Saturday, March 19, 2011

എന്റെ സംഗീതാന്വേഷണപരീക്ഷണങ്ങള്‍ 1Repost

സംഗീതം മാസ്മരികശക്തിയുള്ള ഒരു കലയാണ്‌ സംശയമില്ല. അത്‌ ഒരു വരദാനമായി കിട്ടിയിട്ടുള്ള ഭഗ്യവാന്മാര്‍ കുറവും.

എന്നാല്‍ അത്‌ ആസ്വദിക്കാനുള്ള കഴിവുണ്ടാകുന്നതും ഒരു ഭാഗ്യം തന്നെയാണേ.

ഞങ്ങളുടെ ചെറുപ്പത്തില്‍ അടുത്തുള്ള ഏതെങ്കിലും വീട്ടില്‍ കല്ല്യാണം നടക്കുമ്പോള്‍ മൈക്‌ വച്ചു കേള്‍പ്പിക്കുന്ന ചില സിനിമാപാട്ടുകളല്ലാതെ മറ്റൊന്നും കേള്‍ക്കുവാനുള്ള സൗകര്യം ഇല്ലായിരുന്നു.

റേഡിയോ പോലും അപൂര്‍വം ചില വീടുകളിലേ ഉള്ളു. ഞങ്ങളുടെ അയല്‍ വീട്ടില്‍ ഒരു റേഡിയൊ കൊണ്ടുവന്നത്‌ അദ്ദേഹം ഞങ്ങള്‍ക്കൊക്കെ കേള്‍ക്കത്തക്കവണ്ണം ഫുള്‍ വോള്യും വച്ചു തന്നിരുന്നു. അതില്‍ സിലോണ്‍ വിവിധഭാരതിയൊക്കെ വല്ലപ്പോഴുംകേള്‍ക്കാന്‍ സാധിക്കും. നിങ്ങള്‍ ആവശ്യപ്പെട്ട ഗാനം ആകാശവാണി തരും . പക്ഷെ ഞങ്ങള്‍ക്കാവശ്യപ്പെട്ടതല്ലല്ലൊ മറ്റുള്ളവര്‍ ആവശ്യപ്പെട്ടതല്ലെ.

അങ്ങനെ ചില പാട്ടൊക്കെ കേട്ടു മാത്രമിരുന്ന കാലത്താണ്‌ എന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠന്‌ എന്റെ സംഗീതവാസന കണ്ടുപിടിക്കുവാന്‍ ഒരു ആഗ്രഹം ഉണ്ടായത്‌.
അന്നു നാലാം ക്ലാസില്‍ പഠിക്കുന്ന സമയം.
അദ്ദേഹം എന്നെ വിളിച്ചിരുത്തി
"മന്ദാനിലനില്‍ വൃന്ദാവനസുമസുന്ദരിമാര്‍ നടമാടുമ്പോള്‍

രാധാരമണന്‍ മുരളീ മോഹന ഗീതത്താല്‍ മഹി മൂടൂമ്പോള്‍"

എന്നു തുടങ്ങുന്ന ഒരു ലളിതഗാനം (?) പഠിപ്പിക്കുവാന്‍ തുടങ്ങി.

ഞാനാരാ യേശുദാസല്ലേ. കേട്ട പാതി കേള്‍ക്കാത്ത പാതി പാട്ടു തുടങ്ങി
ഏതായാലും ജ്യേഷ്ഠന്‍ എന്നെ പാട്ടു പഠിപ്പിക്കല്‍ അതോടു കൂടി നിര്‍ത്തി.
പ്രായശ്ചിത്തമായി ബോംബേയ്ക്കു വണ്ടി കയറി

സംഗീതത്തിന്റെ സ്വിച്ച്‌ ഓഫ്‌ ചെയ്യാതെ പോയതിനാലാകും ഞാന്‍ ദാ ഇപ്പോഴും അങ്ങനൊക്കെ തന്നെ.

അപ്പോള്‍ പറഞ്ഞു വന്നത്‌ അവനവന്‍ പാടൂന്നത്‌ റെകോര്‍ഡ്‌ ചെയ്തു തിരികെ കേള്‍ക്കുവാനുള്ള സംവിധാനമൊന്നും അന്നില്ലാ ( ടേപ്പ്‌ റേകോര്‍ഡര്‍ ഇല്ല എന്നേ ഉദ്ദേശിക്കുന്നുള്ളൂ) ത്തതു കൊണ്ട്‌ എന്റെ വിചാരം ഞാന്‍ പാടുന്നത്‌ യേശുദാസിനെക്കാളൊക്കെ വളരെ മെച്ചമായിട്ടാണെന്നായിരുന്നിരിക്കണം.

ഒരിക്കലെങ്കിലും അതു കേള്‍ക്കാനുള്ള അവസരം അന്നു കിട്ടിയിരുന്നെങ്കില്‍ ഈ പാതകം ഞാന്‍ തുടരുമായിരുന്നില്ല.

പക്ഷെ എന്തു ചെയ്യാം "ചെറുപ്പകാലങ്ങളിലുള്ള ശീലം --" എന്നല്ലെ ചൊല്ല്.

ജ്യേഷ്ഠന്‍ പോയതിനു ശേഷം പിന്നീടാരും എന്നെ സംഗീതം പഠിപ്പിച്ചുകളയാം എന്നു വിചാരിക്കാന്‍ ധൈര്യപ്പെട്ടില്ല. അതുകൊണ്ട്‌ പ്രി ഡിഗ്രി വരെ അങ്ങനെ ഒക്കെ അങ്ങു പോയി.

പക്ഷെ പ്രി ഡിഗ്രി എത്തിയപ്പോള്‍ അവിടെയും ഉണ്ട്‌ തമാശ.

എന്റെ ജൂനിയര്‍ ആയി ഒരു വിദ്വാന്‍ - ഗായകന്‍ എന്നാല്‍ അയാളെ പോലെ ആകണം. അത്ര നല്ല ശബ്ദം, പാട്ട്‌ - അദ്ദേഹം അടച്ചിട്ട ഒരു മുറിയില്‍ ഇരുന്നു പാടൂന്നത്‌ പുറമെ നിന്നു കേട്ടാല്‍ യേശുദാസിന്റെ പാട്ട്‌ റെകോര്‍ഡില്‍ നിന്നും കേള്‍ക്കുകയാണെന്നേ തോന്നൂ.

എങ്ങനെയോ ഞങ്ങള്‍ രണ്ടു പേരും കൂട്ടുകാരായി.

അദ്ദേഹം എപ്പോള്‍ സ്റ്റേജില്‍ പാടിയാലും എന്നെ കൂട്ടിനു വിളിച്ചിരുത്തി ഇടയ്ക്കു പാടിയ്ക്കും -

( ഇപ്പോഴല്ലേ മനസ്സിലായത്‌ -- പാല്‍പ്പായസം കുടിയ്ക്കുന്നതിനിടയില്‍ നാരങ്ങ തൊട്ടു കൂട്ടിയാല്‍ പായസത്തിന്റെ മാധുര്യം കൂടുമെന്നു അദ്ദേഹത്തിനറിയാമായിരുന്നു - അതുകൊണ്ടല്ലേ അദ്ദേഹത്തിനു കയ്യടിയും എനിക്കു കൂവലും നിറയെ കിട്ടിക്കൊണ്ടിരുന്നത്‌.)

അങ്ങനെ അങ്ങനെ കോളേജ്‌ ഡെ വന്നു.

ഗാനമേളക്ക്‌ ഞാനും പാടുവാന്‍ കൂടണം എന്നു സുഹൃത്ത്‌. ഞാന്‍ എത്ര കൂവലു കിട്ടിയാലും മനസ്സിലാക്കാത്ത വിഡ്ഢി. സമ്മതിച്ചു.

പശ്ചാത്തലസംഗീതക്കാര്‍ എത്തി. റിഹേഴ്സല്‍ തുടങ്ങി.

സുഹൃത്തിന്റെ വക -
ലങ്കാദഹനത്തിലെ "സ്വര്‍ഗ്ഗനന്ദിനി --" കേള്‍ക്കുവാന്‍ തടിച്ചുകൂടൂന്ന ജനത്തിനെ ണിയന്ത്രിക്കുവാന്‍ തന്നെ അധികൃതര്‍ക്ക്‌ പാട്‌
(അതിന്‌
എന്നെ ക്കൊണ്ടൊന്നു പാടിച്ചാല്‍ മതി എന്നവര്‍ക്കറിയില്ലല്ലൊ ഹ ഹ ഹ )

അടുത്തത്‌ എന്റെ പാട്ടു നോക്കം എന്നായി. ഏതു പാട്ടാണ്‌
" നിന്‍ മണിയറയിലെ നിര്‍മ്മലശയ്യയിലെ " എന്ന പാട്ടു എന്നു ഞാന്‍

ഹാര്‍മോണിസ്റ്റ്‌ പാട്ടിന്റെ ആദ്യം വായിക്കുന്ന മ്യൂസിക്‌ വായിച്ചു തുടങ്ങി.

എനിക്കു തോന്നിയസ്ഥലം എത്തിയപ്പോള്‍ ഞാന്‍ പാട്ടു തുടങ്ങി.

ഹാര്‍മോണിസ്റ്റ്‌ നിര്‍ത്തിച്ചു. പതിയെ പറഞ്ഞു തരാന്‍ തുടങ്ങി. മോനേ ദാ ഞാന്‍ ഇത്രയും വായിച്ചു കഴിഞ്ഞ്‌ പാട്ടു തുടങ്ങണം ദാ ഇങ്ങനെ എന്നു പറഞ്ഞു പാടി കേള്‍പ്പിച്ചു.

ഒക്കെ ശരി എന്നു ഞാന്‍. പക്ഷെ എനിക്കുണ്ടൊ താളം തബല ഇതു വല്ലതും അറിയുന്നു. ഹാര്‍മോണിയം ശബ്ദിച്ചു തുടങ്ങിയാല്‍ ഞാന്‍ പാടിത്തുടങ്ങും.

പാട്ട്‌ ഒരു വഴി, താളം വേറൊരു വഴി, ശ്രുതി ഇനിയൊരു വഴി -- ആകെ സംഗീതസാന്ദ്രം
ഇതൊന്നും എനിക്കു മാത്രമേ മനസ്സിലാകാത്തതുള്ളു എന്നതു അത്ര അത്ഭുതമൊന്നുമല്ല അല്ലേ?

കുറെ തവണ ആയപ്പോള്‍ എല്ലാവര്‍ക്കും സഹികെട്ടു.

പക്ഷെ അതോടൂ കൂടി അവിടെ ഉണ്ടായിരുന്ന തിരക്കൊഴിഞ്ഞു എന്നു പ്രത്യേകിച്ചു പറയേണ്ടല്ലൊ.

ഹാര്‍മോണിസ്റ്റ്‌ പറഞ്ഞു മോനെ മോന്റെ പാട്ട്‌ പിന്നീട്‌ നോക്കാം ബാക്കിയുള്ളവരുടെ കഴിയട്ടെ.

എനിക്കെന്തു പ്രശ്നം? അല്ലെങ്കിലും വല്ല്യ വല്ല്യ ആളുകള്‍ക്കൊന്നും റിഹേഴ്സല്‍ തന്നെ വേണ്ടല്ലൊ

എന്തിനു പറയുന്നു പിന്നീട്‌ എന്റെ റിഹേഴ്സല്‍ ഉണ്ടാകാതിരിക്കുവാന്‍ അവര്‍ പ്രത്യേകിച്ചു ശ്രദ്ധിച്ചുകാണും.

അവസാനം ഗാനമേള സമയം എത്തി. സുഹൃത്ത്‌ എന്നെ കൂടെ തന്നെ കൊണ്ടു നടക്കുകയാണ്‌ (എടാ ഭയങ്കരാ !!)

സ്റ്റേജില്‍ അവന്റെ ഒപ്പം തന്നെ ഇരുത്തി.
"സ്വര്‍ഗ്ഗനന്ദിനി " എന്ന ഗാനത്തോടെ പരിപാടി തുടങ്ങി.

സമയം പോയതറിഞ്ഞില്ല . ചെകിടടപ്പിക്കുന്ന കരഘോഷം മുഴക്കി സദസ്സു മുഴുവന്‍ ഇളകി മറിഞ്ഞു.

അടുത്ത ഗാനം.

സുഹൃത്ത്‌ എന്നെ കൊണ്ടു തന്നെ പാടിക്കുവാന്‍ ഹാര്‍മോണിസ്റ്റിനോടു പറഞ്ഞു. ഏതു പാട്ട്‌? തയ്യാറില്ലല്ലൊ

ഏതെങ്കിലും പാട്‌

അപ്പോള്‍ നിന്‍ മണിയറയിലെ ഒക്കുകയില്ല എന്നെനിക്കും മനസ്സിലായി. ഞാന്‍ മറ്റൊന്നു പറഞ്ഞു "ഓമലാളെ കണ്ടൂ ഞാന്‍ പൂങ്കിനാവില്‍ --"

ഹാര്‍മോണിസ്റ്റിന്റെ മുഖം വിളറിയതു ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു.
വീണ്ടും പഴയതു പോലെ.
ഹാര്‍മോണിസ്റ്റ്‌ വായന തുടങ്ങി, എനിക്കു തോന്നിയപ്പോള്‍ ഞാന്‍ പാട്ടു തുടങ്ങി, പാട്ടു ഒരു വഴി , താളം വേറൊരു വഴി, മേളം ഇനിയൊരു വഴി, ജനം മറ്റൊരു വഴി--

പക്ഷെ ഇപ്പൊഴും ജനം ഇളകി മറിഞ്ഞു -- കൂവിക്കൊണ്ടായിരുന്നു എന്നു മാത്രം

1972 ല്‍ നങ്ങ്യാര്‍കുളങ്ങര TKMM കോളെജില്‍ നടന്ന സംഭവം തന്നെയാണ്‌ കേട്ടോ - ഒരു വാക്കു പോലും കൂടുതലുമില്ല കുറവുമില്ല.

അടുത്ത സംഭവം അടുത്തതില്‍ പറയാം

7 comments:

  1. അദ്ദേഹം എപ്പോള്‍ സ്റ്റേജില്‍ പാടിയാലും എന്നെ കൂട്ടിനു വിളിച്ചിരുത്തി ഇടയ്ക്കു പാടിയ്ക്കും -

    ( ഇപ്പോഴല്ലേ മനസ്സിലായത്‌ -- പാല്‍പ്പായസം കുടിയ്ക്കുന്നതിനിടയില്‍ നാരങ്ങ തൊട്ടു കൂട്ടിയാല്‍ പായസത്തിന്റെ മാധുര്യം കൂടുമെന്നു അദ്ദേഹത്തിനറിയാമായിരുന്നു - അതുകൊണ്ടല്ലേ അദ്ദേഹത്തിനു കയ്യടിയും എനിക്കു കൂവലും നിറയെ കിട്ടിക്കൊണ്ടിരുന്നത്‌.)

    ReplyDelete
  2. ‘ഹാര്‍മോണിസ്റ്റ്‌ വായന തുടങ്ങി, എനിക്കു തോന്നിയപ്പോള്‍ ഞാന്‍ പാട്ടു തുടങ്ങി, പാട്ടു ഒരു വഴി , താളം വേറൊരു വഴി, മേളം ഇനിയൊരു വഴി, ജനം മറ്റൊരു വഴി--‘

    ശരിക്കും സത്യസന്ധമായ വിലയിരുത്തലുകൾ...!

    ReplyDelete
  3. "ശരിക്കും സത്യസന്ധമായ വിലയിരുത്തലുകൾ...!"

    പക്ഷെ അന്നത്‌ അറിയില്ലായിരുന്നു. ശരിക്കും ഞാന്‍ എന്തോ ഒരുസംഭ്വം ആണെന്നങ്ങു വിശ്വസിച്ചു പോയി അതല്ലെ പറ്റിയത്‌

    ReplyDelete
  4. കൂവലു കിട്ടിയാലെന്താ, സ്റ്റേജിൽ പാടാൻ പറ്റിയില്ലേ?

    ReplyDelete
  5. അതുകൊണ്ടല്ലേ അദ്ദേഹത്തിനു കയ്യടിയും എനിക്കു കൂവലും നിറയെ കിട്ടിക്കൊണ്ടിരുന്നത്‌.)

    ഞങ്ങളും സ്കോളിലൊക്കെ പഠിച്ചിട്ടുണ്ട്. ഞങ്ങളാലാവുന്ന പ്രോത്സാഹനം കൂവലായിത്തന്നെ തന്നോളാം.

    (ഇക്കഥ ഇതിനു മുമ്പ് എപ്പോഴോ കേട്ടിട്ടുണ്ടല്ലോ.)

    ReplyDelete
  6. "(ഇക്കഥ ഇതിനു മുമ്പ് എപ്പോഴോ കേട്ടിട്ടുണ്ടല്ലോ.)"

    പുതിയതായി എഴുതാന്‍ സമയമില്ല പോസ്റ്റാന്‍ മുട്ടുകയും ചെയ്യുന്നു അപ്പോള്‍ പഴയതൊരെണ്ണം എടുത്തു പോസ്റ്റിയതാ അവസാനം കണ്ടില്ലെ Repost :)

    ReplyDelete
  7. നാരങ്ങ തൊട്ടു കൂട്ടിയാല്‍

    ReplyDelete