Thursday, September 26, 2013

ഒരു തത്തമ്മക്കഥ





ഇന്ന്  ഈ കിളികൾ ഒക്കെ എവിടെപോയി എന്ന ഒരു പോസ്റ്റ് വായിച്ചപ്പോൾ ഓർമ്മവന്ന കഥയാണ്.
മദ്ധ്യപ്രദേശിലെ ഒരു സ്ഥലത്ത് ജോലി ചെയ്തിരുന്ന കാലം.

അടുത്ത ക്വാർട്ടേഴ്സിൽ താമസിക്കുന്ന മിസ്ത്രിയുടെ വീട്ടിൽ തത്തമ്മകൾ ഉണ്ട്. ഒന്നല്ല രണ്ടല്ല നാലഞ്ച് എണ്ണം

അവയെ വലിയ ഒരു കൂട്ടിനുള്ളിൽ ആണ് വളർത്തുന്നത്.

ഇടയ്ക്ക് അവരുടെ വീട്ടിൽ പോകും അവയെ കാണാൻ. അകത്തെത്തിയാൽ - തത്തമ്മകൾ ഒന്നും കൂട്ടിൽ അല്ല. വീട്ടിനകത്ത് പറന്നു കളിക്കുകയായിരിക്കും. ഫാനിലും തുണി വിരിക്കുന്ന അയയിലും എന്നു വേണ്ട കതകിന്റെ മുകളിലുമെല്ലാം.

ചായ കുടിക്കുന്നതിനു കൊണ്ടു വയ്ക്കുന്ന കൂട്ടത്തിൽ ചിലപ്പോൾ  മിക്സ്ചർ ഉണ്ടാകും - അതു കണ്ടാൽ ടീപോയുടെ മുകളിൽ എത്തും  ഒരു മൂലയ്ക്ക് നിന്ന് അവരും കപ്പലണ്ടി എടുത്ത് കൊറിക്കും.

മിസ്ത്രിയുടെ ശ്രീമതിയുടെ തോളിൽ കയറി ഇരുന്ന് അവർക്ക് ഉമ്മ കൊടുക്കും അവരുടെ കാതിൽ ഉള്ള കാതിപ്പൂവിനെ പതിയെ കടിക്കും.
പിന്നെ ഇടയ്ക്ക് കാഷ്ടിക്കയും ചെയ്യും എന്ന ഒരൊറ്റ ദോഷമെ ഉള്ളു.

നേരം പുലരുമ്പോൾ ഇവയെ കൂട്ടിലാക്കി, കൂട് വരാന്തയിൽ കൊണ്ടു വയ്ക്കും. പച്ചക്കപ്പലണ്ടിയും പയറും ആപ്പിളും ഒക്കെ കൂട്ടിനകത്ത് വച്ചു കൊടുക്കും. അവിടെ ഒരു ബഹളം തന്നെയാണ്

ആ തത്തകളുടെ അല്ല- അവയെ കാണാൻ വരുന്ന വിരുന്നുകാർ തത്തകളുടെ. നാട്ടിലുള്ള ഒരു പത്തിരുപത് തത്തകൾ വെങ്കിലും ആ കൂടിനു മുകളിലും വശങ്ങളിലും ആയി വന്നിരുന്ന്  ബഹളം വയ്ക്കുന്നുണ്ടാകും

അകത്തുള്ളവക്ക് കിട്ടുന്ന ആഹാരം കണ്ട് കൊതിയായിട്ടാണോ- അതൊ ഇനി അവരെ കൂട്ടിലടച്ചതിലുള്ള വിഷമം ആണോ എന്നൊന്നും അറിയില്ല.

ഏകദേശം 9 മണി വരെ ഇവർ ബഹളം തന്നെ ആയിരിക്കും പിന്നെ വിരുന്നുകാരൊക്കെ അവരുടെ വഴിക്ക് പോകും

ഇതൊക്കെ കണ്ടുകണ്ട് എനിക്കും ഒരു പൂതി

എനിക്കും ഒരു തത്ത വേണം.

അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു ആദിവാസി മേഖലയിൽ ആയിരുന്നു ജോലി -

 
അവിടെ ഒരു കുടിലിൽ വളർത്തിയിരുന്ന ഒരു തത്തയെ കണ്ടു.  ഒരു തത്തയ്ക്ക് കഷ്ടിച്ച് കഴിയാവുന്ന വലിപ്പം മാത്രം ഉള്ള ഒരു കൂട്. എനിക്ക് കഷ്ടം തോന്നി.

ഞാൻ അവരോട് അതിനെ എനിക്ക് വിൽക്കുന്നൊ എന്നു ചോദിച്ചു. 5 രൂപ തികച്ച് കണ്ടിട്ടില്ലാത്ത അവർ 25 രൂപ എന്നു കേട്ടപ്പോൾ കൂടോടു കൂടി അതിനെ ഇങ്ങു തന്നു.

വൈകുന്നേരം വീട്ടിലെത്തി

ഇന്നു പറയുന്നതു പോലെ പറയുവാൻ ശ്രീമതിക്ക് അത്ര ധൈര്യം ഉണ്ടായിരുന്നില്ല അന്ന്.

അതുകൊണ്ട് ഞാനും തത്തമ്മയും സസന്തോഷം അകത്ത് പ്രവേശിച്ചു

മിസ്ത്രിയുടെ വീട്ടിൽ  കൂടുണ്ട് പക്ഷെ എനിക്ക് കൂടു തന്നെ വേണ്ട എന്നായിരുന്നു അഭിപ്രായം. അത് വീട്ടിനുള്ളിൽ പറന്നു നടക്കട്ടെ.

അകത്തെത്തിയ ശേഷം പതുക്കെ ആ കൂടിന്റെ വാതിൽ തുറന്നു വച്ചു.

തത്ത പുറത്തിറങ്ങി പറക്കുമ്പോൾ ഫാനിലെങ്ങും മുട്ടി അപായം ഉണ്ടാകാതിരിക്കാൻ ഫാനെല്ലാം ഓഫ് ചെയ്തു.

പക്ഷെ എത്ര നേരം കഴിഞ്ഞിട്ടും തത്ത പുറത്തിറങ്ങുന്നില്ല എന്നു മാത്രം അല്ല വാതിലിനെതിരായ വശത്തേക്ക് ചേർന്ന് ഇരിക്കുകയാണ്.

കൂട്ടിനകത്താണ് കൂടൂതൽ സുരക്ഷിതത്വം എന്നതിനു തോന്നിക്കാണും.

കപ്പലണ്ടിയും പയറും ഒക്കെ കൊടുത്തു അതെല്ലാം അകത്തിരുന്നു മാത്രം അത് കഴിച്ചു.

രാത്രി വല്ല പൂച്ചയും വന്നാലൊ എന്ന് ഭയന്ന് രാത്രി കതക് അടച്ച് വയ്ക്കും പകൽ തുറന്നിട്ട് നോക്കും. പച്ചപയർ  വാതിലിനു വെളിയിൽ ഇട്ടു കൊടൂക്കും

അങ്ങനെ അല്പദിവസങ്ങൾ കഴിഞ്ഞപ്പോൾ അത് പതുക്കെ പുറത്തിറങ്ങി പയർ തിന്നു തുടങ്ങി.

അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് അതിനുപറക്കാൻ ശീലിക്കാത്തതു കൊണ്ടായിരിക്കും - അത് പറക്കുന്നില്ല.

വീട്ടിനകത്ത് നടപ്പ് മാത്രം. ചാടിയും നടന്നും അത് ഞങ്ങൾക്കൊപ്പം കളിച്ചു തുടങ്ങി. കുട്ടികൾ സ്കൂളിൽ നിന്നു വന്നാൽ അവർക്കു കൊടുക്കുന്ന മിക്സ്ചർ പാത്രത്തിലും ചുണ്ടിടൂം. പിള്ളെർ അതെടുക്കാൻ ചെന്നാൽ അവരെ പതിയെ കടിക്കും- അങ്ങനെ വികൃതിയായി

മഹേശിന്റെ സൈക്കിൾ പൂട്ടുവാൻ ദാ ഈ ലോക്ക് വാങ്ങിവച്ചിരുന്നു.

തത്തയെ  ഇരുത്താൻ നല്ല ഒരു ഊഞ്ഞാലായി അത് ഉപയോഗിക്കാൻ തീരുമാനിച്ച്. തത്തയ്ക്കും അത് ഇഷ്ടപ്പെട്ടു എന്നു തോന്നുന്നു. അത് കാണിച്ചു കൊടൂത്താൽ അതിൽ കയറി ഇരുന്നോളും.
 
 അതിൽ ഇരുത്തി അതിനെയും കൊണ്ട് പുറമെ പോയി കുറച്ചു നേരം മരത്തിൽ തൂക്കി ഇടും.

തത്തയല്ലെ പ്രകൃതിയുമായി ഇണങ്ങട്ടെന്നെ

കൂട്ടത്തിൽ പതിയെ പതിയെ പറക്കാനും തുടങ്ങി. വാതിലിന്റെ കതകിനു മുകളിലേക്കും ജനാലയിലേക്കും എല്ലാം പതിയെ പതിയെ പറന്നു പറന്ന് നടക്കും

ഇത്രയും ആയപ്പോൾ എനിക്ക് തത്തയെ നല്ല വിശ്വാസം ആയി.

അതുകൊണ്ട് ജനാലയും തുറന്നിട്ട് ആണ് വളർത്തൽ

ഒരു കാര്യം പറയാൻ വിട്ടുപോയി - വടക്കെ ഇൻഡ്യക്കാർ "ചിത്രകൂട്" എന്നാണ് തത്തയെ ആദ്യം വർത്തമാനം പറയുവാൻ പഠിപ്പിക്കുന്നത്. ആദ്യത്തെ ഉടമസ്തർ അത് നന്നായി പഠിപ്പിച്ചിരുന്നു. അതുകൊണ്ട് തത്ത ഉഷാറാകുമ്പോഴൊക്കെ ചിത്രകൂട് എന്ന് ഉച്ചത്തിലുച്ചത്തിൽ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കും.

അങ്ങനെ ഇരിക്കെ ഒരു ദിവസം  തത്ത ജനാലയിലേക്ക് നോക്കി ഇരിക്കുന്നത് കണ്ടു. നോക്കിയിരുന്നതും ശരം പോലെ ഒരു പോക്ക്. ഇപ്പൊ വരും ഇപ്പൊ വരും എന്ന് വിചാരിച്ച് കാത്തിരുന്നിട്ടും എന്ത് ഫലം

വൈകുന്നേരം ആയിട്ടും കാണാനില്ല.

അപ്പോൾ പക്ഷെ എനിക്ക് സന്തോഷമായിരുന്നു തോന്നിയത്.  അത് അതിന്റെ വഴി കണ്ടുപിടിച്ചല്ലൊ
സന്തോഷമായി പോയി കുടുംബം ഒക്കെ ആയി ജീവിക്കട്ടെ എന്ന് വിചാരിച്ചു.

പക്ഷെ അടുത്ത ദിവസം അയല് വാസി പറഞ്ഞു  ദേ സാറിന്റെ തത്ത ആ സ്കൂളിലെ വെന്റിലേറ്ററിൽ ഇരിപ്പുണ്ടായിരുന്നു. അതിനെ ഇന്ന ആൾ കൊണ്ടുവരുന്നുണ്ട് എന്ന്.

അതെ തത്തയ്ക്ക് ജീവിക്കേണ്ടത് എങ്ങനെ ആണ് എന്നറിയില്ലായിരുന്നു. പുറമെ പോയാൽ ജീവിക്കാനറിയണ്ടെ?

അത് ഞങ്ങളുടെ കോളനിയിൽ തന്നെ ഉള്ള സ്കൂളിന്റെ വെന്റിലേറ്ററിൽ ഭയന്ന് ഇരിക്കുകയായിരുന്നു. പിടിക്കാൻ ആൾ ചെന്നത് അതിനു സന്തോഷമായിരുന്നിരിക്കണം.

അങ്ങനെ അത് വീണ്ടും എന്റെ അടുത്തെത്തി.

പിന്നീട് ഞാൻ അതിന്റെ കൂട്ടരെ കാണിക്കാൻ വേണ്ടി മിസ്ത്രിയുടെ വീട്ടിൽ കൊണ്ടുപോകും. അവിടത്തെ തത്തകളുടെ കൂടെ കളിച്ചും കൊത്തു കൂടിയും ഒക്കെ കുറെ നേരം ചെലവിടും. അങ്ങനെ പോയി.

പക്ഷെ ഇത്തവണ അവർ പഠിപ്പിച്ചു കൊടൂത്തു കാണും എങ്ങനെ ആണ് പുറമെ ജീവിക്കേണ്ടത് എന്ന്.

അതല്ലെ അടുത്ത പോക്ക് മടങ്ങിവരാത്ത ഒരു പോക്കായത്

എന്നാലും എനിക്ക് സന്തോഷം. ജീവിക്കാൻ പഠിച്ചാണല്ലൊ പോയത്

5 comments:

  1. ഈ അനുഭവം വളരെ മനോഹരമായിട്ടുണ്ട്.. പക്ഷികളെ വളര്‍ത്തുമ്പോള്‍ അവരര്‍ഹിക്കുന്ന സ്വാതന്ത്ര്യവും വക വെച്ചു കൊടുക്കാന്‍ നാം ശ്രദ്ധിക്കണം എന്ന സന്ദേശം മഹത്തരമാണ്. എന്‍റെ പോസ്റ്റിലേക്കുള്ള ലിങ്ക് നല്‍കിയതിന് ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete
  2. തുറന്നുവിടുമ്പോഴാണ് നമുക്ക് സന്തോഷം തോന്നേണ്ടത്. അല്ലേ?

    ReplyDelete
  3. പ്രിയ സുഹൃത്തെ TPSR ji,
    അജിത് ജീ

     സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി. യഥാർത്ഥത്തിൽ 'വളർത്തുന്നു' എന്ന വാക്ക്  ശരിയാണൊ? നാം അവയെ ഉപദ്രവിക്കുകയല്ലെ ചെയ്യുന്നത്?

     അവയുടെ ജീവിതത്തെ തടവിലാക്കി കഷ്ടപ്പെടുത്തിയിട്ട് വളർത്തുന്നു എന്നു പറയുക 

    എന്തൊരു വിരോധാഭാസം! അല്ലെ?

    ReplyDelete
  4. 'ഇത്രയും ആയപ്പോൾ എനിക്ക് തത്തയെ നല്ല വിശ്വാസം ആയി.'
    പക്ഷെ, തത്തക്ക് അത്ര വിശ്വാസം പോരായിരുന്നു....!!

    ReplyDelete
  5. ഹ ഹ ഹ വി കെ ജി കിളികൾക്കും അപാര ബുദ്ധിയാ
    അതുകൊണ്ടല്ലെ ഇപ്പോഴും എവിടെ എങ്കിലും ഒക്കെ അവ ജീവിച്ചിരിക്കുന്നത്

    ReplyDelete