Friday, January 20, 2012

ഒരു തീവണ്ടി യാത്ര

ഡൽഹിയിൽ വച്ച് ഒരു യാത്രയിൽ അന്തരീക്ഷമലിനീകരണം കാരണം ശ്വാസം മുട്ടൽ അനുഭവപ്പെട്ട ഒരു സംഭവം കമന്റിയിടത്ത് അത് തിരക്കു കൊണ്ടാണൊ എന്നൊരു ചോദ്യം കിട്ടി
അപ്പൊഴാണ് ചെറുപ്പത്തിലെ മറ്റൊരു സംഭവം ഓർമ്മ വന്നത്

കോട്ടക്കൽ പഠിക്കുന്ന കാലം. അന്നൊക്കെ മാസത്തിലൊരിക്കൽ വീട്ടിൽ പോകും. പോകുന്നത് ബസ്സിൽ ആയിരുന്നു. എട്ടു മണിക്കൂറിൽ കൂടുതൽ ബസ്സിൽ ഇരിക്കണം. പക്ഷെ ചെറുപ്പത്തിൽ എന്തു പ്രശ്നം എട്ടല്ല എൺപതു മണിക്കൂർ വേണമെങ്കിൽ ഇരിക്കും അല്ലെ?

ഞങ്ങൾ ആലപ്പുഴ ജില്ലകാരയതുകൊണ്ട് അധികം ട്രയിൻ യാത്ര ചെയ്തിട്ടില്ല അന്നൊന്നും.
എന്നാൽ ഒരിക്കൽ ഒരു ഓണസമയം. ഓണസമയമാണല്ലൊ സമരങ്ങളുടെ കാലം. ആളുകൾക്കു ബുദ്ധിമുട്ടാകും എന്നു കരുതി ചോദിക്കുന്നതിൽ മിക്കവയും സർക്കാർ കൊടുക്കും എന്നറിയാവുന്നതു കൊണ്ട് സമരക്കാർ ആ സമയം തന്നെ തെരഞ്ഞെടുക്കും.

അങ്ങനെ ഞങ്ങൾക്ക് ഓണാവധി വന്നപ്പോഴാണ് ബസ് സമരം. സർക്കാർ ബസ്സുകൾ ഓടുകയില്ല.
പിന്നെ എങ്ങനെ വീട്ടിൽ പോകും?

തിരൂർ ആണ് അടുത്ത റെയിൽ വേ സ്റ്റേഷൻ. അന്നത്തെ കാലത്ത് മീറ്റർ ഗേജ് ആണ് എറണാകുളം മുതൽ തെക്കോട്ട്. എറണാകുളത്തിനു വടക്ക് ബ്രോഡ് ഗേജും

ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടി തിരൂരെത്തി.
എന്റെ കയ്യിൽ 10 രൂപ ഉണ്ട്. അത് എല്ലാതവണയും അങ്ങനെ ആണ്. 60 രൂപ മെസ്, 20 രൂപ ഫീസ് ഏട്ടൻ 90 രൂപ അയച്ചു തരും. സാധാരണ, ഈ ശേഷിക്കുന്ന പത്തു രൂപയിൽ 8.50 രൂപ ബസ് കൂലി. ബാക്കി ഒന്നര രൂപ എന്റെ പോക്കറ്റിൽ കാണും വീട്ടിലെത്തുമ്പോൾ

എന്നാൽ ഇത്തവണ 9 രൂപ ടികറ്റ് മാവേലിക്കര വരെ. അവിടെ നിന്നും പ്രൈവറ്റ് ബസ് ഹരിപാടിന്.

അപ്പോൾ പൈസ കിറുകൃത്യം.

റ്റിക്കറ്റെടുത്തു.

കാത്തുകാത്ത് വണ്ടി വന്നു. ഞങ്ങൾ പറയുന്ന ഭാഷയിൽ പറഞ്ഞാൽ ഒരു ഒൻപതാം ഉൽസവത്തിന്റെ തിരക്ക്(ഹരിപ്പാട്ടമ്പലത്തിലെ ഒൻപതാം ഉല്സവം അന്നു വളരെ പ്രസിദ്ധമായിരുന്നു)

എനിക്കാണെങ്കിൽ ഇടിച്ചു കയറുന്ന സ്വഭാവം പണ്ടെ ഇല്ല - എല്ലാം വളരെ സാവധാനത്തിലെ ചെയ്യൂ - അതുകാരണം "പഞ്ചവൽസരപദ്ധതി" എന്നൊരു ഓമനപ്പേരും വീണു കിട്ടിയിരുന്നു.

പതുക്കെ കയറാം എന്നു കരുതി നിന്നു നിന്നു കൂട്ടുകാരെല്ലാം കയറിക്കഴിഞ്ഞിട്ടും ഞാൻ വെളിയിൽ തന്നെ. അല്പനേരം, കൂടി കഴിഞ്ഞപ്പോഴേക്കും വിസിൽ മുഴങ്ങി. വണ്ടി പതിയെ നീങ്ങിത്തുടങ്ങി.

അടൂത്തു നിന്ന ഒരാൾ പറഞ്ഞു മോനെ വേഗം പിടിച്ചു തൂങ്ങിക്കൊ അല്ലെങ്കിൽ പോകാനൊക്കില്ല.

വാതിലിനു വെളിയിൽ ഒറ്റക്കയ്യിൽ തൂങ്ങുന്ന അനേകം ആളുകൾ ഒരു അർദ്ധവൃത്തം ഉണ്ടാക്കിയിട്ടുണ്ട്.
എനിക്കു പെട്ടെന്നു ഭയമായി. സമയം രാത്രി ഒൻപതു മണി. എന്റെ കയ്യിൽ ഉണ്ടായിരുന്ന പത്തുരൂപയിൽ ഒൻപതു രൂപ ട്രയിൻ റ്റിക്കറ്റ് ആയി കയ്യിൽ ഇരിക്കുന്നു.

ഈ വണ്ടിയിൽ പോയില്ലെങ്കിൽ പിന്നെ ഭിക്ഷ എടുക്കേണ്ടി വന്നേക്കാം.
എന്തോ ഒരു ധൈര്യം വന്നു ചാടി ഒരു കമ്പിയിൽ പിടുത്തം ഇട്ടു. ഒരു കാൽ വയ്ക്കാൻ അല്പം സ്ഥലവും കിട്ടി. അവിടെ നിന്നവർ അതിനുള്ള സൗകര്യം ചെയ്തു തന്നു.

ബാഗും തൂക്കി ഒരു കയ്യും ഒരു കാലും പുറമെ. ഒരു കാൽ ചവിട്ടിയിട്ടുണ്ട് ഒരു കൈ തൂണിൽ പിടിച്ചിട്ടും ഉണ്ട്.

വണ്ടി പതിയെ വേഗത കൂട്ടി തുടങ്ങി.
ബാഗു പിടിച്ചിരിക്കുന്ന കൈ കഴച്ചു തുടങ്ങി.

പക്ഷെ എന്തു രക്ഷ.
ഞാൻ ആലോചിച്ചു

കുറച്ചു കഴിയുമ്പോൾ ഈ ബാഗ് എന്റെ കയ്യിൽ നിന്നു വീണുപോകും. പക്ഷെ അതു കഴിഞ്ഞാൽ?
കുറച്ചു കൂടി കഴിയുമ്പോൾ എന്റെ തൂണിൽ പിടിച്ചിരിക്കുന്ന കയ്യും വിട്ടുപോകും
അപ്പോൾ ഇത് എന്റെ അവസാനത്തെ യാത്ര ആയിരിക്കും അല്ലെ?
ഇനി ഒന്നും ചെയ്യാനും ഇല്ല. വരുന്നതു വരട്ടെ എന്നൊക്കെ വിചാരിച്ചു കൊണ്ടു നിൽക്കുമ്പോൾ ആളുകൾ എല്ലാവരും കൂടി ഒരു ബഹളം

ഓവർ ബ്രിഡ്ജ് വരുന്നു കയറിക്കൊ അകത്തു കയറിക്കൊ.

ഓവർബ്രിഡ്ജ് വീതി കുറഞ്ഞ ഒരെണ്ണം.
ചിലപ്പോൾ വാതിലിനു വെളിയിൽ തൂങ്ങിക്കിടക്കുന്നവരെ എല്ലാം വടിച്ചു നീക്കും എന്ന പേടി. സ്ഥിരമായി യാത്ര ചെയ്യുന്നവർക്കു സ്ഥലം അറിയാവുന്നതിനാൽ അവർ ആയിരിക്കണം ഒച്ച കൂട്ടിയത്.
ഏതായാലും അതിനു ഫലം ഉണ്ടായി
അകത്തു നിന്നവരും ഒക്കെ സഹായിച്ചു എല്ലാവരെയും പിടിച്ചു വലിച്ചും തള്ളിയും ഒക്കെ എങ്ങനെയോ എല്ലാവരും അകത്തായി. എന്റെ രണ്ടു കാലും നിലത്തു മുട്ടിയിട്ടില്ല. ആകെ ഞെങ്ങി ഞരുങ്ങി നിൽക്കുന്നു.പൊക്കം അശേഷം ഇല്ലാത്തഞ്ഞാൻ പക്ഷെ ആളുകളുടെ ശരീരങ്ങൾക്കിടയിൽ ഞെങ്ങി പൊങ്ങി നിന്നതു കൊണ്ട് ഒരു ഗുണം ഉണ്ടായി. ആ മുറിയുടെ മറുവശത്തു ഇതേ പോസിൽ നിൽക്കുന്ന എന്റെ സുഹൃത്തിനെ കാണാനായി. ഞാൻ തല ഇളക്കി അവന്റെ ശ്രദ്ധ പിടിച്ചു പറ്റി അവനും സന്തോഷമായി ഏതായാലും ഞാനും കയറിയല്ലൊ.
അല്പസമയം കൊണ്ട് വെള്ളത്തിൽ താഴ്ന്നു പോകുന്നതുപോലെ ഊർന്നൂർന്ന് എന്റെ കാലുകൾ നിലം തൊട്ടു.

ഇപ്പോൾ സമയം ഓർമ്മയില്ല എന്നാലും രാത്രി ഒന്നിനും രണ്ടിനും ഇടയിലാണെന്നു തോന്നുന്നു ഞങ്ങൾ എർണാകുളത്തെത്തി.

അവിടെ നിന്നും വണ്ടി മാറി കയറണം. ഇനി അങ്ങോട്ട് മീറ്റർ ഗേജ് വണ്ടി.ബോഗികളുടെ എണ്ണവും കുറവ്.

യാത്രക്കാരിൽ കുറേ ഏറെ പേർ അവിടെ യാത്ര അവസാനിക്കുന്നവരായിരുന്നു. ബാക്കി എല്ലാവരും അടുത്ത വണ്ടിയ്ക്കു നേരെ യാത്ര ആയി. ആദ്യത്തെ അനുഭവം ഉണ്ടായിരുന്നതു കൊണ്ട് ഇത്തവണ ഞാനും ഉഷാറായി തന്നെ വണ്ടിക്കടൂത്തെത്തി.

അവിടെ ചെന്നപ്പൊഴോ?

അവിടെ വച്ചു തന്നെ സീറ്റുകളെല്ലാം ഫുൾ ആണ്. മീറ്റർ ഗേജ് വണ്ടിയുടെ ഇടനാഴിയുടെ അവിടെ വച്ചു തന്നെ എനിക്കു മുന്നോട്ടു പോകാൻ പറ്റാതായി. പിന്നിൽ നിന്നും ആളുകൾ വീണ്ടും കയറുന്നും ഉണ്ട്.

സമയം ആയി വണ്ടി വിട്ടു. അല്പമായപ്പോഴേക്കും രണ്ടു വശത്തു നിന്നും ഉള്ള തള്ളലിൽ എനിക്കു ശ്വാസം കഴിക്കാൻ പ്രയാസം ആകുന്നതു പോലെ തോന്നി.
എനിക്കു രണ്ടു വശവും ഉള്ളവർ നല്ല തടിയുള്ളവർ.
തടി മുകളിൽ അല്ലെ ഉള്ളത്
താഴെ ഇല്ലല്ലൊ. ഞാൻ നോക്കിയപ്പോൾ എന്റെ അരവരെ ജനാല ഉണ്ട്. അപ്പോള് അവിടെ തന്നെ അങ്ങ് ഇരുന്നാൽ കൂടുതൽ സ്ഥലവും ഉണ്ട് ശ്വസിക്കാൻ വായുവും കിട്ടും. ഞാൻ പതിയെ ഊർന്ന് അവരുടെ കാലുകൾക്കിടയിലായി ഇരുന്നു.

എന്റെ ദൈവമേ ആ ഇരിപ്പു കോട്ടയം വരെ ഇരുന്നത് എങ്ങനെ ആയിരിക്കും എന്ന് ഒന്നാലോചിച്ചു നോക്കൂ. പറ്റിയ പറ്റു വലുതായി പോയെങ്കിലും പിന്നീട് പൊങ്ങാൻ ഒരു നിവൃത്തിയും ഇല്ലാതിരുന്നതു കൊണ്ട് അങ്ങനെ തന്നെ യാത്ര ചെയ്യേണ്ടി വന്നു.

കോട്ടയത്തെത്തിയപ്പോൾ കുറെ പേർ ഇറങ്ങി, കയറാനും ഉണ്ടായിരുന്നു കുറെ പേർ.
മുൻപു പറ്റിയ അബദ്ധം തിരുത്താൻ വെണ്ടി ഞാൻ കിട്ടിയ അവസരം ഉപയോഗിച്ച് വീണ്ടും എഴുനേറ്റ് നിന്നു

അവിടെ നിന്നും യാത്ര തുടർന്നു. തിരുവല്ലയിൽ ഇറങ്ങാനുള്ളവർ തിക്കു കൂട്ടി വാതിലിനെ ലക്ഷ്യമാക്കി വരുന്നു. ഇടനാഴിയ്ക്കുള്ളിൽ അല്പം പോലും സ്ഥലം ഇല്ല.
ഞെങ്ങി ഞെരുങ്ങി വന്നവരിൽ ഒരു ചേച്ചിയും ഉണ്ടായിരുന്നു. ആ ചേച്ചി എന്റെ അടുത്തെത്തിയിടത്തു വച്ച്
മൊത്തം ബ്ലോക്ക് ആയി. ആൾക്കൂട്ടത്തിനിടയിൽ കുട്ടി ആയി ഞാൻ മാത്രം. അത്ര കുട്ടിയൊന്നും അല്ല 18 കഴിഞ്ഞതാണ്.
ഇടനാഴിയുടെ അകത്തെ ഭിത്തിയിൽ ചാരി ചേച്ചി. ആ ചേച്ചിയുടെ എതിർവശത്തു ജനലിൽ ചാരി മറ്റൊരു ചേട്ടൻ. ഇവരുടെ രണ്ടു പേരുടെയും ഇടയിൽ ബ്രെഡ് പീസുകൾക്കിടയിൽ തേച്ച ജാം പോലെ ഞാൻ.

നാരായണ ജപിച്ചു കൊണ്ട് തിരുവല്ല വരെ ആ നിൽപ്പ്

ഇനി മേലിൽ ബസിലെ യാത്ര ചെയ്യൂ എന്നു തീരുമാനിച്ചെങ്കിലും ഇപ്പോഴും ദാ തുടരുന്നു തീവണ്ടീ തീവണ്ടീ

മറ്റൊരു കഥ - കഥയല്ല യഥാര്ഥ കഥ

12 comments:

 1. ഹെ..ഹെ..ഞാനും അടിസ്ഥാനപരമായി ആലപ്പുഴക്കാരനാണ് (ശ്..ശ്..പുറത്തു പറയണ്ട :))..എന്റെ കുട്ടിക്കാലത്താണ് തീരദേശറെയിൽ‌വേ വന്നത്....അതു വരെ ബസിലായിരുന്നു തിരുവനന്തപുരത്തു നിന്ന് നാട്ടിലേക്കുള്ള യാത്ര :)

  ReplyDelete
 2. അന്നൊന്നും ഈ തീരദേശം ഇല്ലായിരുന്നല്ലൊ നാട്ടുകാരാ ഹ ഹ ഹ  :)

  ReplyDelete
 3. പൊക്കം കുറഞ്ഞതുകൊണ്ട് എന്തെല്ലാം ഗുണങ്ങളാ...!
  ആൾക്കൂട്ടത്തിൽ പെട്ടാൽ ഊർന്നിറങ്ങി തൽക്കാലം രക്ഷപ്പെടാം...!
  ബ്രെഡ്ഡിനിടയിലെ ജാം ആകാനും പറ്റും.(ഈ ഉപമ കലക്കി..)
  ആശംസകൾ...

  ReplyDelete
 4. വി കെ ജി
  ആ നില്പ് ഒരു പ്രശ്നം തന്നെ ആയിരുന്നെ 
  ദുർബുദ്ധി ഒന്നുംതോന്നല്ലെ ന്നു പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. പ്രായം അതല്ലെ 

  ReplyDelete
 5. ബ്രെഡ് പീസുകൾക്കിടയിലെ ജാം - അതു കലക്കി. ദീർഘയാത്രക്കു തീവണ്ടി തന്നെ നല്ലതു്.

  ReplyDelete
 6. ജാമിനിടയിലൊരു ജാം

  ReplyDelete
 7. ശരീരഭാരം കുറയ്ക്കാൻ ഇതുപോലൊരു യാത്ര ചെയ്താൽ മതിയാവും.

  ReplyDelete
 8. ആഹാ! ഇങ്ങനെയും ഒരു യാത്ര.....

  ReplyDelete
 9. എഴുത്തുകാരി :) പക്ഷെ കുറെ കൂടുതൽ നീണ്ട യാത്രയായിരുന്നെങ്കിൽ അലക്കുകാരൻ തേച്ചു മടക്കിയതു പോലെ ആയിരുന്നേനെ എന്റെ അവസ്ഥ

  ReplyDelete
 10. Kalavallabhan ji

  ആ ജാം ഓർമ്മിപ്പിക്കല്ലെ അതൊരു ജാം തന്നെ ആയിരുന്നു

  ReplyDelete
 11. മിനിറ്റീച്ചർ
  അന്നു മീശ പോലും മുളക്കാത്ത പയ്യനല്ലെ ഇന്നാണെങ്കിലും തടി നമുക്കൊരു പോലെയെ ഉള്ളു.
  പക്ഷെ ശരിയാ തടിയന്മാരാരെങ്കിലും ആയിരുന്നെങ്കിൽ ഇത്തരം രണ്ടെ രണ്ടു യാത്ര മതി

  ReplyDelete
 12. "Echmukutty said...

  ആഹാ! ഇങ്ങനെയും ഒരു യാത്ര.....
  "

  മറക്കാൻ കഴിയുമൊ ആ യാത്ര.?

  ReplyDelete