Tuesday, June 11, 2013

എന്തരൊ എന്തൊ

പല പല അനുഭവങ്ങളും പലരും എഴുതി, പലതും ഞാനും എഴുതി. പക്ഷെ ഇതുപോലെ ഒരനുഭവം ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നറിയില്ല.
എന്റെ ഈ ബ്ലോഗിൽ ഒരു കമന്റ് കണ്ടു - മരണസമയത്തെ അനുഭവങ്ങൾ - നിയർ ഡെത്ത് എക്സ്പീരിയൻസ് സൂചിപ്പിച്ചു കൊണ്ട്

അന്നേരം ഓർത്തു പോയതാണ്.

അന്നു ഞാൻ തൊടുപുഴയ്ക്കടൂത്ത് വഴിത്തലയിൽ ഒരു ആശുപത്രിയിൽ ജോലിചെയ്യുന്നു. ഒരു ദിവസം കാലത്ത് സാധാരണ വ്യായാമം കഴിഞ്ഞ് കുളിയും കഴിഞ്ഞ് അമ്പലത്തിൽ പോകാനുള്ള പരിപാടി.

ഞാൻ വസ്ത്രം ധരിക്കുന്നതു കണ്ടുകോണ്ടാണ് ചേട്ടൻ വന്നേക്കൂ എന്നു പറഞ്ഞ് ശ്രീമതി പുറത്തേക്കു പോയത്.

വസ്ത്രം ധരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ എനിക്ക് എന്തൊ ഒരു ക്ഷീണം പോലെ തോന്നി. ഞാൻ കട്ടിലിൽ പോയി ഇരുന്നു.

കുറച്ചു നേരം ആയിട്ടും എന്നെ കാണാഞ്ഞതിനാൽ ഭൈമി തിരികെ വന്നു. കട്ടിലിൽ ഇരിക്കുന്ന എന്നോട് ചോദിച്ചു എന്തു പറ്റി എന്ന്

ക്ഷീണം എന്നു പറഞ്ഞപ്പോൾ എന്നാൽ ചേട്ടൻ ഇവിടെ കിടന്ന് വിശ്രമിക്ക് ഈ പാട്ടും കേട്ട് എന്ന് പറഞ്ഞ് വാക്മാൻ എടുത്ത് ഈയർ ഫോൺ ചെവിയിലും വച്ചു തന്നു.
പാട്ടു കേട്ട് കിടക്കുന്നത് എനിക്കു വളരെ ഇഷ്ടമുള്ള കാര്യമാണെന്ന് പുള്ളിക്കാരിക്കറിയാം

ഞാൻ അവിടെ കിടന്നു. ശ്രീമതി അമ്പലത്തിൽ പോക്ക് വേണ്ടെന്നു വച്ച് അടൂക്കളയിലേക്കും പോയി.

പിന്നീടുള്ള സംഭവം എന്റെ ഓർമ്മയിൽ ഇതാണ്.

ഞാൻ കണ്ണു തുറന്നു നോക്കുന്നു.

ഞാൻ എവിടെ ആണെന്ന് ഒരു രൂപവും ഇല്ല. -- ഞാൻ എന്നതിൽ കവിഞ്ഞ്  യാതൊരു ധാരണയും ഇല്ല. ഭിത്തി വെള്ളപൂശിയതായതു കൊണ്ട് ആകെ ആ വെള്ള നിറം മാത്രം കാണുന്നു.

ആ നേരത്താണ് ശ്രീമതി കടന്നു വന്ന് എങ്ങനെ ഉണ്ട് എന്ന് എന്നോടു ചോദിക്കുന്നത്

അത് ഞാൻ കേട്ടു ശ്രീമതിയെ കാണുകയും ചെയ്തു. പക്ഷെ അവൾ ആരാണെന്ന് എനിക്കറിയില്ല

ഞാൻ അത് ചോദിച്ചു നീ ആരാ എന്ന്. അത് എനിക്ക് ഓർമ്മ ഉണ്ട്

അതു കേട്ടതും  ശ്രീമതി ഭയന്ന് ആശുപത്രിയിൽ പോയി അവിടെ ഉള്ള മറ്റെ ഡോക്റ്ററെ വിളിച്ചു കൊണ്ടു വന്നു

ഡോക്റ്ററും സിസ്റ്റർമാരും എല്ലാം കൂടി ഓടിപ്പിടച്ച് വന്നു, സകലവിധ പരിശോധനകളും നടത്തി. ഇ സി ജി എടുക്കുമ്പോൾ ഞാൻ എനിക്ക് മുൻപ് ഹൃദയാഘാതം വന്ന കഥ പലതവണ പറഞ്ഞു കേൾപ്പിച്ചു അത്രെ.

അല്പനേരം കഴിഞ്ഞപ്പോഴേക്കും  ഞാൻ സാധാരണ മനുഷ്യൻ ആയിക്കഴിഞ്ഞിരുന്നു.
 തുടർന്ന് തൊടുപുഴയിൽ പോയി വീണ്ടും പരിശോധന -

ഇക്കഥ 2003 ല്

എന്തരൊ എന്തൊ

13 comments:

  1. ഇതൊരു വിശദീകരിക്കാനാവാത്ത സംഭവം പോലെ അല്ലെ....

    എനിക്കും അങ്ങനെയൊരു അനുഭവം ഓർമ്മയിലുണ്ട്. ഒരുച്ചമയക്കത്തിനു കിടന്ന എന്റെ ഇടത്തെ കൈ ആരോ ബലമായി അമർത്തിപ്പിടിച്ചിരിക്കുന്നതായി തോന്നി. കണ്ണു പാതിയേ തുറക്കുന്നുള്ളു. അന്നേരം ആരും എന്റെയരികിൽ ഇല്ലന്ന് തിരിച്ചറിയുന്നുണ്ട്. ഞാൻ ഇളകാനും കുതറാനും മറ്റും ശ്രമിക്കുന്നുണ്ടെങ്കിലും ഇടത്തെ കൈ മാത്രം ചലിക്കുന്നില്ല. ആരോ അമർത്തിപ്പിടിച്ചിരിക്കുന്നിടത്ത് നല്ല ചൂട് തോന്നുന്നുമുണ്ട്. എന്നാൽ ആരെയൊട്ടു കാണാനുമില്ല. അകത്തു നിന്നും പൂട്ടിയിട്ടുള്ളതു കൊണ്ട് പുറത്തു നിന്നും ആരും കയറി വന്നിട്ടില്ല താനും. കുറച്ചു നേരത്തെ മൽ‌പ്പിടിത്തത്തിനു ശേഷമാണ് ഇടതു കൈ സ്വതന്ത്രമായത്. അപ്പോഴും ആ പിടിച്ചമർത്തിയതായി തോന്നിയ ഭാഗത്ത് നല്ല ചൂടുണ്ടായിരുന്നു. ചാടി എഴുന്നേറ്റപ്പോഴേക്കും വിയർത്തു കുളിച്ചിരുന്നു...!
    ഇപ്പോഴും ആ മുറിയിൽ തന്നെയാണ് കഴിയുന്നത്.

    ReplyDelete
  2. അശോക് ജീ
    അനന്തമജ്ഞാതമവർണ്ണനീയം എന്നല്ലെ കവി പാടിയത്?
    ഇതു പോലെ മിക്കവർക്കും കാണുമായിരിക്കും ഓരൊരൊ അനുഭവങ്ങൾ
    എനിക്ക് ആ മുക്കാൽ മണീക്കൂർ നേരം തലച്ചോറിലെ രജിസ്റ്ററിൽ ഇല്ല

    ReplyDelete
  3. ഡോക്റ്റർജി, കയ്യിലെ സ്റ്റോക്കൊക്കെ തീർന്നോ? ഇമ്മാതിരിയൊക്കെ എഴുതാൻ?

    ReplyDelete
  4. വിശദീകരിക്കാനാവാത്ത ചില സംഭവങ്ങള്‍. അല്ലേ?

    ReplyDelete
  5. എന്റെ ഡോക്റ്ററേ, ഇത്തരം അനുഭവങ്ങൾ കൊണ്ട് നിറഞ്ഞതാണ് എന്റെ ജീവിതം. മുൻപ് മിനിലോകത്തിൽ എഴുതിയിട്ടുണ്ട്.
    Veekay Ashokan,,
    കൈ മാത്രമല്ലെ മുറുകെ പിടിച്ചിട്ടുള്ളു, എന്റെ തല മുതൽ കാലുവരെ മുറുകെ പിടിച്ച് കഴുത്ത് ഞെരിക്കാറുണ്ട്. ഒടുവിൽ രക്ഷപ്പെടുന്ന നേരത്ത് ബഹളം വെക്കുമ്പോൾ വീട്ടുകാരൊക്കെ ഉണരാറുണ്ട്. ബ്ലോഗെഴുത്ത് തുടങ്ങിയതു മുതൽ അതുപോലുള്ള പ്രശ്നങ്ങളൊന്നും ഇല്ല. എന്റെ ഡിലീറ്റ് ചെയ്യപ്പെട്ട ദിനങ്ങൾ ഇവിടെയുണ്ട്. http://mini-minilokam.blogspot.in/2009/06/23-delete.html

    ReplyDelete
  6. ഞാനൊക്കെ ഇതുപോലെ
    ഇമ്മണി തവണ പലപ്പോഴും
    എന്റെ ശരീരം വിട്ട് പല സഞ്ചാരങ്ങളും നടത്താറുണ്ട്...

    എന്റെ ജി.പി(ഡോക്ട്ടർ) അതൊക്കെ ഉപബോധ മനസ്സിന്റെ ചിന്തകളാണ് പോലും...!

    ReplyDelete
  7. ആൾരൂപൻ ജി
    കയ്യിൽ പണ്ടും സ്റ്റോക്കൊന്നും ഇല്ലായിരുന്നല്ലൊ. ഉള്ളതെല്ലാം ഇതുപോലെ ഉള്ള ചരക്കുകൾ അല്ലെ? ഹ ഹ ഹ

    ReplyDelete
  8. അജിത് ജി

    നമ്മൾ നമ്മുടെതായ വിശദീകരണങ്ങൾ കൊടൂത്ത് അങ്ങു ഞെളിയുന്നല്ലെ ഉള്ളു സത്യം എന്താണെന്ന് ആർക്കറിയാം അല്ലെ? :)

    ReplyDelete
  9. മിനിറ്റീച്ചർ ആ കഥ ഞാൻ വായിച്ചിരുന്നു. പക്ഷെ റ്റീച്ചറുടെ ബ്ലോഗിൽ എനിക്ക് കമന്റാൻ സാധിക്കുന്നില്ല അതിലെ ഏതൊ ഒരു ഗാഡ്ജറ്റ് ന്റെപ്രശ്നം ആയിരിക്കാം ഞങ്ങളുടെ ഓഫീസിൽ അവൻ ബ്ലോക്ക് ആക്കും.

    ReplyDelete
  10. മുരളി ജീ, ഞാൻ ശരീരം വിട്ടു പോയതായൊന്നും തോന്നിയില്ല. സത്യത്തിൽ ഗാഢനിദ്ര പോലെ ആയിരിക്കാം. കട്ടിലിൽ ശ്രീമതി കിടത്തി ഈയർഫോൺ വച്ചു തന്നതിനു ശേഷം ഉള്ള മുക്കാൽ മണീക്കൂർ നേരം യാതൊന്നും ഓർമ്മ ഇല്ല. കണ്ണു തുറന്ന് ആകെ വെളുത്ത മുറിയിൽ ഞാൻ ഇതെവിടെ ആണ് എന്ന തൊണ്ണൽ ആയിരുന്നു പിന്നെ അറിയുന്നത്

    ReplyDelete
  11. എന്നാലും എന്റെ ഡോക്റ്റർജി, അങ്ങിപ്പറഞ്ഞത് തീരേ ശരിയായില്ല; കയ്യിൽ പണ്ടും സ്റ്റോക്കൊന്നും ഇല്ലായിരുന്നു എന്നല്ലല്ലൊ ഞാൻ എഴുതിയതിന്റെ പൊരുൾ. ഇതുപോലെ ഉള്ള ചരക്കുകൾ ആയിരുന്നു മുമ്പുണ്ടായിരുന്നതെങ്കിൽ ഞാനിങ്ങനെ എഴുതുമായിരുന്നോ? ആ, പോട്ടെ, ഇനി പറഞ്ഞത് തിരിച്ചെടുക്കാനാകില്ലാല്ലോ! (എനിയ്ക്കും, അങ്ങേയ്ക്കും)

    ReplyDelete
  12. ആൾരൂപൻ ജി

    അപ്പോൾ ഇത്തവണ എഴുതിയത് ഏശിയില്ല അല്ലെ?
    സാരമില്ല

    ഇനി ഞാൻ കൂടൂതൽ സീരിയസ് ആകാം :)

    ReplyDelete
  13. ഇതു വായിക്കുന്നതിനിടയിൽ എന്റെ കമ്പ്യൂട്ടർ ഒരു കാരണവുമില്ലാതെ കുറച്ചു നേരം അനങ്ങാതെയിരുന്നു. ഓപ്പറേഷൻ സിസ്റ്റത്തിന്റെ തകരാറാണെന്ന് തോന്നുന്നു. പഴയതു മാറ്റി പുതിയത് ഇൻസ്റ്റാൾ ചെയ്യണം. നമുക്കും അത് സാധിച്ചിരുന്നെങ്കിൽ...

    ReplyDelete