Wednesday, February 08, 2012

ഞാൻ എത്ര മര്യാദക്കാരനായിരുന്നു

ഏതായാലും ഇത്രയും ആയില്ലെ എന്നാൽ ഒരെണ്ണം കൂടി ബസ്സിലെ തന്നെ ഇരിക്കട്ടെ.

വിവാഹം കഴിഞ്ഞ് ആദ്യമായി ഭൈമിയെയും കൂട്ടി ബാംഗളൂർക്കു പോയ ഒരു യാത്ര. എന്റെ ചേച്ചി ബാംഗളൂരിലായിരുന്നു താമസം. ചേച്ചിയുടെ ഭർത്താവിന് ITI ല് ജോലി. ചേട്ടൻ സ്റ്റേഷനിൽ വരാം എന്നേറ്റിട്ടുണ്ട്.

ഐലൻഡ് എക്സ്പ്രസ്സിൽ ആണ് പോകുന്നത്. കാലത്തു തന്നെ സമയത്ത് എത്തി. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി. ചേട്ടൻ സ്കൂട്ടറിൽ എത്തിയിട്ടുണ്ട്. ഞങ്ങൾ എല്ലാവരും കൂടി ബസ് സ്റ്റാന്ഡിലേക്കു പോയി.

ഞാൻ ചേട്ടൻ താമസിക്കുന്ന സ്ഥലത്ത് അതിനു മുൻപ് പോയിട്ടില്ല. അതുകൊണ്ട് ചേട്ടൻ പറഞ്ഞു തന്നു. ഐ ടി ഐ കോളനി സ്റ്റോപ്പിൽ ഇറങ്ങിയാൽ മതി. ഐ ടി ഐയുടെ മെയിൻ ഗേറ്റു സ്റ്റോപ് കഴിഞ്ഞാൽ രണ്ടാമത്തെ സ്റ്റോപ്പ് ആണ്. അവിടെ ഇറങ്ങി നിന്നാൽ മതി. ഇവളെ വീട്ടിൽ കൊണ്ടു വിട്ടിട്ട് ഞാൻ അവിടെ വരാം എന്നു പറഞ്ഞ് ഒരു ബാഗും കൊണ്ട് ഭൈമിയെയും സ്കൂട്ടറിൽ ഇരുത്തി ചേട്ടൻ പോയി

ഒരു ബാഗും കൊണ്ട് ഞാൻ ബസിൽ കയറി.

റ്റികറ്റ് എടൂക്കുമ്പോൾ ഞാൻ കണ്ടക്റ്ററോടു പറഞ്ഞു എനിക്കു സ്റ്റോപ്പ് അറിയില്ല. അതുകൊണ്ട് സ്റ്റോപ്പ് എത്തുമ്പോൾ പറയണം. അയാൾ സമ്മതിച്ചു.

കുറച്ചായപ്പോഴേക്കും ബസിൽ തെരക്കായി. എന്റെ ബാഗ് ഞാൻ നിലത്തു വച്ചാണ് നിൽക്കുന്നത്. അതിനിടയ്ക്കു കൂടി അങ്ങോട്ടും ഇങ്ങോട്ടും പോകാൻ കണ്ടക്റ്റർക്കു ബുദ്ധിമുട്ട്. അയാൾ എന്നോട് ബാഗ് മാറ്റി വയ്ക്കാൻ പറഞ്ഞു. എങ്ങോട്ടു മാറ്റാൻ നേരെ നിൽക്കാൻ സ്ഥലം ഇല്ല പിന്നാ ബാഗു മാറ്റാൻ.

പറഞ്ഞു പറഞ്ഞു ശബ്ദം കൂടി തുടങ്ങി.

ങ്ഹാ പറഞ്ഞില്ലല്ലൊ. കർണ്ണാടകയിൽ വേറൊരു സ്ഥലത്ത് രണ്ടു കൊല്ലത്തോളം ജോലി ചെയ്തിട്ടുണ്ടായിരുന്നതു കൊണ്ട് കന്നഡയിൽ വഴക്കിടാൻ നല്ല പരിചയം ആയിരുന്നു.

അങ്ങനെ പറഞ്ഞു പറഞ്ഞ് അയാൾ പറഞ്ഞു പെട്ടി എന്റെ തലയിൽ വച്ചോളാൻ
എന്നാൽ അതെടുത്ത് നിന്റെ തലയിൽ വച്ചോ ന്നു ഞാനും പറഞ്ഞു.
ഞാൻ എത്ര മര്യാദക്കാരനായിരുന്നു എന്നു നിങ്ങൾക്കു ബോദ്ധ്യമായല്ലൊ അല്ലെ.

പക്ഷെ അതോടു കൂടി കണ്ടക്റ്റർ വഴക്കു നിർത്തി. എന്തൊ ഇവനോടു പറഞ്ഞിട്ടു കാര്യമില്ലന്നു തോന്നിക്കാണും.

അങ്ങനെ ബസ് ഐ ടി ഐ മെയിൻ ഗേറ്റിൽ എത്തി. അവിടെ നിന്നും രണ്ടാമത്തെ സ്റ്റോപ് നോക്കി ഞാൻ നിൽക്കുകയാണ്. ആരോ കയറാനോ ഇറങ്ങാനോ താമസിച്ചതു പോലെ പെട്ടെന്നു പെട്ടെന്നു രണ്ടു ചവിട്ടും കൂടി ഡ്രൈവർ ചവിട്ടി.

ആ രണ്ടിടത്തും ആളുകൾ ഇറങ്ങുകയും കയറുകയും ഒക്കെ ചെയ്തു.

പക്ഷെ ഈ രണ്ടു സ്റ്റോപ്പുകൾ ഇത്ര അടുത്തടുത്തായിരിക്കും എന്നെനിക്കറിയില്ലല്ലൊ. ഞാൻ വല്ല്യ സ്റ്റോപ് വരാൻ നോക്കി നിൽക്കുകയാണ്.

പക്ഷെ ഒരു 15 മിനിറ്റോളം കഴിഞ്ഞപ്പോൾ റോഡിൽ ഒരു ബോർഡ് "വൈറ്റ്ഫീൽഡ്" എന്ന്.

ഞാൻ കണ്ടക്റ്ററെ വിളിച്ചു ബഹളം വച്ചു.
അയാൾ മനഃപൂർവം എനിക്കിട്ടു പണി തന്നതായിരുന്നിരിക്കണം.

പക്ഷെ ബസ് തിരികെ പോവില്ലല്ലൊ. അവിടെ ഇറങ്ങി 8 രൂപ - അന്നത്തെ 8 രൂപ - ആട്ടൊറിക്ഷയ്ക്കു കൊടുത്ത് കോളനി ഗേറ്റിൽ എത്തുമ്പോൾ ഇവൻ ഇതെവിടെ പോയി എന്നു വിഷമിച്ച് ചേട്ടൻ വിയർത്തു നിൽക്കുന്നു

4 comments:

  1. അമ്മിള്ളി പറ്റി ഭാരതപര്യാടനം തന്നെ നടത്തിയല്ലേ , ഈ വിഷയത്തില്‍ ആധികാരികമായി കേരളത്തില്‍ ഇന്ത്യയില്‍ വിവരിക്കാന്‍ ഇനി പണിക്കര്‍ സാറിനെ കഴിയു എന്നാ തോന്നുന്നേ അത്ര മാത്രം ഉണ്ടല്ലോ സംഭവങ്ങള്‍ ഹ ഹ ഹ നെക്സ്റ്റ് പോരട്ടേ

    ReplyDelete
  2. പുണ്യാളൻ ജി ഞാൻ ആദ്യമേ പറഞ്ഞില്ലെ?
    ഗിന്നസ് ബുക്കുകാരെ പേടിച്ച് ഒളിച്ചിരിക്കുവാ
    എപ്പൊഴാ അവർ വന്നു പിടിച്ചു കൊണ്ടു പോകുന്നത് എന്നറിയില്ലല്ലൊ

    ReplyDelete
  3. അതേ, കണ്ടക്ടറോട് നന്നായി പെരുമാറാൻ പഠിയ്ക്കണം.കന്നഡ അറിഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല........ പത്തായത്തീ ഇരുന്നോ, ഗിന്നസ്സ്കാര് ഇറങ്ങീട്ടുണ്ട്.

    ReplyDelete
  4. എച്മൂ
    കണ്ടക്റ്ററോട് ഞാൻ വളരെ നന്നായി "പെരുമാറി" യതു കൊണ്ടായിരുന്നല്ലൊ ഈ കുഴപ്പം ഹ ഹ ഹ :)

    ReplyDelete