Monday, September 26, 2016

ബാല്യകാലസ്മരണകൾ - 4




ഓണം പ്രധാനം. അത്തം മുതൽ പൂക്കളം ഇടാനുള്ള ബഹളം ആണ്‌. പൂക്കൾ പറിച്ചു കൊണ്ടു വരൽ കഴിഞ്ഞാൽ മുറ്റത്ത് ചാണകം മെഴുകി അതിന്റെ നടൂക്ക് ഒരു ഈർക്കിലിൽ ഒരു ചെമ്പരുത്തി പൂവ് കുത്തി നാട്ടും. പിന്നീട് അതിനു ചുറ്റും പൂക്കളം ഇടും. ചേച്ചിയും കൂടും എന്നല്ല ചേച്ചിയുടെ ആണ്‌പ്രധാന പങ്ക്.

തിരുവോണം നാളിൽ ചൂലു കൊണ്ട് മുറ്റം അടിക്കരുത് അത്രെ. അതിനു പകരം ഓണത്തുമ്പ എന്നൊരു ചെടി ഉണ്ട്. കാലത്തെ അത് പറിച്ചു കൊണ്ടു വന്ന് ചൂലു കെട്ടി അതു കൊണ്ടു വേണം, മുറ്റം അടിക്കാൻ

അതെല്ലാം പറിച്ചു കൊടൂക്കും.

തിരുവോണം അവിട്ടം ചതയം ഈ മൂന്നു ദിവസം പായിപ്പാട്ടാറ്റിൽ വള്ളം കളി ആണ്‌.. കേരളത്തിൽ ഇത്രയധികം ചുണ്ടന്വള്ളങ്ങൾ സ്വന്തമായുള്ള ഒരു പ്രദേശം വേറെ ഇല്ല. അതു കൊണ്ടു തന്നെ മൂന്നു ദിവസങ്ങളിലെയും വള്ളം കളി  നാട്ടുകാർ തന്നെ ആഘോഷമായി നടത്തിയിരുന്നു.

തിരുവോണനാൾ അതികാലത്തെ എല്ലാ വള്ളങ്ങളും ഹരിപ്പാട് അമ്പലത്തിൽ പൂജക്കായി പോകും. നെല്പ്പുരക്കടവിൽ വള്ളം നിർത്തിയിട്ട് അവിടെ  നിന്നു അല്ലാവരും തുഴയും പിടിച്ച് വള്ളപ്പാട്ടും പാടി അമ്പലത്തിൽ എത്തും.

കായംകുളം കായലിൽ നിന്നും കിട്ടിയ വിഗ്രഹം ചുണ്ടന്വള്ളങ്ങൾ അകമ്പടിയായിട്ടാണത്രെ അമ്പലത്തിലേക്ക് കൊണ്ടു വന്നത്. അതിന്റെ ഓർമ്മയ്ക്കാണീ വള്ളംകളി തന്നെ.

അമ്പലത്തിൽ നിന്നും പൂജിച്ച മാലയും വാങ്ങൈ അവരെല്ലാം അതുപോലെ തിരികെ  വന്ന് ആ മാലയും അണിയിച്ച്  പാടിക്കളിച്ച് തിരികെ എത്തുന്നതു വരെയെ ഉള്ളു തിരുവോണനാളിൽ കാലത്ത്. ഉച്ചയ്ക്കു ശേഷം വലിയവർക്കുള്ള സമയം ആണ്‌. നാട്ടിലെ പ്രമാണികൾ എല്ലാവരും ഒരുങ്ങി അവരവരുടെ കരയിലെ വള്ളങ്ങളിൽ കളിക്കും.

ചില വള്ളങ്ങളിൽ നെറ്റിപ്പട്ടം കെട്ടിയിരിക്കും, ചിലതിൽ കുടകൾ പിടിച്ചിരിക്കും.

ഏകദേശം 110 പേരോളം തുഴക്കാരായി ഉണ്ടാകും. നാലു പേർ അമരത്തുണ്ടാകും. അവരാണൂ വള്ളത്തിന്റെ ഗതി നിയന്ത്രിക്കുന്നത്. പാട്ടുകാർ നില്പ്പുകാർ എന്ന് വേറെയും ചിലർ. വെടിത്തടി എന്നു വിളിക്കുന്ന മദ്ധ്യഭാഗത്ത് കാൽ കൊണ്ടു ചവിട്ടി ശബ്ദമുണ്ടാക്കും. അന്നൊന്നും  കുറ്റി കൊണ്ട് ഇടിക്കുന്ന പതിവില്ലായിരുന്നു.

ഞാൻ ആദ്യം കാണുന്ന വള്ളം വലിയ ദിവാഞ്ജി ആറന്മുളയിൽ നിന്നും വാങ്ങിയതായിരുന്നു അത്രെ. എന്റെ അച്ഛൻ എൻ എസ് എസ് കരയോഗം പ്രസിഡന്റായിരിക്കുമ്പോൾ  ആണു പോലും അത് വാങ്ങിയത്.

വള്ളത്തിന്റെ  maintenance  ഒരു സംഭവം തന്നെ യാണ്‌. ആയാപറമ്പു വടക്കെക്കരയിൽ പുത്തൻ തോടിന്റെ കരയിൽ ആണ്‌ ഷെഡ്. അവിടെ കയറ്റി മീൻ നെയ്യ് പുരട്ടി  വയ്ക്കും വള്ളത്തീന്റെ തടിയും കയറും ചീത്തയാകാതിരിക്കാൻ.

കളി ഉള്ള സമയങ്ങളിൽ മാത്രമെ വെള്ളത്തിലിറക്കൂ.

അവിട്ടം നാളിലും ചതയം നാളിലും കാലത്തു മുതൽ ഉച്ച വരെ പിള്ളേർക്കു കളിക്കാനുള്ള സമയം ആണ്‌. അപ്പോൾ വെടിത്തടിയിലും അമരത്തും മാത്രം വലിയവർ കയറും. അത് പിള്ളേരെ കൊണ്ട് നടക്കുന്ന കാര്യം അല്ലല്ലൊ.

അന്നൊക്കെ ഞാൻ തീരെ കൊച്ചായിരുന്നതു കൊണ്ട് വള്ളത്തിൽ കയറുവാൻ പോവില്ല. സ്കൂളിൽ ചേർന്നതിനു ശേഷം ആണ്‌വത്തിൽ കയറുന്നത്.

തിരുവോണം നാൾ കാലത്തെ ഹരിപ്പാട്ടു പോകണം. അമ്മയുടെ വീട് അവിടെയാണ്‌. അവിടെ അമ്മയുടെ അമ്മയും കുഞ്ഞമ്മയും, അനിയത്തിമാരും ഉണ്ട്.

അഛനെ വീട്ടുകാവൽ ഏല്പ്പിച്ചിട്ട് അമ്മയും ഞങ്ങൾ കുഞ്ഞുങ്ങളും കൂടി ഹരിപ്പാട്ടേക്ക് പുറപ്പെടും. പോകുന്നതിനു മുൻപു തന്നെ അച്ഛനു കാലത്തെ ആഹാരവും ഉച്ചക്കലത്തേക്കുള്ള ആഹാരവും  തയ്യാറാക്കി വച്ചിട്ടാണു പോകുന്നത്.

ഓണത്തിനു കിട്ടുന്ന ഒരു പുതിയ ഉടുപ്പും നിക്കറും ഉണ്ട് അതും ധരിച്ചാണ്‌ യാത്ര

നടന്നും ഓടിയും ചാടിയും ഒക്കെ ഞങ്ങൾ പിള്ളേർ. ആയാപറമ്പു സ്കൂളിനടുത്തെത്തുമ്പോൾ മിക്കവാറും അവിടത്തെ മാടക്കടയിൽ ആരെങ്കിലും സോഡ കുടിക്കുന്നത് ഒരു പ്രത്യേക കാഴ്ച്ച ആയിരുന്നു. കുറച്ചു നേരം അത് നോക്കി നില്ക്കും


കടക്കാരൻ സോഡക്കുപ്പിയിൽ ഒരു വിരൽ കടത്തി ഠപ്പ് എന്ന ഒരു ശ്ബ്ദത്തോടെ അതു തുറക്കുന്നതും അന്നേരം അതിൽ നിന്നും ആവി പോലെ ഗ്യാസ് പൊങ്ങുന്നതും , അത് വാങ്ങി ആളുകൾ കുടിക്കുന്നതും ഒരല്ഭുതം ആയിരുന്നു. അതിനു നല്ല മധുരം ആയിരിക്കും, എന്നും എന്നെങ്കിലും എനിക്കും കുടിക്കണം എന്നും ഒക്കെ വിചാരിച്ച് അങ്ങൻ പോകും.

പക്ഷെ ചോദിക്കാറില്ല, കാരണം അമ്മ മാത്രമല്ലെ കൂടെ ഉള്ളു. അമ്മയുടെ കയ്യിൽ പൈസ ഇല്ല എന്നറിയാം.

ഹരിപ്പാട്ടമപലത്തിന്റെ തെക്കു വശത്തു പുത്തൻ റോഡ് (ഇപ്പൊഴത്തെ main Road NH47 കഴിഞ്ഞാൽ പിന്നെ പാടവരമ്പാണ്‌. അല്പസ്വല്പം വെള്ളം കാണും അതിലുള്ള തവ്ളയെയും , പുളകനെയും മീൻ കുഞ്ഞുങ്ങളെയും ഒക്കെ കണ്ടും, ചിലപ്പോൾ കൊയ്യാറായിക്കിടക്കുന്ന നെല്മണിയെ കൈ കൊണ്ട് തൊട്ടും, ചിലപ്പോൾ പച്ച കതിരുകളിലെ നെല്ലിന്റെ പാൽ വലിച്ചു കുടിച്ചും  നരയങ്ങത് (നരസിംഹത്ത്) വീട്ടിൽ എത്തിയാൽ ഞാൻ ഒരോട്റ്റം ആണ്‌കളപ്പുരക്കലേക്ക്.

അമ്മ അമ്മയുടെ കുഞ്ഞമ്മ യുടെ അടൂത്ത് പോകും. നരയങ്ങതെ വല്യമ്മ എന്നായിരുന്നു ഞങ്ങൾ അമ്മയുടെ കുഞ്ഞമ്മയെ വിളിക്കുക.  എനിക്ക് ആ വല്യമ്മയെ വല്യ പേടിയായിരുന്നു.

അതിനൊരു കാരണം ഉണ്ട്. നേരത്തെ പറഞ്ഞില്ലെ  പുതിയ ഒരു നിക്കറും ഉടുപ്പും കിട്ടും എന്ന്. അന്നൊക്കെ നിക്കർ മാത്രമെ ഇടൂകയുള്ളു, അതിനകത്ത് മറ്റൊന്നും ഇടൂന്ന പതിവില്ല. അഴുക്കായാൽ വൈകുന്നേരം പോകുമ്പോൾ ഇടാൻ വേറെ ഇല്ലാത്തതു കൊണ്ട് , കളപ്പുരക്കൽ എത്തിയാൽ ആദ്യം  നിക്കറും ഉടുപ്പും ഊരിക്കളയും. കളിയൊക്കെ അതൊന്നും ഇല്ലാതെയാണ്‌.

പക്ഷെ ഒരിക്കൽ കളിച്ചു കളിച്ച് നരയങ്ങത്ത് എത്തി. വല്യമ്മ കണ്ടതും “കോണകം ഉടുക്കതെ നടക്കുന്നൊ, പിടിയെടാ അവനെ ആ ചട്ടുകത്തിൽ തീകൊള്ളി കോരിക്കൊണ്ടുവാ” എന്നൊരു അലർച്ച

നമ്മുടെ മർമ്മത്തിൽ തീയിട്ടതു തന്നെ എന്നു പേടിച്ച്  ഒറ്റ ഓട്ടത്തിനു തിരികെ കളപ്പുരക്കൽ എത്തി. അന്നു മുതൽ വല്യമ്മയെ പേടീയായിപ്പോയി. അതു കൊണ്ടവിടെ നില്ക്കാതെ ഞാൻ നേരെ കളപ്പുരക്കൽ പോകും. അമ്മ വല്യമ്മയുടെ അടൂത്ത് കുറെ നേരം വർത്തമാനം ഒക്കെ പറഞ്ഞ്  അമ്മയുടെ അനിയത്തി - (ഈ വല്യമ്മയുടെ മകൾ), ആങ്ങളമാർ ഇവരെ ഒക്കെ കണ്ട് പതുക്കെ കളപ്പുരക്കൽ എത്തും

കളപ്പുരക്കൽ അമ്മയുടെ അമ്മയും, അനിയത്തിയും മക്കളും. എനിക്കു കളിക്കാൻ കൂട്ട് ആ കുഞ്ഞമ്മയുടെ മക്കൾ. ഒപ്പം കളിക്കാൻ നരയങ്ങത്ത്  ഇന്നും കുഞ്ഞക്കയും എത്തും അങ്ങനെ എനിക്ക് അക്കമാർ മൂന്ന്  കുഞ്ഞക്ക കൊച്ചക്ക വല്യക്ക.

അവിടെ വീടിനു പിന്നിൽ ഒരു വലിയ പ്ലാവുണ്ട്. അതിൽ നല്ല ഉയരത്തിൽ നിന്നും വലിയ ഒരു ഊഞ്ഞാൽ കെട്ടിയിട്ടുണ്ടാകും

ഊഞ്ഞാലാട്ടം, ഉപ്പേരി  കയ്യിലെടുത്തിട്ടുള്ളതും തിന്നു കൊണ്ടു തന്നെ നറ്റത്തും

ഒരു ദിവസം കുഞ്ഞക്ക ആടിക്കൊണ്ടിരിക്കുമ്പോൾ ഉറക്കെ ഒരു വിളി കേൾക്കാം ശ്യാമേ ന്ന്.  കുഞ്ഞക്കയെ  വീട്ടിൽ നിന്നും വിളിക്കുന്നതാണ്‌.

അക്കയെ വിടാതിരിക്കുവാൻ വേണ്ടി ഞങ്ങൾ ആട്ടം നിർത്തിച്ചില്ല ഉന്തിക്കൊണ്ടേ ഇരുന്നു. നിർത്തിയാലല്ലെ ഇറങ്ങൂ എന്നായിരുന്നു ഞങ്ങളുടെ വിചാരം

നിർത്താൻ പറഞ്ഞിട്ടു ഞങ്ങൾ നിർത്താത്തതു കാരണം മുന്നോട്ടു പോയ പോക്കിൽ അക്ക ദാ എടുത്തൊരു ചാട്ടം.

ഞെട്ടി വിറച്ച ഞങ്ങൾ കാണുന്നത് അക്ക നേരെ നിലത്ത് കാൽ കുത്തി ഓടീ ഒരു പോക്ക്

വീണൂപോകും എന്നു ഭയന്ന ഞങ്ങൾ ചമ്മി. പക്ഷെ അതുപോലെ ഒന്നു ചാടാൻ പറഞ്ഞാൽ ദൈവത്തിനാണെ സത്യം ഇന്നും ഞാൻ ചാടില്ല

ഇവരും ഒത്ത് കളിയൊക്കെ കഴിഞ്ഞ്  ഉച്ചയൂണും കഴിഞ്ഞ് തിരികെ നടപ്പ് ആയാപറമ്പത്തേക്ക്

അവിട്ടം നാളിൽ കുഞ്ഞമ്മയും ചിറ്റപ്പനും അക്കമാരും ഒക്കെ ആയാപറമ്പത്ത് വരും. അന്നവിടെയാണ്‌ എല്ലാവർക്കും ഊണ്‌.

അവിട്ടം നാളിലും കാലത്തെ പിള്ളേരുടെ വക വള്ളം കളി. ഉച്ചക്കു ശേഷം വള്ളങ്ങൾ എല്ലാം അലങ്കരിച്ച് എല്ലാം കൂടി ഒന്നിച്ചു പാട്ടുപാടി കളിച്ച് രണ്ടൊ മൂന്നൊ പ്രാവശ്യം കിഴക്കു നിന്നും പടിഞ്ഞാറു വരെ പോകും

അന്നൊന്നും മൽസരം ഇല്ല. വെറുതെ പാടിക്കളിക്കുകയെ ഉള്ളു. അതുകൊണ്ട് ആർക്കും തുഴയാം. കൈ കുഴയുമ്പോൾ നിർത്താമല്ലൊ. ജയിക്കേണ്ട ആവശ്യം ഇല്ല. അതു കൊണ്ടു തന്നെ നാട്ടുകാർ മാത്രം ആയിരുന്നു വള്ളത്തിൽ കയറുന്നതും തുഴയുന്നതും

പിന്നെ അല്പം ചില കുസൃതികൾ ഇല്ലെന്നും പറഞ്ഞു കൂടാ

 കളികാണാൻ കൂടിയിട്ടുള്ള ആളുകൾ രണ്ടു കരകളിലും നില്പ്പുണ്ടാകും. ചിലർ നിലത്തായിർക്കും, ചിലർ കൊച്ചു വള്ളങ്ങളിൽ ആയിരിക്കും, മറ്റു ചിലർ ചാഞ്ഞു നില്ക്കുന്ന മരക്കൊമ്പുകളിൽ ആയിരിക്കും

രാമായണത്തിൽ ഹനുമാൻ ലങ്കയിലേക്കു ചാടൂന്ന രംഗത്തിൽ അത്കാണുവാൻ വേണ്ടി “”നാലുപാടും നോക്കി നിന്നു വാനരരെല്ലാം“”  എന്ന ഒരു വരി ഉണ്ട്

എല്ലാ വള്ളങ്ങളും ഒന്നിച്ചല്ല പോകുന്നത് എങ്കിൽ, ആയാപറമ്പു വള്ളം ആനാരി കരയുടെ ഭാഗത്തെത്തുമ്പോൾ, ആ വരി പാടത്തക്കവണ്ണം പാട്ടുകാർ പ്ലാനിടൂം. സൂക്ഷം ആ നോക്കി നില്ക്കുന്ന ആളുകളെ നോക്കി കൊണ്ട് ഈ വരി ഉറക്കെ പാടൂം.

അവരും ഇതൊക്കെ കണക്കാക്കി തന്നെ ആയിരിക്കും നില്പ്പ്. അതു കൊണ്ട് കയ്യിലിരിക്കുന്ന കല്ലു വലിച്ചെറിയും.

പക്ഷെ അതൊന്നും അന്ന് അധികം നീണ്ടു നിന്നിരുന്നില്ല. ഓണം കഴിഞ്ഞാൽ പിന്നീട് എല്ലാവരും പഴയതു പോലെ കൂട്ടുകാർ മാത്രം

 പിന്നീട് അതും ഉണ്ടായി, വൈരാഗ്യം ആയി, ഓണം കഴിഞ്ഞും ആളെ നോക്കി തല്ലായി അങ്ങനെ ലോകം വളരെ പുരോഗമിച്ചു

6 comments:

  1. Why dont you visit our village once. Even though the said beauty is not there, it is worth it. Plan once and inform me :)

    ReplyDelete
  2. കുമ്മാട്ടിക്കളിയും,പുലിക്കളിയും,,വൈകുന്നേരം സിനിമാകൊട്ടകയിലെ
    സിനിമാകാണലും.........

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടാ അല്പം വളർന്ന കാലത്തും എന്ന് വച്ചാൽ ഒരു അഞ്ചാം ക്ലാസിലായപ്പോഴും പുലിക്കളി എനിക്കു പേടിയായിരുന്നു. പുലി ശരിക്കും കടിക്കുന്ന സാധനം തന്നെയാണെന്നായിരുന്നു വിചാരം

      Delete
  3. സത്യത്തിൽ ഇങ്ങനെയുള്ള കുട്ടികാലം ജീവിയ്ക്കാൻ പറ്റിയ നിങ്ങളൊക്കെ മഹാഭാഗ്യവാന്മാർ തന്നെ.അസൂയ തോന്നുന്നു.

    ReplyDelete
    Replies
    1. ശരിയാണ്‌ ആ കാലമൊക്കെ ഇങ്ങിനി വരാത്തവണ്ണം പോയില്ലെ. എന്റെ മക്കൾക്ക് ആ ഭാഗ്യം കിട്ടാത്തതിലും വിഷമം ഉണ്ട്

      Delete