Tuesday, June 23, 2009

ദേ വെളുത്തു ചുണ്ണാമ്പു കലക്കിയപോലെ-repost

ദേ വെളുത്തു ചുണ്ണാമ്പു കലക്കിയപോലെ.
ഇടിവാളിണ്റ്റെ കഥ മനസ്സിനെ കുറെ പിന്നിലേക്കു കൊണ്ടുപോയി. അതുകൊണ്ട്‌ പഠിച്ചിരുന്ന കാലത്തെ ഒരു സംഭവം ഓര്‍മ്മയില്‍ വരുന്നു. പ്രേമമല്ല കേട്ടോ. പക്ഷെ ഒരു സാധു ലാബ്‌ അറ്റെന്‍ഡണ്റ്റ്നെ പറ്റി ഇപ്പോഴെങ്കിലും പറയാതിരിക്കുന്നത്‌ ദൈവത്തിനു നിരക്കുകയില്ല എന്നു തോന്നുന്നതുകൊണ്ട്‌ അതിവിടെ കുറിക്കട്ടെ.

ഫാര്‍മക്കോളജി പ്രാക്റ്റിക്കല്‍ പരീക്ഷയുടെ ദിവസം. എല്ലാവരും ലാബില്‍ ഹാജരായി. ഉണ്ടാക്കേണ്ട വസ്തുവിണ്റ്റെ വിവരമടങ്ങുന്ന കടലാസ്‌ കിട്ടി. ആഹാ സന്തോഷം. നന്നായറിയാം. ചെയ്യേണ്ട ക്രമമെല്ലാം എഴുതി സബ്മിറ്റ്‌ ചെയ്തു. റിയേജണ്റ്റ്‌ പൊതികള്‍ കയ്യിലെത്തി. നന്നായറിയാവുന്നതുകൊണ്ട്‌ പെട്ടെന്നു ചെയ്തു തീര്‍ക്കാമെന്നുള്ള സന്തോഷത്താല്‍ വേഗം വേഗം പണി തുടങ്ങി. മിക്സ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ ഏകദേശം നല്ല ഡൈല്യൂട്ടായ ഓറഞ്ചു നീരിണ്റ്റെ നിറം വേണ്ട സാധനം ദേ വെളുത്തു ചുണ്ണാമ്പു കലക്കിയപോലെ.

ഞാന്‍ വിഷമിച്ചു പോയി. ഇതെന്താണു പറ്റിയത്‌? നേറെ മുമ്പില്‍ റാക്കിലേക്കു നോക്കി. ഉപയോഗിച്ച കെമിക്കത്സ്‌ ഒക്കെ ശരിയല്ലേ?--ദൈവമേ സോഡിയം സാലിസിലേറ്റ് ഉപയോഗിക്കേണ്ടയിടത്തിരിക്കുന്ന കുപ്പി കാത്സിയം കര്‍ബണേറ്റിണ്റ്റെത്‌. ഇനി എന്താ രക്ഷ . പരീക്ഷ ഒന്നു കൂടി എഴുതേണ്ടി വരുമല്ലൊ, എന്നു വിഷമിച്ചു നിന്നപ്പോള്‍ കേള്‍ക്കാം, അടുത്ത ടേബിളിലെ റാക്കില്‍ കെമിക്കത്സില്ല അതുകൊണ്ട്‌ എണ്റ്റെ റാക്കില്‍ നിന്നും കൊടുക്കാന്‍. ഞാന്‍ ചിലപ്ളാനുകളൊക്കെ കണക്കു കൂട്ടി. എണ്റ്റെ റാക്കില്‍ നിന്നും ശരിയായ കെമിക്കത്സെല്ലാം കൊടുത്തു. അറ്റെന്‍ഡര്‍ അതെല്ലാം എടുത്ത്‌ അവിടെ എത്തിക്കുകയും ചെയ്തു.

വീണ്ടും ഞാന്‍ അതു പലപ്രാവശ്യം ഇളക്കിയും കുലുക്കിയും ഒക്കെ നിറം ശരിയാക്കാന്‍ ശ്രമിച്ചു കോണ്ടിരുന്നു. എവിടെ ശരിയാവാന്‍ തനി ചുണ്ണാമ്പല്ലെ അകത്തു കിടക്കുന്നത്‌. കുപ്പിയുടെ ലേബല്‍ നോക്കാതെ ഉപയോഗിച്ചതിന്‌ എന്നെ തന്നെ പഴിച്ചു കൊണ്ട്‌ ഞാന്‍ എക്സാമിനര്‍ വരുന്നതും പ്രതീക്ഷിച്ചു നില്‍പാണ്‌. അപ്പോഴാണു കണ്ടത്‌ എനിക്കു കിട്ടിയ മോര്‍ട്ടാറിണ്റ്റെ അടിയില്‍ നീളത്തില്‍ ഒരു പൊട്ടലുണ്ട്‌ ഒരു വെഡ്ജു പോലെ വിടവും- ഞാന്‍ തീരുമാനിച്ചു രക്ഷപെടണമെങ്കില്‍ ഈ ഒരു വഴിയേ ഉള്ളു ഒരു കള്ളം പറയുക.

അങ്ങനെ പരീക്ഷകരെത്തി.

"ഇതെന്താഡോ താന്‍ ചുണ്ണാമ്പു കലക്കി വച്ചിരിക്കുന്നത്‌?"

ഞാന്‍ മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും നോക്കി, അല്ലാതെന്തു ചെയ്യാന്‍. അടുത്ത ചോദ്യം "------‌ മിക്സ്ചര്‍ ഇങ്ങനെയാണോ ഇരിക്കുന്നത്‌?"
ഞാന്‍ "അല്ല"
പരീക്ഷകന്‍ " തണ്റ്റെ procedure എവിടെ കാണട്ടെ"
അതു കാണിച്ചു.
പരീക്ഷകന്‍ " ഉപയോഗിച്ച കെമിക്കത്സെല്ലാം എടുക്കൂ"

അതു അടുത്ത ടേബിളില്‍ കൊടുത്ത കാര്യം അറ്റെന്‍ഡര്‍ സാക്ഷ്യപ്പെടുത്തി. "അയാളുടെ പ്രിപ്പറേഷന്‍ കാണട്ടെ"

ആഹാ അതിനെന്തു കുഴപ്പം എല്ലാം ശരിയല്ലേ അവിടെ.

പരീക്ഷകന്‍ പിന്നെയും എണ്റ്റെ നേരെ തിരിഞ്ഞു. "പിന്നെ തണ്റ്റെ പ്രിപ്പറേഷനെങ്ങിനേ പിഴച്ചു. "
അപ്പോള്‍ നമ്മുടെ പ്രൊഫസറുടെ വക ഒരു നല്ല കമണ്റ്റും-" പഠിപ്പിക്കുന്ന നേരത്ത്‌ വല്ലയിടത്തും വായില്‍ നോക്കിയിരിക്കും എന്നിട്ടു വന്നു വല്ല ചുണ്ണാമ്പും ഒക്കെ കലക്കി--"

ഇത്രയുമായപ്പോഴേക്കും എനിക്കു മനസ്സിലായി ഇനി രക്ഷയില്ല എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കില്‍ പോക്ക്‌. സകല ദൈവങ്ങളേയും മനസ്സില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട്‌ ഞാന്‍ ആദ്യം മനസ്സിലുദ്ദേശിച്ചകാര്യം അങ്ങു വിളമ്പി-

" Sir എനിക്കു കിട്ടിയ ഈ മോര്‍ട്ടാറിണ്റ്റെ അടിയില്‍ ഒരു പൊട്ടലുണ്ട്‌. ഇനി ഒരു പക്ഷെ അതില്‍ മുമ്പുണ്ടായിരുന്ന എന്തെങ്കിലും കെമിക്കത്സുണ്ടായിരുന്നായിരിക്കും, അതുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിച്ചത്‌ "

പ്രൊഫസ്സര്‍ അറ്റെന്‍ഡറെ ഒരു നോട്ടം-
അറ്റെന്‍ഡര്‍ വിറച്ചു വിയര്‍ത്തു കൊണ്ട്‌ പെട്ടെന്നു പറഞ്ഞു -- " സാര്‍ ഞാനതെല്ലാം നല്ല പോലെ കഴുകിയതാണ്‌"

ഇതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ഒരു നാലു ഡോസ്‌ ഫയറിംഗ്‌ കൊടുത്തിട്ട്‌ പ്രൊഫസ്സര്‍ പറഞ്ഞു " give him a fresh set of reagents എന്നിട്ട്‌ എന്നോടും "ശരി ഒന്നു കൂടി വേഗം പ്രിപയര്‍ ചെയ്യ്‌".

രണ്ടാമത്തേത്‌ ശരിയായി എന്നു പ്രത്യേകം പറയേണ്ടല്ലൊ. ആ അറ്റെന്‍ഡര്‍ ഞാന്‍ മൂലം കേള്‍ക്കേണ്ടി വന്ന ചീത്തകള്‍ക്കുള്ള ഒരു ക്ഷമാപണമായി ഇതിവിടെ സമര്‍പ്പിക്കുന്നു.

4 comments:

  1. അറ്റന്‍ഡര്‍ക്ക്‌ ചായ വാങ്ങിച്ചുകൊടുത്തില്ലേ?

    ReplyDelete
  2. അപ്രിയമായ സത്യങ്ങള്‍ പറയരുത്
    പ്രിയമായ അസത്യങ്ങള്‍ പറയാം
    :)

    ReplyDelete
  3. അറ്റന്റര്‍മാരെ മണിയടിച്ച് കാര്യം നേടലാണ് പതിവ് രീതി. ഇവിടെ ഈ പാവം അറ്റന്റര്‍ക്ക് കുറേ ചീത്ത കേള്‍പ്പിച്ചു.

    ReplyDelete
  4. അതൊന്നും സാരമില്ലെന്നേ..

    ReplyDelete