Saturday, May 28, 2011

നീ എന്റെ ഉള്ളില്‍ തന്നെ ഉണ്ട്‌



മുകളില്‍കാണുന്ന പടം ഡൊ ജയന്റെ ബ്ലോഗില്‍ നിന്നെടുത്തത്‌


ഒരു മുറിയില്‍ ഒരു കിടക്കയില്‍ കിടന്നുറങ്ങിയ കൂട്ടുകാരന്‍, ഒരു കലത്തില്‍ ചോറു വച്ച്‌ ഒന്നിച്ചുണ്ടു വളര്‍ന്നവന്‍, ഇത്ര ദൂരത്തായിരുന്നിട്ടും ഇത്രകാലവും ഒപ്പം ഉണ്ടായിരുന്നവന്‍.

അവനു പോകാന്‍ സമയം അല്‍പം നേരത്തെ ആയിപ്പോയി.

ഇവിടെ ഒക്കെ അവനെ പലതവണ ഞാന്‍ ഓര്‍മ്മിച്ചിട്ടുണ്ട്‌. -- ആ ചികില്‍സ ഒക്കെ ചെയ്തത്‌ അവന്‍ അയിരുന്നു - സാമാന്യരീതിയില്‍ പലരും ധൈര്യപ്പെടാത്ത ചികില്‍സാരീതികള്‍

ഞങ്ങള്‍ക്കു മാത്രമല്ല ആയുര്‍വേദത്തിനു തന്നെ ഒരു തീരാനഷ്ടമാണ്‌ അവന്റെ വേര്‍പാട്‌.

ഇനി ഒരു ജന്മമുണ്ടെങ്കില്‍ അന്നും അവനെ എനിക്കു കൂട്ടായി കിട്ടണെ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട്‌

Wednesday, May 11, 2011

സംഗീതം: സംഗീതപാഠം - അഞ്ച്‌

സംഗീതം: സംഗീതപാഠം - അഞ്ച്‌: "വിരലുകളുടെ വ്യായാമം തുടരുന്നതോടൊപ്പം കയ്ക്കു മൊത്തം ഉള്ള ഒരു വ്യായാമം കൂടി ആവശ്യമുണ്ട്‌ കയ്യുടെ റിസ്റ്റ്‌ താഴെക്കാണുന്നതു പോലെ ഇളക്കാന്‍ വേ..."

Tuesday, May 10, 2011

പൂച്ചപുരാണം -രണ്ട്‌

അങ്ങനെ അന്നു രാത്രി സമാധാനമായി(?) കിടന്നുറങ്ങി (?) പിന്നീട്‌ റ്റോര്‍ച്ചില്ലാതെ സന്ധ്യ കഴിഞ്ഞാല്‍ നടക്കുന്ന പ്രശ്നം ഇല്ല. ഒരു ചുവടു വയ്ക്കുന്നതിനു മുമ്പ്‌ ചുറ്റും നാലുപ്രാവശ്യം എങ്കിലും റ്റോര്‍ച്ചടീച്ചു നോക്കും. പതിയെ പതിയെ പേടി കുറഞ്ഞു വന്നു റ്റോര്‍ച്ചില്ലാതെയും നടക്കാം എന്നായി. അങ്ങനൊരു ദിവസം പതിവു പോലെ പാലുകുടിയ്ക്കാന്‍ പൂച്ചക്കുഞ്ഞിനെ കാണുന്നില്ല.

പഴയ ഓര്‍മ്മവച്ച്‌ ആ വാതില്‍പ്പടിയില്‍ പോയി നോക്കി. അവിടെ ഇല്ല.
അതിനടുത്തുള്ള പടിയില്‍ ആ മതിലിനെതിരായുള്ളതില്‍ ഇരിക്കുന്നു കക്ഷി.

ഇത്തവണ നോട്ടം മതിലിലേയ്ക്കാണ്‌. ആ ശ്രദ്ധയോ ? ഞാന്‍ വന്നതൊന്നും അറിഞ്ഞിട്ടേ ഇല്ല. വളരെ സൂക്ഷിച്ച്‌
ചെവികള്‍ കൂര്‍പ്പിച്ചു പിടിച്ച്‌ അനക്കം ഇല്ലാതെ ഇരിപ്പ്‌

അതിന്റെ നോട്ടം എത്തുന്നിടത്ത്‌ നോക്കി. ഇത്തവണ ഒരു പാറ്റ Cockroach ആ മതിലില്‍ മുകളില്‍ നിന്നും താഴേയ്ക്ക്‌ പതിയെ വരുന്നു.

അഴകുള്ള മറ്റൊരു പൂച്ചമ്മയായിരുന്നു എങ്കില്‍ ഈ പൂച്ചക്കുഞ്ഞിന്റെ നോട്ടം എനതായിരുന്നിരിക്കുമോ?
ഏതായാലും മുഖത്ത്‌ യാതൊരു ഭാവവും ഇല്ല.

വരട്ടെ താഴെ വരട്ടെ എന്ന വിചാരത്തിലാണ്‌ ഇരിപ്പ്‌ എന്നു തോന്നി.

പൂച്ച ഇരികുന്നിടത്തു നിന്നും ഏകദേശം പത്തടി ദൂരത്തിലാണ്‌ മതില്‍. പാറ്റ ആ സമയം 8-10 അടി ഉയരത്തിലും.

ഞാനും ഏതായാലും അവിടെ തന്നെ കാത്തു നിനു എന്തൊക്കെ ആണ്‌ സംഭവിക്കുക എന്നറിയില്ലല്ലൊ.

പുതിയ പുതിയ അനുഭവങ്ങള്‍ എപ്പോഴും ഒരു ഹരമല്ലെ?

അങ്ങനെ നമ്മുടെ പാറ്റ താഴേക്കു വന്നു കൊണ്ടിരിക്കുന്നു.

ഞാന്‍ പൂച്ചയെ നോക്കണോ പാറ്റയെ നോക്കണൊ എന്നറിയാതെ കുഴങ്ങി വേഗം വേഗം മാറിമാറി നോക്കിക്കൊണ്ടിരിക്കുകയാണ്‌. എവിടെയാണ്‌ എന്താണ്‌ സംഭവിക്കുക എന്നറിയില്ലല്ലൊ

പാറ്റ നിലത്തു നിന്നും ഏകദേശം ഒരടിയോളം എത്തിക്കാണും ഞാന്‍ ആ നേരം നമ്മുടെ പൂച്ചയെ നോക്കിയിരിക്കുകയായിരുന്നു.

പെട്ടെന്ന് പൂച്ച ഇരുന്ന ഇരിപ്പില്‍ ഒരു ചാട്ടം. മുന്നോട്ടല്ല മുകളിലേയ്ക്ക്‌. തിരികെ അത്‌ ഇരുന്നിടത്തു തന്നെ ലാന്‍ഡ്‌ ചെയ്തു.

കണ്ണുകള്‍ തുറിപ്പിച്ച്‌ എന്തോ അവിശ്വസനീയമായ കാഴ്ച്ച കണ്ടതുപോലെ നോക്കി നില്‍ക്കുന്നു.
ഞാന്‍ അവിടെയ്ക്കു നോക്കി.

നമ്മുടെ പാറ്റയെ ഒരു മാക്രി(തവള) അവിടെ വച്ചു തന്നെ ഒരു ചാട്ടത്തിനു വായിലാക്കിയിരിക്കുന്നു.

അങ്ങനെ ഒരു കുരിശ്‌ അവിടെ കാണും എന്ന് പാറ്റയോ പൂച്ചയോ പോയിട്ട്‌ ഞാന്‍ പോലും വിചാരിച്ചിരുന്നില്ല

പൂച്ച ഇളിഭ്യനായി നോക്കുന്നതു കണ്ടപ്പോള്‍ അതിന്റെ ഉടമസ്ഥന്‍ എന്ന നിലയില്‍ എനിക്കു പോലും നാണമായി.

പോട്ടെ പുല്ല്‌ എന്ന ഭാവത്തില്‍ പൂച്ച വേഗം എന്റെ കാലില്‍ മുട്ടിയുരുമ്മി പാലിനായി പോന്നു. പാറ്റയെ നാസ്തയടിക്കാം എന്നു വിചാരിച്ചത്‌ കാക്ക- സോറി മാക്രി- കൊണ്ടുപോയില്ലെ

പോകുന്ന വഴി ഞാന്‍ ആലോചിക്കുകയായിരുന്നു. നമുടെ പൂൂൂര്‍വികര്‍ പണ്ട്‌ കാട്ടില്‍ താമസിച്ചപ്പോഴും ഇതുപോലെ ഒക്കെ ആയിരുന്നിരിക്കും അല്ലേ?

അവര്‍ നടക്കുന്ന വഴികളില്‍ ഒക്കെ
എവിടെ എങ്കിലും ഒക്കെ ഓരോ പുലിയോ സിംഹമോ കടുവയോ ഒക്കെ നോക്കിയീക്കും അടുത്തു വരട്ടെ അപ്പോള്‍ പിടിച്ചാല്‍ മതിയല്ലൊ എന്തിനാ വേറുതെ ഓടിയും ചാടിയും മെനക്കെടുന്നത്‌ എന്നും വിചാരിച്ച്‌.

എന്തായിരുന്നിരിക്കും അവരുടെ ഒക്കെ ജീവിതം?

Sunday, May 08, 2011

അതിഫയങ്കര കണ്ടിപിടിത്തം

ഒരു "അതിഫയങ്കര കണ്ടിപിടിത്തം" ഇവിടെ വായിക്കാം
"പ്ലാന്‍േറഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ തേയിലക്കൊതുകിനെതിരെ പ്രയോഗിച്ച് ദുരന്തം വിതച്ച എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്ക് പ്രകൃതിദത്ത ബദലായി പുളിയുറുമ്പുകളെ ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) കണ്ടെത്തി. ഐ.സി.എ.ആറിനു കീഴിലുള്ള കാസര്‍കോട് സി.പി.സി.ആര്‍.ഐയുടെ അനുബന്ധസ്ഥാപനമായി കര്‍ണാടക പുത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കശുമാവ് ഗവേഷണ കേന്ദ്രത്തിന്റെ തോട്ടത്തിലാണ് ഇതിനുള്ള വിജയകരമായ പരീക്ഷണം നടക്കുന്നത്."

നോബല്‍ സമ്മാനം എങ്കിലും കോടുക്കണം

58. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം3":

പാവല് പോലെ ഉള്ളവയില് പുഴു പിടിക്കാതിരിക്കാന് എന്റെ അമ്മാവന് ചെയ്തിരുന്ന ഒരു വിദ്യ പാവല് വള്ളിയില് തന്നെ നീര് എന്നു ഞങ്ങള് വിളിക്കുന്ന പുളിയുറുമ്പ് - ചുവപ്പു നിറത്തിലുള്ള ഒരുതരം ഉറുമ്പിന്റെ കൂട് കൊണ്ടു വയ്ക്കുകയായിരിന്നു. കീടങ്ങളെ ഒക്കെ അവര് തിന്നോളും, പാവയ്ക്ക നമുക്കും കിട്ടും.

റിട്ടയര് ആയി വരട്ടെ എനിക്കും ഇതു തന്നെ പ്ലാന്
http://mini-minilokam.blogspot.com/2010/12/3.html

this was a comment I put last year.

People used to practise anything which is in line with nature.
But the so called "SCIENTISTS" !!!

Saturday, May 07, 2011

പാമ്പുപുരാണം -3

ഇതിന്റെ തുടര്‍ച്ച--

ചെക്കന്റെ ഒരു കയ്യില്‍ ഞാന്‍ കൊടുത്ത മുളവടി. മറുകയ്യില്‍ വെട്ടുകത്തി. സഹോദരി റ്റോര്‍ച്ച്‌ അടിച്ചു കൊടുക്കുന്നു.

അമ്മയും അച്ഛനും കുളിമുറിയ്ക്കകത്തു നിന്നു ശ്രദ്ധിക്കുന്നു. ശര്‍മ്മ ഒരു വശത്ത്‌. ഞാന്‍ ധൈര്യം കൂടുതലുള്ള ആളായതു കൊണ്ട്‌ അവന്റെ അച്ഛന്റെ പിന്നില്‍ നിന്നു അയാളുടെ തോളിനുമുകളിലൂടെ എത്തിനോക്കുന്നു.

അവന്‍ പതിയെ പതിയെ കട്ടളയുടെ അടിഭാഗം ദ്രവിച്ചതെല്ലാം വെട്ടിമാറ്റി.

അതിനടുത്തു പാകിയിരിക്കുന്ന കല്ലും പതിയെ പൊട്ടിച്ചു കൊണ്ടിരിക്കുന്നു.
മുളവടി അവന്‍ ഉലക്ക പിടിക്കുന്ന രീതിയില്‍ ആണ്‌ പിടിച്ചിരിക്കുന്നത്‌ അതിന്റെ താഴത്തെ അറ്റം , കൊത്തിപ്പൊളിക്കുന്ന ഭാഗത്തിനു തൊട്ടു മുകളില്‍ വരത്തക്കവണ്ണം.

ഏതായാലും കല്ലിന്റെ ഒരു കഷനം തെറിക്കലും അടിയില്‍ നിന്നും ചീറ്റിക്കൊണ്ട്‌ പാമ്പ്‌ മുകളിലേക്കു വരലും ഒന്നിച്ചു കഴിഞ്ഞു.

പക്ഷെ കോബ്ര ഫൈറ്റര്‍ എന്ന അവന്റെ പേര്‍ എത്ര അന്വര്‍ത്ഥമാണെന്ന് അപ്പോള്‍ ഞങ്ങള്‍ മനസിലാക്കി. ഒരു ഞൊടിയിടയില്‍ അവന്റെ കയ്യിലിരുന്ന മുളവടി ഉലക്ക ഇടിക്കുന്ന രീതിയില്‍ തന്നെ താഴേക്ക്‌ അവന്‍ ഇടിച്ചു. ആ പാമ്പിന്റെ തലയില്‍ തന്നെ. തല ചതഞ്ഞരഞ്ഞ അതിനെ അവന്‍ പിടിച്ചു വലിച്ചു മുഴുവന്‍ പുറത്തിട്ടു . അതേ ഏകദേശം ആറടി നീളമുള്ള ഒരു മൂര്‍ഖന്‍.

ശര്‍മ്മാജി ഏതായാലും മൂത്രം ഒഴിച്ചില്ല എന്നാണു തോന്നുന്നത്‌. അതെങ്ങനാ ഒന്നുകില്‍ തന്നെ പോയിക്കാണുമായിരിക്കും അല്ലെങ്കില്‍ ആവിയായി പോയിക്കാണും ആ ടെന്‍ഷനില്‍ അല്ലെ?

സംഗീതം: സംഗീതപാഠം നാല്‌

സംഗീതം: സംഗീതപാഠം നാല്‌: "ഇടതു കൈ കൊണ്ടും വലതു കൈകൊണ്ടും ഇത്രയും ഒക്കെ പരിശീലിച്ചു കഴിഞ്ഞു എങ്കില്‍ ഇനി നമുക്കു പഠിക്കാനുള്ളത്‌ രണ്ടു കൈകളും ഒന്നിച്ച്‌ ഉയോഗിക്കുന്ന വ..."

Friday, May 06, 2011

സംഗീതം: സംഗീതപാഠം മൂന്ന്‌

സംഗീതം: സംഗീതപാഠം മൂന്ന്‌: "ഇനി നമുക്ക്‌ സരിഗമപധനിസ എന്ന സ്വരങ്ങള്‍ മുഴുവന്‍ വായിക്കുവാന്‍ പരിശീലിക്കാം വലതു കൈ ഉപയോഗിക്കുമ്പോള്‍ അതില്‍ ആദ്യത്തെ മൂന്നു സ്വരങ്ങല്‍ കഴി..."

Tuesday, May 03, 2011

പാമ്പുപുരാണം -2

പാമ്പുപുരാണം-1 ഇവിടെ വായിക്കാം


അങ്ങനെ കട്ടിലില്‍ കാലും കയറ്റി വച്ച്‌ ഇരുന്ന കാര്യം എഴുതിയപ്പോഴാണ്‌ മറ്റു പലരും
ഉണ്ട്‌ ഇതുപോലെ എന്നോര്‍മ്മ വന്നത്‌

ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ , അന്ന്‌ എന്റെ മകന്‍ മഹേശ്‌ ചെറിയ കുട്ടിയാണ്‌,
അവനെ എന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠന്റെ വീട്ടില്‍ വിട്ടു.

ചേട്ടത്തിയമ്മ ആണെങ്കില്‍ എന്നെക്കാള്‍ വളരെ ധൈര്യശാലി. രാത്രി കിടക്കുന്നതിനു
മുമ്പ്‌ മുറിയുടെ ജനാലയുടെ കതകിന്റെ ഇടയ്ക്കെ വിടവു മാത്രമല്ല വശത്തുള്ള ഓവു പോലും
തുണി വച്ച്‌ അടച്ചിട്ടെ കിടക്കൂ ഇനി അതില്‍ കൂടി എങ്ങാനും പാമ്പ്‌ വന്നാലോ?

അവര്‍ അന്നു വൈകിട്ട്‌ കാസെറ്റ്‌ എടുത്ത്‌ ആനക്കോണ്ടയുടെ പടം കണ്ടു.
പടം കണ്ടു കഴിഞ്ഞപ്പോള്‍ ചേട്ടത്തിയമ്മ മഹേശിനോടു പറഞ്ഞു മോന്‌ പേടി ആണെങ്കില്‍
വല്യമ്മയുടെ കൂടെ കിടന്നോ. ഒറ്റയ്ക്കു കിടക്കാതിരിക്കാന്‍ ഒരു വഴി നോക്കിയിരുന്ന
അവന്‍ സമ്മതിച്ചു.
പക്ഷെ ഒരുറക്കമായപ്പോള്‍ മഹേശ്‌ സ്വപ്നം കണ്ടിട്ട്‌ ചാടി എഴുനേറ്റിരുന്നു
ചേട്ടത്തിയമ്മയുടെ കാലില്‍ പിടികൂടിയിട്ട്‌ വിളിച്ചു കൂവി "വല്യമ്മെ ദാ ആനക്കോണ്ട
വന്നു."
ഞെട്ടിയുണര്‍ന്ന ചേട്ടത്തിയമ്മ കാലില്‍ പിടികൂടിയത്‌ ആനക്കോണ്ട തന്നെ എന്നു
വിചാരിച്ച്‌ വിയര്‍ത്തു കുളിച്ച്‌ നോക്കുമ്പോള്‍ കാലില്‍ നിന്നും പിടി വിടാതെ
പകുതിയുറക്കത്തില്‍ നമ്മുടെ മഹേശ്‌.

കാളരാത്രി എന്നായിരുന്നു അടുത്ത ദിവസം ചേട്ടത്തിയമ്മ ആ രാത്രിയെ പറ്റി എന്നോടു
പറഞ്ഞത്‌.

ആ അതിരിക്കട്ടെ

അങ്ങനെ എട്ടു മണി ആയി. ശര്‍മ്മാജി വന്നു. "ഹ ഇതെന്താ എന്റെ മുറിയില്‍ ലൈറ്റ്‌
ഇല്ലാത്തെ"?


നല്ല കാര്യം ഞാന്‍ പതുക്കെ പറഞ്ഞു "അതേ കാലത്തേതിന്റെ ബാക്കി വല്ലതും
അകത്തിരിപ്പുണ്ടൊ എന്നറിയില്ലല്ലൊ . അതുകൊണ്ട്‌ ഞാന്‍ അങ്ങോട്ടു പോയില്ല. ബാ
നമുക്കു രണ്ടു പേര്‍ക്കും കൂടി പോകാം എന്നു പറഞ്ഞ്‌ റ്റോര്‍ച്ചും തെളിച്ചു
പിടിച്ച്‌ പോയി സ്വിച്ചിട്ടു
ഭാഗ്യം യാതൊരു കുഴപ്പവും ഇല്ല.

ഇനി അടൂക്കള . അതിന്റെ കതകിന്റെ താഴത്തെ പടിയില്‍ നല്ല ഒരു വിടവുണ്ട്‌ അതിനകത്ത്‌
ഒരു പൂച്ചയ്ക്കു കയറിയിരിക്കാം പിന്നാ പാമ്പിന്‌. അതിനകത്തെല്ലാം റ്റോര്‍ച്ചടിച്ചു
നോക്കി അടൂക്കളയില്‍ എത്തി. ആഹാരം ഒക്കെ റെഡിയാക്കി അത്താഴം കഴിച്ചു. തിരികെ
പാത്രമെല്ലാം കഴുകിവച്ചിട്ട്‌ മുന്‍ വശത്തെത്തി.

അല്‍പം വാചകമടിയും വിശ്രമവും എല്ലാം കഴിഞ്ഞു. ശര്‍മ്മാജിക്കു പോകാറായി.

ശര്‍മ്മ പറഞ്ഞു ഞാന്‍ ഒന്നു മൂത്രമൊഴിച്കിട്ടു വരാം
പുള്ളിക്കാരന്‌ ഒരു സ്വഭാവം ഉണ്ട്‌ കക്കൂസില്‍ പോയേ മൂത്രമൊഴിക്കൂ.
ഞാന്‍ പറഞ്ഞു "താന്‍ പോകുന്ന വഴിക്ക്‌ വഴിയിലെവിടെയെങ്കിലും അങ്ങു സാധിക്ക്‌ . ഇനി
ഈ രാത്രിയില്‍ ആ കക്കൂസിന്റവിടെ പോകണ്ടാ"

എവിടെ ? പറഞ്ഞാല്‍ കേള്‍ക്കുന്ന സ്വഭാവം ഉണ്ടെങ്കിലല്ലെ.
പുള്ളി കക്കൂസിലേക്കു തന്നെ പോകും എന്ന് നിര്‍ബന്ധം.

ഞാന്‍ വീണ്ടും പിന്തിരിപ്പിക്കാന്‍ നോക്കി. അവസാനം പറഞ്ഞു "ഒരു കാര്യം ചെയ്യ്‌
റ്റോര്‍ച്ചു കൊണ്ട്‌ പോ സൂക്ഷിച്ച്‌ എല്ലായിടവും നോക്കിയേ പോകാവൂ."

അങ്ങനെ റ്റോര്‍ച്ചും പിടിച്ച്‌ ശര്‍മ്മ കക്കൂസു ലക്ഷ്യമാക്കി യാത്രയായി

കുളിമുറിയില്‍ എത്തിയ ശേഷം അവിടെ നിന്നൊരു വിളി "വൈദ്യരമ്മാവാ ഓടി വാ ദാ പാമ്പ്‌"

അതെന്നെ കളിയാക്കാനാണെന്ന് എനിക്കുടനെ തന്നെ മനസ്സിലായി. ഇത്രയധികം പേടിപ്പിച്ചാല്‍
ആരാണെങ്കിലും വിടുമോ. "ഒന്നു പോടെ" ഞാന്‍ പറഞ്ഞു "വേഗം മൂത്രമൊഴിച്ചിട്ടു വാ"

ശര്‍മ്മ വീണ്ടും പറഞ്ഞു "അല്ല വൈദ്യരമ്മാവാ സത്യമാ പാമ്പ്‌ ദാ ഇവിടുണ്ട്‌"

ഇനി വേറെ വല്ല വഴിക്കും കൂടി എന്റടുത്തേക്കും വരുന്നതിനു മുന്‍പ്‌ ശര്‍മ്മയുടെ
അടൂത്തു തന്നെ പോകുന്നതാണ്‌ നല്ലത്‌ എന്നെനിക്കു തൊന്നി. അവിടെ ചെന്നു
നോക്കുമ്പൊഴോ?

ഞങ്ങളുടെ കുളിമുറിയുടെ വാതിലിന്റെ കട്ടളയുടെ അടീഭാഗത്തെ തടി മുഴുവന്‍ ദ്രവിച്ചു
പോയതാണ്‌. കതകുകള്‍ താഴെ മുട്ടുകയില്ല. ശര്‍മ്മ റ്റോര്‍ച്ചടിച്ചു നോക്കുമ്പോള്‍
കതകിനു താഴെ സാധാരണ കാണേണ്ട വിടവില്ല. അവിടേയ്ക്കു തന്നെ റ്റോര്‍ച്ചടിച്ചു
പിടിച്ചിരിക്കയാണ്‌ ശര്‍മ്മ . സൂക്ഷിച്ചു നോക്കിയപ്പോള്‍ ആ നീളം മുഴുവനും ഒരു
പാമ്പിനെ ശരീരം കൊണ്ടു നിറഞ്ഞിക്കുന്നു.


അശ്രദ്ധമായി അഥവാ അവിടെ ചെന്നു വാതില്‍ തുറന്നു ചവിട്ടി ഇരുന്നു എങ്കില്‍ !!!

ഞാന്‍ പറഞ്ഞു "ശര്‍മ്മാജി നോക്കി നിന്നൊ ഞാന്‍ ഇപ്പൊ പോയി അവനെ വിളിച്ചോണ്ടു വരാം"

പാമ്പ്‌ ഇപ്പോള്‍ അവിടെയാണ്‌ എന്നുറപ്പായതു കൊണ്ട്‌ എനിക്കു വെളിയിലേക്കിറങ്ങി
ഓടാന്‍ ഒരു ഭയവും ഇല്ല. ഞാന്‍ ഓടി വീണ്ടു അവനെ വിളിച്ചു.

അവന്‍ എന്തോ അതു കേള്‍ക്കാന്‍ കാത്തിരുന്നതു പോലെ എല്ലാവരും പഴയതു പോലെ ഓടി എത്തി .
ഇത്തവണ ഒരു വലിയ ലൈറ്റും കൂടി ഉണ്ട്‌ - പെട്ടിപോലെ നാലു ബാറ്ററി ഇട്ടു കത്തിക്കുന്ന
ഒരു ടോര്‍ച്ച്‌.

എല്ലാവരും കുളിമുറിയുടെ അകത്തെ വാതിലിനടുത്തെത്തി.

ശര്‍മ്മ ഇമവെട്ടാതെ റ്റോര്‍ച്ചണയ്ക്കാതെ അതിനെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു
അതുവരെ.

മൂത്രം അവിടെ എങ്ങാനും പോയോ എന്ന് അറിയില്ല ആ തെരക്കില്‍ അതു ചോദിക്കാനും
വിട്ടുപോയി

വലിയ റ്റോര്‍ച്ചിന്റെ വെളിച്ചത്തില്‍ വ്യക്തമായി കണ്ടു ആ റ്റോര്‍ച്ചിന്റെ ബോഡിയോളം
മുഴുപ്പുള്ള പാമ്പിന്റെ ശരീരം. പക്ഷെ വാലും തലയും കാണാനില്ല.

അപ്പോള്‍ ചെക്കന്‍ തോക്ക്‌ അവന്റെ അച്ഛ്ഹന്റെ കയ്യില്‍ കൊടൂത്തു എന്നിട്ടു പറഞ്ഞു.
"ഞാന്‍ പുറമെ പോയി അതിനെ കമ്പു കൊണ്ടു കുത്തി ചാടിക്കാം അച്ഛന്‍ വെടിവച്ചോ"

തോക്ക്‌ അവന്‍ അവന്റെ അച്ഛന്റെ കയ്യില്‍ കൊടൂക്കുന്നതു കണ്ടപ്പോള്‍ തന്നെ
എനിക്കെന്റെ പാതി ജീവന്‍ പോയി.

ദൈവമേ കഞ്ചാവടിച്ച്‌ ലെവലില്ലാതെയാണ്‌ ഞാന്‍ അയാളെ മിക്കവാറും കണ്ടിട്ടുള്ളത്‌
ഇയാള്‍ ഇനി എന്താണാവൊ കാണിക്കുന്നത്‌.

ഏതായാലും ഞങ്ങള്‍ ആത്മരക്ഷാര്‍ത്ഥം - വല്ല പട്ടിയോ മറ്റൊ വന്നാല്‍ ഓടിക്കാന്‍ എന്നെ
അര്‍ത്ഥമുള്ളു - സൂക്ഷിച്ചിരുന്ന ഒരു രണ്ടര അടി നീളമുള്ള മുളവടിയും ലൈറ്റും കൊണ്ട്‌
ചെക്കന്‍ പുറമെ പോയി.

കതകു തുറന്നു കൊടൂത്ത്‌ അവിടെ എത്തിക്കാന്‍ ഞാനും കൂടെ പോയി എങ്കിലും
അവന്റെ കയ്യില്‍ തോക്കില്ലാത്തതുകൊണ്ട്‌ ഞാന്‍ തിരികെ അകത്തേക്കു തന്നെ പോന്നു.

ആ കതകിന്റെ പുറം ഭാഗത്ത്‌ പാകിയിരുന്ന കരിങ്കല്‍ പാളികള്‍ അല്‍പം ഉയര്‍ന്നിരുന്നതു
കൊണ്ട്‌ അവന്‌ എത്ര ശ്രമിച്ചിട്ടും ആ മുളവടിയുടെ അറ്റം പാമ്പിന്റെ ശരീരത്തോട്‌
അടുപ്പിക്കന്‍ കഴിഞ്ഞില്ല.
അവിടെ ഉള്ള വിടവ്‌ അതിനും മാത്രം വലിയതല്ലായിരുന്നു.

കുറച്ചു നേരം നോക്കിയിട്ടും ഒന്നും നടക്കുന്നില്ല എന്നു കണ്ടപ്പോള്‍ അവന്റെ അച്ഛന്‍
ചോദിച്ചു " എടാ ഞാന്‍ ഇവിടെ നിന്നു തന്നെ അങ്ങു കാച്ചിയേക്കട്ടെ . കതകിന്റെ
അടിയില്‍ കാണുന്ന ശരീരം ഛിന്നഭിന്നമായാലും മതിയല്ലൊ പാമ്പ്‌ ചാകില്ലെ?
"
അവന്‍ സമ്മതിച്ചു . കതകിനു പിന്നില്‍ നിന്നും മാറിയിട്ട്‌ അച്ഛന്‍ വെടിവച്ചൊ "
എന്ന് അനുവാദം കൊടുത്തു.

ഠേ-

പഴയതുപോലെ പുകയും ശബ്ദവും ബഹളവും . കതകുകള്‍ തമ്മില്‍ ചേരുന്നിടത്ത്‌ ഒരു പാളിയുടെ
മൂല പൊട്ടിത്തെറിച്ചു വെളിയില്‍ വീണു.


ഒപ്പം അടിയില്‍ കിടന്നിരുന്ന പാമ്പ്‌ ഇഴഞ്ഞിഴഞ്ഞ്‌ ആ കട്ടിളയുടെ അടീല്‍
ഉണ്ടായിരുന്ന ഒരു വിടവിലേക്ക്‌ ഇറങ്ങാനും തുടങ്ങി.

ആദ്യത്തെ വെടി കൊണ്ടില്ല എന്നു മനസ്സിലായപ്പോള്‍ തന്തപ്പടി രണ്ടാമത്തെ കുഴലില്‍
നിന്നും വെടി പൊട്ടിച്ചു

അതു തന്നെ മറ്റേ കതകിന്റെയും അടിയിലത്തെ മൂല തെറിച്ചു പോയി പാമ്പിനെ കാണാനും ഇല്ല.

പാമ്പ്‌ മറഞ്ഞു എന്നു കണ്ടപ്പോള്‍ ചെക്കാന്‍ അകത്തു വന്നു അവിടെ പോയി കതകു തുറന്നു.
അതിനടിയില്‍ ഒരു വലിയ അളയുണ്ട്‌ പക്ഷെ കരിങ്കല്ലു പാകിയിരിക്കുന്നതു കൊണ്ട്‌
പെട്ടെന്നൊന്നും ഒന്നും ചെയ്യാന്‍ പറ്റില്ല. അവന്‍ പറഞ്ഞു ആ അതു പോയല്ലൊ ഇനി പോയി
കിടന്നുറങ്ങിക്കൊ

അപ്പോള്‍ ഞാന്‍ ഇടപെട്ടു . ഒരു കാര്യം ചെയ്യ്‌ നിങ്ങള്‍ എല്ലാവരും ഇവിടെ കിടന്നൊ
ഞങ്ങള്‍ നിങ്ങളുടെ വീട്ടില്‍ കിടന്നോളാം.

നല്ല കാര്യമായി ഒരെണ്ണത്തിനെ കൊന്നു അതിനെ അന്വേഷിച്ചു വന്നതിനെ വെടിവച്ചു
പേടിപ്പിച്ചു വിട്ടിരിക്കുന്നു ഇനി അവിടെ കിടന്നാലത്തെ കാര്യം


ഞാന്‍ തീര്‍ത്തു പറഞ്ഞു

ഒന്നുകില്‍ എന്തു ചെയ്താണെങ്കിലും അതിനെ ഇല്ലാതാക്കുക അല്ലെങ്കില്‍ താമസം മാറുക
.

അതോടു കൂടി അവനും വാശിയായി കോബ്ര ഫൈറ്റര്‍ അല്ലെ
അവന്‍ എന്നോട്‌ വെട്ടുകത്തിയും വാങ്ങി പതിയെ ആ കട്ടളയുടെ താഴ്ഭാഗം
കൊത്തിപൊട്ടിക്കാന്‍ തുടങ്ങി.

Sunday, May 01, 2011

പാമ്പുപുരാണം 1

ആദ്യഭാഗം ഇവിടെ വായിക്കാം പാമ്പുപുരാണം 2 ഇവിടെ വായിക്കാം

പൂച്ചപുരാണം രണ്ടാംഭാഗത്തിനു മുന്‍പ്‌ വേറൊരു പാമ്പുപുരാണം ഉണ്ട്‌

ഞങ്ങള്‍ താമസിച്ചിരുന്ന വീടിനെ കുറിച്ചല്‍പം. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാനും ഒരു ശര്‍മ്മയും -(ഒരു കമ്പനിയില്‍ എഞ്ജിനീയര്‍) ഒന്നിച്ചായിരുന്നു താമസം

ആ വീടിന്റെ മുന്‍ വശം മതില്‍ ഉണ്ടാക്കിയിരിക്കുന്നത്‌ പലക പോലെ ഉള്ള കരിങ്കല്‍ പാളികള്‍ കുത്തി നിര്‍ത്തിയാണ്‌ (സ്ഥലം കര്‍ണ്ണാടകയില്‍ ആയിരുന്നു കേട്ടൊ) ഏകദേശം ഇരുപതടി നീളം മതില്‍ അതിനു പിന്നില്‍ ഒരു പത്തടി വീതിയില്‍ മുറ്റം ആ മുറ്റം മുഴുവനും കറുത്ത കല്ല്‌ പാകിയിരിക്കുന്നു.

ഈ മതിലിന്റെ കല്ലുകള്‍ക്കിടയിലും പാകിയിരിക്കുന്ന കല്ലുകള്‍ക്കിടയിലും ആവശ്യത്തിനു വിടവും ഉണ്ട്‌.

വീടിന്റെ മുന്‍ വശം net അടിച്ചു മറച്ച ഒരു കോലായ. അതിന്റെ ഒരു വശത്തായി ഒരു മുറി - ഞാന്‍ ഉപയോഗിക്കുന്നത്‌.

കോലായയ്ക്കു പിന്നില്‍ വലിയ ഒരു മുറി ശര്‍മ്മയ്ക്ക്‌ അതിനു പിന്നില്‍ സ്റ്റോര്‍ . ഞാന്‍ ഉപയോഗിക്കുന്ന മുറിയ്ക്കു പിന്നില്‍ ശര്‍മ്മയുടെ മുറിയ്ക്കു സമമായ സ്ഥലം ഒരു മുറിയും അടൂക്കളയും ആയിതിരിച്ചിരിക്കുന്നു. അടുക്കളക്കു പിന്നില്‍ കുളിമുറി

കുളിമുറിയില്‍ നിന്നും വെളിയിലേയ്ക്ക്‌ ഒരു വാതില്‍ ഉണ്ട്‌ അതില്‍ നിന്നും പത്തടി പോയാല്‍ കക്കൂസ്‌

ആ പത്തടി വരുന്ന സ്ഥലത്തിന്റെ വശം ഒരു പൊക്കമുള്ള മതില്‍

നിലം മുഴുവന്‍ കടപ്പ കല്ലു പാകിയിരിക്കുന്നു.

വാതിലുകളുടെ കട്ടളയുടെ എല്ലാം താഴത്തെ പടികള്‍ ദ്രവിച്ചത്‌- അതില്‍ തന്നെ ദ്വാരങ്ങള്‍ ഉള്ളത്‌. കെട്ടിടത്തിന്റെ തറയിലും അതുപോലെ പല പല ദ്വാരങ്ങള്‍ അങ്ങനെ ഭാര്‍ഗ്ഗവീ നിലയം എന്നു വിളിക്കാന്‍ പറ്റില്ല അത്തരം ഒരു വീട്‌.

അങ്ങനെ ഒരു ദിവസം ഞാന്‍ കാലത്ത്‌ വൈദ്യശാലയിലേക്കു പോകാന്‍ തുടങ്ങുന്നു.

ശര്‍മ്മാജി Night Duty കഴിഞ്ഞു വന്ന്‌ കിടന്നുറങ്ങാന്‍പോകുന്നു

എന്നെ യാത്രയാക്കി വാതില്‍ അടയ്ക്കാന്‍ ശര്‍മ്മ പുറത്തെ വാതിലിനടൂത്തു നില്‍ക്കുന്നു ഞാന്‍ ഗേറ്റിനടൂത്തു നിന്ന് വെറുതെ ചുറ്റും നോക്കിയതാണ്‌. അപ്പോള്‍ ഞങ്ങളുടെ മുറ്റത്തിന്റെ കിഴക്കുവശത്തെ മതിലായി നാട്ടിയിരിക്കുന്ന കരിങ്കല്‍പാളികളുടെ ഇടയില്‍ എന്തോ ഒന്നനങ്ങുന്നു.

സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു വലിയ മഞ്ഞച്ചേരയുടെ തലപോലെ തോന്നി.

ഞാന്‍ ശര്‍മ്മയെ വിളിച്ചു പറഞ്ഞു " ശര്‍മ്മാജി ഞാന്‍ എന്നാല്‍ പോട്ടെ തന്റെ കൂട്ടുകാരന്‍ വന്നു. ഇനി നിങ്ങള്‍ സൊറ പറഞ്ഞോണ്ടിരി"

ഇതും പറഞ്ഞ്‌ ഞാന്‍ അതിനെ ശര്‍മ്മയ്ക്കു കാണിച്ചു കൊടൂത്തു.

പതിയെ ആ പാമ്പ്‌ ഇഴഞ്ഞിഴഞ്ഞ്‌ മുറ്റത്തേക്കിറങ്ങി.

പക്ഷെ തലയുടെ പിന്‍ഭാഗം കണ്ടപ്പോഴല്ലെ നെഞ്ചിനകത്ത്‌ ഒരാന്തല്‍. എന്റമ്മോ മൂര്‍ഖന്‍ . അതിനു മുന്‍പ്‌ ഞാന്‍ മൂര്‍ഖനെ കണ്ടിരിക്കുന്നത്‌ ഏകദേശം ഒരു പെന്‍സിലിന്റെ വലിപ്പമുള്ളതായിരുന്നു. ഇതോ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ മഞ്ഞച്ചേരയെക്കാള്‍ വലുത്‌.

പെട്ടെന്നു ശര്‍മ്മയെ വിളിച്ചു പറഞ്ഞു എടോ കതകടച്ച്‌ ചാടി വെളിയില്‍ പോരെ

ഞങ്ങളുടെ വീട്ടുടമസ്ഥന്‍ താമസിക്കുന്നത്‌ ഞങ്ങളുടെ വീടിന്റെ വശത്തു തന്നെ ഉള്ള സ്വന്തം വീട്ടില്‍ ആണ്‌.

അവര്‍ നാലുപേര്‍ - അച്ഛനും അമ്മയും മകനും മകളും.

അച്ഛന്‍ ഒരു വ്യാജ ഡോക്റ്റര്‍ . പക്ഷെ അതിന്റെ അഹംഭാവം ഒന്നുമില്ല. കഞ്ചാവടിച്ച്‌ മിക്കവാറൂം നല്ല നിലയില്‍ ആയിരിക്കും.

പക്ഷെ മകന്‍ മിടുക്കന്‍ അവനെ ആ നാട്ടുകാര്‍ വിളിച്ചിരുന്നത്‌ "കോബ്ര ഫൈറ്റര്‍" എന്നായിരുന്നു. കാരണം മൂര്‍ഖന്‍ പാമ്പിനെ കാണിച്ചു കൊടുത്താല്‍ പിന്നെ അതിനെ കൊല്ലാതെ അവന്‍ ആ ഭാഗത്തു നിന്നു പോരികയില്ല.

ഒരിക്കല്‍ ഒരു പാടത്ത്‌ രണ്ടു ദിവസം തുടര്‍ച്ചയായി ഇരുന്നു . അവന്റെ പെങ്ങള്‍ ആഹാരവും മറ്റും കൊണ്ടു കൊടുക്കും - അവസാനം ആ കണ്ട പാമ്പിനെയും കൊണ്ടെ തിരികെ പോന്നുള്ളു.

പിന്നെ കാശിനു പഞ്ഞമില്ലാത്തവര്‍ ആയതു കൊണ്ട്‌ അവര്‍ക്ക്‌ അതൊക്കെ തമാശകള്‍ മാത്രം.

ഇവരുടെ വീട്ടില്‍ ആണ്‌ താമസം എന്നതുകൊണ്ട്‌ കോബ്ര ഞങ്ങള്‍ക്കും ഒരു പ്രശ്നമല്ലായിരുന്നു.

അപ്പോള്‍ ഞാന്‍ ശര്‍മ്മയെ വിളിച്ചു പറഞ്ഞു "ശര്‍മ്മാജി താന്‍ ഇവിടെ നിന്നു നോക്കിക്കോ അതെങ്ങോട്ടാ പോകുന്നത്‌ എന്ന്. ഞാന്‍ പോയി അവനെ വിളിച്ചോണ്ടു വരാം"

പറയലും ഓട്ടവും എല്ലാം ഒപ്പം കഴിഞ്ഞു. ശര്‍മ്മ കതകടച്ചിട്ടിട്ട്‌ പാമ്പിനു കാവലായി നിന്നു.

ഉടമസ്ഥന്റെ വീട്ടിലെത്തിയ ഞാന്‍ കതകില്‍ മുട്ടി.

8.45 ആയിട്ടും ഉറക്കം തെളിഞ്ഞിട്ടില്ല. ചെറുക്കന്‍ (അന്നവന്‌ ഏതാണ്ട്‌ 16-17 വയസ്‌) കതകു തുറന്നു

ഞാന്‍ കിതച്ചു കൊണ്ട്‌ പറഞ്ഞു വീട്ടില്‍ പാമ്പ്‌

അവന്‍ പറഞ്ഞു വല്ല ചേരയുമായിരിക്കും അങ്ങു പൊക്കോളും - അവന്‍ ഉറക്കം തുടരാനുള്ള തിരക്കാണേ


അല്ല മൂര്‍ഖനാ ഞാന്‍ പറഞ്ഞു

"മൂര്‍ഖന്‍" എന്ന ശബ്ദം കേട്ടതും അവനിലെ ഫൈറ്റര്‍ ഉണര്‍ന്നു.
ഒരു ചാട്ടത്തിന്‍ അവരുടെ ഇരട്ടക്കുഴല്‍ തോക്കും കയ്യിലാക്കി അവന്‍ എന്നെക്കാള്‍ മുന്നില്‍ എന്റെ വീട്ടിലെത്തി. എവിടെ പാമ്പ്‌ ?

ഞാനും പിന്നാലെ
ഞങ്ങളുടെ രണ്ടുപേരുടെയും പിന്നാലെ അവന്റെ പെങ്ങളും അമ്മയും അച്ഛനും എല്ലാം.

ഞങ്ങള്‍ ഗേറ്റിലെത്തുമ്പോഴേക്കും നമ്മുടെ പാമ്പന്‍ ചേട്ടന്‍ ഇഴഞ്ഞിഴഞ്ഞ്‌ മുറ്റത്തിന്റെ പകുതിയോളം എത്തിയിരുന്നു.

ചെക്കന്‍ തോക്ക്‌ അലസമായി പിടിച്ച്‌ ഒരു വെടി

അതിനു മുമ്പ്‌ ഞാന്‍ കണ്ടിട്ടുള്ളത്‌ ചൂരല്‍ കൊണ്ട്‌ വെടിമരുന്നു നിറച്ച്‌ മുണ്ടിയെ വെടിവയ്ക്കുന്ന പരിപാടി മാത്രം. അതുകാരണം ഈ ശബ്ദം കേട്ടപ്പോള്‍ ഒരടി ചാടിപ്പോയി എന്റെ തൊട്ടടുത്തു നിന്നാണെ.

ശബ്ദത്തോടൊപ്പം പുകകാരണം ഒന്നും കാണാനും വയ്യ
ദൈവമേ വെടി അതിനിട്ടു കൊണ്ടിട്ടില്ലെങ്കില്‍ - കാണിച്ചു കൊടൂത്തവന്‍ ഞാനായതു കൊണ്ട്‌ അതെന്റെ നേരെ തന്നെ വരുമല്ലൊ എന്നു പേടിച്ചു ഞാന്‍ റോഡിലേക്കോടി.

വെടിവച്ച ചെക്കനാകട്ടെ ഒരു കൂസലുമില്ലാതെ പാമ്പിനെ കണ്ടഭാഗത്തേക്കും.

റോഡിലേക്കു ചാടിയ ഞാന്‍ തിരികെ വന്ന് അവനെ പിന്നോട്ട്‌ വലിച്ചു.

എവിടെ? അവന്‍ എന്റെ പിടി വിടുവിച്ച്‌ മുന്നോട്ടു തന്നെ

അപ്പോഴേക്കും പുക അടങ്ങിത്തുടങ്ങി. അവന്‍ നേരെ ചെന്ന് പാമ്പിന്റെ വാലില്‍ പിടിച്ചു തൂക്കി കൊണ്ടു വന്നു.

പൊക്കി കാണിച്ചു അതിന്റെ തല ഇല്ല

കഴുത്തിന്റെ ഭാഗം വിടര്‍ത്തി ആ പത്തിയുടെ അടയാളം ഞങ്ങളെ ഒക്കെ കാണിച്ചു തന്നു.

ങാ ഇനി എല്ലാവര്‍ക്കും പോകാം

പക്ഷെ എനിക്കൊരു സംശയം.

ഇതിനെകൊണ്ട്‌ ഇനി കുഴപ്പം ഇല്ല പക്ഷെ കഥകളില്‍ കേട്ടിരിക്കുന്നത്‌ ഇതിന്റെ ഇണ വരുമെന്നല്ലേ?

അതിനെന്തു ചെയ്യും ദയനീയമായി ഞാന്‍ അവനോടു തന്നെ ചോദിച്ചു.

അവന്‍ എന്നെ ആക്കിയ ഒരു നോട്ടം നോക്കി.

എന്നിട്ട്‌ ഉറക്കെ ഒരു ചിരിയും

മറ്റു നിവൃത്തികള്‍ ഒന്നും ഇല്ലാതിരുന്നതു കൊണ്ട്‌ ഞാന്‍ അതൊക്കെ അങ്ങു സഹിച്ചു പക്ഷെ പിന്നെയും ചോദിച്ചു അല്ല അങ്ങനെ എങ്ങാനും ഇനി വന്നാലൊ?

ഓ വന്നാല്‍ അപ്പൊ വിളിച്ചാല്‍ മതി
അങ്ങനെ പറഞ്ഞ്‌ അവര്‍ പോയി

അന്നത്തെ പകല്‍ അങ്ങനെ കഴിഞ്ഞു പകല്‍ ധൈര്യമായി ഞങ്ങള്‍ അടുക്കളയില്‍ പോയി ചോറു
വച്ചു വിളമ്പി ഉണ്ടു. രാത്രിയിലേക്കുള്ള ഭക്ഷണം എല്ലാം തയ്യാറാക്കി വച്ചു.

വൈകുന്നേരം നാലുമണിയ്ക്കു ശര്‍മ്മാജി ജോലിക്കു പോകും പിന്നീട്‌ 8 മണിക്ക്‌ ഊണു കഴിക്കാന്‍ വരും അതു കഴിഞ്ഞു പോയാല്‍ പിന്നെ കാലത്തു വരും അതാണ്‌ പതിവ്‌
ഉച്ചയ്ക്കു ശേഷം 3 മണീയ്ക്ക്‌ വൈദ്യശാലയില്‍ പോയാല്‍ 7 മണിയ്ക്കു ഞാന്‍ തിരികെ വരും.

പകല്‍ വെളിച്ചം ഒക്കെ ഉണ്ടായിരുന്നതു കൊണ്ട്‌ എനിക്ക്‌ അപാര ധൈര്യം ആയിരുന്നു. പക്ഷെ 7 മണിക്കു വീട്ടില്‍ വന്നു കയറിയശേഷം ഒരു ചെറിയ ഭയം

ചെറിയ എന്നു പറഞ്ഞാല്‍ വളരെ ചെറിയത്‌ അതായത്‌ കോലായ്ക്കു പിന്നിലുള്ള മുറിയില്‍ കയറാന്‍ തോന്നുന്നില്ല അതിന്റെ സ്വിച്ച്‌ മുറിയുടെ നടൂക്കാണ്‌ അവിടം വരെ ഇരുട്ടത്തു പോണം. അതു പറ്റുന്നില്ല അല്ലാതെ വല്യ പേടി ഒന്നും ഇല്ല.

അതുകൊണ്ട്‌ സാധാരണ ചെയ്യുന്നതുപോലെ ഉച്ചയ്ക്കലത്തെ ആഹാരം ഒന്നുകൂടി ശരിയാക്കി വിളമ്പി വയ്ക്കുന്ന പതിവു വേണ്ട തല്‍ക്കാലം 8 മണീയ്ക്ക്‌ ശര്‍മാജി കൂടെ വന്നിട്ട്‌ ആഹാരമൊക്കെ തയ്യാറാക്കിയാല്‍ മതി എന്നു തീരുമാനിച്ച്‌ കട്ടിലിനു മുകളില്‍ കാലുകള്‍ കയറ്റി വച്ച്‌ കാത്തിരുന്നു അതും പേടിച്ചിട്ടൊന്നും അല്ല വെറുതെ എന്തിനാ നമ്മളായി ഓരോ ജോലി ഉണ്ടാക്കുന്നത്‌ എന്നു വിചാരിച്ച്‌.

എങ്ങനെ എങ്കിലും ഒന്ന്‌ 8 മണീയാകണെ എന്നായിരുന്നു അപ്പോഴത്തെ പ്രാര്‍ത്ഥന - ശര്‍മ്മാജി വരുമല്ലൊ, പക്ഷെ അതു കഴിഞ്ഞ്‌ ഊണും കഴിച്ച്‌ ശര്‍മ്മാജി പോകുമല്ലൊ എന്നുള്ളത്‌ പിന്നത്തേക്കു വച്ചതായിരുന്നു. പിന്നെ പേടിക്കേണ്ടത്‌ എന്തിനാ ഇപ്പോഴേ പേടിച്ചു തീര്‍ക്കുന്നത്‌ അല്ലെ?

തുടരും