Wednesday, April 25, 2018

ഗ്രാമവിശേഷങ്ങൾ

മദ്ധ്യപ്രദേശിലെ ഗ്രാമസേവനത്തിനിടയ്ക്കുള്ള ചില കാര്യങ്ങൾ ഇട്യ്ക്ക് ഓർമ്മവരും.

ഹിമ്മത്പുര എന്ന ഒരു ഗ്രാമം. അവിടെ ഒരു മരച്ചുവട്ടിലാണ്‌ ക്യാമ്പ്. വണ്ടികൾ ആ തണലിൽ ഇടും. ഗ്രാമവാസികൾ അവിടെ വരും

ഒരു തവണ കൊടും ചൂടു കാലം മേ ജൂൺ മാസങ്ങൾ അസഹ്യം ആണ്‌ - നമുക്ക്. പക്ഷെ ഗ്രാമീണർക്ക് അതൊരു പ്രശ്നം അല്ല

കാരണം അവർ കോൺക്രീറ്റ് കാട്ടിലല്ലല്ലൊ താമസിക്കുന്നത്

ഒരു  ദിവസം ഉച്ച നേരം ഊണു കഴിഞ്ഞ് വിശ്രമം ആണ്‌. അപ്പോഴാണ്‌ കുറച്ച് അകലെ ഉള്ള ഒരു മരത്തണലിൽ കുറച്ചാളുകൾ ഇരുന്ന് ഹോമം പോലെ എന്തോ ചെയ്യുന്നു.

ഞാൻ കൂട്ടത്തിലുള്ളവരോടു ചോദിച്ചു ഇതെന്താണ്‌?

അവർ പറഞ്ഞു മഴ ഇല്ലാത്തത് കൊണ്ട് മഴയ്ക്കു വേണി ഉള്ള പൂജ ആണ്‌

അന്ന് ചൂട് 51 ഡിഗ്രി ഉള്ള സമയം

ഞാൻ ചൊദിച്ചു ഇത് കൊണ്ട് മഴ പെയ്യുമൊ?

പെയ്യും എന്നാണവരുടെ വിശ്വാസം.

ഞാൻ ഏതായാലും അത് കാത്തിരിക്കുവാൻ തന്നെ തീരുമാനിച്ചു. ഒന്നിനെയും ചുമ്മാതെ എതിർക്കുന്ന സ്വഭാവക്കാരൻ അല്ല ഞാൻ. എനിക്കു മനസിലാകുന്നില്ല എന്ന് വച്ച് മറ്റെല്ലാവർക്കും മനസിലാകില്ല എന്നില്ലല്ലൊ ഉവ്വൊ

ആഗ്രാമത്തിൽ ലാൽ സിംഗ് എന്ന ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. അയാൾ ഒരിക്കൽ ചികിൽസക്കായി ഞങ്ങളുടെ വാഹനത്തിനടുത്ത് വന്നു

പരിശോധനക്കു മുൻപു തന്നെ TB ആണെന്നു പറയാൻ പറ്റുന്ന അവസ്ഥ.

അന്ന് TBയ്ക്കുള്ള മരുന്ന് ഞങ്ങൾ കൊടുക്കാറില്ല, പകരം സർക്കാരാശുപത്രിയിലേക്ക് വിടുക ആയിരുന്നു പതിവ്

രക്തപരിശോധനയും XRay എടുപ്പും കഴിഞ്ഞ് അയാളോട് സർക്കാർ ആശുപത്രിയിൽ കാണീക്കുവാൻ പറഞ്ഞു.
അടുത്ത ആഴ്ച്ച അവിടെ എത്തിയിട്ട് ഇയാളെ കണ്ടില്ല.

ഗ്രാമപ്രമുഖന്റെ കൂടെ അയാളുടെ കുടിലിൽ പോയി. കാര്യം  അന്വേഷിച്ചു.

സർക്കാരാശുപത്രിയിൽ പോയി പക്ഷെ മരുന്ന് കിട്ടിയില്ല.

അന്ന് ഞാൻ  തീരുമാനിച്ചു - സർക്കാരിന്റെ പിന്നാലെ പോയാൽ ഇവർക്കൊന്നും ചികിൽസ കിട്ടാൻ പോകുന്നില്ല, അത് കൊണ്ട് TB ക്കുള്ള ചികിൽസയും ഞാൻ തന്നെ ചെയ്യ്ം എന്ന്. പക്ഷെ പ്രശ്നം Fund ആണ്‌. അതിന്റെ മരുന്നുകൾ വിലപിടിച്ചതും ഒരാൾക്കു തന്നെ 6-9 മാസം തുടർന്ന് കൊടുക്കേണ്ടതും ആയത് കൊണ്ട് അത്രയും താങ്ങാനുള്ള fund തല്ക്കാലം ഞങ്ങൾക്കില്ല

ഞാൻ തന്നെ ജില്ലാ ആശുപത്രിയിൽ പോയി RNTCP വിഭാഗത്തിന്റെ Doctor നെ കണ്ടു കാര്യം പറഞ്ഞു.

അയാൾ ഒരു മനുഷ്യപറ്റുള്ള ആളായിരുന്നു. അത് കൊണ്ട് ഒന്നു സമ്മതിച്ചു Inj. Streptomycin  തരാം പക്ഷെ രോഗികളുടെ വിവരം പൂരിപ്പിക്കുന്ന Form fill ചെയ്ത് തിരികെ കൊടുക്കണം.

എനിക്ക് വളരെ സന്തോഷം ആയി.

അങ്ങനെ ഗ്രാമസർക്കീട്ട് കഴിഞ്ഞാൽ ഞങ്ങളുടെ ഓഫീസിലും പ്രതിദിന ചികിൽസയ്ക്ക് ഇവരോടു വരാൻ പറഞ്ഞു.

ബാക്കി രണ്ടു മരുന്നുകൾ ഞങ്ങൾ വാങ്ങി.

ലാൽസിംഗിന്റെ വീട്ടിൽ വീണ്ടും എത്തി.  പക്ഷെ ഇഞ്ജക്ഷൻ എടുക്കാൻ അയാൾ ജന്മത്ത് വരില്ല. അവസാനം ഗ്രാമീണരുടെ സഹായത്തോടെ പറഞ്ഞ് പറഞ്ഞ് ഒരു തരത്തിൽ സമ്മതിപ്പിച്ചു. ചികിൽസ രണ്ടു മാസം തുടർന്നു. ആൾ ഒന്നുരുണ്ടു നന്നായി. പിന്നെ ചെന്നപ്പൊൾ ആളെ കാണാനില്ല.

അന്വേഷിച്ചപ്പോൾ അറിഞ്ഞു പണീക്കു പോയി. നാഗപ്പൂർ Delhi ഇവിടങ്ങളിലൊക്കെ പോയി പണീ എടുക്കും, കുറച്ചു നാൾ കഴിഞ്ഞ് തിരികെ വരും അങ്ങനെ ആണ്‌ ഇവരുടെ ജീവിതം.

എന്നാലും മരുന്നു നിർത്തിയത് ശരിയായില്ല, മരുന്നു കൊണ്ടു പോകണമായിരുന്നു  എന്നു ഞാൻ പറഞ്ഞു. പക്ഷെ എന്ത് ഫലം?

കുറച്ച് മാസം കഴിഞ്ഞപ്പോൾ വീണ്ടും കണ്ടു, പഴയതു പോലെ രക്തം ഛർദ്ദിച്ച് ഉണങ്ങി മെലിഞ്ഞ് ആ രൂപം

ആ ഓർമ്മ ഒട്ടും സുഖമുള്ളതല്ല, അതിൽ നിന്നും അവൻ രക്ഷപെട്ടും ഇല്ല.

അതിരിക്കട്ടെ അപ്പോൾ പറഞ്ഞു വന്ന കാര്യം ഹോമം ആയിരുന്നു അല്ലെ?

ഏകദേശം മൂന്നു മണി ആയപ്പോൾ ചൂടു കാറ്റ് വളരെ ശക്തിയിൽ അടിച്ച് കുറച്ച് കാർമേഘം വന്ന് പൊട്ടിച്ചിതറുന്ന ഒരു മഴ. അധികനേരം ഒന്നും ഇല്ല , ഒഴുകാനും മാത്രം വെള്ളവും വീണില്ല, പക്ഷെ മഴ പെയ്തു പേരിനു മാത്രമാണെങ്കിലും

നിങ്ങൾ വിശ്വസിക്കണമെന്നില്ലാട്ടൊ.

ഗ്രാമവിശേഷങ്ങൾ വീണ്ടും എഴുതാം

3 comments: