Monday, September 26, 2016

ബാല്യകാലസ്മരണകൾ - 2

കുളത്തിൽ നീന്താനും മാത്രം ആയപ്പോൾ പിന്നെ കുളി തോട്ടിലേക്കു മാറ്റി.
തോട് എന്നു വച്ചാൽ ആയാപറമ്പ് ആനാരി എനീ രണ്ടു കരകളെ തിരിക്കുന്ന ഏകദേശം പതിനഞ്ചടി വീതി ഉള്ള ഒരു തോട്. അവിടത്തെ ഒരു പ്രത്യേകത ആണ്അച്ചങ്കോവിലാറിന്റെ രണ്ടു കരയിലും ഉള്ള  കരപ്രദേശത്തിനു ജലസേചനം ആയി നിറയെ തോടൂകൾ ഉണ്ട്. അവ തെക്കുവടക്കായി ഈരണ്ടു ഗ്രാമങ്ങളെ വേർതിരിച്ച് അങ്ങനെ ഒഴുകും.

പാടത്തു കൃഷിക്കുള്ള വെള്ളം ഇതിൽ നിന്നാണെടൂക്കുക. മഴക്കാലത്ത് ഒലിച്ചിറങ്ങുന്ന വള്ളം തിരിക തുപോലെ തോടു വഴി ആറിലെത്തും

ആണ്ടിലൊരിക്കൽ തോടു വൃത്തിയാക്കും വള്ളം വറ്റിച്ച്  വെട്ടിക്കയറ്റി ഇടും. അതുകാരണം സ്വഛമായ വെള്ളം   ആണ്ടു മുഴുവൻ തോട്ടിലുണ്ടാകും. ഗ്രാമത്തിലെ സ്ത്രീപ്രുഷന്മാരുടെ കുളി, തുണിനന ഇവ മിക്കവാറും തൊടൂകളിൽ തന്നെ.

ഞങ്ങൾക്കു കുളിക്കാൻ തോട്ടിൽ എത്തുവാൻ രണ്ടു വഴികൾ. ഒന്ന് കിഴക്കുവശത്തെ പാടവരമ്പിൽ കൂടി  നേരെ അങ്ങു പോവുക. രണ്ട് അടുത്തുള്ള രണ്ടു പറമ്പുകളിൽ ഉള്ള വീടൂകൾക്കിടയിൽ കൂടി പോവുക.

ഇതിൽ ആദ്യത്തെ പറമ്പ് കുറ്റിയിൽ മുക്കിനു വീടുള്ള ഒരു മുസ്ലിം ന്റെ ആയിരുന്നു. അദ്ദേഹവും വെളുത്ത് നല്ല പൊക്കമുള്ള ഒരാൾ , തേങ്ങ ഇടാൻ സമയം ആകുമ്പോൾ വെളുത്ത മുണ്ടും വെളുത്ത ഉടുപ്പും ഒരു തലയിൽ കെട്ടും (അതും വെളുത്തത്)ആയി ഒരു കാലങ്കുടയും പിടിച്ച് വരും. തേങ്ങ ഇടീക്കും പോകും. അത്രയെ ഞാൻ കണ്ടിട്ടുള്ളു. പറമ്പിൽ പുലയസമുദായത്തിൽ പെട്ട അനേകം ആളുകൾ കുടികിടപ്പുണ്ടായിരുന്നു.

കുടികിടപ്പു നിയമം വന്നതോടു കൂടി പിന്നീട് അദ്ദേഹത്തിനു തേങ്ങ ഇടീക്കേണ്ട ജോലി ഒഴിവായിക്കിട്ടിഅതുകൊണ്ട് പിന്നെ അങ്ങോട്ടു വരേണ്ട കാര്യവും ഇല്ലാതായി.


ഞങ്ങളുടെ പാടത്തെ പണീക്കെല്ലാം അന്ന് അവർ ആയിരുന്നു പ്രധാനം.

ചെറിയ ചെറിയ കുടിലുകൾ, പക്ഷെ എത്ര വൃത്തിയാണെന്നൊ. അതിനു ചുറ്റുവട്ടവും പുരയ്ക്കകവും. ചാണകം മെഴുകി വൃത്തിയാക്കി ഇട്ടിരിക്കും. ഓലമടൽ മെടഞ്ഞ താണു മറയും കതകും.

അതിനകത്ത് ഒന്നു കയറി ഇരിക്കണം എന്നൊക്കെ അന്നു തോന്നിയിരുന്നു. അത്ര ഭംഗിയായി അവർ അതു സൂക്ഷിച്ചിരുന്നു.

അവരുടെ ഉൽസവങ്ങൾ വളരെ പ്രത്യേകത ഉള്ളതാണ്‌. നാട്ടിലെ അമ്പലത്തിലെ ഉൽസവങ്ങൾ അല്ല അവർ ആഘോഷിച്ചിരുന്നത്. അവരുടെതായ ചില ഉൽസവങ്ങൾ - അവയൊന്നും ഇന്നോർമ്മയില്ല. എന്നാലും  ദിവസങ്ങളിൽ രാത്രി മുഴുവൻ പാട്ടും തുള്ളലും ഒക്കെ കേൾക്കാം.

അതിൽ വെള്ളമടിയും ഒക്കെ ഉണ്ടായിരുന്നതു കൊണ്ട്, അതൊന്നും കാണാൻ അനുവാദം ഉണ്ടായിരുന്നില്ല.

ബാധ കയറിയതു പോലെ ഉള്ള തുള്ളലും കൊട്ടും പാട്ടും ഒക്കെ കേട്ടിരുന്നു എന്നു മാത്രം.

വീടൂകൾ ഉള്ള പറമ്പു കഴിഞ്ഞാൽ നേരെ എത്തുന്നത് തെറ്റിമൂട്ടിൽ വീട്. അവിടെ പ്രായം ഉള്ള ഒരമ്മൂമ്മയും, അവരുടെ മകനും മാത്രം. മകൻ കുറുപ് സർ. ഏതൊ സ്കൂളിലെ അദ്ധ്യാപകൻ ആണ്‌. കാലത്ത് വെളുത്ത മുണ്ടും ഉടുപ്പും ഇട്ട് കഷത്തിൽ ഒരു ബാഗും , കയ്യിൽ കുടയും ആയി സ്കൂളിലേക്ക് പോകുന്നതും വരുന്നതും ഒരു പ്രത്യേക ചന്തം ആയിരുന്നു.

തെറ്റിമൂട്ടിൽ വീടിന്റെ കിഴക്കെ അതിരു തോടാണ്‌.

അവിടെ ഇറങ്ങാൻ ഒരു പ്രത്യേക കാരണം ഉണ്ട്. അവിടെ ചവിട്ടു പടിയായി കിടക്കുന്നത്  ഇളം മഞ്ഞ നിറത്തിൽ ഒരു കല്ല്.

അത് വെറും കല്ലല്ല. പണ്ട് ഒരു ചാക്ക് സിമന്റ് അവിടെ കിടന്ന് ഉറച്ചു പോയതായിരുന്നു. ചാക്കെല്ലാം ദ്രവിച്ച് അതിനകത്തുള്ള സിമന്റ് ചാക്കിന്റെ അതേ രൂപത്തിൽ കല്ലായിട്ടു കിടക്കുന്നു. നല്ല മിനുസം. അതിൽ കയറി നില്ക്കുന്നത് അന്നത്തെ ഒരു രസമായിരുന്നു.

അമ്മയും ചേച്ചിയും തുണീനനയും കുളിയും ഒക്കെ കഴിയുന്നതു വരെ തോട്ടിൽ ചാടിയും നീന്തിയും ഞാനും സമയം കഴിച്ചു കൂട്ടും.

അന്ന് സോപ്പ്   ഒരു ആർഭാടം ആയിരുന്നു. ഒരു ലൈഫ്ബോയ് സോപ്പ് വാങ്ങി മൂന്നായി കണ്ടിച്ചാണ്വയ്ക്കുകഇഞ്ച ആയിരുന്നു കൂടുതൽ ഉപയോഗം

തലയിൽ എണ്ണ വയ്ക്കണം ഇഞ്ച തേച്ചു കുളിക്കണം , ഇതെ ഉണ്ടായിരുന്നുള്ളു അന്നത്തെ പതിവ്.

ഇന്നല്ലെ കീടാണുക്കളെ എണ്ണി എണ്ണി കൊല്ലുന്ന പതിവ് വന്നത്. അതോടൂ കൂടി മിക്കവർക്കും ആശുപത്രിയിൽ നിന്ന് ഇറങ്ങാനും നേരമില്ലാതായി.

അയല്പക്കത്തൊന്നും എനിക്കു തരക്കാരായി ആൺകുട്ടികൾ ഇല്ലാതിരുന്നത് എനിക്കൊരു വലിയ ക്ഷീണം ആയിരുന്നു.

തെക്കെ വീട്ടിൽ ശശിചേട്ടൻ എന്നെക്കാൾ നാലു വയസ് മൂത്തത്, അതു കൊണ്ട് എന്റെ ചേട്ടനും പുള്ളിയും കമ്പനി ആയിഞാൻ ഔട്. പിന്നെ ശശിചേട്ടന്റെ അനിയത്തി വൽസലയും അതിന്റെ ഇളയത് ഗീതയും. വൽസല എന്റെ പ്രായം. അതു കൊണ്ട് അന്ന് അരിയും കൂട്ടാനും വച്ചു കളിക്കുക, കച്ചവടം കളിക്കുക ഇതൊക്കെ ഞങ്ങൾ ഒന്നിച്ചായിരുന്നെങ്കിലും നാലു വയസോളം ആയപ്പോഴേക്കും ഞങ്ങൾ അതൊക്കെ നിർത്തി. ആരും നിർത്തിച്ചതല്ല, തന്നെ നിന്നു പോയി.

അങ്ങനെ കൂട്ടില്ലാത്തതു കാരണം എന്റെ പ്രിയപ്പെട്ട കൂട്ടുകാർ വീട്ടിലെ പട്ടിയും പൂച്ചയും പശുവിൻ കിടാക്കളും ആയിരുന്നു.

അന്നൊന്നും കലണ്ടർ എന്ന വസ്തു ഇല്ലപഞ്ചാംഗം ആണുണ്ടായിരുന്നത്.  “എഞ്ചുവടീ പഞ്ചാംഗം”   എന്നു നീട്ടി വിളിച്ചു കൊണ്ട് , തലയിൽ ഒരു തടിപ്പെട്ടിയും താങ്ങി പ്രായം ഉള്ള ഒരപ്പൂപ്പൻ  ഇടയ്ക്കിടയ്ക്ക് നാടു നീളെ ചുറ്റും. അദ്ദേഹത്തിന്റെ കയ്യിൽ നിന്നും വാങ്ങുന്ന പഞ്ചാംഗം ആണ്‌  അന്ന്  സമയനിർണ്ണയത്തിനുള്ള ഉപാധി. അതുപോലെ തന്നെ വേറെ ഒരപ്പൂപ്പൻ “”പാല്ക്കായം മീറാ“”  എന്നു വിളിച്ചു പറഞ്ഞു കൊണ്ടു വരും. രണ്ടു സാധങ്ങളും ഞാൻ കണ്ടിട്ടില്ല, പക്ഷെ ഒടിവിനും ചതവിനും ഒക്കെ മരുന്നായി ഉപയോഗിക്കുമത്രെ.

ആശുപത്രി ഒന്നും അടൂത്തെങ്ങും ഇല്ല. അതിനു ഹരിപ്പാട്ട് പോകണം 5 കിലൊമീറ്റർ. പോകണം എങ്കിൽ നടന്നു തന്നെ പോകണം.

കലണ്ടർ ഇല്ലെങ്കിലും മലയാള മാസം ഒന്നാം തീയതി അറിയാൻ എങ്ങും പോകണ്ട.

നേരം വെളുക്കുന്നതിനു വളരെ മുൻപെ തന്നെ പാണന്മാർ വന്ന് പറമ്പിൽ ഇരുന്നു പാടുംഅവർ വീട്ടുകാരെ കാണരുത് പോലും.  എന്തോ ഐതിഹ്യ കഥയൊക്കെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്ഏതായാലും അവർ പാടിക്കഴിയുമ്പോഴേക്കും അമ്മ അവർക്കുള്ള അരിയും തേങ്ങയും ഒക്കെ എടുത്ത് പുറത്ത് വച്ചു കൊടൂക്കും.  തമ്മിൽ കാണണമെന്നില്ലല്ലൊ

ഞാനും  അവരെ കണ്ടിട്ടില്ല , പാട്ടു കേട്ടിട്ടെ ഉള്ളുഎല്ലാ മാസവും ഒന്നാം തീയതി അവർ എങ്ങനെ അറിയുന്നൊ ആവൊ?

അവർ ഉറങ്ങുന്നത് എവിടെയായിരുന്നൊതാമസിക്കുന്നത് എവിടെ ആയിരുന്നുവൊ?

ഇപ്പോൾ അവരുടെ ബാക്കി ആളുകൾ ഉണ്ടോ?
ഒന്നും അറിയില്ല


5 comments:

 1. ഇന്ന് എന്തെന്തു മാറ്റങ്ങള്‍ അല്ലേ?
  പറമ്പുകളും,കുളങ്ങളുമെല്ലാം ഓര്‍മ്മകളിലായി...
  ആശംസകള്‍

  ReplyDelete
 2. .എന്തെല്ലാം ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളാ സർ!!!! നിറഞ്ഞ സന്തോഷത്തൊടെ വായിച്ചു.ബാക്കി കൂടെ വായിക്കട്ടെ.പിന്നെ പാണർ എന്ന വിഭാഗമല്ലേ അമ്പലങ്ങളിൽ,സർപ്പപ്രതിഷ്ഠയുടെ മുന്നിൽ ഇരുന്ന് പുള്ളുവൻ പാട്ട്‌ ചെയ്യുന്നത്‌?എഞ്ചുവടി എന്ന വാക്ക്‌ തന്നെ മറന്നു പോയിരുന്നു. എഞ്ചുവടി എന്ന് കേട്ടപ്പോളേ ഞെട്ടിപ്പോയി. കാരണം മനസ്സിലായുമില്ല ബാക്കി കൂടി വായിക്കട്ടെ.

  ReplyDelete
  Replies
  1. പാണന്മാർ പറയി പെറ്റ പന്തിരുകുലത്തിലെ ഒരു തായ്വഴിയാണെന്നോ മറ്റൊ ഒരു കഥ കേട്ടിട്ടുണ്ട്.
   ഒന്നന്വേഷിക്കട്ടെ ചേട്ടനറിയാമയിരിക്കും

   Delete