Wednesday, August 23, 2017

കുമ്മിയടിപാട്ടുകൾ


അമ്മ പാടിക്കേട്ടിട്ടുള്ള പാട്ടുകളിൽ ചിലവ. എല്ലാം മുഴുവൻ ഓർമ്മയില്ല, ചോദിക്കുവാൻ അമ്മയിന്ന് എനിക്കൊപ്പം ഇല്ല.
അതു കൊണ്ട് അറിയാവുന്ന വരികൾ കുറിക്കുന്നു.

ബാക്കി അറിവുള്ളവർ പൂരിപ്പിച്ചാൽ നന്നായിരിക്കും.


സരസിജനയനന്റെ സഖിമാരാം ഗോപസ്ത്രീകൾ
സരസിജസഖിപുത്രിനദി തൻ തീരേ

തുകിലെല്ലാമഴിച്ചിട്ടങ്ങവരെല്ലാം കുളിക്കുമ്പോൾ
മുകില്വർണ്ണൻ കൈക്കലാക്കീട്ടവർ തൻ ചേലാ

ഒരുവരുമറിയാതങ്ങരയാലിൻ മുകളേറി-
ട്ടൊരു കൊമ്പിലോരോന്നായിട്ടുടനെ തൂക്കീ

കരമതിൽ വിലസുന്ന കുഴൽ തന്നാലൂതും നേരം
മുരമഥനന്റെ ദാസീജനങ്ങൾ കേട്ടൂ


അരുതരുതയ്യോ കൃഷ്ണാ തരുണിമാർ ഞങ്ങളെല്ലാം
സരസമായുടുക്കുന്ന തുകിൽ നല്കേണം

സരസിജനയനന്റെ
----------------------------

മുല്ലപ്പൂബാണന്റെ ഭാര്യമാരാകിയ
മല്ലാക്ഷിമാരെല്ലാം ഒത്തു കൂടീ
ഉല്ലാസമോടവർ കാളിനദി തന്നി-
ലെല്ലാവരുമായി ചെന്നിറങ്ങി

തിങ്ങിനമോദമിയന്നവരും
അവരിംഗിതത്തോടു പറഞ്ഞു തമ്മിൽ
ഭംഗമൊന്നും വരാതങ്ങു നീന്തിക്കട-
ന്നാരുമുണ്ടൊ കുളിച്ചിങ്ങു പോരാൻ

അംഗനമാരവരൊത്തു നീന്തി
അവരംഗം കുഴഞ്ഞു കരയ്ക്കു കേറി

---------------------------------

വീരനാം നളന്റെ ഭാര്യ സുന്ദരി ദമയന്തി
കാന്തനെ വെടിഞ്ഞവളും കാട്ടിൽ നടക്കുമ്പോൾ
കാന്തി കണ്ടടുത്തു വന്നു ഘോരനാം പെരുമ്പാമ്പ്

പാമ്പു വന്നടുത്ത നേരം പ്രാണഭയം പൂണ്ട്

പ്രാണഭയം പൂണ്ടവൾ നിലവിളി തുടങ്ങി

നിലവിളി കേട്ടടുത്തു വന്നു വില്ലെടുത്തു വേടൻ

പാമ്പിനെ വധിച്ചിവളെ കൈക്കലാക്ക വേണം
എന്നുറച്ച വേടനപ്പോൾ ഭസ്മമായി പോയി

http://devantharapilkavithakal.blogspot.in/2015/08/blog-post_16.html

കുമ്മി(ഉത്തരാസ്വയംവരം ആട്ടക്കഥ)
****ഇരയിമ്മന്‍തമ്പി****
വീര ,വിരാട കുമാരവിഭോ,
ചാരുതര ഗുണസാഗര ഭോ!
മാരലാവണ്യ, നാരിമനോഹാരി താരുണ്യ!
ജയജയ! ഭൂരികാരുണ്യ വന്നീടുക
ചാരത്തിഹ പാരില്‍ത്തവ
നേരൊത്തവരാരുത്തര!
സാരസ്യസാരമറിവതിനും നല്ല
മാരസ്യലീലകള്‍ ചെയ് വതിനും?
നാളീകലോചനമാരേ, നാം
വ്രീളകളഞ്ഞു വിവിധമോരോ
കേളികളാടി-മുദാ രാഗമാലകള്‍ പാടി-കരം കൊട്ടി-ച്ചാലവേ ചാടി-തിരുമുമ്പില്‍
താളത്തൊടു മേളത്തൊടു
മേളിച്ചനുകൂലത്തൊടു-
മാളികളെ! നടനം ചെയ്യണം
നല്ല കേളി ജഗത്തില്‍ വളര്‍ത്തീടേണം.
ഹൃദ്യതരമൊന്നു പാടീടുവാനു-
ദ്യോഗമേതും കുറയ്ക്കരുതേ
വിദ്യുല്ലതാംഗീ,
ചൊല്ലീടുക പദ്യങ്ങള്‍ ഭംഗി-
കലര്‍ന്നു നീ സദ്യോമാതംഗീ!
ധണംതകത്തദ്ധിമിത്തത്ഥൈയ്യ
തത്ഥോം തത്ഥോമെന്നു
മദ്ദളം വാദയ ചന്ദ്രലേഖേ!-നല്ല
പദ്യങ്ങള്‍ ചൊല്‍ക നീ രത്നലേഖേ!
പാണിവളകള്‍ കിലുങ്ങീടവേ പാരം
ചേണുറ്റ കൊങ്ക കുലുങ്ങീടവേ
വേണിയഴിഞ്ഞും നവസുമശ്രേണി പൊഴിഞ്ഞും
കളമൃദുവാണി മൊഴിഞ്ഞും
സഖി ഹേ!
കല്യാണീ! ഘനവേണി!
ശുകവാണി! സുശ്രേണി നാ-
മിണങ്ങിക്കുമ്മിയടിച്ചീടേണം-
നന്നായ് വണങ്ങിക്കുമ്മിയടിച്ചീടേണം.