Wednesday, June 17, 2009

എന്റെ സംഗീതാന്വേഷണപരീക്ഷണങ്ങള്‍ -4

അങ്ങനെ യമുനാ തീരവിഹാരി ഒക്കെ ഉണ്ടാക്കി പാടിക്കഴിഞ്ഞപ്പോള്‍ എനിക്കങ്ങു ഭയങ്കര ആത്മവിശ്വാസം. ഞാനങ്ങ്‌ ഏതാണ്ടൊക്കെ ആയെന്നൊരു തോന്നല്‍. കുറെ നാള്‍ അങ്ങനെ പൊങ്ങി നടന്നപ്പൊഴായിരുന്നു കോളെജിന്റെ arts club ആകാശവാണിയില്‍ ഒരുപരിപാടി അവതരിപ്പിക്കുവാന്‍ പരിപാടി ഇടുന്നത്‌.

അതില്‍ രണ്ടു ലളിതഗാനങ്ങള്‍ ഉണ്ട്‌. അതിന്റെ ലിറിക്സ്‌ സുഹൃത്ത്‌ എന്റെ കയ്യില്‍ തന്നു. നീ ഒന്നു നോക്ക്‌ എന്നു പറഞ്ഞു. പക്ഷെ അവന്‍ ബുദ്ധിയുള്ളവനായിരുന്നതിനാല്‍ വേറെ വിവരമുള്ള ഒരാളുടെ കയ്യിലും കൊടുത്തു.

പിന്നെ കുറെ ദിവസം ഞാന്‍ അതും കൊണ്ട്‌ തലങ്ങും വിലങ്ങും നടന്നു. ഈണം പോയിട്ട്‌ ഈ വരെ പോലും വരുന്നില്ല. ഞാന്‍ വിയര്‍ത്തു തുടങ്ങി എന്തു ചെയ്യും? പ്രോഗ്രാം എന്റെ തലയില്‍ കൂടിയാണ്‌ ഓടാന്‍ പോകുന്നത്‌ എന്നാണ്‌ എന്റെ വിചാരം. തലയില്‍ കൂടി ഓടിയാലും കാലില്‍ കൂടി ഓടിയാലും കൊള്ളാം, കേട്ടാല്‍ എരുമ പോലും നാണിക്കുന്ന തരത്തിലുള്ള ഒരു ഈണം അവയില്‍ ഒരെണ്ണത്തിന്റെ പല്ലവിയ്ക്ക്‌ വേണ്ടി ഒപ്പിച്ചു.

അവസാനം ഞാന്‍ തന്നെ സുഹൃത്തിനെ കണ്ട്‌ എന്റെ വിഷമാവസ്ഥ ബോധിപ്പിച്ചു. അപ്പോള്‍ അവന്‍ സമാധാനിപ്പിച്ചു " എടാ ഞാന്‍ അതു രാധാകൃഷ്ണനെ ഏല്‍പ്പിച്ചിട്ടുണ്ട്‌, പുള്ളി രണ്ടു ദിവസത്തിനുള്ളില്‍ വരും അപ്പോള്‍ കേള്‍ക്കാം"

എന്റെ ശ്വാസം നേരെ വീണു.

അപ്പോള്‍ രാധാകൃഷ്ണനെ പരിചയപ്പെടുത്തിയില്ലല്ലൊ അല്ലെ . എന്നെക്കാള്‍ സീനിയറായി അവിടെ നിന്നും പഠിച്ചിറങ്ങിയ ഡോക്റ്റര്‍. ഇപ്പോള്‍ സ്ഥലം പറഞ്ഞാല്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു കൊള്ളണം എന്നില്ലാത്തതു കൊണ്ട്‌ അതു പറയുന്നില്ല.

അദ്ദേഹം ഹാര്‍മോണിയത്തില്‍ "സുപ്രഭാതം സുപ്രഭാതം, നീലഗിരിയുടെ സഖികളെ --" എന്ന ഗാനം വായിക്കുന്നതു ഞാന്‍ എത്ര പ്രാവശ്യം കണ്ണിമയ്ക്കാതെ നോക്കി നിന്നിട്ടുണ്ട്‌. അതിന്റെ പുല്ലാംകുഴലിലുള്ള ആ പശ്ചാത്തലസംഗീതം - എനിക്കിപ്പോഴും അറിയാന്‍ പാടില്ലാത്ത ആ സാധനം കേട്ടു കൊതിച്ചിട്ടുണ്ട്‌ എന്നെകിലും അതുപോലെ ഒന്നു വായിക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന്‌

എവിടെ ? അതിനൊക്കെ തലയില്‍ വേണ്ട ഭാഗത്ത്‌ ചില വരകള്‍ വേണം

ങാ അപ്പോള്‍ പറഞ്ഞു വന്നത്‌ രാധാകൃഷ്ണന്‍ എത്തി. എന്നെയും അടുത്തു വിളിച്ചിരുത്തി.
എടോ താനിട്ട ട്യൂണൊന്നു പാടിക്കേ കേള്‍ക്കട്ടെ എന്നെന്നോടു പറഞ്ഞു. എന്നെ അംഗീകരിക്കുന്നതില്‍ അദ്ദേഹം കാണിച്ച ആ മഹാമനസ്കത ഇപ്പോഴും രോമാഞ്ചം കൊള്ളിക്കുന്നു.

പക്ഷെ എന്റെ ഈണം വെളിയില്‍ കേള്‍പ്പിക്കുവാന്‍ ഞാന്‍ ഏതായാലും തയ്യാറായില്ല കാരണം അത്‌ അത്ര മോശമായിരുന്നു എന്നെനിക്കു തന്നെ അറിയാമായിരുന്നു.

അപ്പോള്‍ അദ്ദേഹം പറഞ്ഞു. പോട്ടെ എന്നാല്‍ ഞാന്‍ ഒരു ഈണം ഇട്ടിട്ടുണ്ട്‌ നമുക്ക്‌ അതൊന്നു നോക്കാം.

ആ ഗാനം മുഴുവന്‍ ഇപ്പോള്‍ ഓര്‍മ്മയില്ല. ഓര്‍മ്മയുള്ള ഭാഗം എഴുതി അദ്ദേഹം ഈണം ഇട്ടതില്‍ എനിക്കോര്‍മ്മയുള്ളതുപോലെ പാടൂകയും ചെയ്യാം.

ഇതു കേട്ടു കഴിഞ്ഞപ്പോള്‍ പിന്നെ കുറെ നാളത്തേയ്ക്കു ഞാന്‍ സംഗീതസംവിധാനം എന്ന വാക്കു പോലും ഉച്ചരിക്കുവാന്‍ അശക്തനായി പോയി- എന്റെ വിവരമില്ലായ്മ എത്രത്തോളമാണ്‌ എന്നെനിക്കു കാണിച്ചു തന്ന ഒരനുഭവം.

പക്ഷെ അതു പാടിയത്‌ കോളേജിലെ തന്നെ ഒരു ഗായിക ആയിരുന്നു. അതും ഇതുമായി താരതമ്യം ഒന്നും പാടില്ല കേട്ടൊ അത്‌ ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്തതാണ്‌ - അതിന്റെ നിലവാരം അത്രയ്ക്കുണ്ടായിരുന്നു.

അന്ന്‌ പശ്ചാത്തലത്തില്‍ ഡൊ രാധാകൃഷ്ണന്‍ ഹാര്‍മോണിയം, ഞങ്ങളുടെ പ്രിന്‍സിപ്പാളിന്റെ അനുജന്‍ വയലിന്‍ മറ്റ്‌ ചിലര്‍ തബല, ഗിറ്റാര്‍ എന്നിവയും ഒക്കെ ആയി സുന്ദരമായ അവതരണം . ഇവിടെ ഞാന്‍ അതിലെനിക്കോര്‍മ്മയുള്ള ഭാഗങ്ങള്‍ സ്വയം കേള്‍പ്പിക്കുന്ന വികൃതി.

ഗാനത്തിന്റെ വരികള്‍

കാളിന്ദി പുളിനങ്ങളില്‍ -- നിന്റെ
കാലടി കണ്ടില്ലല്ലൊ കണ്ണാ
കരളില്‍ കാമിനിയേകിയ വേദനം
അറിയാതകലുകയാണൊ നീ -- കണ്ണാ

പൂജാമലരായ്‌ നിന്‍ കഴലിണയില്‍
മനമേകാനായ്‌ വിരഹിണിയായ്‌
--------------------------
(ഇവിടെയുള്ള വരികള്‍ ഓര്‍മ്മയില്ല)
--------------------------

(കാളിന്ദിപുളിനങ്ങളില്‍----

--------------------------
(ഇവിടെയുള്ള വരികള്‍ ഓര്‍മ്മയില്ല)
--------------------------

കലുഷിതമാമീ മാനസവീണയില്‍ (മാനസവീണയല്ലേ എന്നു സംശയം ഉണ്ട്‌ അതില്‍ തെളിനീര്‍ പകരുവാന്‍ സാധിക്കില്ലല്ലൊ, പക്ഷെ അതോര്‍മ്മ വരുന്നില്ല)
തെളിനീര്‍ പകരുകയില്ലെ നീ
-
കണ്ണാ----
തെളിനീര്‍ പകരുകയില്ലെ

(കാളിന്ദി --

ഈ പാട്ട്‌ എഴുതിയത്‌ ശ്രീ പറത്തുള്ളി രവീന്ദ്രന്‍ എന്നൊരാളാണെന്നു തോന്നുന്നു. തെറ്റുണ്ടെങ്കില്‍ ആരായാലും ക്ഷമിക്കുമെന്നു കരുതട്ടെ)
അപ്പോള്‍ ഞാന്‍ പാടുന്നത്‌ ഓര്‍മ്മയുള്ള ഈ വരികള്‍ എല്ലാം ചേര്‍ത്ത്‌ പല്ലവിയും ഒരു ചരണവും ആയി ആയിരിക്കും.

ഡോ രാധാകൃഷ്ണനും, ഗാനം പാടിയ ഡോ നളിനിയും ഒക്കെ ക്ഷമിക്കും എന്നു കരുതിക്കൊണ്ട്‌ ഈ ഒരു പാട്ട്‌ ഇപ്പോള്‍ കേല്‍പ്പിക്കാം അടുത്ത ഗാനം അടുത്തതില്‍.

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment