നാം ഓരോരുത്തരും വിചാരിക്കുന്നു നാം വളരെ പെര്‍ഫക്റ്റ് ആണ് എന്ന്. പ്രശ്നങ്ങള്‍ എല്ലാം മറ്റുള്ളവര്‍ക്കാണ്. അവര്‍ ചെയ്യുന്നതെല്ലാം ആണ് തെറ്റുകള്‍
ശരി എന്താണെന്നു നമ്മെ നോക്കി പഠിക്കുക , നാം എന്തു ചെയ്യുന്നോ അതൊക്കെ ആണ് ശരികള്‍.
ഇത് ഒരു ശരാശരി മനുഷ്യന്റെ വിചാരമാണ്. എത്രമാത്രം ശരി ആണ് ഇത് എന്ന് അവരവര്‍ തീരുമാനിച്ചുകൊള്ളുക.
നാം ഒഴികെ മറ്റു സാധാരണ മനുഷ്യര്‍ ചെയ്യുന്നതിനെയും നാം അംഗീകരിക്കാറില്ല, അവ നമ്മുടെചിന്താഗതിക്കനുസൃതമല്ലെങ്കില്‍. അപ്പൊ പിന്നെ മനോരോഗികള്‍ എന്നു മുദ്രകുത്തപ്പെട്ടവരുടെ ചെയ്തികളോ?
ഇതെഴുതുവാന്‍ കാരണം, ഞാന്‍ ആയുര്‍വേദം പഠിച്ചു കൊണ്ടിരുന്ന കാലത്തു കണ്ട രണ്ടു ചെറിയ സംഭവങ്ങള്‍ ആണ്
സംഭവം ഒന്ന്
കഥാപാത്രങ്ങള്‍ രണ്ട്.
രംഗം കോട്ടക്കല്‍
കഥാപാത്രം ഒന്ന്
ഏകദേശം നാലു നാലര അടി ഉയരമുള്ള അന്‍പത് വയസിനടുത്തു പ്രായം വരുന്ന ഒരു മനുഷ്യന്‍. മുണ്ടും ഉടുപ്പും സാധാരണ വേഷം.
ഞങ്ങള്‍ കാണാറുള്ള ദിനചര്യ, പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തന്റെ പോലെ.
കാലത്ത് ഈ മനുഷ്യന്‍ റോഡരികില്‍ ഇരുന്ന് ഒരു കമ്പു കൊണ്ട് കുത്തിയിളക്കി ആ കല്ലും മണ്ണും റോഡിലേക്കു എറിഞ്ഞു കൊണ്ടിരിക്കും. പലപ്പോഴും ഞങ്ങളുടെ ഹോസ്റ്റലിനും ( ധര്‍മ്മാശുപത്രിയുടെ എതിരില്‍ ആയിരുന്നു അന്ന്) കോളേജിനും ഇടയ്ക്കുള്ള ഏതെങ്കിലും ഒരു ഭാഗത്ത് കാണാം. ഉച്ചയാകുമ്പോഴെക്കും തിരികെ അതെല്ലാം റോഡില്‍ നിന്നും വാരി വശത്തേക്കിടും പിന്നെ എങ്ങോട്ടൊ പോകും.
കഥാപാത്രം രണ്ട്
ഏകദേശം ആറര ഏഴടി ഉയരമുള്ള മെലിഞ്ഞ അന്‍പതിനടുത്തു പ്രായം വരുന്ന ഒരാള്‍
ഒരു ചെറിയ തോര്‍ത്തുമുണ്ട് മാത്രം അരയ്ക്കു ചുറ്റിയിരിക്കും.
ഞങ്ങള്‍ കാണാറുള്ള ദിനചര്യ-
കാലത്ത് നേരത്ത് മഞ്ചേരി - തിരൂര്‍ റൂട്ടില്‍ അതിവേഗത്തില്‍ കാല്‍നടയാത്ര. ഇടയ്ക്കുള്ള ഒരു സ്റ്റോപ്പ് ആയുര്‍വേദ കോളെജ്. കോളേജ് കന്റീനു പിന്വശം അല്‍പനേരം ഇരിക്കും. ആരെങ്കിലും എന്തെങ്കിലും കൊടൂത്താല്‍ അതു കഴിക്കും അല്ലെങ്കില്‍ കുറച്ചു നേരം അവിടെ ഇരുന്നിട്ട് അവിടെ ഉള്ള പൈപ്പില്‍ നിന്നും വെള്ളം കുടിക്കും പിന്നീട് യാത്ര തുടരും.
ചിലര്‍ പറഞ്ഞു കേട്ടതാണ് മഞ്ചേരിയില്‍ നിന്നാണു യാത്രയുടെ തുടക്കം എന്നും തിരൂര്‍ വരെ പോകും എന്നും അതിന്റെ സത്യാവസ്ഥ അറിയില്ല. പക്ഷെ യാത്രയുടെ ദിശ അതാണ്.
തിരികെ വരുന്നതും അതിവേഗത്തില്‍ തന്നെ.
പല വര്‍ഷങ്ങള്‍ ഇവരെ കണ്ടു എങ്കിലും ഇവര്‍ രണ്ടു പേരും തമ്മിലോ മറ്റ് ആരോടെങ്കിലുമോ സംസാരിക്കുന്നതായി കണ്ടിട്ടില്ല. മേലെഴുതിയതില്‍ കവിഞ്ഞ് ആകെ കണ്ട മറ്റൊരു സംഭവം ആണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.
സംഭവം.
മേല്‍പറഞ്ഞതുപോലെ ഒന്നാമന്‍ റോഡരികില്‍ ഇരിക്കുന്നു. പക്ഷെ ഇന്നത്തെ ദിവസം ഒരു പ്രത്യേകതയുണ്ട്. അദ്ദേഹം ഉടുത്തിരിക്കുന്നത് തൂവെള്ള മുണ്ട്, , അണിഞ്ഞിരിക്കുന്നത് തൂവെള്ള ഉടൂപ്പ്. കാരണം നോമ്പു കാലം ആണ് ആ ഭാഗത്തുള്ള പല വീട്ടുകാരും അദ്ദേഹത്തിനു പുതിയ ഉടുപ്പും മുണ്ടും കൊടുത്തു. അണിഞ്ഞിരിക്കുന്നതൊഴികെ ബാക്കി എല്ലാം ഒരു ഭാണ്ഡക്കെട്ടിലാക്കി അടുത്തു വച്ചിട്ടും ഉണ്ട്.
ഈ സമയം രണ്ടാമന്‍ തന്റെ യാത്രയുടെ ഭാഗമായി അതിവേഗത്തില്‍ അവിടെ കൂടി കടന്നു പോകുന്നു, അദ്ദേഹത്തിന്റെ വേഷം പഴയതു പോലെ മുഷിഞ്ഞ തോര്‍ത്ത് അതും മുട്ടിനു മുകളില്‍ വരെ മാത്രം.
മണ്ണ്‍ എറിയുന്ന കൂട്ടത്തില്‍ ആദ്യത്തെ ആള്‍ രണ്ടാമനെ കണ്ടു.
പെട്ടെന്നു മണ്ണെറിയല്‍ നിര്‍ത്തി കൈകള്‍ കൂട്ടിയടിച്ചു clap clap
രണ്ടാമന്‍ കയ്യടി ശബ്ദം കേട്ടു. സഡന്‍ ബ്രേക്കിട്ടപോലെ നിന്നു, തിരിഞ്ഞു നോക്കി.
ആദ്യത്തെയാള്‍ കയ്യു കൊണ്ട് ആംഗ്യം കാട്ടി വിളിച്ചു.
രണ്ടാമന്‍ അരികിലെത്തി.
ആദ്യത്തെ ആള്‍ തന്റെ ഭാണ്ഡം തുറന്ന് ഒരു ജോടി മുണ്ടും ഉടുപ്പും രണ്ടാമനു നേരെ നീട്ടി. അയാള്‍ അതു വാങ്ങി ഒരു നിമിഷം പോലും താമസിക്കാതെ യാത്ര തുടര്‍ന്നു.
ആദ്യത്തെ ആള്‍ ഭാണ്ഡം കെട്ടി വച്ചു മണ്ണെറിയല്‍ തുടര്‍ന്നു
കണ്ടു നിന്ന ഞങ്ങള്‍ മിഴുങ്ങസ്യ എന്നു വായ പൊളിച്ചു നിന്നു.
ആ റോഡില്‍ കൂടി ഒറ്റ തോര്‍ത്തു മാത്രം ഉടുത്ത് മേല്‍ പറഞ്ഞ രണ്ടാമന്‍ മാത്രമല്ല പോയിരുന്നത്, ദാരിദ്യ്‌രമുള്ള അനേകരെ ഞങ്ങള്‍ കണ്ടിട്ടുണ്ട്.
കയ്യടി ശബ്ദം ആ ഒരു പ്രാവശ്യം മാത്രമല്ല കേള്‍ക്കുന്നത് പലരും പലരെയും കയ്യടിച്ച് വിളിക്കാറുണ്ട് ഒരു കയ്യടിയ്ക്കും മേല്‍പറഞ്ഞ ആള്‍ തിരിഞ്ഞു നോക്കി കണ്ടിട്ടില്ല.
പൊളിഞ്ഞ വായില്‍ ഈച്ച കേറണ്ടാ എന്നു കരുതി ഞങ്ങള്‍ വായടച്ചു.
ഞങ്ങള്‍ നോര്‍മല്‍ ആള്‍ക്കാരല്ലെ!!
സംഭവം രണ്ട്
കഥാപാത്രങ്ങള്‍ രണ്ട് ഇത്തവണ രണ്ടും സ്ത്രീകള്‍.
ഞാന്‍ ഉച്ചകഴിഞ്ഞ് ക്ലാസില്‍ പോകുവാനായി ബസു കാത്ത് , ഹോസ്റ്റലിനു മുന്നിലുള്ള മാടക്കടയുടെ അടുത്തുള്ള ആലിന്റെ തണലില്‍ നില്‍ക്കുന്നു.
അടുത്തായി ഒരു സ്ത്രീ - ഏകദേശം നാല്‍പതിനടൂത്തു പ്രായം കാണും നാലുനാലര അടി ഉയരം ഉള്ള ഒരു ഉമ്മ - നില്‍പ്പുണ്ട്. അവരും ബസ് കാത്തു നില്‍ക്കുകയായിരിക്കും എന്നു ഞാന്‍ വിചാരിച്ചു , അവരെ അതിനു മുന്‍പ് ഞാന്‍ കണ്ടിട്ടില്ല.
നേരിയ ചാറ്റല്‍ മഴയുണ്ട്. അപ്പോള്‍ അതാ ഞങ്ങള്‍ക്കു പരിചയം ഉള്ള ഒരു ഉമ്മ - ഏകദേശം അഞ്ച് അഞ്ചര അടി ഉയരമുള്ള മെലിഞ്ഞ ഒരു സ്ത്രീ പാട്ടും പാടി, കൈകള്‍ കൊണ്ട് താളവും അടീച്ച് - ഏകദേശം കൈകൊട്ടിക്കളി കളിക്കുന്നതുപോലെ വരുന്നു. പ്രത്യേകിച്ചു മറ്റൊരു പണിയും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ രണ്ടു പേരും അതു നോക്കി നില്‍ക്കുന്നു.
എന്നാല്‍ ആടിക്കളിച്ചു കൊണ്ട് ആ സ്ത്രീ ഞങ്ങളുടെ മുന്നില്‍ എത്തിയതും, എന്റെ അടുത്തു നിന്ന സ്ത്രീ അട്ടഹസിച്ചു കൊണ്ട് ഒരു ചാട്ടം റോഡിലേക്ക്, തുടര്‍ന്നു കളി രണ്ടു പേരും കൂടി ആയി.
എന്റെ നെഞ്ചില്‍ നിന്നും ഒരു തീ ഉയര്‍ന്നു താന്നു വീണ്ടും വായ പൊളിച്ച് അവിടെ കുറച്ചു നേരം നിന്നു.
ഈ സംഭവങ്ങള്‍ കണ്ട് എനിക്കൊരു സംശയം
ഇവര്‍ തമ്മില്‍ സംവദിക്കുന്നത് നാം സംവദിക്കുന്നതില്‍ നിന്നും വ്യത്യസ്ഥമായി ആയിരിക്കുമൊ?
ഇനി മനോരോഗം എനിക്കായിരിക്കുമൊ? അവര്‍ ആയിരിക്കുമോ നോര്‍മല്‍
ആ അല്ലെ
added later in response to Dr Jayan's comment
ഡോ. ജയന്‍ അത്ര പെട്ടെന്നു പറഞ്ഞൊഴിയാന്‍ സാധിക്കുമോ?
നമ്മള്‍ ഉണ്ടാക്കിയ സൂചികകള്‍ക്കു നിരക്കുന്നില്ല എന്നതു കൊണ്ട് അവര്‍ നോര്‍മല്‍ അല്ലാതെ ആകുമോ?
അവരുടെ സൂചിക എന്താണാവോ?
ചെസ് കളിക്കുന്നതു കണ്ടിട്ടില്ലേ?
നാം രണ്ട് പേര്‍ കളിച്ചാല്‍ കളിയുടെ തീരുമാനം - ജയം അല്ലെങ്കില്‍ തോല്‌വി അല്ലെങ്കില്‍ ഡ്രോ ഇവയി ഏതെങ്കിലും ഒന്ന് അറിയുന്നതു വരെ തുടരും അല്ലെ?
ലോകചാമ്പ്യന്‍ഷിപ് കണ്ടിട്ടില്ലെ?
കുറെ നീക്കങ്ങള്‍ കഴിയുമ്പോള്‍ ഒരാള്‍ resign ചെയ്യും. കാരണം ഇനി കളിച്ചാലും എന്തൊക്കെ വരാം എന്ന് അവര്‍ക്ക് നേരത്തെ അറിയാം
പക്ഷെ അവര്‍ resign ചെയ്യുന്നതിനു മുമ്പ് അത്രയും നീക്കങ്ങള്‍ അഥവാ അതുപോലെ ഒരു അവസ്ഥ സംജാതം ആകുന്നതു വരെ കളിക്കണം. അതു കഴിഞ്ഞാല്‍ അവര്‍ക്കറിയാം
ഇനി ഒരു വട്ടു ചോദ്യം ചോദിക്കട്ടെ?
നമ്മുടെ കഥാപാത്രങ്ങള്‍ ഇതു പോലെ ചെസ് കളിക്കാത്തത് , കളിക്കാതെ തന്നെ അവര്‍ക്ക് അതിന്റെ ഫലം നേരത്തെ അറിയാവുനതു കൊണ്ടായിരിക്കുമോ?
ചെസ് ഒരു ഉദാഹരണം ആയി പറഞ്ഞു എന്നെ ഉള്ളു
ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങള്‍ക്കു വേണ്ടി സത്യത്തിനും നീതിക്കും നിരക്കാത്ത അനേകമനേകം കൊള്ളരുതാഴികകള്‍ ദിവസേണ കാട്ടിക്കൂട്ടുന്ന , ലോകം മുഴുവന്‍ മലീമസം ആക്കുന്ന , നോര്‍മല്‍ എന്നഭിമാനിക്കുന്ന നാം ചെയ്യുന്ന വികൃതികള്‍ ഒന്നും ഇവര്‍ ചെയ്യാറില്ല