Friday, October 02, 2009

നഷ്ടമാ പിന്നെ ചേട്ടനല്ലേ

രാത്രി കിടക്കുന്നതിനു മുമ്പ്‌ ഡയറിയില്‍ അന്നന്നത്തെ കാര്യങ്ങളും വരവു ചെലവുകളും എല്ലാം എഴുതുന്നതിനിടയ്ക്ക്‌ എല്ലാ ദിവസവും ഭാര്യ പറയാറുള്ള ഒരു വാചകമാണ്‌

" കാലം ഒരുപാട്‌ മാറി, ചേട്ടനിപ്പൊഴും കടലാസും പേനയും വച്ചു എഴുതി കണക്കു കൂട്ടും.ഒരു കമ്പ്യുൂട്ടര്‍ വാങ്ങി അതിലെങ്ങാനും ചെയ്തുകൂടെ?"

ആലോചിച്ചപ്പോള്‍ ശരിയാ. കാലത്തിനനുസരിച്ചു മാറണം.

അതുകൊണ്ടല്ലേ ഞാന്‍ ഈ ഡയറി എഴുത്തു തുടങ്ങിയതു തന്നെ.

സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ ഗാന്ധിജി ഡയറി എഴുതുമായിരുന്നു എന്നു കേട്ടപ്പോള്‍ ഒരാഗ്രഹം തോന്നിയതായിരുന്നു..
അന്നു തന്നെ ഒരു ബുക്കെടുത്ത്‌ ഡയറി എന്നൊക്കെ പുറംചട്ടയില്‍ എഴുതി തയ്യാറാക്കി വച്ചു . രാത്രി കിടക്കുന്നതിനു മുമ്പ്‌ അതെഴുതണം എന്നും തീരുമാനിച്ചു.
പക്ഷെ എഴുതുവാന്‍ ബുക്ക്‌ കയ്യിലെടുത്തപ്പോഴാണ്‌ ആലോചിച്ചത്‌ - ദൈവമേ ഞാന്‍ കാലത്തു നേരം വെളുത്താല്‍ വൈകുന്നേരം വരെ ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്ധമായി ഇതിനകത്തെങ്ങാനും എഴുതി വച്ചാല്‍ പിന്നീട്‌ ഞാന്‍ ഈ ബുക്ക്‌ എപ്പോഴും കയ്യില്‍ തന്നെ ചുമന്നു കൊണ്ടു നടക്കേണ്ടി വരുമല്ലൊ.

അതെവിടെ എങ്കിലും വച്ചിട്ട്‌ അച്ഛനോ അമ്മയോ എങ്ങാനും എടൂത്തു വായിച്ചാല്‍ - ഓര്‍ക്കാന്‍ കൂടി വയ്യ.
അതുകൊണ്ട്‌ ഡയരിയില്‍ ദിനകൃത്യങ്ങളൊന്നും എഴുതണ്ട എന്നു അന്നു തീരുമാനിച്ചു.

എന്നാല്‍ വരവു ചെലവ്‌ എഴുതാം അതിനു വരവു വേണ്ടെ വരവും ഇല്ല ചെലവും ഇല്ല. അതുകൊണ്ട്‌ അക്കാലം അങ്ങനെ പോയി.

കോളേജില്‍ പഠിക്കാന്‍ വീട്ടില്‍ നിന്നു വിട്ടു നിന്നപ്പോള്‍ വീണ്ടും ഡയറി ചിന്തകള്‍ തലപൊക്കി.

ആദ്യത്തെ പോലെ ദിനകൃത്യങ്ങള്‍ ഒഴികെ വരവു ചെലവു മാത്രം എഴുതാം എന്നു തീരുമാനിച്ച്‌ ഡയറി വാങ്ങി വച്ചു. ഒരു ഒന്നാം തീയതി തന്നെ തുടക്കം ആകട്ടെ. ജനുവരി ഒന്നിനു രാത്രി ഡയറി കയ്യിലെടൂത്തു.

വരവ്‌ അച്ഛന്‍ അയച്ചു തന്ന തുക . ചെലവ്‌?

ബീഡി തീപ്പെട്ടി, തീപ്പെട്ടി ബീഡി---
ആഹാരം ഹോസ്റ്റലിലെ മെസ്സില്‍ ആയതുകൊണ്ട്‌ അത്‌ എഴുതേണ്ട കാര്യമില്ല.

ദൈവമേ ചെലവു ചുരുക്കാന്‍ ഗാന്ധിജി ഒരു തീപ്പെട്ടി കൊള്ളി നാലായി കീറി അതു നാലുപ്രാവശ്യം ഉപയോഗികുമായിരുന്നു പോലും. പക്ഷെ അതു ബീഡി വലിക്കുവാനല്ലായിരുന്നു.

ഇവിടെ ഞാനോ.

മൂന്നു നാലു ദിവസം എഴുതിയപ്പോള്‍ മനസ്സിലായി- ഈ ഡയറി എഴുത്തൊന്നും നമ്മളെ പോലെ ഉള്ളവര്‍ക്കു പറഞ്ഞതല്ലെന്ന്.

ഇതു വല്ലതും വെളിയില്‍ കണ്ടാല്‍

അന്നു നിര്‍ത്തിയതായിരുന്നു.

പിന്നെ തുടങ്ങിയത്‌ പിള്ളേര്‍ വലിയതായി മാറി താമസിച്ചു തുടങ്ങിയപ്പോള്‍.
ഇനി എഴുതിയാലും എന്റെ അലമാരയില്‍ സൂക്ഷിച്ചു വയ്ക്കാമല്ലൊ. അതിന്റെ താക്കോല്‍ എന്റെ കയ്യില്‍ ഭദ്രം . മറ്റാരും കാണുകയുമില്ല. അഥവാ കണ്ടാലും ചോദിക്കാന്‍ അവകാശമില്ലല്ലൊ ഞാനുണ്ടാക്കുന്ന പണം അതു ഞാന്‍ എനിക്കു തോന്നിയ പോലെ ചെയ്യും അത്ര തന്നെ.
അല്ലേ

അപ്പൊഴാ വാമഭാഗത്തിന്‌ ഞാന്‍ അത്‌ കമ്പ്യൂട്ടറില്‍ ചെയ്യണം എന്ന നിര്‍ബ്ബന്ധം.

ശരി എങ്കില്‍ അങ്ങനെ തന്നെ.

ഒരു കമ്പ്യൂട്ടര്‍ വാങ്ങിച്ച്‌ അതില്‍ തന്നെ ചെയ്യാം. പക്ഷെ എനിക്കൊരു നിര്‍ബന്ധമുണ്ട്‌. കമ്പ്യൂട്ടര്‍ വങ്ങിച്ചാല്‍ അതിന്റെയും അടിസ്ഥാനം മുതല്‍ അറിയണം ഏതു കാര്യത്തിലും അങ്ങനെ ആണ്‌. എന്തു ചെയ്യാം ജന്മസ്വഭാവമായിപ്പോയി.

അടുത്തു കമ്പ്യൂട്ടര്‍ കട നടത്തുന്ന പയ്യനെ വിളിച്ചു.

" അതേ, വിനൂ എനിക്കൊരു കമ്പ്യൂട്ടര്‍ വേണം"

"അതിനെന്താ ചേട്ടാ അതിന്റെ configuration പറഞ്ഞാല്‍ മതി ഞാനെത്തിച്ചേക്കാം"

എനിക്കതൊന്നും അറിയാന്‍ വയ്യ എന്നു മറ്റൊരാള്‍ അറിയുന്നത്‌ എനിക്കിഷ്ടമല്ല
മാത്രമല്ല കുറച്ചു കൂടൂതല്‍ അറിവാളിയണെന്ന്‌ മറ്റുള്ളവര്‍ വിചാരിച്ചാല്‍ കുറച്ചു സന്തോഷവും ആണ്‌.

അതുകൊണ്ട്‌ എവിടെ നിന്നൊക്കെയോ കേട്ട ചില വാക്കുകള്‍ അങ്ങു പറഞ്ഞു - പി ഫോര്‍ ഡ്യുവല്‍ കോര്‍, 4 ജി ബി റാം 250 ജി ബി ഹാര്‍ഡ്‌ ഡിസ്ക്‌ ഒക്കെ ആയ്ക്കൊട്ടെ"
ഇതൊക്കെ എന്താണെന്ന് എനിക്കൊരു പിടിയും ഇല്ല, പക്ഷെ അവന്‍ അങ്ങനെ വിചാരിക്കരുതല്ലൊ.


"ശരി വൈകുന്നേരം വീട്ടിലെത്തിക്കാം പോരെ"

അവന്‍ വൈകുന്നേരം പെട്ടിയും ആയി വീട്ടില്‍ എത്തി.

മേശ തയ്യാറാക്കി. കമ്പ്യൂട്ടര്‍ മേശപ്പുറത്ത്‌ ഒരുക്കി വച്ചു.

ഓണാക്കി അവന്‍ പ്രവര്‍ത്തിപ്പിച്ചു കാണിച്ചു.

അവന്‍ പറഞ്ഞു "ചേട്ടന്‌ എന്തു സംശയും ഉണ്ടെങ്കിലും ഒന്നു വിളിച്ചാല്‍ മതി. അഥവാ വന്നു ശരിയാക്കി തരണമെങ്കില്‍ അതും ചെയ്യാം ഒട്ടും മടിക്കണ്ട"

സന്തോഷമായി കാശും വാങ്ങി തിരികെ പോയി

അവന്‍ പോയി കഴിഞ്ഞപ്പോള്‍ അഭിമാനം കൊണ്ട്‌ വിജൃംഭിതനായി ഞെളിഞ്ഞു നിന്നു ഭാര്യയെ ഒന്നു നോക്കി 'കണ്ടോടീ' എന്ന മട്ടില്‍

അതു കഴിഞ്ഞു അതിന്റെ മൗസ്‌ പിടിച്ച്‌ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ അനക്കി നോക്കി. ശെടാ ഇതു പിടിക്കാന്‍ തന്നെ എന്തൊരു പ്രയാസം. ആരോ ഇങ്ങോട്ടു നീക്കണം എന്നു വിചാരിച്ചാല്‍ അത്‌ അങ്ങോട്ടു പോകും.

ഏതായാലും കുറേ സമയം കൊണ്ട്‌ അതൊരു വിധം ശരിയായി വരുന്നു.

അപ്പോള്‍ എനിക്കു വേണ്ടത്‌ അതില്‍ ദിവസവും ഉള്ള വരവു ചെലവുകള്‍ കുറിക്കലാണ്‌.

അതിനെന്തു ചെയ്യും?

അതില്‍ പലയിടത്തും ഞെക്കി നോക്കി

സ്ക്രീനില്‍ അതിനനുസരിച്ചു ചില വ്യത്യസ്ത പടങ്ങള്‍ വരുന്നു എന്നല്ലാതെ ഇനി എന്താണ്‌ ചെയ്യേണ്ടത്‌ എന്നൊരു പിടിയുമില്ല.

അതു വിനുവിനോടു തുറന്നു പറയാനും മടി.

കുറച്ചു ദിവസം കൂടി ശ്രമിച്ചു നോക്കാം എന്നു വിചാരിച്ചു.

കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ടും വ്യത്യാസം ഒന്നും ഇല്ല.

അതിനിടയ്ക്ക്‌ ഇന്റര്‍നെറ്റ്‌ ഒരു കണക്ഷനും എടുത്തു. അല്‍പസ്വല്‍പം ബ്ലോഗ്‌ തുറന്നു വായിക്കാനും പഠിച്ചു.

അവസാനം വിനുവിനെ വിളിക്കാന്‍ തന്നെ തീരുമാനിച്ചു.

"വിനു- എനിക്കേ നമ്മുടെ ദിവസവും ഉള്ള വരവു ചെലവു കണക്കുകള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ കുറിച്ചിടണം എന്നുണ്ട്‌."

വിനു " അതിനു ചേട്ടാ അതില്‍ MS Office ഉണ്ടല്ലൊ അതില്‍ Excel ല്‍ ചെയ്താല്‍ പോരെ?"

ഞാന്‍ " എടോ ഓഫീസില്‍ അല്ല, ഇവിടെ വീട്ടില്‍ ചെയ്യുന്ന കാര്യമാ പറഞ്ഞത്‌"

വിനു " ചേട്ടാ അതു തന്നെയാ പറഞ്ഞത്‌ ഓഫീസില്‍ എക്സല്‍ ഉണ്ടല്ലൊ അതില്‍ ചെയ്യാന്‍"

ഞാന്‍ പെട്ടെന്നു ചൂടാകുന്ന സ്വഭാവക്കാരനാ പ്രത്യേകിച്ചും എന്നെ കളിയാക്കുന്നു എന്നു തോന്നിയാല്‍

പിന്നെയും പിന്നെയും ഓഫീസിലെ കാര്യം പറയുന്നതുകേട്ട്‌ അവന്‍ എന്നെ കളിയാക്കുന്നതിനാല്‍ അവന്റെ സഹായം ഇനി വേണ്ട എന്നു തീരുമാനിച്ചു.

ഇനി എവിടെ ആണ്‌ വേറെ കമ്പ്യൂട്ടര്‍ കട ഉള്ളതെന്നവേഷിച്ചു.

അതാ ബിജു ഒരു പുതിയ കടക്കാരന്‍.

ശരി അവനെ തന്നെ വിളിക്കാം.

" ഹലോ ബിജു. എനിക്കൊരു സഹായം വേണ്ടിയിരുന്നു"

" എന്താണ്‌ ചേട്ടാ?"

"എനിക്ക്‌ ദിവസവും ഉള്ള വരവു ചെലവു കണക്കുകള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ കുറിച്ചിടണം എന്നുണ്ട്‌."

ബിജു " അതു ഓഫീസില്‍ എക്സലില്‍ ----"
മുഴുമിപ്പിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല - എടോ ഓഫീസിലെ കാര്യമല്ല പറഞ്ഞത്‌. വീട്ടില്‍ ചെയ്യാന്‍. അതിന്‌ ബേസിക്കായിട്ടുള്ള ചില വിവരങ്ങള്‍ വേണം. അതു പഠിക്കാനാണ്‌"

ബിജു " ചേട്ടാ അതു എക്സലില്‍ എളുപ്പമല്ലേ?"

എനിക്കു വേണ്ടത്‌ ഏറ്റവും അടിസ്ഥാനപരമായ അറിവാണെന്ന് ഇവനൊന്നും അറിയില്ലല്ലൊ. ദൈവമേ ഇപ്പോഴത്തെ പിള്ളേര്‍ക്കൊന്നും ഒരു വിവരവും ഇല്ലാതായിപ്പോയല്ലൊ. കഷ്ടം

ഞാന്‍ " ബിജൂ അതല്ല ബേസിക്‌ ---"

ഇത്രയും പറഞ്ഞപ്പോഴേക്കും ബിജുവിനു കാര്യം പിടികിട്ടി എന്നു തോന്നുന്നു.

അവന്‍ പറഞ്ഞു " അതു ശരി ചേട്ടന്‌ എക്സല്‍ വേണ്ട എന്ന്‌. ബേസിക്‌ അല്ലേ. ചേട്ട ഇപ്പോ ഡോസ്‌ ഒന്നും ആരും അധികം ഉപയോഗിക്കാറില്ല, ഇപ്പൊ ഒക്കെ വിന്‍ഡോസല്ലേ. ആട്ടെ ചേട്ടന്‌ വിഷ്വല്‍ സ്റ്റുഡിയൊ ഉണ്ടൊ?"

ബ്ലോഗില്‍ ചിലര്‍ക്കൊക്കെ സ്വന്തം സ്റ്റുഡിയൊ ഉണ്ടെന്നു കേട്ടിട്ടുണ്ട്‌. എനിക്കില്ലല്ലൊ. പിന്നീട്‌ അടുത്തുള്ളത്‌ രാമകൃഷ്ണന്റെ ഡിജിറ്റല്‍ സ്റ്റുഡിയോ ആണ്‌.

ഞാന്‍ പറഞ്ഞു " എനിക്കില്ല പക്ഷെ ഇവിടടുത്ത്‌ രാമകൃഷ്ണന്റെ സ്റ്റുഡിയൊ ഉണ്ട്‌"

ഇതുകൂടി കേട്ടപ്പോള്‍ ബിജു എന്നെ സഹായിക്കാന്‍ സന്നദ്ധനായി മുന്നോട്ടു വന്നു.

"ചേട്ടന്‍ ഒന്നു കൊണ്ടും വിഷമിക്കണ്ട ചേട്ടന്റെ പ്രോബ്ലം ഞാന്‍ സോള്‍വ്‌ ചെയ്തു തരാം.വിഷ്വല്‍ സ്റ്റുഡിയോ ഒക്കെ വലിയ വിലയുള്ള സാധനമാ. അതു കമ്പ്യൂട്ടറില്‍ ഇടുന്ന സാധനമാ. ചേട്ടന്‌ ഞാനതൊരെണ്ണം സംഘടിപ്പിച്ചു തരാം 250രൂപ തന്നാല്‍ മതി "

ഞാന്‍ സമ്മതിച്ചു

അല്‍പസമയത്തിനുള്ളില്‍ ബിജു പറന്നെത്തി. കയ്യില്‍ ഒരു ബാഗും ഉണ്ട്‌.

അവന്‍ ബാഗു തുറന്നു സി ഡി ഒരെണ്ണം എടുത്തു. അതു കമ്പ്യൂട്ടറില്‍ ഇട്ടു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ Visual Studio എന്നൊക്കെ എഴുതി വന്നു

ഈ ബുദ്ധി നേരത്തെ തോന്നാതെ വിനുവിനടുത്തു പോയതില്‍ ആദ്യമായി എനിക്കു ദുഃഖം തോന്നി. എങ്കിലും ഞാനതു പുറമെ കാണിച്ചില്ല

ബിജുവിനോടുള്ള ബഹുമാനം എനിക്കു പത്തിരട്ടിയായി.

അവന്‍ അതില്‍ വിഷ്വല്‍ ബേസിക്‌ തുറന്നു കാണിച്ചു. എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ ആഹാ എന്തു നല്ല സ്ക്രീന്‍. ഇനി ഞാന്‍ ഇതില്‍ എന്തൊക്കെ ചെയ്യും.

"ചേട്ടന്‍ എന്തു സഹായം വേണമെങ്കിലും ഒറ്റ വിളി ഞാന്‍ ദാ പറന്നെത്തും " എന്നു പറഞ്ഞ്‌ ബിജു 250 രൂപയും വാങ്ങി സന്തോഷമായി തിരികെ പോയി.


അവന്‍ പോയിക്കഴിഞ്ഞു ഞാന്‍ വീണ്ടും വീണ്ടും വിഷ്വല്‍ ബേസിക്കും തുറന്ന് നോക്കി. പക്ഷെ അതിലും എന്റെ കണക്കുകള്‍ എഴുതാന്‍ ഒന്നും കാണുന്നില്ല.

രണ്ടു മൂന്നു ദിവസം ശ്രമിച്ചിട്ടും ഒന്നും കാണാത്തതിനാല്‍ ഞാന്‍ വീണ്ടും ബിജുവിനെ വിളിച്ചു

" ബിജു അതില്‍ കണക്കെഴുതാനുള്ള വഴി ഒന്നും കാണുന്നില്ലല്ലൊ"

ബിജു "ചേട്ടാ അതിന്‌ അതില്‍ ചെറിയ ഒരു പ്രോഗ്രാം എഴുതിയാല്‍ മതി. വേണമെങ്കില്‍ ഞാന്‍ വന്നു ചെയ്തു തരാം"

ഞാന്‍ "എന്നല്‍ അങ്ങനെ ആകട്ടെ"

വീണ്ടും ബിജു പറന്നെത്തി

ഹാ എന്തു നല്ല ചെറുപ്പക്കാരന്‍., ചെറുപ്പക്കാരായാല്‍ ഇങ്ങനെ വേണം. എന്ത്‌ ആത്മാര്‍ത്ഥത. ജോലിയില്‍ പുരോഗമികുന്നത്‌ ഇങ്ങനെ ഉള്ളവര്‍ ആയിരിക്കും. ഞാന്‍ മനസാ ബിജുവിനെ പുകഴ്ത്തി.

ബിജു ചോദിച്ചു " ചേട്ടന്‍ എന്തൊക്കെ എഴുതാനാണുദ്ദേശിക്കുന്നത്‌?
ഓരോരോ ദിവസത്തെ വരവ്‌ ചെലവ്‌ നീക്കിയിരുപ്പ്‌ ഇത്രയുമല്ലെ ഉള്ളു?"

ഞാന്‍ "അതെ"

അവന്‍ കമ്പ്യൂട്ടറില്‍ കുറച്ചു നേരം എന്തൊക്കെയോ എഴുതി. ഞാന്‍ പിന്നില്‍ നോക്കി നിന്നിരുന്നു എങ്കിലും എനിക്കു പ്രത്യേകിച്ചൊന്നും മനസിലായില്ല.
ടേബിളുണ്ടാക്കുന്നു. പിന്നെ വിഷ്വല്‍ ബേസിക്‌ തുറന്ന് അതില്‍ ഒരു ഫോം തുറക്കുന്നു. അതില്‍ കുറെ ബട്ടനുകളും ടെക്സ്റ്റ്‌ ഫീല്‍ഡും മറ്റും ഉണ്ടാക്കുന്നു. പിന്നീട്‌ ഒരെണ്ണത്തില്‍ അതിന്റെ കോഡ്‌ എഴുതുന്നു.

അവസാനം അവന്‍ പരഞ്ഞു ദാ ചേട്ടാ പ്രോഗ്രാം തയ്യാര്‍. ഇനി ഇതു ഓടിച്ചാല്‍ മതി ചേട്ടന്റെ ജോലി ഈസി.

"ഓടിക്കുന്നത്‌ എങ്ങനെയാ? ഞാന്‍ ചോദിച്ചു

:അതിന്‌ ദാ ഇവിടെ click ചെയ്താല്‍ മതി" അവന്‍ കാണിച്ചു തന്നു.

എന്നിട്ട്‌ മൗസ്‌ എന്റെ കയ്യില്‍ തന്നു എന്നിട്ട്‌ പറഞ്ഞു " ചേട്ടന്‍ ഐശ്വര്യമായിട്ടു ക്ലിക്കിയെ"

ഞാന്‍ ഈശ്വരന്മാരെ ഒക്കെ പ്രാര്‍ത്ഥിച്ചു കൊണ്ട്‌ ക്ലിക്കി

കഷ്ടം. ഒന്നും സംഭവിച്ചില്ല. പസ്ഖെ ഒരു error message വന്നു കണക്ഷന്‍ ഇല്ല എന്ന്

ബിജു പറഞ്ഞു "അയ്യോ ചേട്ടാ കണക്ഷന്‍ ഇല്ല."

ഞാന്‍ " ഹേയ്‌ ഇന്റര്‍നെറ്റ്‌ ഞാന്‍ കാലത്തു കൂടി നോക്കിയതാണല്ലൊ പിന്നെന്തു പറ്റി? അല്ല ഇതിന്‍ ഇന്റര്‍നെറ്റ്‌ ഉം വേണോ?

ബിജു "അല്ല ചേട്ടാ ഇത്‌ ഇന്റര്‍നെറ്റ്‌ അല്ല വേറെ കണക്ഷന്‍ അതില്ലായിരുന്നു എന്നു ചേട്ടന്‍ നേരത്തെ പറഞ്ഞില്ലല്ലൊ, സാരമില്ല ഒരു 500 രൂപ ഇങ്ങു തന്നെ ഞാന്‍ പോയി സംഘടിപ്പിച്ചു വരാം. കടയില്‍ ആണെങ്കില്‍ ആളുമില്ല എന്റെ ജോലികള്‍ എല്ലാം മുടങ്ങി. നഷ്ടമാ പിന്നെ ചേട്ടനല്ലെ അതുകൊണ്ട്‌ അങ്ങു ചെയ്യുകാ"


ശരിയാ കോഡില്‍ ഞാന്‍ വ്യക്തമായും കണ്ടു Connection എന്ന്‌. അപ്പൊ വിനു എന്നെ പറ്റിച്ചതാ അല്ലെ. അതൊന്നും പിടിപ്പിക്കാതെ ആണ്‌ എനിക്കീ സാധനം തന്നത്‌ ആട്ടെ അവനെ പിന്നെ കണ്ടോളാം.

500 രൂപയും വാങ്ങി പോയ ബിജു പറന്നു തന്നെ തിരിച്ചെത്തി.

എന്തോ ഒരു സാധനം കമ്പ്യൂട്ടറില്‍ നിന്നും ഊരി മാറ്റി പകരം മറ്റൊന്നു വച്ചു. പിന്നീടും എന്തൊക്കെയോ എഴുതി.

എന്നിട്ടു പറഞ്ഞു " ഇനി നോക്കിയാട്ടെ ചേട്ടാ"

ഞാന്‍ വീണ്ടും ഈശ്വരന്മാരെ വിളിച്ച്‌ മൗസ്‌ ഞെക്കി

ദാ കിടക്കുന്നു

Datagrid ഇല്ലത്രെ

ബിജു വീണ്ടും പറഞ്ഞു " ഇതെന്തു കളിപ്പീരാ ചേട്ടാ. അതും ഇല്ലേ? എന്റെ കയ്യില്‍ പഴയതൊരെണ്ണം ഇരിപ്പുണ്ട്‌ അതു ഞാന്‍ ചേട്ടനു തരാം . പകരം ഇതിലെ സാധനം ഞാനെടുത്തൊളാം. കാശൊന്നും തരണ്ടാ. നഷ്ടമാ പിന്നെ ചേട്ടനല്ലേ അതുകൊണ്ടാ ഞാനിതൊക്കെ സമ്മതിക്ക്കുന്നത്‌. ഏറ്റോ?

ഞാന്‍ സമ്മതിച്ചു. എന്നാലും വിനൂ ദുഷ്ടാ എന്നോടിതു വേണ്ടിയിരുന്നില്ല.

ബിജു വീണ്ടും പോയി തിരികെ വന്നു. ഇപ്പൊഴും കമ്പ്യൂട്ടറില്‍ നിന്നും എന്തോ ഒരെണ്ണം ഊരിയെടൂത്ത്‌ വേറൊരെണ്ണം വച്ചു. പിന്നീടും എന്തൊക്കെയോ എഴുതി.
എന്നിട്ടു പറഞ്ഞു " ഇനി ധൈര്യമായിട്ടു ഞെക്കിക്കൊ ചേട്ടാ"

ഞാന്‍ വീണ്ടും ഈശ്വരന്മാരെ പ്രാര്‍ത്ഥിച്ചു കൊണ്ട്‌ ഞെക്കി

ദാ തെളിയുന്നു നല്ല സുന്ദരന്‍ ഒരു സ്ക്രീന്‍.

തീയതി, വരവ്‌ ചെലവ്‌ നീക്കിയിരുപ്പ്‌ എല്ലാം വിശദമായി എഴുതുന്നത്‌ എവിടെ എങ്ങനെ എന്നൊക്കെ ബിജു കാണിച്ചു തന്നു.

സന്തോഷത്തോടെ ഞാന്‍ ചോദിച്ചു." ബിജുവിന്റെ ഫീസ്‌ എത്രയാ?"

ഒരു ദിവസത്തെ മുഴുവന്‍ പണിയും കളഞ്ഞ്‌ എനിക്കു വേണ്ടി പ്രവര്‍ത്തിച്ച യാതൊരു ഭാവവും ഇല്ലാതെ ബിജു പറഞ്ഞു " ചേട്ടന്‍ എന്തെങ്കിലും തന്നാല്‍ മതി. ചേട്ടന്റെ സന്തോഷമാ എന്റെ സന്തോഷം"

സന്തോഷം കൊണ്ട്‌ എന്റെ കണ്ണു നിറഞ്ഞു പോയി എന്തു നല്ല പയ്യന്‍. ഒരു 500 രൂപ കൂടി ഞാന്‍ അവനു കൊടുത്തു. എന്നിട്ടു പറഞ്ഞു "പോരെങ്കില്‍ പറയണം"

ബിജു പറഞ്ഞു "മതി ചേട്ടാ മതി" ഇത്രയും പറഞ്ഞ്‌ പഴയ സാധനങ്ങ്‌
അളും എടുത്ത്‌ ബിജു യാത്രയായി.

സന്തോഷകരമായി കുറച്ചു നാള്‍ അങ്ങനെ കഴിഞ്ഞൊരു ദിവസം വിനു വീട്ടിലെത്തി. എനിക്കാണെങ്കില്‍ അവനെ കാണുന്നതു പോലും ഇഷ്ടമല്ലായിരുന്നു എന്നാലും വീട്ടിലെത്തിയ അതിഥിയല്ലെ. എന്നു വിചാരിച്ച്‌ ഒന്നും പറഞ്ഞില്ല.

അവന്‍ ചോദിച്ചു " എങ്ങനെ ഉണ്ട്‌ ചേട്ടാ കമ്പ്യൂട്ടര്‍"

അവന്‍ കാണിച്ച കളിപ്പീരുകള്‍ അവന്‍ തന്നെ കണ്ടു മനസ്സിലാക്കട്ടെ എന്നു കരുതി ഞാന്‍ പറഞ്ഞു
" നീ തന്നെ ഓണ്‍ ചെയ്തു നോക്ക്‌"

അവന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.

ഇതെന്താ ചേട്ടാ ഇത്ര സ്ലോ? അയ്യോ ചേട്ടാ ഇതില്‍ ഞാന്‍ വച്ചിരുന്നത്‌ 4 ജിബി റാം ആയിരുന്നല്ലൊ ഇതെന്താ ഇപ്പൊ ഒരു ജിബിയെ ഉള്ളല്ലൊ


"നഷ്ടമാ പിന്നെ ചേട്ടനല്ലേ എന്നു കരുതിയാ ഇതൊക്കെ ചെയ്യുന്നത്‌" എന്നു ബിജു പറഞ്ഞതിന്റെ അര്‍ത്ഥം നഷ്ടം ചേട്ടനായതുകൊണ്ടാണ്‌ (അല്ലാതെ ബിജുവിനല്ലെന്ന്) എന്ന് എനിക്കപ്പൊഴേ മനസിലായുള്ളു

15 comments:

  1. ആട്ടെ ചേട്ടന്‌ വിഷ്വല്‍ സ്റ്റുഡിയൊ ഉണ്ടൊ?"

    ബ്ലോഗില്‍ ചിലര്‍ക്കൊക്കെ സ്വന്തം സ്റ്റുഡിയൊ ഉണ്ടെന്നു കേട്ടിട്ടുണ്ട്‌. എനിക്കില്ലല്ലൊ. പിന്നീട്‌ അടുത്തുള്ളത്‌ രാമകൃഷ്ണന്റെ ഡിജിറ്റല്‍ സ്റ്റുഡിയോ ആണ്‌.

    ഞാന്‍ പറഞ്ഞു " എനിക്കില്ല പക്ഷെ ഇവിടടുത്ത്‌ രാമകൃഷ്ണന്റെ സ്റ്റുഡിയൊ ഉണ്ട്‌"

    ReplyDelete
  2. എന്തു നഷ്ടമായാലെന്താ, വരവുചെലവു കണക്കുകള്‍ എഴുതാന്‍ പറ്റിയില്ലേ?

    ReplyDelete
  3. അന്നു തന്നെ ഒരു ബുക്കെടുത്ത്‌ ഡയറി എന്നൊക്കെ പുറംചട്ടയില്‍ എഴുതി തയ്യാറാക്കി വച്ചു . രാത്രി കിടക്കുന്നതിനു മുമ്പ്‌ അതെഴുതണം എന്നും തീരുമാനിച്ചു.
    പക്ഷെ എഴുതുവാന്‍ ബുക്ക്‌ കയ്യിലെടുത്തപ്പോഴാണ്‌ ആലോചിച്ചത്‌ - ദൈവമേ ഞാന്‍ കാലത്തു നേരം വെളുത്താല്‍ വൈകുന്നേരം വരെ ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്ധമായി ഇതിനകത്തെങ്ങാനും എഴുതി വച്ചാല്‍ പിന്നീട്‌ ഞാന്‍ ഈ ബുക്ക്‌ എപ്പോഴും കയ്യില്‍ തന്നെ ചുമന്നു കൊണ്ടു നടക്കേണ്ടി വരുമല്ലൊ.

    ReplyDelete
  4. ബിജുവിനെ ഒന്ന് കൂടെ നൈസ് ആയി വിളിച്ചു വീട്ടില്‍ കേറ്റി രണ്ടു പൊട്ടീര് കൊടുക്കായിരുന്നില്ലേ പണിക്കര് മാഷെ
    ഇനി മേലാല്‍ ആളുകളെ പറ്റിക്കാതെ ഇരിക്കാന്‍

    ReplyDelete
  5. ഈ കണക്ക് എഴുതിയല്ലൊ അല്ലെ?
    "ചേട്ടനു"ഇതു പോലെ രണ്ടനിയന്മാരെ
    കിട്ടിയാല്‍ സംഭവം ഉഷാര്‍ ആയതു തന്നേ!

    ReplyDelete
  6. എഴുത്തുകാരീ :)

    അയ്യോ കണ്ണാ ഇതു വെറും കഥയാണേ നിങ്ങളൊക്കെ എഴുതുന്നതു കണ്ടപ്പോള്‍ എന്റെ അകത്തെങ്ങാനും അങ്ങനൊരു കഥാകാരന്‍ ഒളിഞ്ഞിരിക്കുന്നോ എന്നു നോക്കിയതാ ഇപ്പൊ മനസ്സിലായി അതെനിക്കു പറഞ്ഞിട്ടുള്ളതല്ലെന്ന് :)

    മാണീക്യം ഞാന്‍ പണ്ടെ കണക്കിനു പിന്നിലാ

    ReplyDelete
  7. അയ്യയ്യൊ ഞാന്‍ ഒന്നു സങ്കല്‍പിച്ചപ്പോഴേക്കും അവിടെ സംഭവിച്ചോ

    കഷ്ടം തന്നെ :(

    അതാ പാവം എന്നൊക്കെ പേരിട്ടാലത്തെ കുഴപ്പം

    ReplyDelete
  8. ഹ ഹ ഹ !!!
    അതു കലക്കി.
    എന്തായാലും ഡാറ്റാ ഗ്രിഡ് മാറ്റിക്കിട്ടിയല്ലോ അതു മതി.
    :)

    ReplyDelete
  9. എന്തായാലും കണക്കുകള്‍ കൃത്യമല്ലേ !

    ReplyDelete
  10. “വമ്പിച്ച ആദായ വില്പന” ആർക്ക് ?

    ReplyDelete
  11. ഇതിനാണ് കണക്കായിപ്പോയി എന്ന് പറയുക:)

    ReplyDelete
  12. ഇത്രേയൊള്ളോ? എന്റെ കമ്പ്യൂടറിനു ചില പ്രശ്നത്തിനു ഒരു ‘എക്സ്പേർടി”നെ വിളിച്ചു. “എന്തു പ്ലാറ്റ്ഫോമാ ഉപയോഗിക്കുന്നത്?“ അയാളുടെ ചോദ്യം.
    ഞാൻ താഴേയ്ക്ക് നോക്കി. എന്നിട്ടു പറഞ്ഞു: “പ്ലാറ്റ്ഫൊം ഒന്നുമില്ല. ഒരു കാർപെറ്റേൽ കസേരയിട്ടാ ഇരിയ്ക്കുന്നത്”.

    ReplyDelete
  13. അഭി കണക്കുകള്‍ എപ്പൊഴും കൃത്യം തന്നെ പക്ഷെ ആരുടെ ആണെന്നു മാത്രം നോക്കണം :) ഹ ഹ

    പാര്‍ത്ഥന്‍ ജി- ചെറുപ്പത്തില്‍ ഉത്സവക്കച്ചവടം കാണുവാന്‍ പോകുന്നിടത്ത്‌ സ്ഥിരം കേട്ടിരുന്ന ഒരു പ്രയോഗമായിരുന്നു "നഷ്ടമാ എന്നാലും ചേട്ടനല്ലേ എന്നുള്ള പ്രയോഗം --" അതൊന്നു ഞാനും കഥയാക്കി പ്രയോഗിച്ചു നോക്കിയതാ

    ഇപ്പൊ മനസ്സിലായി അവര്‍ അതു മാറ്റി ആദായവിലപനയാക്കി അല്ലേ :) ഹ ഹ ഹ

    അനംഗാരി ഇവിടെ ഒക്കെ ഉണ്ടൊ മൂന്നാറിലെ പടം ഒക്കെ കണ്ടപ്പോള്‍ വിചാരിച്ചു അവിടെ എങ്ങാനും അങ്ങു കൂടിയോ എന്ന്

    എതിര്‍ ജീ ഹ ഹ ഹ പ്ലാറ്റ്‌ഫോമില്‍ കാര്‍പറ്റിടാമായിരുന്നു. അതുകേട്ടപ്പൊഴാ ഇതോര്‍മ്മ വന്നത്‌.
    ഞങ്ങളുടെ ആശുപത്രിയിലേക്ക്‌ ഉപയോഗിക്കാന്‍ VB യില്‍ ഒരു പ്രോജക്റ്റ്‌ ഉണ്ടാക്കി കൊണ്ടിരുന്നപ്പോള്‍ മനസ്സില്‍ ഉരുത്തിരിഞ്ഞു വന്നതായിരുന്നു. ഇപ്പോള്‍ അലപം ഒഴിവു കിട്ടി അതൊന്നെഴുതി നോക്കി അങ്ങനെ നിങ്ങള്‍ മാത്രം കഥയെഴുതിയാല്‍ പോരല്ലൊ ( ചിരിക്കല്ലേ :) ആ ചിരി എനിക്കു കാണാം വേണ്ടാ വേണ്ടാ )

    ReplyDelete
  14. അനില്‍ ആ ഗ്രിഡ്‌ ഞാന്‍ എടുത്തു വച്ചിട്ടുണ്ട്‌
    അടുത്ത ഭാഗം കൂടി എഴുതട്ടെ

    ReplyDelete