Wednesday, December 24, 2014

പട്ടിക്കുട്ടി


യാത്രക്കിടയിൽ സുഹൃത്തിന്റെ വീട്ടിൽ കണ്ടതാണ്. ഒരു മാസം പ്രായം. ആരെങ്കിലും കൊണ്ടുപൊക്കോളും എന്ന് പറഞ്ഞു അവർ. എനിക്കാണെങ്കിൽ കണ്ടിട്ട് വിട്ടു പോരാനും തോന്നുന്നില്ല. പക്ഷെ ഒരു വീട്ടിൽ രണ്ടു എണ്ണം വേണ്ട എന്ന് പറഞ്ഞ് ഭൈമി വിലക്കി. എന്റെ വീട്ടിൽ പട്ടിയൊന്നും ഇല്ല കേട്ടൊ :) 

Tuesday, December 23, 2014

ബാൻസ്വാഡ ഒരു ഊരുചുറ്റൽ

കുറച്ചു ദിവസമായി ഊരു ചുറ്റൽ ആയിരുന്നു. മകൻ താമസിക്കുന്ന സ്ഥലമൊക്കെ ഒന്നു കാണാം അവരുടെ സുഖവിവരവും അന്വേഷിക്കാം എന്ന് വച്ച് പോയതാണ്.  പോയ വിവരം കൂട്ടുകാരും അറിയണ്ടെ?

രാജസ്ഥാനിലെ ബാൻസ്വാഡ എന്ന സ്ഥലമാണ് അത്.  ഹിന്ദിയിൽ ബാസ് (ബാംസ്, ബാൻസ്) ഇവയ്ക്കിടയിലുള്ള ഒരു ശബ്ദം നമ്മുടെ ബാസുരി കേട്ടിട്ടില്ലെ ഓടക്കുഴൽ? അതിന്റെ ഉല്പത്തിക്ക് നിദാനമായ ശബ്ദം. പച്ചമലയാളത്തിൽ മുള എന്ന് പറഞ്ഞാൽ മതി. അത് കൂടുതലുള്ളതു കൊണ്ടാണത്രെ ആ പേർ ലഭിച്ചത്

അവിടെ എത്തിപ്പെടാൻ അത്ര എളുപ്പമല്ല, കാരണം അവിടെ റെയിൽ വന്നിട്ടില്ല. അത് കൊണ്ട് ആദ്യം ബറോഡയിൽ പോയി. അവിടെ മകൻ വന്ന് ഞങ്ങളെയും കൂട്ടി കൊണ്ടുപോയി. ബറോഡയിൽ നിന്നും 260 കിലൊമീറ്റർ

ഗുജറാത്തിലെ റോഡൊക്കെ ഫോട്ടൊഷോപ്പാണെന്ന് പല ഫേസ്ബുക്ക് പോസ്റ്റുകളിലും കണ്ടിരുന്നു. പക്ഷെ അത് ഫോട്ടൊഷോപ്പല്ല എന്ന് യാത്ര ചെയതപ്പൊ മനസിലായി 100-120 കിലോമീറ്റർ സ്പീഡിൽ  സുഖമായി പോകാം.

ഇത് പറഞ്ഞപ്പൊഴാ ഓർത്തത്- ഗുജറാത്തിലെ ഒരു മാളിലും കയറി. അവിടെ വണ്ടി പാർക്ക് ചെയ്യാൻ കാശ് കൊടൂക്കാൻ നീട്ടിയപ്പോഴാ മനസിലായത്- ഗുജറാത്തിൽ ആ പാർക്കിങ്ങ് ഫീ പരിപാടി ഇല്ലത്രെ. എന്തൊരു വൃത്തികെട്ട ദേശം അല്ലെ?

വഴിയൊക്കെ നല്ല ഭംഗിയാണ് കാണാൻ.


മൊട്ടക്കുന്നുകളും കാടുകളും വയലുകളും ഒക്കെ സുലഭം. മയിലുകൾ ധാരാളം മേഞ്ഞു നടക്കുന്നത് കാണാം.  ഒരിടത്ത് നിർത്തി പടം എടുത്തു എങ്കിലും ഒരു സീൻ മിസ് ആയത് ഇപ്പോഴും വിഷമം ഉണ്ടാക്കുന്നു. ഒരു ഒറ്റ മരം, അതിന്റെ അഞ്ചാറു ശിഖരങ്ങൾ ഉള്ളതിൽ നിറയെ മയിലുകൾ.  പക്ഷെ അവിടെ ഒരു ഹെയർ പിൻ വളവും കയറ്റിറക്കവും ആയതിനാൽ വണ്ടി നിർത്താൻ സാധിച്ചില്ല. പടം മനസിൽ സൂക്ഷിച്ചും കൊണ്ട് ഇങ്ങു പോന്നു


അങ്ങനെ വൈകുന്നേരത്തോടു കൂടി ബാൻസ്വാഡയിൽ എത്തി.

ഉറങ്ങി എഴുനേറ്റ് വന്നപ്പോൾ നല്ല തണുപ്പ്, മൂടൽ മഞ്ഞും. പക്ഷെ സൂര്യൻ ഉദിച്ചു വരുന്ന ഒരു സീൻ കണ്ടു എനിക്കിഷ്ടപ്പെട്ടു അത് കൊണ്ടത് പടം പിടിച്ചു. നേരെ കാണുന്ന ഭംഗി പടത്തിൽ വരില്ലല്ലൊ. എന്നാലും ഇത് കണ്ടോളൂ


അവിടത്തെ സ്ഥലം കറങ്ങിക്കാണാൻ ഒരു ദിവസം മകൻ അവധി ആക്കി. അവരുടെ പ്രൊജക്റ്റ് ആണ് ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യൽ അതിന്റെ തടാകത്തിൽ ആണ് ആദ്യം പോയത്. റോഡിൽ നിന്നും വിട്ട് കാട്ടുപ്രദേശത്തിൽ കൂടി കുറേ പോയി.







 ആ വഴിക്ക് ആകെ ഒന്നൊ രണ്ടൊ മനുഷ്യരെ മാത്രമെ കാണാൻ കിട്ടിയുള്ളൂ. ഏതായാലും പ്രശാന്ത സുന്ദരമായ പ്രദേശം. അവിടെ അങ്ങനെ ആസ്വദിച്ചു നിന്നപ്പോഴാണ് മകന്റെ പ്രസ്താവന

രാത്രിയിൽ ഇവിടെ വെള്ളം കുടിക്കാൻ കടൂവകൾ വരാറുണ്ടത്രെ

അതു കേട്ടതോടു കൂടി അവിടം കൂടുതൽ കാണാനുള്ള വ്യഗ്രത ഇല്ലാതായി. വേഗം പിള്ളേരോട് വണ്ടിയിൽ കയറാൻ പറഞ്ഞു.



പിന്നിൽ കാണുന്ന ബാക് ഗ്രൗണ്ട് ഉൾപ്പടെ അവരുടെ പടം കിട്ടണം എന്ന് വച്ച് മകൻ ക്യാമറ കയ്യിൽ തന്നെ. മോനും മരുമോളും അല്ലെ ക്ലോസ് അപ് ആകട്ടെ എന്ന് ഞാനും വച്ചു. പിന്നിലത്തെ സീൻ ഇല്ലാത്തതിൻ പിള്ളേരുടെ വായിൽ നിന്നും ചീത്ത കേൾക്കാനും ഒരു രസമാ അല്ലെ?



ഒരുപാട് നല്ല നല്ല കാഴ്ച്ചസ്ഥലങ്ങൾ ഉണ്ട്
എന്നാലും അവിടെ ഒക്കെ പോകാൻ സമയക്കുറവും സൗകര്യക്കുറവും ഉള്ളതിനാൽ ഒന്ന് രണ്ടെണ്ണം മാത്രം കണ്ട് തിരികെ പോന്നു

അതിൽ ഒന്നാണ്  രാംകുണ്ഡ്


ശ്രീരാമൻ വനവാസക്കാലത്ത് താമസിച്ച സ്ഥലമാണത്രെ. ഒരു വലിയ പാറപ്പുറത്ത് ഒരു ഇടിഞ്ഞു പൊളിഞ്ഞ ക്ഷേത്രം.
ഒരു മണ്ഡപം പണിത് രണ്ടു പ്രതിമകൾ കാവലായി വച്ചിട്ടും ഉണ്ട്.

 ആ പാറയ്ക്കടിയിൽ  വലിയ ഒരു ഗുഹ. ആ ഗുഹ 80 കിലൊമീറ്ററോളം നീളമുള്ളതാണത്രെ.








അവിടെയും മനുഷ്യരെ ഒന്നും കാണാൻ കിട്ടിയില്ല. ഗുഹയുടെ പ്രവേശകവാടങ്ങൾ കമ്പിവേലി കെട്ടി  വച്ചിട്ടുണ്ട്. ഒരു ഭാഗത്ത് ഒരു ഇരിമ്പു വാതിലും പിടിപ്പിച്ചിട്ടുണ്ട്.


മനുഷ്യർ ആരും ഇല്ലാത്തതിനാലും, കൂട്ടത്തിൽ ഭാര്യയും മരുമകളും ഉള്ളതിനാലും കൂടുതൽ അതിനകം പരിശോധിക്കാൻ മുതിർന്നില്ല. പോരെങ്കിൽ മുൻപു പറഞ്ഞ  കടുവക്കഥ ഉള്ളിൽ തികട്ടുന്നും ഉണ്ട് അത് കൊണ്ട് കുറച്ച് പടം എടുത്ത് തിരികെ പോന്നു.

പിന്നീട് പോയത് ത്രിപുരസുന്ദരി ക്ഷേത്രം.




അത് വളരെ വലിയ ഒരു ക്ഷേത്ര സമുച്ചയം. അകത്ത് പടം പിടിക്കാൻ അനുവാദം ഇല്ലാത്തത് കൊണ്ട് പുറത്ത് നിന്നുള്ള കുറച്ച് പടം എടുത്തു. അകത്ത് വെണ്ണക്കല്ലിൽ കൊത്തുപണീകളുള്ള നല്ല ഒരു അമ്പലം. ഇപ്പോൾ അതിന്റെ കല്ലുകൾ എല്ലാം വീണ്ടും പോളിഷ് ചെയ്ത് കൊണ്ടിരിക്കുന്നു.  പടം പിടിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പോലീസുകാരനെ കണ്ടത് കൊണ്ട് വേണ്ടെന്ന് വച്ചു

അത് കഴിഞ്ഞ് പോയത് ബ്രഹ്മാവിന്റെ അമ്പലം.






 ബ്രഹ്മാവിന്റെ അമ്പലങ്ങൾ വലരെ കുറച്ചെ ഉള്ളു എന്നാണ് അറിവ്. ഏതായാലും അവയിൽ ഒന്ന് ഇതാണ്.

ഒരു ദേവീക്ഷേത്രം ഉണ്ട് അവിടെ നമ്മുടെ ഹനുമാന്മാരുടെ സങ്കേതം ആണ് ആളുകളെ ഉപദ്രവിക്കുകയില്ല.



നാളികേരം കൊണ്ട് കൊടുത്ത ഒരു ഭക്തന്റെ അടൂത്ത് ഒരു ഹനുമാൻ എത്തി.

കാണേണ്ട കാഴ്ച്ച ആയിരുന്നു. അദ്ദേഹം അതിനോട് പറഞ്ഞു."രുക്കൊ തൊ. ദേ രഹാ ഹു"  അല്പം നിൽക്ക് തരാം എന്ന്. ഹനുമാൻ കാത്ത് നിന്നു അദ്ദേഹം അത് പൊട്ടിച്ച് കുറച്ച് കൊടുത്തു , അതും വാങ്ങി ഹനുമാൻ സന്തോഷമായി പോയി.

പിന്നെയും കണ്ടു പല അമ്പലങ്ങൾ

അങ്ങനെ ഒരു ഓട്ടപ്രദക്ഷിണം. കണ്ടാൽ മതിയാകാത്ത  അത്ര സുന്ദരമായ പ്രദേശം

ഇനി റെയിൽ കൂടി വന്ന് കള്ളന്മാാാരും കാട്ടുകള്ളന്മാരും ഒക്കെ ഒന്ന് വിലസിയിട്ടു വേണം അതൊക്കെ ഒരു വഴിക്കാക്കാൻ