Sunday, June 28, 2009

എന്റെ സംഗീതാന്വേഷണപരീക്ഷണങ്ങള്‍ -6

എന്റെ സംഗീതാന്വേഷണപരീക്ഷണങ്ങള്‍ -6

ആദ്യം ഈ പാട്ട്‌ കേള്‍ക്കുക ഇതിന്റെ കഥ സമയം കിട്ടിയാല്‍ നാളെ തന്നെ എഴുതി ചേര്‍ക്കാം. ഇതു മുമ്പൊരിക്കല്‍ പോസ്റ്റ്‌ ചെയ്തിരുന്നു പക്ഷെ അന്ന് റെകോര്‍ഡിംഗ്‌ വളരെ മോശം ആയിരുനു (ഇതു കേമമാണെന്നല്ല). അതു യാഹുവില്‍ ആയിരുന്നു ഇട്ടിരുന്നത്‌ അവിടെ ഥലം ഇല്ലാതെ വന്നതുകൊണ്ട്‌ അവിടെ നിന്നും അതു കളയേണ്ടിയും വന്നു. അതുകൊണ്ട്‌ ഒരിക്കല്‍ കൂടെ . മുമ്പ്‌ കേള്‍ക്കാത്തവര്‍ക്ക്‌ കേള്‍ക്കുകയും ചെയ്യാമല്ലൊ.

പഴയപാട്ടുകളൊക്കെ http://sweeetsongs.blogspot.com ല്‍ പോയി കേട്ടുകാണുമെന്നു വിശ്വസിക്കുന്നു
----------------------------------
പറഞ്ഞതുപോലെ പാട്ടിന്റെ കഥ ഇവിടെ ചേര്‍ക്കുന്നു
----------------------------------

അങ്ങനെ കാളിന്ദിപുളിനങ്ങളില്‍ കൂടി മന്മഥനേയും ഒക്കെ കണ്ട്‌ നടന്ന കാലത്തൊരിക്കല്‍ തിരൂരങ്ങാടി PSMO കോളേജിലെ കുട്ടികള്‍ക്ക്‌ ഒരു സംഘഗാനം ആവശ്യമായി വന്നു. അവിടത്തെ തന്നെ വിദ്യാര്‍ത്ഥിയും ഒരു അനുഗൃഹീതഗായകനുമായ ശിവദാസന്‍ ഒരു കവിത സംഘടിപ്പിച്ചു അതിന്‌ പല്ലവിയുടെ ഈണവും തയ്യാറാക്കി.

അദ്ദേഹം എന്റെ സുഹൃത്തായിരുന്നതുകൊണ്ട്‌ ഒരു ദിവസം എന്നോടു ചോദിച്ചു. "ദാ ഒരു ഗാനം ഒന്നുണ്ടാക്കാന്‍ സഹായിക്കുമൊ? പല്ലവി ഞാന്‍ ഈണം ചെയ്തു ബാക്കി ഒക്കുന്നില്ല. നമുക്കൊരുമിച്ചൊന്നു പിടിച്ചാലൊ?"

അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കൂടി ശ്രമിച്ചുണ്ടാക്കിയ ഒരു ഗാനമാണ്‌ "വിശ്വകലാശില്‍പികളേ" എന്നത്‌ ഇതിന്റെ രചന ആരാണെന്നറിയില്ല (പറത്തുള്ളി രവീന്ദ്രന്‍ എന്നയാളാകാന്‍ സാധ്യത)

അതിനു മൂന്നു ചരണങ്ങള്‍ ഉണ്ടായിരുന്നു. അവയില്‍ മൂന്നിനും വ്യത്യസ്ഥങ്ങളായ മൂന്നു ഈണങ്ങള്‍ ആയിരുന്നു ഇട്ടിരുന്നത്‌. ഇപ്പോള്‍ രണ്ടു ചരണങ്ങളേ പാടിയിട്ടുള്ളു പാട്ടിന്റെ വലിപ്പം ഓര്‍ത്ത്‌.

ആ ഗാനം പക്ഷെ അവിടം കൊണ്ടവസാനിച്ചില്ല.

പിന്നീട്‌ ആലപ്പുഴ പഠിക്കുന്ന കാലത്ത്‌ S.D. കോളേജില്‍ വച്ചുണ്ടായിരുന്ന ഒരു മല്‍സരത്തിന്‌ ഞങ്ങളുടെ കോളേജിന്റെ വകയായി ഇതവതരിപ്പിച്ചിരുന്നു.

അതില്‍ ഞാന്‍ ഒരു മോഷണം കൂടി നടത്തിയകാര്യം ഇപ്പോള്‍ വെളിപ്പെടുത്താം. ആലപ്പുഴ St Joseph's കോളേജിന്റെ ടീം ഉഗ്രനാണ്‌ അവരോട്‌ മല്‍സരിക്കണമെങ്കില്‍ പാട്ടിന്റെ കൂടെയുള്ള പശ്ചാത്തലം കൂടി മെച്ചമാക്കിയില്ലെങ്കില്‍ ശരിയാകില്ല എന്നു തോന്നി.

പാട്ടുകാര്‍ വേറേ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്‌ - ഞാന്‍ പശ്ചാത്തലത്തിലും കോറസിലും മാത്രം.

അന്നവിടെ(1979-80 ആണെന്നു തോന്നുന്നു) അതിനു രണ്ടാം സ്ഥാനം കിട്ടിയിരുന്നു കേട്ടോ (ഒന്നാം സ്ഥാനം പ്രതീക്ഷിച്ചതുപോലെ St.Joseph's കൊണ്ടുപോയി)

അവിടെ പഠിക്കുവാന്‍ ചേരുന്നതിനു മുമ്പ്‌ കര്‍ണ്ണാടകത്തില്‍ കുറച്ചു നാള്‍ ജോലി ചെയ്തിരുന്നതു കൊണ്ട്‌ അവിടെ കേട്ട ഒരു കന്നട ഗാനത്തിന്റെ പശ്ചാത്തലസംഗീതം (ഏനേനോ ആശേ --നീ തന്താ --") ഇതിന്‌ ചേരും എന്നു തോന്നി.

അന്ന് ആ സ്റ്റേജില്‍ ആ പശ്ചാത്തലം അതേ പടി അങ്ങു കോപ്പി ചെയ്തു. (ഇവിടെ അങ്ങനെ ഇടാന്‍ ഒരു ഭയം - ഇനി വല്ല കോപി റൈറ്റൊ ലെഫ്റ്റൊ ഇടതുപക്ഷമോ വല്ലതും വരുമോ?)

അതുകൊണ്ട്‌ ഒരു ചെറിയ വ്യത്യാസത്തോടു കൂടി പോസ്റ്റുന്നു.

ഓര്‍മ്മയുള്ള വരികള്‍
"വിശ്വകലാശില്‍പികളെ വിരുന്നൊരുക്കൂ
വിസ്മൃതി തന്‍ ഭാണ്ഡങ്ങള്‍ അഴിച്ചു വയ്ക്കൂ
നാളെ ലോകം കണ്ടുണരും പുതിയ പ്രഭാതം
നാളെ നാളെ നമ്മുടെ മുന്നില്‍ പുതിയ ഭാരതം

ജാതിമതചിന്തകള്‍ക്കതീതരായി
ജാതരായി നമ്മളിന്നീ പുണ്യഭൂമിയില്‍
നാളെ പുതിയ പുലരിയണിയും മലരുകള്‍ കോര്‍ക്കാന്‍
നീളെ നീളെയുയര്‍ത്തുക നമ്മുടെ ഹസ്തങ്ങള്‍
ശക്തഹസ്തങ്ങള്‍ ശക്തഹസ്തങ്ങള്‍

ദൂരെ ദൂരെ ഹിമവല്‍ ശൃംഗങ്ങളില്‍ പോലും
ധീരദീപം തെളിയട്ടെ ജ്ഞാനപ്രഭാപൂരം
കാലത്തിന്‍ കോവിലില്‍ നാം കൊളുത്തുമീ കര്‍മ്മദീപം
കാലഘട്ടങ്ങള്‍ മറന്നു ജ്വലിച്ചു നില്‍ക്കും

പുതിയജ്ഞാനകിരണമായി ദിവ്യദീപപ്രഭയണിയും
പ്രതിഭയോരോ മലരുളായ്‌ വിടര്‍ന്നുവെങ്കില്‍
ആ മലരിന്‍ നറുമണമീ പാരിലെങ്ങും വീശിയെങ്കില്‍
ആദ്യമായ്‌ നമ്മള്‍ പാടും ധന്യയായി ഭാരതം
ധന്യയായി ഭാരതം ധന്യയായി ഭാരതം"

അപ്പോള്‍ കേള്‍ക്കുമല്ലൊ അല്ലെ


Get this widget | Track details | eSnips Social DNA

2 comments:

  1. പഴയ പാട്ടുകള്‍ കേട്ടിട്ടില്ല, കേള്‍ക്കണം:)

    ReplyDelete
  2. അരുണ്‍ ജീ നന്ദി
    പറഞ്ഞതുപോലെ പാട്ടിന്റെ കഥ ഇവിടെ ചേര്‍ക്കുന്നു

    ReplyDelete