Thursday, May 31, 2012

പാരെന്റല്‍ സ്പീഡ് കണ്ട്രോള്‍



http://keralamotors.blogspot.in/2012/05/blog-post_7474.html

മറ്റൊരു വാഹനത്തെ ഓവര്‍ടേക്‌ ചെയ്യുവാന്‍ വേണ്ടി താല്‍ക്കാലികമായി വേഗത കൂട്ടുന്ന അവസരത്തില്‍ ആ സംഭവം കാണാതെ വീട്ടില്‍ ഇരുന്നു കൊണ്ടു നിയന്ത്രിച്ചാല്‍ ചിലപ്പോള്‍ എതിരെ വരുന്ന വാഹാനത്തിനടിയില്‍ പെട്ടുപോകാം എന്ന ഒരപകടം കൂടി ഓര്‍ക്കുന്നതു നന്ന്‌

ഈ ബ്ലോഗില്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ കണ്ടു അവിടെ കമന്റാന്‍ സാധിക്കില്ല. അതുകൊണ്ട്‌ ഇത്‌ ഇവിടെ ഇടുന്നു

Monday, May 28, 2012

അവര്‍ അതും പൊളിച്ചങ്ങു പോയി

അല്ല പിന്നെ ഞങ്ങള്‍ക്കു വഴിനടക്കാന്‍ പറ്റാതെ മതില്‍ കെട്ടി അടയ്ക്കുന്നൊ എന്നാല്‍ കണ്ടിട്ടു തന്നെ കാര്യം

അവര്‍ അതും പൊളിച്ചങ്ങു പോയി
ആദ്യം ഇപ്പണി തുടങ്ങാന്‍ വന്നപ്പൊ ഒന്നു പേടിപ്പിച്ചു നോക്കിയതാ പക്ഷെ ഇവന്മാര്‍ പോയില്ല




പോക്കു കണ്ടാല്‍ തോന്നും 8 മണിയുടെ സൈറന്‍ അടിക്കുന്നതിനു മുന്നെ ജോലിയില്‍ കയറാനാണെന്ന്







Saturday, May 19, 2012

മണ്ണു കൊണ്ട് ഉള്ള കലാവിരുത്

മണ്ണു കൊണ്ട് ഉള്ള കലാവിരുത് . ആ കയ്യിൽ എന്തും വിരിയും. ഈ തലമുറയിലെ കുട്ടികളിൽ പലരും കണ്ടുകാണാൻ വഴിയില്ലാത്തതു കൊണ്ട് ഇതിവിടെ കിടക്കട്ടെ

കൂട്ടത്തിൽ കേൾക്കുന്ന സംഗീതം ആദ്യത്തെ ഈണം ആൽബത്തിൽ ഞാൻ ഈണം പകർന്ന കാലമാം രഥം ഉരുളുന്നു എന്ന ഗാനം - ശ്രീ സുരേഷ് പാടിയതിന്റെ ട്രാക്ക്

Tuesday, May 15, 2012

കൈരളി മാമ്പഴത്തില്‍ ഞങ്ങളുടെ കൊച്ചുമോന്‍
















എന്റെ ഏറ്റവും മൂത്ത ചേട്ടന്റെ മകളുടെ മകൻ - അവന്റെ സന്തോഷം ഞങ്ങളുടെയും സന്തോഷമല്ലെ

Sunday, March 25, 2012

ഒരു പൂവിന്റെ ജനനം






ഈ പൂവ് ഏതാണെന്നു പറയാമൊ?




അയല്‍വാസി ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ വന്നതേ ഉള്ളു ഇടിച്ചുകയറി ആ പൂവിന്റെ പടം എടുത്തു, പോസ്റ്റി, ഇനി പറ
ഈ പൂവ് കണ്ടാല്‍ പിന്നെ അന്നത്തെ ദിവസം ശിവന്റെ അമ്പലത്തില്‍ പോകേണ്ട കാര്യമില്ലത്രേ.

ഒരു പൂവ് ഏകദേശം ൨൦-൪൦ ദിവസം നില്‍ക്കും. കണ്ണാടി ചെടിയുടെ ഇലകള്‍ക്ക് പുറ ത്തായി കാണുന്നത് പഴയ പുഷ്പം ആണ്‍~
------------------------------

Result

ഒരു ദിവസം കഴിഞ്ഞു. അപ്പോൾ ഇനി ആകാംക്ഷ നീട്ടുന്നില്ല
"നാഗഫണി" എന്ന പേരിൽ അറിയപ്പെടുന്ന ചെടി ആണ് ഇത്.

""Did you know the first anthurium was discovered in Costa Rica as far ago as 1857 by a doctor, Karl Van Scherzer! Later in 1870, another variety of anthurium was discovered by a French botanist – Eduard Andre during an expedition to the Westside of the Andes in Columbia and Equador. One breed, locally called Nagaphani was discovered in Konkan too. Today, anthuriums are available in a wide range of varieties. As many as 900. Yes, they are so fascinating that world over floriculturists and genetic engineers are engaged in breeding more and more varieties of anthuriums using genetic engineering techniques."

From http://www.modyexotica.com/historyanthurium.htm

ആന്തൂറിയ കുടുംബം ആണെങ്കിലും ആണ്ടിൽ ഒരിക്കൽ മാത്രമേ പൂക്കൂ.

നാഗഫണി എന്ന് സെർച് ചെയ്താൽ ശരിക്കും പാമ്പു പത്തി വിടർത്തി നിൽക്കുന്നതു പോലെ ഒരു ചെടിയും ഗൂഗിളിൽ കിട്ടും.
- See original at
http://www.indiamike.com/india-images/pictures/nagphani-plant-stricking-cobra-5

പക്ഷെ അവൻ ഡൂപ്ലികേറ്റ് ആണെന്നു തോന്നുന്നു. വ്യക്തമായ ചിത്രം കാണുന്നില്ല.

കാണാൻ വന്ന എല്ലാവർക്കും നന്ദി

ഏതു പൂവിട്ടാലും ഓടി എത്തുമായിരുന്നു സൂ പണ്ടൊക്കെ ഇപ്പോൾ എവിടെ പോയൊ?

Friday, February 10, 2012

ഇന്ത്യക്കൊരു സ്വർണ്ണം നഷ്ടം

നങ്ങ്യാർകുളങ്ങര ടി കെ എം എം കോളേജ് എന്റെ പ്രി ഡിഗ്രി കലാലയം ആയിരുന്നു.

ആദ്യമായി അമ്പട ഞാനെ എന്നൊക്കെ വിചാരിച്ച് ഞെളിഞ്ഞു നടന്ന സ്ഥലം.

ഹരിപ്പാട്ടു പഠിക്കുമ്പോൾ കാൽനടയായിട്ടാണ് എന്നും പോയി വന്നിരുന്നത്. ഞാൻ കോളേജിൽ എത്തിയപ്പോഴേക്കും ചേട്ടൻ എറണാകുളം മഹാരാജാസിലേക്കു കുടിയേറി അതുകൊണ്ട് ചേട്ടന്റെ സൈക്കിൾ എനിക്കു ലഭിച്ചു.

മെയിൻ റോഡിൽ നിന്നും ഏതാണ്ട് മൂന്നു ഫർലോങ്ങ് ദൂരം ചെറിയ കല്ലിട്ട വഴി ഉണ്ട് കോളേജിലേക്ക്.

ആ റോഡു തുടങ്ങുന്ന ഇടത്ത് മരങ്ങൾ കാടു പിടിച്ച് നിൽക്കുന്നു.

ഒരു ദിവസം കോളേജ് വിട്ടു പോരുമ്പോൾ ആ കാട്ടിലെ മരക്കൊമ്പുകൾ വെട്ടി ഇട്ടിരിക്കുകയാണ്. റോഡിൽ കൂടി സൈക്കിൾ ചവിട്ടി പോരാൻ പറ്റുകയില്ല.

അല്ല അവിടെ സൈക്കിൾ ചവിട്ടി വരുന്നത് ഇഷ്ടമുള്ള കാര്യവും അല്ല. കാര്യം അറിയാമല്ലൊ അല്ലെ?
എന്താ?

സുന്ദരീമണിമാരായ അസംഖ്യം വിദ്യാർത്ഥിനികൾ ബസ് നോക്കി നിൽക്കുന്ന മൂല ആണ്. സാധാരണ അവിടെ എത്തിയാൽ എല്ലാത്തിനെയും ഒരു നോക്ക് നോക്കാൻ പോലും ഒക്കില്ല സൈക്കിളിൽ പോകുമ്പോൾ.

ഇത്രയധികം ഉള്ളതു കൊണ്ട് ഏതെങ്കിലും ഒന്നിനെ പ്രേമിച്ച് ജീവിതം വ്യർത്ഥമാക്കണ്ട എന്ന ഫയങ്കര ഫിലോസഫി കണ്ടു പിടിച്ചതും അവിടെ വച്ചു തന്നെ.

അപ്പോൾ അതിലെ പതിയെ സൈക്കിളും ഉരുട്ടി നടന്നു വരുന്നത് ഒരു പ്രത്യേക സുഖം തന്നെ ആയിരുന്നു.

പക്ഷെ ഈ വിവരം ആ മരച്ചില്ലകളിൽ താമസിച്ചിരുന്ന നീർ എന്നു വിളിക്കപ്പെടുന്ന പുളിയുറുമ്പുകൾക്കറിയില്ലല്ലൊ.

അവന്മാരിൽ ഒന്നു രണ്ടെണ്ണം എന്റെ പാന്റിനിടയിൽ കയറിക്കൂടി. ഞാൻ റോഡു ജംഗ്ഷനിലെത്തിയപ്പോഴേക്കും അവരും മുകളിൽ ജംഗ്ഷനിലെത്തി.

പക്ഷെ കടി തുടങ്ങിയപ്പോഴാണ് ഞാൻ വിവരം അറിയുന്നത്.

നീറിന് അതു താമസിച്ചിരുന്ന മരച്ചില്ല വെട്ടിയിട്ടവരോടുള്ള ദേഷ്യം തീർക്കാനുള്ള സ്വാതന്ത്ര്യവും, കടിക്കാനുള്ള ആവിഷ്കാരസ്വാതന്ത്ര്യവും എല്ലാം ഞാൻ അനുവദിച്ചു കൊടുത്തേനെ അതു വേറെ ആരെ എങ്കിലും ആയിരുന്നു കടിച്ചത് എങ്കിൽ.

പക്ഷെ ഇവിടെ കടി എനിക്കിട്ടല്ലെ.

അതിനു മനസു നിറയെ കടിക്കാൻ അവസരം കൊടുക്കാൻ ദൈവവും തീരുമാനിച്ചിരുന്നിരിക്കാം അതുകൊണ്ടല്ലെ കോളേജ് ജംഗ്ഷൻ മുതൽ കവല വരെ ഒരു മറവും അന്നില്ലാതിരുന്നത്
അന്ന് എന്റെ ഒരു ബന്ധു കവലയിൽ ഒരു ഐസ് സ്റ്റിക് ഉണ്ടാക്കുന്ന കട നടത്തുന്നുണ്ട്.

അവിടെ വരെ അന്നു ഞാൻ സൈക്കിളിൽ പോയ പോക്ക് ഒളിമ്പിക്സ് ലെങ്ങാനും ആയിരുന്നു എങ്കിൽ ഇന്ത്യക്കൊരു സ്വർണ്ണം ഉറപ്പ്

സൈക്കിളിൽ ചാഞ്ചാടി ചരിഞ്ഞാടി

സാധാരണ എല്ലാവർക്കും ജീവിതത്തിൽ പറ്റുന്ന അബദ്ധങ്ങൾ തന്നെ എങ്കിലും മറ്റാരും എഴുതുന്നില്ല ഞാൻ എഴുതുന്നു അത്രെ ഉള്ളു എന്നറിയാം.

സംശയമുണ്ടൊ ? ഇല്ലല്ലൊ

അപ്പൊ ഞാൻ 8ആം ക്ലാസിൽ പഠിക്കുന്ന കാലം. 8ആം ക്ലാസ് എന്നു കേട്ട് പേടിക്കുകയൊന്നും വേണ്ട എനിക്ക് അന്ന് ഏകദേശം മൂന്നര അടി പൊക്കമെ ഉള്ളു.

വീട്ടിൽ ഒരു സൈക്കിൾ ഉണ്ട് ചേട്ടന് നങ്ങ്യാർകുളങ്ങര കോളേജിൽ പോകാൻ. വീട്ടിൽ നിന്നും ഏതാണ്ട് 7 കിലൊമീറ്റർ ദൂരമുണ്ട് അവിടേയ്ക്ക്. ഞാൻ പഠിക്കുന്നത് ഹരിപ്പാട് ബോയ്സ് സ്കൂളിലും.

സൈക്കിളിൽ കയറിയാൽ, സീറ്റിൽ ഇരിക്കുമ്പോൾ എനിക്കു രണ്ടു കാലുകളും ഒന്നിച്ചു പെഡലിൽ ചവിട്ടാൻ സാധിക്കില്ല. അതുകൊണ്ട് മുൻപിലത്തെ കമ്പിയിൽ ഇരുന്നാണ് സാധാരാണ യാത്ര. പക്ഷെ ചന്തി വേദനിക്കുമ്പോൾ പൊങ്ങി സീറ്റിലിരിക്കും. പിന്നെ കുറെ നേരം രണ്ടു വശത്തേക്കും ചാഞ്ചാടി ചരിഞ്ഞാടി ചവിട്ടും. പിന്നെ വിട്ടു വിട്ടു അതായത് ഒരു പെഡൽ ചവിട്ടി വിടും അപ്പോൾ മറുവശത്തേത് പൊങ്ങി വരും അപ്പോൾ അതു ചവിട്ടി വിടും അങ്ങനെ യാത്ര ചെയ്യും.

ഇന്നത്തെ കാലമല്ല.

അന്നൊക്കെ വസ്ത്രധാരണത്തിലും ചില പ്രത്യേകതകൾ ഉണ്ട്.

ഞങ്ങൾ ചെറുപ്പത്തിൽ കൗപീനം ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഷഡ്ഡി ഒന്നും കണ്ടിട്ടു കൂടി ഇല്ലാത്ത കാലം. സ്കൂളിൽ പോകാറായപ്പോൾ നിക്കർ ആയി. പക്ഷെ അതിനടിയിൽ സെകൻഡ് പേപ്പർ അറിയില്ലായിരുന്നു. അതു പതിവായത് പ്രിഡിഗ്രിയ്ക്കു പഠിക്കുമ്പോൾ ചേട്ടന്റെ ഒരു പഴയ പാന്റ് എടുത്ത് അണിയുകയും അതിന്റെ സിബ് വലിച്ചു കയറ്റിയപ്പോൾ അസ്ഥാനം അതിനുള്ളിൽ കുടുങ്ങുകയും ചെയ്തതിനു ശേഷം ആണ്.

ഇത് അതിനു മുൻപുള്ള കഥ.

ആറാം ക്ലാസ് ആയപ്പോൾ മുതൽ മന്മൽ മുണ്ടായി വേഷം. നിക്കറിനൊക്കെ അന്നു വലിയ ചെലവാണ്. മുണ്ടിനു വിലക്കുറവും. രണ്ടു മന്മൽ മുണ്ട് കിട്ടും ഒരു കൊല്ലം. നിങ്ങൾ കണ്ടിട്ടുണ്ടാകും കഞ്ഞിപ്പശ ഉള്ള വെള്ള മുണ്ട്. അതു ഉടുത്താൽ ദേഹത്തിരിക്കാൻ തന്നെ വലിയ പ്രയാസം ആണ്. ഇടയ്ക്കിടയ്ക്ക് അഴിഞ്ഞു പോകും.

അങ്ങനെ ഒരു ദിവസം എനിക്ക് പോസ്റ്റ് ഓഫീസ് വരെ പോകേണ്ട ആവശ്യം വന്നു. ഒരു എഴുത്ത് പോസ്റ്റ് ചെയ്യാൻ വിട്ടതാണ്.

സൈക്കിൾ ചവിട്ടാൻ കിട്ടുന്ന ഒരവസരവും പാഴാകാൻ ഞാൻ ഒരുക്കമല്ല. അതുകൊണ്ട് പോസ്റ്റ് ഓഫീസിലേക്കു പോയി എഴുത്തും പോസ്റ്റ് ചെയ്തു വരുന്ന സമയം. ആയാപറമ്പ് സ്കൂളിന്റെ തെക്കു വശത്ത് ഒരു പഞ്ചായത്ത് കുളം ഉണ്ട് അവിടെ കുറെ സ്ത്രീജനങ്ങൾ തുണി അലക്കുകയും കുളിക്കുകയും മറ്റും ചെയ്യുന്നുണ്ട്.

ആ സ്ഥലത്തെത്തിയപ്പോഴാണ് അത്യാഹിതം

സൈക്കിളിന്റെ സീറ്റിൽ കയറി ഇരുന്ന് മേല്പറഞ്ഞതു പോലെ രണ്ടു വശത്തേക്കും ചരിഞ്ഞാടി ആടി ചവിട്ടി വരുന്ന എന്റെ മന്മൽ മുണ്ട് ചതിച്ചു

അതിന്റെ പിടി വിട്ട് രണ്ടു വശത്തേക്കും മലർക്കെ തുറന്ന് കാറ്റിൽ പിന്നിലേക്കു പറന്നു തുടങ്ങി. പക്ഷെ ഞാൻ ഇരിക്കുന്നത് അതിനു പുറത്തായതു കൊണ്ട് പറന്നു ദൂരെ പോയില്ല.

കാൽ പെഡലിൽ എത്താത്തതു കൊണ്ട് വലിയവർ ചെയ്യുന്നതു പോലെ ചരിച്ചു നിർത്താനൊ ഒന്നും ഒരു വഴിയും ഇല്ല. ചാടി ഇറങ്ങുകയെ നിവൃത്തി ഉള്ളു.

ചാടി ഇറങ്ങുമ്പോഴേക്കും മുണ്ടിന്മേൽ ഉള്ള എന്റെ ഭാരം ഒഴിഞ്ഞ സന്തോഷത്തിൽ അതു തുള്ളിച്ചാടി പറന്നു പോകുന്നു. സൈക്കിൽ സ്റ്റാന്ഡിൽ വക്കാതെ അതിനു പിന്നാലെ ഓടാനൊക്കുമോ?

പക്ഷെ ആ ചേച്ചിമാരൊന്നും ഇതൊന്നും കണ്ടെ ഇല്ല. ദൈവാധീനം . അല്ലെങ്കിലും മൂന്നുമൂന്നര അടി പൊക്കമുള്ള എന്നെ തന്നെ കാണാനില്ല പിന്നാ

Thursday, February 09, 2012

അടി വരുമെന്നു കണ്ടാൽ

"അടി വരുമെന്ന് കണ്ടാൽ പിന്നെ എല്ലാർക്കും മര്യാദയുണ്ടാവും"

എച്മുക്കുട്ടിയുടെ ഈ കമന്റു കണ്ടപ്പോഴാണ് ഞാൻ ഈ ഒരു സംഭവം ഓർക്കുന്നത്

അന്നു ഞാൻ ഇടുക്കി മുല്ലക്കാനത്തുള്ള ആശുപത്രിയിൽ ആണു ജോലി ചെയ്യുന്നത്.

ആശുപത്രിയുടെ മുന്നിൽ ഒരു പെട്ടിക്കട ഉണ്ട്. അതിനെതിരിലായി മറ്റൊരു കെട്ടിടവും.

ആളും അനക്കവും ആശുപത്രിയിൽ മാത്രമേ ഉള്ളു. രോഗികളുടെ കൂടെ ഉള്ളവർ ബീഡി വലിക്കാനും ചായ കുടിക്കാനും ഒക്കെ ആയി പുറത്തിറങ്ങി റോഡിൽ നിൽക്കാറുണ്ട് . ഒരു ദിവസം വൈകുന്നേരം സാധാരണ കേൾക്കാറുള്ളതു പോലെ പൂരപ്പാട്ടും പാടി ഒരു ചേട്ടൻ വിലസുകയാണ്.

കുടിച്ച ചാരായം അതിന്റെ കഴിവുകൾ പുറത്തെടുക്കുന്നതും ആസ്വദിച്ച് കാഴ്ച്ചക്കാരും ഉണ്ട്. ഒരു കൈലിയും ഉടുത്ത് തോർത്തും തലയിൽ വട്ടക്കെട്ടു കെട്ടി അതിലെ പോകുന്നവരെ മുഴുവൻ തെറി വിളിച്ചും മാടക്കടയിൽ നിന്നു ബീഡി എടുത്ത് കത്തിച്ചു വലിച്ചും അങ്ങനെ ആളായി വിലസുന്നു.

ഞാൻ വിചാരിച്ചു ഈ ചാരായത്തിന്റെ ഒരു ശക്തിയേ. എന്തൊരു ധൈര്യമാ.

ഇത്രയധികം ആളുകൾ ഉണ്ടെങ്കിലും ആരെങ്കിലും അയാളോട് എതിരു പറയുന്നുണ്ടൊ. ആണുങ്ങളായാൽ ഇങ്ങനെ വേണം

ഇങ്ങനെ ഒക്കെ ആലോചിച്ചു കൊണ്ട് ഞാൻ ക്വാർട്ടേഴ്സിന്റെ മുൻ വശത്ത് ഇരിക്കുന്നു.

അപ്പൊഴാണ് വളവു തിരിഞ്ഞു ഒരു പോലീസ് ജീപ് വരുന്നതും ആ മാടക്കടയുടെ മുന്നിൽ നിർത്തുന്നതും

ഞാൻ നോക്കുമ്പോൾ ആ ധൈര്യശാലി നൊടിയിടയിൽ കൊഞ്ചിനെ പോലെ വളഞ്ഞ് തലയിൽ കെട്ടിയിരുന്ന തോർത്തഴിച്ച് അരയിൽ കെട്ടി, എതിർവശത്തുള്ള കടയുടെ അരഭിത്തിയിൽ ചുരുണ്ടുകൂടി താഴേക്കു നോക്കി ഇരിക്കുന്നു.

അപ്പൊ ഞാൻ വിചാരിച്ചു ഇനി കളി ഒക്കെ പോലീസ് പോയി ക്കഴിഞ്ഞായിരിക്കും എന്ന്.

പോലീസ് ഇതൊന്നും കണ്ടില്ലായിരുന്നല്ലൊ. അതിൽ നിന്നും ഒരാൾ ഇറങ്ങി കടയിൽ നിന്നും ഒരു സിഗററ്റും വാങ്ങി വലിച്ചു വണ്ടി വിട്ടു പോയി.

പക്ഷെ വണ്ടി പോയിട്ടും നമ്മുടെ ധൈര്യശാലിയുടെ ഊർജ്ജം തിരിച്ചു വന്നില്ല അതങ്ങ് ആവിയായി പോയി കാണം.

വെറുതെ അല്ല സിനിമയിലും ഇതു പോലെ കാണിക്കുന്നത് ഒരു വീക്കങ്ങു കിട്ടുമ്പോൾ ബോധം എവിടെ നിന്നാ വരുന്നതെന്നറിയില്ല. ഠപ്പേന്നു നല്ല കുട്ടിയാകും.

പോഴനായാലും പൊണ്ണനായിരിക്കണം

ബ്രൈറ്റ് ന്റെ ഒരു പോസ്റ്റ് കണ്ടു സൗന്ദര്യം, നിറം, പൊക്കം ഇവ ഒക്കെ ആളുകളിൽ ഉണ്ടാക്കുന്ന അഭിപ്രായത്തെ കുറിച്ച്.

നമുക്ക് ഇതു മൂന്നും ഇല്ലാതെ പോയല്ലൊ. അപ്പോൾ ഇതിൽ പൊക്കവും വണ്ണവും ഉള്ള രണ്ടു പേർക്കുണ്ടായ അനുഭവം ഞാൻ കണ്ടതു പറയാം. എനിക്കും അങ്ങനെ ഒക്കെ പൊക്കവും തടിയും ഉണ്ടായിരുന്നു എങ്കിൽ എന്നാഗ്രഹിച്ചിട്ടും ഉണ്ട് പക്ഷെ അതു കൊണ്ടു മാത്രം കാര്യമില്ലല്ലൊ.

അങ്ങനെ ഒരിക്കൽ സിനിമ കാണാൻ കൂട്ടുകാരൊത്തു പോയതാണ്. ഇന്റർവൽ ന് പുറത്തു പോയി തിരികെ വന്നപ്പോൾ ഞാനിരുന്ന സീറ്റിൽ മറ്റൊരാൾ ഇരിക്കുന്നു.

പതിയെ കാര്യം പറഞ്ഞു. അയാൾ അനക്കമില്ല. പലതവണ പറഞ്ഞു. അവസാനം കൂട്ടുകാരും ഒക്കെ ക്കൂടി കൂടി ഭയങ്കരബഹളം ആയപ്പോൾ സഹികെട്ട് അയാൾ എഴുനേറ്റ് മറ്റൊരു സീറ്റിൽ പോയിരുന്നു. ഞങ്ങൾ വിജയീഭാവത്തോടു കൂടി സ്വന്തം സീറ്റിൽ ഇരുന്നു.

അപ്പോഴാണ് അയാൾ ഇപ്പോഴിരിക്കുന്ന സീറ്റിൽ ആദ്യം ഇരുന്നിരുന്ന ആളുടെ വരവ്. അതൊരു പഹയൻ തന്നെ ആറാറര അടി പൊക്കം അതിനൊത്ത തടിയും. അയാൾ തന്റെ സീറ്റിനരികിൽ വന്നു.
അവിടെ മറ്റൊരാൾ ഇരിക്കുന്നതു കണ്ടു.

വളരെ സ്വാഭാവികമായി വലതു കൈപ്പത്തി മലർത്തിപ്പിടിച്ച് അതിന്റെ തള്ളവിരലും ചെറുവിരൽ തുടങ്ങി മൂന്നു വിരലുകളും പകുതി മടക്കിപ്പിടിച്ചിട്ട് ചൂണ്ടു വിരൽ മാത്രം മുകളിലേക്കും താഴേക്കും കാണിയ്ക്കുന്ന ഒരു പരിപാടി ഉണ്ടല്ലൊ ഇരിക്കുന്ന ആളോട് എഴുനേൽക്കാനുള്ള സൂചന.


അത് ഒരു പ്രാവശ്യം തന്നെ മുഴുവൻ ആക്കേണ്ടി വന്നില്ല . ആ ചൂണ്ടു വിരലിന്റെ ആദ്യത്തെ നീക്കത്തിനൊപ്പം ഇരുന്ന ആളുടെ ചന്തിയും പൊങ്ങിത്തുടങ്ങി. വിരൽ മുകളിലെത്തുമ്പോഴേയ്ക്കും ആൾ എഴുനേറ്റു കഴിഞ്ഞു.

വളരെ മര്യാദക്കാരനായി മറ്റൊരു സീറ്റിൽ പോയിരുന്നു. അയാളുടെ വിരൽ അനക്കത്തിനു പകരം ഞങ്ങൾ എത്ര പേരുടെ എത്ര നേരത്തെ ബഹളം വേണ്ടി വന്നു.

ഇതൊന്ന്. അടൂത്തത് കെ എസ് ആർ ടി സി ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റിൽ

ഒരിക്കൽ വണ്ടാനത്ത് കോളെജിലേക്കു പോകുന്നു. വിദ്യാർത്ഥിവർഗ്ഗത്തിനെ കണ്ടക്റ്റർ മാർക്കു കണ്ടു കൂടല്ലൊ.

കോളേജിൽ നിന്നും തിരികെ ഹരിപ്പാടിനു പോകാൻ നിൽക്കുമ്പോൾ എല്ലാദിവസവും വൈകുന്നേരം നാലു മണി മുതൽ ആറര മണിവരെ ഓരോ കിലോമീറ്റർ വീതം തെക്കോട്ടും വടക്കോട്ടും ഓരോ ബസ് വരുമ്പോഴും ഓടിയതാണ് ഇന്നത്തെ എന്റെ ആരോഗ്യരഹസ്യം എന്ന് എനിക്കു മത്രമല്ലെ അറിയൂ.

പ്രാകുന്നതു കൊണ്ട് എന്തെങ്കിലും ഫലം ഉണ്ടാകും എങ്കിൽ കെ എസ് ആർ ടി സി യിലെ മിക്കവാറും എല്ലാ കണ്ടക്റ്റർ മാരും ഡ്രൈവർമാരും എന്നെ തലയിൽ ഇടിത്തീ വീണും മറ്റും മറ്റും പണ്ടാറം അടങ്ങിയേനെ.

ആക്കാലം. ഹരിപ്പാട്ട് ബസ് സ്റ്റാൻഡ് ഉള്ളതു കൊണ്ട് ആ പ്രയാസം ഇല്ല. വരുന്ന ബസിൽ കയറിക്കിട്ടിയാൽ മതി.

അന്നു കിട്ടിയത് ഒരു ലിമിറ്റഡ് സ്റ്റോപ്പ് വണ്ടി എറണാകുളത്തിനുള്ളത്. അതിൽ 1രൂപ 70 പൈസ ആയിരുന്നു അന്ന് വണ്ടാനം കോളേജ് വരെ.

വണ്ടി നിർത്തിയപ്പോൾ തന്നെ കണ്ടക്റ്റർ അദ്ദേഹം അരുളിച്ചെയ്തു ആലപ്പുഴയ്ക്കു മുൻപിറങ്ങാനുള്ളവർ ആരും കയറരുത്.

പിന്നെ ആ നായിന്റെ മോന്റെ അപ്പന്റെ തറവാട്ടു സ്വത്തല്ലെ എന്നു മനോഗതം ചെയ്തെ ഉള്ളു. ഉറക്കെ പറഞ്ഞില്ല.

കോളേജിൽ പോകാൻ എനിക്ക് എന്റെ സർക്കാർ കനിഞ്ഞു നൽകിയ വണ്ടി. അതിൽ ഞാൻ കയറി.

ഏകദേശം നടുക്കുഭാഗം വരെ പോയി ഒരു കമ്പിയിൽ ചാരി നിന്നു. എന്റെ തൊട്ടു മുന്നിൽ മുൻപത്തെ പോലെ ഒരു ആറര അടി പൊക്കമുള്ള ചേട്ടൻ. നല്ല തടിയും കട്ടിമീശയും.

റ്റികറ്റ് കൊടുത്ത് കൊടുത്ത് കണ്ടക്റ്റർ എത്തി. ഞാൻ ഒരു രൂപ എഴുപതു പൈസ കൊടുത്തിട്ട് പറഞ്ഞു ഒരു വണ്ടാനം.

ഇതു കേട്ടതും കണ്ടക്റ്റർ ചൂടായി. ആലപ്പുഴയ്ക്കു മുൻപിൽ ഇറങ്ങാനുള്ളവർ കയറരുതെന്നു പറഞ്ഞതല്ലെ?

ഞാൻ ചോദിച്ചു " അപ്പോ ഞങ്ങൾക്കു കോളേജിൽ പോകണ്ടേ"?

കണ്ടക്റ്റർ " അതൊന്നും എനിക്കറിയില്ല ഇതു ലിമിറ്റഡ് സ്റ്റോപ് ബസ് ആണ്"

ഞാൻ പറഞ്ഞു " ലിമിറ്റഡ് സ്റ്റോപിന് വണ്ടാനത്ത് സ്റ്റോപ് ഉണ്ടല്ലൊ അവിടെ നിർത്തിയാൽ മതി"

വാദിച്ചിട്ടു കാര്യമില്ല എന്നു മനസിലായപ്പോൾ കണ്ടക്റ്റർ അടവു മാറ്റി.
അയാൾ പറഞ്ഞു "ആലപ്പുഴയ്ക്കുള്ള റ്റികറ്റെ തരൂ"

ഞാൻ മറുപടി പറഞ്ഞു " മതി. ഇനി എറണാകുളത്തേക്കുള്ളതായാലും കുഴപ്പം ഇല്ല. പക്ഷെ ഞാൻ ഈ ഒരു രൂപ എഴുപതു പൈസയെ തരൂ"

ഇതോടു കൂടി കണ്ടക്റ്റർ വളരെ അധികം ക്ഷോഭിച്ചു.
"എങ്കിൽ വണ്ടി പോകുന്നില്ല. ഇവിടെ കിടക്കട്ടെ" എന്നു പറഞ്ഞു കൊണ്ട് സിംഗിൾ ബെൽ അടിച്ചു. അപ്പോഴേക്കും വണ്ടി കരുവാറ്റ വിലഞ്ഞാൽ അമ്പലത്തിനു മുന്നിൽ എത്താറാകുന്നതെ ഉള്ളു.

സ്റ്റോപ് അല്ലാത്ത സ്ഥലത്ത് വണ്ടി നിർത്താനുള്ള ബെൽ കേട്ടതും ഡ്രൈവർ സാഹബ് കുപിതനായി. അദ്ദേഹം തമിഴ് ചുവയിൽ സംസാരിക്കുന്ന ആളായിരുന്നു.
മുന്നിൽ നിന്നും ഈ ആക്രോശം കേട്ടു

"യാത്രക്കാരുടെ കുടുംബത്തിനു മുന്നിലെല്ലാം നിർത്താനുള്ളതല്ല വണ്ടി"

ഏതായാലും അത് ഏറ്റു. എന്റെ മുന്നിൽ നിൽക്കുന്ന ചേട്ടൻ തമിഴനായിരുന്നു. പുള്ളീക്ക് യാത്രക്കാർ എന്നും കുടുംബം എന്നും കേട്ടതും ഹാലിലകി.

"യാരടാ യാത്രക്കാരുടെ കുടുംബത്തെ പത്തി പേച്ച് റത്
പുടിയേടാ അവനെ"
ഏകദേശം ഇതുപോലെ എന്തൊ അലറിക്കൊണ്ട് ഷർട്ടും തുറുത്തികേറ്റി കയ്യും ചുരുട്ടി ആളുകളെ വകഞ്ഞു മാറ്റിക്കൊണ്ട് മുന്നോട്ട് പോകാൻ തുടങ്ങി.

മറ്റു യാത്രക്കാരും എല്ലാം ഇതെല്ലാം കണ്ടും കേട്ടും ആരാ ആദ്യം തുടങ്ങാൻ എന്നു മാത്രം സംശയിച്ചു നിൽക്കുകയായിരുന്നു.

ആളുകളുടെ സ്വഭാവമാറ്റം കണ്ടതും കണ്ടക്റ്റർക്ക് പെട്ടെന്നു വിവരം പിടികിട്ടി. അടി വീഴുന്നതിനു മുന്നെ ഡബിൾ ബെല്ലടിക്കുന്നു, എനിക്കു ഒരു രൂപ എഴുപതു പൈസയുടെ റ്റികറ്റ് തരുന്നു

ആഹാ എന്തൊരു സ്നേഹം.

ആ പഴയ കണ്ടക്റ്റർ മാരും ഡ്രൈവർ മാരും എന്നെങ്കിലും എന്നെ പോലെയുള്ളവർ പ്രാകിയ പ്രാക്കൊക്കെ അനുഭവിച്ചു കാണണെ എന്നല്ലാതെ ഇന്നും പറയുവാൻ തോന്നുന്നില്ല

Wednesday, February 08, 2012

ഞാൻ എത്ര മര്യാദക്കാരനായിരുന്നു

ഏതായാലും ഇത്രയും ആയില്ലെ എന്നാൽ ഒരെണ്ണം കൂടി ബസ്സിലെ തന്നെ ഇരിക്കട്ടെ.

വിവാഹം കഴിഞ്ഞ് ആദ്യമായി ഭൈമിയെയും കൂട്ടി ബാംഗളൂർക്കു പോയ ഒരു യാത്ര. എന്റെ ചേച്ചി ബാംഗളൂരിലായിരുന്നു താമസം. ചേച്ചിയുടെ ഭർത്താവിന് ITI ല് ജോലി. ചേട്ടൻ സ്റ്റേഷനിൽ വരാം എന്നേറ്റിട്ടുണ്ട്.

ഐലൻഡ് എക്സ്പ്രസ്സിൽ ആണ് പോകുന്നത്. കാലത്തു തന്നെ സമയത്ത് എത്തി. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി. ചേട്ടൻ സ്കൂട്ടറിൽ എത്തിയിട്ടുണ്ട്. ഞങ്ങൾ എല്ലാവരും കൂടി ബസ് സ്റ്റാന്ഡിലേക്കു പോയി.

ഞാൻ ചേട്ടൻ താമസിക്കുന്ന സ്ഥലത്ത് അതിനു മുൻപ് പോയിട്ടില്ല. അതുകൊണ്ട് ചേട്ടൻ പറഞ്ഞു തന്നു. ഐ ടി ഐ കോളനി സ്റ്റോപ്പിൽ ഇറങ്ങിയാൽ മതി. ഐ ടി ഐയുടെ മെയിൻ ഗേറ്റു സ്റ്റോപ് കഴിഞ്ഞാൽ രണ്ടാമത്തെ സ്റ്റോപ്പ് ആണ്. അവിടെ ഇറങ്ങി നിന്നാൽ മതി. ഇവളെ വീട്ടിൽ കൊണ്ടു വിട്ടിട്ട് ഞാൻ അവിടെ വരാം എന്നു പറഞ്ഞ് ഒരു ബാഗും കൊണ്ട് ഭൈമിയെയും സ്കൂട്ടറിൽ ഇരുത്തി ചേട്ടൻ പോയി

ഒരു ബാഗും കൊണ്ട് ഞാൻ ബസിൽ കയറി.

റ്റികറ്റ് എടൂക്കുമ്പോൾ ഞാൻ കണ്ടക്റ്ററോടു പറഞ്ഞു എനിക്കു സ്റ്റോപ്പ് അറിയില്ല. അതുകൊണ്ട് സ്റ്റോപ്പ് എത്തുമ്പോൾ പറയണം. അയാൾ സമ്മതിച്ചു.

കുറച്ചായപ്പോഴേക്കും ബസിൽ തെരക്കായി. എന്റെ ബാഗ് ഞാൻ നിലത്തു വച്ചാണ് നിൽക്കുന്നത്. അതിനിടയ്ക്കു കൂടി അങ്ങോട്ടും ഇങ്ങോട്ടും പോകാൻ കണ്ടക്റ്റർക്കു ബുദ്ധിമുട്ട്. അയാൾ എന്നോട് ബാഗ് മാറ്റി വയ്ക്കാൻ പറഞ്ഞു. എങ്ങോട്ടു മാറ്റാൻ നേരെ നിൽക്കാൻ സ്ഥലം ഇല്ല പിന്നാ ബാഗു മാറ്റാൻ.

പറഞ്ഞു പറഞ്ഞു ശബ്ദം കൂടി തുടങ്ങി.

ങ്ഹാ പറഞ്ഞില്ലല്ലൊ. കർണ്ണാടകയിൽ വേറൊരു സ്ഥലത്ത് രണ്ടു കൊല്ലത്തോളം ജോലി ചെയ്തിട്ടുണ്ടായിരുന്നതു കൊണ്ട് കന്നഡയിൽ വഴക്കിടാൻ നല്ല പരിചയം ആയിരുന്നു.

അങ്ങനെ പറഞ്ഞു പറഞ്ഞ് അയാൾ പറഞ്ഞു പെട്ടി എന്റെ തലയിൽ വച്ചോളാൻ
എന്നാൽ അതെടുത്ത് നിന്റെ തലയിൽ വച്ചോ ന്നു ഞാനും പറഞ്ഞു.
ഞാൻ എത്ര മര്യാദക്കാരനായിരുന്നു എന്നു നിങ്ങൾക്കു ബോദ്ധ്യമായല്ലൊ അല്ലെ.

പക്ഷെ അതോടു കൂടി കണ്ടക്റ്റർ വഴക്കു നിർത്തി. എന്തൊ ഇവനോടു പറഞ്ഞിട്ടു കാര്യമില്ലന്നു തോന്നിക്കാണും.

അങ്ങനെ ബസ് ഐ ടി ഐ മെയിൻ ഗേറ്റിൽ എത്തി. അവിടെ നിന്നും രണ്ടാമത്തെ സ്റ്റോപ് നോക്കി ഞാൻ നിൽക്കുകയാണ്. ആരോ കയറാനോ ഇറങ്ങാനോ താമസിച്ചതു പോലെ പെട്ടെന്നു പെട്ടെന്നു രണ്ടു ചവിട്ടും കൂടി ഡ്രൈവർ ചവിട്ടി.

ആ രണ്ടിടത്തും ആളുകൾ ഇറങ്ങുകയും കയറുകയും ഒക്കെ ചെയ്തു.

പക്ഷെ ഈ രണ്ടു സ്റ്റോപ്പുകൾ ഇത്ര അടുത്തടുത്തായിരിക്കും എന്നെനിക്കറിയില്ലല്ലൊ. ഞാൻ വല്ല്യ സ്റ്റോപ് വരാൻ നോക്കി നിൽക്കുകയാണ്.

പക്ഷെ ഒരു 15 മിനിറ്റോളം കഴിഞ്ഞപ്പോൾ റോഡിൽ ഒരു ബോർഡ് "വൈറ്റ്ഫീൽഡ്" എന്ന്.

ഞാൻ കണ്ടക്റ്ററെ വിളിച്ചു ബഹളം വച്ചു.
അയാൾ മനഃപൂർവം എനിക്കിട്ടു പണി തന്നതായിരുന്നിരിക്കണം.

പക്ഷെ ബസ് തിരികെ പോവില്ലല്ലൊ. അവിടെ ഇറങ്ങി 8 രൂപ - അന്നത്തെ 8 രൂപ - ആട്ടൊറിക്ഷയ്ക്കു കൊടുത്ത് കോളനി ഗേറ്റിൽ എത്തുമ്പോൾ ഇവൻ ഇതെവിടെ പോയി എന്നു വിഷമിച്ച് ചേട്ടൻ വിയർത്തു നിൽക്കുന്നു

Tuesday, February 07, 2012

70 പൈസ പോയിന്റ്

അടുത്തത് ഒരെണ്ണം വീണ്ടും ബസ് യാത്രയിലേതാകാം അല്ലേ
നമുക്കൊക്കെ ഒരു ധാരണ ഉണ്ട് - അതൊ ഇനി എനിക്കു മാത്രമെ ഉള്ളൊ?- നമ്മെ കഴിഞ്ഞിട്ടെ വിവരം ഉള്ളവർ ഉള്ളു എന്ന്.

ചെറുപ്പത്തിൽ കണ്ട കള്ളുകുടിയൻ ഭാർഗ്ഗവഞ്ചേട്ടൻ ദൈവത്തെ പിടിച്ചാണയിട്ടു പറയുന്നതു കേട്ടപ്പോഴും തോന്നി അതു ശരി ആയിരിക്കും എന്ന് "ഇന്നലെ രാത്രി ഞാൻ ചൂട്ടും വീശി പോകുമ്പോ രണ്ടു ഉണ്ട തീഗോളങ്ങൾ എന്റെ നേരെ വരുന്നു. ചൊവ്വാഴ്ചയായതു കൊണ്ട് ഞാൻ സൂക്ഷിച്ചു നോക്കി. അടൂത്തെത്തിയതും അതു രൂപം മാറി ഒരു പട്ടിയായി. പെട്ടെന്നു ഞാൻ അയ്യോ ന്നും പറഞ്ഞ് ചൂട്ടു വീശി അതിനു നേരെ എറിഞ്ഞു. ഞൈ എന്നൊരു ശബ്ദം കേട്ടു പിന്നെ അതിനെ കാണാനെ ഇല്ല. അതു മാടൻ അല്ല എങ്കിൽ പിന്നെ എന്താ നിങ്ങളു പറ. അല്ലെങ്കിൽ പിന്നത് എവിടെ പോയി?"
കള്ളടിച്ചു പൂസായപ്പോഴും ഭാർഗ്ഗവൻ ചേട്ടന്റെ വിചാരം അതു മാടൻ തന്നെ.

എന്റെ കാര്യത്തിലും എനിക്കുള്ള അറിവിന്റത്രയും മറ്റാർക്കും ഇല്ല എന്നത് എനിക്കുറപ്പായിരുന്നു.

ഞങ്ങളുടെ നാട്ടിൽ പുതുവന മുക്കിൽ ആദ്യമായി ഒരു മാടക്കട തുടങ്ങി മീശചേട്ടൻ. അതൊരു വല്യ അനുഗ്രഹമായിരുന്നു. കാരണം ബീഡി/തീപ്പെട്ടി/പുകയില/വെറ്റില മുതലായവ വാങ്ങണം എങ്കിൽ അന്നു സ്കൂളിന്റടുത്തു വരെ പോകണം - ഒരു കിലോമീറ്ററിൽ കൂടൂതൽ.

എന്റെ അച്ഛൻ അന്നൊക്കെ വല്ലപ്പോഴും ഓരോ ബീഡി വലിക്കും. അഞ്ചു ബീഡി മതി അദ്ദേഹത്തിന് ഒന്നര മാസത്തേക്ക്.

അങ്ങനെ മീശച്ചേട്ടന്റെ കറ്റയിൽ പോയി അഞ്ചു പൈസയ്ക്ക് ബീഡി വാങ്ങി വരാൻ എന്നെ വിട്ടു. ആദ്യമായി വാങ്ങുമ്പോൾ ഏഴു ബീഡി തന്നു.

അതോടു കൂടി എനിക്കുറപ്പായി അഞ്ചു പൈസയ്ക്ക് ഏഴു ബീഡി.

പിന്നീടു പലകാലങ്ങളിൽ അഞ്ചു പൈസയ്ക്ക് എട്ടു ബീഡിയും പത്തു ബീഡിയും, ഒക്കെ മറ്റുള്ളവർക്കു കൊടൂത്താലും ഞാൻ ചെന്നാൽ പറയുന്ന ഈ വാചകം കാരണം എനിക്ക് ഏഴു ബീഡിയെ കിട്ടുമായിരുന്നുള്ളു . ഞാൻ എന്താ പറഞ്ഞിരുന്നത് എന്നല്ലെ " അഞ്ചു പൈസയ്ക്ക് ഏഴു ബീഡി ഇങ്ങു തന്നെ "

എന്റെ വിവരക്കേടു കൊണ്ട് ലാഭം മീശചേട്ടന്. ങാ പോട്ടെ. അതല്ലല്ലൊ പറഞ്ഞു വന്നത്.

ബസു യാത്ര. ഒരിക്കൽ എന്റെ ചേട്ടത്തിയമ്മയുടെ വീട്ടിൽ പോയി വരുന്ന സമയം. കൊരട്ടിഅങ്ങാടി ക്കടുത്തുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുന്നു. ചില തവണ യാത്ര ചെയ്തിട്ടുള്ളതിനാൽ അങ്കമാലി വരെ എത്ര പൈസ ആണ് യാത്രക്കൂലി എന്നറിയാം - അത്രയും പൈസ ചില്ലറ ആയി കയ്യിൽ വച്ചു.

പഴയ കാലം ആണെ. കയ്യിൽ കൃത്യം യാത്രക്കൂലിയെ കാണൂ ഏറി വന്നാൽ 50 പൈസയോ ഒരു രൂപയോ കൂടുതൽ കാണും. പല ബസുകൾ കയറി ഹരിപ്പാട് വരെ എത്തേണ്ടതാണ്
കണ്ടക്റ്റർ വന്നു. ഞാൻ പൈസ കൊടുത്തു. കണ്ടക്റ്റർ ചോദിച്ചു "എവിടെയ്ക്കാ"

ങ്ഹും എന്നോട് എവിടെയ്ക്കെന്നു ചോദിക്കേണ്ട ആവശ്യം ഇയ്യാൾക്കെന്താ. ചില്ലറയായി 70 പൈസ കൊടുത്താൽ അതിനുള്ള റ്റികറ്റ് തന്നാൽ പോരെ

ഹൊ ഞാൻ ഫയങ്കര ബുദ്ധിമാനല്ലെ. ഞാൻ പറഞ്ഞു "തന്ന പൈസയ്ക്കുള്ള റ്റികറ്റ് ഇങ്ങു തന്നാൽ പോരെ"
കണ്ടക്റ്റർ ഇതുപോലെ ഉള്ള ആളുകളെ ഇതുനു മുൻപും കണ്ടിരിക്കും എന്നാലും പയ്യനല്ലെ എന്നു വിചാരിച്ച് ഒന്നു കൂടി ചോദിച്ചു നോക്കി.
പക്ഷെ ഞാൻ വഴങ്ങുന്നില്ല എന്നു കണ്ടപ്പോൾ ഒരു ചിരി ചിരിച്ചിട്ട് പറഞ്ഞു " അതേ 70 പൈസ പോയിന്റ് ആകുമ്പോൾ ഇറങ്ങിക്കോണം"

ഞാൻ "ഓ ഏറ്റു"

വണ്ടി വിട്ടു അധികം കഴിയുന്നതിനു മുൻപേ മാംബ്ര റോഡിലേക്കാണെന്നു തോന്നുന്നു അതു തിരിഞ്ഞു കയറി.

പെട്ടെന്നാണ് എന്റെ മനസിൽ ഒരു വെള്ളിടി വെട്ടിയത്. ദൈവമേ ഈ ബസ് ഇത് എങ്ങോട്ടാണ് പോകുന്നത്? ബോർഡിൽ അങ്കമാലി എന്നു കണ്ടതാണല്ലൊ. അത് എവിടെ ഒക്കെ വളഞ്ഞു ചുറ്റി പോകുന്ന ബസ് ആയിരുന്നു. എന്റെ 70 പൈസ വഴിയിൽ ഏതെങ്കിലും കാട്ടു മുക്കിൽ തീർന്നു പോകും

ഞാൻ കണ്ടക്റ്ററെ വിളിച്ചു " ഹേയ് ഈ ബസ് എങ്ങോട്ടാണ് പോകുന്നത്?'

കണ്ടക്റ്റർ പറഞ്ഞു "മിണ്ടാതിരി 70 പൈസ പോയിന്റ് ആകുമ്പോൾ പറയാം അപ്പോൾ ഇറങ്ങിയാൽ മതി"

ഞാൻ കരച്ചിലിന്റെ വക്കോളം എത്തി.

പക്ഷെ കൊച്ചു പയ്യൻ ആയിരുന്നതു കൊണ്ട് അന്നു ബസിലുണ്ടായിരുന്നവർ ഒക്കെ കൂടി സമാധാനിപ്പിച്ച് ആ റ്റികറ്റ് കാൻസൽ ചെയ്യിച്ച് എന്നെ അവിടെ ഇറക്കി വിട്ടു. അതുകൊണ്ട് വീടു പിടിക്കാൻ പറ്റി

ഇതെ അബദ്ധം മറ്റൊരാൾക്കും പറ്റുന്നത് കുറച്ചു വളർന്നതിനു ശേഷം കെ എസ് ആർ ടി സിയിലും കാണാനിടയായി (അപ്പോൾ എനിക്കു കൂട്ടുണ്ട്)

ഗുണപാഠം- ബസിൽ കയറിയാൽ കണ്ടക്റ്റർ ചോദിക്കുന്ന ചോദ്യങ്ങൾക്കു ശരിയായ ഉത്തരം കൊടുക്കുക. എങ്കിൽ യാത്ര ശുഭകരം/ സുഖകരം

Monday, February 06, 2012

മോനെ, ബാക്കി കൂടിഉറങ്ങിക്കോ

രണ്ടു ദിവസം പോസ്റ്റുകൾ ഒന്നും കാണാതിരുന്നപ്പോൾ നിങ്ങൾ വിചാരിച്ചു കാണും എന്റെ അമളികൾ ഒക്കെ കഴിഞ്ഞു. പിന്നീടങ്ങു മിടുക്കനായിപ്പോയി. എന്ന്
അല്ലെ?
അതല്ല കാര്യം. അടുത്തായി ഏതെഴുതണം എന്നുള്ള കൺഫ്യൂഷൻ മാത്രമേ ഉണ്ടായിരുന്നുള്ളു.

പെണ്ണുങ്ങൾ സാരിക്കടയിൽ ചെന്നാൽ തെരഞ്ഞു തെരഞ്ഞു കൺഫ്യൂഷൻ അടിക്കുന്നതു കണ്ടിട്ടില്ലെ? അതുപോലെ. അല്ല, അവർ സ്വർണ്ണക്കടയിൽ ചെന്നാലും വളക്കടയിൽ ചെന്നാലും അങ്ങനെ തന്നെ ആണല്ലൊ അല്ലെ?

അങ്ങനെ മെഡിക്കൽ കോളേജിലെ തന്നെ മറ്റൊരു കഥ. ബയൊകെമിസ്റ്റ്രി ക്ലാസ്. അത് എപ്പോഴും ഉച്ചയ്ക്ക് ഊണും കഴിഞ്ഞു വരുന്ന ആദ്യത്തെ ക്ലാസ് ആയിരിക്കും.

ഊണു കഴിഞ്ഞ് ഒന്നുറങ്ങുന്നതിന്റെ സുഖം സാറന്മാർക്കും അച്ഛനമ്മമാർക്കും പറഞ്ഞാൽ മനസിൽ ആവില്ലല്ലൊ.

അപ്പോൾ പിന്നെ കിടന്നുറങ്ങുന്ന കാര്യം നടപ്പില്ല. പിന്നെയൊ ക്ലാസിൽ പിന്നിൽ പോയിരുന്നാൽ ഇരുന്നുറങ്ങാം. ക്ലാസിൽ ശ്രദ്ധിക്കണം എന്നും പഠിക്കണം എന്നു ഭയങ്കര ആഗ്രഹം ഉണ്ട് കേട്ടൊ പക്ഷെ ഉറക്കം അതിലും സ്വല്പം കൂടി ഇഷ്ടം ആയിപ്പോയി അതുകൊണ്ടു മാത്രം

അന്ന് സാർ ആൽകൊഹോൾ മെറ്റബോളിസം പഠിപ്പിക്കാൻ തുടങ്ങിയതാണ്.

ഇടയ്ക്കെപ്പോഴോ ഒരു ചോക്ക് പീസ് എന്റെ തലയിൽ വന്നു വീണു. പിന്നാലെ ഒരു ശബ്ദവും "യെസ് പണിക്കർ, കമോൺ വാട്ട് ഇസ് ഫോർമാൽഡിഹൈഡ് - ആൻ ആൽഡിഹൈഡ് ഓർ കീറ്റോൺ ?"

ശെടാ പ്രശ്നം എന്താണെന്നറിയില്ലല്ലൊ. ക്ലാസ് തുടങ്ങിയിട്ട് എത്ര നേരമായെന്നും അറിയില്ല. എന്തൊക്കെയാ സാർ പറഞ്ഞതെന്നും അറിയില്ല.
ഈ ചോദ്യം ഇതെവിടന്നു വന്നു.

ഫോർമാൽഡിഹൈഡ് ഒരു ആൽഡിഹൈഡ് ആണൊ കീറ്റോൺ ആണോ എന്ന്

ഹേയ് ഇതെന്നെ കളിപ്പിക്കാൻ കരുതി കൂട്ടി ചോദിച്ചതു തന്നെ അല്ലെങ്കിൽ ആ പേരിൽ തന്നെ ആൽഡിഹൈഡ് എന്നുള്ളപ്പോൾ ആരെങ്കിലും ഇങ്ങനെ ചോദിക്കുമൊ?

അപ്പോൾ അതു കീറ്റൊൺ ആയിരിക്കും.

കൂട്ടുകാരെല്ലാവരും എന്റെ മുഖത്തേക്കു നോക്കി ഇരിക്കുന്നു.
അങ്ങനിപ്പൊ എന്നെ മണ്ടനാക്കണ്ട
ഞാൻ ധൈര്യമായി വിളിച്ചു പറഞ്ഞു "കീറ്റൊൺ"

ഇത്ര ബുദ്ധിമാനാണ് ഞാൻ എന്നറിഞ്ഞ സാർ ചമ്മിപ്പോയിക്കാണും പിന്നൊന്നും പറഞ്ഞില്ല. അവിടിരുന്നൊ മോനെ, ബാക്കി കൂടിഉറങ്ങിക്കോ ന്നു മാത്രം പറഞ്ഞു.

പക്ഷെ കൂട്ടുകാരെല്ലാവരും ചിരിച്ചതെന്തിനാന്നു മാത്രം മനസിലായില്ല


കമന്റിൽ പോസ്റ്റിലെ ആശയം വ്യക്തമായില്ല എന്നു കണ്ടതു കൊണ്ട് ഇത്രയും കൂടി
ആൽഡിഹൈഡ് എന്നും കീറ്റൊൺ എന്നും രണ്ടു തരം വസ്തുക്കൾ ഉണ്ട്. ആൽഡിഹൈഡുകളിൽ ഫോർമാൽഡിഹൈഡ് എന്ന വസ്തു ആണ് ചാരായത്തിൽ വിഷവസ്തു ആക്കി കലർത്തുന്ന മീതൈൽ ആൽകൊഹോൾ ദഹിക്കുമ്പോൾ ഉണ്ടാകുന്ന ഒരെണ്ണം CHO Group in the chemical formula

കീറ്റൊൺ ഇവിടെ ഉണ്ടാകുന്ന വസ്തു അല്ല
Ketone has CO group
അസെറ്റോൺ ഉദാഹരണം

ഫോർമാൽഡിഹൈഡ് എന്നു പറയുന്നതിൽ തന്നെ അത് ഒരു ആൽഡിഹൈഡ് ആണ് എന്നു വ്യക്തം.
പക്ഷെ അതിബുദ്ധി ഉള്ള പൊൻമാൻ കിണറ്റിന്റെ വക്കിൽ മുട്ടയിടും എന്നു പറയില്ലെ അതുപോലെ ഞാൻ -- ബാക്കി എഴുതുന്നില്ല

Thursday, February 02, 2012

പ്രതീക്ഷ




മടിയിലിരുത്തി താലോലിച്ച് പാലൂട്ടി തേനൂട്ടി വളർത്തുമ്പോൾ ആ അമ്മയ്ക്കെന്തൊക്കെ പ്രതീക്ഷകളായിരിക്കാം

അമളിയല്ലാത്തത്

മുന്നറിയിപ്പ്
അവസാനം വരെ വായിക്കും എന്നുറപ്പുണ്ടെങ്കിലെ തുടങ്ങാവൂ. അല്ലാത്തപക്ഷം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കു ഞാൻ ഉത്തരവാദി ആയിരിക്കുന്നതല്ല 

1970 കളിൽ ആയിരുന്നു ഇതു നടന്നത്. ഞാൻ ഒരു ബന്ധുവിന്റെ ചികിൽസക്കായി കോട്ടക്കൽ താമസിക്കുന്നു. വൈകുന്നേരം അവിടെ അടുത്തുള്ള ലൈബ്രറിയിൽ പോകാറുണ്ട്. അവിടെ ചില പുസ്തകങ്ങൾ കാണും. ചിലർ ചെസ്, ചിലർ കാരംസ് ഇവ കളിക്കുന്നുണ്ടാകും.

അതൊക്കെ നോക്കി നിന്നും ചില മാസികകൾ വായിച്ചും സമയം പോക്കും.

അങ്ങനെ ഒരു ദിവസം.

അവിടെ രണ്ട് പേർ തമ്മിൽ ചെസ് കളിച്ചു കൊണ്ടിരിക്കുന്നു. പിന്നിൽ ഒരു സ്റ്റൂളിൽ കളി നോക്കിക്കൊണ്ട് ഞാനും ഇരുന്നു. പ്രത്യേകിച്ചു ഒരു നിലവാരവും ഇല്ലാത്ത കളി. ആദ്യമായി പഠിച്ചു വരുന്നതെ ഉള്ളു എന്നു മനസിലായി.
കുറച്ചു നേരം കഴിഞ്ഞപ്പോൾ രണ്ടു പേർ കൂടി ആ മുറിയിലേക്കു വന്നു. അതിൽ ഒരു വിദ്വാന്റെ കക്ഷത്തിൽ ഒരു പുസ്തകം ഉണ്ട്. നോക്കിയപ്പോൾ ചെസ്സിന്റെ ഒരു പുസ്തകം ആണ്.

പെട്ടെന്നു തന്നെ ഈ കളിക്കാരിൽ ഒരാൾ അയാളെ വിളിച്ചു
"എടൊ ഒന്നിങ്ങു വാ എന്നെ രക്ഷിക്ക് ദാ ഇവൻ എന്റെ അണ്ടം പറിച്ചു കളയുന്നു"

അയാൾ അടുത്തെത്തി. കളം ആകെ നോക്കി.
പിന്നെ പറഞ്ഞു "ദാ ഇതു നീക്ക്." ഒരു കോയിൻ കാണിച്ച് പറഞ്ഞു.

കളിയിൽ മറ്റുള്ളവർ ഇടപെടുന്നത് ശരി അല്ല എന്നു വിചാരിച്ചു മിണ്ടാതിരുന്ന ഞാൻ ആലോചിച്ചു. ഏതായാലും ഇടപെടുന്നു എങ്കിൽ നല്ല നീക്കം ആയിക്കൂടെ.

ഞാൻ ചോദിച്ചു "എങ്കിൽ ദാ മറ്റെ കോയിൻ കളിച്ചാൽ പോരെ?"

മറ്റൊരു നല്ല നീക്കം പറഞ്ഞു.

അപ്പോൾ പുതിയതായി വന്ന ആൾ പറഞ്ഞു. "ഹേയ് അതു ശരി ആകില്ല. ഞാൻ പറഞ്ഞതു കളിച്ചാൽ മതി"

ഞാൻ ചോദിച്ചു "അതെന്താ?"

അയാൾ " അതുകൊണ്ട് വേറെ കുഴപ്പം ഉണ്ട്"

ഞാൻ വിചാരിച്ചു ഇനി അയാൾക്ക് എന്നെ കാട്ടിലും നന്നായി കളി അറിയാവുന്ന ആൾ ആയിരിക്കും പുസ്തകം ഒക്കെ കൊണ്ടു നടക്കുന്ന ആൾ അല്ലെ

അതു കൊണ്ട് കളി കഴിയുന്നതു വരെ ഞാൻ മൗനം പാലിച്ചു.

പുതിയ ആളിന്റെ വരവോടെ കളി അയാൾ പറയുന്ന വഴിക്കായി. അയാൾ ജയിപ്പിച്ചു കൊടുത്തു.

കളി കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു "നമുക്കു തമ്മിൽ ഒരു ഗെയിം കളിക്കാം"

അയാൾ സമ്മതിച്ചു.

കളി തുടങ്ങി. ഏകദേശം 15-16 നീക്കങ്ങൾ കഴിഞ്ഞു കാണും. അയാൾ കളി മതിയാക്കി തോല്‌വി സമ്മതിച്ചു. എന്നിട്ടു പറഞ്ഞു. നമുക്ക് ഒരു ഗെയിം കൂടി കളിക്കാം. അപ്പോഴേക്കും അയാൾ നല്ലവണ്ണം വിയർത്തിരുന്നു.

അടുത്ത ഗെയിം അല്പം കൂടി നീണ്ടു. ഒരു 20-21 നീക്കങ്ങൾ കഴിഞ്ഞപ്പോൾ അയാൾ എനിക്കു കൈ തന്നു കളിയിൽ നിന്നും വിരമിച്ചു.

വിയർത്തു കുളിച്ച് കൂട്ടുകാരുടെ ഒക്കെ മുന്നിൽ ചമ്മിയ മുഖവും ആയി അയാൾ പോകുന്നത് കാണെണ്ട ഒരു കാഴ്ച്ച തന്നെ ആയിരുന്നു.

പിങ്കുറിപ്പ് അഥവാ മുൻ കൂർ ജാമ്യം
എച്മുക്കുട്ടി എന്റെ മുൻ പോസ്റ്റിൽ എഴുതിയിരുന്നു അമളി അല്ലാതെ വല്ലതും പറ്റിയിട്ടുണ്ടെങ്കിൽ എഴുതണെ എന്ന്. അതുകാരണം ഇങ്ങനെ എഴുതിപ്പോയതാണ്.(അമളി അല്ലാതെ വല്ലതും ഉണ്ടെങ്കിലല്ലെ എഴുതാൻ പറ്റൂൂൂൂ)

ഇനി സത്യം പറയാം. "അയാൾ" എന്നെഴുതിയിടത്തെല്ലാം "ഞാൻ" എന്നും "ഞാൻ" എന്നെഴുതിയിടത്തെല്ലാം കോയമ്പത്തൂർ നിന്നും അയാളുടെ അച്ഛനെയും കൊണ്ട് ചികിൽസക്കെത്തിയ ഒരു തമിഴ് പയ്യനെയും സങ്കൽപ്പിച്ചാൽ കഥ സത്യം.

പിന്നീടു പക്ഷെ അയാളെ കാണാൻ ഇടയായിട്ടില്ല.

ഒരു വിധം നന്നായി ചെസ് കളിക്കുമായിരുന്ന ഞാൻ "അമ്പട ഞാനെ" എന്നു വിചാരിച്ചു കളിച്ച മൂന്നവസരങ്ങൾ എപ്പോഴും ഓർക്കും. മൂന്നിടത്തും ദയനീയമായി പരാജയപ്പെട്ട കഥ.

Wednesday, February 01, 2012

പ്രസംഗമത്സരം

നാലാം ക്ലാസിൽ പഠിക്കുന്ന കാലം

എന്റെ അമ്മയ്ക്ക് വലിയ അഗ്രഹം ആയിരുന്നു ഞാൻ പ്രസംഗിക്കണം എന്നൊക്കെ. അതുകൊണ്ട് മറ്റു മൽസരങ്ങളിൽ ചേർന്നില്ലെങ്കിലും പ്രസംഗമൽസരത്തിനു ചേരണം എന്നു പറയും

അധികപ്രസംഗത്തിനു ഒരു കുറവും ഇല്ലായിരുന്നു എങ്കിലും പ്രസംഗം എന്റെ അടുത്തു കൂടി പോലും പോയിട്ടില്ലാത്ത കാലം.

അങ്ങനെ ഇരിക്കെ മൽസരക്കാലമെത്തി. ഗ്രാമപ്രദേശത്തെ സ്കൂളല്ലെ. സാറന്മാരും കുട്ടികളും അവരുടെ രക്ഷിതാക്കളും എല്ലാം തമ്മിൽ തമ്മിൽ അറിയുന്നവർ

ചെറിയ ക്ലാസിലെ കുട്ടികൾക്കു മൽസരത്തിനു ഒരു പ്രത്യേകത ഉണ്ട് അന്ന്. പ്രസംഗമൽസരത്തിനു കൊടുക്കുന്ന വിഷയം പെട്ടെന്നു കുട്ടികൾക്കു തയ്യാറാക്കാൻ സാധിക്കില്ല എന്നതു കൊണ്ട് നാലു വിഷയങ്ങൾ ആദ്യം - അതായത് നാലു ദിവസം മുൻപ്- തരും അവയിൽ ഏതെങ്കിലും ഒന്നായിരിക്കും മൽസരത്തിന്. അത് മൽസരത്തിന് അഞ്ചു മിനിറ്റ് മുൻപേ പറയൂ.

വിഷയങ്ങൾ കിട്ടി. എന്റെ തന്നെ ഒരു ബന്ധു ആയ വ്യക്തി, അദ്ദേഹം മറ്റൊരു സ്കൂളിൽ സാറായിരുന്നു. അദ്ദേഹത്തെ കൊണ്ട് നാലു വിഷയങ്ങൾക്കും പ്രസംഗം എഴുതിച്ചു.

കൊണ്ടു വച്ച് വായിച്ചു തുടങ്ങി.

എവിടെ? നാലാം ക്ലാസിൽ പഠിക്കുന്ന എനിക്കുണ്ടൊ ഈ വല്ല്യ വിഷയങ്ങൾ പഠിക്കാൻ താല്പര്യം?

അമ്മയെ കാണിക്കാൻ വേണ്ടി കുറെ വായിക്കും . അമ്മ കാണാത്തപ്പോൾ കളിക്കാൻ ഓടും

മൽസരദിവസം എത്തി.

സ്റ്റേജിനടുത്തെത്തിയപ്പോൾ എനിക്കു മൂത്രമൊഴിക്കണം വെള്ളം കുടിക്കണം എന്നു വേണ്ട എന്തൊക്കെയോ പരവേശം

ജാനകിയമ്മ സാർ വെള്ളം കൊണ്ടു തന്നു. "എന്താ മോനു പ്രയാസം?"

എനിക്കതിലെ ഒരു വിഷയം മാത്രമെ അറിയൂ. അതു കിട്ടിയാൽ മലമറിച്ചു കളയും എന്നാണ് എന്റെ വിചാരം
ഞാൻ പറഞ്ഞു "ആ വിഷയം മാത്രമെ ഞാൻ പഠിച്ചിട്ടുള്ളൂ."

ജാനകി അമ്മ സാർ സമ്മതിച്ചു. "മോൻ പേടിക്കണ്ടാ ആ വിഷയം തന്നെ തരാം."
സാറിന്റെ കണ്ണിലുണ്ണിയാണ് ഞാൻ. (അതിന്റെ പേരിൽ ചൂരൽ കഷായം പലപ്പോഴും ബോണസും കൂട്ടിയാണ് കിട്ടാറെന്നു മാത്രം)

അങ്ങനെ സമയം എത്തി.

വിഷയം അനൗൺസ് ചെയ്തു.

ഓരോരുത്തരായി പ്രസംഗിച്ചു തുടങ്ങി. എന്റെ ഊഴം എത്തി.

സ്റ്റേജിൽ കയറി. "ബഹുമാനപ്പെട്ട അദ്ധ്യക്ഷനും സദസ്സിനും --" ഇത്ര വരെ പറഞ്ഞു എന്നാണ് കണ്ടു നിന്നവർ പറയുന്നത്.

എനിക്കാകെ ഓർമ്മയുള്ളത് ഞാൻ സ്റ്റേജിൽ മൈക്കിനു മുന്നിൽ നിൽക്കുന്നതും "ബഹുമാനപ്പെട്ട അദ്ധ്യക്ഷനും" എന്നു പറഞ്ഞതാണ്. പിന്നെ ആകെ ഒരു ഇരുട്ടായിരുന്നു.

പക്ഷെ പിന്നീട് എനിക്കോർമ്മ വരുമ്പോൾ ഞാൻ വിയർത്തുകുളിച്ച് ജാനകിയമ്മ സാറിന്റെ മടിയിൽ കിടപ്പുണ്ട്. അവർ എനിക്കു സ്വല്പം വെള്ളം വായിൽ ഒഴിച്ചു തരുന്നും ഉണ്ട്. മുഖം നനച്ചു തുടച്ചു തരുന്നും ഉണ്ട്

അന്നു വൈകുന്നേരം ജാനകിയമ്മ സാർ അമ്മയോടു പറഞ്ഞത്രെ "ഇവൻ ഒരു വാചകം എങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു പോയി" ന്ന്

Monday, January 30, 2012

അമളി ഗുരുവായൂരപ്പന്റെ നാട്ടിൽ

ആകാശത്തും പാളത്തിലും ഉണ്ടായ അമളികൾ പറഞ്ഞപ്പോൾ റോഡിലേതു പറഞ്ഞില്ലെങ്കിൽ കെ എസ് ആർ ടി സി ക്കെന്തു തോന്നും?

അതുകൊണ്ട് ഒരെണ്ണം അതു കൂടി പറയാം

കോട്ടക്കൽ പഠിക്കുന്ന കാലം. ഒരിക്കൽ ഹരിപ്പാടു നിന്നും അവിടേയ്ക്കു പോകുന്നു. ഗുരുവായൂർ വഴി പോകുന്ന തിരുവനന്തപുരം കോഴിക്കോട് ഫാസ്റ്റ്. അന്നും പതിവുപോലെ എന്റെ കയ്യിൽ ഉള്ളത് ഒരു പത്തുരൂപ നോട്ട്.
അതിൽ ടികറ്റ് ചാർജ് രൂപ 9.50. ബാക്കി 50 പൈസ പോകറ്റിൽ ഇട്ടുകൊണ്ട് യാത്ര തുടരുന്നു.

ഗുരുവായൂർ എത്തിയപ്പോൾ രാത്രി ഒന്നര മണി. ദാഹിച്ചിട്ട് ഒരു നിവൃത്തിയും ഇല്ല. ഗുരുവായൂർ ബസ് സ്റ്റാൻഡിൽ നിർത്തുമ്പോൾ അടൂത്തിരുന്ന ഒരു ചേച്ചിയ്ക്കും വെള്ളം കുടിക്കണം. അവർ കണ്ടക്റ്ററോട് കാര്യം പറഞ്ഞു. കണ്ടക്റ്റർ അനുവാദം കൊടുത്തു എന്നിട്ടു പറഞ്ഞു വേഗം വരണം. അവർ പോയ പുറകെ ഞാനും ഇറങ്ങി.

ബസ്സ്റ്റാൻഡിന്റെ മുൻപിൽ ഒരറ്റത്ത് ഇന്നും അതുപോലെ ഒരു ചെറിയ കട ഉണ്ട്.

അവിടെ എത്തി ചേച്ചി ഒരു നാരങ്ങ വെള്ളം പറഞ്ഞു. ഞാനും ഒരു നാരങ്ങ വെള്ളം പറഞ്ഞു. അന്ന് 15 പൈസ ആണ് അതിന്റെ വില. കടക്കാരൻ എന്റെ വലിപ്പ ക്കൂടുതൽ കൊണ്ട് എന്നെ കണ്ടില്ലായിരിക്കും, ആദ്യം ചേച്ചിയ്ക്കു വെള്ളം ഉണ്ടാക്കി കൊടുത്തു. ചേച്ചി അതു വാങ്ങി കുടിച്ചു കാശും കൊടുത്തു.

അതു കഴിഞ്ഞ് കടക്കാരൻ എനിക്കുള്ളതുണ്ടാക്കിതുടങ്ങി.


എന്റെ ഗ്ലാസ് എനിക്കു നേരെ നീട്ടി. ഞാൻ അതു കയ്യിൽ വാങ്ങിക്കുമ്പോൾ പിന്നിൽ ഒരു ബസ് സ്റ്റാർട്ടാക്കി വിടൂന്ന ശബ്ദം. അതു കേട്ടു തിരിഞ്ഞു നോക്കുമ്പോൾ ഞാൻ വന്ന ബസ് ആണ് പോകുന്നത്.
റിവേഴ്സ് എടുത്ത് പിന്നെ നേരെ ആക്കി വേണമല്ലൊ പോകാൻ.

ഒരു തുള്ളി വെള്ളം പോലും നുണയാൻ നിൽക്കാതെ ഞാൻ ആ ഗ്ലാസ് അവിടെ വച്ചിട്ടു ബസിനു പിന്നാലെ ഓടി ബഹളം വച്ചു കൊണ്ട്.

ബസ് സ്റ്റാന്ഡിനു പുറമേയ്ക്കു പോകുന്ന വളവ് എത്തിയപ്പോഴേക്കും ഞാൻ ബസിന്റെ വാതിലിൽ ഇടിച്ചു ബഹളം ഉണ്ടാക്കി കൊണ്ട് കണ്ടക്റ്ററുടെ ശ്രദ്ധ പിടിച്ചു പറ്റി.
പക്ഷെ അതിനൊപ്പം കടക്കാരനും എത്തി എന്റെ കോളറിൽ പിടികൂടി, കാശു താടൊ എന്നും പറഞ്ഞ്.

ഏതായാലും ഭാഗ്യത്തിനു കണ്ടക്റ്റർ ബെല്ലടിച്ചു ബസ് നിർത്തി - പൂരപ്പാട്ടു തുടങ്ങി.

കടക്കാരനു പൈസയും കൊടുത്ത് ഞാൻ തിരികെ വണ്ടിയിൽ കയറി - ആ കുടിക്കാത്ത നാരങ്ങവെള്ളത്തിന് എന്തു സ്വാദായിരുന്നിരിക്കും എന്നോർത്തു കൊണ്ട് മുൻപത്തെ പോലെ അണ്ടി കളഞ്ഞ അണ്ണാനെ പോലെ ഇരുന്നു.

അമളി ആകാശത്തും

അമളി പറ്റാൻ തീവണ്ടിയിൽ മാത്രമല്ല ആകാശത്തും പറ്റാം.


അതാകട്ടെ അടുത്തത്.

ആദ്യമായി വിമാനയാത്ര നടത്തിയപ്പോൾ വിൻഡൊ സീറ്റ് തരമായി. മൂന്നു പേർക്കിരിക്കാവുന്നതിൽ നടുക്കത്തെത് കാലി.

കൂട്ടുകാരൻ പറഞ്ഞിരുന്നു വിമാനത്തിൽ ഭക്ഷണം ഒക്കെ ഫ്രീ ആണെന്ന്.

അതും കാത്തിരുന്നിട്ട് ഒന്നും വരുന്ന മട്ടില്ല.

സീറ്റ് ബെൽറ്റ് ഏതായാലും അഴിക്കണ്ടാ എന്നു വച്ചു.

എങ്ങാനും പൊട്ടി താഴെ വീണാൽ "മിറക്കിൾസ് സ്റ്റിൽ ഹാപ്പെൻ" എന്ന പടത്തിലെ പെണ്ണ് രക്ഷപെട്ടതു പോലെ സീറ്റോടു കൂടി പോരാമല്ലൊ എന്നു വിചാരിച്ചു.

അങ്ങനെ ഇരിക്കുമ്പോൾ ഒരുത്തി ഒരു വണ്ടിയും ഉന്തി വന്നു.

ഫ്രീ ആണൊ അല്ലിയോ എന്നറിയാത്തതു കൊണ്ട് വലിയതൊന്നും ആദ്യം എടുക്കണ്ടാ എന്നു തീരുമാനിച്ചു.

ഒരു ചായ പറഞ്ഞു.

നാം പ്രതീക്ഷിക്കുന്നത് തയ്യാറാക്കിയ ചായ കയ്യിലേക്കു കിട്ടും എന്നല്ലെ?

പക്ഷെ സംഭവിച്ചതോ?

അവൾ ഒരു ഡിസ്പോസബിൾ ഗ്ലാസ് എടുത്തു അതിൽ ചൂടുവെള്ളം നിറച്ച് എന്റെ കയ്യിൽ തന്നു . പിന്നാലെ പഞ്ചസാര ക്യൂബുകൾ, ചായ ഡിപ്സ്റ്റിക് അങ്ങനെ ഓരോന്ന് ഓരോന്നായി വരുന്നു.

പെട്ടെന്ന് എന്റെ ബുദ്ധി ഉണർന്നു. മുൻസീറ്റിന്റെ പിന്നിലായി ഉള്ള ആ സാധനം തൂക്കി ഇട്ടാൽ ടേബിളായി. അതിൽ വച്ച് പതിയെ തയ്യാറാക്കാം.

ഇടതു കയ്യിൽ ചൂടുവെള്ളം നിറച്ച ഗ്ലാസ്. വലതു കയ്യിൽ പഞ്ചസാര ക്യൂബും ചായ്പാകറ്റും എല്ലാം കൂടി.
ഇടതു കയ്യുടെയും വലതു കയ്യുടെയും ചെറുവിരലുകൾ മാത്രമേ ഒഴിവുള്ളു. അതിൽ ഇടത്തെ ചെറുവിരൽ കൊണ്ട് തള്ളിപ്പിടിച്ചിട്ടു വലത്തെ ചെറുവിരൽ കൊണ്ട് അതിന്റെ ലോക്ക് മാറ്റി.

സ്ലോ മോഷനിൽ വീഴണം എന്ന് അതിനറിയില്ലല്ലൊ. അതു ദാ ഠപ്പേന്നൊരു വീഴ്ച്ച. ഇടതു കയ്യിലിരുന്ന ചൂടുവെള്ള ഗ്ലാസിൽ ഉണ്ടായിരുന്ന പകുതി വെള്ളവും എന്റെ മടിയിലേക്കു തന്നെ വീണു

ചൂടുവെള്ളം എന്റെ മടിയിൽ തന്നെ വീണു. അതു പതുക്കെ പതുക്കെ താഴേക്കിറങ്ങുന്നു.

എന്റെ ബെൽറ്റിട്ടു മുറുക്കിയ അരഭാഗം അനക്കാനും വയ്യ
കയ്യിലിരിക്കുന്ന സാധനങ്ങൾ എവിടെ എങ്കിലും വയ്ക്കാനും വയ്യ. പലകയിൽ വച്ചാൽ, ഇനി ബെൽറ്റ് അഴിച്ചാലും എണീക്കാനും സാധിക്കില്ല.

അടുത്തിരുന്ന ആളിനു എന്റെ മുഖഭാവം കണ്ടപ്പോൾ എവിടെ ആണു പൊള്ളുന്നത് എന്നു മനസിലായി. അയാൾ പെട്ടെന്നു തന്നെ എന്റെ കയ്യിലിരുന്ന സാധനങ്ങൾ വാങ്ങിയിട്ട് ബെൽറ്റ് ഊരി തന്നു .

കൂടുതൽ വിശദീകരിക്കാതെ തന്നെ നിങ്ങളും മനസിൽ അനുഭവിച്ചു കാണുമല്ലൊ അല്ലെ :)

പിന് കുറിപ്പ്

ആ ചായക്ക് അവൾ 50 ഓ 70 ഓ മറ്റൊ രൂപ വാങ്ങിച്ചു.

അതിന്റെ പേടി കാരണം അടുത്ത യാത്രയിൽ നീട്ടിത്തന്ന ബ്രേക്‌ഫാസ്റ്റ് വേണ്ടെന്നു പറഞ്ഞു. ഭൈമിയോടും വേണ്ടെന്നു പറയാൻ പറഞ്ഞു. പിന്നല്ലെ കാണുന്നത് എല്ലാവരും വാരിവലിച്ചു തിന്നുന്നു.
അഭിമാനക്ഷതം വിചാരിച്ച് അത് പിന്നീട് ആവശ്യപ്പെട്ടുമില്ല - ഫ്രീ ആണെന്നറിഞ്ഞിട്ടും

അല്ല ഇങ്ങനെ ഒക്കെ അല്ലെ ഓരോന്നു പഠിക്കുന്നത് അല്ലെ?

Sunday, January 29, 2012

യാത്രക്കിടയിലെ രണ്ടു യുവ മിഥുനങ്ങൾ(?)

യാത്രക്കിടയിലെ കാര്യങ്ങൾ പറഞ്ഞാൽ തീരുകയില്ല. എല്ലാവർക്കും കാണുമായിരിക്കും ഇതുപോലെ ഓരോന്ന് അല്ലെ. ഇടയ്ക്കിടക്ക് ഓർക്കുമ്പോൾ രസം ആയിരിക്കും - അനുഭവിക്കുമ്പോൾ അത്ര രസം ഇല്ലായിരുന്നു എങ്കിലും

ഒരിക്കൽ ഞങ്ങൾ നാട്ടിൽ വന്നിട്ടു തിരികെ പോകുന്ന യാത്ര. തിരുവനന്തപുരം കോർബ വണ്ടി. ആലുവയിൽ നിന്നും ഞങ്ങൾ കയറുമ്പോൾ ഞങ്ങളുടെ കൂപ്പയിൽ നാലുപേർ ഉണ്ട്. രണ്ടു യുവ മിഥുനങ്ങൾ(?). 3 എ സി യിലാണ്. വടക്കെ ഇന്ത്യക്കാരാണ് കന്യാകുമാരി വരെ പോയി ആഘോഷിച്ചിട്ടു വരികയാണ്.

മിഥുനങ്ങൾ എന്നെഴുതിയിട്ടു ചോദ്യചിഹ്നം ഇട്ടത് അവരുടെ ചില പെരുമാറ്റങ്ങൾ കണ്ടപ്പോൾ ഇനി വല്ല വേശ്യപ്പെണ്ണുങ്ങളെയും കാശുകൊടുത്ത് കൂടെ കൂട്ടിയതായിരിക്കുമോ എന്നും തഓന്നിയതു കൊണ്ടാണ്.

അവരുടെ വിലാസങ്ങൾ കണ്ടപ്പോൾ ഞങ്ങൾ വിചാരിച്ചു ശല്ല്യപ്പെടുത്തേണ്ട ബാക്കി ധാരാളം സീറ്റുകൾ കാലി ഉള്ളതു കൊണ്ട് അവിടെ ഇരിക്കാം. എല്ലായിടവും നിറയുമ്പോൾ ഞങ്ങളുടെ സീറ്റിലേക്ക് പോയാൽ മതി എന്ന്.

യാത്ര തുടർന്ന് ആന്ധ്രയിൽ എത്തിയപ്പോഴേക്കും സീറ്റുകൾ എല്ലാം നിറഞ്ഞു. ഞങ്ങൾക്കു ഞങ്ങളുടെ സീറ്റിൽ ഇരിക്കേണ്ട അവസ്ഥ ആയി.

അപ്പോഴും വിലാസങ്ങൾ തുടർന്നു കൊണ്ട് ഇരിക്കുന്നു. രണ്ട് അപ്പർ ബെർത്തും ഞങ്ങളുടെതാണ്. ഇവർ
മിഡിൽ ബെർത്തും കൂടി പൊക്കി വച്ച ശേഷം
രണ്ടു താഴത്തെ ബെർത്തുകളിലും വിരി വിരിച്ചു കിടക്കുകയാണ്. ആണുങ്ങൾ കിടക്കുന്നു പെണ്ണുങ്ങൾ അവരെ താലോലിക്കുകയും മറ്റും മറ്റും ചെയ്യുന്നു. തിരിച്ചും ഉണ്ട്.
ഇടയ്ക്കു പെണ്ണുങ്ങൾ കിടക്കും ചുറ്റുമുള്ളവർ ഇതെന്തു ലോകം എന്നന്തം വിട്ടു വായിൽ നോക്കിയിരിക്കുന്നു.

സ്ഥലം കിട്ടാത്തതിനാൽ അവസാനം ഞാൻ പറഞ്ഞു ഞങ്ങൾക്ക് ഇരിക്കണമല്ലൊ. ഒന്നൊതുങ്ങി ഇരിക്കുക.

പക്ഷെ ആണുങ്ങൾക്ക് അതിഷ്ടപ്പെട്ടില്ല. അതിൽ ഒരാൾ പറഞ്ഞു "ഈ ബെർത്ത് ഞങ്ങളുടെതാണ്. നിങ്ങളുടെ ബെർത് മുകളിൽ ആണെങ്കിൽ അതിൽ കയറി ഇരുന്നോളൂ"

ഞാൻ പറഞ്ഞു നോക്കി " ബെർത്ത് രാത്രി ഒൻപതിനു ശേഷം. ഇപ്പോൾ ഇതു സീറ്റുകൾ ആണ്. ഞങ്ങൾ ഇതു വരെ നിങ്ങളെ ശല്യപ്പെടുത്താൻ വന്നില്ലല്ലൊ. ഇപ്പോൾ ബാക്കി എല്ലായിടവും നിറഞ്ഞതുകൊണ്ട് ഞങ്ങളുടെ സീറ്റ് കിട്ടിയല്ലെ പറ്റൂ"

എവിടെ?
വടക്കെ ഇന്ത്യക്കാർക്കു മുഷ്ക് അല്പം കൂടുതൽ ആണല്ലൊ. അവർ എന്നോടു പോയി പണി നോക്കാൻ പറഞ്ഞു.

അവസാനം ഞാൻ പോയി റ്റിറ്റിഇ യെ വിളിച്ചു കൊണ്ടു വരേണ്ടി വന്നു.

റ്റി റ്റി കാര്യം മനസിലാക്കി കൊടുത്തപ്പോൾ ഇവർ പറഞ്ഞ ഉത്തരം ആയിരുന്നു അതിലേറെ തമാശ "ഞങ്ങൾ അങ്ങോട്ടു പോകുമ്പോൾ ഇതുപോലെ ഇരുന്നിരുന്നവർ ഞങ്ങൾക്കു സ്ഥലം തന്നില്ല"

ഏതായാലും കാശുമുടക്കില്ലാതെ കുറച്ചു നല്ല സീനുകൾ ഭാര്യയും ഒന്നിച്ചിരുന്നു കാണുവാൻ പറ്റി. സാധാരന സിനിമ ആണെങ്കിൽ ഒരു മൂന്നു മണിക്കൂർ മാക്സിമം. ഇതോ ഒരു ദിവസം കാലത്ത് ഒൻപതു മണി മുതൽ പിറ്റെ ദിവസം രാത്രി ഒൻപതര വരെ. എന്താ മോശമുണ്ടൊ?

Saturday, January 28, 2012

പറ്റിക്കൽ മറ്റൊരു തരം

യാത്രക്കിടയിൽ അബദ്ധം പറ്റുന്നത് എനിക്കു പുത്തരിയല്ല. അതു മുൻപിലത്തെ പോസ്റ്റുകൾ വായിച്ചപ്പോൾ തന്നെ മനസിലായിരിക്കുമല്ലൊ അല്ലെ?

ഇത്തവണ തീവണ്ടിക്കകത്തല്ല, അതിൽ നിന്നും പുറത്തിറങ്ങി കഴിഞ്ഞ് പറ്റിയത് ഒരെണ്ണം. 2008 ല്

ഇതെഴുതാൻ ഒരു പ്രത്യേക കാര്യവും ഉണ്ട്. യാത്ര പോകുന്നവർ ഇതുപോലെ ചതിയിൽ പെടാതിരിക്കുവാൻ ശ്രദ്ധിക്കണം. ഇത്തരമൊരു രീതി ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. അതുതന്നെ കാരണം.

ബോംബെയ്ക്കു പോകണം. അവിടെ എത്തിയാൽ താമസം ഗസ്റ്റ് ഹൗസിൽ. വണ്ടി ബോംബെ ദാദറിൽ എത്തുന്നത് കാലത്ത് നാലു മണിയ്ക്ക്. ഗസ്റ്റ് ഹൗസ് ബാന്ദ്രയിൽ. അവിടെ പോയിട്ട്, കാലത്ത് 9 മണിയ്ക്ക് സയണിൽ എത്തണം.

ദാദറിൽ ഇറങ്ങിയിട്ട് പുറമേയ്ക്കു നടക്കുമ്പോൽ ആലോചിച്ചു.

ആദ്യമായാണു ബോംബെയ്ക്കു വരുന്നത്. ഇതിനു പുറമേയ്ക്കിറങ്ങിയാൽ എങ്ങോട്ടാണു പോകെണ്ട ദിശ എന്നൊരു പിടിയും ഇല്ല.

എതിർദിശയിൽ വരുന്ന റ്റാക്സിക്കാരനോടാണ് ആദ്യം ബാന്ദ്രയ്ക്കു പോകണം എന്നു പരയുന്നത് എങ്കിൽ അവന് അപ്പോൾ തന്നെ മനസിലാകും പരിചയം ഇല്ലാത്ത് ആളാണ് എന്ന്.

കൂടെ നടന്ന് റ്റാക്സി റ്റാക്സി ന്നു പറയുന്ന ഇവനോടു തന്നെ ബാന്ദ്രയിൽ കൊണ്ടു വിടാൻ പറയുന്നതായിരിക്കും ബുദ്ധി.
അങ്ങനെ അതീവ ബുദ്ധിപരം ആയ തീരുമാനം എടുത്തു.

അവനോടു ചോദിച്ചു ബാന്ദ്രവരെ എത്ര രൂപ മേടിക്കും?

അവൻ ആളു ശുദ്ധ മര്യാദക്കാരൻ. അവനെ സൃഷ്ടിച്ചു കഴിഞ്ഞായിരിക്കണം ബ്രഹ്മാവ് മറ്റു മര്യാദക്കാരെ സൃഷ്ടിച്ചത് പോലും

മീറ്റർ കാശു തന്നാൽ മതി.

ഹൊ സന്തോഷമായി ഞാൻ സമ്മതിച്ചു.

സമ്മതം മൂളിയതും അവൻ ബലമായി തന്നെ എന്റെ ബാഗ് കയ്യിൽ വാങ്ങി നടന്നു തൂടങ്ങി. അവന്റെ ഒപ്പം ആ തെരക്കിനിടയിൽ കൂടി എത്തിപ്പെടാൻ ഞാൻ പെട്ട പാട്.

അവസാനം സ്റ്റേഷന്റെ വശത്തു പിന്നിൽ ഒരിടത്തു പാർക്ക് ചെയ്തിരുന്ന ഒരു പാട്ട ഫിയറ്റിന്റെ ഡിക്കിൽ എന്റെ ബാഗു സ്ഥാപിച്ചു. അതു തുറന്ന് എന്നെയും കയറ്റി അവൻ വണ്ടി എടുത്തു.

പക്ഷെ, ആ സ്ഥലത്തു കൂടി ആ വണ്ടി പുറത്തെടുത്തത് ഒരു കാണെണ്ട കാഴ്ച്ച തന്നെ അവനു നല്ല ഡ്രൈവർക്കുള്ള ഒരു മെഡൽ ഞാൻ സങ്കൽപ്പിച്ചു.

അങ്ങനെ തിരക്കിനിടയിൽ നിന്നും വണ്ടി പുറത്തെടുത്ത ശേഷം അവൻ ഡോർ തുറന്നു പുറത്തിറങ്ങി. അപ്പോഴേക്കും അവന്റെ രണ്ടു ശിങ്കിടികൾ അടൂത്തെത്തി. അവൻ അതിൽ ഒരാളോട് എന്റെ വിലാസം പറഞ്ഞു. അവിടെ കൊണ്ടു വിടാൻ ഏൽപ്പിച്ചു.

ശിങ്കിടികളിൽ ഒരാൾ ഡ്രൈവർ സീറ്റിലും മറ്റയാൾ അതിനിടത്തു വശത്തും ഇരിപ്പായി.

ഞാൻ തിരിഞ്ഞു തിരിഞ്ഞു ഡിക്കി തുറന്ന് മറ്റവൻ പെട്ടി അടിച്ചു കൊണ്ടു പോകുന്നുണ്ടൊ എന്നു നോക്കിക്കൊണ്ടിരുന്നു.

വലരെ നന്നായി സംസാരിച്ചു കൊണ്ടും വഴിയിൽ കാണുന്ന ചില സ്ഥലങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടും ഞങ്ങൾ യാത്ര തുടർന്നു.

അല്പസമയം കഴിഞ്ഞു റോഡിൽ തന്നെ ഞങ്ങളുടെ ഗസ്റ്റ് ഹൗസ് ഗേറ്റിനു അല്പം മുന്നിലേക്കു മാറ്റി അവൻ വണ്ടി നിർത്തി. നാലര മണി നേരത്ത് ആ റോഡ് കാലി

ഞാൻ എത്ര രൂപ ആയി എന്നു ചോദിച്ചു.

അവൻ കുറെ നേരം കണക്കുകൾ കൂട്ടി ചാർട്ടെടുക്കുന്നു തിരിച്ചും മറിച്ചും കൂട്ടുന്നു കുറയ്ക്കുന്നു. അവസാനം മൊഴിഞ്ഞു. 480 രൂപ

എന്റെ കണ്ണു പുറമെ വന്നില്ല എന്നെ ഉള്ളു പക്ഷെ തള്ളി
അത്രയും രൂപ എങ്ങനെ ആയി എന്നു അവൻ എനിക്കു പലരീതിയിൽ വിശദീകരിച്ചു തന്നു. രാത്രി ഇരട്ടി ചാർജും ഉണ്ടത്രെ.

ഏതായാലും തർക്കിക്കുന്നതിൽ കാര്യമില്ലെന്നറിയാമായിരുന്നതു കൊണ്ട് ഞാൻ അതു കൊടുക്കാൻ തീരുമാനിച്ചു.

ഡിക്കിൽ ഇരിക്കുന്ന പെട്ടി എടുക്കാൻ ഒരുത്തൻ പോയി.

എന്റെ കയ്യിൽ പത്തിന്റെ മൂന്നു നോട്ടുകൾ കഴിഞ്ഞാൽ ആകെ ഉള്ളത് കമ്പനി തന്ന 500 ന്റെ പത്തു നോട്ടുകൾ ആണ്.

ബാക്കി ആവശ്യത്തിനുള്ളത് എ റ്റി എം ഇൽ നിന്നും വേണ്ടപ്പോൾ എടുക്കാം.

ഞാൻ അതിൽ നിന്നും ഒരു നോട്ട് എടുത്ത് അവന്റെ കയ്യിൽ കൊടുത്തിട്ട് ബാക്കി പോകറ്റിലേക്ക് ഇട്ടു. അതിനു വേണ്ടി എന്റെ പോകറ്റിലേക്കു നോക്കാനുള്ള അത്ര സമയം എന്റെ നോട്ടം അവനിൽ നിന്നും വിട്ടിരുന്നു.

ബാക്കിക്കു വേണ്ടി ഞാൻ അവനോടു ചോദിക്കുമ്പോൾ അവൻ എന്നോടു ബാക്കി ചോദിക്കുന്നു.

ഞാൻ പറഞ്ഞു "ബാക്കി 20 രൂപ താ".

അവൻ പറയുന്നു "ബാക്കി 380 രൂപ താ".

ഞാൻ പറഞ്ഞു "എടൊ ഞാൻ 500 രൂപയുടെ നോട്ടാണ് തന്നത്".

അവൻ എന്നെ നൂറിന്റെ ഒരു നോട്ട് കാണിച്ചിട്ടു പറയുന്നു "സാർ തന്നത് ഇതാണ്".

അവൻ അത്ര വിദഗ്ദ്ധമായി ഞാൻ കൊടുത്ത നോട്ട് മാറ്റി മറ്റൊരു നോട്ട് കയ്യിൽ എടുത്തത് ഇപ്പണി സാധാരണ ചെയ്യുന്നതായതു കൊണ്ടായിരിക്കണം.

അഥവാ എന്റെ കയ്യിൽ ഒരു നോട്ടെങ്കിലും നൂറിന്റെ ഉണ്ടെങ്കിൽ ഞാൻ വിശ്വസിച്ചു പോയെനെ.

പക്ഷെ ആ അസമയത്ത്, അപരിചിതമായ സ്ഥലത്ത്കൂടുതൽ വേലകൾ കാണിക്കുന്നതിനെക്കാളും ബുദ്ധി ഉള്ളതു കൊടുത്ത് തടി രക്ഷിക്കുക ആയിരിക്കും എന്നെനിക്കു തോന്നി. സിനിമ ഒന്നും അല്ലല്ലൊ ആ രണ്ടു പേരെ ഒറ്റയ്ക്ക് അടിച്ചു മലർത്താൻ.

എനെറ്റ് ബാഗും കൂടി അവർ കൊണ്ടു പോകാതിരിക്കാൻ വേണ്ടി 500 ന്റെ മറ്റൊരു നോട്ടും കൂടി അവനു കൊടുത്തു. അവൻ അതും കൂടി വാങ്ങിയിട്ട് 120 രൂപ തിരികെ തന്നു. ഒരു താങ്ക്സ് പറഞ്ഞ് വണ്ടി വിട്ട് പോയി

ബാന്ദ്ര ദാദർ യാത്രക്കൂലി എത്രയാണെന്ന് ഇപ്പൊ ഓർമ്മയില്ല ഏതായാലും 100 രൂപയിൽ താഴെയെ വരൂ 
അതിന്റെ സ്ഥാനത്ത് 880 രൂപ കൊടുത്തിട്ട്
ഞാൻ അണ്ടി കളഞ്ഞ അണ്ണാനെ പോലെ ഗസ്റ്റ് ഹൗസിലേക്കും പോയി

അപ്പോൾ ഇനി നിങ്ങൾ എങ്ങാനും ഇതുപോലെ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നു എങ്കിൽ കയ്യിൽ ആവശ്യത്തിനു ചില്ലറ രൂപയും കരുതുക. ഇതുപോലെ കൂടെ വന്നു റ്റാക്സി തരാം എന്നു പറയുന്ന ചെറ്റകളുടെ പിടിയിൽ അകപ്പെടാതിരിക്കുക

Friday, January 27, 2012

ബഹൂത് ഗർമി ലഗ്താ ഹേ

തീവണ്ടിയാത്രകൾക്കിടയിൽ ഉണ്ടാകുന്ന രസകരമായ അനുഭവങ്ങൾ അനവധിയാണ്

ഇത്തവണ ഒരു കളിപ്പീരു പറ്റിയത് പറയാം

1996 ലാണ് സംഭവം. വടക്കെ ഇന്ത്യയിൽ ബീന എന്നു പേരുള്ള ഒരു സ്റ്റേഷൻ ഉണ്ട്. ഞങ്ങൾക്ക് ദമുവിൽ നിന്നും വന്ന് കേരള എക്സ്പ്രസ് പിടിക്കാനുള്ള സ്ഥലം ആണത്.

ഞങ്ങളുടെ വണ്ടി ഏകദേശം ആറര മണിക്കു ബീനയിൽ എത്തും

ഏഴര മണിയ്ക്കൊ മറ്റൊ ആണ് കേരള വരുന്ന സമയം

ഞാൻ ഒഴിഞ്ഞ ഒരു സ്ഥലം നോക്കി ഒരു കസേരയിൽ ഇരുന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരാൾ പതിയെ എന്റടുത്തേക്കു നടന്നു വന്നു "ബഹൂത് ഗർമി ലഗ്താ ഹേ" ഒരു തനി മല്ലു ശൈലിയിൽ ഹിന്ദി പറയുന്നു ഭയങ്കര ചൂടാണെന്ന്.

ഇവന്മാർക്കൊക്കെ കളിപ്പിക്കാൻ പറ്റിയ ആളെ മനസിലാക്കാൻ എങ്ങനെ സാധിക്കുന്നു എന്നതാണ് അത്ഭുതം.

എന്റെ അടുത്തെത്തി അടുത്തുള്ള കസേരയിൽ അയാൾ ഇരിപ്പുറപ്പിച്ചു.

ആ ഗ്രൂപ്പിൽ ചുറ്റുമുള്ള ഒറ്റ കസേരയിലും ആളില്ല. പലപല ഗ്രൂപ്പുകളായാണ് കസേരകൾ.

അയാൾ പതുക്കെ പതുക്കെ എന്നെ കൊണ്ട് വർത്തമാനം പറയിപ്പിച്ചു

തുടങ്ങിക്കഴിഞ്ഞപ്പോൾ അയാൽ തന്റെ കദനകഥ എടുത്തു വിളമ്പാൻ തുടങ്ങി.

അയൽപക്കത്തുള്ള ഒരു പെൺകുട്ടിക്കു രാജസ്ഥാനിൽ പഠിക്കാൻ അഡ്മിഷൻ കിട്ടി.

പണ്ടു പട്ടാളത്തിൽ ആയിരുന്നതു കൊണ്ട് ഹിന്ദി അറിയാവുന്ന ആൾ എന്ന നിലയിലും കുട്ടിയുടെ അയൽക്കാരൻ എന്ന നിലയിലും ആ കുട്ടിയെ അവിടെ കൊണ്ടെത്തിക്കുവാൻ നാട്ടിൽ നിന്നും വന്നതാണ്. കുട്ടിയെ ഹോസ്റ്റലിലാക്കി മടങ്ങി ഇവിടെ വന്നതും പോകറ്റടിച്ചു. ഇനി എന്തു ചെയ്യും? നാണമുണ്ട് എന്നാലും മറ്റു നിവൃത്തിയില്ലാത്തതു കൊണ്ട് എന്നോടു ചോദിക്കുന്നു. നാട്ടിൽ എത്താനുള്ള കാശ്. എത്തിയാൽ അപ്പോൾ തന്നെ മണിഓർഡറായി അയച്ചു തരും

പലതവണ വായിച്ചിട്ടും കേട്ടിട്ടും ഉള്ള കഥ ആയതു കൊണ്ട് ഇയാൾ കളിപ്പീരുകാരൻ തന്നെ എന്നുറപ്പിച്ച് ഞാൻ മിണ്ടാതിരുന്നു.

പക്ഷെ അയാൾക്കുറപ്പുണ്ടായിരുന്നു ഞാൻ വീഴും എന്ന്. അവർ എക്സ്പീരിയൻസ്ഡ് അല്ലെ ഹ ഹ ഹ

കുറെ നേരം കഴിഞ്ഞപ്പോള് എന്റെ മനസിൽ വേരെ ഒരു ചിന്ത ഉദിച്ചു. ദൈവമെ ഇനി ഇയാൾ പറയുന്നത് എങ്ങാനും സത്യം ആണെങ്കിലൊ?

എങ്കിൽ

അപ്പോൾ ഒരു കാര്യം ചെയ്യാം ഞാൻ പറഞ്ഞു ആട്ടെ ചേട്ടനു എറണാകുളം വരെ ഉള്ള ടികറ്റ് ഞാൻ എടുത്തു തരാം. കൂടെ പോരെ.

അയാൾ തയ്യാറായി.

പക്ഷെ ഇനി സമയം കുറച്ചെ ഉള്ളു. ടികറ്റ് എടുക്കണം എങ്കിൽ സ്റ്റേഷനു വെളിയിൽ പോകണം. ബീന ഒന്നും അത്ര നല്ല സ്ഥലം അല്ല കറങ്ങി നടക്കാൻ. അതിനിടയിൽ എന്റെ വണ്ടി എങ്ങാനും വന്നു പോയാൽ പിന്നെ എന്റെ കാര്യം കട്ടപ്പൊഹ.

കൂടെ വന്നു ടികറ്റ് എടിക്കാൻ തയ്യാറായതു കണ്ടപ്പോൾ ഞാൻ അയാളെ കൂടുതൽ വിശ്വസിച്ചു.

ഞാൻ തുടർന്നു പറഞ്ഞു "എന്നാൽ ഒരു കാര്യം ചെയ്യ് ചേട്ടൻ പോയി ടികറ്റ് എടുത്തു വാ. ഞാൻ ഇവിടെ തന്നെ ഇരിക്കാം. ഏതായാലും ഒരു കമ്പനിയും ആയല്ലൊ."

പൈസ കൊടുത്തു വിട്ടു.

"സാറിനെ ദൈവം രക്ഷിക്കും. ഞാൻ ദാ വന്നു" എന്നു പറഞ്ഞു അയാൾ ടികറ്റ് എടുക്കാൻ പോയി

ശേഷം ചിന്ത്യം

അല്ല വണ്ടി വരുമ്പോൾ ഞാൻ കയറിപോകാതെ അയാളെ കാത്തിരുന്നാൽ പോരല്ലൊ

Friday, January 20, 2012

സാറും പട്ടാളത്തിലാണൊ?

തീവണ്ടിയാത്രകൾ പലപ്പോഴും രസകരമായ അനുഭവങ്ങൾ സമ്മാനിക്കാറുണ്ട്. എനിക്കു രസകരമായത് മറ്റുളവർക്കു രസകരം ആയിരിക്കുമൊ? എന്നു ചോദിച്ചാൽ കുടുങ്ങി പോകും
തൽക്കാലം എനിക്കു രസകരമായി തോന്നിയ ഒരു യാത്റ ഇവിടെ

ഒരിക്കൽ ഞാൻ ബാംഗളൂരിനു പോകാൻ തയ്യാറെടുത്ത് എറണാകുളം സ്റ്റേഷനിലെത്തി.

അന്നൊക്കെ ഇന്നത്തെതു പോലെ റിസർവ് ചെയ്തൊന്നുമല്ല പോക്ക്. പോകണം എന്നു തീരുമാനിച്ചാൽ പുറപ്പെടുന്നു . ഒരു ജനറൽ ടികറ്റ് എടുക്കുന്നു ജനറൽ ബോഗിയിൽ ഇടിച്ചു കയറി അങ്ങു പോകുന്നു അത്ര തന്നെ.

കാത്തു നിൽപ്പിനിടയിൽ ഒരു ചെറുപ്പക്കാരനെ കണ്ടു അടുത്തു നിൽക്കുന്ന ആളല്ലെ അല്പനേരം ആയപ്പോള് അന്യോന്യം കുശലം ചോദിച്ചു. പരിചയപ്പെട്ടു.

ആളുടെ പേർ മനോജ്. തൊടുപുഴക്കാരൻ. പട്ടാളത്തിലാണ്. ഞങ്ങൾ അങ്ങനെ കൂട്ടുകാരായി.

അയാൾ ഇടയ്ക്കിടയ്ക്കു യാത്ര ചെയ്യുന്ന കൂട്ടത്തിലായതു കൊണ്ട് എനിക്കു അല്പം ചില ഉപദേശങ്ങൾ തന്നു

തെരക്കുണ്ടാകും. അതുകൊണ്ട് ഇടിച്ചു കയറിക്കോണം. എവിടെ എങ്കിലും ചന്തി ഉറപ്പിക്കുക. അതു കഴിഞ്ഞ് രാത്രി കിടക്കാനുള്ള സൗകര്യം ഒപ്പിക്കാൻ നോക്കാം.

മുൻപിലത്തെ പോസ്റ്റിൽ എഴുതിയതു വായിച്ചിരിക്കുമല്ലൊ അല്ലെ എന്റെ സ്വഭാവം. അതു ഞാൻ പതിയെ മാറ്റി എടുത്തിരുന്നു. ഇടിച്ചു കയറാൻ മിടുക്കനായി.

വണ്ടി വന്നു. ഞങ്ങൾ രണ്ടാളും ഇടിച്ചു കയറി. ആദ്യംകണ്ട കൂപ്പയിൽ തന്നെ ഓരോ ചന്തിയുറപ്പിച്ചു.

ഞാൻ ഇരിക്കുന്ന സീറ്റിന്റെ വിൻഡൊ വശത്ത് മൂന്നു പേർ. ഒരാൾ വിലങ്ങു ധരിച്ച ഒരു പുള്ളി. അയാളുടെ അപ്പുറവും ഇപ്പുറവും ആയി ഓരോ പോലീസുകാർ. നാലാമൻ ഞാൻ. ഞാൻ അവിടെ ഇരുന്നത് പോലീസുകാരന് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്ന് അയാളുടെ മുഖം വ്യക്തമാക്കുന്നു. നീരസത്തോടു കൂടി എന്നെ ആവുന്നത്ര തള്ളിക്കൊണ്ടാണ് അയാൾ ഇരിക്കുന്നത്. ഒന്നൊതുങ്ങിയാൽ ഒരാൾക്കു കൂടി ഇരിക്കാൻ അതിൽ സ്ഥലം ഉണ്ടു താനും എന്നാൽ അയാൾ അതിനൊരുക്കമല്ല

അതിനു കുറച്ചു നാൾ മുൻപായിരുന്നു തിരുവനന്തപുരത്തിനടുത്ത് ഒരു പട്ടാളക്കാരനെ പോലീസുകാർ ഉൽസവസ്ഥലത്തു നിന്നൊ മറ്റൊ പിടിച്ചു കൊണ്ടു പോയതും അടുത്ത പട്ടാള ക്യാമ്പിൽ നിന്നും പട്ടാളക്കാർ അയാളെ സ്റ്റേഷൻ അക്രമിച്ചു മോചിപ്പിച്ചതും, അവിടെ ഉണ്ടായിരുന്ന പോലീസുകാർ ജീവനും കൊണ്ടോടിയതും ഒക്കെ.
അതോടു കൂടി എന്റെ മനസിൽ പോലീസിനുണ്ടായിരുന്ന ഇമേജ് ഇടിഞ്ഞു പോയി.
ഇയ്യാളുടെ ഈ തള്ളലും കൂടി ആയപ്പോൾ അനിഷ്ടം ഒന്നു കൂടി കൂടി. പക്ഷെ പോലീസല്ലെ വെറുതെ ഞാൻ എന്തിനാ തടി കേടാക്കുന്നത് എന്നു വിചാരിച്ച് ഉള്ള സ്ഥലത്ത് ഞെരുങ്ങി ഇരിക്കുന്നു.

അപ്പോഴാണ് മനോജ് പറയുന്നത്. "സാർ മുകളിലത്തെ ബർത് കാലിയാണല്ലൊ. അപ്പൊ ഒരു കാര്യം ചെയ്യാം
നമുക്കു മാറി മാറി ഉറങ്ങാം ആദ്യം സാർ ഉറങ്ങുന്നെങ്കിൽ ഉറങ്ങിക്കൊ. ഞാൻ ഇവിടെ ഇരിക്കാം , അല്ലെങ്കിൽ ആദ്യം ഞാൻ ഉറങ്ങാം സാർ പിന്നീടുറങ്ങിക്കൊ"

രാത്രിയുടെ രണ്ടാം പകുതിയിലാണ് ഉറക്കത്തിനു കൂടുതൽ സുഖം അല്ലെ? അതറിയാമായിരുന്നതു കൊണ്ട് ഞാൻ വേഗം തന്നെ പറഞ്ഞു ആദ്യം മനോജ് ഉറങ്ങിക്കോ രാത്രി ഒരു മണി ആകുമ്പോൾ ഞാൻ വിളിക്കാം.

അതു സമ്മതിച്ച് മനോജ് ബർത്തിൽ കയറാൻ ഉള്ള തയ്യാറെടുപ്പായി.

ഏകദേശം അഞ്ചര അടിയോളം പൊക്കം കാണും. അത്രെ ഉള്ളു. പതിയെ എണീറ്റ് രണ്ടു കയ്യും പൊക്കി എതിർവശങ്ങളിൽ ഉള്ള ബർത്തുകളെ തൂക്കുന്ന ചെയിനിൽ പിടിച്ചു. നേരെ മുകളിലേക്കു പൊങ്ങി കാലുകൾ നീട്ടി അരഭാഗത്ത് 90 ഡിഗ്രിആക്കി പൊക്കി, ഒരു വശത്തേക്കു ചരിച്ച് തന്റെ ബർത്തിലേക്കു എടുത്തു വച്ചു ഒപ്പം നടുഭാഗവും ആ ബർത്തിലേക്കു കയറ്റി വച്ചു. അത് ഒന്നു കാണേണ്ട കാഴ്ച്ച തന്നെ ആയിരുന്നു. ചെയിനിൽ പിടിച്ചിരിക്കുന്നകയ്യുടെ മസിലുകൾ നല്ല പാറ പോലെ ഉരുണ്ട് നിൽക്കുന്നു. ശരീരം വാഴത്തടപോലെ ആ മസിലുകളെ അനുസരിക്കുന്നു.
കയറി ഇരുന്ന മനോജ് പെട്ടി തുറന്നപ്പോഴാണ് അതിനകത്തുള്ള പട്ടാളക്കാരുടെതായ വേഷം പുറമെ ഉള്ളവർ കണ്ടത്. അതിൽ നിന്നും ഒരു തുണി എടുത്ത് വിരിയാക്കി ഇട്ടു അയാൾ കിടന്നു.

പക്ഷെ ഇതോടൊപ്പം തന്നെ എന്റെ അടുത്ത് മറ്റൊരു സംഭവം നടന്നു. അതുവരെ എന്നെ തള്ളിവച്ചിരുന്ന പോലീസുകാരൻ അയഞ്ഞയഞ്ഞ് വിലങ്ങിട്ട പുള്ളിയെ തള്ളി ഒരറ്റത്തോട്ടു മാറ്റി. എനിക്കിരിക്കാൻ ഇപ്പോൾ രണ്ടാൾക്കാരുടെ സ്ഥലം. ഭവ്യമായ ഭാഷയിൽ അയാൾ എന്നോടു ചോദിക്കുന്നു "സാറും പട്ടാളത്തിലാണൊ"?

ഒരു തീവണ്ടി യാത്ര

ഡൽഹിയിൽ വച്ച് ഒരു യാത്രയിൽ അന്തരീക്ഷമലിനീകരണം കാരണം ശ്വാസം മുട്ടൽ അനുഭവപ്പെട്ട ഒരു സംഭവം കമന്റിയിടത്ത് അത് തിരക്കു കൊണ്ടാണൊ എന്നൊരു ചോദ്യം കിട്ടി
അപ്പൊഴാണ് ചെറുപ്പത്തിലെ മറ്റൊരു സംഭവം ഓർമ്മ വന്നത്

കോട്ടക്കൽ പഠിക്കുന്ന കാലം. അന്നൊക്കെ മാസത്തിലൊരിക്കൽ വീട്ടിൽ പോകും. പോകുന്നത് ബസ്സിൽ ആയിരുന്നു. എട്ടു മണിക്കൂറിൽ കൂടുതൽ ബസ്സിൽ ഇരിക്കണം. പക്ഷെ ചെറുപ്പത്തിൽ എന്തു പ്രശ്നം എട്ടല്ല എൺപതു മണിക്കൂർ വേണമെങ്കിൽ ഇരിക്കും അല്ലെ?

ഞങ്ങൾ ആലപ്പുഴ ജില്ലകാരയതുകൊണ്ട് അധികം ട്രയിൻ യാത്ര ചെയ്തിട്ടില്ല അന്നൊന്നും.
എന്നാൽ ഒരിക്കൽ ഒരു ഓണസമയം. ഓണസമയമാണല്ലൊ സമരങ്ങളുടെ കാലം. ആളുകൾക്കു ബുദ്ധിമുട്ടാകും എന്നു കരുതി ചോദിക്കുന്നതിൽ മിക്കവയും സർക്കാർ കൊടുക്കും എന്നറിയാവുന്നതു കൊണ്ട് സമരക്കാർ ആ സമയം തന്നെ തെരഞ്ഞെടുക്കും.

അങ്ങനെ ഞങ്ങൾക്ക് ഓണാവധി വന്നപ്പോഴാണ് ബസ് സമരം. സർക്കാർ ബസ്സുകൾ ഓടുകയില്ല.
പിന്നെ എങ്ങനെ വീട്ടിൽ പോകും?

തിരൂർ ആണ് അടുത്ത റെയിൽ വേ സ്റ്റേഷൻ. അന്നത്തെ കാലത്ത് മീറ്റർ ഗേജ് ആണ് എറണാകുളം മുതൽ തെക്കോട്ട്. എറണാകുളത്തിനു വടക്ക് ബ്രോഡ് ഗേജും

ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടി തിരൂരെത്തി.
എന്റെ കയ്യിൽ 10 രൂപ ഉണ്ട്. അത് എല്ലാതവണയും അങ്ങനെ ആണ്. 60 രൂപ മെസ്, 20 രൂപ ഫീസ് ഏട്ടൻ 90 രൂപ അയച്ചു തരും. സാധാരണ, ഈ ശേഷിക്കുന്ന പത്തു രൂപയിൽ 8.50 രൂപ ബസ് കൂലി. ബാക്കി ഒന്നര രൂപ എന്റെ പോക്കറ്റിൽ കാണും വീട്ടിലെത്തുമ്പോൾ

എന്നാൽ ഇത്തവണ 9 രൂപ ടികറ്റ് മാവേലിക്കര വരെ. അവിടെ നിന്നും പ്രൈവറ്റ് ബസ് ഹരിപാടിന്.

അപ്പോൾ പൈസ കിറുകൃത്യം.

റ്റിക്കറ്റെടുത്തു.

കാത്തുകാത്ത് വണ്ടി വന്നു. ഞങ്ങൾ പറയുന്ന ഭാഷയിൽ പറഞ്ഞാൽ ഒരു ഒൻപതാം ഉൽസവത്തിന്റെ തിരക്ക്(ഹരിപ്പാട്ടമ്പലത്തിലെ ഒൻപതാം ഉല്സവം അന്നു വളരെ പ്രസിദ്ധമായിരുന്നു)

എനിക്കാണെങ്കിൽ ഇടിച്ചു കയറുന്ന സ്വഭാവം പണ്ടെ ഇല്ല - എല്ലാം വളരെ സാവധാനത്തിലെ ചെയ്യൂ - അതുകാരണം "പഞ്ചവൽസരപദ്ധതി" എന്നൊരു ഓമനപ്പേരും വീണു കിട്ടിയിരുന്നു.

പതുക്കെ കയറാം എന്നു കരുതി നിന്നു നിന്നു കൂട്ടുകാരെല്ലാം കയറിക്കഴിഞ്ഞിട്ടും ഞാൻ വെളിയിൽ തന്നെ. അല്പനേരം, കൂടി കഴിഞ്ഞപ്പോഴേക്കും വിസിൽ മുഴങ്ങി. വണ്ടി പതിയെ നീങ്ങിത്തുടങ്ങി.

അടൂത്തു നിന്ന ഒരാൾ പറഞ്ഞു മോനെ വേഗം പിടിച്ചു തൂങ്ങിക്കൊ അല്ലെങ്കിൽ പോകാനൊക്കില്ല.

വാതിലിനു വെളിയിൽ ഒറ്റക്കയ്യിൽ തൂങ്ങുന്ന അനേകം ആളുകൾ ഒരു അർദ്ധവൃത്തം ഉണ്ടാക്കിയിട്ടുണ്ട്.
എനിക്കു പെട്ടെന്നു ഭയമായി. സമയം രാത്രി ഒൻപതു മണി. എന്റെ കയ്യിൽ ഉണ്ടായിരുന്ന പത്തുരൂപയിൽ ഒൻപതു രൂപ ട്രയിൻ റ്റിക്കറ്റ് ആയി കയ്യിൽ ഇരിക്കുന്നു.

ഈ വണ്ടിയിൽ പോയില്ലെങ്കിൽ പിന്നെ ഭിക്ഷ എടുക്കേണ്ടി വന്നേക്കാം.
എന്തോ ഒരു ധൈര്യം വന്നു ചാടി ഒരു കമ്പിയിൽ പിടുത്തം ഇട്ടു. ഒരു കാൽ വയ്ക്കാൻ അല്പം സ്ഥലവും കിട്ടി. അവിടെ നിന്നവർ അതിനുള്ള സൗകര്യം ചെയ്തു തന്നു.

ബാഗും തൂക്കി ഒരു കയ്യും ഒരു കാലും പുറമെ. ഒരു കാൽ ചവിട്ടിയിട്ടുണ്ട് ഒരു കൈ തൂണിൽ പിടിച്ചിട്ടും ഉണ്ട്.

വണ്ടി പതിയെ വേഗത കൂട്ടി തുടങ്ങി.
ബാഗു പിടിച്ചിരിക്കുന്ന കൈ കഴച്ചു തുടങ്ങി.

പക്ഷെ എന്തു രക്ഷ.
ഞാൻ ആലോചിച്ചു

കുറച്ചു കഴിയുമ്പോൾ ഈ ബാഗ് എന്റെ കയ്യിൽ നിന്നു വീണുപോകും. പക്ഷെ അതു കഴിഞ്ഞാൽ?
കുറച്ചു കൂടി കഴിയുമ്പോൾ എന്റെ തൂണിൽ പിടിച്ചിരിക്കുന്ന കയ്യും വിട്ടുപോകും
അപ്പോൾ ഇത് എന്റെ അവസാനത്തെ യാത്ര ആയിരിക്കും അല്ലെ?
ഇനി ഒന്നും ചെയ്യാനും ഇല്ല. വരുന്നതു വരട്ടെ എന്നൊക്കെ വിചാരിച്ചു കൊണ്ടു നിൽക്കുമ്പോൾ ആളുകൾ എല്ലാവരും കൂടി ഒരു ബഹളം

ഓവർ ബ്രിഡ്ജ് വരുന്നു കയറിക്കൊ അകത്തു കയറിക്കൊ.

ഓവർബ്രിഡ്ജ് വീതി കുറഞ്ഞ ഒരെണ്ണം.
ചിലപ്പോൾ വാതിലിനു വെളിയിൽ തൂങ്ങിക്കിടക്കുന്നവരെ എല്ലാം വടിച്ചു നീക്കും എന്ന പേടി. സ്ഥിരമായി യാത്ര ചെയ്യുന്നവർക്കു സ്ഥലം അറിയാവുന്നതിനാൽ അവർ ആയിരിക്കണം ഒച്ച കൂട്ടിയത്.
ഏതായാലും അതിനു ഫലം ഉണ്ടായി
അകത്തു നിന്നവരും ഒക്കെ സഹായിച്ചു എല്ലാവരെയും പിടിച്ചു വലിച്ചും തള്ളിയും ഒക്കെ എങ്ങനെയോ എല്ലാവരും അകത്തായി. എന്റെ രണ്ടു കാലും നിലത്തു മുട്ടിയിട്ടില്ല. ആകെ ഞെങ്ങി ഞരുങ്ങി നിൽക്കുന്നു.പൊക്കം അശേഷം ഇല്ലാത്തഞ്ഞാൻ പക്ഷെ ആളുകളുടെ ശരീരങ്ങൾക്കിടയിൽ ഞെങ്ങി പൊങ്ങി നിന്നതു കൊണ്ട് ഒരു ഗുണം ഉണ്ടായി. ആ മുറിയുടെ മറുവശത്തു ഇതേ പോസിൽ നിൽക്കുന്ന എന്റെ സുഹൃത്തിനെ കാണാനായി. ഞാൻ തല ഇളക്കി അവന്റെ ശ്രദ്ധ പിടിച്ചു പറ്റി അവനും സന്തോഷമായി ഏതായാലും ഞാനും കയറിയല്ലൊ.
അല്പസമയം കൊണ്ട് വെള്ളത്തിൽ താഴ്ന്നു പോകുന്നതുപോലെ ഊർന്നൂർന്ന് എന്റെ കാലുകൾ നിലം തൊട്ടു.

ഇപ്പോൾ സമയം ഓർമ്മയില്ല എന്നാലും രാത്രി ഒന്നിനും രണ്ടിനും ഇടയിലാണെന്നു തോന്നുന്നു ഞങ്ങൾ എർണാകുളത്തെത്തി.

അവിടെ നിന്നും വണ്ടി മാറി കയറണം. ഇനി അങ്ങോട്ട് മീറ്റർ ഗേജ് വണ്ടി.ബോഗികളുടെ എണ്ണവും കുറവ്.

യാത്രക്കാരിൽ കുറേ ഏറെ പേർ അവിടെ യാത്ര അവസാനിക്കുന്നവരായിരുന്നു. ബാക്കി എല്ലാവരും അടുത്ത വണ്ടിയ്ക്കു നേരെ യാത്ര ആയി. ആദ്യത്തെ അനുഭവം ഉണ്ടായിരുന്നതു കൊണ്ട് ഇത്തവണ ഞാനും ഉഷാറായി തന്നെ വണ്ടിക്കടൂത്തെത്തി.

അവിടെ ചെന്നപ്പൊഴോ?

അവിടെ വച്ചു തന്നെ സീറ്റുകളെല്ലാം ഫുൾ ആണ്. മീറ്റർ ഗേജ് വണ്ടിയുടെ ഇടനാഴിയുടെ അവിടെ വച്ചു തന്നെ എനിക്കു മുന്നോട്ടു പോകാൻ പറ്റാതായി. പിന്നിൽ നിന്നും ആളുകൾ വീണ്ടും കയറുന്നും ഉണ്ട്.

സമയം ആയി വണ്ടി വിട്ടു. അല്പമായപ്പോഴേക്കും രണ്ടു വശത്തു നിന്നും ഉള്ള തള്ളലിൽ എനിക്കു ശ്വാസം കഴിക്കാൻ പ്രയാസം ആകുന്നതു പോലെ തോന്നി.
എനിക്കു രണ്ടു വശവും ഉള്ളവർ നല്ല തടിയുള്ളവർ.
തടി മുകളിൽ അല്ലെ ഉള്ളത്
താഴെ ഇല്ലല്ലൊ. ഞാൻ നോക്കിയപ്പോൾ എന്റെ അരവരെ ജനാല ഉണ്ട്. അപ്പോള് അവിടെ തന്നെ അങ്ങ് ഇരുന്നാൽ കൂടുതൽ സ്ഥലവും ഉണ്ട് ശ്വസിക്കാൻ വായുവും കിട്ടും. ഞാൻ പതിയെ ഊർന്ന് അവരുടെ കാലുകൾക്കിടയിലായി ഇരുന്നു.

എന്റെ ദൈവമേ ആ ഇരിപ്പു കോട്ടയം വരെ ഇരുന്നത് എങ്ങനെ ആയിരിക്കും എന്ന് ഒന്നാലോചിച്ചു നോക്കൂ. പറ്റിയ പറ്റു വലുതായി പോയെങ്കിലും പിന്നീട് പൊങ്ങാൻ ഒരു നിവൃത്തിയും ഇല്ലാതിരുന്നതു കൊണ്ട് അങ്ങനെ തന്നെ യാത്ര ചെയ്യേണ്ടി വന്നു.

കോട്ടയത്തെത്തിയപ്പോൾ കുറെ പേർ ഇറങ്ങി, കയറാനും ഉണ്ടായിരുന്നു കുറെ പേർ.
മുൻപു പറ്റിയ അബദ്ധം തിരുത്താൻ വെണ്ടി ഞാൻ കിട്ടിയ അവസരം ഉപയോഗിച്ച് വീണ്ടും എഴുനേറ്റ് നിന്നു

അവിടെ നിന്നും യാത്ര തുടർന്നു. തിരുവല്ലയിൽ ഇറങ്ങാനുള്ളവർ തിക്കു കൂട്ടി വാതിലിനെ ലക്ഷ്യമാക്കി വരുന്നു. ഇടനാഴിയ്ക്കുള്ളിൽ അല്പം പോലും സ്ഥലം ഇല്ല.
ഞെങ്ങി ഞെരുങ്ങി വന്നവരിൽ ഒരു ചേച്ചിയും ഉണ്ടായിരുന്നു. ആ ചേച്ചി എന്റെ അടുത്തെത്തിയിടത്തു വച്ച്
മൊത്തം ബ്ലോക്ക് ആയി. ആൾക്കൂട്ടത്തിനിടയിൽ കുട്ടി ആയി ഞാൻ മാത്രം. അത്ര കുട്ടിയൊന്നും അല്ല 18 കഴിഞ്ഞതാണ്.
ഇടനാഴിയുടെ അകത്തെ ഭിത്തിയിൽ ചാരി ചേച്ചി. ആ ചേച്ചിയുടെ എതിർവശത്തു ജനലിൽ ചാരി മറ്റൊരു ചേട്ടൻ. ഇവരുടെ രണ്ടു പേരുടെയും ഇടയിൽ ബ്രെഡ് പീസുകൾക്കിടയിൽ തേച്ച ജാം പോലെ ഞാൻ.

നാരായണ ജപിച്ചു കൊണ്ട് തിരുവല്ല വരെ ആ നിൽപ്പ്

ഇനി മേലിൽ ബസിലെ യാത്ര ചെയ്യൂ എന്നു തീരുമാനിച്ചെങ്കിലും ഇപ്പോഴും ദാ തുടരുന്നു തീവണ്ടീ തീവണ്ടീ

മറ്റൊരു കഥ - കഥയല്ല യഥാര്ഥ കഥ

Thursday, January 19, 2012

ചോദ്യങ്ങൾക്കുത്തരം

ചോദ്യങ്ങൾക്കുത്തരം എഴുതുന്നതിനെ കുറിച്ച് ഒരു പോസ്റ്റ് കണ്ടപ്പോൾ പഴയ ഓർമ്മകൾ ഒന്നയവിറക്കി

രംഗം ഒന്ന്

ഫസ്റ്റ് എം ബി സെഷനൽ പരീക്ഷയുടെ ഫിസിയോളജി പരീക്ഷയുടെ റിസൽറ്റ് വന്നു

ഉത്തരക്കടലാസുകൾ ഡിപ്പാർട്ട്മെന്റിലുണ്ട് പോയി നോക്കിക്കൊള്ളാൻ അനുവാദം കിട്ടി.

മാർക്ക് നോക്കിയപ്പോൾ ഞാൻ ഉദ്ദേശിച്ചതിൽ കുറവ്.

മാർക്ക് നോക്കിക്കൊണ്ടിരിക്കുന്നിടത്തു നിന്ന് പ്രൊഫസർ വിളിച്ചു.

എങ്ങനെ ഉണ്ടെഡൊ?

സാർ മാർക്കുകൾ കുറവായിപോയി

കാരണം?

അതെനിക്കറിയില്ല

താൻ എല്ലാം എഴുതിയോ?

എല്ലാം എഴുതി

എല്ലാം എന്നു പറഞ്ഞാൽ?

സാർ ക്ലാസിൽ പറഞ്ഞ പോയിന്റുകൾ എല്ലാം എഴുതിയിട്ടുണ്ട്.
എന്റെ ലെക്ചർ നോട്ട്സ് കാട്ടി വിശദീകരിച്ചു.

സാർ പറഞ്ഞു താൻ ഒരു കാര്യം ചെയ്യ് ആ കൂട്ടത്തിൽ നിന്നും ശോഭയുടെയും സ്ലീബിയുടെയും ഉത്തരക്കടലാസുകൾ എടുത്തു കൊണ്ടു വാ

ഞാൻ പോയി അവ എടുത്തു.

ഓരോ ചോദ്യത്തിനും തന്റെ ഉത്തരവും അവരുടെ ഉത്തരവും ഒത്തു നോക്ക്

ഒത്തു നോക്കി

എന്റമ്മോ

റെഫറൻസായി പറഞ്ഞ അഞ്ചോളം പുസ്തകങ്ങളിൽ ഉള്ള വസ്തുതകളും ഓരോ ഉത്തരത്തിനും കൊടുത്തിട്ടുണ്ട്

സാർ തുടർന്നു
എടൊ താൻ ടെക്സ്റ്റിൽ ഉള്ള സർവതും എഴുതിയിട്ടുണ്ട് സമ്മതിച്ചു.
അപ്പോള് തനിക്കു ഞാൻ പത്തിൽ പത്തു തന്നാൽ റെഫറൻസിലുള്ളതും കൂടി മുഴുവനും എഴുതിയ ഇവർക്കു ഞാൻ എത്ര കൊടുക്കും?
ആകെ മാർക്ക് പത്തല്ലെ ഉള്ളു?
അപ്പോൾ എനിക്കു ആകെ ചെയ്യാൻ സാധിക്കുന്നത് തന്റെ മാർക്കു കുറയ്ക്കുക അല്ലെ ഉള്ളൂ?
അതുകൊണ്ട് മോൻ പോയി റെഫറൻസ് ഗ്രന്ഥങ്ങൾ കൂടി പഠിച്ചെഴുതാൻ ശീലിക്ക്

രംഗം രണ്ട്

ഫസ്റ്റ് എം ബി സെഷനൽ പരീക്ഷയുടെ ബയൊ കെമിസ്റ്റ്രി പരീക്ഷയുടെ റിസൽറ്റ് വന്നു

മുൻപിലത്തെതു പോലെ തന്നെ ഉത്തരക്കടലാസുകൾ നോക്കാൻ അനുവാദം കിട്ടി

എനിക്കുറപ്പാണ് എങ്ങനെ പോയാലും 100 ല് 80 മാർക്ക് കിട്ടും. കെമിസ്റ്റ്രി ആണ് വിഷയം. ചോദ്യങ്ങൾക്കെല്ലാം വിശദമായി ഫോർമുല അടക്കം ഉത്തർമ് കൊടുത്തിട്ടുണ്ട്. ആകെ അഞ്ചു ചോദ്യങ്ങൾ. 20 മാർക്ക് വീതം.
ഒരെണ്ണം തലേദിവസം പഠിപ്പിച്ച വിഷയം. അന്നു ഞാൻ അവധി ആയിരുന്നു. അത് തൊട്ടിട്ടില്ല. എന്നാലെന്താ 20 ഗുണം 4 സമം 80 അല്ലെ അതു മതി

സന്തോഷത്തോടു കൂടി ഉത്തരക്കടലാസ് തപ്പി

ആകെ മാർക്ക് 49
ജയിക്കാൻ 50 വേണം

അങ്ങനെ ചമ്മി നിൽക്കുമ്പോൾ പ്രൊഫസർ വിളിച്ചു.

താനിങ്ങു വന്നെ

എങ്ങനെ ഉണ്ട്?
എനിക്ക് ഉത്തരമില്ല
എത്ര മാർക്കുണ്ട്?
49
അതെന്താ 49 ആയിപ്പോയത്?
അറിയില്ല
താൻ എല്ലാം എഴുതിയൊ?
നാലു ചോദ്യങ്ങൾക്കു മുഴുവൻ ശരിയായ ഉത്തരം എഴുതിയിട്ടുണ്ട്
അഞ്ചാമത്തെ ചോദ്യം?
അതെഴുതിയില്ല
കാരണം
ഞാൻ ഇന്നലെ അവധി ആയിരുന്നു.

ഓഹോ അതു ശരി. അപ്പോൾ താൻ ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ തലപൊട്ടി ഒരാളെ കൊണ്ടു വന്നാൽ അതു പഠിപ്പിച്ച ദിവസം ഞാൻ അവധി ആയിരുന്നു അതുകൊണ്ട് തല ഒഴികെ ബാക്കി ചികിൽസിക്കാം എന്നു പറയുമോ?

മോനെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതി ഇല്ലെങ്കിൽ മാർക്ക് ഒരിക്കലും 50 തികയില്ല

-----------------------------------------------------------------------

വൃത്തിയായി കാര്യങ്ങൾ പഠിപ്പിച്ചു തന്നിരുന്ന ആ ഗുരുനാഥന്മാരുടെ ഓർമ്മയ്ക്കു മുന്നിൽ പ്രണാമത്തോടെ

Friday, January 13, 2012

ലേകെ ഭി ആയേ ഹെ

മദ്ധ്യപ്രദേശിൽ ദമു എന്ന ഒരു സ്ഥലം ഉണ്ട്. അവിടെ ജോലി ചെയ്തിരുന്ന കാലം. അടുത്തുള്ള സിറ്റിയിൽ പോകണം എങ്കിൽ ജബല്പുരാണ് ശരണം.

ഇടയ്ക്കൊക്കെ ഒന്നു പോയി അവിടത്തെ ചൈനീസ് ഫുഡും കഴിച്ച് ഒന്നു കറങ്ങി അല്പം പർചേസിങ്ങും നടത്തി തിരികെ പോരാം.

എന്റെ രണ്ടു സുഹൃത്തുക്കൾ ഒരിക്കൽ നടത്തിയ യാത്ര കേൾക്കണ്ടെ?

രണ്ടുപേരും കൂടി കാലത്തെ യാത്ര തിരിച്ചു. അവിടത്തെ പരിപാടികൾ എല്ലാം കഴിഞ്ഞു മടക്കയാത്ര ആയി.

വഴിക്ക് ഒരു സ്ഥലം ഉണ്ട് കട്ടംഗി. അവിടത്തെ പ്രത്യേകത എന്താണ് എന്നു വച്ചാൽ നല്ല ഒന്നാം തരം രസഗുള കിട്ടും. വളരെ പ്രസിദ്ധമാണ്. വഴിയാത്രക്കാരെല്ലാം അതൊന്നാസ്വദിച്ചേ പോകൂ.

ഒരു തരം ചെറിയ മൺകുടത്തിൽ ആക്കി വാങ്ങിക്കൊണ്ടു പോരുകയും ചെയ്യാം.

ദമുവിൽ നിന്നു പോയിവരുന്നവരിൽ നിന്നും പ്രതീക്ഷിക്കുന്നതും ഇതായിരിക്കും

അങ്ങനെ അവർ തിരികെ വരുന്ന വഴി ബസ് കട്ടംഗിയിൽ നിർത്തി.
രണ്ടു പേരും ഏകദേശം ആറടിക്കു മുകളിൽ ഉയരവും അതിനൊത്ത തടിയും ഉള്ളവരും.
സുഹൃത്തുക്കളിൽ ഒരാൾ ഇറങ്ങി രസഗുള വാങ്ങാൻ. മറ്റയാൾ അവിടെ തന്നെ ഇരുന്നു.

എന്നാൽ ബസ് ആദ്യം നിർത്തിയ ഭാഗത്തു നിന്നും മാറ്റി പാർക്കിങ്ങ് നു കൂടുതൽ സ്ഥലം ഉള്ള മറ്റൊരിടത്ത് നിർത്തി.

രസഗുള വാങ്ങി വന്ന ആൾ ആദ്യഭാഗത്തു നോക്കിയിട്ടു വണ്ടി കാണാനില്ല. രാത്രി ആണ്. അയാൾ അതന്വേഷിച്ചു നടപ്പു തുടങ്ങി.

ആളിറക്കവും കയറ്റവും കഴിഞ്ഞു വണ്ടിവിടാൻ തുറ്റങ്ങിയപ്പോൾ അകത്തിരുന്ന ആൾ പറഞ്ഞു ഒരാൾ കൂടി വരാനുണ്ട് അല്പം കൂടി കാക്കണം എന്ന്

നേരം പോകുംതോറും ആളുകൾ അസ്വസ്ഥരായി ബഹളം കൂട്ടാൻ തുടങ്ങി.

രക്ഷപെടാൻ വേണ്ടി അകത്തിരുന്ന സുഹൃത്ത് കണ്ടക്റ്ററോട് പറഞ്ഞു "അതേ സുഹൃത്തിനു വയറിനു സ്വല്പം പ്രശ്നമാണ് അപ്പി ഇടാൻ പോയതാണ് രാത്രി അല്ലെ ക്ഷമിക്കണം അല്പം കൂടി കാക്കണം"

തികച്ചും ന്യായമായ ഒരു കാര്യം ആയതു കൊണ്ട് കണ്ടക്റ്റർ വിവരം മറ്റുള്ളവരോടും പറഞ്ഞു സമാധാനിപ്പിച്ചു.

അങ്ങനെ അവർ ഇരിക്കുമ്പോഴേക്കും പുറമെ പോയ അ ആൾ വണ്ടി കണ്ടുപിടിച്ചു

രണ്ടു കൈകളിലും ഉയർത്തിപ്പിടിച്ച മൺകുടവുമായി ആയി വാതിലിൽ കൂടി അകത്തേക്ക് പ്രവേശിക്കുന്നു. പുള്ളിക്കാരന് ഒരു പ്രത്യേകത ഉണ്ട് വളരെ ഉച്ചത്തിൽ അട്ടഹസിക്കുന്നതു പോലെ ചിരിക്കുക
തനിക്കു വണ്ടി കണ്ടുപിടിക്കാനുണ്ടായ താമസവും അതു കണ്ടുപിടിച്ചതിലുള്ള സന്തോഷവും എല്ലാം ചേർന്നുള്ള ഉച്ചത്തിലുള്ള ചിരിയും ആയിട്ടാണ് പ്രവേശം

അകത്തിരുന്ന യാത്രക്കാർ കണ്ടതോ അപ്പിയിടാൻ പോയ ആൾ രണ്ടു കൈകളിലും കുടവുമായി ചിരിച്ചു കൊണ്ട് വരുന്നു
ഒരാൾ ഉറക്കെ ആത്മഗതം ചെയ്തു "ലഗ്താ ഹേ വോ കർനേ കെ ബാദ് ലേകെ ഭി ആയേ ഹെ" (കാര്യം സാധിച്ചു കഴിഞ്ഞ് അത് കയ്യിൽ എടുത്തും കൊണ്ടാ വരവെന്നു തോന്നുന്നു)

Tuesday, January 10, 2012

ആന



ഹരീഷിന്റെ ആനക്കഥ കണ്ടപ്പോള് ചെറുപ്പത്തിൽ ആനയെ വരച്ചു തരാൻ പറഞ്ഞു കരഞ്ഞതോർത്തു.
ബഹളം കൂടുമ്പോൾ ചേട്ടൻ വരച്ചു തന്ന ആന മതിലിനപ്പുറത്തു നിൽക്കുന്ന ആന ആഹാ


ആ സ്ലേറ്റ് പലതവണ തിരിച്ചു പിടിച്ചു നോക്കിയിട്ടുണ്ട് മറുവശത്ത് ആനയെ മുഴുവൻ കാണാൻ പറ്റുമോന്നറിയാൻ

കണ്ടാൽ ഇങ്ങനിരിക്കുമായിരിക്കും അല്ലെ?


എന്നെ കൊണ്ട് ഇത്രയെ ഒക്കു സജ്ജീവേട്ടൻ വിചാരിച്ചാലോ?