Wednesday, August 13, 2008

ഹെന്താ അവന്റെ ഒരു കിടപ്പ്‌

ഞങ്ങള്‍ താമസിക്കുന്ന കോളനിയില്‍ കെട്ടിടങ്ങള്‍ രണ്ടുനില ഫ്ലാറ്റുകളാണ്‌.
ഔദ്യോഗികമായി കമ്പനിയുടെ കാവല്‍ ഉണ്ട്‌. എന്നാല്‍ അനൗദ്യോഗികമായി പ്രകൃതിദത്തകാവലും ഉണ്ട്‌.
കാണണ്ടേ?
അവനറിയാം പട്ടാളക്കാരൊക്കെ പണ്ട്‌ രാജാക്കന്മാര്‍ ചെയ്യിച്ചിരുന്നതുപോലെ ഗോപുരമുണ്ടാക്കി അതിന്റെ മുകളില്‍ നിന്നും നിരീക്ഷണം നടത്തണം എന്നാലേ എല്ലയിടവും കാണാന്‍ പറ്റൂ എന്ന്‌. ഇവിടെ ഗോപുരം ഇല്ലാത്തതു കൊണ്ട്‌ ഉള്ളതുകൊണ്ട്‌ അങ്ങ്‌ അഡ്ജസ്റ്റ്‌ ചെയ്യൂന്നു. അതിനും മുകളിലേക്ക്‌ കയറൂവാന്‍ പടിയില്ല അതുകൊണ്ടാ ക്ഷമിക്കണം
കൂട്ടിന്‌ ഇടയ്ക്ക്‌ ഒരു കാക്കയും വന്നിരുന്നു.







Tuesday, August 12, 2008

ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ

ഇന്നു രാവിലെ ജോലിസംബന്ധമായി പുറത്തു പോകുവാന്‍ ഇറങ്ങി, ആംബുലന്‍സില്‍ കയറി ഇരുന്നു.

അതിനകത്തു ദാ ഒരു ചിത്രശലഭം പറന്നു നടക്കുന്നു.

പണ്ട്‌ സഹയുടെ കയ്യില്‍ ഒരു ചിത്രശലഭം വന്നിരുന്നത്‌ ഓര്‍മ്മയുണ്ടോ?
അതിവിടെ പോസ്റ്റ്‌ ചെയ്തിരുന്നു


അന്നു തോന്നി- നമ്മുടെ കയ്യിലും ഇവന്‍ വന്നിരിക്കുമൊ? എവിടേ? വയസ്സന്മാരുടെ കയ്യില്‍ ചിത്രശലഭം? ഏതായാലും ഒന്നു പരീക്ഷിക്കാം എന്നു വിചാരിച്ച്‌ കാത്തിരുന്നു.
പക്ഷെ അവസാനം അവന്‍ വന്നു.
ഏതായാലും കുറേ പടങ്ങള്‍ എടുത്തു. അത്‌ ദാ നിങ്ങള്‍ക്കായി വച്ചു നീട്ടുന്നു. സഹയ്ക്ക്‌ കിട്ടിയ വിമര്‍ശനവും മറ്റും ഓര്‍മ്മയിലുള്ളതുകൊണ്ട്‌ എല്ലാം ആദ്യമേ പോസ്റ്റുകയാണ്‌. പിന്നെ ഞാന്‍ എടുത്ത പടം കണ്ടാല്‍ ഏതായാലും ആരും അടിച്ചു മാറ്റുകയുമില്ല, അതുപോലൊരെണ്ണം കൊള്ളാവുന്നവര്‍ ആരും പണ്ട്‌ പോസ്റ്റിയിട്ടുണ്ടാവുകയും ഇല്ല എന്നതുകൊണ്ട്‌ ധൈര്യമായി അങ്ങു പോസ്റ്റുന്നു.












അതുകഴിഞ്ഞ്‌ അവനെ (ളെ) ദേ ഇങ്ങനെ വെളിയിലേക്ക്‌ കാണിച്ചു
നന്ദി പറഞ്ഞിട്ട്‌ അവന്‍(ള്‍ ) അങ്ങു ദൂരേക്ക്‌ പറന്നു പോയി

Tuesday, August 05, 2008

പൊട്ടക്കിണറ്റിലെ തവള !!!



കാലത്ത്‌ പ്രഭാതകര്‍മ്മങ്ങള്‍ക്കായി ( പിന്നല്ലാതെ evening walkആണോ പോലും കാലത്ത്‌?) :) ചെന്നു നോക്കുമ്പൊള്‍ കണ്ടതാ. ഉടന്‍ തന്നെ പോയി മൊബെയില്‍ എടുത്തു പിന്നെ പടം എടുത്തു ഇപ്പൊ ദാ പോസ്റ്റും ചെയ്തു
അപ്പൊ ഇവനും അതു സാധിച്ചു . ടാപ്‌ തുറക്കാന്‍ കയ്‌ കൊണ്ടു പറ്റാത്തതിനാല്‍ കഴുകല്‍ ഇതിനകത്തിറങ്ങി അങ്ങു നടത്തി കാണും !!

Monday, February 04, 2008

എന്റെ PC യില്‍ vius

ഒരു സംശയം,സുഹൃത്തുക്കളേ, എന്റെ email ID യില്‍ നിന്നും എനിക്ക്‌ ഒരു മെയില്‍ ഇന്നലത്തെ ഡേറ്റില്‍ ലഭിച്ചു.ഇതെങ്ങിനെ സംഭവിക്കാം എന്നു പുലികളാരെങ്കിലും ഒന്നു പറയുമോ? ഇനലെ ഞാന്‍ മെയില്‍ തുറന്നതു തന്നെ ഇല്ല. ഇന്നാണ്‌ കണ്ടത്‌. അങ്ങനെ ആണെങ്കില്‍ അതേപോലെ എന്റെ പേരില്‍ റ്റഹ്ന്നെ മറ്റുള്ളവര്‍ക്കും അയക്കുവാന്‍ സാധിക്കില്ലേ?അങ്ങനെ സംഭവിക്കുവാതിരിക്കുവാന്‍ എന്താണ്‌ നാം ചെയ്യേണ്ടത്‌കഴിഞ്ഞ ആഴ്ച എന്റെ PC യില്‍ vius attack ഉണ്ടായിരുന്നു ഇനി അതിന്റെ ബാക്കി വല്ലതും ആയിരിക്കുമൊ? virus Trojan Horse, Trojan Dropper ഇവ ആയിരുന്നു

Friday, February 01, 2008

ഇത്‌ എന്റെ ഒരു അനുഭവം

ആയുര്‍വേദം എന്ന ശാസ്ത്രം ഒരു ജീവിതരീതിയും സംസ്കാരവുമായി ആയിരുന്നിരിക്കണം പണ്ടുണ്ടായിരുന്ന അതിന്റെ ഉപജ്ഞാതാക്കള്‍ ഉദ്ദേശിച്ചിരുന്നത്‌.

പണ്ട്‌ വിദ്യാഭാസം എന്നു പറയുന്നതു തന്നെ ആയുര്‍വേദാഭ്യാസം വരെ ആയിരുന്നു എന്ന്‌ അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്‌. പിന്നീടല്ലെ ഇംഗ്ലീഷ്‌ രീതിയിലുള്ള വിദ്യാഭ്യാസം തുടങ്ങിയത്‌. അതോടു കൂടി പരമ്പരാഗതരീതിയിലുള്ള വിദ്യാഭ്യാസം അവസാനിക്കുകയും ആയുര്‍വേദ പോലെൂള്ള ശാസ്ത്രങ്ങള്‍ അധഃപതിക്കുവാന്‍ തുടങ്ങുകയും ചെയ്തു എന്നു പറയാം.

പരമ്പരാഗതരീതിയ്ക്ക്‌ ആയുവേദത്തില്‍ എത്ര പ്രാധാന്യം ഉണ്ട്‌ എന്നു പറഞ്ഞറിയിക്കുവാന്‍ സാധിക്കുകയില്ല. രോഗിയെ പരിശോധിക്കുന്നതും , മരുന്നുകള്‍ സപാദിക്കുന്നതുമുതല്‍ തയ്യാര്‍ ചെയ്യുന്നതു വരെയുള്ള എല്ലാ ക്രമങ്ങളും അച്ഛന്റെ അടുത്തു നിന്നും ചെറുപ്പം മുതല്‍ കണ്ടു പഠിക്കുന്ന മകനു കിട്ടുന്ന പരിശീലനം കോളേജ്‌ വിദ്യാഭ്യാസത്തില്‍ നിന്നും ലഭിക്കുകയില്ല- ഇതിന്‌ ഒരു മറുവശവും കൂടി ഉണ്ട്‌ കേട്ടൊ- ധാരാളം രോഗികളെ എല്ലാ ദിവസവും കാണുവാനുള്ള സൗകര്യം കോളേജില്‍ നിന്നും ലഭിക്കും. എന്നാല്‍ മരുന്നുണ്ടാക്കുന്നതിലുള്ള പരിജ്ഞാനം ആയുര്‍വേദത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌ -കാരണം ഓരോ രോഗിക്കും വേണ്ട രീതിയിലുള്ള മരുന്നുകള്‍ പ്രത്യേകം പ്രത്യേകം തയ്യാറാക്കുന്നതാണ്‌ അല്ലാതെ ഒരു രോഗം ഒരു മരുന്ന്‌ എന്ന രീതിയിലല്ല. ഇതുകൊണ്ടു തന്നെ ആണ്‌ പലപ്പോഹും ഫലപ്രാപ്തിയില്ല എന്ന കുറ്റം ആയുര്‍വേദത്തില്‍ ആരോപിക്കപ്പെടുന്നത്‌.

കാടു കയറാതെ ഞാന്‍ പറയുവാന്‍ ഉദ്ദേശിച്ച വിഷയത്തിലേക്കു വരാം. ഒറ്റമൂലി എന്നൊരു ബ്ലോഗ്‌ ശ്രീ സുമേഷ്‌ തുടങ്ങിയല്ലൊ. ഒറ്റമൂലി അല്ലെങ്കിലും എന്റെ അനുഭവത്തില്‍ ചിലര്‍ക്കെങ്കിലും ഉപകാരപ്പെടുമെന്നു തോന്നുന്ന ഒരു കാര്യം ഇവിടെ പറയട്ടെ.

ഞാന്‍ ആയുര്‍വേദം പഠിക്കുന്ന കാലം. ഇപ്പോള്‍ ഡോ സൂരജ്‌ ചിന്തിക്കുന്നതുപോലെയോ ഒരുപക്ഷേ അതിലധികമോ ആയ തീവ്രത പഠനവിഷയത്തില്‍ കൊണ്ടു നടക്കുന്ന കാലം. പലപ്പോഴും ആയുര്‍വേദത്തെയും പലപ്പോഴും ആധുനിക വൈദ്യത്തേയും പുകഴ്തുകയും ഇകഴ്തുകയും ചെയ്യേണ്ടി വരുന്ന അനുഭവങ്ങള്‍ കണ്ട കാലം.

ഞങ്ങള്‍ പഠിച്ചിരുന്ന കോളേജില്‍ ഒരു ധര്‍മ്മാശുപത്രി ഉണ്ട്‌ അതില്‍ ഒരു ആധുനിക വൈദ്യവിദഗ്ധനായ ഡോക്ടറും ഉണ്ട്‌.

ഇടയ്ക്കിടക്ക്‌ ആ ഡോക്ടറുടെ അടുത്തുനിന്നും ആധുനിക വൈദ്യത്തിലുള്ള ക്ലാസുകളും അനൗദ്യോഗികമായി ഞങ്ങള്‍ തരപ്പെടുത്താറുണ്ടായിരുന്നു. സമീപവാസികളായ ഗ്രാമീണര്‍ക്ക്‌ സൗജന്യമായ ചികിലസ നല്‍കുന്ന ഏകദേശം 50നടുത്ത്‌ ബെഡ്ഡുകളുള്ള ആശുപത്രിയായിരുന്നു അത്‌.

ഞങ്ങള്‍ക്കെന്തെങ്കിലും acute അസുഖങ്ങള്‍ ഉണ്ടായാല്‍ അദ്ദേഹത്തിനടുത്തു നിന്നും ചികില്‍സ എടുക്കുമായിരുന്നു. അല്ലാതെ ആയുര്‍വേദം വലുത്‌ ആധുനികം വലുത്‌ എന്ന രീതിയിലുള ഒരു തര്‍ക്കവും അവിടെ ഉണ്ടയിരുന്നില്ല.

ആയിടക്ക്‌ എന്നെ വല്ലാതെ അലട്ടിയിരുന്ന ഒരസുഖമായിരുന്നു Tonsillitis (ഞാന്‍ മുമ്പ്‌ ഒരു കമന്റില്‍ അതിനെ കുറിച്ചെഴുതാനുണ്ടയ കാരണവും മറ്റൊന്നല്ല)

വളരെയധികം പ്രാവശ്യം അതിന്‌ ഗുളികകളും ഇഞ്ജെക്ഷനും എല്ലാം എടുത്ത്‌ ഞാനും , എന്നെ ചികില്‍സിച്ച്‌ ചികില്‍സിച്ച്‌ ഡോക്ടരും പരവശരായി.

അങ്ങനെ ഒരു ദിവസം അദ്ദേഹം എനിക്ക്‌ tonsillectomy-operation വിധിച്ചു. ഞാന്‍ ഭയന്നു പോയി എന്നു പ്രത്യേകിച്ചുപറയേണ്ട ആവശ്യമില്ലല്ലൊ. കുത്തിവയ്പ്പെടുക്കുന്നഭാഗത്തേക്കു നോക്കുവാന്‍ പോലും ധൈര്യമില്ല അന്ന്‌ പിന്നല്ലേ Operation

ഹോസ്റ്റലില്‍ എത്തി എന്റെ അടുത്ത മുറിയില്‍ താമസിക്കുന്ന സുഹൃത്തിനോട്‌ വിവരം പറഞ്ഞു.

അദ്ദേഹം എന്നെ സമാധാനിപ്പിച്ചുകൊണ്ട്‌ പറഞ്ഞു- "പണിക്കരേ, താന്‍ ദേ ഈ ഒരു എണ്ണ കാച്ചി തലയില്‍ തേക്കുക. എനിക്കിതുപോലെ Tonsilitis വന്ന്‌ operation നിര്‍ദ്ദേശിക്കപ്പെട്ട്‌ ആശുപത്രിയില്‍ admit ആകുന്നതിനു മുമ്പ്‌ പള്ളിയില്‍ പ്രാര്‍ത്ഥിക്കുവന്‍ പോയി അവിടെ വച്ച്‌ അച്ചന്‍ പറഞ്ഞു അടുത്തുള്ള ഒരു സ്വാമിയെ കാണുവാനും അദ്ദേഹത്തിന്റെ ഉപദേശം കഴിഞ്ഞ്‌ ആശുപത്രിയില്‍ പോയാല്‍ മതിയെന്നും. അതനുസരിച്ച്‌ അദ്ദേഹത്തെ കണ്ടു അദ്ദേഹം എനിക്കു പറഞ്ഞു തന്ന യോഗമാണിത്‌. ഞങ്ങള്‍ തിരികെ വീട്ടില്‍ പോയി ആ എണ്ണ കാച്ചി തേച്ചു. ഞാന്‍ പിന്നീട്‌ operation ചെയ്തില്ല. അതുകൊണ്ട്‌ താനും ഇതൊന്ന്‌ പരീക്ഷിക്കുക. ശരിയായില്ലെങ്കില്‍ പിന്നീട്‌ ആലോചിച്ചാല്‍ മതി" എന്ന്‌.

ഞാന്‍ ആ യോഗം കാച്ചി, പറഞ്ഞതുപോലെ ഉപയോഗിച്ചു. ഇപ്പോഴും ഒരു ചെറുനെല്ലിക്ക വലിപ്പത്തില്‍ എന്റെ രണ്ടു Tonsiലുകളും നിലനില്‍ക്കുന്നു, പക്ഷെ ശല്ല്യക്കാരല്ല. സാധാരണ ഒരാരോഗ്യമുള്ള മനുഷ്യനുള്ളതിനപ്പുറം ബുദ്ധിമുട്ടുകള്‍ അവയെ കൊണ്ട്‌ എനിക്കില്ല.

പിന്നീട്‌ എന്റെ വൈദ്യവൃത്തിയിലും അനേകമനേകം ആളുകള്‍ക്ക്‌ കൊടുത്തിട്ടുണ്ട്‌. വളരെ പേര്‍ക്ക്‌ ഫലം കിട്ടി പലര്‍ക്കും കിട്ടിയില്ല. അതില്‍ കണ്ട ഒരു പ്രത്യേകത - ചെറുപ്രായത്തിലുള്ളവര്‍ക്ക്‌ വളരെ ഫലപ്രദമാകുന്നു, പ്രായം കൂടുംതോറും ഫലം കുറഞ്ഞു വരുന്നു. അങ്ങനെ ചികില്‍സ നിഷ്ഫലമായ, ഏകദേശം 35 വയസ്സുള്ള ഒരു സ്ത്രീയുടെ Tonsil operate ചെയ്ത്‌ കണ്ടത്‌ അതില്‍ Tonsilar tissue മുഴുവന്‍ നശിച്ചു പോയിരിക്കുന്നതാണ്‌. അതായത്‌ chronic Infection കൊണ്ട്‌ ടോണ്‍സില്‍ നശിച്ചു പോകുന്നതിനു മുമ്പാണെങ്കില്‍ ഇത്‌ ഫലപ്രദമായി എന്നായിരിക്കാം.

ഈ ഒരു സാധ്യതയെ Rheumatic Fever ഉമായി ബന്ധപ്പെടുത്തി, അതിന്റെ prophyllaxis, or treatment ല്‍ ഇതിനെന്തെങ്കിലും ചെയ്യുവാന്‍ സാധിക്കുമോ എന്നൊക്കെ പഠിക്കണം എന്നുണ്ടായിരുന്നു.
പക്ഷെ ദൈനംദിനജീവിതമാണ്‌ കൂടുതല്‍ പ്രധാനം, എന്നും നാം ദിവസവും നമ്മുടെ ജോലി ചെയ്തില്ലെങ്കില്‍ നമ്മുടെ കുടുംബം പട്ടിണിയാകും എന്നും മനസ്സിലായതുകൊണ്ട്‌ അതൊന്നും ചെയ്യുവാന്‍ സാധിച്ചില്ല.

ആ എണ്ണയുടെ യോഗം ഇപ്രകാരമാണ്‌. അതു കാച്ചി അരിക്കുമ്പോള്‍ അതിന്റെ പാകം വളരെ പ്രധാനമാണ്‌ എന്ന്‌ എടുത്തുപറയട്ടെ- പാകം തെറ്റിയാല്‍ ഫലമുണ്ടാകുകയില്ല എന്നു മാത്രമല്ല നീര്‍വീഴ്ച്ചയുണ്ടാകുകയും ചെയ്യും.

എണ്ണ തേച്ചാല്‍ ഗുണമില്ല എന്നു വിശ്വസിക്കുന്നവര്‍ കമന്റണമെന്നില്ല- കാരണം ഇത്‌ എന്റെ ഒരു അനുഭവം വെളിപ്പെടുത്തുന്നതുമാത്രമാന്‌. തര്‍ക്കത്തിനുള്ള കമന്റുകള്‍ക്ക്‌ മറുപടിയും ഉണ്ടാവില്ല. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ എന്നു മാത്രം അവരോട്‌.

ബാക്കി ഉള്ളവരോട്‌- ഇതൊരു ചികില്‍സാ നിര്‍ദ്ദേശം അല്ല. പണിക്കര്‍ പറഞ്ഞതുകൊണ്ട്‌ അങ്ങനെ ചെയ്തു ഇപ്പോള്‍ ഇങ്ങനെ ആയി എന്നൊന്നും പറയുവാന്‍ വേണ്ടി ഉപയോഗിക്കാനുള്ള ഉപദേശം അല്ല- കാലം കലികാലമല്ലെ ഉപഭോക്തൃസംസ്കാരം, കോടതി ഇവ ഉള്ളതുകൊണ്ട്‌ എഴുതിയതാണ്‌.


കൂവളത്തില , കയ്യോന്നി, വള്ളിയുഴിഞ്ഞ, അമൃത്‌, പച്ചനെല്ലിക്ക, വെറ്റിലക്കൊടി ഞാലി, കരിനൊച്ചിയില, ഇവ 2 പലം വീതം ഒരിടങ്ങഴി ഉണക്കലരിക്കാടിയില്‍ ഇടിച്ചുപിഴിഞ്ഞ്‌ നീരെടുത്ത്‌, ഒരിടങ്ങഴി എണ്ണയോ, വെളിച്ചെണ്ണയോ ചേര്‍ത്ത്‌,
ചന്ദനം രാമച്ചം, കൊട്ടം , ഇരട്ടിമധുരം, നെല്ലിക്കതോട്‌, ചെങ്ങഴുനീര്‍ക്കിഴങ്ങ്‌, മുത്തങ്ങക്കിഴങ്ങ്‌ , നറുനീണ്ടിക്കിഴങ്ങ്‌ ഇവ രണ്ടേകാല്‍ കഴഞ്ചു വീതം അരച്ചു കലക്കി, മുറുകിയ മെഴുക്‌ പാകത്തില്‍ കാച്ചി അരിക്കുക. പാത്രപാകം കര്‍പ്പൂരം 1/2 കഴഞ്ച്‌.

ഇതില്‍ നിന്നും പകുതി എണ്ണ മാറ്റി, അതില്‍ പതവറ്റിച്ച, സമം വേറെ എണ്ണ (യോ വെളിച്ചെണ്ണയോ ഏതാണുപയോഗിച്ചതെന്നു വച്ചാല്‍ അത്‌) ചേര്‍ത്ത്‌ നേര്‍പ്പിക്കുക.

ആദ്യത്തെ പകുതിയ്‌ല്നിന്നും 10ml വീതം കുളിക്കുന്നതിനു മുമ്പ്‌ തയില്‍ വച്ച്‌ 15-മിനിറ്റ്‌ മുതല്‍ 1/2 മണിക്കൂര്‍ വരെ നിന്ന ശേഷം കുളിക്കുക. ആദ്യത്തെ പകുതി തീര്‍ന്ന ശേഷം നേര്‍പ്പിച്ചതുപയോഗിക്കുക. ഇങ്ങനെ ആയിരുന്നു എനിക്കു കിട്ടിയ ഉപദേശം

ഇതു സാധാരണ ഗ്രന്ഥങ്ങളില്‍ കാണാത്ത യോഗമായതുകൊണ്ട്‌ വെറുതേ എഴുതി പോസ്റ്റ്‌ ചെയ്യുന്നു എന്നു മാത്രം. ആരെങ്കിലും താല്‍പര്യമുള്ളവരുണ്ടെങ്കില്‍ ഞാന്‍ നേരത്തെ എഴുതിയതുപോലെ Rheumatic Fever Prophyllaxis ലുള്ള സാധ്യതകളും വേണമെങ്കില്‍ പഠിക്കുവാന്‍ സാധിക്കും.

Monday, January 21, 2008

പുരോഗമനം

ഇത്തവണത്തെ വിസിറ്റില്‍ അവര്‍ക്കു പുരോഗമനം കണ്ടു. കണ്ടില്ലേ വീടിന്‌ നാല്‌ സ്തംഭങ്ങളും അതിശയകരമായ ഒരു മേലാപ്പും.പുതിയതായി വീട്ടിലെ ഗൃഹലക്ഷ്മിയേയും അവരുടെ അപ്പച്ചിയേയും കൂടി കാണുവാന്‍ സാധിച്ചു

'ധ്രുവ' ജാതിയില്‍ പെട്ട ഒരു ചെറുപ്പക്കാരനെ സ്നേഹിച്ച്‌ അവന്റെ കൂടെ ജീവിതം തുടങ്ങിയതിന്‌ "നിഷാദ്‌'ജാതിയില്‍ പെട്ട ഇവരേയും, ഇവരോടൊന്നിച്ചതിന്‌ അവനേയും സ്വന്തക്കാര്‍ പുറം തള്ളിയതാണ്‌ എന്ന്‌ ഇന്നറിഞ്ഞു -(അല്ലായിരുന്നെങ്കില്‍ ഇവര്‍ കൊട്ടാരത്തിലായിരുന്നേനേ താമസം!!!)


ഇവിടം കൂടി മറയ്ക്കണം









വീടു തൂത്തുവാരി

വീടു തൂത്തുവാരി








വൃത്തിയാക്കി

Friday, January 18, 2008

ഭാരതമെന്നു കേട്ടാല്‍

ഇത്‌ മനുഷ്യര്‍ താമസിക്കുന്ന ഒരു വീടാണെന്നു ഞാന്‍ പറഞ്ഞാല്‍ - വിശ്വസിക്കുവാന്‍ പ്രയാസം തോന്നും അല്ലേ?



കണ്ടില്ലേ അടുപ്പില്‍ കത്തികുവാന്‍ വിറക്‌ കൂട്ടി ഇട്ടിരിക്കുന്നത്‌?



അടുപ്പും കാണണ്ടേ

ഒരു വശത്തു കാണുന്ന ഭിത്തിയും പിന്നില്‍ കല്ലുകള്‍ അടുക്കി വച്ചിരിക്കുന്ന കല്ലുകളും ഇവര്‍ക്ക്‌ വീടാകുന്നുകല്ലില്‍ കടത്തി വച്ച ഒരു മുളയില്‍ തൂക്കി ഇട്ട തുണി ഒരു ഭിത്തിആനന്ദബ്ധിക്കിനിയെന്തുവേണം



ഇക്കാണുന്നത്‌ ചാക്കുകെട്ടൊന്നുമല്ല അവരുടെ പൊന്നോമനമകനാണ്‌.


ഈച്ചകള്‍ പൊതിഞ്ഞ ചാക്കിനാല്‍ പുതച്ചുറങ്ങുന്നു

ഇത്‌ അവന്റെ ചേച്ചിമാര്‍ അവരാണ്‌ കാവല്‍, അച്ഛനുമമ്മയും പണിക്കുപോയിരിക്കുന്നു.

ചേച്ചിമാര്‍ ഇടസമയത്തു നാസ്തകഴിക്കുന്നു - ആ പാത്രത്തിന്റെ വലിപ്പം കണ്ടില്ലേ? നാലോ അഞ്ചോ കടലയ്‌ആണ്‌ നാസ്ത





Thursday, January 17, 2008

കൊറ്റി അപകടത്തില്‍

ചിലതിനൊക്കെ ഓരോ അടിക്കുറിപ്പിട്ടു, എനിക്കു കലാബോധമില്ലാത്തതുകൊണ്ട്‌ ഇത്രയൊക്കെയേ സാധിക്കൂ ബാക്കിയൊക്കെ അവനവന്റെ യുക്തിക്കനുസരിച്ച്‌ അടിക്കുറിപ്പിട്ട്‌ ആസ്വദിക്കുമെന്നു വിശ്വസിക്കുന്നു



ഒരപകടം പറ്റി ചിറകൊടിഞ്ഞാല്‍ ആദ്യം എന്താണു ചെയ്യേണ്ടത്‌? ആശുപത്രിയില്‍പോകണം അതിനാദ്യം ആംബുലന്‍സില്‍ കയറണം.





ഡ്രൈവറില്ലെങ്കില്‍ വേണ്ടാ തന്നെ പോയേക്കാം, അതിന്‌ വണ്ടി കണ്ടീഷനാണൊ പോലും ഒന്നു ചെക്ക്‌ ചെയ്യണം.


കതക്‌ ശരിക്കടഞ്ഞിട്ടുണ്ടോ?


വയറിങ്ങൊക്കെ ശരിയാണോ?



ആക്സിലരേറ്ററും ബ്രേക്കും ശരിയാണൊ?


കയറിയാല്‍ മാത്രം പോരാ സ്റ്റ്രെച്ചറില്‍ കിടക്കണം




ഡ്രൈവര്‍ വന്നില്ലല്ലൊ എവിടെ പോയി?




അയ്യോ ഈ ഒടിഞ്ഞ ചിറകും കൊണ്ടെങ്ങനെ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യും?

Tuesday, November 20, 2007

റാവുത്‌ നാച്ചാ

റാവുത്‌ നാച്ചാ എന്ന നൃത്തരൂപം ഇവിടങ്ങളിലുള്ള യാദവ വംശജര്‍ നടത്തുന്നത്‌ കഴിഞ്ഞ കൊല്ലം പോസ്റ്റ്‌ ചെയ്തിരുന്നു. എന്നാല്‍ അന്ന്‌ ഇതിന്റെ ഐതിഹ്യം അറിയില്ലായിരുന്നു.
ഇന്നു അത്‌ കണ്ടപ്പോള്‍ അതുകൂടി ചോദിച്ചറിയുവാന്‍ സാധിച്ചു.

പണ്ട്‌ ശ്രീകൃഷ്ണന്‍, യാദവരോട്‌ ഗോവര്‍ദ്ധനപര്‍വതമാണ്‌ തങ്ങള്‍ക്ക്‌ ജീവനോപായം അതുകൊണ്ട്‌ അതിനെ പൂജിച്ചാല്‍ മതി , ദേവന്മാര്‍ക്ക്‌ പൂജ ഒന്നും ചെയ്യണ്ടാ എന്നു പറയുന്ന ഒരു കഥയുണ്ട്‌. അതില്‍ ദേവേന്ദ്രന്‍ കോപിച്ചു. മേഘങ്ങളോട്‌ മഴ പെയ്യിച്ച്‌ ആ ഭൂവിഭാഗം മുഴുവന്‍ നശിപ്പിക്കുവ്‌ആന്‍ അജ്ഞാപിച്ചു. എന്നാല്‍ ശ്രീകൃഷ്ണന്‍ തന്റെ ഒരു വിരല്‍ കൊണ്ട്‌ ഗോവര്‍ദ്ധനപര്‍വ്വ്വതത്തെ ഉയര്‍ത്തി കുടയായി പിടിച്ച്‌ അതിനടിയില്‍ സര്‍വചരാചരങ്ങളേയും രക്ഷപ്പെടുത്തി. ദേവേന്ദ്രന്‍ ചമ്മി. ഇക്കഥയില്‍ ശ്രീകൃഷ്ണനോടൊപ്പമുണ്ടായിരുന്ന യാദവരും അവരവര്‍ക്ക്‌ ആകുന്ന വിധത്തില്‍ വടികള്‍ കൊണ്ട്‌ ഗോവര്‍ദ്ധനത്തെ താങ്ങി നിര്‍ത്തുവാന്‍ സഹായിച്ചു- അണ്ണാന്‍ കുഞ്ഞിനും തന്നാലായത്‌

ഇതിന്റെ ഓര്‍മ്മക്കായി ആവിഭാഗം ആളുകള്‍ നടത്തുന്ന നൃത്തരൂപമാണ്‌ റാവുത്‌ നാച്ചാ. ഇത്‌ ദീപാവലി അവസരത്തില്‍ ഗോവര്‍ദ്ധനപൂജയോടൊപ്പം ഗ്രാമങ്ങളില്‍ നടത്തുന്നു
ഇതിന്റെ ഒരു
ചെറിയ video clip1 എന്റെ mobile ല്‍ എടുത്തത്‌-

ചെറിയ video clip2 എന്റെ mobile ല്‍ എടുത്തത്‌-


വളരെ നിലവാരമില്ലാത്തതാണ്‌- എന്നാലും അണ്ണാന്‍ കുഞ്ഞിനും തന്നാലായത്‌, കൂടി ഇവിടെ പോസ്റ്റുന്നു