Friday, February 10, 2012

ഇന്ത്യക്കൊരു സ്വർണ്ണം നഷ്ടം

നങ്ങ്യാർകുളങ്ങര ടി കെ എം എം കോളേജ് എന്റെ പ്രി ഡിഗ്രി കലാലയം ആയിരുന്നു.

ആദ്യമായി അമ്പട ഞാനെ എന്നൊക്കെ വിചാരിച്ച് ഞെളിഞ്ഞു നടന്ന സ്ഥലം.

ഹരിപ്പാട്ടു പഠിക്കുമ്പോൾ കാൽനടയായിട്ടാണ് എന്നും പോയി വന്നിരുന്നത്. ഞാൻ കോളേജിൽ എത്തിയപ്പോഴേക്കും ചേട്ടൻ എറണാകുളം മഹാരാജാസിലേക്കു കുടിയേറി അതുകൊണ്ട് ചേട്ടന്റെ സൈക്കിൾ എനിക്കു ലഭിച്ചു.

മെയിൻ റോഡിൽ നിന്നും ഏതാണ്ട് മൂന്നു ഫർലോങ്ങ് ദൂരം ചെറിയ കല്ലിട്ട വഴി ഉണ്ട് കോളേജിലേക്ക്.

ആ റോഡു തുടങ്ങുന്ന ഇടത്ത് മരങ്ങൾ കാടു പിടിച്ച് നിൽക്കുന്നു.

ഒരു ദിവസം കോളേജ് വിട്ടു പോരുമ്പോൾ ആ കാട്ടിലെ മരക്കൊമ്പുകൾ വെട്ടി ഇട്ടിരിക്കുകയാണ്. റോഡിൽ കൂടി സൈക്കിൾ ചവിട്ടി പോരാൻ പറ്റുകയില്ല.

അല്ല അവിടെ സൈക്കിൾ ചവിട്ടി വരുന്നത് ഇഷ്ടമുള്ള കാര്യവും അല്ല. കാര്യം അറിയാമല്ലൊ അല്ലെ?
എന്താ?

സുന്ദരീമണിമാരായ അസംഖ്യം വിദ്യാർത്ഥിനികൾ ബസ് നോക്കി നിൽക്കുന്ന മൂല ആണ്. സാധാരണ അവിടെ എത്തിയാൽ എല്ലാത്തിനെയും ഒരു നോക്ക് നോക്കാൻ പോലും ഒക്കില്ല സൈക്കിളിൽ പോകുമ്പോൾ.

ഇത്രയധികം ഉള്ളതു കൊണ്ട് ഏതെങ്കിലും ഒന്നിനെ പ്രേമിച്ച് ജീവിതം വ്യർത്ഥമാക്കണ്ട എന്ന ഫയങ്കര ഫിലോസഫി കണ്ടു പിടിച്ചതും അവിടെ വച്ചു തന്നെ.

അപ്പോൾ അതിലെ പതിയെ സൈക്കിളും ഉരുട്ടി നടന്നു വരുന്നത് ഒരു പ്രത്യേക സുഖം തന്നെ ആയിരുന്നു.

പക്ഷെ ഈ വിവരം ആ മരച്ചില്ലകളിൽ താമസിച്ചിരുന്ന നീർ എന്നു വിളിക്കപ്പെടുന്ന പുളിയുറുമ്പുകൾക്കറിയില്ലല്ലൊ.

അവന്മാരിൽ ഒന്നു രണ്ടെണ്ണം എന്റെ പാന്റിനിടയിൽ കയറിക്കൂടി. ഞാൻ റോഡു ജംഗ്ഷനിലെത്തിയപ്പോഴേക്കും അവരും മുകളിൽ ജംഗ്ഷനിലെത്തി.

പക്ഷെ കടി തുടങ്ങിയപ്പോഴാണ് ഞാൻ വിവരം അറിയുന്നത്.

നീറിന് അതു താമസിച്ചിരുന്ന മരച്ചില്ല വെട്ടിയിട്ടവരോടുള്ള ദേഷ്യം തീർക്കാനുള്ള സ്വാതന്ത്ര്യവും, കടിക്കാനുള്ള ആവിഷ്കാരസ്വാതന്ത്ര്യവും എല്ലാം ഞാൻ അനുവദിച്ചു കൊടുത്തേനെ അതു വേറെ ആരെ എങ്കിലും ആയിരുന്നു കടിച്ചത് എങ്കിൽ.

പക്ഷെ ഇവിടെ കടി എനിക്കിട്ടല്ലെ.

അതിനു മനസു നിറയെ കടിക്കാൻ അവസരം കൊടുക്കാൻ ദൈവവും തീരുമാനിച്ചിരുന്നിരിക്കാം അതുകൊണ്ടല്ലെ കോളേജ് ജംഗ്ഷൻ മുതൽ കവല വരെ ഒരു മറവും അന്നില്ലാതിരുന്നത്
അന്ന് എന്റെ ഒരു ബന്ധു കവലയിൽ ഒരു ഐസ് സ്റ്റിക് ഉണ്ടാക്കുന്ന കട നടത്തുന്നുണ്ട്.

അവിടെ വരെ അന്നു ഞാൻ സൈക്കിളിൽ പോയ പോക്ക് ഒളിമ്പിക്സ് ലെങ്ങാനും ആയിരുന്നു എങ്കിൽ ഇന്ത്യക്കൊരു സ്വർണ്ണം ഉറപ്പ്

10 comments:

 1. അറിവില്ലാത്ത നീറു കാരണം......

  ReplyDelete
 2. ഹ ഹ ഹ ഈ പണിക്കര്‍ സാറിന്റെ ഓരോ തമാശകള്‍ ...... രസകരം രസകരം രസകരം

  ReplyDelete
 3. കടിച്ച നീറിന്റെ ഒരവസ്ഥ...ഹൊ ഭീകരം :))

  ReplyDelete
 4. അനിൽ ജീ
  ഇവിടെ ഒക്കെ ഉണ്ടായിരുന്നൊ :)

  പുണ്യാളൻ :)

  പഥികൻ ജി
  അതിന്റെ ബോധം ഒക്കെ അപ്പോഴെ പോയിക്കാണും പിന്നെന്തു ഭീകരം :)

  ReplyDelete
 5. നീർ എന്നു പറയുന്ന ഉറുമ്പിന് ‘ജംഗ്ഷൻ’ഒക്കെ എത്ര കൃത്യമായി മനസ്സിലായി...!
  അത്ഭുതം തന്നെ മാഷെ..!!!

  ReplyDelete
 6. ആ ഓട്ടം കണ്ടവരുടെ ചിന്ത ഒന്നാലോചിച്ചു നോക്കൂ..!

  ReplyDelete
 7. എല്ലാ അബദ്ധങ്ങളും കൂടി - തിയേറ്ററിൽ, ബസ്സിൽ, സൈക്കിളിൽ ചാഞ്ചാടിയാടി, പുളിയുറുമ്പാക്രമണം - ഒന്നിച്ചു വായിച്ചു.

  എന്തായാലും അമളി പറ്റിയതു് (അതു മറ്റുള്ളവർക്കാവുമ്പോൾ) വായിക്കാൻ നല്ല സുഖം!

  ഇനിയും അമളികൾ ധാരാളമായി പറ്റിക്കൊണ്ടേയിരിക്കട്ടെ!

  ReplyDelete
 8. ഹ ..ഹ ..ടൈപിസ്റ്റ് പോയ വഴി ഞാനും പോയി...
  കുറച്ചു കൂടി, പോയി കേട്ടോ...സൈക്കിളിലും
  ബസിലും ഒക്കെ ആയി...അമളി മറ്റുള്ളവര്‍ക്ക്
  ആവുമ്പോള്‍ വായിക്കാനും ചിരിക്കാനും എന്ത് രസം...
  ചൂണ്ടു വിരല്‍ കൊണ്ടു പോഴന്‍ പൊണ്ണന്റെ ആളെ
  എണീല്‍പ്പിക്കുന്ന പ്രകടനം ഭാവനയില്‍ കണ്ടു ചിരിച്ചു
  പോയി വീണ്ടും വീണ്ടും.... ആശംസകള്‍..

  ReplyDelete