Friday, February 01, 2008

ഇത്‌ എന്റെ ഒരു അനുഭവം

ആയുര്‍വേദം എന്ന ശാസ്ത്രം ഒരു ജീവിതരീതിയും സംസ്കാരവുമായി ആയിരുന്നിരിക്കണം പണ്ടുണ്ടായിരുന്ന അതിന്റെ ഉപജ്ഞാതാക്കള്‍ ഉദ്ദേശിച്ചിരുന്നത്‌.

പണ്ട്‌ വിദ്യാഭാസം എന്നു പറയുന്നതു തന്നെ ആയുര്‍വേദാഭ്യാസം വരെ ആയിരുന്നു എന്ന്‌ അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്‌. പിന്നീടല്ലെ ഇംഗ്ലീഷ്‌ രീതിയിലുള്ള വിദ്യാഭ്യാസം തുടങ്ങിയത്‌. അതോടു കൂടി പരമ്പരാഗതരീതിയിലുള്ള വിദ്യാഭ്യാസം അവസാനിക്കുകയും ആയുര്‍വേദ പോലെൂള്ള ശാസ്ത്രങ്ങള്‍ അധഃപതിക്കുവാന്‍ തുടങ്ങുകയും ചെയ്തു എന്നു പറയാം.

പരമ്പരാഗതരീതിയ്ക്ക്‌ ആയുവേദത്തില്‍ എത്ര പ്രാധാന്യം ഉണ്ട്‌ എന്നു പറഞ്ഞറിയിക്കുവാന്‍ സാധിക്കുകയില്ല. രോഗിയെ പരിശോധിക്കുന്നതും , മരുന്നുകള്‍ സപാദിക്കുന്നതുമുതല്‍ തയ്യാര്‍ ചെയ്യുന്നതു വരെയുള്ള എല്ലാ ക്രമങ്ങളും അച്ഛന്റെ അടുത്തു നിന്നും ചെറുപ്പം മുതല്‍ കണ്ടു പഠിക്കുന്ന മകനു കിട്ടുന്ന പരിശീലനം കോളേജ്‌ വിദ്യാഭ്യാസത്തില്‍ നിന്നും ലഭിക്കുകയില്ല- ഇതിന്‌ ഒരു മറുവശവും കൂടി ഉണ്ട്‌ കേട്ടൊ- ധാരാളം രോഗികളെ എല്ലാ ദിവസവും കാണുവാനുള്ള സൗകര്യം കോളേജില്‍ നിന്നും ലഭിക്കും. എന്നാല്‍ മരുന്നുണ്ടാക്കുന്നതിലുള്ള പരിജ്ഞാനം ആയുര്‍വേദത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌ -കാരണം ഓരോ രോഗിക്കും വേണ്ട രീതിയിലുള്ള മരുന്നുകള്‍ പ്രത്യേകം പ്രത്യേകം തയ്യാറാക്കുന്നതാണ്‌ അല്ലാതെ ഒരു രോഗം ഒരു മരുന്ന്‌ എന്ന രീതിയിലല്ല. ഇതുകൊണ്ടു തന്നെ ആണ്‌ പലപ്പോഹും ഫലപ്രാപ്തിയില്ല എന്ന കുറ്റം ആയുര്‍വേദത്തില്‍ ആരോപിക്കപ്പെടുന്നത്‌.

കാടു കയറാതെ ഞാന്‍ പറയുവാന്‍ ഉദ്ദേശിച്ച വിഷയത്തിലേക്കു വരാം. ഒറ്റമൂലി എന്നൊരു ബ്ലോഗ്‌ ശ്രീ സുമേഷ്‌ തുടങ്ങിയല്ലൊ. ഒറ്റമൂലി അല്ലെങ്കിലും എന്റെ അനുഭവത്തില്‍ ചിലര്‍ക്കെങ്കിലും ഉപകാരപ്പെടുമെന്നു തോന്നുന്ന ഒരു കാര്യം ഇവിടെ പറയട്ടെ.

ഞാന്‍ ആയുര്‍വേദം പഠിക്കുന്ന കാലം. ഇപ്പോള്‍ ഡോ സൂരജ്‌ ചിന്തിക്കുന്നതുപോലെയോ ഒരുപക്ഷേ അതിലധികമോ ആയ തീവ്രത പഠനവിഷയത്തില്‍ കൊണ്ടു നടക്കുന്ന കാലം. പലപ്പോഴും ആയുര്‍വേദത്തെയും പലപ്പോഴും ആധുനിക വൈദ്യത്തേയും പുകഴ്തുകയും ഇകഴ്തുകയും ചെയ്യേണ്ടി വരുന്ന അനുഭവങ്ങള്‍ കണ്ട കാലം.

ഞങ്ങള്‍ പഠിച്ചിരുന്ന കോളേജില്‍ ഒരു ധര്‍മ്മാശുപത്രി ഉണ്ട്‌ അതില്‍ ഒരു ആധുനിക വൈദ്യവിദഗ്ധനായ ഡോക്ടറും ഉണ്ട്‌.

ഇടയ്ക്കിടക്ക്‌ ആ ഡോക്ടറുടെ അടുത്തുനിന്നും ആധുനിക വൈദ്യത്തിലുള്ള ക്ലാസുകളും അനൗദ്യോഗികമായി ഞങ്ങള്‍ തരപ്പെടുത്താറുണ്ടായിരുന്നു. സമീപവാസികളായ ഗ്രാമീണര്‍ക്ക്‌ സൗജന്യമായ ചികിലസ നല്‍കുന്ന ഏകദേശം 50നടുത്ത്‌ ബെഡ്ഡുകളുള്ള ആശുപത്രിയായിരുന്നു അത്‌.

ഞങ്ങള്‍ക്കെന്തെങ്കിലും acute അസുഖങ്ങള്‍ ഉണ്ടായാല്‍ അദ്ദേഹത്തിനടുത്തു നിന്നും ചികില്‍സ എടുക്കുമായിരുന്നു. അല്ലാതെ ആയുര്‍വേദം വലുത്‌ ആധുനികം വലുത്‌ എന്ന രീതിയിലുള ഒരു തര്‍ക്കവും അവിടെ ഉണ്ടയിരുന്നില്ല.

ആയിടക്ക്‌ എന്നെ വല്ലാതെ അലട്ടിയിരുന്ന ഒരസുഖമായിരുന്നു Tonsillitis (ഞാന്‍ മുമ്പ്‌ ഒരു കമന്റില്‍ അതിനെ കുറിച്ചെഴുതാനുണ്ടയ കാരണവും മറ്റൊന്നല്ല)

വളരെയധികം പ്രാവശ്യം അതിന്‌ ഗുളികകളും ഇഞ്ജെക്ഷനും എല്ലാം എടുത്ത്‌ ഞാനും , എന്നെ ചികില്‍സിച്ച്‌ ചികില്‍സിച്ച്‌ ഡോക്ടരും പരവശരായി.

അങ്ങനെ ഒരു ദിവസം അദ്ദേഹം എനിക്ക്‌ tonsillectomy-operation വിധിച്ചു. ഞാന്‍ ഭയന്നു പോയി എന്നു പ്രത്യേകിച്ചുപറയേണ്ട ആവശ്യമില്ലല്ലൊ. കുത്തിവയ്പ്പെടുക്കുന്നഭാഗത്തേക്കു നോക്കുവാന്‍ പോലും ധൈര്യമില്ല അന്ന്‌ പിന്നല്ലേ Operation

ഹോസ്റ്റലില്‍ എത്തി എന്റെ അടുത്ത മുറിയില്‍ താമസിക്കുന്ന സുഹൃത്തിനോട്‌ വിവരം പറഞ്ഞു.

അദ്ദേഹം എന്നെ സമാധാനിപ്പിച്ചുകൊണ്ട്‌ പറഞ്ഞു- "പണിക്കരേ, താന്‍ ദേ ഈ ഒരു എണ്ണ കാച്ചി തലയില്‍ തേക്കുക. എനിക്കിതുപോലെ Tonsilitis വന്ന്‌ operation നിര്‍ദ്ദേശിക്കപ്പെട്ട്‌ ആശുപത്രിയില്‍ admit ആകുന്നതിനു മുമ്പ്‌ പള്ളിയില്‍ പ്രാര്‍ത്ഥിക്കുവന്‍ പോയി അവിടെ വച്ച്‌ അച്ചന്‍ പറഞ്ഞു അടുത്തുള്ള ഒരു സ്വാമിയെ കാണുവാനും അദ്ദേഹത്തിന്റെ ഉപദേശം കഴിഞ്ഞ്‌ ആശുപത്രിയില്‍ പോയാല്‍ മതിയെന്നും. അതനുസരിച്ച്‌ അദ്ദേഹത്തെ കണ്ടു അദ്ദേഹം എനിക്കു പറഞ്ഞു തന്ന യോഗമാണിത്‌. ഞങ്ങള്‍ തിരികെ വീട്ടില്‍ പോയി ആ എണ്ണ കാച്ചി തേച്ചു. ഞാന്‍ പിന്നീട്‌ operation ചെയ്തില്ല. അതുകൊണ്ട്‌ താനും ഇതൊന്ന്‌ പരീക്ഷിക്കുക. ശരിയായില്ലെങ്കില്‍ പിന്നീട്‌ ആലോചിച്ചാല്‍ മതി" എന്ന്‌.

ഞാന്‍ ആ യോഗം കാച്ചി, പറഞ്ഞതുപോലെ ഉപയോഗിച്ചു. ഇപ്പോഴും ഒരു ചെറുനെല്ലിക്ക വലിപ്പത്തില്‍ എന്റെ രണ്ടു Tonsiലുകളും നിലനില്‍ക്കുന്നു, പക്ഷെ ശല്ല്യക്കാരല്ല. സാധാരണ ഒരാരോഗ്യമുള്ള മനുഷ്യനുള്ളതിനപ്പുറം ബുദ്ധിമുട്ടുകള്‍ അവയെ കൊണ്ട്‌ എനിക്കില്ല.

പിന്നീട്‌ എന്റെ വൈദ്യവൃത്തിയിലും അനേകമനേകം ആളുകള്‍ക്ക്‌ കൊടുത്തിട്ടുണ്ട്‌. വളരെ പേര്‍ക്ക്‌ ഫലം കിട്ടി പലര്‍ക്കും കിട്ടിയില്ല. അതില്‍ കണ്ട ഒരു പ്രത്യേകത - ചെറുപ്രായത്തിലുള്ളവര്‍ക്ക്‌ വളരെ ഫലപ്രദമാകുന്നു, പ്രായം കൂടുംതോറും ഫലം കുറഞ്ഞു വരുന്നു. അങ്ങനെ ചികില്‍സ നിഷ്ഫലമായ, ഏകദേശം 35 വയസ്സുള്ള ഒരു സ്ത്രീയുടെ Tonsil operate ചെയ്ത്‌ കണ്ടത്‌ അതില്‍ Tonsilar tissue മുഴുവന്‍ നശിച്ചു പോയിരിക്കുന്നതാണ്‌. അതായത്‌ chronic Infection കൊണ്ട്‌ ടോണ്‍സില്‍ നശിച്ചു പോകുന്നതിനു മുമ്പാണെങ്കില്‍ ഇത്‌ ഫലപ്രദമായി എന്നായിരിക്കാം.

ഈ ഒരു സാധ്യതയെ Rheumatic Fever ഉമായി ബന്ധപ്പെടുത്തി, അതിന്റെ prophyllaxis, or treatment ല്‍ ഇതിനെന്തെങ്കിലും ചെയ്യുവാന്‍ സാധിക്കുമോ എന്നൊക്കെ പഠിക്കണം എന്നുണ്ടായിരുന്നു.
പക്ഷെ ദൈനംദിനജീവിതമാണ്‌ കൂടുതല്‍ പ്രധാനം, എന്നും നാം ദിവസവും നമ്മുടെ ജോലി ചെയ്തില്ലെങ്കില്‍ നമ്മുടെ കുടുംബം പട്ടിണിയാകും എന്നും മനസ്സിലായതുകൊണ്ട്‌ അതൊന്നും ചെയ്യുവാന്‍ സാധിച്ചില്ല.

ആ എണ്ണയുടെ യോഗം ഇപ്രകാരമാണ്‌. അതു കാച്ചി അരിക്കുമ്പോള്‍ അതിന്റെ പാകം വളരെ പ്രധാനമാണ്‌ എന്ന്‌ എടുത്തുപറയട്ടെ- പാകം തെറ്റിയാല്‍ ഫലമുണ്ടാകുകയില്ല എന്നു മാത്രമല്ല നീര്‍വീഴ്ച്ചയുണ്ടാകുകയും ചെയ്യും.

എണ്ണ തേച്ചാല്‍ ഗുണമില്ല എന്നു വിശ്വസിക്കുന്നവര്‍ കമന്റണമെന്നില്ല- കാരണം ഇത്‌ എന്റെ ഒരു അനുഭവം വെളിപ്പെടുത്തുന്നതുമാത്രമാന്‌. തര്‍ക്കത്തിനുള്ള കമന്റുകള്‍ക്ക്‌ മറുപടിയും ഉണ്ടാവില്ല. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ എന്നു മാത്രം അവരോട്‌.

ബാക്കി ഉള്ളവരോട്‌- ഇതൊരു ചികില്‍സാ നിര്‍ദ്ദേശം അല്ല. പണിക്കര്‍ പറഞ്ഞതുകൊണ്ട്‌ അങ്ങനെ ചെയ്തു ഇപ്പോള്‍ ഇങ്ങനെ ആയി എന്നൊന്നും പറയുവാന്‍ വേണ്ടി ഉപയോഗിക്കാനുള്ള ഉപദേശം അല്ല- കാലം കലികാലമല്ലെ ഉപഭോക്തൃസംസ്കാരം, കോടതി ഇവ ഉള്ളതുകൊണ്ട്‌ എഴുതിയതാണ്‌.


കൂവളത്തില , കയ്യോന്നി, വള്ളിയുഴിഞ്ഞ, അമൃത്‌, പച്ചനെല്ലിക്ക, വെറ്റിലക്കൊടി ഞാലി, കരിനൊച്ചിയില, ഇവ 2 പലം വീതം ഒരിടങ്ങഴി ഉണക്കലരിക്കാടിയില്‍ ഇടിച്ചുപിഴിഞ്ഞ്‌ നീരെടുത്ത്‌, ഒരിടങ്ങഴി എണ്ണയോ, വെളിച്ചെണ്ണയോ ചേര്‍ത്ത്‌,
ചന്ദനം രാമച്ചം, കൊട്ടം , ഇരട്ടിമധുരം, നെല്ലിക്കതോട്‌, ചെങ്ങഴുനീര്‍ക്കിഴങ്ങ്‌, മുത്തങ്ങക്കിഴങ്ങ്‌ , നറുനീണ്ടിക്കിഴങ്ങ്‌ ഇവ രണ്ടേകാല്‍ കഴഞ്ചു വീതം അരച്ചു കലക്കി, മുറുകിയ മെഴുക്‌ പാകത്തില്‍ കാച്ചി അരിക്കുക. പാത്രപാകം കര്‍പ്പൂരം 1/2 കഴഞ്ച്‌.

ഇതില്‍ നിന്നും പകുതി എണ്ണ മാറ്റി, അതില്‍ പതവറ്റിച്ച, സമം വേറെ എണ്ണ (യോ വെളിച്ചെണ്ണയോ ഏതാണുപയോഗിച്ചതെന്നു വച്ചാല്‍ അത്‌) ചേര്‍ത്ത്‌ നേര്‍പ്പിക്കുക.

ആദ്യത്തെ പകുതിയ്‌ല്നിന്നും 10ml വീതം കുളിക്കുന്നതിനു മുമ്പ്‌ തയില്‍ വച്ച്‌ 15-മിനിറ്റ്‌ മുതല്‍ 1/2 മണിക്കൂര്‍ വരെ നിന്ന ശേഷം കുളിക്കുക. ആദ്യത്തെ പകുതി തീര്‍ന്ന ശേഷം നേര്‍പ്പിച്ചതുപയോഗിക്കുക. ഇങ്ങനെ ആയിരുന്നു എനിക്കു കിട്ടിയ ഉപദേശം

ഇതു സാധാരണ ഗ്രന്ഥങ്ങളില്‍ കാണാത്ത യോഗമായതുകൊണ്ട്‌ വെറുതേ എഴുതി പോസ്റ്റ്‌ ചെയ്യുന്നു എന്നു മാത്രം. ആരെങ്കിലും താല്‍പര്യമുള്ളവരുണ്ടെങ്കില്‍ ഞാന്‍ നേരത്തെ എഴുതിയതുപോലെ Rheumatic Fever Prophyllaxis ലുള്ള സാധ്യതകളും വേണമെങ്കില്‍ പഠിക്കുവാന്‍ സാധിക്കും.

23 comments:

 1. സംഗതി കൊള്ളാം.പക്ഷെ എന്നോട് പരീക്ഷിക്കാന്‍ പറയരുത്.കാരണം ഇങ്ങ് അമേരിക്കയില്‍ ഇതൊന്നും ലഭ്യമല്ലെന്ന് അറിയാമല്ലോ?:)

  ReplyDelete
 2. പ്രിയ അനൂപ്‌ ,
  ആദ്യം എനിക്ക്‌ എണ്ണയുടെ യോഗം പറഞ്ഞു തന്ന സുഹൃത്തും തിരുവല്ലക്കാരന്‍ തന്നെ ആയിരുന്നു. അദ്ദേഹം ഇപ്പോള്‍ ആയുര്‍വേദകോളേജില്‍ പ്രൊഫസറാണ്‌

  അനംഗാരിജീ പരീക്ഷിക്കാന്‍ നില്‍ക്കണ്ട

  ReplyDelete
 3. പ്രിയ പണിക്കര്‍ സര്‍,

  വളരെ ഡീറ്റെയില്‍ഡ് ആയിത്തന്നെ ആ യോഗം നല്‍കിയതിനു നന്ദി.

  ഇതിന്റെ ആക്ടീവ് പ്രിന്‍സിപ്പള്‍, റൂമാറ്റിക് ഫീവറിലെ ഇഫക്റ്റ് എന്നിവ പഠിക്കാന്‍ അതു ഉപകാരപ്രദമാകും.

  സ്ട്രെപ്റ്റോകോക്കസിനു മേല്‍ ഏതെങ്കിലും തരത്തില്‍ inhibitory effect ഉളവാക്കാനോ, അതുമല്ലെങ്കില്‍ അതിന്റെ M-protein mimicry-ക്ക് എതിരേ എന്തെങ്കിലും ഫലം ഉണ്ടാക്കാനോ, അതുമല്ലെങ്കില്‍ ASO titer അടക്കമുള്ള എന്തെങ്കിലും ഇമ്മ്യൂണോ മാര്‍ക്കറുകളില്‍ മാറ്റങ്ങള്‍ വരുത്താനോ ഈ യോഗത്തിലെ contents-ന് പറ്റുമോ എന്നതാണ് ആദ്യം അന്വേഷിക്കപ്പെടേണ്ടതെന്നു (എന്റെ പരിമിതമായ അറിവ് വച്ച്) തോന്നുന്നു.

  അതിന് കുട്ടികളിലെ ടോണ്‍സിലെറ്റിസ് മാത്രമായി ഒരു സാമ്പിള്‍ പോപ്പുലേഷന്‍ എടുക്കുന്നത് ഒരു പാട് confounders-ന് വഴി വയ്ക്കും. കാരണം Recurrent Tonsillitis 85-90% വും ഒരു പ്രായം കഴിയുമ്പോള്‍ സ്വയമേവ മാറുന്നതായിട്ടാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്.ഈ അറിവിന്റെ വെളിച്ചത്തില്‍ ഇപ്പോള്‍ Tonsillectomy നിര്‍ദ്ദേശിക്കപ്പെടുന്നത് വളരെയധികം കുറഞ്ഞിട്ടുണ്ട്. (കച്ചവട താല്പര്യങ്ങള്‍ ഉള്ളവരുടെ കാര്യം വേറേ :)

  ആന്റീ ബയോട്ടിക് റെസിസ്റ്റന്‍സ് വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഇമ്മ്യൂണോ മോഡുലേറ്ററി ഇഫക്റ്റുകള്‍ ഇത്തരം മരുന്നുകൂട്ടുകള്‍ക്ക് ഉണ്ടെങ്കില്‍ അതു പരീക്ഷിച്ച് ജനോപകാരപ്രദമാക്കേണ്ടതുണ്ട് തീര്‍ച്ചയായും.

  (ഉപരിപഠനത്തിനൊപ്പെം ഗവേഷണം സാധ്യമാ‍ക്കാനായാല്‍ തീര്‍ച്ചയായും ഗവേഷിക്കണം എന്ന് ആഗ്രഹിക്കുന്ന ഇതുപോലുള്ള ഒട്ടനവധി യോഗങ്ങള്‍ ഉണ്ട്. എന്നെങ്കിലും സാധിക്കുമെന്ന് കരുതുന്നു.)

  ഈ വിവരങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി.

  ReplyDelete
 4. ഞാന്‍ കുട്ടനാട്ടൂകാരനാണ്. അവിടെ പുലയസമുദായത്തില്‍ പെട്ടവരുടെ പരമ്പരാഗത തൊഴില്‍ കട്ടകുത്തുകയാണ്. പമ്പയാറ്റില്‍ നിന്നും കട്ട(ചേറ്) ചേടി(വാരി) കരയിലെത്തിയ്ക്കുക. ഈ പദങ്ങളൊക്കെ നിങ്ങള്‍ക്ക് പരിചിതമാണോ എന്നറിയില്ല. വെള്ളത്തില്‍ മുങ്ങിവേണം ചേടാന്‍. ഇതുമൂലം ഒരു യുവാവിന് ദിവസവും തലവേദനയും പനിയും. പലദിവസവും പണിയ്ക്കു പോകാന്‍ കഴിയാതെ വന്നു. എന്റെ അമ്മയാണ് ഉപദേശിച്ചത് കാച്ചിയ എണ തലയില്‍ തേയ്ക്കാന്‍. കാച്ചുക എന്നാല്‍ തുളസിയില,പൂവാംകുറുന്നല്‍ ഇവയിക്കെയിട്ട് വെളിച്ചെണ്ണ ചൂടാക്കുന്ന പരിപാടിയാണ്.
  അമ്മയ്ക്ക് ആരോ പറഞ്ഞുകൊടുത്തതാണ്. ഇതിന്റെ ശാസ്ത്രീയാടിത്തറ ചോദിച്ചാല്‍ പ്രീഡിഗ്രീകാരിയായ എന്റെ അമ്മയ്ക്കോ എട്ടാം വരെ മാത്രം പഠിച്ച പുലയയുവാവിനോ ഡിഗ്രിക്കാരധികമില്ലാത്ത ഞങ്ങളുടെ നാട്ടൂകാര്‍ക്കോ എന്തുപറയാന്‍ കഴിയും. പക്ഷേ സംഗതി ഫലപ്രദമായിരുന്നു.

  പണ്ടുമുതലേ വീട്ടില്‍ തലയില്‍ തേയ്ക്കാ‍ന്‍ കാച്ചിയ എണ്ണയാണ് ഉപയോഗിക്കാറ്. അതെന്തുകൊണ്ടാണെന്നോ പച്ചവെളിച്ചെണ്ണ ഉപയോഗിച്ചാല്‍ എന്തു പറ്റുമെന്നോ എനിയ്ക്കറിയില്ല.(എന്നാലും ഇപ്പോള്‍ വല്ലപ്പോഴും തേയ്ക്കുന്നത്റ്റ് പച്ചവെളിച്ചെണ്ണ തന്നെയാണ്, കുഴപ്പമൊന്നുമില്ല ഇതുവരെ.)

  ReplyDelete
 5. ഉപകാരപ്രദമായ ലേഖനം.

  "അച്ഛന്റെ അടുത്തു നിന്നും ചെറുപ്പം മുതല്‍ കണ്ടു പഠിക്കുന്ന മകനു കിട്ടുന്ന പരിശീലനം........"

  ഗുരുകുലരീതിയ്ക്കു ശേഷം ഇത്തരം വിദ്യാഭ്യാസരീതി കൂടിവന്നതിനാലാവണം വിലപ്പെട്ട പല അറിവുകളും ഇന്നത്തെ തലമുറ്യ്ക്കന്യമായിപ്പോയത്.

  ReplyDelete
 6. രണ്ടു നാലു ദിനം കൊണ്ടൊരു ഡോക്റ്ററെ
  വൈദ്യനാക്കി മാറ്റുന്നതും ഭവാന്‍*

  *ഭവാന്‍ - പണിക്കര്‍

  ശിവ ശിവ !!

  ReplyDelete
 7. സൂരജിനെയും മാഷ് വൈദ്യനാക്കിയല്ലോ .. ശിവ ..ശിവ ... ബഹു കേമം !

  ReplyDelete
 8. ന്റെ ഹാവൂവേ,
  ന്റെ നമ്പൂര്യേ,

  പണിക്കര്‍ സര്‍ പറഞ്ഞ ഈ യോഗത്തിനു ക്ലിനിക്കല്‍ ഫീസിബിലിറ്റി ഉണ്ടോയെന്നു പരീക്ഷിക്കാനുള്ള ഒന്നു രണ്ട് പോയിന്റുകള്‍ ഞാന്‍ ഉറക്കെ ചിന്തിച്ചൂന്നേള്ളൂ... അതു വെരിഫൈ ചെയ്യാതെ ഒറ്റ മരുന്നും ട്രയലിനു പോലും ഒര് ലാബും എടുക്കില്യ..!പരീക്ഷിച്ചു നോക്കാതെ 'വൈദ്യനാ'വുന്ന പ്രശ്നല്യാട്ടോ !
  beta-error, alpha-error, ഒന്നും മറന്നുള്ള ഒരു പരിപാടീം ഇല്യ താനും!
  ;)

  ReplyDelete
 9. സുകുമാരേട്ടന്റെ "ആയുര്‍വ്വേദവും ഹോമിയോപ്പതിയും വെറും ചികിത്സാഭാസം" എന്ന പോസ്റ്റിലെ സുകുമാരേട്ടന്റെ തെന്നെ ഒരു കമന്റിന്‌ എന്റെ ഒരു അനുഭവം എഴുതിയിരുന്നു. സുകുമാരേട്ടന്‍ ആ ചര്‍ച്ച നിര്‍ത്തിവെച്ചിരുന്നതുകൊണ്ട്‌ എന്റെ ആ കമന്റ്‌ അവിടെ വന്നില്ല. ഇവിടെ ആ അനുഭവം കൂടി ചേര്‍ത്തു വായിക്കാവുന്നതായതുകൊണ്ട്‌ ഇവിടെയ്ക്കും കോപ്പി ചെയ്യുന്നു.

  25-ാ‍ം തിയ്യതി സുകുമാരേട്ടന്‍ എഴുതിയ കമന്റിലെ ഒരു ഭാഗമാണിത്‌.
  1) ആയുര്‍വേദത്തിലെ മരുന്നുകളില്‍ പ്രധാനപ്പെട്ട ഒരിനമാണ് തൈലം , എണ്ണ , കുഴമ്പുകള്‍ . ഇവ ശരീരത്തിന് പുറത്ത് പല രീതിയില്‍ പ്രയോഗിക്കുന്നു . എന്നാല്‍ നമ്മുടെ ചര്‍മ്മത്തില്‍ പുരട്ടുന്ന ഒന്നും ശരീരത്തിനകത്ത് കടക്കുകയില്ല അഥവാ കടന്നുകൂട . ദേഹത്തിലോ തലയിലോ പുരട്ടുന്ന തൈലവും എണ്ണയും അവിടെ ചര്‍മത്തില്‍ കിടക്കും . കുളിക്കുമ്പോള്‍ വെള്ളത്തോടൊപ്പം പോകും . ചര്‍മ്മത്തില്‍ കിടക്കുന്ന ആ തൈലവും എണ്ണയും ശരീരത്തില്‍ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല .

  മുകളില്‍ പറഞ്ഞ കാര്യത്തിനോട്‌ യോചിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. ചില അനുഭവങ്ങള്‍ ഉണ്ട്‌. 1983 മുതല്‍ തലവേദനയും സൈനുസൈറ്റിസില്‍ കഫം കെട്ടിയുണ്ടാവുന്ന വേദനയും കൂടുമ്പോള്‍ ഞാന്‍ നസ്സ്യം ചെയ്യാറുണ്ട്‌. 101 ആവര്‍ത്തിച്ച ക്ഷീരബലമോ അണുതൈലമോ ആണ്‌ ഉപയോഗിക്കാറുള്ളത്‌. ഇത്രയും ഗുണം ഒരു മോഡേണ്‍ മെഡിസിനും ഉപയോഗിച്ചിട്ട്‌ എനിക്കു ലഭിച്ചിട്ടില്ല. ശരീരത്തില്‍ എവിടെയെങ്കിലും തട്ടോ ചതവോ ഉണ്ടായാല്‍ ഏതെങ്കിലും ഞരമ്പുകള്‍ക്ക്‌ ക്ഷതം തോന്നുന്നുണ്ടെങ്കില്‍ ക്ഷീരബലത്തെപ്പോലെ ഗുണം ചെയ്യുന്ന ഒരു ക്രീമും മോഡേണ്‍ മെഡിസിനില്‍ ഇല്ല. അതേ സമയം മസ്സില്‍ വേദനക്ക്‌ ഇത്തരം ക്രീമുകള്‍ ഗുണം ചെയ്യുന്നുണ്ട്‌.

  എന്റെ സഹോദരന്‌ കാലിലെ വേദനക്ക്‌ പലതരം മരുന്നുകള്‍ (മോഡേണ്‍ മെഡിസിന്‍) ചെയ്തിട്ടും ഫലമില്ലാതെ, ഒരു വൈദ്യന്റെ നിര്‍ദ്ദേശപ്രകാരം ഉപയോഗിക്കുന്ന "നാരായണതൈലം" കൊണ്ട്‌ വളരെ ആശ്വാസം ഉണ്ട്‌.
  ഒരു പഴ്യ വിശേഷം കൂടി പറയാം. "ഇളവൂര്‍ തൂക്കം" എന്ന് കേട്ടിരിക്കുമല്ലോ. ദുരാചാരമെന്നു പറഞ്ഞ്‌ അത്‌ ഇപ്പോള്‍ അവിടെ നടക്കുന്നില്ല. കൊളുത്തില്‍ തൂങ്ങാനുള്ള അളുകള്‍ക്ക്‌ 41 ദിവസത്തെ വൃതവും ഒരു പ്രത്യേകതരം തൈലം തേച്ചുള്ള തിരുമ്മലും ഉണ്ട്‌. ഈ ദിവസത്തിനിടക്കുള്ള തിരുമ്മല്‍ കൊണ്ട്‌ ശരീരത്തിലെ (കൊളുത്തുന്ന സ്ഥലത്തെ) ചര്‍മ്മം മാംസത്തില്‍നിന്നും വേര്‍പ്പെട്ടു നില്‌ക്കും. (കണ്ടാമൃഗത്തിന്റെ തോലു പോലെ) ആ വേര്‍പ്പെട്ടു നില്‌ക്കുന്ന ചര്‍മ്മത്തിലാണ്‌ തൂക്കത്തിനുള്ള കൊളുത്ത്‌ കോര്‍ക്കുന്നത്‌.

  ReplyDelete
 10. കുറച്ചു ദിവസം മറ്റു തിരക്കുകളാല്‍ ഇതൊന്നും കാണുവാന്‍ സാധിച്ചില്ല.
  പ്രിയ സൂരജ്‌,
  ഞങ്ങള്‍ക്കു കഴിയാഞ്ഞത്‌ നിങ്ങള്‍ക്കു കഴിയട്ടെ എന്നാശംസിക്കുന്നു. rheumatic fever and complications ഈ ഒരു രീതിയില്‍ തളക്കപ്പെടുവാന്‍ സാധിക്കുമെങ്കില്‍ അതൊരു നേട്ടം തന്നെ ആയിരിക്കും.

  ReplyDelete
 11. ഹാവൂ- നമ്പൂരീ വൈദ്യന്‍ എന്നാല്‍ അറിവുള്ളവന്‍ എന്നേ അര്‍ത്ഥമുള്ളു കേട്ടോ. സൂരജ്‌ മുമ്പേ തന്നേ അറിവുള്ളവനാണ്‌
  അറിവ്‌ ജനത്തിന്‌ ഉപകാരപ്രദമാണെങ്കില്‍ അത്‌ ഏതു തരം ആണെങ്കിലും അംഗീകരിക്കണം, ഉപകാരപ്രദമല്ലെങ്കില്‍ അത്‌ ഏതു തരമാണെങ്കിലും തള്ളിക്കളയണം ഇത്രയേ ഞാന്‍ പറയുന്നുള്ളു.

  ReplyDelete
 12. പ്രിയ താരാപഥം, ഒരാള്‍ പറഞ്ഞതു കൊണ്ടു മാത്രം സത്യം സത്യമല്ലാതെ ആകുന്നില്ല.
  ശങ്കരാചാര്യര്‍ പണ്ടു പറഞ്ഞ ഒരു വാചകം ശ്രദ്ധിച്ചിരിക്കും -അഗ്നി തണുപ്പാണെന്ന്‌ ആയിരം വേദങ്ങള്‍ പറഞ്ഞാലും - ആവേദങ്ങള്‍ തെറ്റാണെന്നെ അതിനര്‍ത്ഥമുള്ളു - എന്നര്‍ത്ഥം വരുന്ന വാക്കുകള്‍

  ReplyDelete
 13. പ്രിയ ജോജു,
  മരുന്നിട്ടു കാച്ചിയ എണ്ണ ആവശ്യമുള്ളവരില്‍ ഫലപ്രദമാകുന്നു. സാധാരണ ആരോഗ്യവാന്മാരായ ആള്‍ക്കാര്‍ക്ക്‌ കാച്ചിയ എണ്ണ വേണമെന്നില്ല.

  ReplyDelete
 14. പ്രിയ പണിക്കര്‍ സാറേ,

  വളരെ ഉപകാരപ്രദമായ പോസ്റ്റ്. ദയവായി ഒരു പലം, ഒരു കഴഞ്ച് എന്നിവ എത്ര ഗ്രാമായിരിക്കും എന്നു ദയവായി വിശദികരിക്കാമോ?

  സസ്നേഹം
  ആവനാഴി

  ReplyDelete
 15. പ്രിയ ആവനാഴി ജീ,
  1 പലം എന്നത്‌ 60 ഗ്രാം, 1 കഴഞ്ച്‌ 5 ഗ്രാം എന്ന കണക്കാണുപയോഗിക്കുന്നത്‌

  ReplyDelete
 16. പ്രിയ പണിക്കര്‍ സാറെ,

  അവിളംബമായ മറുപടിക്കു നന്ദി. ഒരു സംശയം കൂടി ഉണ്ട്. പറഞ്ഞു തരുമോ? അതായത് യോഗത്തില്‍ വെറ്റിലക്കൊടി ഞാലി എന്നു കാണുന്നു. ഒറ്റ വാക്കാണോ അതു. വെറ്റിലക്കൊടിയുടെ തണ്ടാണോ ഇലയാണൊ എന്താണു അതുകൊണ്ടുദ്ദേശിക്കുന്നത്? മറുപടി പ്രതീക്ഷിച്ചുകൊണ്ട്,

  സസ്നേഹം
  ആവനാഴി.

  ReplyDelete
 17. പ്രിയ പണിക്കര്‍ സാറെ,

  അവിളംബമായ മറുപടിക്കു നന്ദി. ഒരു സംശയം കൂടി ഉണ്ട്. പറഞ്ഞു തരുമോ? അതായത് യോഗത്തില്‍ വെറ്റിലക്കൊടി ഞാലി എന്നു കാണുന്നു. ഒറ്റ വാക്കാണോ അതു. വെറ്റിലക്കൊടിയുടെ തണ്ടാണോ ഇലയാണൊ എന്താണു അതുകൊണ്ടുദ്ദേശിക്കുന്നത്? മറുപടി പ്രതീക്ഷിച്ചുകൊണ്ട്,

  സസ്നേഹം
  ആവനാഴി.

  ReplyDelete
 18. പ്രിയ ആവനാഴിജീ,
  വെറ്റിലക്കൊടിയുടെ തണ്ടിന്റെ അഗ്രഭാഗം തന്നെ ആണുദ്ദേശിക്കുന്നത്‌, ഒന്നോ രണ്ടോ മുഴം നീളത്തില്‍

  ReplyDelete
 19. പ്രിയ കാവലാന്‍ ജീ, ഗുരുകുലസമ്പ്രായത്തില്‍ നിനും പാരമ്പര്യത്തിലേക്കുള്ള മാറ്റം താങ്കള്‍ പറഞ്ഞതു പോലെ ഒരു ദൂഷ്യഫലമുണ്ടാക്കി എന്നതു നേരു തന്നെ. പക്ഷെ അത്‌ സാമൂഹികനീതി മാറിയതിന്റെ അനിഷേധ്യമായ പാര്‍ശ്വഫലം തന്നെ അല്ലേ ഇനി ഒരു തിരിച്ചുപോക്കു സാധ്യമാണോ അതോ നാം എന്നെന്നേക്കും ഇതേപോലെ ക്ലാര്‍ക്കുമാരെ ഉണ്ടാക്കുന്ന അദ്ധ്യാപനസമ്പ്രദായം തന്നെ കെട്ടിപ്പിടിച്ചുകൊണ്ടിരിക്കുമോ?

  ReplyDelete
 20. ശിവകുമാര്‍ ‍ജി

  മൂര്‍ത്തി ‍ജി

  നന്ദി

  ReplyDelete