Monday, November 27, 2006

പലാശം എന്നു സംസ്കൃതത്തിലും പ്ലാശ്‌ എന്നു മലയാളത്തിലും

ആയുര്‍വേദത്തില്‍ ക്ഷാരപ്രയോഗങ്ങളും ശസ്ത്രക്രിയകളും മറ്റും പണ്ടുണ്ടായിരുന്നു. എന്നാല്‍ ബുദ്ധമതത്തിന്റെ പിടിയില്‍ പെട്ട്‌ അവ ലുപ്തപ്രചാരമായിത്തീര്‍ന്നു- അഹിംസയാണത്രെ വേണ്ടത്‌. ക്ഷാരങ്ങളില്‍ വച്ച്‌ പലാശക്ഷാരം ഉണ്ടാക്കുന്നത്‌ പലാശം എന്നു സംസ്കൃതത്തിലും പ്ലാശ്‌ എന്നു മലയാളത്തിലും വിളിക്കപ്പെടുന്ന മരം ഉപയോഗിച്ചാണ്‌. ഇത്‌ രണ്ടു തരം ഉണ്ട്‌ ചുവപ്പു പൂക്കളുള്ളതും , വെളുത്ത പൂക്കളുള്ളതും. വെളുത്തതാണ്‌ ശ്രേഷ്ഠം. ഇവയുടെ പടങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നു. (ചിത്രങ്ങള്‍ അത്ര മെച്ചമല്ലാത്തതില്‍ ക്ഷമിക്കുക)പൂക്കാലത്ത്‌ ഇവ മുരുക്കിനെ പ്പോലെ മുഴുവനും പൂക്കളെ കൊണ്ടു നിറയുന്നു.

Stem and mature Leaf
Tender Leaf

white flowerwhite flower
Red Flower

11 comments:

 1. ഈ പോസ്റ്റിനു നന്ദി. പലാശം, പ്ലാശ് എന്നിവ എന്താണെന്നതിനെപ്പറ്റി നേരത്തേ ഒരു സംവാദം നടന്നതു് ഇവിടെയും ഇവിടെയും കാണാം. അവസാനം അതു ചമത തന്നെയാണെന്നു ദേവരാഗം സമര്‍ത്ഥിച്ചു. ആ രണ്ടു ത്രെഡും വായിച്ചിട്ടു് അവയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എത്രത്തോളം ശരിയാണെന്നു് ഒന്നു വിശദമാക്കാമോ?

  ReplyDelete
 2. പലാശം, പ്ലാശ്‌, സമിത്‌, ചമത ഇതെല്ലാം ഒന്നു തന്നെ. Butea monosperma എന്ന ലിങ്കില്‍ അതിന്റെ ചുവന്ന ഇനത്തിന്റെ പടമാണ്‌ കൊടുത്തിരിക്കുന്നത്‌. നാട്ടിലെ മുള്ളു മുരിക്കും ഇതേപോലെ തന്നെ പൂക്കുന്ന ചെടിയാണ്‌ പക്ഷെ അതിനു മുള്ളുണ്ട്‌ എന്നു മാത്രം.

  പലാശത്തിന്റെ ഒരു ഗുണം കടുത്ത വേനലില്‍ മറ്റു മരങ്ങളുടെ ഇലകളെല്ലാം വാടി നശിക്കുമ്പോഴും ഇതിന്റെ ഇലകള്‍ തളിരിട്ടു നില്‍ക്കും എന്നതാണ്‌. വടക്കെ ഇന്ത്യയില്‍ ആഹാരം കഴിക്കാനായി ഇതിന്റെ ഇലകള്‍ കൂട്ടി കോര്‍ത്തെടുക്കുന്നു.

  പൂവരശ്‌ എന്നത്‌ ശീലാന്തി എന്ന മരമാണ്‌ മദ്ധ്യകേരളത്തില്‍ കട്ടില്‍ പണിയാനുള്ള ഏറ്റവും നല്ല തടിയായിട്ടാണ്‌ ഇതിനെ കരുതുന്നത്‌, കാരണം ഇത്‌ ഒടിയുകയില്ല. അരയാലിന്റെ ഇല പോലെയുള്ള ഇലകളും നിലവിളക്കിന്റെ ആകൃതിയിലുള്ള പൂ ഞെട്ടും ഇതിനെ തിരിച്ചറിയാന്‍ സഹായിക്കുന്നു.

  ReplyDelete
 3. പണിക്കരു മാഷേ ദേ എന്നെ വീണ്ടും ഞെട്ടിച്ചു. ഇത്ര വല്യേ മരാണോ ഈ ചമത. ചമത വച്ച് തീപൂട്ടി യാഗം നടത്തി എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ അതൊരു കെട്ട് പുല്ലായിരുന്നു. ഹൊ! എന്റോരേ മണ്ടന്‍ വിചാരങ്ങള്‍. ഒരുപാട് നന്ദി മാഷേ, ഇത്തരം പരിചയപ്പെടുത്തലുകള്‍ക്ക്. പണ്ട് നടത്തിയ സംവാദവും കുറേ പടങ്ങളും കണ്ടു. ആ വകയില്‍ ഉമേഷ് ഗുരുക്കള്‍ക്ക് നന്ദി.

  “ ആയുര്‍വേദത്തില്‍ ക്ഷാരപ്രയോഗങ്ങളും ശസ്ത്രക്രിയകളും മറ്റും പണ്ടുണ്ടായിരുന്നു. എന്നാല്‍ ബുദ്ധമതത്തിന്റെ പിടിയില്‍ പെട്ട്‌ അവ ലുപ്തപ്രചാരമായിത്തീര്‍ന്നു- അഹിംസയാണത്രെ വേണ്ടത്‌“
  ഇതൊന്നും മനസ്സിലായില്ല.
  എന്താണ് ക്ഷാരപ്രയോഗം? ശസ്ത്രക്രിയ എന്നാല്‍ ഹിംസയാണ് എന്നാണോ ബുദ്ധമതം പറയുന്നത്?

  ഓഫ്: ഇത്ര നല്ല ഒരു ബ്ലോഗിനെന്തിനാ മാഷേ കമന്റ് മോഡറേഷന്‍? അതോണ്ടാണ് പലപ്പോഴും ഇതില്‍ കമന്റ് കുറവുണ്ടാകുന്നത്, ഒത്തിരി പേരിത് കാണാതെ പോകുന്നത്. ഇവിടെ ആരും ഒന്നും മോ‍ശമായത് പറയാന്‍ വകുപ്പില്ല. (വെറുതെ ഒരു അഭിപ്രായം പറഞ്ഞൂന്നേ ഉള്ളൂ. ;))

  ReplyDelete
 4. anal glands പഴുത്തുണ്ടാകുന്ന fistula നെ ആയുര്‍വ്വേദം ഭഗന്ദരം എന്ന പേരിലാണ്‌ വിളിക്കുന്നത്‌ . അതിന്‌ ആധുനികര്‍ നടത്തുന്ന ശസ്ത്രക്രിയയെക്കാളും ഫലപ്രദമാണ്‌ ക്ഷാരസൂത്രപ്രയോഗം.
  (ക്ഷാരങ്ങള്‍ ഉപയോഗിച്ചുള്ള ചികില്‍സയുടെ ഒരു വകഭേദം)

  തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ അതു വീണ്ടും പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്‌

  ശസ്ത്രക്രിയ, ശവശരീരം ഉപയോഗിച്ചു പഠിക്കല്‍ ഇവയെല്ലം ബുദ്ധമതാവിര്‍ഭാവത്തിനു ശേഷം ഇല്ലാതാകുകയും അങ്ങനെ ശസ്ത്രക്രിയചാര്യനായ സുശ്രുതന്റെ അനുയായികളുടെ ചികില്‍സാരീതികള്‍ പ്രചാരത്തിലില്ലാതാകുകയും ചെയ്തു

  പിന്നെ ഡാലിയേ കമന്റിനേ പേടിച്ചല്ല മോഡറേഷന്‍ വച്ചത്‌ ആദ്യം അങ്ങനെ ചെയ്തു പോയെന്നേ ഉള്ളു. കമന്റിന്റെ നിലവാരം അതെഴുതുന്നയാളുടെ വ്യക്തിത്വത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. ക്രിയാത്മകമായ വിമര്‍ശനത്തിന്‌ ഞാന്‍ എന്നും അനുകൂലമാണ്‌ അതിന്‌ മറുപടിയോ , തിരുത്തലാണെങ്കില്‍ അതൊ എന്തു വേണമെങ്കിലും ഞാന്‍ ചെയ്യാറുമുണ്ട്‌ , അല്ലാതെ വെറുതേ നായ കുരക്കുന്നതുപൊലെയുള്ളതിനെ അവ അര്‍ഹിക്കുന അവജ്ഞയോടെ അവഗണിക്കാറും ഉണ്ട്‌-അക്ഷരശാസ്ത്രം നോക്കിയാല്‍ അറിയാം- അത്രയേ ഉള്ളു. ഏതായാലും മോഡറേഷന്‍ കളയാന്‍ നോക്കാം. നിര്‍ദ്ദേശത്തിന്‌ നന്ദി

  ReplyDelete
 5. പലാശവും പ്ലാശും തേടിയുള്ള ചര്‍ച്ചയില്‍ അന്നു ചമതയുടെ പേരു വന്നിരുന്നില്ലല്ലോ. ചമതയെ കുറിച്ചുള്ള അറിവു് ആദ്യമായാണു്, നന്ദി മാഷേ.

  ReplyDelete
 6. പ്രിയ പെരിങ്ങോടര്‍ജീ,
  ഉമേഷ്‌ എഴുതിയതില്‍ തന്നെ ദേവരാഗം ചമതയാണെന്നു സമര്‍ത്ഥിച്ചു എന്നുണ്ടല്ലൊ. പിന്നീടു പര്യായപദങ്ങള്‍ പറഞ്ഞപ്പോഴും അവസാനം വന്ന "സമിദ്വരഃ" എന്നതില്‍ സമിത്‌ എന്ന വാക്ക്‌ ചമതയെ സൂചിപ്പിക്കുന്നു.

  ഒന്നുകൂടി;
  പൂവരശിന്റെ പടം ദേവരാഗം ആദ്യം കൊടുത്തതു തന്നെ.http://www.nybg.org/bsci/belize/Thespesia_populnea.jpg

  ഇത്രയും പേര്‍ ഇതില്‍ തല്‍പരരാണെന്നറിയുന്നതില്‍ സന്തോഷമുണ്ട്‌.
  ഞങ്ങള്‍ പഠിക്കുന്ന കാലത്ത്‌ ചില ഔഷധങ്ങള്‍ കണ്ടാല്‍ പരീക്ഷക്കു മുമ്പു ഒന്നുകൂടി ഓര്‍ംമ പുതുക്കാന്‍ സാധ്യമല്ലായിരുന്നു. ഇനി വരുന്നവര്‍ക്ക്‌ വേണമെങ്കില്‍ ഉപകരിച്ചുകൊള്ളട്ടെ എന്നു കരുതി പോസ്റ്റ്‌ ചെയ്യുകയായിരുന്നു എനിക്കുകിട്ടിയ പടങ്ങളൊക്കെ.
  ചെടികളുടെ ബൊടാണിക്കല്‍ പേര്‌, മലയാളം പേര്‌ , സംസ്കൃതം പേര്‌ പടം ഇവയെല്ലാം ചേര്‍ത്ത്‌ excel file ഒരെണ്ണം ഉണ്ടാക്കാന്‍ തുടങ്ങിയിട്ടു കൊല്ലം 8 ആയി . അതില്‍ മലയാളം font ileap ഉപയോഗിച്ചാണ്‌ ചെയ്തത്‌, ഇനിയും മുഴുവനായിട്ടില്ല. അതുപോലൊരെണ്ണം വരമൊഴിയില്‍ ചെയ്യാന്‍ സാധിക്കുമോ എന്നറിഞ്ഞാല്‍ കൊള്ളാം

  ReplyDelete
 7. ഹരിതേജസ്സേ,

  എന്റെ കയ്യിലുമൂണ്ട് പകുതി പണി കഴിഞ്ഞ അത്തരമൊരു എക്സല്‍ ഫയല്‍! അതു ഞാന്‍ എത്രയും പെട്ടെന്ന് മുഴുവനാക്കി അയച്ചുതരാം എന്നു വിചാരിച്ചിരിക്കുകയായിരുന്നു. ഇതു വരെ നടന്നില്ല.
  യഉണിക്കോഡില്‍ തന്നെ.

  ഒരു കാര്യം ചെയ്യൂ. ആ ഫയല്‍ എനിക്കു തരൂ. ഞാന്‍ എല്ലാം കൂടി ഒരുമിച്ച് യുണികോഡില്‍ ആക്കി തിരിച്ചുതരാം പെട്ടെന്നു തന്നെ.

  ReplyDelete
 8. Dear ViSwam,

  I have sent it from my official ID.
  Regards

  ReplyDelete
 9. വളരെ നല്ല പോസ്റ്റ്. ഔഷധസസ്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ട്. കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
  അഭിനന്ദനങ്ങള്‍.
  ആവനാഴി

  ReplyDelete
 10. ആവനാഴിക്കു നന്ദി,

  അതു കഴിഞ്ഞും കുറെ പോസ്റ്റുകള്‍ ഉണ്ട്‌ പിന്നീട്‌ എന്റെ നെറ്റ്‌ കണക്ഷന്‍ വേണ്ടത്ര നേരം തുടര്‍ന്ന്‌ പ്രവര്‍ത്തിക്കാത്തതു കോണ്ട്‌ ചിത്രങ്ങളൊന്നും അപ്ലോഡാന്‍ പറ്റുന്നില്ല.
  indiaheritage1@blogspot.com ല്‍ ഇതുവരെയുള്ളവ മുഴുവന്‍ കാണാം. അതുപോലെ magham.blogspot.com ല്‍ മാഘന്റെ ശിശുപാലവധം കാവ്യത്തിലെ 19 ആം സര്‍ഗ്ഗത്തിലെ വിശേഷപ്പെട്ട ശ്ലോകങ്ങളും കൊടുത്തിട്ടുണ്ട്‌.
  നോക്കുമല്ലൊ

  ReplyDelete
 11. പ്ലാശ് ആണോ തേയില തോട്ടങ്ങളിൽ കാണുന്ന മനോഹരമായ ചുവന്ന പൂക്കൾ ഉണ്ടാകുന്ന മരങ്ങൾ??

  ReplyDelete