Friday, August 28, 2009

ആ ഒരു കാലം തിരികെ കിട്ടുമോ?



ഓണത്തെ കുറിച്ച്‌ ശ്രീയുടെ പോസ്റ്റ്‌ വായിച്ചപ്പോള്‍ വളരെ കാലങ്ങളായി നഷ്ടമായ എന്റെ ആ കൊച്ചുന്നാളും ഓര്‍മ്മ വന്നു. ഇനിയെന്നെകിലും ആ ഒരു കാലം തിരികെ കിട്ടുമോ?

ശ്രീയുടെ ഓണവും ഞങ്ങളുടെ ഓണവും തമ്മില്‍ ചെറിയ ചില വ്യത്യാസങ്ങള്‍ ഉള്ളതുകൊണ്ട്‌ അതു കൂടി കുറിയ്ക്കട്ടെ.

പായിപ്പാടു വള്ളംകളി നടക്കുന്ന പുഴക്കരയിലാണ്‌ ഞങ്ങളുടെ വീട്‌. വലിയദിവാന്‍ ജി വള്ളം ഞങ്ങളുടെ കരയുടെത്‌. അപ്പോള്‍ ഞങ്ങളുടെ ഓണക്കളികള്‍ പ്രധാനമായും വള്ളം കളിപ്രധാനമായിരുന്നു.

കാലത്തുമുതല്‍ ഉച്ചവരെ കുട്ടികള്‍ക്ക്‌ വള്ളം കളിക്കാം അതിന്റെ അമരം നയിക്കാന്‍ മാത്രം വലിയവര്‍ ഉണ്ടാകും. രാമപുരത്തുവാരിയരുടെ കുചേലവൃത്തം താളത്തിലും ഈണത്തിലും പാടി തുഴഞ്ഞു കളിക്കും . അടുത്ത കരയിലെ വള്ളങ്ങളുമായി സൗഹൃദമല്‍സരവും.

പ്രൊഫഷനല്‍ തുഴക്കാരല്ലാത്തതുകൊണ്ട്‌ പെട്ടെന്നു തന്നെ ക്ഷീണിക്കും മല്‍സരവും നില്‍ക്കും. ഏകദേശം നാലു കിലോമീറ്റര്‍ ദൂരം വരുന്ന ഭാഗത്താണ്‌ വള്ളം തുഴഞ്ഞു കളിക്കുന്നത്‌. അതിനാല്‍ ഇടയ്ക്കിടയ്ക്ക്‌ മല്‍സരത്തുഴച്ചിലും , കുഴയുമ്പോള്‍ സാധാരണ തുഴച്ചിലും.

തിരുവോണനാളില്‍ കാലത്ത്‌ വള്ളത്തില്‍ കയറി ഹരിപ്പാട്‌ ക്ഷേത്രത്തില്‍ പോകണം. നെല്‍പ്പുരക്കടവില്‍ വള്ളം നിര്‍ത്തിയിട്ട്‌, അവിടെ നിന്നും തുഴക്കാരെല്ലാവരും കൂടി വഞ്ചിപ്പാട്ടും പാടി റോഡില്‍ കൂടി അമ്പലത്തിലെത്തും. അവിടെ നിന്നും ഓരോ വള്ളത്തിനും പൂജിച്ച മാല നല്‍കും . അവരവരുടെ മാലയും കൊണ്ട്‌ തിരികെ വന്ന്‌ ഞങ്ങളുടെ വള്ളത്തില്‍ ചാര്‍ത്തി തിരികെ എത്തുന്നതോടു കൂടി തിരുവോണനാളിലെ ഞങ്ങളുടെ വള്ളം കളി കഴിഞ്ഞു. പിന്നീട്‌ ഉച്ചയ്ക്ക്‌ വലിയവരുടെ വകയാണ്‌. അവരെല്ലാവരും പുതിയ കോടിയൊക്കെ ഉടുത്ത്‌ മേല്‍പ്പറഞ്ഞതു പോലെ വഞ്ചിപ്പാട്ടും പാടി കളിക്കും.

അന്നു പാടിയിരുന്ന രണ്ടു വരികള്‍ ദാ ഇവിടെ കേള്‍ക്കാം. അല്ലാതെ സിനിമയില്‍ കേള്‍ക്കുന്നതുപോലെ അല്ല വള്ളപ്പാട്ടു പാടിയിരുന്നത്‌

അതില്‍ താളത്തിനടിക്കുന്ന - വഞ്ചിയിലെ വെടിത്തടിയില്‍ ഇടിക്കുന്ന ശബ്ദത്തിനൊപ്പിച്ചു തുഴകള്‍ വെള്ളത്തില്‍ കുത്തും

ദോഷം പറയരുതല്ലൊ ഇടയ്കിടയ്ക്ക്‌ മറ്റു കരക്കാരെ ആക്ഷേപിക്കുവാന്‍ പോന്ന ചില വരികളും പാട്ടിനിടയില്‍ സമയത്തിനനുസരിച്ച്‌ പാടി തല്ലുണ്ടാക്കലും കാണും
ഒരുദാഹരണത്തിന്‌ ഹനുമാന്‍ ലങ്കയിലേക്കു ചാടിയ ഭാഗം വരുന്ന ഒരു വള്ളപ്പാട്ടുണ്ട്‌. അതിലെ
"അങ്ങുമിങ്ങും നോക്കി നിന്നു വാനരരെല്ലാം " എന്ന വരി അടുത്ത കരയിലെത്തുമ്പോള്‍ വരത്തക്കവണ്ണം പാടിത്തുടങ്ങും. അവിടെ എത്തിയാല്‍ ആ വരി വളരെ ഉച്ചത്തില്‍ ചുറ്റും നില്‍ക്കുന്നവരെ കൈചൂണ്ടിക്കൊണ്ട്‌ പാടൂകയും അവര്‍ എറിയുന്ന കല്ലുകള്‍ തുഴകൊണ്ട്‌ തടുക്കാന്‍ സാധിച്ചാല്‍ തടുത്തും ഇല്ലെങ്കില്‍ ശരീരത്തില്‍ മേടിച്ചും അങ്ങനെ ഒക്കെ ഒരു കാലം.

തിരുവോണം അവിട്ടം ചതയം എന്നീ മൂന്നു ദിവസങ്ങളിലും വള്ളം കളി നടക്കുന്ന ഒരേ ഒരു സ്ഥലമേ കേരളത്തിലുള്ളു അത്‌ ഞങ്ങളുടെ പായിപ്പാടാറ്റിലാണ്‌.

ചതയം നാളില്‍ ഉച്ചയ്ക്കു ശേഷം എല്ലാ വള്ളങ്ങളും കൂടി ഘോഷയാത്രയായി കളിച്ചു നീങ്ങുന്നത്‌ ഒരു കാഴ്ച്ച തന്നെ ആയിരുന്നു.

അന്നത്തെ തുഴക്കാരെല്ലാം അടുത്തടൂത്ത കരകളില്‍ താമസിക്കുന്ന ഗ്രാമവാസികള്‍ തന്നെ ആയിരുന്നു.



ഇന്നോ?

ഞങ്ങളുടെ വള്ളങ്ങളെല്ലാം പുറമെ നിന്നുള്ള ടീമുകള്‍ വാടകയ്ക്കെടൂക്കും. അവര്‍ അയ്യൊ പൊത്തോ എന്നു പാടി മല്‍സരിച്ചു തുഴഞ്ഞു പോകും അതില്‍ ഏതെങ്കിലും ഒന്നു ജയിക്കും. ഗ്രാമവാസികള്‍ തനിയെ തുഴയുന്ന വളരെ കുറച്ചു വള്ളങ്ങളെ ഉള്ളു.

Friday, August 21, 2009

പാടത്ത്‌



പുതുമഴയൊക്കെ പെയ്ത്‌ പാടത്ത്‌ കൃഷി തുടങ്ങി. എന്നാ എങ്ങനെ ഉണ്ട്‌ എന്നൊന്നു നോക്കിക്കളയാം എന്നു വിചാരിച്ചു. പക്ഷെ ഇറങ്ങി നോക്കിയപ്പോളല്ലെ ചതി പറ്റിയത്‌ നിറയെ ചെളി. ദാ കിടക്കുന്നു