Saturday, September 24, 2016

ബാല്യകാലസ്മരണകൾ - 1

പൂവിലും പൂമ്പാറ്റയിലും ഒക്കെ ഉള്ള  പലതരം വർണ്ണഭംഗികൾ  പച്ചപ്പുല്ലിലും ആസ്വദിക്കാൻ പറ്റുന്ന, പുതിയ പുസ്തകം തുറക്കുമ്പോൾ കിട്ടുന്ന സുഗന്ധം കണ്ണടച്ചു പിടീച്ച് ശ്വാസം നീട്ടിവലിച്ച് ആസ്വദിക്കുന്ന,  പായയിലൊ മെത്തയിലൊ  കിടക്കുന്നതിനെക്കാൾ ചളിവെള്ളത്തിൽ കുത്തി മറിയാനും , പുല്ലിനുമുകളിൽ കിടന്നുരുളാനും ഇഷ്ടപ്പെടൂന്ന ഒരു ബാല്യം, അതാരാണ്‌ ഇഷ്ടപ്പെടാത്തത്?

ഇഷ്ടപ്പെട്ടിട്ടു മാത്രം കാര്യം ഇല്ലല്ലൊ അല്ലെ? ഇന്നത്തെ മാതാപിതാക്കൾ അനുവദിക്കുമൊ?  അവർ കാണുന്നതു മുഴുവൻ “കീടാണുക്ക ളെ അല്ലെ?

കീടാണുക്കളിൽ നിന്നും ’രക്ഷിച്ച്  ’രക്ഷിച്ച് ആശുപത്രിയിൽ നിന്നും ഇറങ്ങാൻ നേരമില്ലാതാക്കിയില്ലെ?

പുണ്യം ചെയ്ത ഒരു ബാല്യം ഞങ്ങൾക്കുണ്ടായിരുന്നു.  അച്ചൻ കോവിലാറിന്റെ കരയിൽ, പായിപ്പാട്ടാറിന്റെ  തീരത്തുള്ള ആയാപറമ്പ്  എന്ന ചെറിയ ഗ്രാമം. ആ ഗ്രാമത്തിന്റെ നടുക്കു കൂടി പുഴ ഒഴുകിയിരുന്നതിനാൽ തെക്കെ കരയും വടക്കെ കരയും ആയി വിഭജിക്കപ്പെട്ടിരുന്നു. ഞങ്ങൾ തെക്കെ കരയിൽ.

റോഡിൽ നിന്നും ഒരു പുരയിടവും ഒരു പാടവും വിട്ട് രണ്ടാമത്തെ പുരയിടം ആയിരുന്നു ഞങ്ങളുടെത്. ആ പാടത്തിന്റെ നടുക്കു കൂടി ഉള്ള മൂന്നടി വീതിയുള്ള വരമ്പിൽ കൂടി വേണം വീട്ടിൽ എത്താൻ.

വലിയ ധനസമ്പത്തൊന്നും ഇല്ലായിരുന്നു എങ്കിലും , ആഹാരത്തിനു പഞ്ഞമില്ലാതെ, ആർഭാടങ്ങൾ ഒന്നും തന്നെ ഇല്ലാതെ സുഖമായി തന്നെ ആ കാലം കഴിഞ്ഞു പോന്നു. ഒന്നര ഏക്കറോളം പാടം ഉണ്ടായിരുന്നു. ഒന്നര ഏക്കർ വരുന്ന ഒരു പുരയിടം 110 തെങ്ങുകളോടു കൂടി ഉണ്ടായിരുന്നു. 15 സെന്റ് സ്ഥലം മറ്റൊരിടത്ത്. ഉണ്ടായിരുന്നു.

വീടു നിന്നിരുന്നതും ഏകദേശം ഒന്നര ഏക്കർ പുരയിടത്തിൽ. അവിടെ മൂന്നു വലിയ മാവുകൾ - രണ്ടാൾ കൈകൾ കൂട്ടി പിടിച്ചാലും കഷ്ടിച്ചു ചുറ്റും എത്തുന്നത്ര തടിയുള്ളവ. വേറെ മാവും കശുമാവും തെങ്ങും കവുങ്ങും  പേരയും കടച്ചക്കയും, (പൈനാപ്പിൾ)  വാഴയും പപ്പായയും ഒക്കെ പറമ്പിൽ.

ചേന കപ്പ കാച്ചിൽ മഞ്ഞൾ ഇഞ്ചി ചേമ്പ് തുടങ്ങി എല്ലാ കൂട്ടവും കൃഷി ഉണ്ട്.

രണ്ടൊ മൂന്നൊ പശുക്കളും കോഴിയും പട്ടിയും പൂച്ചയും ഉണ്ട്.

ഈ കൃഷി ഒന്നും പുറമെ ഉള്ള ആൾ വന്നല്ല ചെയ്യുന്നത്.

അമ്മ കാലത്ത് മൂന്നര മണിക്കു തന്നെ എഴുനേല്ക്കും. അന്നേരം മുതൽ മുറ്റമടി വെള്ളം തളിക്കൽ, ദിനകർമ്മങ്ങൾ പശുവിന്റെ കാര്യം നോക്കൽ  ഇവ തുടങ്ങുകയായി. പലതരം നാമങ്ങൾ ഉറക്കെ ചൊല്ലിക്കോണ്ടായിരുന്നു  അമ്മയുടെ നിത്യ കർമ്മങ്ങൾ. വായിച്ചിട്ടില്ലെങ്കിലും പലതും ഇന്നും എനിക്ക് കാണാപ്പാഠം ആയത് അങ്ങനെയാണ്‌.

അമ്മ ചൊല്ലിക്കേട്ട “മാതാ മരകതശ്യാമാ തെറ്റാണെന്ന് സ്കൂളിൽ പഠിച്ചപ്പോൾ തോന്നിയിരുന്നു എങ്കിലും അതും ശരിയാണെന്ന് പിന്നെ മനസിലായി.

പക്ഷെ അതിൽ ഒരു വലിയ തമാശ ഉണ്ടായത് കേൾക്കണ്ടെ

യസ്യ വശ്യാ ഭവന്തി സ്ത്രിയാഃ പൂരുഷഃ  എന്ന വരി ഞാൻ കേട്ടത്
യസ്യ ഭക്ത്യാ ഭവന്തി സ്ത്രിയാഃ പൂരുഷഃ

എന്നായിരുന്നു. ശെടാ അത് അപകടം ആണല്ലൊ എന്ന് ഓർത്ത് പലതവണ വിഷമിച്ചിട്ടുണ്ട്. ഇനി ഭക്തി കൂടി അമ്മയും ചേച്ചിയും ഒക്കെ ആണുങ്ങളായി പോകുമൊ എന്ന്

കുറച്ചു കൂടി വളർന്നപ്പോൾ അതും തിരുത്തിക്കിട്ടി. 

ഹ ഹ ഹ പറഞ്ഞു പറഞ്ഞു വഴി തെറ്റിപ്പോയി. ഇല്ല അമ്മ സമയാസമയങ്ങളിൽ വേണ്ട കൃഷികൾ എല്ലാം ചെയ്യും. സഹായത്തിനു ഞങ്ങളെയും കൂട്ടും. ചേന നടാനുള്ളത് തെരഞ്ഞെടുക്കുക, അവയെ ചാരം മുക്കുക, പാകത്തിനു മുളകൾ നോക്കി കഷണങ്ങൾ ആക്കുക ഇവയൊക്കെ അച്ഛന്റെ ജോലി.

വാരം ഉണ്ടാക്കി ഇഞ്ചി മഞ്ഞൾ ചേമ്പ് ഇവയെല്ലാം നട്ടുകഴിഞ്ഞ് അവയുടെ മുകളിൽ കരീല കൂട്ടി ഇട്ട്  നമ്മൾ തിരിച്ചു പോരുമ്പോഴേക്കും , വീട്ടിലെ കോഴികൾക്കാണു വെപ്രാളം. അവ ഓടി നടന്ന് ആ കരീല മുഴുവൻ ചിക്കി ചികഞ്ഞ് പുറത്തിടും.

കൂടൂതൽ കോഴികൾ ഉള്ളപ്പോൾ അവയ്ക്ക് അത്ര പ്രശ്നം ഇല്ല

എന്നാൽ ഒരിക്കൽ ആകെ ഒരു കോഴിയെ ഉള്ളായിരുന്നു. അന്നതിന്റെ വെപ്രാളം ഒന്നു കാണേണ്ടതു തന്നെ ആയിരുന്നു. ഓടി നടന്ന് ഓടീ നടന്ന് അത് കുഴച്ചെന്നു തോന്നി. ഒറ്റയ്ക്കിതെല്ലാം കൂടീ എങ്ങനെ ചികഞ്ഞിടൂം ?

ഞങ്ങൾ കുറെ നേരം ആ കാഴ്ച്ച കണ്ടാസ്വദിച്ചു നിന്നുപോയി.

അമ്മയുടെ ദിവസം തീരുന്നത് രാത്രി ഏകദേശം 8 മണിക്കു ശേഷം ആണ്‌.

ആഴ്ച്ചയിൽ ഒരിക്കൽ നെല്ലുകുത്തും. അതിന്‌ ഉരല്പ്പുര ഉണ്ട്. ഒരാഴ്ച്ചതേക്ക് ആവശ്യം ഉള്ള നെല്ല് എടുത്തു കഴിഞ്ഞാൽ മിക്കവാറും കിഴക്കെ വീട്ടിലെ ഉമ്പോറ്റി അമ്മയും എത്തും മെലിഞ്ഞ ഒരു അമ്മൂമ്മ. പാവം ബ്ലൗസ് ഒന്നും ഇടാറില്ല. ഒരു മുണ്ട് മാത്രം ചുറ്റിയിരിക്കും. ഞങ്ങളെ ഒക്കെ വലിയ സ്നേഹം ആണ്‌.

ഉമ്പോറ്റി അമ്മ വന്നാൽ പിന്നെ അമ്മയും ഉമ്പോറ്റിയമ്മയും കൂടി വാചകവും നെല്ലുകുത്തും പൊടിപൊടിക്കും. അതിനിടയിൽ സഹായി ഞാൻ തന്നെ. 

ഞാൻ അവിടെ ചുറ്റിപറ്റി നില്ക്കുന്നതിനു വേറെ ഒരു കാരണം കൂടി ഉണ്ട്. നെല്ലു കുത്തലും പാറ്റികൊഴിക്കലും ഒക്കെ കഴിഞ്ഞാൽ അതിന്റെ തവിട് ചക്കരയും ചീകി ഇട്ട്  ഒരു വാഴയിലയിൽ എനിക്കു തരും

അതങ്ങനെ നക്കി തിന്നാൻ എന്ത് രുചിയാണെന്നൊ?

അന്നതിന്റെ വിറ്റാമിനൊന്നും എനിക്കറിയില്ലായിരുന്നെങ്കിലും അമ്മയ്ക്കറിയാമായിരുന്നിരിക്കണം.

ഇനി കൃഷി നെല്കൃഷിയുടെ സമയം ആയാൽ അതിനു കുറച്ചു കൂടുതൽ പണീ ഉണ്ട്

വിത്ത് അളന്നെടുത്ത് കൂടയിൽ കെട്ടി കുളത്തിൽ ഇറക്കി വയ്ക്കുക, അതിന്റെ മുള വന്നാൽ തിരികെ എടുക്കുക തുടങ്ങിയ മേജർ കാര്യങ്ങൾ അഛന്റെ വക.

പാടത്തു പണീയാൻ വരുന്നവർക്കുള്ള ആഹാരം തയ്യാറാക്കൽ അമ്മയുടെ വക. പക്ഷെ അന്ന് സഹായത്തിനു അയല്പക്കത്തുള്ള രണ്ടു മൂന്നു പേർ കൂടി കാണും.

25, 30 പേർക്ക് ആഹാരം കൊടുക്കുക എന്നത് അന്നൊരു പ്രശ്നം ആയി ഞങ്ങൾക്കൊന്നും തോന്നിയിട്ടെ ഇല്ല.  ഇന്ന വീട്ടിൽ മൂന്നു അതിഥികൾ വന്നാൽ? 

നമുക്കു ഹോട്ടലിൽ നിന്നു വരുത്താം  ഹ ഹ ഹ :)

കുളം വെട്ടുക Details  Video കുളംവെട്ടു

കിണർ വറ്റിക്കുക ഇവയും ആണ്ടിലൊരിക്കൽ നടക്കുന്ന വിശേഷങ്ങൾ. കുളവും, കിണറും ശുദ്ധമായിരിക്കണം എന്ന് പണ്ടുള്ളവർക്ക് നിർബ്ബന്ധം ആയിരുന്നു.

അത് ഞങ്ങളുടെ ചെറുപ്പത്തിൽ അച്ചട്ടായി നടക്കുകയും ചെയ്തിരുന്നു.

കുളത്തിലെ വെള്ളം തേക്കൊട്ട (തേക്കുകൊട്ട) ഉപയോഗിച്ച് പാടത്തേക്ക് തേകി കളയും. അതൊക്കെ ഒരു കാഴ്ച്ച തന്നെ. 

കുളത്തിലേക്ക് രണ്ടു എതിർവശങ്ങളിൽ നിന്നുമിറക്കി കെട്ടിയ ഓരോ പാലം, അത് അടക്കാമരം തൂണൂകളും മാവിൻപലക നിരത്തിയും. തേക്കുകൊട്ട യുടെ രണ്ടു വശങ്ങളിൽ ആയി കയർ(പൊച്ചം) നീളത്തിൽ കെട്ടും.

രണ്ടു വശത്തും നില്ക്കുന്ന ആളുകൾ ആ കയർ ഉപയോഗിച്ച് ആട്ടിയാട്ടി  ആ തേക്കുകൊട്ട കൊണ്ട് വെള്ളം വറ്റിക്കുന്നതും ഒരു കാഴ്ച്ച തന്നെ. ആഴത്തിലേക്ക് പോകേണ്ടപ്പോൾ ആ പാലത്തിൽ കൂടി അവർ മുന്നോട്ടും പിന്നോട്ടും നടന്ന് തേകുന്ന കാഴ്ച്ച , ഇന്നത്തെ കുട്ടികൾക്ക് കാണാൻ ഭാഗ്യം ഉണ്ടായില്ല. അവർക്ക് വേറെ കാഴ്ച്ച ഉണ്ടല്ലൊ അല്ലെ?


കുളത്തിലെ വെള്ളം വറ്റാറായിക്കഴിഞ്ഞാൽ അതിലുള്ള മീൻ പിടിക്കൽ ആണ്‌ അടുത്ത ഇനം.

മീനുകളെ പിടിച്ച് ചെമ്പിലും , ഉരുളിയിലും കലത്തിലും ഒക്കെ വെള്ളം നിറച്ച് അതിലിടും.

അന്ന് ഫ്രിഡ്ജൊന്നും ഇല്ലല്ലൊ. അതു കൊണ്ട് നേരത്തെ കൊന്നു വയ്ക്കാൻ പറ്റില്ല.

വെള്ളം വറ്റിക്കഴിഞ്ഞാൽ കുളത്തിലെ ചളിയെല്ലാം കോരി മാറ്റി, മാടി വെട്ടിക്കയറ്റി തേച്ചു മിനുക്കി, ഇറങ്ങാനുള്ള പടവുകളും കുറ്റിയടിച്ച് കെട്ടിക്കഴിഞ്ഞാൽ പിന്നെ മൂന്നു ദിവസത്തേയ്ക്ക് കുളത്തിലേക്ക് ആർക്കും പ്രവേശനം ഇല്ല. പുതിയ വെള്ളം നിറഞ്ഞ് തെളീഞ്ഞു കഴിഞ്ഞെ ഉപയോഗിക്കുവാൻ പാടുള്ളു.

ആ മൂന്നു ദിവസം തള്ളീ നീക്കാൻ എന്തു പ്രയാസം ആണെന്നൊ? പുതുവെള്ളത്തിൽ ചാടി നീന്താനുള്ള ആവേശം


ഈ കുളത്തിൽ ആയിരുന്നു ഞാൻ നീന്തൽ  പഠിച്ചത്. ഹ ഹ ഹ അതൊരു കഥ.

ഞങ്ങൾ കുട്ടനാട്ടുകാർക്ക് നീന്തൽ അറിയണം എന്നുള്ളത് വളരെ അത്യാവശ്യം ആണ്‌. വെള്ളത്തിൽ പെട്ടുപോകുവാൻ എപ്പോഴും സാധ്യത ഉള്ള സ്ഥലമല്ലെ അതു കൊണ്ട്.

അങ്ങനെ ഞാൻ കുളത്തിന്റെ വക്കത്ത് മാത്രം കൈ കുത്തി നീന്തി നീന്തി നോക്കി. പക്ഷെ കൈ പൊക്കിയാൽ താഴ്ന്നു പോകും. പതിയെ പതിയെ ചേട്ടൻ കൈകളിൽ കിടത്തി ആഴത്തിലേക്കു കൊണ്ടു പോയി. ചേട്ടന്റെ കൈ താഴ്ത്തിയാൽ ഞാൻ മുങ്ങിപ്പോകും.

കുളത്തിന്റെ നടൂഭാഗത്ത് എനിക്കു നിലയില്ല.

ഒരിക്കൽ ചേട്ടൻ എന്നെ അവിടെ വരെ കൊണ്ടു പോയി. നടുക്കെത്തി , ചേട്ടൻ കൈ വലിച്ചു കയറിപോയി

ഞാൻ മുങ്ങിപൊങ്ങി- കൂവി വിളിച്ചു, നിലവിളിച്ചു,  അടിയിൽ എത്തുമ്പോൾ കാൽ കുത്തി ചാടി
എന്തിനു പറയുന്നു- ഒരു മിനിറ്റ് എടുത്തു കാണീല്ല - ഞാൻ ദാ തന്നെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു. നീന്തി ഇങ്ങു പോന്നു.

അതിനു മുൻപ്, ചേട്ടനെ കയ്യിൽ കിട്ടിയാൽ തല്ലിക്കൊല്ലും എന്നു വിചാരിച്ച ഞാൻ കയറി വന്ന്‌ ചേട്ടനെ നോക്കി ചിരിച്ചു

അങ്ങനെയെ നീന്തൽ പഠിക്കൂ ഹ ഹ ഹ :)

ഇതേ ചേട്ടൻ തന്നെയായിരുന്നു എന്നെ എഴുത്തിനിരുത്തിയതും. അതു കൊണ്ട് ആശാൻപള്ളിക്കൂടത്തിന്റെ ഭീകരതയൊന്നും അനുഭവിക്കേണ്ടി വന്നില്ല.

അതു കൊണ്ടു തന്ന് എഴുത്തോല എനിക്കില്ലായിരുന്നു. മണ്ണിൽ ഹരിശ്രീ എഴുതുക. എഴുത്തിനിരുത്തിയതിനു ശേഷം എല്ലാ ദിവസവും മണ്ണിൽ ഈ അക്ഷരങ്ങളെല്ലാം എഴുതണം. ആശാനെക്കാൾ കഷ്ടമായിരുന്നു ചേട്ടൻ ഹ ഹ ഹ

വീട്ടിലെ മറ്റൊരു വിശേഷം ആയിരുന്നു സന്ധ്യാനാമം. നേരം സന്ധ്യ ആയാൽ മുന്വശത്തെ അറവാതിലിൽ നിലവിളക്കു കൊളുത്തി വയ്ക്കും. പൂക്കളും മുന്നിൽ വയ്ക്കും. വീട്ടിൽ ഉള്ള എല്ലാവരും അതാരൊക്കെ ആയാലും അവിടെ വരണം അവിടെ ഇരുന്ന് നാമം ചൊല്ലണം. നാമം ചൊല്ലലിനും ഒരു ചിട്ട ഒക്കെ ഉണ്ട്. അത് കാലാകാലങ്ങളായി തുടർന്നു വന്നതായത് കൊണ്ട് എല്ലാവർക്കും മനഃപാഠം ആണ്‌. പുതിയ കീർത്തനങ്ങൾ എവിടെ നിന്നെങ്കിലും കിട്ടിയാൽ അതും കൂടി കൂട്ടി ചേർക്കും.

അവസാനം മംഗളം പാടുന്നതു വരെ മറ്റൊരു പരിപാടിയും നടക്കില്ല.
അക്കാര്യത്തിൽ അച്ഛൻ വളരെ കണിശക്കാരൻ ആണ്‌. എന്റെ ചെറുപ്പം ആയപ്പോൾ മുതൽ പാട്ടിനൊപ്പം ചിഞ്ചില്ലം കൂടി കിട്ടി. അച്ഛൻ നല്ല ഒരു ശില്പി ആയിരുന്നു അതു കാരണം തടി കൊണ്ട് ചപ്ലാം കട്ട എന്നു വിളിക്കുന്ന ഒരു സാധനം പണീഞ്ഞുണ്ടാക്കി. അവയൊക്കെ ചേർത്ത് ഭജന ഒരു ആനന്ദദായകമായ സംഭവം തന്നെ ആയിരുന്നു

ആണ്ടിലൊരിക്കൽ വൃശ്ചികമാസം ഒന്നു മുതൽ 12 ദിവസം ഭജനയ്ക്ക് ആ ചുറ്റുവട്ടത്തുള്ള സാധുക്കൾ ഒക്കെ കൂടുമായിരുന്നു.   ആ വരുന്നവർക്ക് മലരും പായസവും കൊടുക്കുക അത് എന്റെയും കൂടി ഉത്തരവദിത്വം. പാട്ടു പാടിക്കൊടുക്കുക, മലരും പായസവും വിളമ്പുക.

സന്ധ്യയാകുമ്പൊഴേക്കും കുട്ടികളും ചില വലിയവരും ഒക്കെ മുറ്റത്തെത്തും.

അതിനു മുന്നെ തന്നെ അമ്മ മലർ വറുത്തു വയ്ക്കും, പായസവും ഉണ്ടാക്കി വയ്ക്കും

12 ആം തീയതി സദ്യ ആണ്‌.

അന്നു വരുന്നവർക്കെല്ലാം സദ്യകൊടൂക്കും.

കൊയ്ത്തും മെതിയും കഴിഞ്ഞാൽ, നെല്ല് പതം അളക്കലും, ലെവി അളക്കലും , വിത്തിനുള്ളത് മാറ്റി വയ്ക്കലും കഴിഞ്ഞാൽ, അടുത്ത വിളവെടുപ്പു വരെ ആഹരത്തിനുള്ളതും, ഇതുപോലെ ചെലവിനുള്ളതും  പ്രത്യേകം പ്രത്യേകം അളന്നു തിരിച്ചു വയ്ക്കൽ ഒക്കെ അമ്മ എത്ര കൃത്യമായി ചെയ്തിരുന്നു എന്നിന്നോർക്കുമ്പോൾ അതിശയം തോന്നുന്നു

വൃശ്ചികമാസത്തിലെ സദ്യ ക്കു പുറമെ ആണ്ടിൽ രണ്ടു തവണ കൂടി പാവങ്ങൾക്ക് ആഹാരം കൊടൂക്കുന്ന പതിവുണ്ടായിരുന്നു

അച്ഛന്റെ പിറന്നാളിനും, വല്യേട്ടന്റെ പിറന്നാളിനും

ആ ചുറ്റുവട്ടത്തുള്ള എല്ലാവർക്കും ഈ ദിവസങ്ങൾ അതു കൊണ്ടു തന്നെ നിശ്ചയവും ആയിരുന്നു.

ഈ രണ്ടു ദിവസം സദ്യ അല്ല. കഞ്ഞിയും കപ്പയും. അതിനു വേണ്ടി കപ്പ പുഴുങ്ങിയുണങ്ങിയതും പച്ചക്കരിഞ്ഞുണങ്ങിയതും പ്രത്യേകം വച്ചേക്കും.

അന്നൊക്കെ സഹായത്തിനു വരുന്നവർക്കൊന്നും പൈസ ആയി കൊടുക്കുന്ന പതിവില്ല. പൈസ വളരെ ദുർല്ലഭവും ആണ്‌.

ഒക്കെ നെല്ലും അരിയും തെങ്ങയും ഒക്കെ ആയി അമ്മ അടുക്കള വശത്തു കൂടി കൊടുത്തു വിടും.

ഈശ്വരൻ അനുഗ്രഹിച്ച് അതിനൊന്നും ഒരിക്കലും മുടക്കു വന്നിട്ടില്ല.

അതിലെ ഏറ്റവും വലിയ തമാശ ഞാൻ ശ്രദ്ധിച്ചിരുന്നത് എന്തെന്നാൽ വിളവെടുപ്പിൽ നെല്ല് നല്ലതുപോലെ ഉണ്ടാകുന്ന വർഷം, തേങ്ങയും ഉണ്ടാവില്ല മാങ്ങയും ഉണ്ടാവില്ല. തേങ്ങ നല്ലതുപോലെ ഉള്ള വർഷം മാങ്ങയും ഇല്ല നെല്ലും ഇല്ല, നെല്ലും തേങ്ങയും ഇല്ലാത്ത വർഷം മാങ്ങ ആവശ്യത്തിലധികം

മാങ്ങയുടെ കാര്യത്തിൽ ഒരു വിശേഷം ഉണ്ട്. വീടിന്റെ തെക്കുപുറത്ത് ഒരു മാവുണ്ടായിരുന്നു. കേരളത്തിൽ മാങ്ങയുടെ സീസണിൽ ഏറ്റവും ആദ്യം മാങ്ങ ഉണ്ടാകുന്നത് അതിലായിരിക്കും

കായംകുളത്തുള്ള മാങ്ങ കച്ചവടക്കാർക്ക് അതറിയാം.  ഒരു സീസണിൽ അതിൽ മാങ്ങ ഉണ്ടായാൽ ഉറപ്പ് അക്കൊല്ലം നെല്ലും തേങ്ങയും ഗോപി എന്ന്.

പക്ഷെ അക്കൊല്ലം ആ മാവ് മൂന്നു തവണ കായ്ക്കും. ആദ്യത്തെതും മൂന്നാമത്തേതും ( മാങ്ങയുടെ സീസൺ കഴിയുന്ന സമയത്ത്) നല്ല വിലയ്ക്ക് വില്ക്കാൻ പറ്റും. ഇടയ്ക്കുള്ളത് ഞങ്ങൾ തിന്നും.


തേങ്ങ കിട്ടുന്ന പറമ്പുണ്ടായിരുന്നു എന്നു പറഞ്ഞില്ലെ അത് ഹരിപ്പാട്ട്. ആ പറമ്പിൽ  രണ്ടു കുടികിടപ്പുകാരുണ്ടായിരുന്നു. അതിൽ ഒരാൾ ഒരു കൃസ്ത്യാനി. കോശിമാപ്ല. നല്ല ഉയരം ഉള്ള വെളുത്തു മെലിഞ്ഞ ഒരാൾ. ആടിനെ വളർത്തലാണ്‌പുള്ളിയുടെ ഇഷ്ടവിനോദം. എല്ലാ കൊല്ലവും  കൊടൂങ്ങല്ലൂർ അമ്പലത്തിലെ ഉൽസവത്തിനു പോകും. അവിടെ നിന്നും തിരികെ വരുമ്പോൾ അവിടത്തെ പ്രസാദവും കൊണ്ട് വീട്ടിൽ വരും.

അമ്മോ എന്നുള്ള നീട്ടിവിളി കേൾക്കുമ്പോൾ അറിയാം.

അദ്ദേഹത്തിന്റെ കയ്യിൽ നിന്നാണു ഞാൻ ആദ്യമായി ഈത്തപ്പഴം  കാണുന്നതും തിന്നുന്നതും.

പിന്നുള്ള ഒരു വിശേഷം അദ്ദേഹം വളർത്തുന്ന ആട്ടിങ്കുട്ടികൾക്ക് കപ്പയുടെ ഇല കൊടുക്കും , അവ അത് തിന്ന് ചത്തും പോകും

അതു കഴിഞ്ഞിട്ടു വരവാണ്‌. അമ്മോ ആട്ടിൻ കുട്ടികൾ രണ്ടും ചത്തു.

എന്ത് പറ്റി

ഓ എന്ത് പറ്റാനാ കപ്പയുടെ ഇല കൊടുത്തു

ഇത്ര സിമ്പിൾ ആയി ജീവിതത്തെ കണ്ട ഒരാളെ അധികം കാണുവാൻ കിട്ടില്ല

അദ്ദേഹത്തിനു പിന്നീട് സർക്കാർ പതിച്ചു കൊടൂത്ത 5 ഏക്കർ വനഭൂമി കിട്ടി. ഒരു നല്ല നിലയിൽ ആയശേഷവും വീട്ടിൽ വന്നിരുന്നു. അന്നും ആൾ സിമ്പിൾ

അപ്പോൾ നമുക്ക്  വീണ്ടും ആ പറമ്പിലേക്ക് പോകാം അല്ലെ?

അവിടെ തേങ്ങ ഇടീക്കുവാൻ അച്ഛന്റെ കൂടെ പോകുവാൻ നല്ല ഉൽസാഹം ആണ്‌.

ഏകദേശം അഞ്ച് കിലൊമിറ്റർ നടക്കണം. അന്ന് ബസും സൈക്കിളും ഒന്നും ഇല്ല. അതുകൊണ്ടു തന്നെ അതൊന്നും അന്ന് ഞങ്ങൾക്ക് ഒരു ദൂരം അല്ല.

പക്ഷെ നടന്നവിടെ ചെന്നാൽ, തെങ്ങിൽ നിന്ന് ഒരു കരിക്കു വെട്ടി എനിക്കു കുടിക്കാൻ തരും. അതായിരുന്നു അന്നത്തെ attraction

പിന്നീടുള്ള ഒരു രസം, തെങ്ങിൽ കയറുന്നവർ തേങ്ങ ഏത് കുലയാണു വെട്ടിയത്, ഇനി ഏതൊക്കെ ബാക്കി ഉണ്ട് എന്നും വിളിച്ചു പറയുന്നതാണ്‌

കന്നീം മീനോം വെട്ടി കിഴക്ക് അഞ്ച് പടിഞ്ഞാറു മൂന്ന്  എന്നൊക്കെ താളത്തിൽ പറയുമ്പോൾ ആദ്യമൊന്നും ഒന്നും മനസിലായിരുന്നില്ല

പിന്നീടു പതുക്കെ പതുക്കെ മനസിലായി ആ തെങ്ങിന്റെ കന്നിക്കോണിലുള്ള കുലയും മീനം കോണിലുള്ള കുലയും വെട്ടി, ഇനി അടൂത്ത തവണത്തേക്ക് കിഴക് ദിക്കിലേക്ക് അഞ്ച് തേങ്ങയുള്ള കുലയും പടിഞ്ഞാറെക്ക് മൂന്നു തേങ്ങയുള്ള കുലയും  ഉണ്ട്‌ എന്നായിരുന്നു അപ്പറഞ്ഞത്

അത് ബുക്കിൽ തെങ്ങിന്റെ നമ്പരിനൊപ്പം എഴുതി വയ്ക്കുന്നു.

നേരം വെളുക്കുന്നതിനു മുന്നെ പുറപ്പെട്ട് ഈ തേങ്ങയെല്ലാം അവസാനം എണ്ണി തിട്ടപ്പെടുത്തി ശാസ്താവു ചെട്ടിയാരെ  ഏല്പ്പിച്ചു കഴിഞ്ഞാൽ, അതിന്റെ വിലയിൽ നിന്ന് ഒരു പങ്കു വാങ്ങി കിഴക്കെ നടയിൽ (ഹരിപ്പാട്ട് അമ്പലത്തിന്റെ മുന്നിൽ) ഉള്ള വേലായുധൻ ചെട്ടിയാരുടെ കടയിൽനിന്നും  അല്പസ്വല്പം വീട്ടു സാമാനങ്ങളും വാങ്ങി വൈകുന്നേരം സന്ധ്യ മയങ്ങുമ്പോഴേക്കും വീട്ടിലെത്തും


ഇന്നത്തെ പിള്ളേരോട് പത്തടി ദൂരത്തുള്ള കടയിൽ പോയി അല്പം തേയില വാങ്ങാൻ പറയുമ്പോൾ കേൾക്കാം  ബൈക്ക് വേണം ഉണ്ടോ?

4 comments:

 1. ഇനിയും കേള്‍ക്കാന്‍ കൊതിയാവുന്നല്ലോ ഡോക്ടറെ...
  തുടരും അല്ലേ?
  സത്യമായും ഇതുവായിക്കുമ്പോള്‍ എന്നിലുംബാല്യകാലസ്മരണകള്‍
  ഉണരിടുകയായിരുന്നു....
  ആശംസകള്‍

  ReplyDelete
 2. നന്ദി തങ്കപ്പൻ ചേട്ടാ, കുറെ കൂടി എഴുതാൻ ഉണ്ട്. അക്കാലം ഒക്കെ മറക്കാൻ പറ്റുമൊ? :)

  ReplyDelete
 3. ഇനിയും കേള്‍ക്കാന്‍
  കൊതിയാവുന്ന ബാല്യ കാലസ്മരണകള്‍

  ReplyDelete
 4. വായിച്ചിട്ട്‌ കൊതിയാകുന്നു.ഇങ്ങനെ ഭൂസ്വത്തും കൃഷിയുമൊന്നുമില്ലായിരുന്നെങ്കിലും കുട്ടിക്കാലത്തെക്കുറിച്ചുള്ള നിഷ്കളങ്കമായ ഓർമ്മകൾ മനസ്സിലേയ്ക്കോടി വന്നു.നന്ദി സർ!!!!ബാക്കി പോസ്റ്റുകളിലൂടെ ഓടി നടക്കട്ടെ.

  ReplyDelete