Saturday, April 30, 2011

ജന്തുലോകത്തിലെ അത്ഭുതക്കാഴ്ച

അടുത്ത ഭാഗം വായിക്കാന്‍ ഇവിടെ ഞെക്കുക


(ചിത്രം നമ്മുടെ സജ്ജീവേട്ടന്റെ വക )


ഇത്‌ ചെറുപ്പത്തില്‍ ഞാന്‍ കണ്ട ഒരു കാഴ്ച്ചയാണ്‌. അന്നുകാലത്ത്‌ ഇന്നത്തെ പോലെ ഒരു വിഡിയൊ ക്യാമറ എങ്ങാനും ഉണ്ടായിരുന്നു എങ്കില്‍ --

ഇല്ലാതിരുന്നതു കൊണ്ട്‌ ഞാന്‍ അത്‌ അതുപോലെ വിശദീകരിക്കാന്‍ ശ്രമിക്കാം

എനിക്കു പണ്ടേ പൂച്ചകളെ ഇഷ്ടമാണ്‌ (പൂച്ചകളെ മാത്രമല്ല പട്ടികളെയും പശുക്കളെയും എല്ലാം എല്ലാം ഇഷ്ടമാണ്‌ കേട്ടൊ)

അങ്ങനെ ഞാന്‍ ആയുര്‍വേദവൈദ്യനായി ഒരിടത്ത്‌ പ്രാക്റ്റീസ്‌ ചെയ്യുന്ന കാലം.

എനിക്കൊരു പൂച്ചക്കുഞ്ഞിനെ കിട്ടി.
അതിനെ താമസസ്ഥലത്തു കൊണ്ടു വന്ന്‌ വളര്‍ത്തി.

കാലത്തു പാലുവാങ്ങിച്ചാല്‍ അതു ചായ തിളപ്പിക്കുന്നതിനു മുന്‍പ്‌ പൂച്ചയ്ക്കുള്ളത്‌ അതിനു വേണ്ടി ഒരു കൊച്ചു പാത്രം ഉള്ളതില്‍ ഒഴിച്ചു കൊടുക്കും. പൂച്ചയും വളരെ പെട്ടെന്നു പഠിച്ചു. കാലില്‍ മുട്ടി ഉരുമ്മി ആ പാല്‍ ക്കാരന്‍ വരുന്നതു മുതല്‍ എന്റെ ഒപ്പം കാണും.

അങ്ങനെ വളര്‍ന്നു വളര്‍ന്ന്‌ അതിന്റെ ശരീരം ഒരു താറാവിന്‍ മുട്ടയുടെ വലിപ്പം വച്ചു.

ഒരു ദിവസം പാല്‍ക്കാരന്‍ വന്നിട്ടും പൂച്ച എന്റടുത്തു വന്നില്ല.

പാല്‍ പാത്രത്തില്‍ ഒഴിച്ചു വച്ചിട്ട്‌ വിളിച്ചു നോക്കി എന്നിട്ടും കാണുന്നില്ല. ഇതെവിടെ പോയി എന്നറിയാതെ ഞാന്‍ ചുറ്റും നോക്കി നാന്നു.

വീടിന്റെ പിന്നില്‍ ഒരു വശത്ത്‌ എത്തിയപ്പോള്‍ അവിടെ വാതിലിന്റെ ഉമ്മറപ്പടിയില്‍ ഇരിപ്പുണ്ട്‌ കക്ഷി.
ഞാന്‍ വന്നതൊന്നും അറിഞ്ഞിട്ടില്ല അഥവാ അറിഞ്ഞ ഭാവം ഇല്ല. ചെവികള്‍ കൂര്‍പ്പിച്ച്‌ ഇമവെട്ടാതെ അകലേയ്ക്കു നോക്കി ഇരിക്കുകയാണ്‌

ഇതെന്തു നോക്കി ഇരിക്കുന്നു എന്നറിയാന്‍ ഞാനും അതിന്റെ നോട്ടം ചെല്ലുന്ന സ്ഥലത്തേയ്ക്കു നോക്കി.

അവിടെ ഏകദേശം ഒരു ചാണ്‍ നീളം ( 6 ഇഞ്ച്‌ സ്കെയിലിന്റെ നീളം)ഉള്ള ഒരു പാമ്പിന്‍ കുഞ്ഞ്‌ ഇഴഞ്ഞു പോകുന്നു.

പൂച്ചക്കുഞ്ഞ്‌ ഇരിക്കുന്നിടത്തു നിന്നും ഒരു പത്തു പന്ത്രണ്ടടി ദൂരത്താണ്‌ അത്‌.

അതിനപ്പുറം ആയുര്‍വേദമരുന്നുകള്‍ കൊണ്ടു വരുന്ന പഴയ വീഞ്ഞപ്പെട്ടികള്‍ അടുക്കി വച്ചിട്ടുണ്ട്‌.

അതിനടിയിലേക്കാണ്‌ പാമ്പിന്‍ കുഞ്ഞിന്റെ പോക്ക്‌

അത്‌ ഇഴഞ്ഞിഴഞ്ഞ്‌ ആ പെട്ടികളുടെ അടുത്തെത്തി.

അതിന്റെ തല പെട്ടിയുടെ അടിയില്‍ ആയതും ഒരു മിന്നായം പോലെ ആ പൂച്ചക്കുഞ്ഞ്‌ അതിനടുത്തെത്തി കൈ കൊണ്ട്‌ മാന്തി അതിനെ തിരികെ ഒരു അഞ്ചാറടി പിന്നിലാക്കി ,ശേഷം അതേ പോലെ തിരികെ വാതിലിന്റെ പടിയില്‍ എത്തി പഴയതു പോലെ ഇരിപ്പായി.

ഇതൊന്നും പ്രതീക്ഷിക്കാതെ ആയതിനാല്‍ ആദ്യം എനിക്കു ശരിക്കങ്ങു മനസ്സിലായില്ല. പക്ഷെ ഇതേ കൃത്യം ഒരു മൂന്നു നാലു തവണ കണ്ടപ്പോള്‍ - Action Replay എല്ലാം അതിവേഗതയില്‍ ആണെങ്കിലും രണ്ടു ജന്തുക്കളുടെയും ഉള്ളിലിരിപ്പ്‌ മനസ്സിലായി.

എന്നാല്‍ ഇനി അടൂത്തതാണ്‌ അതിലും അതിശയം.

പലതവണ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും നടക്കാത്തതിനാല്‍ പാമ്പിന്‍ കുഞ്ഞും എന്തോ തീരുമാനിച്ചുറച്ചു കാണണം അതല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലല്ലൊ.

പക്ഷെ അതും എനിക്കു പ്രതീക്ഷയിലില്ലാതിരുന്നതു കൊണ്ട്‌ അത്ര വ്യക്തമായി കാണാന്‍ സാധിച്ചില്ല

ആ അവസാനത്തെ പ്രാവശ്യം പൂച്ച പാമ്പിന്‍ കുഞ്ഞിനെ പിന്നിലേക്കു മാന്തിയിടാന്‍ ശ്രമിച്ചു. പക്ഷെ അതിനു ശേഷം ഞാന്‍ കാണുന്ന കാഴ്ച

പൂച്ചക്കുഞ്ഞ്‌ നിലത്തിരിക്കുന്നു. അതിന്റെ മുന്‍ വശത്തെ ഒരു കയ്ക്കടിയില്‍ പാമ്പിന്‍ കുഞ്ഞിന്റെ തല അമര്‍ത്തിപിടിച്ചിരിക്കുന്നു.

പാമ്പിന്റെ ഉടല്‍ പൂച്ചക്കുഞ്ഞിന്റെ കഴുത്തില്‍ മുറുകിയിരിക്കുന്നു.

പരമശിവന്റെ അവതാരം !!

പൂച്ച ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടുന്നതുപോലെ വായ പിളര്‍ന്നു പിടിച്ചിരിക്കുന്നു.

ഇവിടം കൊണ്ടും തീരുന്നില്ല. അടൂത്ത കാഴ്ച്ച വര്‍ണ്ണിക്കുവാന്‍ ആണ്‌ പ്രയാസം.

കഴുത്തില്‍ ചുറ്റിയ ചുറ്റ്‌ അഴിക്കുവാന്‍ വേണ്ടി അതിനെതിരായ ദിശയില്‍ പൂച്ച കറങ്ങുന്നു - അതിവേഗതയില്‍. നാം ശയനപ്രദക്ഷിണം നടത്തില്ലെ അത്‌ ഊഹിച്ചാല്‍ മതി -പൂച്ചക്കുഞ്ഞ്‌ പലപ്രാവശ്യം അതുപോലെ കറങ്ങും, പക്ഷെ അതു നിര്‍ത്തുമ്പോള്‍ പഴയതു പോലെ തന്നെ പാമ്പിന്‍ കുഞ്ഞിന്റെ തല അതിന്റെ കയ്ക്കടിയിലും കാണും കഴുത്തിലെ ചുറ്റ്‌ അതുപോലെ തന്നെയും കാണും.

രണ്ടു മൂന്നു തവണ ആയപ്പോഴേക്കും പൂച്ചക്കുഞ്ഞിന്റെ വായ കൂടൂതല്‍ കൂടൂതല്‍ തുറന്നു വരുന്നതു കണ്ട്‌ ഞാന്‍ ഇടപെട്ടു. ഒരു കമ്പെടുത്ത്‌ ആദ്യമായി ഒരു പാമ്പിനെ യമപുരിയ്ക്കയച്ചു.

അതിനുശേഷം പലപ്രാവശ്യം ഞാന്‍ പരീക്ഷണം നടത്തി - തുണി കോണ്ടുള്ള ഒര്‍ നാടയായാലും മുകളില്‍ നിന്ന് ആ പൂച്ച ക്കുഞ്ഞിന്റെ കഴുത്തില്‍ മുട്ടിച്ചാല്‍ അത്‌ പമ്പരം പോലെ കറങ്ങിത്തുടങ്ങും.

എന്നാല്‍ മറ്റ്‌ ഒരു പൂച്ചയും അങ്ങനെ ചെയ്തു കണ്ടില്ല എല്ലാ പൂച്ചയുടെയും കഴുത്തില്‍ പരിശോധിച്ചു കേട്ടൊ

പാമ്പ്‌ കഴുത്തില്‍ ചുറ്റിയപ്പോള്‍ ഇങ്ങനെ കറങ്ങിയാല്‍ അതഴിയാന്‍ സാധ്യത ഉണ്ടെന്ന്‌ ഈ പൂച്ചക്കുഞ്ഞിന്‌ തോന്നിയത്‌ എങ്ങനെ ആണാവോ
യുക്തിവാദികളോട്‌ ചോദിച്ചാല്‍ പറയുമായിരിക്കും "ഠപ്പേ ന്നൊരു പരിണാമം നമ്മുടെ Big Bang പോലെ, പാമ്പാ ചുറ്റി പരിണാമമാ വന്നു" അല്ലേ

ഇതേ പൂച്ചയുടെ തന്നെ ഒന്നു രണ്ടു കഥകള്‍ കൂടി ഉണ്ട്‌ പതുക്കെ ആകാം
അടുത്ത ഭാഗം വായിക്കാന്‍ ഇവിടെ ഞെക്കുക

10 comments:

  1. പാമ്പിന്റെ ഉടല്‍ പൂച്ചക്കുഞ്ഞിന്റെ കഴുത്തില്‍ മുറുകിയിരിക്കുന്നു.

    പരമശിവന്റെ അവതാരം !!

    ReplyDelete
  2. ഇതൊരപൂർവ്വ കാഴ്ച തന്നെ. അവസാനം പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തി എടുത്തു അല്ലേ. ചിത്രം ഗംഭീരം.

    ReplyDelete
  3. മുകളിലെ എഴുത്തുകാരി ഞാൻ തന്നെയാട്ടോ.

    ReplyDelete
  4. എഴുത്തുകാരീ, വളര്‍ത്തുന്ന പൂച്ചക്കുഞ്ഞല്ലെ രക്ഷിക്കണ്ടേ?


    പാമ്പ്‌ കഴുത്തില്‍ ചുറ്റിയപ്പോള്‍ ഇങ്ങനെ കറങ്ങിയാല്‍ അതഴിയാന്‍ സാധ്യത ഉണ്ടെന്ന്‌ ഈ പൂച്ചക്കുഞ്ഞിന്‌ തോന്നിയത്‌ എങ്ങനെ ആണാവോ

    യുക്തിവാദികളോട്‌ ചോദിച്ചാല്‍ പറയുമായിരിക്കും

    "ഠപ്പേ ന്നൊരു പരിണാമം നമ്മുടെ Big Bang പോലെ, പാമ്പാ ചുറ്റി പരിണാമമാ വന്നു" അല്ലേ

    ReplyDelete
  5. പൂച്ചലോകത്തിലെ അൽഭുതക്കാഴ്ചകൾ!

    ഇഷ്ടപ്പെട്ടു.

    ReplyDelete
  6. നല്ല വിവരണം.
    ഇതൊരു ജീവിക്കും അതിനാവശ്യമായ അടിസ്ഥാന ലോജിക് ഇല്ലാതിരിക്കുമോ?

    ReplyDelete
  7. അനില്‍ ജീ,

    ഞാന്‍ തമാശയും കാര്യവും ഇടകലര്‍ത്തി എഴുതിയതല്ലെ

    ജീവനുള്ളപ്പോഴല്ലെ പ്രപഞ്ചവും മറ്റു മണ്ണാങ്കട്ടയും എല്ലാം ഉള്ളു?

    ആ ജീവല്‍സ്ഫുലിംഗം ഉത്ഭവിക്കുന്നത്‌ ഒരു Bang ആയിരിക്കാം ബിഗോ സ്മാളൊ

    ഏതായാലും നമ്മുടെ പൂര്‍വികര്‍ പറഞ്ഞ ഒരു കാര്യം പശുക്കുട്ടി ആദ്യം എണീറ്റാല്‍ ഉടന്‍ തപ്പുന്നത്‌ അതിന്റെ അമ്മയുടെ മുലയാണ്‌
    അതുപോലെ ആപൂച്ചക്കുഞ്ഞിനും കഴുത്തില്‍ പാമ്പു ചുറ്റിയാല്‍ ചെയ്യേണ്ടത്‌ എന്താണെന്ന്‌ Built-in അറിവുണ്ടാകുമായിരിക്കും. പക്ഷെ പല പൂച്ചയ്ക്കും കഴുത്തില്‍ നാട മുകളില്‍ നിന്നു മുട്ടിച്ചിട്ടും കഴുത്തില്‍ ചുറ്റിയിട്ടും ഒന്നും ഈ പരിപാടി കാണീക്കാന്‍ തോന്നിയില്ല.

    ReplyDelete
  8. കൊള്ളാം നല്ല അവതരണം

    ReplyDelete
  9. മനുഷ്യൻ അവന്റെ ചുറ്റിലും ഉള്ള ജന്തുക്കളിൽ നിന്നും പലതും പഠിച്ചു. ഞാനാണ് കേമനെന്നു കാണിക്കാൻ അതിനെയെല്ലാം അവന്റെ ആവശ്യത്തിന് മെരുക്കിയെടുത്തു. എന്നിട്ടും ഇപ്പോഴും ഒരു പേടി. നമ്മളെക്കാൾ കഴിവ് മറ്റു ജന്തുക്കൾക്കുണ്ടോ എന്ന്. നമ്മടെ ആറാം ഇന്ദ്രിയം.

    ReplyDelete
  10. ഒരു കാര്യം നോക്കിയാല്‍ മൃഗങ്ങള്‍ക്കു നമ്മളെക്കാള്‍ കഴിവു വളരെ കുറവാണ്‌

    ചതിക്കാന്‍

    ReplyDelete