Thursday, February 09, 2012

പോഴനായാലും പൊണ്ണനായിരിക്കണം

ബ്രൈറ്റ് ന്റെ ഒരു പോസ്റ്റ് കണ്ടു സൗന്ദര്യം, നിറം, പൊക്കം ഇവ ഒക്കെ ആളുകളിൽ ഉണ്ടാക്കുന്ന അഭിപ്രായത്തെ കുറിച്ച്.

നമുക്ക് ഇതു മൂന്നും ഇല്ലാതെ പോയല്ലൊ. അപ്പോൾ ഇതിൽ പൊക്കവും വണ്ണവും ഉള്ള രണ്ടു പേർക്കുണ്ടായ അനുഭവം ഞാൻ കണ്ടതു പറയാം. എനിക്കും അങ്ങനെ ഒക്കെ പൊക്കവും തടിയും ഉണ്ടായിരുന്നു എങ്കിൽ എന്നാഗ്രഹിച്ചിട്ടും ഉണ്ട് പക്ഷെ അതു കൊണ്ടു മാത്രം കാര്യമില്ലല്ലൊ.

അങ്ങനെ ഒരിക്കൽ സിനിമ കാണാൻ കൂട്ടുകാരൊത്തു പോയതാണ്. ഇന്റർവൽ ന് പുറത്തു പോയി തിരികെ വന്നപ്പോൾ ഞാനിരുന്ന സീറ്റിൽ മറ്റൊരാൾ ഇരിക്കുന്നു.

പതിയെ കാര്യം പറഞ്ഞു. അയാൾ അനക്കമില്ല. പലതവണ പറഞ്ഞു. അവസാനം കൂട്ടുകാരും ഒക്കെ ക്കൂടി കൂടി ഭയങ്കരബഹളം ആയപ്പോൾ സഹികെട്ട് അയാൾ എഴുനേറ്റ് മറ്റൊരു സീറ്റിൽ പോയിരുന്നു. ഞങ്ങൾ വിജയീഭാവത്തോടു കൂടി സ്വന്തം സീറ്റിൽ ഇരുന്നു.

അപ്പോഴാണ് അയാൾ ഇപ്പോഴിരിക്കുന്ന സീറ്റിൽ ആദ്യം ഇരുന്നിരുന്ന ആളുടെ വരവ്. അതൊരു പഹയൻ തന്നെ ആറാറര അടി പൊക്കം അതിനൊത്ത തടിയും. അയാൾ തന്റെ സീറ്റിനരികിൽ വന്നു.
അവിടെ മറ്റൊരാൾ ഇരിക്കുന്നതു കണ്ടു.

വളരെ സ്വാഭാവികമായി വലതു കൈപ്പത്തി മലർത്തിപ്പിടിച്ച് അതിന്റെ തള്ളവിരലും ചെറുവിരൽ തുടങ്ങി മൂന്നു വിരലുകളും പകുതി മടക്കിപ്പിടിച്ചിട്ട് ചൂണ്ടു വിരൽ മാത്രം മുകളിലേക്കും താഴേക്കും കാണിയ്ക്കുന്ന ഒരു പരിപാടി ഉണ്ടല്ലൊ ഇരിക്കുന്ന ആളോട് എഴുനേൽക്കാനുള്ള സൂചന.


അത് ഒരു പ്രാവശ്യം തന്നെ മുഴുവൻ ആക്കേണ്ടി വന്നില്ല . ആ ചൂണ്ടു വിരലിന്റെ ആദ്യത്തെ നീക്കത്തിനൊപ്പം ഇരുന്ന ആളുടെ ചന്തിയും പൊങ്ങിത്തുടങ്ങി. വിരൽ മുകളിലെത്തുമ്പോഴേയ്ക്കും ആൾ എഴുനേറ്റു കഴിഞ്ഞു.

വളരെ മര്യാദക്കാരനായി മറ്റൊരു സീറ്റിൽ പോയിരുന്നു. അയാളുടെ വിരൽ അനക്കത്തിനു പകരം ഞങ്ങൾ എത്ര പേരുടെ എത്ര നേരത്തെ ബഹളം വേണ്ടി വന്നു.

ഇതൊന്ന്. അടൂത്തത് കെ എസ് ആർ ടി സി ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റിൽ

ഒരിക്കൽ വണ്ടാനത്ത് കോളെജിലേക്കു പോകുന്നു. വിദ്യാർത്ഥിവർഗ്ഗത്തിനെ കണ്ടക്റ്റർ മാർക്കു കണ്ടു കൂടല്ലൊ.

കോളേജിൽ നിന്നും തിരികെ ഹരിപ്പാടിനു പോകാൻ നിൽക്കുമ്പോൾ എല്ലാദിവസവും വൈകുന്നേരം നാലു മണി മുതൽ ആറര മണിവരെ ഓരോ കിലോമീറ്റർ വീതം തെക്കോട്ടും വടക്കോട്ടും ഓരോ ബസ് വരുമ്പോഴും ഓടിയതാണ് ഇന്നത്തെ എന്റെ ആരോഗ്യരഹസ്യം എന്ന് എനിക്കു മത്രമല്ലെ അറിയൂ.

പ്രാകുന്നതു കൊണ്ട് എന്തെങ്കിലും ഫലം ഉണ്ടാകും എങ്കിൽ കെ എസ് ആർ ടി സി യിലെ മിക്കവാറും എല്ലാ കണ്ടക്റ്റർ മാരും ഡ്രൈവർമാരും എന്നെ തലയിൽ ഇടിത്തീ വീണും മറ്റും മറ്റും പണ്ടാറം അടങ്ങിയേനെ.

ആക്കാലം. ഹരിപ്പാട്ട് ബസ് സ്റ്റാൻഡ് ഉള്ളതു കൊണ്ട് ആ പ്രയാസം ഇല്ല. വരുന്ന ബസിൽ കയറിക്കിട്ടിയാൽ മതി.

അന്നു കിട്ടിയത് ഒരു ലിമിറ്റഡ് സ്റ്റോപ്പ് വണ്ടി എറണാകുളത്തിനുള്ളത്. അതിൽ 1രൂപ 70 പൈസ ആയിരുന്നു അന്ന് വണ്ടാനം കോളേജ് വരെ.

വണ്ടി നിർത്തിയപ്പോൾ തന്നെ കണ്ടക്റ്റർ അദ്ദേഹം അരുളിച്ചെയ്തു ആലപ്പുഴയ്ക്കു മുൻപിറങ്ങാനുള്ളവർ ആരും കയറരുത്.

പിന്നെ ആ നായിന്റെ മോന്റെ അപ്പന്റെ തറവാട്ടു സ്വത്തല്ലെ എന്നു മനോഗതം ചെയ്തെ ഉള്ളു. ഉറക്കെ പറഞ്ഞില്ല.

കോളേജിൽ പോകാൻ എനിക്ക് എന്റെ സർക്കാർ കനിഞ്ഞു നൽകിയ വണ്ടി. അതിൽ ഞാൻ കയറി.

ഏകദേശം നടുക്കുഭാഗം വരെ പോയി ഒരു കമ്പിയിൽ ചാരി നിന്നു. എന്റെ തൊട്ടു മുന്നിൽ മുൻപത്തെ പോലെ ഒരു ആറര അടി പൊക്കമുള്ള ചേട്ടൻ. നല്ല തടിയും കട്ടിമീശയും.

റ്റികറ്റ് കൊടുത്ത് കൊടുത്ത് കണ്ടക്റ്റർ എത്തി. ഞാൻ ഒരു രൂപ എഴുപതു പൈസ കൊടുത്തിട്ട് പറഞ്ഞു ഒരു വണ്ടാനം.

ഇതു കേട്ടതും കണ്ടക്റ്റർ ചൂടായി. ആലപ്പുഴയ്ക്കു മുൻപിൽ ഇറങ്ങാനുള്ളവർ കയറരുതെന്നു പറഞ്ഞതല്ലെ?

ഞാൻ ചോദിച്ചു " അപ്പോ ഞങ്ങൾക്കു കോളേജിൽ പോകണ്ടേ"?

കണ്ടക്റ്റർ " അതൊന്നും എനിക്കറിയില്ല ഇതു ലിമിറ്റഡ് സ്റ്റോപ് ബസ് ആണ്"

ഞാൻ പറഞ്ഞു " ലിമിറ്റഡ് സ്റ്റോപിന് വണ്ടാനത്ത് സ്റ്റോപ് ഉണ്ടല്ലൊ അവിടെ നിർത്തിയാൽ മതി"

വാദിച്ചിട്ടു കാര്യമില്ല എന്നു മനസിലായപ്പോൾ കണ്ടക്റ്റർ അടവു മാറ്റി.
അയാൾ പറഞ്ഞു "ആലപ്പുഴയ്ക്കുള്ള റ്റികറ്റെ തരൂ"

ഞാൻ മറുപടി പറഞ്ഞു " മതി. ഇനി എറണാകുളത്തേക്കുള്ളതായാലും കുഴപ്പം ഇല്ല. പക്ഷെ ഞാൻ ഈ ഒരു രൂപ എഴുപതു പൈസയെ തരൂ"

ഇതോടു കൂടി കണ്ടക്റ്റർ വളരെ അധികം ക്ഷോഭിച്ചു.
"എങ്കിൽ വണ്ടി പോകുന്നില്ല. ഇവിടെ കിടക്കട്ടെ" എന്നു പറഞ്ഞു കൊണ്ട് സിംഗിൾ ബെൽ അടിച്ചു. അപ്പോഴേക്കും വണ്ടി കരുവാറ്റ വിലഞ്ഞാൽ അമ്പലത്തിനു മുന്നിൽ എത്താറാകുന്നതെ ഉള്ളു.

സ്റ്റോപ് അല്ലാത്ത സ്ഥലത്ത് വണ്ടി നിർത്താനുള്ള ബെൽ കേട്ടതും ഡ്രൈവർ സാഹബ് കുപിതനായി. അദ്ദേഹം തമിഴ് ചുവയിൽ സംസാരിക്കുന്ന ആളായിരുന്നു.
മുന്നിൽ നിന്നും ഈ ആക്രോശം കേട്ടു

"യാത്രക്കാരുടെ കുടുംബത്തിനു മുന്നിലെല്ലാം നിർത്താനുള്ളതല്ല വണ്ടി"

ഏതായാലും അത് ഏറ്റു. എന്റെ മുന്നിൽ നിൽക്കുന്ന ചേട്ടൻ തമിഴനായിരുന്നു. പുള്ളീക്ക് യാത്രക്കാർ എന്നും കുടുംബം എന്നും കേട്ടതും ഹാലിലകി.

"യാരടാ യാത്രക്കാരുടെ കുടുംബത്തെ പത്തി പേച്ച് റത്
പുടിയേടാ അവനെ"
ഏകദേശം ഇതുപോലെ എന്തൊ അലറിക്കൊണ്ട് ഷർട്ടും തുറുത്തികേറ്റി കയ്യും ചുരുട്ടി ആളുകളെ വകഞ്ഞു മാറ്റിക്കൊണ്ട് മുന്നോട്ട് പോകാൻ തുടങ്ങി.

മറ്റു യാത്രക്കാരും എല്ലാം ഇതെല്ലാം കണ്ടും കേട്ടും ആരാ ആദ്യം തുടങ്ങാൻ എന്നു മാത്രം സംശയിച്ചു നിൽക്കുകയായിരുന്നു.

ആളുകളുടെ സ്വഭാവമാറ്റം കണ്ടതും കണ്ടക്റ്റർക്ക് പെട്ടെന്നു വിവരം പിടികിട്ടി. അടി വീഴുന്നതിനു മുന്നെ ഡബിൾ ബെല്ലടിക്കുന്നു, എനിക്കു ഒരു രൂപ എഴുപതു പൈസയുടെ റ്റികറ്റ് തരുന്നു

ആഹാ എന്തൊരു സ്നേഹം.

ആ പഴയ കണ്ടക്റ്റർ മാരും ഡ്രൈവർ മാരും എന്നെങ്കിലും എന്നെ പോലെയുള്ളവർ പ്രാകിയ പ്രാക്കൊക്കെ അനുഭവിച്ചു കാണണെ എന്നല്ലാതെ ഇന്നും പറയുവാൻ തോന്നുന്നില്ല

8 comments:

 1. അയ്യോ ചിരിച്ചു വയ്യായേ,,,

  ReplyDelete
 2. (1) അത്രയൂം തടിയും പൊക്കവും കണ്ടാൽ പിന്നെ ആരും വിരണ്ടു പോകും...!
  (2) അടി കിട്ടുമെന്നു കണ്ടാൽ ആരും കീഴടങ്ങും..!
  രണ്ടിടത്തും കാണാം ഒരു പൊതു സ്വഭാവം...
  ‘ഭയം..!!!’
  അതെ, ഭയമില്ലായ്മയാണ് ഇന്ന് കാണുന്ന സകല കുഴപ്പങ്ങൾക്കും കാരണം.

  ReplyDelete
 3. അതാണ് കാര്യം! അടി വരുമെന്ന് കണ്ടാൽ പിന്നെ എല്ലാർക്കും മര്യാദയുണ്ടാവും .......ആരും നിയമം തെറ്റിയ്ക്കില്ല.

  ReplyDelete
 4. മിനി റ്റീച്ചർ
  നമുക്കൊന്നും തടി ഇല്ലാതെ പോയതല്ലെ വല്ലവരുടെയും കാര്യം എഴുതി സന്തോഷിക്കേണ്ടി വരുന്നത്

  ReplyDelete
 5. വി കെ ജി
  നമുക്കു കോടതിയും വക്കീലും ഉണ്ടല്ലൊ. കേട്ടിട്ടില്ലെ ആയിരം രൂപയും മള്ളൂരും ഉണ്ടെങ്കിൽ ആരെയും കൊല്ലാം എന്ന്.

  സൗദിയിലെ പോലെ - പറഞ്ഞു കേട്ടിട്ടുള്ളതാണെ - തെറ്റു ചെയ്യുന്നതു കണ്ടു പിടിക്കപ്പെട്ടാൽ അപ്പോൽ തന്നെ കൈ വെട്ടുകയൊ കാൽ വെട്ടുകയൊ എറിഞ്ഞു കൊല്ലുകയൊ ചെയ്താൽ - ആരെങ്കിലും ഒരാളെ എങ്കിലും ചെയ്തായി കേട്ടാലും മതി ഇന്നത്തെ കുറ്റവാളികളിൽ 90 സതമാനവും പണി നിർത്തും. പിന്നെ കുറെ എണ്ണം , അത് ഏതായാലും കാണും

  ReplyDelete
 6. പ്രിയ ഹെരിറ്റേജ് സര്‍...
  ഈ സംഭവം ഇപ്പോഴും നടക്കുന്നുണ്ട്...
  ഞാന്‍ എല്ലാ ശനിയാഴ്ചയും എറണാകുളത്ത് നിന്നും ഹരിപ്പാടിന് ടിക്കറ്റ് എടുക്കും. കരുവാറ്റ ആകുമ്പോള്‍ എഴുനേല്‍ക്കുന്നു...ശേഷം കണ്ടക്ടറുടെ അടുത്ത് ചെല്ലുന്നു..
  "സാര്‍ താമല്ലാക്കല്‍ സ്റ്റോപ്പില്‍ ഒന്ന് നിര്‍ത്തണം" (ഞാന്‍).
  "പറ്റില്ല ...അവിടെ സ്റ്റോപ്പില്ല". (കണ്ടക്ടര്‍)
  " ആരു പറഞ്ഞു സ്റ്റോപ്പില്ലെന്നു...അവിടെ സൂപ്പര്‍ ഫാസ്റ്റ് വരെ നിര്‍ത്തുമല്ലോ"..(ഞാന്‍)
  "സൂപ്പര്‍ ഫാസ്റ്റ് നിര്‍ത്തും. പക്ഷെ ഫാസ്റ്റ് പാസഞ്ചര്‍ നിര്‍ത്തില്ല". (കണ്ടക്ടര്‍)
  "ആഹാ ഇതെന്താ ഇയ്യാളുടെ അമ്മായി അപ്പന്റെ ബസ്സാണോ" (ഞാന്‍ ദേഷ്യത്തില്‍)
  "അല്ല തന്റെ പെമ്പ്രന്നോരുടെ അമ്മായി അപ്പന്റെ ബസ്സാ"..(കണ്ടക്ടര്‍ )
  " ഓഹോ എങ്കില്‍ ഇറങ്ങിയിട്ട് തന്നെ കാര്യം" (ഞാന്‍ കയറില്‍ പിടിച്ചു സിംഗിള്‍ ബെല്‍ അടിക്കുന്നു)
  "ദേ പോക്രിത്തരം കാണിക്കരുത്." (കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിക്കുന്നു)
  "അതു ശരി നിര്‍ത്തുമോന്നു ഞാന്‍ നോക്കട്ടെ " (ഞാന്‍ ഡബിള്‍ ദേഷ്യത്തില്‍ വീണ്ടും സിംഗിള്‍ ബെല്ലടിക്കുന്നു )
  ബസ് നില്‍ക്കുന്നു.....
  "ആഹ എന്നോടാ കളി...?" ഞാന്‍ കണ്ടക്ടറെ ചീത്ത പറഞ്ഞുകൊണ്ട് ബസ്സില്‍ നിന്നിറങ്ങുന്നു..
  നോക്കുമ്പോള്‍ ബസ് നില്‍ക്കുന്നത് ഹരിപ്പാട് ബസ് സ്റ്റാന്റില്‍ !!!!!!
  പിന്നെ ആലപ്പുഴയ്ക്കുള്ള അടുത്ത ബസ്സില്‍ കയറി അഞ്ചു രൂപ ടിക്കറ്റ് എടുത്തു തിരിച്ചു താമല്ലാക്കല്‍ വന്നിറങ്ങുന്നു......ഹ ഹ

  ReplyDelete
 7. രഘുനാഥൻ ജി, ഹ ഹ ഹ പട്ടാളം   ആയാൽ മാത്രം പോരാ വലിപ്പവും കൂടി വേണം. അല്ലെങ്കിൽ
   ദാ ഇതുപോലെ എന്തെങ്കിലും ഒന്നായാലും മതി

  ReplyDelete