുറത്ത് നിന്നും വിളിച്ച് പറയുന്നു- മഹേശ് വരുന്നുണ്ട് എന്ന്.

തെളിവില്ലാതെയും സാധനം കാണാതെയും ഇരിക്കുമ്പോൾ നമുക്കൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് വെറുതെ ഈച്ചയടിച്ചിരുന്നു. മഹേശ് അവന്റെ വേറെ ഒരു സുഹൃത്തിനോട് വിവരം പറഞ്ഞു - അവന്റെ വാക്മാൻ കാണാതെ പോയി എന്ന്.

ഞങ്ങളുടെ HR Head നായർ സാറിന്റെ ഭാര്യ  ഭൈമിയോടു പറഞ്ഞു  നിങ്ങൾ ഒരു രൂപ തുട്ട് ഒരു തിണുയിൽ കെട്ടി ഉഴിഞ്ഞ് വയ്ക്കുക - അല്പം മഞ്ഞൾപ്പൊടിയും ചേർത്ത്. അത് തിരുപ്പതി ഭഗവാനെ വിചാരിച്ച് അവിടെ വച്ചേക്കുക. നിങ്ങളുടെ സാധനം തിരികെ കിട്ടും. കിട്ടിക്കഴിഞ്ഞ് എപ്പോഴെങ്കിലും ആ പൈസ തിരുപ്പതിയ്‌ല് കൊണ്ടിടണം.

ഭൈമി അത് അനുസരിച്ചു.

ഞാനാണെങ്കിൽ ഭൈമിയെ ഇനി കളിയാക്കാൻ ഒട്ടും ബാക്കി വച്ചില്ല. പിന്നെ തിരുപ്പതി ഭഗവാൻ നിന്റെ ഈ ഒരു രൂപയ്ക്ക് പിന്നാലെ വരാൻ പോവുകയല്ലെ എന്ന് വരെ പറഞ്ഞു.

സംഭവം നടക്കുന്നത് ജൂണിലാണ്‌. സെപ്റ്റംബറിൽ മഹേശിന്റെ കൂട്ടുകാരൻ - അത് അല്പം പ്രായം കൂടിയ ആൾ, അവൻ ജബല്പൂരിൽ പഠിക്കുന്നു. അവൻ മഹേശിനെ വിളിച്ച് അവനു നഷ്ടപ്പെട്ട വാക്മാന്റെ അടയാളങ്ങൾ ചോദിക്കുന്നു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൻ പറയുന്നു സാരമില്ല രണ്ടു ദിവസത്തിനുള്ളീൽ അത് നിനക്ക് കിട്ടും.

നേരത്തെ സംശയിച്ച പയ്യന്റെ ചേട്ടനും ജബല്പൂരിലാണ്‌ പഠിക്കുന്നത്. അവൻ ഇത് വില്ക്കാൻ നടക്കുകയാണത്രെ.

പക്ഷെ ഒരേ കോളനിയിലെ പയ്യൻ പിടിച്ചപ്പോൾ അവനു രക്ഷ പെടാനായില്ല.

അങ്ങനെ അത് തിരികെ ഞങ്ങൾക് ലഭിച്ചു.

ഇപ്പോൾ ജോലി എനിക്കായി. ആ പൈസ തിരുപ്പതിയിൽ എത്തിക്കണ്ടേ?

അത് നീണ്ടു നീണ്ടു പോയി.

ഒരു ദിവസം HR Head ന്റെ ശ്രീമതി Hyderabad നും തിരുപ്പതിക്കും പോകുന്നുണ്ടെന്നറിഞ്ഞ് അത് അവരുടെ കയ്യിൽ ഏല്പ്പിച്ചു.

എന്നാൽ തിരുപ്പതി അപ്പന്‌ അത് അങ്ങനെ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.

ആ ചേച്ചി ഹൈദ്രബാദിലെത്തുന്ന ദിവസം  വരുടെ ഭർത്താവിന്‌ ഒരു acacident ഉണ്ടായി, അവർ അവിടെ നിന്നു തന്നെ തിരികെ വന്നു. വീണ്ടും ആ പൈസ ഞങ്ങളുടെ അടുത്തെത്തി.

കൊല്ലം 20 ഓളം ആയി. ഇപൊഴാണ്‌ അവിടെ എത്തിക്കാൻ കഴിഞ്ഞത്.

Tuesday, May 15, 2018

ഒരു വെറും കഥ

വീട്ടിൽ പശു കോഴി പട്ടി പൂച്ച ഇവ എന്നും ഉണ്ടായിരുന്നു. ഒരിക്കൽ അമ്മയും ഞാനും കൂടി വടക്കെകരയിൽ അപ്പച്ചിയുടെ വീട്ടിൽ പോയപ്പോൾ അവിടെ ഒരു പൂച്ചയെ കണ്ടു.

സാധാരണ വീടുകളിൽ വളർത്തുന്ന പൂച്ച മനുഷ്യരുമായി വളരെ ഇണങ്ങി അല്ലെ പെരുമാറുക. എന്നാൽ ഇത് അങ്ങനല്ല. ഞങ്ങളെ കണ്ടതും ചാടി ഉത്തരത്തിന്റെ മുകളിലായി  അതിന്റെ ഇരിപ്പ്.
എത്ര വിളിച്ചിട്ടും അത് താഴെ വരുന്നില്ല. അമ്മയ്ക്ക് അതിനെ വളരെ ഇഷ്ടപ്പെട്ടു. അമ്മ അപ്പച്ചിയോടു പറഞ്ഞു ഇതിനു കുഞ്ഞുണ്ടാകുമ്പോൾ ഒരെണ്ണത്തിനെ എനിക്കു വേണം. പറയാൻ കാര്യം  എലിയെ പിടിക്കുന്ന പൂച്ച ആളുകളോട് അകല്ച്ച കാണിച്ച് അവനവന്റെ ഇര തന്നെ തേടിപ്പിടിക്കുന്നവ ആയിരിക്കും അത്രെ. മടിയിൽ കയറിയിരുന്ന് കിന്നരിക്കുന്നവ എലിയെ പിടിക്കില്ല. ശരിയാണ്‌. വയറു നിറഞ്ഞാൽ പിന്നെ എന്തിന്‌  എലിയുടെ പിന്നാലെ പോണം അല്ലെ?

അപ്പച്ചി സമ്മതിച്ചു. നല്ല കറുകറുത്ത ഒരു ച്ചമ്മ ആയിരുന്നു അത്.

അധികം താമസിയാതെ അതിനു കുഞ്ഞുണ്ടായി. അതിനെ കൊണ്ടുവരുന്ന ജോലി എനിക്കുള്ളതായിരുന്നു. ഞാൻ അതിൽ ഒരെണ്ണത്തിനെ വീട്ടിൽ എത്തിച്ചു. അതിന്റെ അമ്മ അതിനുള്ള വേലകൾ മിക്കവാറും പഠിപ്പിച്ചു കഴിഞ്ഞായിരുന്നു, അതിനെ കൊണ്ടു വന്നത്.

ഒരു രണ്ടു മാസം കഴിഞ്ഞപ്പോൾ ചാലുംതലക്കൽ വാസന്തിചേച്ചിയുടെ പൂച്ചയും പ്രസവിച്ചു. അതിന്റെയും ഒരു കുഞ്ഞിനെ ഞാൻ വീട്ടിൽ കൊണ്ടു വന്നു.

പ്രായം കൊണ്ട് ആദ്യത്തെ കറുത്ത പൂച്ച മൂത്തതായിരുന്നതു കൊണ്ട് അത് സ്വയം ഈ രണ്ടാമത്തെ പൂച്ചക്കുട്ടിയുടെ കാർണ്ണവർ സ്ഥാനം  ഏറ്റെടുത്തു.

ഒരു അമ്മയുടെ സ്ഥാനത്ത് നിന്നും ചെയ്യേണ്ട കാര്യങ്ങൾ ഏറ്റെടുത്ത്  പരിപാലിച്ചു.

അടുക്കളയിൽ അടുപ്പു വച്ചിരിക്കുന്ന പാതകത്തിനടിയിൽ ആണ്‌ ഇവരുടെ വാസം. ചെറിയ പൂച്ചയ്ക്ക് പ്രാണികളെ പിടിച്ചു കൊണ്ട് കൊടുത്ത് അത് കഴിക്കുന്നത് കണ്ടിരിക്കും. പക്ഷെ കയ്യിൽ കിട്ടിക്കഴിഞ്ഞാൽ കൊച്ചുപൂച്ച
  മുറുമുറുത്ത് കൊണ്ടാണു പോക്ക്
, ചേച്ചി കൊണ്ടു തന്നതാണെന്നൊന്നും അതിനില്ല, അതിനെ അടുപ്പിക്കുകയും ഇല്ല. പക്ഷെ ചേച്ചി പൂച്ചയ്ക്ക് അതിൽ ഒരു പ്രശ്നവും ഇല്ല.

അതിനു വേണ്ടത് അത് തന്നെ പിടിച്ച്  തിന്നും ചെറുതിനുള്ളത് കൊണ്ടു കൊടുക്കും

എന്നോട് ചേച്ചി പൂച്ചയ്ക്ക് വലിയ ഇഷ്ടമാണ്‌.

വൈകുന്നേരം ഞാൻ സ്കൂളിൽ നിന്നു വരുന്നതും കാത്ത് വേലിക്കരികിൽ ഉണ്ടാകും.

ഞാൻ എത്തിക്കഴിഞ്ഞാൽ വാലുരുമ്മി കൂടെ നടക്കും .

ഞാൻ അതിനെ കയ്യിലെടുത്ത് വീട്ടിൽ എത്തും.

പുസ്തകം  കൊണ്ടു വച്ച് ഷർട്ടും  ഊരിക്കഴിഞ്ഞാൽ അടുക്കളപാതകത്തിനടുത്തേക്കാണ്‌.

അവിടെ ഏട്ടത്തിയമ്മ ചായ ഉണ്ടാക്കുന്നുണ്ടാകും
പാതകത്തിൽ കയറി ഇരുന്ന്, പൂച്ചയെ താലോലിച്ച്, അന്ന് കാലത്ത് പോയത് മുതലുള്ള കഥകൾ ഏട്ടത്തിയമ്മയെ പറഞ്ഞു കേൾപ്പിക്കലാണ്‌ അടുത്ത ജോലി.

അങ്ങനെ അങ്ങനെ പൂച്ച വളർന്നു വരുന്നു.

ഒരു ദിവസം നോക്കിയപ്പോൾ ഒരു കാക്കയെയും കടിച്ചു തൂക്കി കൊണ്ടാണ്‌  ചേച്ചി പൂച്ചയുടെ വരവ്.  കാക്കയെ കൊണ്ടു വന്ന് പതിവു പോലെ പാതകത്തിനടിയിൽ കുടികൊള്ളുന്ന ചെറുപൂച്കയ്ക്ക് കൊടുക്കുന്നു. കാക്കയെ കടിച്ചെടുത്തിട്ട് മുരണ്ടു കൊണ്ട് ചെറുപൂച്ച ഉള്ളിലേക്കു വലിയുന്നു.

പിന്നീടൊരു ദിവസം live ആയി കാക്കയെ പിടിക്കുന്നതും കണ്ടു.

ഇങ്ങനെ താലോലിച്ചു വളർത്തിയത് കൊണ്ട് ചെറുപൂച്ച വെറും മണ്ടി ആയി പ്പോയി. അതിനു തന്നെ ജീവിക്കാനുള്ള അറിവില്ലാതെ ആയിപ്പോയി എന്നു ചുരുക്കം
അത് പുറം ലോകം കാണാൻ പോയില്ല, പുറത്തുള്ള അപകടങ്ങൾ എന്തണെന്നൊ എങ്ങനെ രക്ഷപ്പെടണം എന്നൊ അറിയില്ല

ഒരു ദിവസം ആദ്യമായി അതൊന്നു പുറത്തിറങ്ങി

അതായിരുന്നു അതിന്റെ ആദ്യത്തെയും അവസാനത്തേയും ദിവസം. പുലക്കുടിയിലെ പത്രോസ് എന്നു പേരുള്ള ഒരു പട്ടിയുടെ വായിൽ തീർന്നു അതിന്റെ ജീവിതം.

അന്നു മുതൽ ആ പട്ടി എന്റെ പരമശത്രു ആയിത്തീർന്നു. പക്ഷെ അതിനെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല. കല്ലെറിയാനും , പശുവിനെ കെട്ടുന്ന കുറ്റി എടുത്തെറിയാനും ഒക്കെ ഒരുപാടു ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഒന്നും ഏറ്റില്ല

പശുവിനെ കെട്ടുന്ന കുറ്റി എറിയുന്ന കാര്യം പറഞ്ഞപ്പോഴ അത്തരം വേരെ ഒരു സംഭവം ഓർമ്മ വന്നത്.

ഹരിപ്പാട്ടു താമസിക്കുന്ന  ഒരു ദിവസം. അവിടെയും അയല്പക്കത്ത് ധാരാളം പട്ടികൾ ഉണ്ട്.

അവയിൽ രണ്ടെണ്ണം പാടം വഴി വന്ന് നമ്മുടെ പറമ്പിൽ കയറിയത് കണ്ട് ഇതു പോലെ ഒരു കുറ്റിയും എടുത്ത്  അവയുടെ പിന്നാലെ ഓടി.  അടിക്കാൻ പറ്റുന്നതിനു മുൻപേ അവ എന്നെ കണ്ടു  അവ ഓടി. ഒരുപാടു ദൂരം ചെല്ലുന്നതിനു മുന്നെ എന്നാൽ എറിഞ്ഞേക്കാം എന്നു വിചാരിച്ച് കയ്യിലിരുന്ന കുറ്റി എറിഞ്ഞു.

കുറ്റി പട്ടിയ്ക്കു കൊണ്ടില്ല

പക്ഷെ പട്ടി എന്റെ കയ്യിൽ നിന്നും കുറ്റി പോയത് കണ്ടു
അത് തിരിഞ്ഞ് എന്റെ നേരെ ആയി.

അന്നു ഞാൻ തിരിച്ചോടിയ ഓട്ടം ഒളിമ്പിക്സിൽ ആയിരിക്കേണ്ടിയിരുനു, സ്വർണ്ണം ഒന്നല്ല ഒരുപാടു കിട്ടിയേനെ


  

Saturday, April 28, 2018

ഗ്രാമീണരിൽ നിന്നും പഠിച്ചവ

ഒരിക്കൽ ഞങ്ങളുടെ ചികിൽസാവാഹനത്തിനടുത്ത്  കൊണ്ടു വന്ന ഒരു പയ്യൻ. ചാർപ്പായി എന്നു പറയുന്ന കട്ടിലിൽ കിടത്തി താങ്ങി എടുത്താണു കൊണ്ടു വന്നത് ഏകദേശം 15-16 വയസുള്ള ഒരു പയ്യൻ

ദേഹമാകെ ചീർത്ത് കൈകാലുകളൊക്കെ തേമ്പി കിടക്കുന്നു

പരിശോധനയിൽ പ്രമേഹം മൂർഛിച്ച അവസ്ഥ.

അവിടങ്ങളിൽ ബാഗും തോളിൽ തൂക്കി നടന്നും സൈക്കിളിലും ഒക്കെ ആയി ചുറ്റിനടന്നു ചികിൽസിക്കുന്ന “ഡോക്റ്റർ” മാരുണ്ട്.  അവരുടെ ചികിൽസ ആയിരുന്നു.

അവരുടെ പ്രധാന  മരുന്ന് Prednisolone ആണ്‌.

അതെങ്ങാനും കഴിക്കണ്ട എന്ന് നമ്മൾ പറഞ്ഞാൽ - പിന്നെ തീർന്നു. അവരെ സംബന്ധിച്ചിടത്തോളം അമൃതാണത്.

അമ്മയും മകനും മാത്രമെ ഉള്ളു. അല്ല ബന്ധുക്കൾ ഉണ്ടെങ്കിലും കാര്യം ഇല്ല. അവിടങ്ങളിൽ ഒക്കെ ധാരാളം പാവങ്ങൾ ആണുള്ളത്. അവർക്കെന്ത് ചെയ്യാൻ പറ്റും?

ഏതായാലും അവനു insulin കൊടുക്കാം എന്ന് തന്നെ തീരുമാനിച്ചു. പക്ഷെ അതിനുള്ള തടസം ഞങ്ങൾക്ക് കിടത്താനുള്ള സ്ഥലം, സൗകര്യം  ഇല്ല.

ഞങ്ങളുടെ HR Head  മലയാളി ആണ്‌. Mr  KR Nair പിറവം കാരൻ. അദ്ദേഹവുമായി സംസാരിച്ച് കമ്പനിയുടെ ആശുപത്രിയിൽ കുറച്ച് ദിവസം കിടത്താൻ സമ്മതിപ്പിച്ചു

കുറച്ച് നാളത്തെ ചികിൽസ കൊണ്ട് പയ്യൻ ഉഷാറായി.

പക്ഷെ അവൻ പോയിക്കഴിഞ്ഞാൽ പിന്നെ ഇഞ്ജക്ഷൻ എങ്ങനെ  എടുക്കും? മരുന്നു കൊടുക്കാം എന്നു വച്ചാൽ തന്നെ  അത് സൂക്ഷിക്കാനും  കുത്തിവയ്ക്കാനും ബുദ്ധിമുട്ടല്ലെ?

അത് കൊണ്ട് തല്ക്കാലം എന്റെ വീട്ടിൽ തന്നെ തൂത്ത് തുടയ്ക്കാനായിട്ടു നിർത്തി.

അങ്ങനെ കുറച്ച് നാൾ കഴിഞ്ഞ് അവൻ ഒന്നു കൂടി ഭേദപ്പെട്ടപ്പോൽ HR Head ന്റെ വീട്ടിൽ പണീയ്ക്ക് നിർത്തി

ആഹാരവും ചികിൽസയും ഇങ്ങനെ കുറച്ച് നാൾ ആയിക്കഴിഞ്ഞ് അവനെ അവിടെ തന്നെ ഉള്ള ഒരു Contractor ഉടെ കീഴിൽ  ജോലി ആക്കി കൊടുത്തു.

പേർ മറന്നിട്ടില്ല  രാജ്കുമാർ.

ഈ ഇൻസുലിന്റെ കാര്യം പറഞ്ഞപ്പോൾ ഓർത്ത വേറെ ഒരു കാര്യം

നാമൊക്കെ ഇൻസുലിൽ Fridge ൽ അല്ലെ വയ്ക്കുന്നത്?

ഒരു ഗ്രാമത്തിൽ ചെന്നപോഴാണ്‌ അത് ഫ്രിഡ്ജില്ലാതെയും സൂക്ഷിക്കാം  എന്ന് മനസിലായത്.

അവിടെ ഒരാൾ ചെയ്ത വേല.

മൺകലത്തിൽ വച്ച് ആ കലം മണ്ണിൽ കുഴിച്ചിട്ട്, ചുറ്റും വെള്ളമൊഴിച്ച് മൂടി വച്ചിട്ട് അടുത്ത ദിവസം നോക്കുമ്പോഴും നല്ല തണുപ്പ്.

അത് മാത്രമല്ല വേറെ ഒരു വിദ്യയും കണ്ടത് അവിടെ തന്നെ.

നമ്മൾ കേട്ടിട്ടിലെ കല്ലുൾ കൂട്ടി ഉരച്ചാൽ തീ ഉണ്ടാകും എന്ന്?

അരണി കടയുന്നതും കേട്ടിട്ടില്ലെ?

ഒന്ന് സങ്കല്പിച്ചു നോക്കൂ

നാം എവിടെ എങ്കിലും ഒറ്റയ്ക്ക് പെട്ടുപോയാൽ ?

തീ വേണമെങ്കിൽ എന്ത് ചെയ്യും?

മേലോട്ടു നോക്കി മോങ്ങും അല്ലെ?

ഒരിക്കൽ ഒരു രോഗിയെ പരിശോധിക്കുന്ന കൂട്ടത്തിൽ അയാളുടെ മടിയിൽ ഒരു പൊതി കണ്ടു.

എനിക്ക് അന്ന് ബീഡി വലിക്കുന്നവരെ ഭയങ്കര വെറുപ്പാണ്‌

ഞാൻ പൊതി അഴിപ്പിച്ചു.

അതിനകത്ത് രണ്ട് ചെറിയ പാറക്കല്ലുകളും കുറച്ച് പഞ്ഞിയും

ഞാൻ ചോദിച്ചു ഇതെന്തിനാ കൊണ്ടു നടക്കുന്നത്?

അയാൾ പറഞ്ഞു തീ ഉണ്ടാക്കാൻ

എനിക്കത്ഭുതമായി. കേട്ടിട്ടുണ്ടെന്നല്ലാതെ ആ പരിപാടി ഞാൻ കണ്ടീട്ടില്ല

അയാളോടു അതൊന്നു കാണിക്കാൻ പറഞ്ഞു

അല്പനേരം ആ കല്ലുകൾ അയാൾ തമ്മിൽ തട്ടി, നേർത്തതാക്കി വച്ച പഞ്ഞി  അതിനടുത്ത് വച്ച് ഉകൊണ്ട്.

വലിയ താമസം ഒന്നും വേണ്ടി വന്നില്ല, പഞ്ഞിയിൽ തീ പിടീക്കാൻ

Wednesday, April 25, 2018

ഗ്രാമവിശേഷങ്ങൾ

മദ്ധ്യപ്രദേശിലെ ഗ്രാമസേവനത്തിനിടയ്ക്കുള്ള ചില കാര്യങ്ങൾ ഇട്യ്ക്ക് ഓർമ്മവരും.

ഹിമ്മത്പുര എന്ന ഒരു ഗ്രാമം. അവിടെ ഒരു മരച്ചുവട്ടിലാണ്‌ ക്യാമ്പ്. വണ്ടികൾ ആ തണലിൽ ഇടും. ഗ്രാമവാസികൾ അവിടെ വരും

ഒരു തവണ കൊടും ചൂടു കാലം മേ ജൂൺ മാസങ്ങൾ അസഹ്യം ആണ്‌ - നമുക്ക്. പക്ഷെ ഗ്രാമീണർക്ക് അതൊരു പ്രശ്നം അല്ല

കാരണം അവർ കോൺക്രീറ്റ് കാട്ടിലല്ലല്ലൊ താമസിക്കുന്നത്

ഒരു  ദിവസം ഉച്ച നേരം ഊണു കഴിഞ്ഞ് വിശ്രമം ആണ്‌. അപ്പോഴാണ്‌ കുറച്ച് അകലെ ഉള്ള ഒരു മരത്തണലിൽ കുറച്ചാളുകൾ ഇരുന്ന് ഹോമം പോലെ എന്തോ ചെയ്യുന്നു.

ഞാൻ കൂട്ടത്തിലുള്ളവരോടു ചോദിച്ചു ഇതെന്താണ്‌?

അവർ പറഞ്ഞു മഴ ഇല്ലാത്തത് കൊണ്ട് മഴയ്ക്കു വേണി ഉള്ള പൂജ ആണ്‌

അന്ന് ചൂട് 51 ഡിഗ്രി ഉള്ള സമയം

ഞാൻ ചൊദിച്ചു ഇത് കൊണ്ട് മഴ പെയ്യുമൊ?

പെയ്യും എന്നാണവരുടെ വിശ്വാസം.

ഞാൻ ഏതായാലും അത് കാത്തിരിക്കുവാൻ തന്നെ തീരുമാനിച്ചു. ഒന്നിനെയും ചുമ്മാതെ എതിർക്കുന്ന സ്വഭാവക്കാരൻ അല്ല ഞാൻ. എനിക്കു മനസിലാകുന്നില്ല എന്ന് വച്ച് മറ്റെല്ലാവർക്കും മനസിലാകില്ല എന്നില്ലല്ലൊ ഉവ്വൊ

ആഗ്രാമത്തിൽ ലാൽ സിംഗ് എന്ന ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. അയാൾ ഒരിക്കൽ ചികിൽസക്കായി ഞങ്ങളുടെ വാഹനത്തിനടുത്ത് വന്നു

പരിശോധനക്കു മുൻപു തന്നെ TB ആണെന്നു പറയാൻ പറ്റുന്ന അവസ്ഥ.

അന്ന് TBയ്ക്കുള്ള മരുന്ന് ഞങ്ങൾ കൊടുക്കാറില്ല, പകരം സർക്കാരാശുപത്രിയിലേക്ക് വിടുക ആയിരുന്നു പതിവ്

രക്തപരിശോധനയും XRay എടുപ്പും കഴിഞ്ഞ് അയാളോട് സർക്കാർ ആശുപത്രിയിൽ കാണീക്കുവാൻ പറഞ്ഞു.
അടുത്ത ആഴ്ച്ച അവിടെ എത്തിയിട്ട് ഇയാളെ കണ്ടില്ല.

ഗ്രാമപ്രമുഖന്റെ കൂടെ അയാളുടെ കുടിലിൽ പോയി. കാര്യം  അന്വേഷിച്ചു.

സർക്കാരാശുപത്രിയിൽ പോയി പക്ഷെ മരുന്ന് കിട്ടിയില്ല.

അന്ന് ഞാൻ  തീരുമാനിച്ചു - സർക്കാരിന്റെ പിന്നാലെ പോയാൽ ഇവർക്കൊന്നും ചികിൽസ കിട്ടാൻ പോകുന്നില്ല, അത് കൊണ്ട് TB ക്കുള്ള ചികിൽസയും ഞാൻ തന്നെ ചെയ്യ്ം എന്ന്. പക്ഷെ പ്രശ്നം Fund ആണ്‌. അതിന്റെ മരുന്നുകൾ വിലപിടിച്ചതും ഒരാൾക്കു തന്നെ 6-9 മാസം തുടർന്ന് കൊടുക്കേണ്ടതും ആയത് കൊണ്ട് അത്രയും താങ്ങാനുള്ള fund തല്ക്കാലം ഞങ്ങൾക്കില്ല

ഞാൻ തന്നെ ജില്ലാ ആശുപത്രിയിൽ പോയി RNTCP വിഭാഗത്തിന്റെ Doctor നെ കണ്ടു കാര്യം പറഞ്ഞു.

അയാൾ ഒരു മനുഷ്യപറ്റുള്ള ആളായിരുന്നു. അത് കൊണ്ട് ഒന്നു സമ്മതിച്ചു Inj. Streptomycin  തരാം പക്ഷെ രോഗികളുടെ വിവരം പൂരിപ്പിക്കുന്ന Form fill ചെയ്ത് തിരികെ കൊടുക്കണം.

എനിക്ക് വളരെ സന്തോഷം ആയി.

അങ്ങനെ ഗ്രാമസർക്കീട്ട് കഴിഞ്ഞാൽ ഞങ്ങളുടെ ഓഫീസിലും പ്രതിദിന ചികിൽസയ്ക്ക് ഇവരോടു വരാൻ പറഞ്ഞു.

ബാക്കി രണ്ടു മരുന്നുകൾ ഞങ്ങൾ വാങ്ങി.

ലാൽസിംഗിന്റെ വീട്ടിൽ വീണ്ടും എത്തി.  പക്ഷെ ഇഞ്ജക്ഷൻ എടുക്കാൻ അയാൾ ജന്മത്ത് വരില്ല. അവസാനം ഗ്രാമീണരുടെ സഹായത്തോടെ പറഞ്ഞ് പറഞ്ഞ് ഒരു തരത്തിൽ സമ്മതിപ്പിച്ചു. ചികിൽസ രണ്ടു മാസം തുടർന്നു. ആൾ ഒന്നുരുണ്ടു നന്നായി. പിന്നെ ചെന്നപ്പൊൾ ആളെ കാണാനില്ല.

അന്വേഷിച്ചപ്പോൾ അറിഞ്ഞു പണീക്കു പോയി. നാഗപ്പൂർ Delhi ഇവിടങ്ങളിലൊക്കെ പോയി പണീ എടുക്കും, കുറച്ചു നാൾ കഴിഞ്ഞ് തിരികെ വരും അങ്ങനെ ആണ്‌ ഇവരുടെ ജീവിതം.

എന്നാലും മരുന്നു നിർത്തിയത് ശരിയായില്ല, മരുന്നു കൊണ്ടു പോകണമായിരുന്നു  എന്നു ഞാൻ പറഞ്ഞു. പക്ഷെ എന്ത് ഫലം?

കുറച്ച് മാസം കഴിഞ്ഞപ്പോൾ വീണ്ടും കണ്ടു, പഴയതു പോലെ രക്തം ഛർദ്ദിച്ച് ഉണങ്ങി മെലിഞ്ഞ് ആ രൂപം

ആ ഓർമ്മ ഒട്ടും സുഖമുള്ളതല്ല, അതിൽ നിന്നും അവൻ രക്ഷപെട്ടും ഇല്ല.

അതിരിക്കട്ടെ അപ്പോൾ പറഞ്ഞു വന്ന കാര്യം ഹോമം ആയിരുന്നു അല്ലെ?

ഏകദേശം മൂന്നു മണി ആയപ്പോൾ ചൂടു കാറ്റ് വളരെ ശക്തിയിൽ അടിച്ച് കുറച്ച് കാർമേഘം വന്ന് പൊട്ടിച്ചിതറുന്ന ഒരു മഴ. അധികനേരം ഒന്നും ഇല്ല , ഒഴുകാനും മാത്രം വെള്ളവും വീണില്ല, പക്ഷെ മഴ പെയ്തു പേരിനു മാത്രമാണെങ്കിലും

നിങ്ങൾ വിശ്വസിക്കണമെന്നില്ലാട്ടൊ.

ഗ്രാമവിശേഷങ്ങൾ വീണ്ടും എഴുതാം

Friday, February 23, 2018

ആശാരിമുറ്റത്ത് പ്രാവഞ്ച് മുട്ട

രാമായണം മഹാഭാരതം തുടങ്ങിയവ ഒഴിച്ചൽ കുഞ്ഞുന്നാളിൽ സ്ഥിരമായി കേൾക്കാൻ കിട്ടിയിരുന്ന ഒരുകഥയായിരുന്നു ആശാരിമുറ്റത്ത് പ്രാവഞ്ച് മുട്ടയിട്ടത്


നിങ്ങളും കേട്ടിട്ടുണ്ടായിരിക്കും ഇല്ലെ?
പക്ഷെ ഇന്നത്തെ കുഞ്ഞുങ്ങൾ?

അവർക്കു വേണ്ടി അക്കഥ

ഒരിക്കൽ ഒരു പ്രാവ് ആശാരിമുറ്റത്ത് അഞ്ച്ചു മുട്ടയിട്ടു. ഒരു മുട്ടതാണുപോയ്യ് ഒരു മുട്ട വീണു പോയ് ബാക്കി മുട്ട എടുത്തു തരാൻ പ്രാവ് ആശാരിച്ചിയോട് പറഞ്ഞു
ആശാരിച്ചി അനുസരിച്ചില്ല

പ്രാവു ചെന്ന് അടുത്തു കണ്ട എലിയോടു ചോദിച്ചു

“ആശാരിമുറ്റത്ത് പ്രാവഞ്ചു മുട്ടയിട്ടതിലൊന്നു താണുപോയൊരു മുട്ട വീണു പോയ് ബാക്കി മുട്ടയെടുത്തു തരാത്ത ആശാരൊച്ചിയുടെ ചേംമ്പിന്റെയും ചെറികുഴങ്ങിന്റെയും മൂടൂ മാന്താമൊ എലിയെ ? എന്ന്

എലി പറ്റില്ല എന്നു പറഞ്ഞു

പ്രാവു പിന്നെയും പോയി ഒരു പൂച്ചയെ കണ്ടു. പൂച്ചയോടു ചോദിച്ചു

”ആശാരിമുറ്റത്ത് പ്രാവഞ്ചു മുട്ടയിട്ടതിലൊന്നു താണുപോയൊരു മുട്ട വീണു പോയ് ബാക്കി മുട്ടയെടുത്തു തരാത്ത ആശാരൊച്ചിയുടെ ചേംമ്പിന്റെയും ചെറികുഴങ്ങിന്റെയും മൂടൂ മാന്താത്ത എലിയെ പിടിക്കാമൊ പൂച്ചേ ? എന്ന്

പൂച്ച പറ്റില്ല എന്നു പറഞ്ഞു

പ്രാവു പിന്നെയും പോയി ഒരു പട്ടിയെ കണ്ടു.പട്ടിയോടു ചോദിച്ചു

“ആശാരിമുറ്റത്ത് പ്രാവഞ്ചു മുട്ടയിട്ടതിലൊന്നു താണുപോയൊരു മുട്ട വീണു പോയ് ബാക്കി മുട്ടയെടുത്തു തരാത്ത ആശാരൊച്ചിയുടെ ചേംമ്പിന്റെയും ചെറികുഴങ്ങിന്റെയും മൂടൂ മാന്താത്ത എലിയെ പിടിക്കാത്ത പൂച്ചേ കടിക്കാമൊ പട്ടീ? എന്ന്

പട്ടി പറ്റില്ല എന്നു പറഞ്ഞു

പ്രാവു പിന്നെയും പോയി കുറെ പിള്ളേരെ കണ്ടു. പിള്ളേരോടു ചോദിച്ചു

“ആശാരിമുറ്റത്ത് പ്രാവഞ്ചു മുട്ടയിട്ടതിലൊന്നു താണുപോയൊരു മുട്ട വീണു പോയ് ബാക്കി മുട്ടയെടുത്തു തരാത്ത ആശാരൊച്ചിയുടെ ചേംമ്പിന്റെയും ചെറികുഴങ്ങിന്റെയും മൂടു മാന്താത്ത എലിയെ പിടിക്കാത്ത പൂച്ചേ കടിക്കാത്ത പട്ടിയെ എറിയാമൊ പിള്ളേരെ ? എന്ന്

പിള്ളേർ പറ്റില്ല എന്നു പറഞ്ഞു

പ്രാവു പിന്നെയും പോയി പിള്ളേരെ പഠിപ്പിക്കുന്ന ആശാനെ കണ്ടു. ആശാനോടു ചോദിച്ചു

”ആശാരിമുറ്റത്ത് പ്രാവഞ്ചു മുട്ടയിട്ടതിലൊന്നു താണുപോയൊരു മുട്ട വീണു പോയ് ബാക്കി മുട്ടയെടുത്തു തരാത്ത ആശാരൊച്ചിയുടെ ചേംമ്പിന്റെയും ചെറികുഴങ്ങിന്റെയും മൂടു മാന്താത്ത എലിയെ പിടിക്കാത്ത പൂച്ചേ കടിക്കാത്ത പട്ടിയെ എറിയാത്ത പിള്ളേരെ  തല്ലാമോ ആശാനെ ? എന്ന്

ആശാൻ പറ്റില്ല എന്നു പറഞ്ഞു

പ്രാവു പിന്നെയും പോയി അടുപ്പിലെ തീയെ ആശാനെ കണ്ടു. തീയോടു ചോദിച്ചു

“ആശാരിമുറ്റത്ത് പ്രാവഞ്ചു മുട്ടയിട്ടതിലൊന്നു താണുപോയൊരു മുട്ട വീണു പോയ് ബാക്കി മുട്ടയെടുത്തു തരാത്ത ആശാരൊച്ചിയുടെ ചേംമ്പിന്റെയും ചെറികുഴങ്ങിന്റെയും മൂടു മാന്താത്ത എലിയെ പിടിക്കാത്ത പൂച്ചേ കടിക്കാത്ത പട്ടിയെ എറിയാത്ത പിള്ളേരെ  തല്ലാത്ത ആശാന്റെ മീശയ്ക്കു കത്താമോ തീയെ? എന്ന്

തീയ്  പറ്റില്ല എന്നു പറഞ്ഞു

പ്രാവു പിന്നെയും പോയി കുളത്തിനോടു ചോദിച്ചു

“ആശാരിമുറ്റത്ത് പ്രാവഞ്ചു മുട്ടയിട്ടതിലൊന്നു താണുപോയൊരു മുട്ട വീണു പോയ് ബാക്കി മുട്ടയെടുത്തു തരാത്ത ആശാരൊച്ചിയുടെ ചേംമ്പിന്റെയും ചെറികുഴങ്ങിന്റെയും മൂടു മാന്താത്ത എലിയെ പിടിക്കാത്ത പൂച്ചേ കടിക്കാത്ത പട്ടിയെ എറിയാത്ത പിള്ളേരെ  തല്ലാത്ത ആശാന്റെ മീശയ്ക്കു കത്താത്ത തീയെ  കെടുത്താമോ കുളമേ ? എന്ന്

കുളം  പറ്റില്ല എന്നു പറഞ്ഞു

പ്രാവു പിന്നെയും പോയി ആനയെ കണ്ടു. ആനയോടു ചോദിച്ചു

”ആശാരിമുറ്റത്ത് പ്രാവഞ്ചു മുട്ടയിട്ടതിലൊന്നു താണുപോയൊരു മുട്ട വീണു പോയ് ബാക്കി മുട്ടയെടുത്തു തരാത്ത ആശാരൊച്ചിയുടെ ചേംമ്പിന്റെയും ചെറികുഴങ്ങിന്റെയും മൂടു മാന്താത്ത എലിയെ പിടിക്കാത്ത പൂച്ചേ കടിക്കാത്ത പട്ടിയെ എറിയാത്ത പിള്ളേരെ  തല്ലാത്ത ആശാന്റെ മീശയ്ക്കു കത്താത്ത തീയെ  കെടുത്താത്ത കുളം ചവിട്ടി കലക്കാമൊ ആനേ ? എന്ന്

ആന  പറ്റില്ല എന്നു പറഞ്ഞു

പ്രാവു പിന്നെയും പോയി കട്ടുറുമ്പിനെ കണ്ടു.  കട്ടുറുമ്പിനോടു ചോദിച്ചു

“ആശാരിമുറ്റത്ത് പ്രാവഞ്ചു മുട്ടയിട്ടതിലൊന്നു താണുപോയൊരു മുട്ട വീണു പോയ് ബാക്കി മുട്ടയെടുത്തു തരാത്ത ആശാരൊച്ചിയുടെ ചേംമ്പിന്റെയും ചെറികുഴങ്ങിന്റെയും മൂടു മാന്താത്ത എലിയെ പിടിക്കാത്ത പൂച്ചേ കടിക്കാത്ത പട്ടിയെ എറിയാത്ത പിള്ളേരെ  തല്ലാത്ത ആശാന്റെ മീശയ്ക്കു കത്താത്ത തീയെ  കെടുത്താത്ത കുളം ചവിട്ടി കലക്കാത്ത ആനേടെ മൂക്കിൽ കയറി കടീക്കാമൊ  കട്ടുറുമ്പേ? എന്ന്

ഹഹ അതിനെതാ  എന്നു പറഞ്ഞു  കട്ടുറുമ്പ്  പോയി ആനയുടെ തുമ്പിക്കയ്യിൽ കയറി ഒരു കടി.

ആന ഓടി ചെന്ന് കുളം കലക്കി
കുളം ചെന്ന് അടുപ്പിൽ കയറി
അടുപ്പിലെ തീ ചെന്ന് ആശാന്റെ മീശയ്ക്ക് പിടിച്ചു
ആശാൻ വടി എടൂത്ത് പിള്ളേരെ  തല്ലി
പിള്ളേർ  കല്ലെടുത്ത് പട്ടിയെ എറിഞ്ഞു
പട്ടി പോയി പൂച്കെ ഓടിച്ചു
പൂച്ച എലിയേ പിടിക്കാൻ പോയി

എലി പോയി ചേമ്പിന്റെയും ചെറുകിഴങ്ങിന്റെയും മൂടു മാന്തി
ആശാരിച്ചി മുട്ട എടുത്ത് പ്രാവിനും കൊടൂത്തു

ഇതു കൊണ്ടും തീർന്നില്ല

ഇത് കേട്ട വാശി പിന്നീട് നമ്മുടെ അടുത്ത് വന്ന എല്ലാ പിള്ളേരുടെ അടുത്തും തീർത്തിട്ടുണ്ട്. പിള്ളേർ കഥ വേണ്ടായെ എന്നു പറഞ്ഞ് പോകുന്നത് വരെ അല്ല പിന്നെ

Wednesday, February 07, 2018

വസുധൈവ കുടുംബകം

https://m.youtube.com/watch?feature=share&v=KhFcnnFRYhI

ഇത് കണ്ടപ്പോൾ കുറേ ഏറെ ചിന്തകൾ മനസിൽ വന്നു.

പണ്ട് എന്ന് വച്ചാൽ വളരെ പണ്ട്, വിദ്യ കൊടുക്കും തോറും ഏറിടുന്ന വസ്തു ആയിരുന്നു.

കൊടുക്കണം. തടയരുത്.  അത് കോപി റൈറ്റ് ആയാലും പേറ്റന്റ് ആയാലും
വസു ധൈവ കുടുംബകം ആയിരുന്നു.
എല്ലാ അറിവുകളും എല്ലാവർക്കും കിട്ടണമായിരുന്നു.

പിന്നീടതിൽ ഓരോരുത്തർ അവകാശങ്ങൾ സ്ഥാപിച്ചു തുടങ്ങി.

ഞാൻ പറഞ്ഞത് വേറെ ഒരാൾ അതുപോലെതന്നെ പറഞ്ഞാൽ കുറ്റം!!!

ഞാൻ പറഞ്ഞത് അത് കേട്ട കുറച്ച് ആൾക്കാർ മാത്രമല്ലെ കേട്ടുള്ളു
അപ്പോൾ അത് മോഷ്ടിച്ചായാലും വേറെ ഒരാൾ പകർന്നു കൊടുത്താൽ കുറച്ചേറെ ആളുകൾക്കു കൂടി അതിന്റെ ഫലം ലഭിക്കില്ലെ?

അതിൽ വിഷമം എന്തിന്?

അപ്പോൾ ഞാൻ പറഞ്ഞത് ബാക്കി ഉള്ളവരെ അറിയിക്കുക എന്നതിലപ്പുറം, എന്റെ പേർ പ്രശസ്തം ആകുക എന്ന തി നയിരുന്നു
 അല്ലെ?

ആധുനിക കാലഘട്ടത്തിൽ വിക്കിപ്പീടിയ ഉണ്ടാക്കിയതും  പ്രാചീന കാലത്തെ ആ മഹത്തായ പൈതൃകം കാത്ത് രക്ഷിക്കുവാൻ ആയിരുന്നു. അതിലും അറിവ് പകർത്തി  ഇടുന്നത് നിസ്വാർത്ഥമായി ആണ് . ആർക്കു വേണമെങ്കിലും അറിയുവാൻ. 

നമ്മളൊക്കെ ആ മനസ്ഥിതി ഉള്ളവരാകാൻ എത്ര ശ്രമിച്ചാൽ പറ്റും?
പരാദങ്ങൾ സർവലോക സുഭിക്ഷങ്ങൾ ആണ്. 
അവരുടെ പിന്നാലെ പോകുമ്പോൾ നമ്മളും കൊച്ചാവുക അല്ലെ?

Friday, February 02, 2018

തുമീ ഹോ മാതാ

https://www.facebook.com/sankaranarayana.panicker/posts/1817134364965670

വടക്കെ ഇന്ത്യൻ ഭൈരവി.

കാലത്തെ തണുപ്പത്ത് വലതും ഒക്കെ ചെയ്യാൻ ഒരു രസമാ.
കേട്ടിട്ടു തല്ലാനൊന്നും വരല്ലെ. നമ്മുടെ പണിക്കരല്ലെ എന്ന് വിചാരിച്ച് വെറൂതെ വിട്ടേക്കണം.
ഇത് വടക്കെ ഇന്ത്യൻ ഭൈരവി.
പണ്ട് കോയമ്പത്തൂർ ആയുർവേദ കോളേജിൽ ജോലി ഉള്ള കാലം. ഒരു ദിവസം കിടന്ന് ഇത് ഉച്ചത്തിൽ ഇങ്ങനെ മൂളി.
അടുത്ത മുറിയിൽ വാസുദേവൻ സാർ ആണ്.
സാറിന് സഹിച്ചില്ല സാർ ചോദിച്ചു എന്താ പണിക്കർ സാറെ കാലത്തെ തന്നെ തോഡിയിൽ കരയുന്നത് എന്ന്?
ശരിക്കും വാസുദേവൻ സർ ചോദിച്ചത് എന്തിനാ തോഡിയിൽ മോങ്ങുന്നത് എന്നാ. പിന്നെ ഞാൻ എന്റെ ഒരു സമാധാനത്തിന് കരയുന്നത് എന്നാകി എന്നെ ഉള്ളു . അല്ല രണ്ടും ഒന്നു തന്നെ അല്ലെ പിന്നെന്താ പ്രശ്നം?

Thursday, February 01, 2018

നഖപുരാണം

ഇത് അല്പം നീണ്ട ഒരു കഥ ആണ്‌. ഒപ്പം കഥ അല്ല, ഒരു പ്രഹേളിക ആണ്‌. അധുനികവൈദ്യസമ്പ്രദായത്തിലെ പല കേമന്മാരും പറയുന്നത് കേൾക്കാം ഒക്കെ ഞങ്ങൾ പഠിച്ചു കഴിഞ്ഞു. പലരുടെയും വീമ്പു കേട്ട് അറപ്പും തോന്നിയിട്ടുണ്ട്. കുറച്ച് ഇംഗ്ലീഷ് പഠിച്ചു കഴിഞ്ഞാൽ എല്ലാം ആയി എന്നു തോന്നുന്ന അനേകം ശുംഭന്മാരെ കണ്ടിട്ടും ഉണ്ട്.

നമുക്ക് ആറിയാവുന്നത് വളരെ കുറച്ചെ ഉള്ളു, അറിയാത്തതാണധികം എന്ന് ഘോഷിച്ച ഭാരതീയ പൂർവികരെ ഓർക്കാൻ ഒരു വിശിഷ്ട കാരണം കൂടി ഇത് എനിക്ക് തരുന്നു.

അപ്പൊ പറഞ്ഞു വന്നത് എന്റെ വിരലുകളിലെ നഖങ്ങളുടെ കഥയാണു ഞാൻ പറയാൻ പോകുന്നത് എന്ന്.

അതിനെന്താ ഇത്ര പ്രത്യേകത എന്നു ചോദിച്ചാൽ ? പ്രത്യേകതയെ ഉള്ളു. ഒരു ജീവിതകാലം കൊണ്ടും മനസിലാക്കി തീരാത്ത പ്രത്യേകത.

അതായത് ഒരു ദിവസം ഞാൻ കളപ്പുരക്കൽ - അതായത് എന്റെ കുഞ്ഞമ്മയുടെ താമസസ്ഥലം, ഞങ്ങളുടെ അമ്മവീട്. അവിടെ നില്ക്കുമ്പോൾ, ചിറ്റപ്പന്റെ അനന്തിരവൻ അവിടെ വന്നു. അദ്ദേഹം അന്ന് MBBS കഴിഞ്ഞ് കുറച്ചു കാലം ജോലിയും ചെയ്ത് ശേഷം ഹരിപാട്ട് തന്നെ RK  Hospital തുടങ്ങിയ സമയം.

എന്നെ കൈപിടിച്ചു കുലുക്കിയ  പുള്ളീക്കാരൻ പെട്ടെന്ന് എന്റെ നഖങ്ങൾ പരിശോധിക്കാൻ തുടങ്ങി. നഖം നോക്കുന്നു, കണ്ണു നോക്കുന്നു, നാഡി പിടിക്കുന്നു. കുറേ ഏറെ ചോദ്യങ്ങളും.

അപ്പോഴാണു ഞാൻ എന്റെ നഖം ശ്രദ്ധിക്കുന്നത്.


ഇതെന്താ നിന്റെ നഖം ഇത്ര വെളുത്തിരിക്കുന്നത്?

ഞാൻ അപ്പോഴാണു കാണുന്നത് തന്നെ. എന്റെ രണ്ടു കയ്യിലെയും ചൂണ്ടുവിരൽ, നടൂവിരൽ എന്നിവയിലെ നഖങ്ങൾ മുഴുവൻ നല്ല വെള്ളകടലാസു പോലെ.


പണ്ട് അവ അങ്ങിനെ ആയിരുന്നില്ല എന്നെനിക്കറിയാം, കാരണം ചേച്ചി നഖം വൃത്തിയാക്കുന്നത് കണ്ട് ഞാനും അതുപോലെ ഒക്കെ ആക്കാൻ നോക്കിയിരുന്നു. അതു കൊണ്ട് അവ ആദ്യം ചുവപ്പായിരുന്നു എന്നോർമ്മയുണ്ട്, പക്ഷെ പിന്നെ എപ്പോൾ ഇങ്ങനെ ആയി എന്നെനിക്കറിയില്ല.

ചോദ്യോത്തരം എല്ലാം കഴിഞ്ഞു പുള്ളി ചിറ്റപ്പനോടു പറഞ്ഞു ഇവന്റെ രക്തം പരിശോധിക്കണം. കൊണ്ടുപോയി രക്തം പരിശോധിച്ചു, എന്നെയും പരിശോധിച്ചു. കുഴപ്പം ഒന്നും ഇല്ല

എന്നാൽ Calcium കുറവായിരിക്കും. എന്നു പറഞ്ഞ് Ostocalcium ഗുളിക കഴിക്കാൻ പറഞ്ഞു.

കുറെ കഴിച്ചിട്ടും നഖം പഴയതു പോലെ. എനിക്കാണെങ്കിൽ വേറെ കുഴപ്പവും ഒന്നും ഇല്ല.
ചിറ്റപ്പൻ പറഞ്ഞു- നമുക്ക് ഈ ഇംഗ്ലീഷ് ഗുളിക നിർത്താം. പിന്നെ ആയുർവേദരീതിയിൽ ചുണ്ണാമ്പിന്റെ പ്രയോഗം ആയി. കുറെ കഴിഞ്ഞ് അതും ഞാൻ തന്നെ നിർത്തി.

നഖം പൂർവാധികം ഭംഗിയായി നല്ല വെളുവെളെ.

അങ്ങനെ ഇരിക്കെ ആണ്‌ ആയുർവേദ കോളേജിൽ പഠിക്കുവാൻ ചേരുന്നത്.

എന്നാൽ പിന്നെ വിദഗ്ധചികിൽസ ആട്ടെ എന്ന് വച്ച് മൂസ്മാഷെ കാണിച്ചു.
അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ശംഖഭസ്മം തേനിലും മറ്റും കഴിച്ചു
എന്തിനു പറയുന്നു, ചികിൽസിച്ച് ചികിൽസിച്ച് ഒരു തള്ളവിരലിലെ നഖം കൂടീ വെളുത്തു.

അതോടു കൂടീ തല്ക്കാലം ഞാൻ ചികിൽസ നിർത്തി.

പിന്നീട് കുറെ കഴിഞ്ഞാണല്ലൊ MBBS നു ചേരുന്നത്

അപ്പോഴത്തെ വിചാരം MBBS എന്നു വച്ചാൽ ഇങ്ങനെ എല്ലാ വിവരങ്ങളും അടൂക്കി വച്ചിരിക്കുകയാണ്‌. ഏതാ വേണ്ടെ ന്ന് വച്ചാൽ അലമാരി തുറന്നെടുക്കുന്നതു പോലെ ഇങ്ങെടുത്താൽ മതി എന്നാണല്ലൊ.

Pathology Professor Gracy Madam ന്റടുത്ത് ചെന്നു.

കൈ ഉം നഖവും കാണിച്ചു. മാം വളരെ വിശദമായി നോക്കി. കഥകളും കേട്ടു കഴിഞ്ഞപ്പോൾ വേണമെങ്കിൽ ഒരു Biopsy നോക്കാം എന്നു പറഞ്ഞു
വേണമെങ്കിൽ അല്ല വേണം തന്നെ. ഞാൻ റെഡി ആയി

Result വന്നു Parakeratosis

എന്നു വച്ചാൽ നഖത്തിന്റെ Epithelial cells പൂർണ്ണവളർച്ച എത്തുന്നില്ല. അതുകൊണ്ട് മുകളിൽ കാണുന്നവ പൂർണ്ണവളർച്ച ഉള്ളവയല്ല.

അതിനെന്ത് ചെയ്യാൻ പറ്റും ?



ഞാൻ പറഞ്ഞു ഇതു വരെ അതറിയില്ലെനിൽ എന്നെ പരിശോധിക്കൂ. എന്താണെന്ന് നമുക്കു പഠിക്കാമല്ലൊ.

Madam became furious. You want to become a guinea pig?  No way. You just forget it and go to class

ഞാൻ കുറെ പറഞ്ഞു നോക്കി. പുതിയ ഒരു വിജ്ഞാനം എന്നെ പഠിച്ച് മനസിലാക്കാം എങ്കിൽ നല്ലതല്ലെ എന്നായിരുന്നു എന്റെ വിചാരം. പക്ഷെ മാം സമ്മതിച്ചില്ല.

പിന്നീട് ഞാനും നഖവും ഒരു സൗഹൃദത്തിൽ അങ്ങനെ പൊയ്ക്കൊണ്ടിരുന്നു.

കുറ്റം പറയരുതല്ലൊ. ഈ നഖം എന്നെ ഒരുപാടു തവണ സാറന്മാരുടെ വഴക്കിൽ നിന്നും രക്ഷിച്ചിട്ടുണ്ട്.

അക്കഥ ഇങ്ങനെ.

ഞാൻ ഹരിപ്പാട്ടു നിന്നും  ആലപ്പുഴ വരെ പോയി വന്നു കൊണ്ടിരുന്ന കാലം. Students Only ബസ്സിൽ കയറിപറ്റിയാൽ സമയത്ത് എത്താനൊക്കും, അല്ലാത്താ ദിവസം അല്പം താമസിക്കും.

Medicine Professor Sarma സാറിന്റെ  അടുത്താണ്‌ എന്റെ Clinics താമസിച്ചു വരുന്ന ദിവസം സാർ ഒരു ചോദ്യോത്തരപംക്തി ഉണ്ട്. മേശയ്ക്കപ്പുറവും ഇപ്പുറവും ഇരുന്ന്.

ഞാൻ നേരെ കയ്യുടെ നഖങ്ങൾ എല്ലാ കാണത്തക്കവൺനം മേശപ്പുറത്ത് കൈ വച്ച് അനക്കി കൊണ്ടിരിക്കും.

ഈ ഡോക്റ്റർമാർക്ക് ഒരു സ്വഭാവം ഉണ്ട്  അസ്വാഭാവികമായ എന്തെങ്കിലും ഒരു കാര്യം കണ്ടാൽ പെട്ടെന്നവരുടെ ശ്രദ്ധ അങ്ങോട്ടാകും.

ഈ നഖം കാണുന്നതും സാറിന്റെ കണ്ണുകൾ അതിലുടക്കും.

Hey What happened to your nails?"

സംഗതി ഞാൻ രക്ഷപ്പെട്ടു.

ഞാൻ രണ്ടു കയ്യും നിവർത്തി അങ്ങു വച്ചു കൊടുക്കും.

പിന്നെ സാറിന്റെ വക ചോദ്യോത്തരം അതിലായി.

ഞാൻ കഥ പറഞ്ഞു തുടങ്ങും പണ്ടുപണ്ടൊരു കാലത്ത് രണ്ടു കയ്യിലെയും രണ്ടു നഖങ്ങൾ വെളുത്തതായിരുന്നു.

You mean symmetrical?

അതെ സർ

You mean to commit that you are having hepatolenticular degeneration?

അതെനിക്കറിയില്ല സർ

എന്തിനു പറയുന്നു. സാറിനും ഇതിൽ ഒന്നും ചെയ്യാനൊന്നും ഇല്ല എന്നു എനിക്കും സാറിനും മനസിലായി.

പിന്നീട് എപ്പോൾ കണ്ടാലും ഞാൻ സർനോടു ചോദിക്കും സാർ എന്റെ നഖം?

സാർ എന്നെ ഒഴിവാക്കി തുടങ്ങി
എങ്ങനെ എങ്കിലും ഈ പഹയൻ ക്ലാസിൽ വരാതിരുന്നാലും മതി എന്നു വിചാരിച്ചിട്ടുണ്ടാകും ആർക്കറിയാം അല്ലെ?

അതുപോലെ വേറെയും ചിലരെ ഒതുക്കാൻ എന്നെ ഈ നഖങ്ങൾ വളരെ സഹായിച്ചിരുന്നു.  ഇതിനിടയ്ക്ക് തന്നെ ഇടത് കയ്യിലെ തള്ളവിരലിലെ നഖവും വെളുത്തു കിട്ടി.

പിന്നീടും കാലം കുറെ കഴിഞ്ഞു.

എന്റെ അമ്മയുടെ ഷഷ്ടിപൂർത്തി ദിവസം.

ആയാപറമ്പ് ചാങ്ങയിൽ കിഴക്കേതിൽ - അവിടെ ആണ്‌ ഞാൻ ജനിച്ഛു വളർന്നത്. ഇപ്പോൾ അവിടെ വല്യേട്ടൻ താമസിക്കുന്നു. അവിടെ വച്ചാണ്‌ ഷഷ്ടിപൂർത്തി.

ഞങ്ങളൊക്കെ തലെദിവസം എത്തി.

അപ്പോഴാണ്‌ കാണുന്നത് കക്കൂസിന്റെ കതക് ഒടിഞ്ഞു തൂങ്ങി പോയി. അത് ശരിയാക്കണം

ഞാൻ പോയി ഹരിപ്പാട്ടു നിന്നും പാട്ട വാങ്ങി വന്നു. ഞങ്ങളുടെ ഒക്കെ വീട്ടിൽ എപ്പോഴും പണീസാധനങ്ങൾ എല്ലാം കാണും

ചില്ലറ തടിക്കഷണം ഒക്കെ വെട്ടിക്കൂട്ടി ആ പാട്ട അട്ച്ച് വാതിലുണ്ടാക്കി. അത് ഫിറ്റ് ചെയ്തു

പക്ഷെ നമ്മൾ സാധാരന ചെയ്യാറില്ലാത്ത പണീ ആയത് കൊണ്ട് ചുറ്റിക കൊണ്ടുള്ള വീക്ക് പല വിരലുകളിലും ഒക്കെ കൊണ്ടു.

അതിൽ ഒന്ന് വലത്തെ തള്ളവിരലിൽ- നഖത്തിന്റെ മൂട് കറുത്ത് കരുവാളിച്ചു (പറഞ്ഞില്ലല്ലൊ എനിക്ക് രണ്ടു കൈ കൊണ്ടു ചുറ്റിക അടിക്കാൻ പറ്റും - പക്ഷെ ഇങ്ങനൊക്കെ ഇരിക്കും എന്നെ ഉള്ളു)

ഇടത് കയ്യിലെ തള്ളവിരലിലും അതെ പോലെ തന്നെ അടികിട്ടി, അതും അപ്രകാരം തന്നെ കരുവാളിച്ചു.

മൂന്നാമത്തെ അടീ ഇടത് കയ്യിലെ നടൂവിരലിന്റെ നഖത്തിൽ പക്ഷെ അത് കോണീച്ചുള്ള ഒരടി ആയിരുന്നു. ഒരു അല്പം കരുവാളിപ്പ് അവിടെയും ഉണ്ടായി.


പക്ഷെ രസം അതല്ല. ഈ കരുവാളിപ്പ് മാറിമാറി മുന്നിലേക്ക് പോവിലെ?. അങ്ങനെ പോയി പോയി അവസാനം വന്നപ്പോൾ തള്ള്വിരലിലെ രണ്ടു നഖങ്ങളും സാധാരന നിറം ആയി.

നടൂവിരലിൽ കരുവാളിപ്പു മാറി ആദ്യം അവിടെ ഒരു ഇളം പച്ച നിറം വന്നു, അത് മുന്നിലേക്കുപോയി പോയി മറഞ്ഞു, നഖം പിന്നെയും വെളുപ്പ് തന്നെ.

ചുറ്റികയ്ക്ക് അടി കിട്ടിയാൽ നഖം ചുവക്കും എന്ന അറിവു കിട്ടിയ ഞാൻ ച്ചുറ്റിക കയ്യിൽ എടുത്തു പലാതവണ, പക്ഷെ അടിക്കാനുള്ള ചങ്കുറപ്പ് ഇല്ല. അതു കൊണ്ട് ഒരു വലിയ അടിക്ക്  പകരം 25 ചെറിയ അടി ആയാലും പറ്റുമായിരിക്കും എന്നു വിചാരിച്ച് പല തവണ ചെയ്തു നോക്കി.

ഒരു ഫലവും ഇല്ല.

അങ്ങനെ കാലം പോയി അമ്മ 94 ആമത്തെ വയസിൽ സ്വർഗ്ഗവാസിനി ആയി. അതും കഴിഞ്ഞ് കൊല്ലങ്ങൾ ആയി.

ദാ ഇപ്പോൾ നോക്കുമ്പോൾ നഖങ്ങളുടെ ഓരോ വശത്ത് നിന്നും ചുവന്നു വരുന്നു. എന്നാൽ ഇത് എല്ലാവരുമായും ഒന്ന് പങ്ക് വയ്ക്കാം എന്നു കരുതി അത്രെ ഉള്ളൂ സിമ്പിൾ











മൊത്തം ചുവന്നു കഴിഞ്ഞിട്ട് മൊത്തം പടം ഇടാം ട്ടൊ

Tuesday, January 30, 2018

പ്രസംഗമൽസരം

ഞങ്ങളുടെ വീട്ടിൽ പശു, കോഴി , പട്ടി പൂച്ച ഇവ നാലു തരം ജന്തുക്കൾ അഞ്ചാമതായി മനുഷ്യർ ഇങ്ങനെ അഞ്ചു കൂട്ടം ജീവികൾ സസന്തോഷം വാഴുന്ന ഇടം ആയിരുന്നു.

കോഴികളെ തെങ്ങിന്റെ ഓല വളച്ച് വച്ചുണ്ടാക്കുന്ന ഒരു തരം കൂട്ടിനുള്ളിൽ ആക്കി, കയർ കെട്ടി വലിച്ച് പൊക്കത്തിൽ തൂക്കിയിടും, ഇല്ലെങ്കിൽ മിക്കവാറും കുറൂക്കൻ കൊണ്ടു പോകും. വൈകുന്നേരം ആയാൽ കോഴികൾ കൂട്ടിൽ കയറാൻ തയ്യാറായി വരുന്നതൊക്കെ ഒരു പ്രത്യേക കാഴ്ച തന്നെയാണ്‌. പകൽ പിടിക്കാൻ ചെന്നാൽ ഓടി മറയുന്ന അവ സന്തോഷമായി നമ്മുക്ക് അനുസരിച്ച് നില്ക്കും.

കാലത്ത് അവയെ ഇറക്കി വെളിയിൽ വിടണം. ഇതൊക്കെ ദിനചര്യയിൽ പെടുന്ന കാര്യങ്ങൾ.

അന്നു ഞങ്ങൾക്ക് വീരൻ എന്നു പേരായ ഒരു പട്ടി ഉണ്ടായിരുന്നു. അടുത്തുള്ള പുലത്തറയിൽ അവരും കുറച്ച് പട്ടികളെ വളർത്തി. മൂന്നു നാലെണ്ണം ഉണ്ടായിരുന്നു എങ്കിലും അതിൽ പത്രോസ് എന്നു വിളിക്കുന്ന ഒരെണ്ണം പോക്കിരി ആയിരുന്നു.

അവൻ ഇടയ്ക്കിടയ്ക്ക് അതിരു ലംഘിച്ച് ഞങ്ങളുടെ പറമ്പിലെത്തും, പൂച്ചയെ അവൻ ഓടിയ്ക്കും, കോഴിയെ ഉപദ്രവിക്കും. അതുകൊണ്ട് എനിക്കവനോട് വലിയ കലി ആയിരുന്നു. കയ്യിൽ കിട്ടുന്ന കല്ലും മറ്റും വലിച്ചെറിഞ്ഞ് ഓടിയ്ക്കും. പട്ടികൾക്ക് അതിർ ബോധം ഉണ്ട് അറിയിലെ?  അവയുടെ അതിരിനകത്ത് അവർ ശൗര്യം കാണിക്കും, വല്ലവന്റെയും അതിരിലാണെങ്കിൽ തിരികെ ഓടും

ഇത് പറയാൻ ഒരു പ്രത്യേക കാരണം ഉണ്ട് - നമ്മളും അങ്ങനെ തന്നെയാ അല്ലെ? സംശയം ഉണ്ടോ?

ഒരിക്കൽ പത്രോസിനെ ഓടിക്കാൻ , പശുവിനെ കെട്ടുന്ന കുറ്റി ഒരെണ്ണം എടുത്ത് കൊണ്ട് ഞാൻ അവന്റെ പിന്ന്നാലെ ഓടി, അവൻ രക്ഷപ്പെടും എന്നായപ്പോൾ ഞാൻ ആ കുറ്റി വലിച്ച് അവനെ എറിഞ്ഞു. അപ്പോഴേക്കും ഞാൻ എന്റെ അതിരിനു പുറത്തായിരുന്നു അവൻ അവന്റെ അതിരിനോടടൂത്തും. കുറ്റി അവനു കൊണ്ടീല്ല എന്നു പ്രത്യേകം പറയേണ്ടല്ലൊ. കുറ്റി എന്റെ കയ്യിൽ നിന്നു പോയത് കണ്ട പത്രോസ് തിരിഞ്ഞ് എന്റെ നേരെ വരവായി.

അന്നു ഞാൻ തിരിച്ചോടിയ ആ ഓട്ടം ഒരു നാലു ദിവസം പ്രാക്റ്റീസ് ചെയ്തിരുന്നെങ്കിൽ ഇന്ന് ഞാൻ ആരായിരുന്ന്നേണെ?
 
അതിരിക്കട്ടെ

കാലത്ത് പശുവിനെ കറക്കുന്നത് അമ്മ.  അതിനെ പുറത്ത് കൊണ്ടു  കെട്ടുന്നത് അഛൻ. അതു കഴിഞ്ഞാൽ തൊഴുത്തിലെ ചാണകം വാരി ചാമ്പപ്പുരയിൽ കൊണ്ടിടുന്നത് എന്റെ ജോലി. എല്ലാ ചിട്ടയ്ക്കു തന്നെ അഛൻ കൂടെ നിന്ന് ചെയ്തു കാണീച്ചു പഠിപ്പിച്ചതാണ്‌.  അന്നൊന്നും അതിനു യാതൊരു മടിയും
 ഇല്ലായിരുന്നു.  അതിനുൽസാഹം വരാൻ അമ്മ ഒരു കാര്യവും കൂടി പറഞ്ഞു തന്നിരുന്നു - മരിച്ച് സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ കാവല്ക്കാർ ആദ്യം നോക്കുന്നത് നഖത്തിനടിയിൽ ചാണകം ഉണ്ടൊ എന്നാണത്രെ. ചാണകം ഇല്ലെങ്കിൽ ഔട്, പിന്നെ നരകത്തിലേക്കായിരിക്കും യാത്ര.

അതു കൊണ്ട് വളരെ കൃത്യമായി ഇതൊക്കെ നടന്നു പോന്നു.  പശുക്കൾ നാലഞ്ചെണ്ണം വലിയത് രണ്ടൊ മൂന്നൊ, പിന്നെ കുട്ടികളും. പശുക്കുട്ടി ഉണ്ടായാൽ അതിനോടൊപ്പം ഓടിക്കളിക്കൽ ആണൊരു പ്രധാന വിനോദം. പശുവിനു പുല്ലു പറിച്ചു കൊടുക്കാൻ ആരും പറയാതെ തന്നെ എനിക്കുൽസാഹം ആയിരുന്നു.  ഹഹഹ ഇത് പറഞ്ഞപ്പോഴാണോർത്തത് ഒരു രസകരമായ കാര്യം

ഗൃഹപാഠം ചെയ്യാൻ എനിക്ക് പലപ്പോഴും വലിയ മടിയായിരുന്നു. ഒരു ദിവസം ജാനകിയമ്മ സാർ പിടികൂടി- ഇതും മൂന്നാം ക്ലാസിലാണ്‌ കേട്ടൊ

എന്താണ്‌ ഗൃഹപാഠം ചെയ്യാഞ്ഞത്?

എന്ത് പറയണം എന്നറിയില്ല പക്ഷെ വച്ചു താങ്ങി അമ്മ പറഞ്ഞു പശുവിനു പുല്ലു പറിക്കാൻ.

അതിനുള്ള അടി കിട്ടിയത് മാത്രമല്ല, ജാനകിയമ്മ സർ അമ്മയോട് അതു പറയുകയും കൂടി ചെയ്തപ്പോഴാണ്‌ ആ കഥയുടെ യഥാർത്ഥ ത്രിൽ വന്നത് - ജനകിയമ്മ സാർ താമസിക്കുന്നത് ആയാപറമ്പ് വടക്കെ കര - കന്യാട്ടുകുളങ്ങര ക്ഷേത്രത്തിനു കിഴക്കു വശം.

അതിനടൂത്ത് നെടീയാറ വടക്കേതിൽ അഛന്റെ  വലരെ പ്രിയപെട്ട സുഹൃത്ത് ആണു താമസം. അവിടെ ഞങ്ങൾ ഇടയ്ക്കിടയ്ക്ക് പോകും. അഛന്‌ സുഹൃത്തിനെ കാണുക, അമ്മയ്ക്ക് അവിടത്തെ അമ്മയും മകളും , ഞങ്ങൾക്ക് അവിടെ വളർത്തുന്ന നല്ല വലിയ കരിമ്പ് വെട്ടി തരുന്നത് തിന്നാനുള്ള കൊതിയും

അങ്ങനെ പോകുന്ന വഴിയിൽ അമ്മ എന്നെയും കൊണ്ട് ജാനകിയമ്മ സാറിന്റെ വീട്ടിൽ കയറി - അവിടെ വച്ച് ജാനകിയമ്മ സാർ അക്കഥ അമ്മയോട് എന്റെ മുന്നിൽ വച്ചു തന്നെ പറഞ്ഞതോടു കൂടി അത്തരം പറച്ചിൽ പരിപാടി ഞാൻ എന്നെന്നേക്കുമായി നിർത്തി

കാര്യം ഇതൊക്കെ ആണെങ്കിലും ജാനകിയമ്മ സാറിൻ എന്നെ വലിയ ഇഷ്ടമാണ്‌. അങ്ങനെ നാലാം ക്ലാസിൽ എത്തി. സ്കൂളിലെ കലാകായികമൽസരങ്ങൾ വരുന്നു.

അമ്മയ്ക്ക് ഞങ്ങൾ ഒക്കെ പ്രസംഗിക്കണം എന്ന് വലിയ ആഗ്രഹം ആണ്‌. എന്നോട് പ്രസംഗമൽസരത്തിനു ചേരണം എന്നു പറഞ്ഞു.

ഞാൻ പേരു കൊടൂത്തു. ചെറിയ കുട്ടികൾ അല്ലെ. അന്ന് അതുകൊണ്ട് അവർ ആദ്യം നാലു വിഷയങ്ങൾ തന്നു. ഇവയിൽ ഏതെങ്കിലും ഒന്നായിരിക്കും പ്രസംഗത്തിന്‌ അന്ന് തരിക. അതുകൊണ്ട് എല്ലാവരും നന്നായി പഠിച്ചു തയ്യാറായി വരിക.

തെക്കെവേളൂരെ ചെല്ലപ്പൻ കൊച്ചാട്ടൻ കരുവാറ്റ സ്കൂളിൽ മലയാളം അദ്ധ്യാപകൻ ആണ്‌. അദ്ദേഹത്തിനെ വിഷയങ്ങൾ ഏല്പ്പിച്ചു. നാലു പ്രസംഗങ്ങൾ എഴുതി കിട്ടി

ഞാൻ അതും വായിച്ചു പഠിച്ചു നടന്നു

മൽസരദിവസം എത്തി. പ്രസംഗമൽസരം തുടങ്ങി. ഇടയ്ക് എന്റെ പേർ വിളിച്ചു. ഞാൻ ഗംഭീരമായി സ്റ്റേജിൽ കയറി.
“ബഹുമാനപ്പെട്ട സദസ്സിനു --” എന്നു വരെ പറഞ്ഞു എന്നാണോർമ്മ അത്രയായപ്പോഴേക്കും ചുറ്റും ഉള്ളതെല്ലാം കറങ്ങി കണ്ണു കാണാതായി. പിന്നെ ഉണരുമ്പോൾ ഞാൻ ജാനകിയമ്മ സാറിന്റെ മടിയിൽ ആയിരുന്നു.

അതന്നത്തെ കാലം . പിന്നീട് അതിനൊക്കെ പകരം വീട്ടി കേട്ടൊ :)



Pen is on the floor

സ്കൂൾ കാലം ആർക്കെങ്കിലും മറക്കാൻ പറ്റുന്നതാണൊ? എനിക്കു തോന്നുന്നില. അന്നത്തെ  എല്ലാ അനുഭവങ്ങളും നിറമുള്ളതും മണമുള്ളതും ഒക്കെ ആയിരുന്നു അല്ലെ?

ഇന്നു പറയുന്നതിന്‌ നിറവും മണവും ഒന്നും ഇല്ലെങ്കിലും എനിക്ക് മറക്കുവാൻ പറ്റിയിട്ടില്ല ഇത് വരെ

മൂന്നാം ക്ലാസിലെ കഥ  ആണ്‌ കേട്ടൊ. അന്ന് മൂന്നാം ക്ലാസിൽ ആന്‌ ഇംഗ്ലീഷ് ആദ്യമായി  തുടങ്ങുന്നത്. വീട്ടിലെ ഏറ്റവും ചെറിയവൻ ആയിരുന്നത് കൊണ്ട് മൂത്തവർ ഒരു വിധം ഇംഗ്ലീഷ്  എന്നെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു അതിനു മുന്നെ തന്നെ.

ഞാൻ പഠിക്കുന്നത് ആയാപറമ്പ് സർക്കാർ സ്കൂളിൽ. അന്നവിടെ 7 വരെയെ ഉള്ളു. High School ആകുമ്പോൾ ഹരിപ്പാട് പോകണം.

ഞാൻ പഠിക്കുന്ന ക്ലാസിൽ ആൺപിള്ളേർ ഞങ്ങൾ അഞ്ച് പേർ , ബാക്കി ഒക്കെ പെൺപിള്ളേർ

ക്ലാസിൽ ബഞ്ചിടുന്നത് മൂന്നു വശങ്ങളിലും നടുക്കും
നടുക്കുള്ള ഒറ്റ ബഞ്ചിൽ പഞ്ചാപാണ്ഡവന്മാർ അഞ്ചും ഇരിക്കും പെൺകുട്ടികൾ വശങ്ങളിൽ ഇരിക്കും

അന്നൊക്കെ ക്ലാസിലെ ഏറ്റവും മിടുക്കനായത് കൊണ്ട് സാറന്മാർക്കൊക്കെ എന്നെ വലിയ കാര്യം ആയിരുന്നു.

അങ്ങനെ ഒരു ദിവസം Inspection

മുൻ ബഞ്ചിൽ ഇരിക്കുന്നവരോടാണല്ലൊ ആദ്യം ചോദ്യങ്ങൾ വരിക.

ഇംഗ്ലീഷ് പീരിയഡിൽ ആണ്‌ Inspector  വന്നത്.

അന്നൊക്കെ അദ്ധ്യാപകർ ആത്മാർത്ഥമായി പഠിപ്പിക്കുന്നവരും സ്നേഹമുള്ളവരും ആയിരുന്നു എന്ന് നന്ദിയോടെ ഇപ്പോൾ സ്മരിക്കട്ടെ.

Inspector വരുന്നതിനെയൊ ചോദ്യം ചോദിക്കുന്നതിനെയൊ സാറിനു ഭയം ഇല്ല, കാരണം ക്ലാസിലെ ആരെങ്കിലും ഒരു കുട്ടി ഉത്തരം പറയും എങ്കിൽ ഥാലീപുലാകന്യായേന സാറിന്റെ പഠിപ്പിക്കലിനുള്ള സർട്ടിഫികറ്റ് ആയില്ലെ?

ആരു പറഞ്ഞില്ലെങ്കിലും ഞാൻ ഉത്തരം പറയും എന്ന് സാറിനു വിശ്വാസം  ആണ്‌. എന്റെ മൊശട് സ്വഭാവ്ം സാറിനന്ന് അറിയില്ലായിരുന്നു എന്നു തോന്നുന്നു.

അങ്ങനെ Inspector വന്നു. പ്രാഥമികകലാപരിപാടികൾക്കു ശേഷം ചോദ്യോത്തരപംക്തി ആയി. ഇൻസ്പെക്റ്റർ മുന്നിലും സാർ പിന്നിലും ആയി രംഗം തയ്യാറായി.

കുട്ടികൾക്ക് എന്തെങ്കിലും സൂചന കൊടൂക്കാൻ തയ്യാറായി - നാടകത്തിൽ Promptor ഉടെ റോൾ ആണു പാവം സാറിൻ. പ്രോമ്പ്റ്റർക്ക് ശബ്ദമുണ്ടാക്കാം സാറിനു അത് പറ്റില്ല എന്നൊരു വ്യത്യാസം മാത്രം

ആദ്യത്തെ സീറ്റിൽ ഞാൻ ആയതു കൊണ്ട് ചോദ്യം തുടങ്ങിയത് എന്നോടു തന്നെ

വാട്ട് ഇസ് യുവർ നെയിം  ഉം ഏജും ഒക്കെ കഴിഞ്ഞ്  പേന കാണീച്ചു തുടങ്ങി

This is a pen ആയിട്ടും പുള്ളിക്കു മതിയായില്ല
ആ പേന സ്റ്റൂളിന്റെ പുറത്ത് വച്ചു എന്നിട്ടു ചോദിച്ചു  Where is the pen?

അതും പറഞ്ഞു Pen is on the stool

അത് കഴിഞ്ഞ് പേന നിലത്ത് വച്ചു. Where is the pen?
 On the floor  ഉം പറഞ്ഞപ്പോൾ പുള്ളീക്കും രസം കേറീ. മൂന്നിലല്ലെ
അന്ന് ഇത്രയൊക്കെ എല്ലാവരും പറയില്ലായിരുന്നിരിക്കും

പുള്ളീ അതെടുത്ത് സ്റ്റൂളിനടിയിൽ വച്ചു
Where is the pen?

അതും നിലത്ത് തന്നെ അല്ലെ?

ഞാൻ വിടുമൊ?
Pen is on the floor

ഇത്തവണ  Inspector ചുറ്റി. പുള്ളി അതെടുത്ത് ആദ്യം വച്ചതു പോലെ നിലത്ത് വച്ചു

Where is the pen?
 Pen is on the floor

വീണ്ടും എടുത്ത് സ്റ്റൂളിനടീയിൽ വച്ചു

Where is the pen?

ഞാൻ വിടാൻ ഭാവമില്ല
 Pen is on the floor

സാറു വിഷമത്തിലായി. Inspector ക്കു  പിന്നിൽ നിന്ന് സാർ കഥകളി കളിക്കുന്നുണ്ട് ഒരു കൈ കൊണ്ട് സ്റ്റൂളിനെയും മറ്റെ കൈ കൊണ്ട് അതിനടിയെയും ഒക്കെ കാണീക്കുന്നുണ്ട്. പക്ഷെ എവിടെ ആയാലും പേന നിലത്ത്  തന്നെ എന്നെനിക്കുറപ്പ്.

എന്റെ ഉത്തരം  Pen is on the floor


അവസാനം പുള്ളി Over/Under പറയിപ്പിച്ച് രക്ഷപെട്ടു

പക്ഷെ ഇപ്പോഴും എനിക്കു മനസിലായിട്ടില്ല എന്ത് കൊണ്ട്  Pen is on the floor
 തെറ്റാകും എന്ന്?

Monday, January 29, 2018

കിട്ടേണ്ടത് കിട്ടുമ്പോൾ തോന്നേണ്ടത് തോന്നും

ഇത് ഒരു കഥയല്ല. ഒരു സംഭവം മാത്രം. ഞാൻ അന്ന് വളരെ ചെറിയ പ്രായം മൂന്നാം ക്ലാസിൽ പഠിക്കുന്നു. ഞാൻ വീട്ടിലേ ഏറ്റവും  ചെറിയ കുട്ടി. അയല്പക്കത്തൊന്നും എന്റെ പ്രായത്തിലുള്ള ആൺകുട്ടികൾ ഇല്ല. ഉള്ളവർക്കൊക്കെ പ്രായം കൂടുതൽ. എനിക്കു സമപ്രായത്തിൽ പെൺകുട്ടികൾ ആണ്‌. ഒന്ന് അടുത്ത വീട്ടിലെ വൽസല, അടുത്തത് പുലയക്കുടിലിലെ കാർത്യായനി. ഞങ്ങൾ ഒക്കെ ഒരേ ക്ലാസിൽ പഠിക്കുന്നു.

കാർത്യായനി മിക്കപ്പോഴും എന്റൊപ്പം ആയിരിക്കും നടക്കുക. ഒരു കിലോമീറ്ററിലധികം ദൂരം ഉണ്ട് സ്കൂളിലേക്ക്.

അങ്ങനെ ഇരിക്കുന്ന കാലത്താണ്‌ എന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠൻ  വിവാഹിതനാകുവാൻ പോകുന്നത്.


വീട് എന്ന് വച്ചാൽ പണ്ടത്തെ അറപ്പുര ഇല്ലെ അത് തന്നെ . ഒരു അറയും അതിനു ചുറ്റുമായി ചായ്ച്ചുകെട്ടിയ മുറികളും. അതു കാരണം Privacy ഉള്ള BedRoom ഒന്നും ഇല്ല.

അതിനായി മുറി പണിയാൻ തീരുമാനം ആയി. പടിഞ്ഞാറുവശത്തേക്ക് മൂന്നു മുറികൾ ഇറക്കി പണിയുക.

ആശാരിയെ വിളിച്ചു. അന്ന ഓരോ നാട്ടിനും ഓരോ ആശാരിമാർ ഉള്ള കാലം അല്ലെ? ഞങ്ങളുടെ സ്ഥലത്തെ പ്രധാനി

പുള്ളിയെ വരുത്തി.അഛനും അയാളുമായുള്ള സംസാരം

 അവിടെ പണീയാൻ  പറ്റില്ല.

എന്തുകൊണ്ട്?

സ്ഥാനം ശരിയല്ല

അത് സാരമില്ല അവിടെ പണിഞ്ഞാൽ മതി.

ആൾ വാഴില്ല അതു കൊണ്ട് പണീയില്ല

ഞാൻ അതിൽ കിടന്ന് ചത്തോളാം പണിഞ്ഞോളൂ

പക്ഷെ  സമ്മതിച്ചില്ല

അഛൻ അദ്ദേഹത്തിന്റെ അനന്തിരവനെ വിളിച്ചു - നാണു ആശാരി.

അഛനോട് എതിർക്കാൻ അദ്ദേഹത്തിൻ കഴിയില്ല, പറഞ്ഞു നോക്കി അമ്മാവൻ പറഞ്ഞതല്ലെ എന്നൊക്കെ. പക്ഷെ അഛന്റെ കലപന അനുസരിക്കേണ്ടി വന്നു.

അങ്ങനെ നാണു ആശാരിയും അദ്ദേഹത്തിന്റെ ബന്ധു പരമേശ്വരപ്പണീക്കനും കൂടി പണീക്കുള്ള ഒരുക്കം തുടങ്ങി

തടി എവിടെയോ പോയി കണ്ടു വാങ്ങി. അന്നൊന്നും ഈർച്ചമില്ലല്ല. വാളുമായി ആശാരിമാർ വന്ന് വീട്ടിൽ വച്ചു തന്നെയാണ്‌ തടി അറക്കുക.

എനിക്കാണെങ്കിൽ സ്കൂൾ വിട്ടു വന്നാൽ ഭയങ്കര രസം.

തടി അറക്കലും പണീയലും ഒക്കെ. അറക്കുന്ന തടിക്ക് ആപ്പു വക്കുമ്പോൾ പണ്ട്  പഞ്ചതന്ത്രത്തിലെ കുരങ്ങന്റെ വാലു പോയ കഥയും ഒക്കെ ഓർത്ത് അവിടെ ചുറ്റിപറ്റി നില്ക്കും.

അങ്ങനെ ഒരു ദിവസം സ്കൂളിൽ നിന്നും വരുന്ന വഴി കാർത്യായനി പറഞ്ഞു
“പണിക്കന്മാരുടെ ഗുരു പട്ടിയാ”

അതെനിക്ക് പുതിയ അറിവായിരുന്നു.

അതെന്താ അങ്ങനെ?

കാർത്യായനി വിശദീകരിച്ചു. “ആശാരിമാർ പണീയുന്നത് കണ്ടിട്ടില്ലെ? അവർ ഒരു കാലു കൊണ്ടു ചവിട്ടി പിടിച്ചിട്ടു പണിയുന്നത്? ങാ അത് തന്നെ. പട്ടി ഇല നക്കുന്നത് എങ്ങനാ?  അതും ചവിട്ടി പിടീച്ചല്ലെ?  അതാ പറഞ്ഞത്”

എന്റെ കൊച്ചു മനസിൽ അതൊരു പുതിയ വിജ്ഞാനം ആയി. അത് എല്ലാവരോടും പറയാനുള്ള ഒരു ആക്രാന്തം.

വീട്ടിൽ എങ്ങനെ എങ്കിലും എത്തിയാൽ മതി എന്നായി.

എത്തിയതും പുസ്തകം കൊണ്ട് വച്ച് ഉടുപ്പും ഊരി നേരെ പണീപ്പുരയിൽ എത്തി

അവിടെ ആശാരിമാർ പണീയുന്നുണ്ട്. അഛനും അവിടെ ഇരിപ്പുണ്ട്.

നാണു ആശാരി ചോദിച്ചു എന്തൊക്കെ ഉണ്ട് കുഞ്ഞെ വിശേഷം എന്തൊക്കെ പഠിച്ചു?

എന്നെ കുഞ്ഞെ എന്നാണു വിളിക്കുക

ഞാൻ പെട്ടെന്ന് ചോദിച്ചു “പണിക്കന്മാരുടെ ഗുരു പട്ടിയാ അല്ലെ?”

അവരൊന്നും അത് കാര്യമായി എടുത്തില്ല. അവർ ചോദിച്ചു “അതെന്താ കുഞ്ഞ് അങ്ങനെ പറഞ്ഞെ?

ഞാൻ വിശദീകരിച്ചു ”പട്ടി ഇല ചവിട്ടി പിടിക്കുന്നത് പോലെ അല്ലെ നിങ്ങളും തടി ചവിട്ടി പിടിക്കുന്നത്?“

കുറെ ദിവസങ്ങളായി പണീഞ്ഞു കൊണ്ടിരിക്കുന്ന അവരുടെ കൂടെ തന്നെ ആയിരുന്നു ഞാനും. ഇത്രയും നാൾ ഇല്ലാത്ത ഈ വിജ്ഞാനം എവിടന്നു കിട്ടി എന്നറിയാൻ അവർക്കും താല്പര്യം ആയി. ആരെങ്കിലും പറഞ്ഞു കൊടുത്തതാകും അല്ലാതെ ഇപ്പോൾ പെട്ടെന്ന് വെളിപാടൂ വന്നതാകില്ലല്ലൊ

അവർ ചോദിച്ചു ”ആട്ടെ കുഞ്ഞിനോടിതാരാ പറഞ്ഞത്?“

ഞാൻ പറഞ്ഞു "കാർത്യായനി. ഇപ്പോൾ സ്കൂളിൽ നിന്നും വന്നപ്പോൾ പറഞ്ഞു തന്നതാ”

അഛൻ അവിടെ നിന്നും ഒന്നും മിണ്ടാതെ എഴുനേറ്റു പോയി.

വിശദീകരണവും കഴിഞ്ഞ് കുറച്ച് നേരം കൂടി പണീ ഒക്കെ കണ്ട് ഞാനും അവിടെ നിന്നു പോയി. ആശാരിമാർ പണിയും കഴിഞ്ഞു പോയി.

അടുക്കളയിൽ എത്തി ചായ കുടിക്കാനുള്ള ആഗ്രഹത്തിൽ

അപ്പോൾ അമ്മ ആ സത്യം പറഞ്ഞു. നാളെ കാലത്തെ ആശാരിമാർ വരുമ്പോൾ അവരുടെ അടുത്ത് ചെന്ന് അറിവില്ലാതെ പറഞ്ഞു പോയതാ ക്ഷമിക്കണം എന്ന് പറഞ്ഞ് കാൽ തൊട്ടു തൊഴുതു വന്നിട്ടെ ഇനി ഇവിടെ ആഹാരം ഉള്ളു. അഛന്റെ കല്പന ആണ്‌.

കേട്ടു നിന്ന ചേട്ടന്‌ പാല്പായസം കുടിച്ച സന്തോഷം. എനിക്ക് അടീ കിട്ടുന്നതിനോളം സന്തോഷം ഉള്ള  വേറെ ഒരു കാര്യവും ചേട്ടനില്ല.

അഛൻ ഒരു കാര്യം പറഞ്ഞാൽ അത് നടപ്പിലാകും എന്നതിന്‌ ആർക്കും ഒരു സംശയവും ഇല്ല.

ചേട്ടൻ പിന്നാലെ നടന്ന് ഓർമ്മിപ്പിക്കാൻ തുടങ്ങി  നാളെ രാവിലെ മാപ്പ് പറയണം.

ഇതിൽ എന്താണീത്ര പറയാനുള്ളത് എന്നു മനസിലാക്കാനുള്ള വിവരം ഒന്നും അന്ന് എനിക്കായിട്ടില്ല.

ഏതായാലും അന്ന് അത്താഴപ്പഷ്ണി ആയി.

പിറ്റേ ദിവസം ചേട്ടൻ വളരെ നേരത്തെ ഉണർന്ന് എണീറ്റ് എന്നെ ഉണർത്തി രാവിലെ മാപ്പു പറയണം.

ആശാരിമാർ വന്നപ്പോഴേക്കും 8 മണിയായി. അവർ വന്നതും  ചേട്ടൻ തന്ന് എന്നെ എഴുന്നള്ളിച്ചു കൊണ്ടു പോയി.

ഞാൻ അവരുടെ കാൽ തൊട്ട് വണങ്ങി അറിവില്ലാതെ പറഞ്ഞു പോയതാണ്‌ മാപ്പു തരണം എന്നു പറഞ്ഞ്, അവർ സാരമില്ല കുഞ്ഞെ എന്നു പറഞ്ഞ് വിട്ടു
അപ്പോഴാണ്‌ അഛന്റെ വരവ് വെട്ടി വച്ചിരുന്ന തുഞ്ചാണിയും ആയി.

ഒരു നാലെണ്ണം കിട്ടിയപ്പോൾ എനിക്ക് മനസിലായി ഇതൊക്കെ അങ്ങനെ വിളിച്ചു പറയാൻ കൊള്ളരുതാത്ത കാര്യം ആയിരുന്നു എന്ന്.

പക്ഷെ അപോഴേക്കും നാണു ആശാരി എഴുനേറ്റ് വന്ന എന്നെ അഛന്റെ കയ്യിൽ നിന്നും രക്ഷപ്പെടുത്തി.

അടിയുടെ വേദനയെക്കാളും എനിക്ക് പക്ഷെ വിഷമം ഉണ്ടാക്കിയത് അത് കണ്ടു നിന്ന ചേട്ടന്റെ ചിരി ആയിരുന്നു എന്നു മാത്രം

ഇനി മേലിൽ കാർത്യായനിയും ആയി ഒരു കൂട്ടും വേണ്ട എന്ന കല്പനയോടു കൂടി ഇക്കഥ ശുഭം








Friday, January 26, 2018

കൂലി

സൂ എഴുതിയ ഒരു കഥ വായിച്ചു. അതില്‍ സഹ ഏഴുതിയ ഒരു കമന്റ്‌ വായിച്ചു.

ഇന്നലെ ഞങ്ങള്‍ വന്നിറങ്ങിയ ഭാഗത്ത്‌ കുറെ കൂലികള്‍ അങ്ങിമിങ്ങും നോക്കി നടക്കുന്നു.

യാത്രക്കാരുടെ കയ്യിലൊന്നും വലിയ പെട്ടികള്‍ ഇല്ല.

ഒരാള്‍ - എന്റെ അച്ഛനാകാന്‍ പ്രായമുള്ള മനുഷ്യന്‍- കൂലി ആണ്‌.
അയാള്‍ എന്നെ നോക്കിയിട്ട്‌ തിരികെ പോകാന്‍ തുടങ്ങി.

എന്റെ കയ്യില്‍ ഒരു ചെറിയ പെട്ടിയേ ഉള്ളു.

ഞാന്‍ അയാളോട്‌ ചോദിച്ചു ഈ പെട്ടി വെളിയില്‍ എത്തിക്കാന്‍ എന്തു വേണം

അയാള്‍ കളിയാക്കാനായിരിക്കും എന്നു വിചാരിച്ചൊ എന്തൊ

20 രൂപ പറഞ്ഞു

ഞാന്‍ ആ പെട്ടി അയാളുടെ കയ്യില്‍ കൊടുത്തു.

ഒരു വിരലില്‍ തൂക്കാനുള്ള പെട്ടി കൂലിക്കു കൊടുക്കുന്നൊ?
കൂടെ ഉണ്ടായിരുന്ന ആള്‍ ചോദിച്ചു തനിക്കു വട്ടായൊ?

ആ എനിക്കറിയില്ല

Thursday, January 25, 2018

Canvas Shoe

സോക്സിനെ പറ്റി പറഞ്ഞപ്പോൾ ഷൂവിനെ പറ്റി പറഞ്ഞില്ലെങ്കിൽ ഷൂ എന്ത് വിചാരിക്കും?

തീർച്ചയായും വിചാരിക്കും ഇല്ലെ?

അത് കൊണ്ട് ചില ചില്ലറ പാദരക്ഷ കഥകളും ഉള്ളത് പറയാം. ചെറുപ്പത്തിൽ ഒന്നും ചെരിപ്പ് ഇട്ടു ശീലം ഇല്ലായിരുന്നു.  തനി ഗ്രാമീണനായിരുന്നത് കൊണ്ട് അതിനെ പറ്റി ഒന്നും വലിയ പിടീപാടൂം ഇല്ലായിരുന്നു.

അയുർവേദപഠനത്തിൻ കോട്ടക്കൽ എത്തിയതിനു ശേഷം ആണ്‌ ചെരുപ്പ് അണിയാൻ തുടങ്ങിയത്. കോട്ടക്കൽ റോഡ് സൈഡിൽ  വില്ക്കാൻ വച്ചിരിക്കുന്ന Soft Rubber  ചെരുപ്പുകൾ ഉണ്ട് അന്ന് ഏറ്റവും വില കുറഞ്ഞവ അതും പിന്നെ ടയർ കണ്ടിച്ചുണ്ടാക്കിയവയും ആണ്‌. ടയർ ഏതായലും വേണ്ട , മറ്റവൻ മതി.

ഷൂ ഒന്നും അന്ന്  കയ്യെത്തും ദൂരത്തല്ല, തന്നെയും അല്ല ഒറ്റമുണ്ടിന്റെ കൂടേ അത് ചേരുകയും ഇല്ലല്ലൊ.

പഠിത്തം എല്ലാം കഴിഞ്ഞ് ആദ്യമായി ആയുർവേദ വൈദ്യനായി കഴിഞ്ഞ സമയം.  ആദ്യം ജോലി അന്വേഷിച്ചിട്ടെവിടെ?

ഒരിടത്ത് Doctor  പോവുകയാണെന്ന് കേട്ട് അന്വേഷിച്ചു. ശമ്പളം കൊടൂക്കാൻ കാശില്ലാത്തത് കൊണ്ടാണ്‌ അദ്ദേഹം പോകുന്നത് അത്രെ. എന്നാൽ ശമ്പളം വേണ്ട Consultation fee ണ്ടെങ്കിൽ അത് മതി എന്ന Condition ൽ  അവിടെ ഇരിക്കാൻ സമ്മതിച്ചു. ജീവിതം എത്രം കഠിനം ആണെന്ന് പതിയെ മനസിലായി വരുന്നു. ചില ആഴ്ച്ച ഒന്നും കിട്ടില്ല, ചിലപ്പോൾ 2 രൂപ കിട്ടും.

 അങ്ങനെ ഇരിക്കെ ഒരു ജോലി കിട്ടി 240 രൂപ ശമ്പളം. കുശാൽ.

കുറച്ച് നാൾ അവിടെ ജോലി ചെയ്തു. അപ്പോഴാണു മനസിലായത്. വൈദ്യം Practise ചെയ്യണം എങ്കിൽ പെട്ടെന്നുള്ള രോഗശമനത്തിനുള്ള വഴികൾ കൂടി അറിയുകയും ചെയ്യാനുള്ള അനുവാദവും വേണം എന്ന്.  എന്ത് വന്നാലും MBBS നു ചേരുക തന്നെ എന്നു തീരുമാനിച്ചു.

MBBS admission  എനിക്ക് കിട്ടുവാൻ ബുദ്ധിമുട്ടില്ല, കാരണം Pre Degree പാസായ സമയത്ത് തന്നെ Merrit ൽ എനിക്കതിന്‌ അർഹത ഉണ്ടായിരുന്നു. പക്ഷെ കുടുംബത്തിൽ അപ്പൂപ്പൻ വൈദ്യൻ ആയിരുന്നു, അമ്മ വിഷവൈദ്യ ആണ്‌ അപ്പോൾ ആ പാരമ്പര്യ്ം ആരെങ്കിലും തുടരണം എന്നത് കൊണ്ടായിരുന്നു അന്ന് ആയുർവേദത്തിനു പോയത്.
(ഭാഗ്യമാണ്‌ കേട്ടൊ, അല്ലായിരുന്നെങ്കിൽ ഞാനും ഇന്നത്തെ മൊശകോടൻ  Dovtor മാരെ പോലെ വേറെ ഒരു മൊശകോടൻ ആയി തീർന്നേനെ)

കൂട്ടത്തിൽ ആയുർവേദത്തിനു 2 സീറ്റ് Reservation ഉം ഉള്ളത് കൊണ്ട്, എനിക്ക് കഴിഞ്ഞെ വേറെ ആർക്കും അന്ന് കിട്ടൂ.

അപ്പോൾ പഠനം തുടരാൻ തീരുമാനിച്ചു, Application  കൊടൂത്തു.
ജോലി വിട്ടു.  കയ്യിൽ 800 രൂപ ഉണ്ട്.

അന്ന് പാന്റൊക്കെ ഉണ്ട് . കൂട്ടത്തിൽ ചെരുപ്പല്ല ഷൂ ആണ്‌ ഇടേണ്ടത് എന്ന് കേട്ടു. ഷൂ ചോദിച്ചപ്പൊ നല്ല വില. തെരഞ്ഞ് തെരഞ്ഞ് നല്ല വെളുത്ത മെലിഞ്ഞ ഒരെണ്ണം കണ്ടു.
ഇതിനൊ?

അതിൻ 20 രൂപ

എന്നാ അത് മതി. അത് വാങ്ങി.

എനിക്കറിയില്ലല്ലൊ അത് Canvas shoe ആണെന്നും അത് കളിക്കുമ്പോഴോ നടക്കുമ്പൊഴോ ഒക്കെ മാത്രമെ പരിഷ്കാരികൾ ഉപയോഗിക്കൂ എന്ന്

ഞാൻ അതും അണിഞ്ഞ് വിലസി.

കോളേജിൽ ചെരാനുള്ള Interview Card വന്നു. എനിക്ക് ആലപ്പുഴ TDMC യിൽ ആണ്‌.

കോളേജിൽ എത്തി. അകത്തു പോയി അവേഷിച്ചപ്പോൾ ആണറിയുന്നത് അന്ന് സമരം ആണ്‌

Condensed Course നെതിരായ എന്തൊ സമരം.


അടുത്ത എന്നാണു വരേണ്ടത് എന്ന് പിന്നീട് അറിയിക്കും

ഞാൻ റോഡീൽ എത്തി.

കയ്യിൽ File ഉണ്ട്. അത് കണ്ടപ്പോൾ സമരം നടത്തിയിരുന്ന  വിദ്വാന്മാർക്ക് ഒരു കൗതുകം,

അന്ന് പുതിയ പിള്ളേർ വരാനുള്ളതാണല്ലൊ. അവർ ഓരോരുത്തരെ  തപ്പുകയാണ്‌

എന്നെ കണ്ടിട്ട് ചേരാൻ വന്നതായി അവർക്കു തോന്നിയില്ല - പ്രായം കൂടൂതൽ അല്ലെ, പക്ഷെ കൂട്ടത്തിൽ പിള്ളേരായി ആരെയും കാണാനും ഇല്ല

ഒരു വിദ്വാൻ അടുത്ത് വന്നു.

എന്താ ഇവിടെ?

ഞാൻ പറഞ്ഞു Interview നു വന്നതാ

ആർക്കു വേണ്ടിയാ ? കുട്ടി എവിടേ?

ഞാൻ തന്നെയാ കുട്ടി

ആഹാ അവർക്ക് പാല്പായസം കുടീച്ച ഫീലിംഗ്. അഞ്ചാറെണ്ണം ഒന്നിച്ചടുത്തു വന്നു വിശേഷങ്ങൾ തെരക്കി.

ഇത്ര പ്രായം വരാനുള്ള കാരണം ആയിരുന്നു ആദ്യം അവർക്കറിയേണ്ടിയിരുന്നത്.

ഞാൻ പറഞ്ഞു ആയുർവേദം കഴിഞ്ഞു പിന്നീടു ജോലി ആയി, ഇപ്പോൾ പഠിക്കണം എന്നു തോന്നി.

ഓഹോ അപ്പോൾ വൈദ്യരാ അല്ലെ?

വൈദ്യൻ എന്നു കേട്ടാൽ വെകിളി പിടീക്കും എന്നായിരുന്നു അവർ ധരിച്ചത്

ഞാൻ പറഞ്ഞു അതെ.

ഒരുത്തൻ കാലിലെ Canvas  Shoe നോക്കിയിട്ടു പറഞ്ഞു വൈദ്യർ വലിയ കളിക്കാരനാണെന്നു തോന്നുന്നു. കഷായക്കളി അല്ലാതെ എന്തൊക്കെ കളിക്കും?


(പൂത്ത കാശുള്ള കൊറേ ബിസിനസ്സുകാരുടെ മക്കൾ - അപ്പന്റെ ആഗ്രഹപൂർത്തിക്കു വേണ്ടീ ഡാക്കിട്ടരാകാൻ  വന്നിരിക്കുന്നവർ - അല്ല വിട്ടിരിക്കുന്നവർ ( പറയുവാൻ കാര്യം ഉണ്ട് മാർക്ക് കേസിൽ പിടീച്ച്പുറത്താക്കിയപ്പോൾ ഒരാൾ പറഞ്ഞതാണ്‌ - ഇനി എന്റപ്പൻ എന്നെ ഡോക്റ്ററാക്കുന്നതൊന്നു കാണണം എന്ന് )

അവ്ര്ക്ക് Canvas shoe ഇട്ടവൻ ഒക്കെ കളിയാക്കപ്പെടേണ്ടവൻ ആണ്‌)


ഞാൻ പറഞ്ഞു കഷായം ഉണ്ടാക്കി കളിക്കും ഗുളിക ഉരുട്ടി കളിക്കും, പിന്നെ വേറെയും ചില കളികൾ കളിക്കും

അന്ന് റാഗിംഗ് നെ പറ്റി അത്ര ഭയം ഒന്നും എനിക്കില്ലായിരുന്നു, തന്നെയും അല്ല എന്താടാ എന്നു ചോദിച്ചാൽ ഏതാടാ എന്നെ മറുപടി വരൂ.

അങ്ങനെ കുറെ നേരം പല രീതിയിൽ ശ്രമിച്ചിട്ടും എന്നെ ഒതുക്കാൻ പറ്റുന്നില്ല എന്നു കണ്ട് അവർ രീതി മാറ്റി

സമരത്തിന്‌ പെൺകുട്ടികളും ഉണ്ട് അതിൽ ഒരു കൂട്ടം പെൺകുട്ടികളെ ചൂണ്ടിയിട്ട് ഒരുചോദ്യം അതിലെ ബെസ്റ്റ് പെണ്ണേതാ വൈദ്യർ പറ.

അതിനും ശരിയായ ഒരു മറുപടീ  കിട്ടിക്കഴിഞ്ഞപ്പോൾ  - ഞങ്ങൾ രണ്ടു കൂട്ടർക്കും മനസിലായി  സംഗതി ഒരു നടയ്ക്കു പോകില്ല എന്ന്

പക്ഷെ അവർ മതിയാക്കി പോയി, ഞാൻ വീട്ടിലേക്കും പോയി.

ഇതിന്‌ ഒരു Climax ഉള്ളത് എന്താണെന്നു വച്ചാൽ ഈ ചോദ്യം ചോദിക്കാൻ വന്ന വിദ്വാന്മാർ പലരും മാർക് തിരുത്തൽ കേസ് വന്നപ്പോൾ പടിയിറങ്ങി പോയവർ ആയിരുന്നു

നമ്മുടെ ആധുനിക വിത്യാക്യാസം  ഥൂ

കീറിയ സോക്സിന്റെ കഥ

കീറിയ സോക്സിന്റെ കഥ പറയാം എന്നു പറഞ്ഞില്ലെ അതു ദാ ഇത്

ഞാൻ നേരത്തെ എഴുതിയല്ലൊ, മദ്ധ്യപ്രദേശിലേക്കു പോയ കഥ. അങ്ങോട്ടു പോകുമ്പോൾ വസ്ത്രാദികൾക്കൊക്കെ നല്ല ക്ഷാമം ആയിരുനു. പുറമേ കാണീക്കുവാൻ കൊള്ളാവുന്ന തായി ഒരു ഷർട്ടും ഒരു പാന്റും. പിന്നെ അത്യാവശ്യം കൊണ്ടു നടക്കാവുന രണ്ടു പാന്റും രണ്ട് ഷർട്ടും.

പക്ഷെ ജനത്തിന്റെ ധാരണ Doctor എന്നു വച്ചാൽ കോടീശ്വരൻ എന്നാണ്‌. ഒരിക്കൽ എന്റെ ക്ലിനിക്കിൽ പോയപ്പോൾ ഞാൻ മുണ്ടുടുത്തു കൊണ്ട് പോയി.  അന്നൊരു ഹെറാൾഡ് കാർ ഉണ്ടായിരുന്നു എങ്കിലും പെട്രോൾ അടിക്കുവാൻ പൈസ തികയാത്തത് കൊണ്ട് സൈക്കിൾ വാങ്ങി അതിലാക്കി യാത്ര.  അതിനും ഒരു കാരണം ഉണ്ട്. ഒരു ഒരാൾ തന്റെ വീട്ടിൽ കിടപ്പായ രോഗിയെ കാണൂവാൻ വരണം എന്നു പറഞ്ഞു. എന്റെ ഹെറാൾഡിൽ  ഞങ്ങൾ പോയി. പരിശോധിച്ച് തിരികെ വന്ന് മരുന്നും കൊടൂത്തു.

 എന്തായി?

ഞാൻ ആരോടും ഇത്ര രൂപ വേണം എന്നു പറഞ്ഞിട്ടില്ല.

നിങ്ങൾ  ഇഷ്ടമുള്ളത് തന്നാൽ മതി എന്നു പറഞ്ഞു. അയാൾ ഒരു സാധു മനുഷ്യൻ ആയിരുന്നു.
അയാൾ 2 രൂപ തന്നു.

അന്നാണു ഞാൻ സൈക്കിൾ മതി എന്നു തീരുമാനിച്ചത്.

പിറ്റേ ദിവസം സൈക്കിളിൽ ഞാൻ എത്തി. വൈകുന്നേരമായപ്പോഴേക്കും നാട്ടിൽ ഒക്കെ പാട്ടായി ഏയ് ഇയ്യാൾ MBBS ഒന്നും പഠിച്ചവനല്ല.

എന്തിനു പറയുന്നു വലിയ താമസം ഇല്ലാതെ ആ ക്ലിനിക് ഒരു തമിഴനു വിറ്റിട്ട് ഞാൻ വേറെ ആശുപത്രിയിൽ ജോലിക്കു പോയി.

ങാ  പറഞ്ഞു പറഞ്ഞു കാടൂ കയറി. അപ്പോൾ ഒരു തരത്തിൽ രണ്ടറ്റവും കുട്ടുകയില്ല എന്നു മനസിലായ കാൽ;അത്ത് പടച്ച തമ്പുരാൻ തന്ന ജോലിയ്ക്കു ചേരാൻ പോകുന്നതെ ഉള്ളു. പഴയ ഹെറാൾഡ് വിറ്റ് ഒരു ബൈക് വാങ്ങിയിരുന്നു, ആ ബൈക് വിറ്റ 10000 രൂപയാണ്‌ ആകെ സമ്പദ്യം.

അപ്പൊ പറഞ്ഞു വന്നത് നമ്മുടെ സോക്സ്ന്റെ കഥയല്ലെ?

അവയും പഴയതാണ്‌. മദ്ധ്യപ്രദേശിലെ ജോലിക്കഥ ഓർമ്മ ഉണ്ടാകും ഇല്ലെ?

ഏകദേശം 6 മാസം ആയപ്പോൾ MD visit വന്ന ഭാഗം.

എന്നെ വിളിച്ചപ്പോൾ ഉള്ളതിൽ ഒരു സോക്സ് ഇട്ടുകൊണ്ടാണു പോയത്. ഞാൻ അത്ര കാര്യമാക്കിയിരുന്നില്ല അതിന്റെ അറ്റം തുള വീണതാണെന്ന്.

ഓഫീസിൽ ആകും പോകുന്നത് എന്നായിരുന്നു ധാരണ.

പക്ഷെ അപകടം വേറെ രൂപത്തിൽ വന്നു

പുള്ളിയ്ക്ക് Guest House ൽ താമസിക്കാൻ ഒരു Suite ഉണ്ട്. അവിടെയാണു ചെല്ലാൻ പറഞ്ഞത്.
അതിനകത്തേക്ക് ഷൂ പാടില്ല.

വാതിലിനു പുറമെ ഷൂ ഊരിയപ്പോഴാണു ഞാൻ കാണുന്നത് വലതു കാലിലെ തള്ളവിരൽ പുറത്തു കിടക്കുന്നു.

പക്ഷെ അപ്പോഴേയ്ക്കും MD വാതിലിനടുത്ത് വന്ന് ബാ എന്നു പറഞ്ഞു കൈ പിടിച്ചു.

കൂടെ പോകാതെ എന്ത് ചെയ്യാൻ.

കസേരയുടെ അടിയിലേക്ക് കാൽ മടക്കി വച്ച് എരിപിരി കൊണ്ട് ഇരുന്ന ഇരുപ്പിൽ -- അത് നിങ്ങൾ ഒന്നു മനസിൽ സങ്കല്പ്പിച്ചു നോക്ക്കണം ട്ടൊ രസമായിരിക്കും--ഞ്ഞാൻ ശപഥം ചെയ്തു ഇനി മേലിൽ സോക്സ് പുതിയത് എപ്പോഴും കയ്യിൽ കരുതും
 

കറുത്ത പാന്റും മഞ്ഞ സോക്ക്സ് ഉം

ഞങ്ങൾ ആണുങ്ങൾ - എന്നു വച്ചാൽ ഞാൻ - വസ്ത്രത്തിന്റെ matching എന്താണെന്ന് ഒട്ടും അറിവില്ലാത്ത ഒരു വർഗ്ഗം ആണ്‌.
എന്താ ഇപ്പൊ പെട്ടെന്നൊരു ബോധോദയം എന്നല്ലെ ഇപ്പോൾ തോന്നിയത്?
കാരണം ഉണ്ട്. ചെറുപ്പത്തിലെ പല പല സംഭവങ്ങളും ഓരോന്നായി ഓർത്തെടുത്ത് ചുമ്മാ ബ്ലോഗിലെഴുതുന്നതല്ലെ?
അന്നേരം ഓർത്ത ചില സംഭവങ്ങൾ ആണ്‌
മുൻപു ജോലി ചെയ്തിരുന്ന സ്ഥലത്ത് എന്റെ ജൂനിയർ ആയി ഒരു Lady Doctor (ഒന്നല്ല രണ്ടെണ്ണം ഉണ്ടായിരുന്നു പക്ഷെ ഇത് ഒരു വിശേഷപ്പെട്ട സാധനം ആയത് കൊണ്ട് എടുത്തു പറഞ്ഞു എന്നു മാത്രം
10 മണിക്ക് ഒരു ചായ കുടി ഉണ്ട്. Retiring Room ൽ എത്തിയാൽ ഇറങ്ങുനതു വരെ ഇതിനും മാത്രം കുറ്റം പറയാൻ എവിടെ നിന്നു കിട്ടുന്നു എന്നെനിക്കാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയിട്ടില്ല. എല്ലാ ദിയവസവും പറയാൻ ആവശ്യത്തിലധികം ഉണ്ട്.
അങ്ങനെ ഒരു ദിവസം ആണ്‌ പുള്ളിക്കാരി ഒരാൾ കാലിലിടുന്ന socks നെ പറ്റി പറഞ്ഞു തുടങ്ങിയത്. യാതൊരു കലാബോധവും ഇല്ലാത്തവൻ , കറുത്ത പാന്റും മഞ്ഞ സോക്ക്സ് ഉം ---- അങ്ങനെ അങ്ങനെ വച്ചു കീറുന്നു. ഇടയ്ക്ക് ഞാൻ എന്റെ കാലിലേക്കു നോക്കി. എനിക്കാകെ രണ്ടു സോക്സെ ഉള്ളു. മാറി മാറി ഇടും കീറുന്നതു വരെ. കീറിയാൽ അപ്പോ മാറും. അതിനൊരു കഥ വേറെ ഉണ്ട് ട്ടോ അത് പിന്നെ പറയാം.
എന്റെ സോക്സും ഇമ്മാതിരി Design ഉള്ള രണ്ടെണ്ണം ആണ്‌. അത് മാറീ മാറി ഇടൂം എന്നല്ലാതെ പാന്റിന്റെ നിറമോ ഉടുപ്പിന്റെ നിറമോ ഒന്നും അന്നു വരെ നോക്കിയിട്ടില്ല (ഇപ്പോഴും ഇല്ല കേട്ടൊ)
പക്ഷെ എന്റെ കാലിലേക്കു നോക്കിയപ്പോൾ അവൾ പറയുന്നത് ഏകദേശം എനിക്കും ചേരും. ഞാൻ വേഗ്ഗം ഇരിപ്പിന്റെ രീതി മാറ്റി, കാലിന്മേൽ കാൽ കയറ്റി ആയിരുന്നു ഇരുന്നത്. കാലുകൾ നിലത്ത് വച്ച് ചില സിനിമയിൽ ദിലീപ് കുഴയുന്നതു കണ്ടിട്ടില്ലെ അതുപോലെ ഒന്നു കുഴഞ്ഞുരുണ്ട് , അത്യാവശ്യമായി ഒരു പണി ഉണ്ടെന്ന രീതിയിൽ പുറത്ത് പോയി.
അവൾ എനിക്കിട്ടു വച്ചതാണോ അതോ ശരിക്കും വേറെ ആരെ പറ്റി എങ്കിലും പറഞ്ഞതാണോ എന്ന് ചോദിക്കാൻ പറ്റില്ലല്ലൊ

Tuesday, January 23, 2018

Rural Health Works

പലയിടത്ത് നിന്നും എടുത്ത ചില പടങ്ങൾ.

വളരെ നല്ല സഹകരണമനോഭാവം ഉള്ള കുറച്ച് പേർ എന്നോടൊപ്പം ജോലി ചെയ്തിരുന്നത് കൊണ്ട്, ഞങ്ങളുടെ  ജോലി ഒരിക്കലും ഒരു ഭാരമായി ആർക്കും തോന്നിയിരുന്നുല്ല.
പലപ്പോഴും കാലത്ത് 5 മണീക്ക് പുറപ്പെട്ടാൽ തിരികെ വീട്ടിൽ എത്തുന്നത് രാത്രി 9 മണീക്കായിരിക്കും.




























ഇതിൽ ഞാൻ ധരിച്ചിരിക്കുന്ന സഫാരി സൂട് ഞാൻ തന്നെ തുണി വാങ്ങി വെട്ടി തൈച്ചതാണെന്ന് പ്രത്യേകം പറയുന്നു. അസൂയപ്പെട്ടിട്ടു കാര്യമില്ല

വാങ്ങിക്കാൻ വലിയ വില ആയാൽ പണീക്കരെ തോല്പ്പിക്കാൻ പറ്റില്ല മക്കളേ


















വസ്ത്രദാനം

നല്ല വസ്ത്രം ഇല്ലാതെയും ആളുകൾ ധാരാളം കഷ്ടപ്പെടുന്നുണ്ടായിരുന്നു.

കോളനിയിലെ ഓരോ വീടുകളിലും  spare ചെയ്യാവുന്ന വസ്ത്രങ്ങൾ ഞങ്ങളേ ഏല്പ്പിച്ചാൽ അത് അർഹതപ്പെട്ടവർക്ക് എത്തിച്ചു കൊടുക്കാം എന്ന് അവിടത്തെ Ladies Club നെ അറിയിച്ചു.

നല്ല സഹകരണം ആയിരുന്നു.

അവയൊക്കെ കഴുകി വൃത്തിയാക്കി തരണം എന്നൊരു Condition മാത്രമെ വച്ചിരുന്നുള്ളു.

വടക്കെ ഇന്ത്യക്കാർക്ക് ഒരുഗുണം ഉണ്ട്. അവർ ദാനധർമ്മങ്ങളിൽ നല്ലതുപോലെ വിശ്വാസം ഉള്ളവർ ആണ്‌.

ദാ ഒരു കുഞ്ഞു കുട്ടി അതിന്റെ അനിയത്തിയെ ഉടുപ്പ് ഇടീക്കുന്നത് കാണൂ