Friday, September 27, 2013

കിളികൾക്കും നമ്മെക്കാൾ ബുദ്ധി!!


ആദ്യത്തെ തത്തമ്മയുടെ കഥ എഴുതിയപ്പോൾ ഓർത്തതാണ് മറ്റൊരു സംഭവം.

സംഭവം എന്നു പറഞ്ഞാൽ പോരാ - അവിശ്വസനീയമായ ഒരനുഭവം

ജീവികളുടെ ഇടയിൽ ഇതുപോലെ ഒക്കെ നടക്കുന്നുണ്ട് എന്നറിയുന്നത് എന്നെ സംബന്ധിച്ച് ഒരു അത്ഭുതം തന്നെ ആയിരുന്നു

കാര്യം എന്താണെന്നല്ലെ?

ആദ്യത്തെ തത്തമ്മ പോയിക്കഴിഞ്ഞപ്പോൾ വീണ്ടും തത്തമ്മ വേണം എന്ന ഒരു ആഗ്രഹം.

ഞങ്ങൾ ജോലിക്കായി സാധാരണ പോകുന്ന ഒരു  വില്ലേജ് ആണ് 'ഹിംഗ് വാനി'. അവിടത്തെ ഇലിപ്പമരങ്ങൾ (മഹുവ) വളരെ വലിയവയാണ്.
 
അവയിൽ നിന്നാണ് ഗ്രാമീണർക്ക് കുടിക്കുവാനുള്ള ദേശീ മദ്യം ഉണ്ടാക്കുന്നത്. അതിന്റെ പൂവ് വിരിയുന്ന കാലത്ത്  അവ ശേഖരിച്ച് വച്ചിട്ട് വാറ്റും.

വേനൽകാലമായാൽ പൂക്കാലം ആയി. അപ്പോൾ ആ മരങ്ങളിൽ ഒരൊറ്റ ഇലയും ഉണ്ടാവില്ല.
പകരം മുഴുവൻ മൊട്ടുകളും പൂവും ആയിരിക്കും.
 അതിന്റെ പൂവ് ഒരു പ്രത്യേക തരം ആണ്. ഇളം മഞ്ഞ നിറത്തിൽ, തേൻ നിറച്ച ഒരു ഗ്ലോബ്. വലിപ്പം ഏകദേശം നല്ല വലിപ്പമുള്ള ഒരു നിലക്കടലയെക്കാൾ അല്പം കൂടുതൽ.

തേൻ ഇറ്റു വീഴിച്ചു കൊണ്ട് അവ ഓരോന്നായി പൊഴിഞ്ഞു വീണു കൊണ്ടിരിക്കും.

കുരങ്ങന്മാർ അവ തിന്നിട്ട് ചിലപ്പോൾ മത്ത് പിടിച്ച് നടക്കുന്നത് കാണാനും തമാശയാണ്.

അത്തരം മരങ്ങളിൽ പലതിലും തത്തമ്മയുടെ കൂടുകൾ ഉണ്ട്. ഞങ്ങളുടെ ക്യാമ്പ് ആ മരങ്ങൾക്കു ചുവട്ടിൽ

അതിൽ ഒരു മരത്തിലെ കൂട് ഒരു മേശ ഇട്ട് അതിൽ കയറിയാൽ കയ്യെത്തും ദൂരത്തിലായിരുന്നു.

അതിലുള്ള കുഞ്ഞിന് അതിന്റെ അമ്മ തീറ്റ കൊടുക്കുന്നത് ഞങ്ങൾ കണ്ടു. കുഞ്ഞ് എന്നു വച്ചാൽ അത്ര കുഞ്ഞൊന്നും അല്ല അമ്മയുടെ അത്രയും തന്നെ ഉണ്ട്.

അതു കൊണ്ട് പതിയെ അതിനെ ഒരാളോട് പറഞ്ഞ് പിടിച്ചു. അതിനെ ഞങ്ങളുടെ വണ്ടിയിൽ ആക്കിയിട്ട് ഞങ്ങൾ ജോലി തുടർന്നു.

പക്ഷെ അതിനിടയിലാണ് വീണ്ടും തീറ്റ അന്വേഷിച്ചു പോയ അമ്മക്കിളി എത്തിയത്.

അത് കൂടിനടുത്ത് വന്ന് വിളിച്ചിട്ടും കുഞ്ഞിനെ കാണാതെ അല്പനേരം നോക്കി.

തുടർന്ന് അടുത്തുണ്ടായിരുന്ന മറ്റു തത്തകളും എല്ലം വന്ന് അവിടെ കിടന്ന് ചിലച്ച് ബഹളം ഉണ്ടാക്കി.

ഒരൊറ്റ തത്തയും ആ കൂട്ടിനകത്തേക്ക് കയറിയില്ല. വക്കിൽ ഇരുന്നു കൊണ്ട് നോക്കിയതു മാത്രം.

അല്പനേരം കഴിഞ്ഞ് അവ ഒക്കെ എങ്ങോട്ടൊ പറന്നു പോയി.

അത്രയും നേരം ഞങ്ങൾക്ക് ഇതിൽ കാര്യമായൊന്നും തോന്നിയിരുന്നില്ല.

എന്നാൽ കുറച്ചു നേരം കഴിഞ്ഞ് തത്തകൾ മടങ്ങിയെത്തി.

പക്ഷെ ഇത്തവണ അവർക്കൊപ്പം ഒരു മരംകൊത്തിയും ഉണ്ടായിരുന്നു.

ആ മരംകൊത്തി നേരെ കൂട്ടിനടൂത്ത് വന്നു അതിന്റെ വക്കിൽ ഇരുന്നു കൊണ്ട് അകം വീക്ഷിച്ചു. പിന്നീട് അതിന്റെ  നീളമുള്ള ചുണ്ട് കൂട്ടിനുള്ളിലേക്കു കടത്തി. അതിനു ശേഷം മരംകൊത്തി ആ കൂട്ടിനുള്ളിൽ കടന്നു. പരിശോധന കഴിഞ്ഞ് പുറത്തു വന്ന് അവരുടെ ഭാഷയിൽ എന്തെങ്കിലും പറഞ്ഞു കാണുമായിരിക്കും. അത് പറന്നു പോയി.

തത്തമ്മകളും അവരവരുടെ വഴിക്കു പോയി.

സ്തബ്ധരായി നോക്കി നിന്നു പോയി ഞങ്ങൾ ആ മരത്തിനു ചുറ്റും

ഏതായാലും വീട്ടിൽ കൊണ്ടു ചെന്ന് പുറത്തെടുത്ത പാടെ ആ കുഞ്ഞ് തത്ത പറന്ന് അതിന്റെ വഴിക്കും പോയി.


11 comments:

 1. കിളി അവിടെ നില്‍ക്കട്ടെ; ആദ്യായിട്ടാ ഇങ്ങനെയൊരു മരത്തെപ്പറ്റി കേള്‍ക്കുന്നത്.

  ReplyDelete
 2. എന്നാലും എന്റെ അജിത്ത് ജി രേവതി നക്ഷത്രക്കാരുടെ വൃക്ഷം ആണ് ഇലിപ്പ (ഇരിപ്പ). ഹൊ അതിന്റെ വാറ്റിന്റെ ഒരു വീര്യം!!! നമ്മുടെ ഗോവക്കാരുടെ ഫെനിയെക്കാൾ ഭയങ്കരൻ

  ReplyDelete
 3. ഇതൊരു പുതിയ അറിവാണ് ഇലിപ്പ യാണ് മഹുവ എന്നത് .കഴിഞ്ഞ വട്ടം ഖജുരാഹോയില്‍ ചെന്നപ്പോഴാണ് ഇ വൃക്ഷം കണ്ടതും കുറച്ചു മഹുവ കഴിച്ചതും ..........എന്റെ നാള്‍ രേവതിയായതാണോ ഈ മരത്തോടു എനിക്കൊരു പ്രണയം തോന്നാന്‍ കാരണമായത്............. ഏഴിലം പാലയാണ് എന്നെ ഭ്രാന്തു പിടിപ്പിക്കുന്ന വൃക്ഷം കുത്തനെ ഉയര്‍ന്നു പോയി വളഞ്ഞു പുളഞ്ഞു നില്‍ക്കുന്ന ശാഖകള്‍ ..........ഇന്ത്യയില്‍ എവിടെ പോയാലും കാണാനും പറ്റും പൂത്തു നില്‍കുന്ന ഏഴിലം പാല നിലാവുള്ള രാത്രികളില്‍ നിലാവിന്റെ സുഗന്ധമായി തോന്നും ...........

  ReplyDelete
 4. അത് ശരി - എന്റെ നക്ഷത്രമരമായതു കൊണ്ട് സ്നേഹിച്ചു വച്ച മരമാണ്. ഇപ്പൊ നമ്മുടെ രണ്ടുപേരുടെതും ആയി അല്ലെ :)
  ഇന്നലെ താങ്കളുടെ ബ്ലോഗിൽ കണ്ടിരുന്നു

  പാല പൂത്ത്  മാദകമായ മണം പറത്തുന്ന സമയം ആണ് ഇപ്പോൾ, വൈകുന്നേരം നടക്കാനിറങ്ങുമ്പോൾ ഞാൻ ഭാര്യയോടു പറയും, പാലയിൽ യക്ഷി ഉണ്ടൊ ന്ന് നോക്കിക്കോളാൻ- ചെറുപ്പത്തിൽ എത്ര നോക്കിയിട്ടും കണ്ടിട്ടില്ല, ഇനി വയസു കാലത്ത് കാണാൻ ഒത്താലൊ ഹ ഹ ഹ 

  ReplyDelete
 5. ആദ്യമായിട്ടാ ‘ഇരിപ്പ’ എന്ന പേരു കേൾക്കുന്നത്. പിന്നെ തത്തകൾക്കും അവരവരുടേതായ ഒരു ജീവിത രീതി ഉണ്ടന്ന് ഇപ്പോൾ മനസ്സിലായില്ലേ.
  ആശംസകൾ.....

  ReplyDelete
 6. തന്റെ കുഞ്ഞിനു പറ്റിയ അപകടം തനിക്കും പറ്റാതിരിക്കുവാൻ വേണ്ടി - അഥവാ ഇനി ആ പോടിനുള്ളിൽ വല്ല പാമ്പൊ മറ്റൊ കടന്നിട്ടുണ്ടായിരിക്കും എന്നൊ മറ്റൊ സംശയിച്ചായിരുന്നിരിക്കില്ലെ ആ തത്ത മരംകൊത്തിയെ കൂട്ടി കൊണ്ടു വന്നത് !!!!

  ReplyDelete
 7. ഇതിപ്പൊ എഴുതിയത് തത്ത (കിളി)യെക്കുറിച്ചോ മരത്തെക്കുറിച്ചോ? തത്തയുടേയോ തത്തകളുടേയോ തത്തക്കുട്ടിയുടേയോ മരംകൊത്തിയുടേയോ ഒരു ഫോട്ടോ കൊടുക്കാതെ മരത്തിന്റെ മാത്രം ഫോട്ടോ കൊടുത്തത് തീരെ ശരിയായില്ല.

  കിളികൾക്ക് എങ്ങനെയാണ് നമ്മെക്കാൾ ബുദ്ധി എന്ന് മനസ്സിലായില്ല. ഭൂമിയെ നശിപ്പിക്കുന്ന പണികളൊന്നും അവ ചെയ്യുന്നില്ല എന്നായിരിക്കും ഉദ്ദേശിച്ചതല്ലേ?

  ReplyDelete
 8. ഹ ഹ ഹ  പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് പശുവിനെ കുറിച്ച് പത്തു വാചകങ്ങൾ എഴുതാൻ പറഞ്ഞാൽ പശുവിനെ കെട്ടുന്നത് തെങ്ങിലാണ്. തെങ്ങൊരു വലിയ മരമാണ്. തെങ്ങ് നമുക്ക് തേങ്ങ തരും എന്നു തുടങ്ങി എഴുതി ശീലിച്ചതല്ലെ 

  പിന്നെ മരംകൊത്തിയെ കൊണ്ടുവന്ന് കൂടിനകം പരിശോധിച്ച ബുദ്ധിയല്ലെ ബുദ്ധി :)

  ReplyDelete
 9. ഇലിപ്പ, തത്തമ്മ, മരം‌കൊത്തി ആകെ സന്തോഷം നിറഞ്ഞ അനുഭവം...

  ReplyDelete
 10. വാറ്റുമരവും , ഈ കിളി ബുദ്ധിയും കൊള്ളാം..

  ReplyDelete
 11. ജീവികളുടെ ഇടയിൽ ഇതുപോലെ ഒക്കെ നടക്കുന്നുണ്ട് എന്നറിയുന്നത് എന്നെ സംബന്ധിച്ച് ഒരു അത്ഭുതം തന്നെ

  ആശംസകള്‍.,വീണ്ടും വരാം ....
  സസ്നേഹം ,
  ആഷിക് തിരൂർ

  ReplyDelete