Sunday, June 14, 2009

എന്റെ സംഗീതാന്വേഷണപരീക്ഷണങ്ങള്‍ -2

മേല്‍പ്പറഞ്ഞ കൂവലുകള്‍ക്കൊന്നും എന്റെ സംഗീതപ്രവാഹത്തെ തടുക്കുവാനോ ഒന്നു വേഗം കുറയ്ക്കാണൊ സാധിച്ചില്ല എന്നു പ്രത്യേകം പറയേണ്ടല്ലൊ.

പ്രി ഡിഗ്രിയൊക്കെ കഴിഞ്ഞ്‌ അടുത്ത ഡിഗ്രിയ്ക്കു ചെന്നപ്പോള്‍ അവിടത്തെ അന്തരീക്ഷം എന്തു കൊണ്ടും അനുയോജ്യം.

കോളേജില്‍ ഒരു ആര്‍ട്‌സ്‌ റൂം ഉണ്ട്‌, അവിടെ ഹാര്‍മോണിയം, തബല, ഗിറ്റാര്‍, വയലിന്‍ തുടങ്ങി അനേക ഉപകരണങ്ങള്‍ ഉണ്ട്‌, വൈകുന്നേരങ്ങളില്‍ മിക്കവാറും എന്നും തന്നെ സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ കഴിവുള്ളവര്‍ വന്ന്‌ അവയൊക്കെ ഉപയോഗിച്ച്‌ പാടുകയും ചെയ്യും.

എനിക്കവിടെ കിട്ടിയ ഒരു കൂട്ടുകാരന്‍ തബല വായിക്കുവാന്‍ ഇഷ്ടം ഉള്ളയാള്‍ (ഇപ്പോള്‍ അദ്ദേഹം വലിയ നിലയില്‍ ഡയറക്റ്റര്‍ ഒക്കെ ആയി വിരമിച്ചു കേട്ടോ)

ഞങ്ങള്‍ രണ്ടു പേരും കൂടി വൈകുന്നേരങ്ങളില്‍ ആ റൂമില്‍ പോകും.

ഹാര്‍മോണിയത്തില്‍ ഗോപിയുടെ വിരലുകള്‍ ഓടിക്കളിക്കുന്നതു കണ്ട്‌ ത്രില്ലടിച്ചു ഞാനും തബലയില്‍ വിരലുകള്‍ താളം തല്ലുന്നതു കണ്ട്‌ കൂട്ടുകാരനും ആനന്ദതു ന്ദിലരായി നില്‍ക്കും.

ഞങ്ങള്‍ രണ്ടു പേരും കൂടി തീരുമാനിച്ചു ഈ വിദ്യ പഠിക്കുക തന്നെ.

പതുക്കെ പതുക്കെ മൂത്തവരോട്‌ ഇഷ്ടം കൂടി കൂടി അതു ചോദിക്കാനുള്ള ധൈര്യം സമ്പാദിച്ചു. ചോദിച്ചു ഞങ്ങളെ കൂടി ഇതൊക്കെ ഒന്നു പഠിപ്പിക്കുമൊ?

പിന്നെന്താ എപ്പോള്‍ വേണമെങ്കിലും പഠിപ്പിക്കാമല്ലൊ.

സന്തുഷ്ടരായി ഞങ്ങള്‍ എന്നും അവരോടൊപ്പം കൂടി.

പക്ഷെ അവര്‍ വരും അവര്‍ക്കിഷ്ടമുള്ള ചില പാട്ടുകള്‍ അവിടെയിരുന്നു പാടൂം വായിക്കും ആസ്വദിക്കും , മുറിപൂട്ടി തിരികെ പോകും. അതു കേട്ടു കേട്ടു ഞങ്ങള്‍ ഇരിക്കും അവര്‍ പോകുമ്പോള്‍ ഞങ്ങളും പോകും.

ഇങ്ങനെ ആഴ്ചകള്‍ കുറെ കഴിഞ്ഞപ്പോള്‍ പതുക്കെ വീണ്ടും ചോദിച്ചു എപ്പൊഴാ ഞങ്ങളെ പഠിപ്പിക്കുന്നത്‌?

അപ്പോള്‍ ഒരാള്‍ ഹാര്‍മോണിയം എന്നെ ഏല്‍പ്പിച്ചു ദാ ഇങ്ങനെ വായിക്കൂ. അടുത്ത്യാള്‍ തബല കൂട്ടുകാരനേയും ഏല്‍പ്പിച്ചു ദാ ഇങ്ങനെ ഇങ്ങനെ

എവിടെ? കരയില്‍ നിന്നു നീന്തല്‍ പഠിച്ച ഒരാള്‍ വെള്ളത്തില്‍ വീണാല്‍ നീന്തുന്നതു പോലെ.

ഞങ്ങളുടെ വിരലുകളെല്ലാം ഏതാണ്ട്‌ കമ്പു പോലെ മസില്‍ പിടിച്ചു നില്‍ക്കുകയാണ്‌ വളയുകയും ഇല്ല വേണ്ടിടത്ത്‌ പോകുകയും ഇല്ല. ഞങ്ങള്‍ നിര്‍ത്തി അവരും നിര്‍ത്തി

അന്നു വൈകുന്നേരം ബോധിവൃക്ഷത്തിന്റെ ചുവട്ടിലൊന്നും പോകാതെ തന്നെ ഞങ്ങള്‍ക്ക്‌ ബോധം വച്ചു. പഠിത്തം ഇങ്ങനെ ഒന്നും നടക്കില്ല.

അപ്പോള്‍ പ്ലാന്‍ മാറ്റി. അടുത്ത ദിവസം മുതല്‍ ബാക്കിയുള്ളവര്‍ തിരികെ പോകുമ്പോള്‍ മുറിയുടെ താക്കോല്‍ ഞങ്ങള്‍ വാങ്ങിച്ചു.

ഹാര്‍മോണിയത്തിന്റെ കട്ടകളില്‍ കൂടി ഞാനും തബലയില്‍ കൂടി കൂട്ടുകാരനും വിരലുകള്‍ ഓടിച്ചു.

കര്‍ണ്ണകഠോരമായ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചിട്ടും ഞങ്ങള്‍ അവയൊന്നും കേട്ടില്ല എന്നു നടിച്ചു, പകരം അവയൊക്കെ അനവദ്യങ്ങളായ സംഗീതങ്ങളാണെന്നും കരുതി സന്തോഷിച്ചു
അത്ര മഹത്തരങ്ങളായ സംഗീതം ബാക്കിയുള്ളവര്‍ കേള്‍ക്കാതിരിക്കുവാന്‍ ഞങ്ങള്‍ വാതിലുകളും ജനാലകളും മുറുകെ അടച്ചിട്ടു.

മൃദുലങ്ങളായ ഞങ്ങളുടെ കര്‍ണ്ണപുടങ്ങള്‍ കേട്ട സംഗീതം തിരികെ പോകാതിരിക്കുവാന്‍ പഞ്ഞി ചെവികള്‍ക്കുള്ളിലും പലപ്പോഴും തിരുകി വച്ചു.

പക്ഷെ കുറച്ചു ദിവസങ്ങള്‍ കൊണ്ട്‌ ഞങ്ങളുടെ വിരലുകള്‍ വഴങ്ങുവാന്‍ തുടങ്ങി.

എന്നിരുന്നാലും ഒരു കുഴപ്പം - സീനിയര്‍ മാര്‍ വായിക്കുന്നതു നോക്കി കട്ടകളെല്ലാം ഓര്‍ത്തു വയ്ക്കും. പക്ഷെ അവര്‍ പോയി കഴിയുമ്പോള്‍ അതുപോലെ തന്നെ അവ മറന്നും പോകും. അതുകാരണം
യാതൊരു ഈണവും രണ്ടാമതു പുറപ്പെടുവിക്കുവാന്‍ സാധിച്ചിരുന്നില്ല.

അങ്ങനെ അങ്ങനെ പിന്നീടു കട്ടകളും സ്വരങ്ങളുമൊക്കെ പതുക്കെ പതുക്കെ മനസ്സിലായി വന്നുതുടങ്ങി.

കട്ടകളിലെ സ്വരവിന്യാസം മനസ്സിലായിക്കഴിഞ്ഞപ്പോള്‍ മുമ്പു പഠിച്ചിരുന്ന വരിശകളും, ഗീതങ്ങളും , വര്‍ണ്ണങ്ങളും ഒക്കെ അതില്‍ പരിശീലിക്കുവാന്‍ തുടങ്ങി.

ഒരു ദിവസം സീനിയറില്‍ പെട്ട ഒരാള്‍ ദയ തോന്നി "കാട്ടരുവീ ചിലങ്ക കെട്ടി " എന്ന ഗാനത്തിന്റെ പല്ലവി വായിക്കുന്നത്‌ കാണിച്ചു തന്നു. ഹൊ അന്നത്തെ സന്തോഷം ഒന്നും വര്‍ണ്ണിക്കുവാന്‍ വാക്കുകള്‍ പോരാ.
പിന്നെ രണ്ടാഴ്ച്ചയോളം ആ പല്ലവിയായിരുന്നു ആഘോഷം. എന്റെ വിരലുകള്‍ ഓടിയാലും സംഗീതം വെളിയില്‍ വരും എന്ന അറിവ്‌.

പിന്നീട്‌ ഒരാള്‍ "ഏഴിലം പാല പൂത്തു പൂമരങ്ങള്‍ കുട പിടിച്ചു" എന്ന പാട്ട്‌ പല്ലവി കാണിച്ചു തന്നു. അപ്പോള്‍ അതിലായി പിടുത്തം.

എന്തിനു പറയുന്നു ഒറ്റയ്ക്കു തന്നെ "ദേവീ ശ്രീദേവീ തേടിവരുന്നൂ ഞാന്‍ " എന്ന ഗാനം പശ്ചാത്തലത്തോടു കൂടി വായിക്കുവാന്‍ ശീലിച്ചു.

പക്ഷെ അതിനിടയില്‍ വൈകുന്നേരം അഞ്ചു മുതല്‍ ഒന്‍പതു മണി വരെ ഏകദേശം ആറുമാസത്തോളം പണിഞ്ഞു എന്നു മാത്രം.

അപ്പൊഴല്ലെ മനസ്സിലായത്‌ ഒരു തബലവിദ്വാന്‍ ഒരിക്കല്‍ പറഞ്ഞ ഈ വാചകം എത്ര അന്വര്‍ഥമാണെന്ന്‌ . അദ്ദേഹം പറയുന്നു " ഓ തബല പഠിക്കുവാന്‍ പണ്ടുള്ളവര്‍ പറയുന്നതു പോലെ അത്രയൊന്നും മെനക്കെടേണ്ട അവശ്യമില്ല"

ഇത്രയും കേട്ടപ്പോള്‍ ഞാന്‍ കരുതി ഹൊ അതു വളരെ ഈസി അല്ലേ ആഴ്ചയില്‍ ഒരിക്കല്‍ ആശാന്റെ അടുത്തു പോയി അരമണിക്കൂര്‍, കൂടിയാല്‍ ഔ മണിക്കൂര്‍ എന്നായിരിക്കും ബാക്കി എന്ന്‌

എന്നാല്‍ കേള്‍ക്കണ്ടെ ബാക്കി "ദിവസം എട്ടു മണിക്കൂര്‍ പരിശീലനം ധാരാളം ആണ്‌"

ഇനിയും ഉണ്ട്‌ അത്‌ അടുത്തതില്‍

4 comments:

  1. അപ്പൊഴല്ലെ മനസ്സിലായത്‌ ഒരു തബലവിദ്വാന്‍ ഒരിക്കല്‍ പറഞ്ഞ ഈ വാചകം എത്ര അന്വര്‍ഥമാണെന്ന്‌ . അദ്ദേഹം പറയുന്നു " ഓ തബല പഠിക്കുവാന്‍ പണ്ടുള്ളവര്‍ പറയുന്നതു പോലെ അത്രയൊന്നും മെനക്കെടേണ്ട അവശ്യമില്ല"

    ഇത്രയും കേട്ടപ്പോള്‍ ഞാന്‍ കരുതി ഹൊ അതു വളരെ ഈസി അല്ലേ ആഴ്ചയില്‍ ഒരിക്കല്‍ ആശാന്റെ അടുത്തു പോയി അരമണിക്കൂര്‍, കൂടിയാല്‍ ഔ മണിക്കൂര്‍ എന്നായിരിക്കും ബാക്കി എന്ന്‌

    എന്നാല്‍ കേള്‍ക്കണ്ടെ ബാക്കി "ദിവസം എട്ടു മണിക്കൂര്‍ പരിശീലനം ധാരാളം ആണ്‌"

    ReplyDelete
  2. ഹ ഹ, സംഭവം കൊള്ളാം. കഷ്ടപ്പെട്ടെങ്കിലും എന്തായാലും പഠിച്ചല്ലോ.

    ReplyDelete
  3. ബോധി വൃക്ഷം ഇല്ലാതിരുന്നതുകൊണ്ട്‌ ഞങ്ങൾക്കൊരു ബുദ്ധനെ നഷ്ടപ്പെട്ടു.

    ഒരു സംഭവം ഓർമ്മ വരുന്നു. എന്റെ ഒരു സുഹൃത്തിന് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത്
    വയലിൻ വായിച്ച് ഒരു പ്രത്യേക ലവലിൽ എത്തിയപ്പോൾ ഗ്ലാസ്സിൽ വെച്ചിരിക്കുന്ന
    വെള്ളം വൈബ്രേറ്റ് ചെയ്യുന്നത് കാണിച്ചു കൊടുത്തു. അദ്ദേഹവും പറഞ്ഞത് ഇങ്ങനെയായിരുന്നു.
    ഇത് എല്ലാവർക്കും സാധിക്കും. 10-12 കൊല്ലത്തെ പ്രാക്ടീസ് ഉണ്ടായാൽ മതി.

    ReplyDelete
  4. എന്തായാലും ആ അര്‍പ്പണമനോഭാവത്തെ നമിക്കുന്നു. അതുകൊണ്ട് ഒരു സംഗീത സംവിധായകന്‍ ജനിച്ചല്ലോ.

    ReplyDelete