Friday, April 15, 2011

നാരദരെയും ഓടിക്കാം

നാട്ടിന്‍പുറത്ത്‌ ചുറ്റുപാടും നടക്കുന്ന വിവരങ്ങള്‍ എല്ലായിടത്തും എത്തിക്കുക എന്ന മഹത്തായ കര്‍മ്മം നിര്‍വഹിക്കുന്ന ചിലര്‍ ഏതു നാട്ടിനും ഒഴിച്ചുകൂടാനാകാത്തവരാണല്ലൊ.
അതിന്‍പ്രകാരം ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു ഒന്നു രണ്ടു പേര്‍

അവിടെയുള്ള കാര്യം ഇവിടെയും ഇവിടെയുള്ള ആര്യം അവിടെയും എത്തിക്കുക അവരുടെ ധര്‍മ്മം ആയി കരുതിയ പാവങ്ങള്‍.

ഇവരുടെ ഈ പ്രവൃത്തി കൊണ്ട്‌ എനിക്കനുഭവിക്കേണ്ടി വന്ന ഒരു വിഷമം കേള്‍ക്കണ്ടേ?

എന്റെ അച്ഛന്‍ ഇവരുടെ വരവു ദൂരെ നിന്നു കാണുമ്പോള്‍ തന്നെ എന്നെ അടുത്തു വിളിക്കും

അച്ഛന്‍ അന്നൊക്കെ തിണ്ണയില്‍ ഇട്ടിരിക്കുന്ന ഒരു ചാരുകസേരയില്‍ വിശ്രമിക്കുന്ന നേരം നോക്കിയാകും ഇവരുടെ വരവ്‌ - പക്ഷെ ആ കിടപ്പില്‍ ദൂരെ വരമ്പില്‍ കൂടി വരുന്ന ആളെ നേരത്തെ കാണാന്‍ സാധിക്കും

അച്ഛന്‍ കിടക്കുന്ന കസാലയ്ക്കു മുകളില്‍ അച്ഛന്റെ വായന പുസ്തകങ്ങള്‍ വച്ചിട്ടുണ്ട്‌ . അവയില്‍ നിന്നും , ബാലഗംഗാധരതിലകന്റെ ഗീതാരഹസ്യം എന്ന പുസ്തകം ഏടുത്ത്‌ എന്റെ കയ്യില്‍ തന്നിട്ട്‌ അതിലേ ഏതെങ്കിലും ഒരു ഭാഗം തുറന്നിട്ട്‌ ഉറക്കെ വായിക്കാന്‍ പറയും.

നിങ്ങള്‍ വായിച്ചിട്ടുണ്ടോ?

(ഇല്ലെങ്കില്‍ ഒന്നു വായിച്ചു നോക്കണം കേട്ടൊ - പിന്നെ എന്നെ അടിക്കാനൊന്നും വരരുത്‌ അത്ര ബോറാണ്‌)

അതിന്റെ രണ്ടു പേജ്‌ ഒറ്റ ഇരുപ്പില്‍ വായിക്കാന്‍ സാധിക്കുന്നവര്‍ക്ക്‌ വേണമെങ്കില്‍ നോബല്‍ സമ്മാനം വല്ലതും ഉണ്ടാക്കി കൊടുക്കണം - ക്ഷമയ്ക്കുള്ളത്‌. അത്ര വിശേഷം ആണ്‌ പ്രത്യേകിച്ചും 10-12 വയസ്സുള്ള പിള്ളേര്‍ക്ക്‌

അപ്പോള്‍ പറഞ്ഞു വന്നത്‌ -
നമ്മുടെ കഥാനായകന്‍ വീട്ടിലെത്തുമ്പോഴേക്കും എന്റെ ഗീതാരഹസ്യത്തിന്റെ ചിലവരികള്‍ അദ്ദേഹത്തിന്റെ കാതിലും എത്തിയിരിക്കും

അപ്പൊഴാണ്‌ അച്ഛന്റെ വക
"ഹ ഇരിക്കു രാമന്‍പിള്ളേ നല്ല സമയത്താണ്‌ വന്നത്‌ ദാ കേട്ടേ , മോനെ അല്‍പം കൂടി ഉറക്കെ വായിച്ചേ -"

ഒരു മൂന്നു നാലു വാചകങ്ങള്‍ ആകുമ്പോഴേക്കും ഇതു നിര്‍ത്താനല്ല തുടരാനാണെങ്കില്‍ എങ്ങനെ എങ്കിലും രക്ഷപെട്ടാല്‍ മതി എന്ന് അദ്ദേഹത്തിനും മനസ്സിലാകും.

പതുക്കെ അദ്ദേഹം പറയും
"അതേ നാറാപിള്ളചേട്ടാ എനിക്കൊരല്‍പം തെരക്കുണ്ടായിൂന്നു പിന്നെ വന്നു കേള്‍ക്കാം "

അച്ചന്‍ ഒന്നു കൂടി ശ്രമിക്കും "ഹ കുറച്ചു കൂടി കേട്ടിട്ടു പോകാം എന്താ ഒരു രസം "

പക്ഷെ അപ്പോഴേക്കും അദ്ദേഹം പതുക്കെ എണീറ്റു യാത്ര തുടങ്ങിയിട്ടുണ്ടാകും

ഇതിന്റെ ഗുട്ടന്‍സ്‌ ആദ്യം അറിയില്ലായിരുന്നു.
പക്ഷെ ഒരിക്കല്‍ ഇതുപോലെ ഒരാള്‍ പോയി കഴിഞ്ഞപ്പോള്‍, എന്റെ കയ്യില്‍ നിന്നും പുസ്തകം തിരികെ വാങ്ങിയ അച്ഛന്റെ വായില്‍ നിന്നും വീണ ഈ വാക്കുകള്‍ " ക- മോന്മാര്‍ നേരം വേളുക്കുമ്പോ ഇറങ്ങിക്കോളും ഓരോ കൊതിയും നുണയും പറയാന്‍"

അപ്പൊഴാ മനസിലായത്‌ അച്ഛന്‍ അഞ്ജു കഥപറഞ്ഞ പോലെ കാണിച്ചതാണെന്ന്

7 comments:

  1. ഹ ഹ.... ചിരിച്ചൂട്ടോ...:-)
    എന്നാലും ഇത്ര ബോറിക്കുന്ന പുസ്തകം അച്ഛന്റെ കയ്യില്‍ എങ്ങനെ വന്നു?
    ശത്രുക്കള്‍ ആരെങ്കിലും സമ്മാനം കൊടുത്തതാകും അല്ലെ? :-)

    ReplyDelete
  2. ഇതുപോലുള്ള പുസ്തകങ്ങൾ വേറെയും ഉണ്ടോ? സംഭവം നന്നായിരിക്കുന്നു.

    ReplyDelete
  3. കടുവയെ പിടിച്ച കിടുവ. അത്തരക്കാരോട് ഇതൊക്കെത്തന്നെയേ രക്ഷയുള്ളൂ.

    ReplyDelete
  4. ‘നരന് അറിവ് പറഞ്ഞുകൊടുക്കുന്നവനാണ് നാരദൻ‘

    രസത്തോടെ അവതരിപ്പിച്ചു..നാരദരെ ഓടിപ്പിക്കുവാൻ നോബേൽ സമ്മാനം വരെ എത്തുന്ന ആ വായനയാണ് കലക്കിയത്..

    ReplyDelete
  5. ഹാ ഹാ ഹാ.. അതു കലക്കി മാഷേ....!!
    അഛൻ ആളു കേമനാണല്ലൊ...!!
    ആശംസകൾ...

    ReplyDelete
  6. വായിച്ചു രസിച്ചവര്‍ക്കെല്ലാം എന്റെ നന്ദി
    രസിച്ചോ (?) അതോ ഞാന്‍ ഓടി:)

    ReplyDelete